Monday, November 17, 2008

ഇരുമ്പുലക്ക വിഴുങ്ങിയ പാര്‍ടി

"ജഗജീവന്‍ പോയ് ജീവന്‍ പോയ്,
നന്ദിനി പോയി നാണം പോയ്,
ബഹുഗുണ പോയി ഗുണവും പോയ്,
ഇന്ദിരയാകെ നാറിപ്പോയ് ''
എന്നാണ് അടിയന്തരാവസ്ഥയ്‌ക്ക് തൊട്ടുമുമ്പ് കോണ്‍ഗ്രസിനെക്കുറിച്ച് പ്രതിപക്ഷം വിളിച്ച മുദ്രാവാക്യം. ബാബു ജഗജീവന്‍ റാമും ഹേമാവതി നന്ദന്‍ ബഹുഗുണയും നന്ദിനി സത്‌പതിയുമൊക്കെ ഇന്ദിരഗാന്ധിയുടെ കോണ്‍ഗ്രസിനെ വിട്ട് പുറത്തുപോയപ്പോഴാണ് അങ്ങനെയൊരു മുദ്രാവാക്യമുണ്ടായത്. ഗുണവും മണവും നനവും ജീവനുമെല്ലാം നഷ്ടപ്പെട്ട കോണ്‍ഗ്രസ് രാജ്യഭരണത്തിന് പുറത്തായി. അടിയന്തരാവസ്ഥയെ മാത്രമല്ല ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസിനെത്തന്നെ ജനങ്ങള്‍ വലിച്ചുകൊണ്ടുപോയി അറബിക്കടലിലിട്ടു. ഇന്നിപ്പോള്‍ മരുമകളുടെ കോണ്‍ഗ്രസിന് അന്നത്തെ അത്രവലിയ റേറ്റിങ്ങൊന്നുമില്ല. കിണറ്റിലെ തവളയുടെ പരുവമാണ്. അത് കുളിച്ചുകിടക്കുന്നോ കുടിച്ചുകിടക്കുന്നോ എന്ന അന്വേഷണത്തിന് പ്രസക്തിയില്ല. സോണിയഗാന്ധി, മന്‍മോഹന്‍സിങ്, രാഹുല്‍ഗാന്ധി, ടോം വടക്കന്‍, രമേശ് ചെന്നിത്തല തുടങ്ങിയ മഹാത്മാക്കള്‍ നയിക്കുന്ന പാര്‍ടി കുളിച്ചാലെന്ത്; കുടിച്ചാലെന്ത്.

ഇരുമ്പുലക്ക വിഴുങ്ങിയാല്‍ ദഹനത്തിന് ചുക്കുവെള്ളം കുടിച്ചാല്‍ മതി എന്നാണ് കോണ്‍ഗ്രസ് തറവാട്ടില്‍ കാലാകാലമായുള്ള നടപ്പ്. പാര്‍ടിക്കകത്തെ പണത്തിന്റെ കളി ഇന്നും ഇന്നലെയുമുള്ളതല്ല. അതേക്കുറിച്ച് പാര്‍ടിക്കകത്തു പറയാമെന്നുവച്ചാല്‍ അതിനു പറ്റുന്ന മീറ്റിങ്ങുകളൊന്നും പടച്ചവന്‍ സഹായിച്ച് നടക്കാറില്ല. പരസ്യമായി പറയാമെന്നുവെച്ചാലോ? അങ്ങനെ വിളിച്ചുപറഞ്ഞ നേതാക്കളെ ഉടന്‍ പുറത്താക്കിയാല്‍ പ്രശ്‌നത്തിന് സമ്പൂര്‍ണ പര്യവസാനമാകും! രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്ന മെഗാസ്റ്റാറാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ 'പേയ്‌മെന്റ് സീറ്റ് ' ഉണ്ടെന്ന് ആദ്യം പറഞ്ഞത്. ആ പറഞ്ഞ ഉണ്ണിത്താന്റെയും ശരത്ചന്ദ്രപ്രസാദിന്റെയും ഉടുമുണ്ടുപോയി. വായ്‌പ വാങ്ങിയ മുണ്ടുമുടുത്ത് അവര്‍ വീണ്ടും മാതൃപേടകത്തിലേക്ക് കയറാന്‍ നോക്കിയെങ്കിലും തിണ്ണയില്‍തന്നെയാണ് ഇപ്പോഴും കിടപ്പ്.

