Sunday, January 19, 2014

തരിശിലെ "നായ്ക്കുരണ കൃഷി"

ഈ വാഹനത്തിനു പിന്നാലെ മറ്റൊരു വാഹനത്തിന്റെ മേല്‍ക്കൂരയില്‍ ഇരുന്നും കിടന്നും കടന്നുവരുന്ന പ്രിയനേതാവിനെ അനുഗ്രഹിക്കൂ; ആശീര്‍വദിക്കൂ എന്നാണ് കോണ്‍ഗ്രസിന്റെ പുതിയ അനൗണ്‍സ്മെന്റ്. ഇന്നലെവരെ കോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുണ്ടായിരുന്നു. നേതാവിനെ മുന്നില്‍നിര്‍ത്തി അവര്‍ മറ്റുള്ളവരോട് ചോദിച്ചു: ""നിങ്ങള്‍ക്കുണ്ടോ നേതാവ്?""എന്ന്. ഇപ്പോള്‍ അതിന് ധൈര്യമില്ല. പാരമ്പര്യസ്വത്താണ് നേതൃസ്ഥാനം എന്ന് ഖദറില്‍ പൊതിഞ്ഞ ചില മനസ്സുകള്‍ക്ക് തോന്നുന്നുണ്ട്. അവരത് വിളിച്ചുപറയുന്നുമുണ്ട്. തോല്‍ക്കുമെന്നുറപ്പുള്ള പന്തയത്തില്‍ ആരും പണം മുടക്കില്ല. പഞ്ചറാകുമെന്നുറപ്പുള്ള വണ്ടിയില്‍ കയറുകയുമില്ല. അങ്ങനെ കയറ്റിവിട്ടാല്‍ ലക്ഷ്യത്തിലെത്താനുള്ള കാര്യപ്രാപ്തിയുള്ളവനാണ് മകനെന്ന് അമ്മയ്ക്ക് തോന്നുന്നില്ല. വണ്ടികണ്ടാല്‍ പാഞ്ഞ് അതിന്റെ പുറത്തുകയറുന്നതുപോലെയും കൊഞ്ചും താറാവും തട്ടിവിടുന്നത് പോലെയുമല്ല ജനപിന്തുണ നേടുന്ന പരിപാടി എന്ന് സോണിയക്കറിയാം. തോറ്റാല്‍ പഴി മന്‍മോഹന്റെ തലയില്‍ ഇരിക്കും. ഒരു ചെലവുമില്ലാതെ പത്തുകൊല്ലം പ്രധാനമന്ത്രിയായ ആള്‍ അല്‍പ്പം പഴികേള്‍ക്കുന്നതില്‍ തെറ്റില്ല.

നാടകം പലതുമുണ്ടെങ്കിലും സ്റ്റേജ് കിട്ടാത്തതാണ് പുതിയ പ്രശ്നം. തട്ടില്‍ കയറുന്നിടത്ത് തട്ടുകിട്ടുന്നു. ചാരുംമൂട്ടില്‍ രണ്ട് യൂത്തുനേതാക്കളെയും കൂട്ടി വണ്ടിക്കുമേല്‍ കയറിയതും കോപ്രായം കളിച്ചതും ജനം കൂവിയാര്‍ത്താണ് സ്വീകരിച്ചത്. അജയ് മാക്കന്റെ പത്രസമ്മേളനത്തില്‍ കയറിച്ചെന്ന് കരടുബില്ല് വലിച്ചുകീറി നടത്തിയ ഏകാങ്കനാടകത്തിന് ചെലവുകാശുകിട്ടാതെ തട്ടുവിടേണ്ടിവന്നു. കോമാളിത്തവും കോപ്രായവും ശാസ്ത്രീയമായി ചെയ്തുകാണിക്കുന്നത് മോഡിയാണ്. "രഹസ്യം" പുറത്താകുമെന്ന് ഭയന്ന് യുവതിക്ക് പിന്നാലെ പൊലീസിനെ വിട്ടതുപോലും മോഡിയുടെ "കഴിവാ"യാണ് പുറത്തുവരുന്നത്. സരിതയെപ്പോലുള്ള യുവതികള്‍ ഗുജറാത്തിലുമുണ്ട്- അത് വിളിച്ചുപറയാനുള്ള നട്ടെല്ല് പക്ഷേ, ഖാദിപ്പാര്‍ട്ടിക്കില്ല. ഉമ്മന്‍ചാണ്ടിക്ക് പറ്റുന്ന നേതാവാണ് കേന്ദ്രത്തിലെ യുവരാജകുമാരന്‍ എന്ന് സാരം.

