Monday, November 24, 2008

ലയന രാഷ്‌ട്രീയ ശുശ്രൂഷ

ബോംബുവച്ച് ആളെക്കൊല്ലുന്ന പ്രജ്ഞ സിങ്ങിനെ രക്ഷിക്കാന്‍ ലാല്‍കൃഷ്‌ണ അദ്വാന്‍ജിക്ക് രംഗത്തുവരാമെങ്കില്‍ നമ്മുടെ കോട്ടയം രൂപത ഇടയലേഖനമിറക്കിയതില്‍ തെറ്റില്ല. പാപംചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നുപറയാനുള്ള സാഹചര്യമൊന്നും നാട്ടില്‍ നിലനില്‍ക്കുന്നില്ല. അത് പണ്ട് കര്‍ത്താവിനുപറ്റിയ അമളിയാകാനേ തരമുള്ളൂ. പാപംചെയ്യാത്തവരെ മാത്രം കര്‍മംചെയ്യാന്‍ വിട്ടാല്‍ നമ്മുടെ എം വി രാഘവനും കെ സുധാകരനുമെല്ലാം എങ്ങോട്ടുപോകും? കല്ല് കൈയിലുള്ള ആര്‍ക്കും എറിയാം. മാങ്ങയുള്ള മരത്തിലേ എറിയാവൂ.



പ്രജ്ഞ സിങ് താക്കൂര്‍ എന്നാല്‍ ആരാണെന്നു മനസ്സിലാക്കാത്തവരേ അദ്വാന്‍ജിയെ കല്ലെറിയാന്‍ പുറപ്പെടൂ. സ്വാമി വിവേകാനന്ദന്റെ വേഷവും ടോട്ടല്‍ ശബരീനാഥിന്റെ യുവത്വവും രമേശ് ചെന്നിത്തലയുടെ സാഹസികതയും ഒത്തുചേര്‍ന്ന തേജോമയമായ സന്യാസിനീരൂപത്തെ ആദ്യമാദ്യം പലരും പ്രഗ്യയെന്നാണ് വിളിച്ചിരുന്നത്. പിന്നെപ്പിന്നെയാണ് അത് പ്രജ്ഞയാണെന്നും ആ വദനാംബുജത്തില്‍ തിളങ്ങിനില്‍പ്പത് ഹിന്ദുത്വത്തിന്റെ പ്രജ്ഞയാണെന്നും ബോധ്യപ്പെട്ടത്. അങ്ങനെയുള്ള പ്രജ്ഞയെ പൊലീസ് പിടിച്ചുകൊണ്ടുപോയി ലോക്കപ്പിലിടുക, ചോദ്യംചെയ്യുക, ഉത്തരം പറഞ്ഞില്ലെങ്കില്‍ പേടിപ്പിക്കുക എന്നിത്യാദി കാര്യങ്ങള്‍ ഭാരതാംബയുടെ നെഞ്ചില്‍കുത്തുന്നതിന് തുല്യംതന്നെ.