എംപിയാക്കാനും എംഎല്‍എയാക്കാനും മാത്രം പോര പേയ്‌മെന്റ് എന്നു കണ്ടെത്തിയത് യൂത്തുകോണ്‍ഗ്രസാണ്. യൂത്തുകോണ്‍ഗ്രസിന്റെ ബ്ലോക്ക്, ജില്ലാ പ്രസിഡന്റുമാരെന്നുവച്ചാല്‍ കലക്‍ടറുദ്യോഗം പോലത്തെ പദവിയാണ്. ഒരു പ്രൈവറ്റ് സ്‌കൂളില്‍ പ്യൂണിനെ ചേര്‍ക്കാന്‍ വാങ്ങുന്നുണ്ട് ഇപ്പോള്‍ ആറും ഏഴും ലക്ഷം. ഐഎഎസ് പദവിയും ജിഐഎസ് മുദ്രയുമുള്ള ജില്ലാ യൂത്ത് അധ്യക്ഷനാകാന്‍ പത്തുലക്ഷം മുടക്കിയാല്‍ ഒരു കുഴപ്പവുമില്ല. അങ്ങനെ പണംവാങ്ങി നിയമനം നടത്തുന്നതുകണ്ട് യൂത്തിന്റെ സംസ്ഥാന ജനറല്‍സെക്രട്ടറി ജലീല്‍ മുഹമ്മദിന് കണ്ണുകടിച്ചു. ജലീല്‍ നാറാണത്തു ഭ്രാന്തനായി. സിദ്ദിഖ് പണം വാങ്ങി; സിദ്ദിഖിന് സിമി ബന്ധമുണ്ട് എന്നെല്ലാം വിളിച്ചുപറഞ്ഞു. അതുവരെ ഉരുട്ടിക്കയറ്റിയ കല്ല് ജലീല്‍തന്നെ തള്ളി താഴത്തേക്കുമിട്ടു. ജലീല്‍ പുറത്തും സിദ്ദിഖ് പൂര്‍വാധികം ശക്തിയായി അകത്തും.

മാര്‍ഗരറ്റ് ആല്‍വ, യോഗേന്ദ്ര മക്വാന എന്നിങ്ങനെയുള്ള ബഡാ ഇനങ്ങളൊന്നും ഈ കൊച്ചുകേരളത്തിലെ സിദ്ദിഖ് ചരിതം മണിപ്രവാളം വായിച്ചിട്ടുണ്ടാകില്ല. പണ്ട് ഈ രണ്ടു ദേഹങ്ങള്‍ക്കും കേരളത്തോട് ഇമ്മിണി വല്യ പ്രണയമായിരുന്നു. മുരളി കുഞ്ഞായിരുന്ന കാലത്ത് പാലുകുടിക്കാഞ്ഞാല്‍ അമ്മ കല്യാണിക്കുട്ടിയമ്മ 'മക്വാനയെ വിളിക്കും' എന്നു പറഞ്ഞാണ് പേടിപ്പിച്ചിരുന്നത്. അന്ന് എന്തിനും ഏതിനും മക്വാനയാണ് വന്നത്. ഗുജറാത്തില്‍നിന്ന് വിമാനംകയറി തിരുവനന്തപുരത്തിറങ്ങുന്ന മക്വാനാജിക്ക് 'കീജെ' വിളിക്കാന്‍ പത്തും പന്ത്രണ്ടും കാറില്‍ ആളുചെന്നിരുന്നു. മാര്‍ഗരറ്റ് ആല്‍വയാണെങ്കില്‍ അടുത്തകാലത്ത് കേരളത്തിലെ കോണ്‍ഗ്രസിന്റെ 'കുടുംബ ഡോക്‍ടറാ'ണ്. ലീഡര്‍ക്കു വയറ്റുനോവുവന്നാലും ഉമ്മന്‍ചാണ്ടി തുമ്മിയാലും ചെന്നിത്തലയ്‌ക്ക് മനംപിരട്ടലുണ്ടായാലും പെട്ടിയും കുഴലുമായി ആല്‍വ മാഡം പാഞ്ഞെത്തുമായിരുന്നു. ഇടയ്‌ക്ക് മാഡം പറഞ്ഞത് ലീഡറെ 'പുത്രാവേശം' ബാധിച്ചു എന്നാണ്. ഇപ്പോള്‍ മാഡത്തെയാണ് പുത്രാവേശം ബാധിച്ചിരിക്കുന്നത്.