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിതന്നെ വേണം. കേരളത്തില്‍ അങ്ങനെയുള്ളവരില്‍നിന്ന് തെരഞ്ഞെടുപ്പ് സാധ്യമാകുന്നില്ല എന്നതാണ് കനംവയ്ക്കുന്ന പ്രതിസന്ധി. കാര്‍ത്തികേയന്‍ കാത്തിരുന്നത് കാക്കകൊത്തിപ്പോയെന്ന് തോന്നുന്നു. കെപിസിസി പ്രസിഡന്റായി ഏത് കോടാലി വരും എന്ന ആശങ്കയിലാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. കാര്‍ത്തികേയനെ കേന്ദ്രത്തിനുവേണ്ട, സുധീരനെ കേരളത്തിനുവേണ്ട, സുധാകരനെ ആര്‍ക്കും വേണ്ട, ഹസ്സനെ ഹൈക്കമാന്‍ഡിന് ഓര്‍മയില്ല, മുരളീധരന്റെ പേര് പറയുന്നില്ല, വി ഡി സതീശനെ വേണ്ടേവേണ്ട. ചെന്നിത്തല മന്ത്രിയായത് പുതിയ പ്രതിസന്ധിയായെന്ന് സാരം. ഡല്‍ഹിയിലെ തൂക്കം സുധീരനും സതീശനുമാണെന്ന് കേള്‍ക്കുന്നു- ഒരാള്‍ ഇരിക്കുന്ന കൂടിന് പ്രശ്നമുണ്ടാക്കും. അപരന്‍ തരിശുനിലങ്ങളില്‍ കൃഷിയിറക്കും. കോണ്‍ഗ്രസ് തരിശായിക്കിടക്കുന്ന സ്ഥിതിക്ക് അത്തരം കൃഷിരീതിക്കാണ് ഭാവി.

*

കുടവയറും ചെവിയില്‍ രോമവും കഷണ്ടിയും വെടിക്കലയുമൊക്കെയാണ് ഉത്തമ പുരുഷന്റെ പഴയ ചേരുവ. "ഗള്‍ഫ് ഗേറ്റി"ന്റെ ആഗോളവല്‍ക്കരണകാലത്ത് കഷണ്ടിയില്ലായ്മയാണ് പുരുഷ ലക്ഷണം. നീണ്ടുമെലിഞ്ഞ് വെളുത്തുതുടുത്ത് ജൂബയണിഞ്ഞ് മംഗ്ലീഷ് മൊഴിഞ്ഞ് വരുന്നവനാരോ അവനാണ് സുന്ദരന്‍ എന്ന് അത്യുത്തരാധുനിക കവിവാക്യം. ലക്ഷത്തില്‍ ലക്ഷണമൊത്തത് ഒന്നോ രണ്ടോ കാണും. അങ്ങനെ കണ്ടെത്തി അനന്തപുരിക്ക് കോണ്‍ഗ്രസ് സമ്മാനിച്ച അമൂല്യരത്നത്തെ ഒരു കരിക്കഷണംപോലെ കെടുത്തി മൂലയ്ക്കിരുത്താമോ എന്നതാണ് പ്രചുരപ്രചാരത്തിലുള്ള ചോദ്യം.