ബോംബ് എന്നാല്‍ തലേക്കെട്ടും വട്ടത്താടിയും മുഖത്ത് വസൂരിക്കലയുമുള്ള 'മേത്തന്‍' കൊണ്ടുനടക്കുന്ന സാധനമാണ്. മലപ്പുറം കത്തി, പച്ച ബെല്‍റ്റ്, കള്ളിമുണ്ട് തുടങ്ങിയ മാരകായുധങ്ങള്‍ സ്ഥിരമായി കൈകാര്യംചെയ്യുന്നവനാകുന്ന ഭീകരന്‍. പട്ടാളക്കാരില്‍നിന്ന് അടിച്ചുമാറ്റിയ ആര്‍ഡിഎക്‍സ്, ഇറ്റാലിയന്‍ നിര്‍മിത തോക്ക് തുടങ്ങിയ പൂജാദ്രവ്യങ്ങളുമായി ധര്‍മസംസ്ഥാപനാര്‍ഥം അവതരിച്ച, സ്വന്തം പിതാവിന്റെപോലും പൂജനീയവിഗ്രഹമായി മാറിയ പ്രജ്ഞ ഉത്തമഭാരതപുത്രിയാകുന്നു. ആ മഹതിക്കുനേരെ നീചമായി കണ്ണുരുട്ടുകയും കോക്രികാട്ടുകയും ചെകിട്ടത്തടിക്കുകയുംചെയ്‌ത പൊലീസുകാര്‍ തുലഞ്ഞുപോകട്ടെ. സ്വയം തുലഞ്ഞില്ലെങ്കില്‍ അദ്വാന്‍ജി തുലച്ചുകളയും. അദ്ദേഹം യുദ്ധമുഖത്താണ്. മണല്‍ചാക്കുകൊണ്ട് ബങ്കര്‍തീര്‍ത്ത് പ്രജ്ഞ സിങ്ങിനൊപ്പം ത്രിശൂലം, ഗ്രനേഡ്, ചെറുവാഞ്ചേരി മെയ്‌ഡ് നാടന്‍ബോംബ് തുടങ്ങിയ ദിവ്യായുധങ്ങളുമായി അദ്വാന്‍ജി നയിക്കുന്ന രാമ-രാവണ യുദ്ധമാണ് ഇപ്പോള്‍ നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

****

കോട്ടയം രൂപത ഒട്ടും മടിച്ചുനില്‍ക്കേണ്ടതില്ല. കോട്ടൂര്‍, പുതൃക്ക എന്നിത്യാദി മഹാന്മാര്‍ക്കുവേണ്ടി ഇടയലേഖനങ്ങള്‍ ഇറങ്ങുന്നതിലും ഒരു തെറ്റുമില്ല. പാവപ്പെട്ട രണ്ടു പിതാക്കന്മാര്‍ എന്തുപാതകമാണ് ചെയ്‌തതെന്ന് രൂപതയ്‌ക്ക് ഇതുവരെ മനസ്സിലാകാഞ്ഞിട്ടല്ലേ. പതിനാറുകൊല്ലം മുമ്പ് നടന്നതെന്നുപറഞ്ഞ് സിബിഐക്കാര്‍ കൊണ്ടുവരുന്ന കഥ അപ്പാടെ വിഴുങ്ങാന്‍ രൂപതയെ കിട്ടില്ല. ഇത് ഒരൊന്നൊന്നര രൂപതയാണ്. പ്രജ്ഞ സിങ്ങിനെ പൊലീസ് തല്ലിയപ്പോള്‍ അദ്വാന്‍ജി കോപിച്ചില്ലേ. അതുപോലെ ഇതാ ഇടയലേഖനത്തിലുടെ ഒരു കുഞ്ഞുകോപം വരുന്നൂ. മലയാളികളേ, താങ്ങാമെങ്കില്‍ താങ്ങിക്കോളൂ.