കര്‍ണാടകത്തിലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പണം വാങ്ങി സീറ്റ് വിറ്റുവെന്നാണ് മാഡം പറഞ്ഞുകളഞ്ഞത്. ആല്‍വയുടെ മകന് സീറ്റുകിട്ടാത്തതിന്റെ കെറുവാണിതെന്ന് കോണ്‍ഗ്രസ് പറഞ്ഞുനോക്കിയെങ്കിലും സംഗതി ഏറ്റില്ല. പുറത്താക്കുംമുമ്പ് എഐസിസി ജനറല്‍ സെക്രട്ടറിസ്ഥാനം മാഡം രാജിവച്ചു. ഒരു കാട്ടിലെന്തിന് രണ്ടുമാഡം എന്ന് സോണിയ കരുതിയിരിക്കും. അതുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍നിന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലയില്‍നിന്നും ആല്‍വ മാഡത്തിനെ ഒഴിവാക്കി. അപ്പോഴതാ വരുന്നു, യോഗേന്ദ്ര മക്വാനയും ആര്‍ എല്‍ ജാലപ്പയും. അവരും പറയുന്നു കോണ്‍ഗ്രസിന്റെ പരിപാടി പാര്‍ടിക്കുള്ളില്‍ സീറ്റുവില്‍പ്പനയാണെന്ന്. ആന്ധ്രപ്രദേശില്‍ പണം വാങ്ങി സീറ്റ് വിറ്റെന്ന് ആരോപിച്ച് മുമ്പ് കോണ്‍ഗ്രസ് വിട്ട പി ശിവശങ്കര്‍ ചോദിക്കുകയാണ് "ഞാന്‍ അന്നു പറഞ്ഞത് ശരിയായില്ലേ'' എന്ന്.

സ്വന്തം പാര്‍ടിക്കാരോട് സീറ്റിന് വിലപേശി പണം വാങ്ങുന്ന പാര്‍ടിയില്‍ ചെന്നിത്തലയും കെ സുധാകരനുമെല്ലാം ചില്ലറ കാശിന്റെ കളികളിക്കുന്നത് വല്യ പാതകമാണോ? കര്‍ണാടകത്തിലും മഹാരാഷ്‌ട്രയിലുമെല്ലാം സീറ്റു വിറ്റു കാശുമാറുന്ന പരിപാടി കേരളത്തില്‍ അച്ചടക്കം ലംഘിക്കാതെ നടപ്പാക്കാന്‍ ചെന്നിത്തലയ്‌ക്ക് വയലാര്‍രവി ഒരു ക്ലാസ് കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സാധാരണ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കിട്ടാവുന്ന ആളുകളെയെല്ലാം വാരിവലിച്ച് കൂടാരത്തില്‍ കയറ്റുകയാണ് കോണ്‍ഗ്രസിന്റെ പതിവ്. ഇക്കുറി പോക്ക് പുറത്തേക്കാണ്. 'ആല്‍വ പോയി മധുരം പോയി, മക്വാന പോയി മണവും പോയി' എന്ന മുദ്രാവാക്യം കേള്‍ക്കാനുള്ള സമയമായോ എന്തോ.