ശശിതരൂര്‍ ഇവിടെയൊന്നും ജീവിക്കേണ്ടയാളല്ല. ഇംഗ്ലണ്ടില്‍ ജനിച്ച് ഇംഗ്ലീഷ് പഠിക്കുകയും മുംബൈയിലും കൊല്‍ക്കത്തയിലും വളരുകയും ചെയ്താല്‍ ആഗോളപൗരനായി. പിന്നെ മലയാളിയെ കാണുമ്പോള്‍ "മല്ലൂസ്" എന്നേ വിളിക്കാവൂ. ഐക്യരാഷ്ട്ര സഭയില്‍ മലയാളം പഠിപ്പിക്കുന്നില്ല. അവിടെ സെക്രട്ടറി ജനറലാകാന്‍ മത്സരിച്ചയാള്‍ പീതാംബരക്കുറുപ്പിന്റെ തലത്തിലേക്ക് വരിക എന്നതുതന്നെ അതിസാഹസമാണ്. ത്യാഗസുരഭിലമായ ആ ചുവടുമാറ്റം മലയാളത്തിന്റെ മഹാഭാഗ്യമെന്നേ പറയാവൂ. മലയാളിക്ക് വിശ്വസംസ്കാരത്തിന്റെ സൂക്ഷ്മതലങ്ങള്‍ ദൃഷ്ടിഗോചരമാക്കാന്‍ അവതാരംപൂണ്ട ത്യാഗിവര്യന് കഷ്ടനഷ്ടങ്ങള്‍ ഒട്ടേറെയുണ്ടാകും. വംഗനാടിന്റെ സംസ്കൃതിയും കനേഡിയന്‍ വൈവിധ്യവും കശ്മീരിലെ മഞ്ഞുകണങ്ങളുടെ സൗന്ദര്യവും മലയാളിമനസ്സിലേക്ക് സന്നിവേശിപ്പിച്ച മഹദ്ജീവിതമാണത്.

ലേഡി മൗണ്ട് ബാറ്റണൊപ്പം സിഗരറ്റ് പുകയ്ക്കുന്ന ജവാഹര്‍ലാല്‍ തെറ്റുകാരനാണ് എന്ന് ആരുംപറയില്ല. പിറന്ന മണ്ണിന്റെയും വളര്‍ന്ന നാടിന്റെയും ഗന്ധമാകും ജീവിതങ്ങള്‍ക്ക്. ശശി തരൂരിന്റെ ദാമ്പത്യകലഹവും പുനര്‍വിവാഹങ്ങളും സമൂഹത്തിന്റെ കണ്ണിലെ കരടാവാത്തതും അതുകൊണ്ടുതന്നെ. ഐക്യരാഷ്ട്ര സഭയില്‍ വാര്‍ത്താവിഭാഗത്തിന്റെ തലപ്പത്തായിരുന്നു. മാധ്യമ സുഹൃത്തുക്കള്‍ ലോകത്തെങ്ങുമുണ്ട്. കൂട്ടത്തില്‍ ഒരാള്‍ ലാഹോറിന്റെ സന്തതിയായിപ്പോയി. ലാഹോര്‍ ഇന്ന് പാകിസ്ഥാനിലെങ്കിലും ലാല്‍കൃഷ്ണ അദ്വാനി പിറന്ന നാടാണ്. ലാഹോറിലെ മാധ്യമസുന്ദരിക്ക് തരൂരിനോട് ഇഷ്ടംതോന്നുന്നതും സന്ദേശം കൈമാറുന്നതും ആ നിലയ്ക്കും അപരാധമല്ല.