കോട്ടൂരച്ചനും പൂതൃക്കയച്ചനും നീതി ന്യായവിലയ്‌ക്ക് കിട്ടണം. അഭയക്ക് ഇനിയെന്തിനാണ് നീതി? പ്രീഡിഗ്രി പരീക്ഷയ്‌ക്ക് ഉറക്കമിളച്ച് പഠിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നുവോ ആ കൊച്ചിന്? ഇനി അഥവാ പഠിച്ചാല്‍തന്നെ രാത്രി തണുത്ത വെള്ളത്തില്‍ മുഖം കഴുകണമെന്നു തോന്നാമോ? കര്‍ത്താവിന്റെ മണവാട്ടിക്ക് മുഖം കഴുകാന്‍ എന്തിനാണ് തണുത്ത വെള്ളം? യഥാര്‍ഥത്തില്‍ മതില്‍ചാടിക്കടന്ന അച്ചന്മാരെയും വാതില്‍ തുറന്നുകൊടുത്ത സെഫിക്കൊച്ചമ്മയെയുമല്ല കേസില്‍ പ്രതിയാക്കേണ്ടിയിരുന്നത്. അവരുടെ മുന്നില്‍ അനാവശ്യമായി ചെന്നുപെട്ട അഭയയെത്തന്നെയാണ്. സെഫിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ അമ്മമാര്‍ വന്നിട്ടുണ്ട്. അഭയക്കുവേണ്ടി അവരെന്തിന് പ്രാര്‍ഥിക്കണം? അച്ചന്മാര്‍ നിരപരാധികളെന്ന് രൂപതയ്‌ക്കുറപ്പാണ്. എങ്കില്‍ അപരാധികളാരെന്നു ചോദിക്കേണ്ട. നിയമം അതിന്റെ വഴിക്കു പോകട്ടെ എന്ന ഉത്തരം പ്രതീക്ഷിച്ചാണെങ്കില്‍ വേണ്ടേവേണ്ട. ഞങ്ങളുടെ നിയമം ഞങ്ങള്‍ തീരുമാനിക്കും. കോട്ടയം രൂപത സാദാ രൂപതയല്ലാത്തതുകൊണ്ട് അധികം ചോദ്യങ്ങള്‍ വേണ്ട കേട്ടോ.

ഇന്നലെവരെ മാന്യന്മാരായി ബഹുമാനത്തോടെ നടന്ന സിബിഐ കൊച്ചന്മാര്‍ ഇന്ന് കേറി നിരങ്ങുന്നത് സഹിക്കാനാകുന്നതെങ്ങനെ? മാണിസാറും മനോരമയും എന്തെടുക്കുകയാണ്? മാണിസാറിന് നരസിംഹറാവുവിലുള്ള സ്വാധീനം കഞ്ഞൂഞ്ഞിന് സോണിയ മാഡത്തില്‍ ഇല്ലാതെപോയോ? അല്ലെങ്കിലും സിബിഐ അവസാനവാക്കൊന്നുമല്ലല്ലോ. ഞങ്ങള്‍ കോടതിയില്‍ നോക്കിക്കൊള്ളും. എന്നാലും അഭയയെ കൊന്നതാണെന്നു സമ്മതിക്കില്ല. ബാക്കികാര്യം മാണിസാര്‍ ഏറ്റിട്ടുണ്ട്. മാണിസാറിന്റെ മകന്റെ കാര്യം വരുമ്പോള്‍ അത് ഞങ്ങളും നോക്കും. ഇവിടെയാണ് സമ്പൂര്‍ണ ജനാധിപത്യ മതേതര രാഷ്‌ട്രീയം പൂവണിയുക. ഞങ്ങള്‍ക്കവരും അവര്‍ക്കു ഞങ്ങളും. മധുരമനോജ്ഞമായ പരസ്പരസഹായ സഹകരണ രാഷ്‌ട്രീയ ദൈവശുശ്രൂഷ. അതിനിടയില്‍ അഭയ എന്നെല്ലാമുള്ള വേണ്ടാത്ത പേരൊന്നും ആരും ഉച്ചരിക്കരുതേ.