*****

ഇ എം എസ് പറഞ്ഞിട്ടുണ്ട്: "കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ തീരുമാനങ്ങളെ അക്ഷരംപ്രതി അനുസരിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്തുകൊണ്ട്? പാര്‍ടി നേതൃത്വത്തെ ഭയപ്പെട്ടിട്ടാണോ? എന്നെ ഭയപ്പെടുത്തക്കവണ്ണം എന്തൊന്നാണ് പാര്‍ടിക്കുള്ളത് ? പാര്‍ടിയുടെ ഏതെങ്കിലുമൊരു തീരുമാനം ഞാനനുസരിച്ചില്ലെങ്കില്‍ എന്നോട് പാര്‍ടിക്കെന്താണ് ചെയ്യാന്‍ കഴിയുക? അങ്ങേയറ്റം വന്നാല്‍ പാര്‍ടിയില്‍നിന്ന് പുറത്താക്കാം. അതുകൊണ്ടെനിക്കെന്ത് നഷ്‌ടമാണുള്ളത്? യാതൊന്നുമില്ല. നേരെമറിച്ച് ചില ലാഭങ്ങളൊക്കെ ഉണ്ടുതാനും. കമ്യൂണിസ്റ്റ് പാര്‍ടിക്കകത്തെ ഉള്ളുകള്ളികളെക്കുറിച്ച് ലേഖനങ്ങളും പുസ്‌തകങ്ങളുമെഴുതാന്‍ ആയിരക്കണക്കില്‍ ഉറുപ്പിക എനിക്ക് കിട്ടും; നല്ല ശമ്പളവും മറ്റു ജീവിതസൌകര്യങ്ങളും കിട്ടും. ഇതൊക്കെ വിട്ട് ജയിലിലേക്കും ഒരുപക്ഷേ അവസാനം തൂക്കുമരത്തിലേക്കും അയക്കാന്‍ പറ്റുന്ന പാര്‍ടി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ എനിക്കുള്ള പ്രേരണയെന്താണ് ? ജീവിതാവശ്യങ്ങള്‍ക്കുള്ള ആഗ്രഹംപോലെയും കലാകാരന്മാര്‍ക്ക് കലാസൃഷ്‌ടി നടത്താനുള്ള ആഗ്രഹംപോലെയും യഥാര്‍ഥമാണ് കമ്യൂണിസ്‌റ്റുകാരന് വിപ്ലവപ്രവര്‍ത്തനം നടത്താനുള്ള ആഗ്രഹം. ഇതാണ് കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ 'ഉരുക്കുപോലുള്ള അച്ചടക്കത്തിന്റെ' അടിസ്ഥാനം''.

കമ്യൂണിസ്റ്റുകാരെ അളന്നുതൂക്കി ഇന്നയാള്‍ ഇത്രകിലോ, മറ്റേയാള്‍ ഇത്രകിലോ എന്നുപറയാന്‍ കഴിയാത്തത് ഈ സ്വഭാവമുള്ളതുകൊണ്ടാണ്. അതു മനസ്സിലാക്കാതെ ചില മുന്‍ജസ്റ്റിസുമാര്‍ പിണറായി വിജയനെ 'മാഫിയ' എന്നു വിളിക്കും; ചില സാഹിത്യകാരന്മാര്‍ വി എസ് അച്യുതാനന്ദനെ 'കാലഹരണപ്പെട്ട പുണ്യവാള'നാക്കും. മാധ്യമങ്ങള്‍ അതൊരു മഹാകാര്യമായി കൊണ്ടാടുകയുംചെയ്യും. ഇതൊന്നും കമ്യൂണിസ്റ്റുകാരെ കാര്യമായി ബാധിക്കുന്ന പ്രശന്ങ്ങളല്ല.
എ കെ ജിയെയും ഇ എം എസിനെയും എന്തെല്ലാം വിളിച്ചിരുന്നു ഇവര്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഇതിഹാസപുരുഷനായ ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനെ 'വെറുമൊരു രാഷ്‌ട്രീയ ദല്ലാളെ'ന്നു പറയാന്‍ മടികാണിച്ചിട്ടില്ല ചില മാധ്യമങ്ങള്‍. ഇ എം എസ് മരിക്കുന്നതുവരെ 'ശല്യക്കാര'നായിരുന്നു; മരണാനന്തരം 'യുഗപ്രഭാവന്‍'.

ആരുടെയും അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്നവരല്ല കമ്യൂണിസ്‌റ്റുകാര്‍. ആക്ഷേപങ്ങളെ സാധാരണ മട്ടില്‍ അവഗണിച്ചുതള്ളും. ഗത്യന്തരമില്ലെങ്കില്‍ മറുപടി പറയും. അപകീര്‍ത്തികരമെങ്കില്‍ നിയമത്തിന്റെ വഴിതേടും. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ വച്ചുപൊറുപ്പിക്കരുതെന്ന് കമ്യൂണിസ്‌റ്റുകാരോട് ഉപദേശിക്കുന്ന മാധ്യമങ്ങള്‍ക്കും ചാനല്‍ചര്‍ച്ചാപണ്ഡിതര്‍ക്കും ഇതൊക്കെ ദഹിക്കാന്‍ ചുക്കുവെള്ളം മതിയാകില്ല. എം മുകുന്ദന്‍ പുകഴ്ത്തിയതുകൊണ്ട് പിണറായി വലുതാകില്ലെന്നും ഇകഴ്ത്തിയതുകൊണ്ട് വി എസ് ചെറുതാകില്ലെന്നും കമ്യൂണിസ്‌റ്റുകാര്‍ക്കറിയാം; ഈ നാട്ടിലെ സാധാരണക്കാര്‍ക്കും. ആവശ്യത്തിനുവേണ്ട വലുപ്പമുള്ളതുകൊണ്ടാണല്ലോ ഇരുവരും പാര്‍ടിയുടെ പൊളിറ്റ്ബ്യൂറോ മെമ്പര്‍മാരായതും ചുമതലകള്‍ വഹിക്കുന്നതും.