"തരാറും തരൂരും" എന്നാണ് പുതിയ വിവാദത്തിന് പേര്. സന്ദേശത്തിന്റെ ഉറവിടമായ മാധ്യമ സുന്ദരി മെഹര്‍ തരാര്‍ ആണ്. അവര്‍ തമ്മില്‍തമ്മില്‍ എന്തും വിളിക്കട്ടെ, സ്നേഹസംവാദങ്ങള്‍ എന്തു തന്നെയുമാകട്ടെ. തരാര്‍ വെറും തരാറല്ല, ചാരവനിതയെന്ന വിലമതിക്കാനാകാത്ത വെളിപ്പെടുത്തലിന് സുനന്ദ പുഷ്കര്‍ തയ്യാറായപ്പോഴാണ് വിവാദം വഴിമാറിയൊഴുകിയത്. ചാരസുന്ദരിയും കേന്ദ്രമന്ത്രിയും തമ്മില്‍ ട്വിറ്റര്‍-ബ്ലാക്ക്ബെറി ഹംസങ്ങളിലൂടെ സന്ദേശപ്രവാഹം സൃഷ്ടിച്ചുവെന്ന് സുനന്ദ പറഞ്ഞപ്പോള്‍ പ്രശ്നം ഗുരുതരാവസ്ഥയും കടന്ന് മുകളിലെത്തി. രാജ്യത്തിന്റെ രഹസ്യം സൂക്ഷിക്കുന്നയാളാണ് മന്ത്രി. മാനവവിഭവശേഷിയാണ് വകുപ്പ്. മാനവവിഭവം പാകിസ്ഥാനി ചാരസുന്ദരിക്ക് പകര്‍ന്നുകൊടുക്കുന്നു എന്നാണ് വെളിപ്പെടുത്തല്‍. ആ വെളിപ്പടുത്തല്‍ വന്ന് ഇരുപത്തിനാലുമണിക്കൂറിനകം സുനന്ദയുടെ മൃതശരീരമാണ് ജനങ്ങള്‍ കാണുന്നത്.

വിവാദമാണ് തരൂരിന്റെ സന്തതസഹചാരി. സുബ്രഹ്മണ്യസ്വാമി എന്ന വെളുത്ത ക്രൈം നന്ദകുമാര്‍ പൊട്ടിച്ച വെടിയുടെ പുക അടങ്ങിയിട്ടില്ല. ദേശീയഗാനം പാടിപ്പഠിച്ചുവരുന്നതേയുള്ളൂ. അതിനിടയിലാണ് സുനന്ദയുടെ വെളിപ്പെടുത്തലും മരണവും. ഇതുപോലൊരെണ്ണം രാജ്മോഹന്‍ ഉണ്ണിത്താനുനേരെയാണ് വന്നതെങ്കില്‍ അരനിമിഷംകൊണ്ട് പാവത്താനെ വാഗാ അതിര്‍ത്തി കടത്തിവിട്ടേനെ. ഉണ്ണിത്താനെ തോണ്ടിയാല്‍ ഒന്നും നഷ്ടപ്പെടാനില്ല. തരൂരിനെ ശിക്ഷിച്ചാല്‍ പലതും വീണുടയും. ആള്‍വില പലതായതുകൊണ്ട് തരൂരിനെ രക്ഷിക്കാനും പലരുണ്ട്. എന്നാലും സംശയം ബാക്കി- സുനന്ദ എങ്ങനെ മരിച്ചു?

രാജ്യം ഭരിക്കുന്ന മന്ത്രി എന്തിന് പാകിസ്ഥാനി സുന്ദരിയുമായി സന്ദേശം പങ്കിടണമെന്ന രാഷ്ട്രീയ ചോദ്യമാണ് തരൂരിനെ ഇനി കുഴയ്ക്കുക. "അനധികൃതമായാണ് സന്ദേശങ്ങള്‍ പുറത്തുപോയതെന്ന്" പറഞ്ഞാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗം വിരളം. അനധികൃതമെങ്കില്‍ ആര് എവിടെ അത് ചെയ്തു എന്ന് പരിശോധിക്കാന്‍ സംവിധാനവും ശിക്ഷിക്കാന്‍ നിയമവുമുണ്ട്. കന്നുകാലി ക്ലാസിന്റെയും വിയര്‍പ്പോഹരിയുടെയും ലാഘവമല്ല രാജ്യദ്രോഹക്കുറ്റത്തിന്. പണിപോകും. സ്വന്തം വീട്ടുകാരിതന്നെ വിദേശ ചാരബന്ധം ആരോപിക്കുന്ന മന്ത്രിയെ എങ്ങനെ ജനങ്ങള്‍ വിശ്വസിക്കും എന്ന് കോണ്‍ഗ്രസുകാരനും പറയേണ്ടിവരും. നിയമം അതിന്റെ വഴിക്കുപോയാല്‍ രക്ഷപ്പെടുത്താനുള്ള കഴിവൊന്നും ഒരു "വിശ്വസംസ്കാര"ത്തിനുമില്ല. മാധ്യമസഹായികള്‍ക്ക് വിയര്‍പ്പോഹരി കൊടുത്താലും ഫലം കിട്ടുന്നത് സംശയകരം തന്നെ.