കമ്യൂണിസ്‌റ്റായി നില്‍ക്കാന്‍ കൊടുക്കേണ്ടിവരുന്ന വില അറിഞ്ഞുതന്നെയാണ് വി എസും പിണറായിയുമടക്കമുള്ള നേതാക്കള്‍ പാര്‍ടിയിലെത്തിയതും തുടരുന്നതും. പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ തൊഴിലും ഈ നാടിന്റെ ഭക്ഷ്യസമ്പത്തും സംരക്ഷിക്കാനുള്ള സമരം നയിച്ചതുകൊണ്ടായിരുന്നുവല്ലോ വി എസിനെ 'വെട്ടിനിരത്തല്‍ വീര'നാക്കിയത്. കേരളത്തിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തെ ഉരുക്കുപോലെ ഉറച്ച നേതൃശേഷിയുമായി മുന്നോട്ടുനയിക്കുന്നതുകൊണ്ടാണല്ലോ പിണറായി വിജയനെ നാലുചുറ്റും നിരന്നുനിന്ന് ആക്രമിക്കുന്നത്. മുകുന്ദനെപ്പോലൊരാള്‍ അസ്ഥാനത്തും അനവസരത്തിലും നടത്തിയ ഒരു താരതമ്യം കമ്യൂണിസ്‌റ്റുകരെ വല്ലാതെ ഉലച്ചുകളയുമെന്നു കരുതിയവര്‍ക്ക് ഇഹലോകത്തിലും പരലോകത്തിലും സ്വസ്‌തിയുണ്ടാകട്ടെ എന്നു പ്രാര്‍ഥിക്കാം. ചാനല്‍ചര്‍ച്ചക്കുട്ടന്മാര്‍ക്ക് താല്‍ക്കാലിക തൊഴില്‍ കിട്ടിയതില്‍ ആനന്ദിക്കുകയുമാകാം. എന്നാലും, മുകുന്ദനെക്കൊണ്ട് മറ്റാരോ പറയിച്ചതാണെന്നു വച്ചുകാച്ചിയ 'അധിനിവേശ ബുദ്ധി'യെ ശതമന്യു നമിക്കുന്നു.

7 comments:

ശതമന്യു said...

മാര്‍ഗരറ്റ് ആല്‍വ, യോഗേന്ദ്ര മക്വാന എന്നിങ്ങനെയുള്ള ബഡാ ഇനങ്ങളൊന്നും ഈ കൊച്ചുകേരളത്തിലെ സിദ്ദിഖ് ചരിതം മണിപ്രവാളം വായിച്ചിട്ടുണ്ടാകില്ല. പണ്ട് ഈ രണ്ടു ദേഹങ്ങള്‍ക്കും കേരളത്തോട് ഇമ്മിണി വല്യ പ്രണയമായിരുന്നു. മുരളി കുഞ്ഞായിരുന്ന കാലത്ത് പാലുകുടിക്കാഞ്ഞാല്‍ അമ്മ കല്യാണിക്കുട്ടിയമ്മ 'മക്വാനയെ വിളിക്കും' എന്നു പറഞ്ഞാണ് പേടിപ്പിച്ചിരുന്നത്. അന്ന് എന്തിനും ഏതിനും മക്വാനയാണ് വന്നത്. ഗുജറാത്തില്‍നിന്ന് വിമാനംകയറി തിരുവനന്തപുരത്തിറങ്ങുന്ന മക്വാനാജിക്ക് 'കീജെ' വിളിക്കാന്‍ പത്തും പന്ത്രണ്ടും കാറില്‍ ആളുചെന്നിരുന്നു. മാര്‍ഗരറ്റ് ആല്‍വയാണെങ്കില്‍ അടുത്തകാലത്ത് കേരളത്തിലെ കോണ്‍ഗ്രസിന്റെ 'കുടുംബ ഡോക്‍ടറാ'ണ്. ലീഡര്‍ക്കു വയറ്റുനോവുവന്നാലും ഉമ്മന്‍ചാണ്ടി തുമ്മിയാലും ചെന്നിത്തലയ്‌ക്ക് മനംപിരട്ടലുണ്ടായാലും പെട്ടിയും കുഴലുമായി ആല്‍വ മാഡം പാഞ്ഞെത്തുമായിരുന്നു. ഇടയ്‌ക്ക് മാഡം പറഞ്ഞത് ലീഡറെ 'പുത്രാവേശം' ബാധിച്ചു എന്നാണ്. ഇപ്പോള്‍ മാഡത്തെയാണ് പുത്രാവേശം ബാധിച്ചിരിക്കുന്നത്.

പോരാളി said...

വളരെ പ്രസക്‍തമായ വിഷയം. കോണ്‍‌ഗ്രസ്സുകാര്‍‌ക്കിനി കോഴപ്പണത്തിന്റെ ചാകരയല്ലേ വരാന്‍ പോകുന്നത്. വിവിധ സം‌സ്ഥാനങ്ങളിലെ നിയമസഭയിലേക്കും ലോക്‍സഭയിലേക്കുമുള്ള തെരെഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയല്ലേ. അധികാരമോഹികള്‍ നോട്ടുകെട്ടുകളുമായി കോണ്‍‌ഗ്രസ്സ് ഓഫീസുകള്‍ക്ക് മുമ്പില്‍ ക്യൂ നില്‍‌ക്കുമ്പോള്‍ ഗാന്ധിത്തലയുടെ എണ്ണം നോക്കി സീറ്റ് മറിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് നേതാക്കള്‍. പണാധിപത്യം കോണ്‍‌ഗ്രസ്സിനെ നയിക്കട്ടെ.

ഇമ വെട്ടാതെ സി പി എമ്മിലേക്ക് ദൃഷ്ടിപായിച്ചിരിപ്പാണ് ചില മൂരാച്ചികള്‍, അനാവശ്യമായ വിമര്‍‌ശനങ്ങളും വിവാദങ്ങളും വലിച്ചിഴക്കാന്‍. ചാനല്‍‌ ചര്‍‌ച്ചകളിലും മറ്റും കാണാന്‍ സാധിക്കുന്നതുമത് തന്നെ.

Rejeesh Sanathanan said...

ആരും മെച്ചമല്ല. ഉദര നിമിത്തം ബഹുകൃത വേഷം

Baiju Elikkattoor said...

അങ്ങനെ സി പി എമ്മില്‍ സര്‍വം മംളഗമാണെങ്കില്‍, പിന്നെ എന്തിനാണ് സഖാവെ, രണ്ടു പോളിറ്റബ്യൂറോ മെമ്പറന്മാരെ സസ്പെന്‍ഡ് ചെയ്യ്തത്?!

കൊണ്ഗ്രസിനെപ്പറ്റി പറഞ്ഞതു സത്യം, എന്നാല്‍ സി പി എമ്മിനെ പറ്റി പറഞ്ഞതില്‍ വെള്ളം അല്പം കൂടിപ്പോയല്ലോ!!

N.J Joju said...

കോണ്‍ഗ്രസ്സിനെകുറിച്ചു പറഞ്ഞതു ശരി. രണ്ടാം പകുതിയില്‍ താങ്കള്‍ പറയുന്നത് ഏതുകമ്യൂണിസ്റ്റു പാര്‍ട്ടിയെപ്പറ്റിയാണ്. “ആരുടെയും അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്നവരല്ല കമ്യൂണിസ്‌റ്റുകാര്‍.” വായില്‍ കോലിട്ടുകുത്തിയാല്‍ തിരിച്ചു കടിക്കാത്ത പാവങ്ങള്‍. കോരിത്തരിയ്ക്കുന്നു...

ജിവി/JiVi said...

വായില്‍ കോലിട്ടുകുത്തിയാല്‍ കടിക്കുന്നത് ഫാഷിസമാവില്ല, അല്ലെ?

വികടശിരോമണി said...

സ്വാതന്ത്ര്യത്തോടെ ഇന്ത്യയിലെ ഒരു കുടുംബത്തിന്റെ തൊഴിലില്ലായ്മ തീർന്നുകിട്ടി.നഹ്രുകുടുംബത്തിന്റെ-എന്ന് എം.പി നാരാ‍യണപ്പിള്ള പറഞ്ഞത് ഓർത്തു.
:)