*

നിരാഹാരസമരം അലങ്കോലപ്പെടുത്താന്‍ കണ്ണൂര്‍ ജില്ലയിലെ ചെറുവാഞ്ചേരിയില്‍ സമൂഹവിരുദ്ധര്‍ സമരപ്പന്തലില്‍ നായ്ക്കുരണ വിതറി. സമരം പൊളിക്കാന്‍ ഒരു പത്രം എഴുതിയത്, "സര്‍ക്കാരിന് വെല്ലുവിളിയുയര്‍ത്താത്ത; സര്‍ക്കാരിനെ ഒരുതരത്തിലും പ്രതിരോധത്തിലാക്കാത്ത സമരം സി.പി.എം നേതൃത്വത്തിന് വെല്ലുവിളിയാണ്" എന്നത്രെ. ഒറ്റയാള്‍ സങ്കുചിത സമരങ്ങളെ ചൂണ്ടി അതില്‍ എന്തേ സിപിഐ എം പങ്കെടുക്കുന്നില്ല, ജനകീയ സമരങ്ങളില്‍നിന്ന് നിങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുകയല്ലേ എന്ന് ആക്ഷേപിക്കുന്ന ജമാഅത്ത് പത്രം ഈ നിരാഹാരസമരത്തിന്റെ ജനകീയത കാണാനുള്ള കണ്ണ് ഖത്തറിലെ മതകാര്യവകുപ്പിന് പണയംവച്ചുപോയതാണ്.

സമരത്തിനെതിരെ വാക്കുകൊണ്ടുള്ള നായ്ക്കുരണ പ്രയോഗത്തിനാണ് "മാധ്യമ"ക്കാരന്‍ തയ്യാറായതെങ്കില്‍, അതുവായിക്കുന്ന പച്ചമനുഷ്യര്‍ സമരം ജയിച്ചുകാണാനാണ് പ്രാര്‍ഥിച്ചത്. അവര്‍ സമരപ്പന്തലിലേക്ക് ആരും ക്ഷണിക്കാതെ കടന്നുചെന്നാണ് അഭിവാദ്യം ചെയ്തത്. തങ്ങളുടെ ഔദാര്യത്തിലല്ല സമരം നടക്കുന്നതും വിജയിക്കുന്നതും എന്നും തങ്ങള്‍ തമസ്കരിക്കുകയോ നിസ്സാരവല്‍ക്കരിക്കുകയോ വക്രീകരിക്കുകയോ ചെയ്താല്‍ വളഞ്ഞുപോകുന്ന നട്ടെല്ലുള്ളവരല്ല സമരം ചെയ്യുന്നത് എന്നും ഇപ്പോഴെങ്കിലും മനസ്സിലായോ ആവോ.

സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നായ്ക്കുരണയുമായി വന്നവര്‍ നിസ്സാര സൈബര്‍ കേസിന്റെ നിഴല്‍ കാണുമ്പോള്‍പ്പോലും നിലവിളിയോടെ അധികാരകേന്ദ്രങ്ങളില്‍ അഭയംപ്രാപിച്ച് സര്‍വം അടിയറവച്ച് നിലവിളിക്കുന്നവരാണ് എന്നത് ചരിത്രസത്യം. ആ മാനസികാവസ്ഥയല്ല കേരളത്തിലെ ജനങ്ങളുടെത് എന്നും ഒന്നല്ല, ഒരായിരം വിഷവാര്‍ത്തകള്‍ വന്നാലും കുനിയുന്നതല്ല ആ സമരശിരസ്സ് എന്നും തിരിച്ചറിയാനുള്ള ബുദ്ധിശേഷി ജമാഅത്ത് പത്രത്തില്‍നിന്നും പ്രതീക്ഷിക്കാനാവില്ല. അവരുടെ മനസ്സിലാണ് നായ്ക്കുരണ വിളയുന്നത്.

1 comment:

ajith said...

എന്തായാലും ഈ സമരമെങ്കിലും “ഫലം” കണ്ടല്ലോ. സന്തോഷമായി