*****

കേരളം മാതൃകയാണ് എന്ന് വേണ്ടിടത്തും അല്ലാത്തിടത്തും മാര്‍ക്‍സിസ്‌റ്റുകാര്‍ പറഞ്ഞുനടക്കുന്നുണ്ട്. ഒന്നും യുഡിഎഫിന് അവര്‍ വിട്ടുകൊടുക്കത്തില്ല. കുറഞ്ഞ പക്ഷം 'അധ്വാനവര്‍ഗ സിദ്ധാന്ത'ത്തിന്റെ ഉപജ്ഞാതാവായ മാണിസാറിനെയെങ്കിലും മാതൃകാപുരുഷനായംഗീകരിക്കാന്‍ മാര്‍ക്‍സിസ്‌റ്റുകാര്‍ തയ്യാറല്ല. അതുകൊണ്ട്, ദേശീയോദ്ഗ്രഥനം എന്ന സംഗതിയില്‍ ഒരു ദേശീയ മാതൃക സൃഷ്‌ടിച്ച് മാതൃകാപദവിയിലെത്തിയേ തീരൂ എന്ന് വാശികാണിക്കുകയാണ് മാണിസാറിന്റെ അടുത്ത ലക്ഷ്യം.
ആറാംക്ലാസിലെ പ്രബന്ധരചനയ്‌ക്കുള്ള വിഷയം മാത്രമായിരുന്നു ഇന്നലെവരെ ദേശീയോദ്ഗ്രഥനം. ഇന്ന് കഥ മാറി. നാട്ടിലെ ഗജപോക്കിരികളും സുന്ദരകളേബരന്മാരുമായ ഏകാംഗപാര്‍ടികളെ ഒറ്റക്കൊടിക്കീഴില്‍ കൊണ്ടുവന്ന് ഇമ്മിണിവല്യ ഐക്യപ്പാര്‍ടിയുണ്ടാക്കുന്നതാകുന്നു മാണിസാറിന്റെ പുതിയ ദേശീയോദ്ഗ്രഥന സിദ്ധാന്തം. ഇന്നയാളേ വരാന്‍ പാടുള്ളൂ എന്നില്ല. ഈരാറ്റുപേട്ടയിലെ വ്യത്യസ്തന്മാരും പിറവംമുതല്‍ പിറവംവരെ വേരുള്ള ഉപദേശിമാരും ആനപ്പുറത്തുനിന്നിറങ്ങാത്തവരുമെല്ലാം വരും. പാവങ്ങള്‍ക്ക് ഒരാലയമെന്ന് കേട്ടിട്ടില്ലേ. രാഷ്‌ട്രീയത്തിലെ അവശന്മാരാര്‍ത്തന്മാരാലംബഹീനന്മാര്‍- ഇമ്മാതിരി ചരക്കുകള്‍ക്കെല്ലാം അത്താണിയായി മാതൃകാ ഐക്യപ്പാര്‍ടി. വളരുന്തോറും പിളരുകയില്ലിനിയീപാര്‍ടി.

റബറിന്റെ വില കുറഞ്ഞപ്പോള്‍ മുട്ടുശാന്തിക്ക് ആ സിദ്ധാന്തത്തിന്റെ പേറ്റന്റ് മാണിസാറങ്ങ് വിറ്റു. തല്‍ക്കാലം ഒറ്റപ്പാര്‍ടിയാകും; ലയനം പിന്നീട് എന്നാണ് തീരുമാനം. ലയിക്കാത്ത ഒറ്റപ്പാര്‍ടി. ലയിച്ചാലല്ലേ ആര് സെക്രട്ടറി, ആര് ട്രഷറര്‍ എന്നെല്ലാം നിശ്ചയിക്കേണ്ടൂ. അത്രടംവരെ എത്തിയാല്‍ പിളര്‍പ്പിന്റെ സൂക്കേടു വരാന്‍ സാധ്യതയുള്ളതുകൊണ്ട് തല്‍ക്കാലം ഒന്നിച്ചുനിന്ന് മാതൃകയാകാം; ഇരുന്നുള്ള ലയനം പിന്നീടുമതി.

വിഘടനവാദികളാണ് എല്ലായിടത്തും പ്രശ്നം. അതിനെതിരായ പോരാട്ടം ഐക്യത്തിലൂടെ. ബാബുദിവാകരന്‍ ചെന്ന് ഐക്യപ്പെട്ടത് മുലായംജിയുമായാണ്. ദേശീയോദ്ഗ്രഥനത്തിന് മറ്റൊരുദാഹരണം. ഹിന്ദിക്ക് ട്യൂഷന്‍ വച്ചിട്ടുണ്ട്. എം വി രാഘവന് ഉദ്ഗ്രഥിക്കാന്‍ കിട്ടിയത് സെയ്‌ഫുദ്ദീന്‍ ചൌധരിയെയാണ്. നീലന്‍ മായാവതിക്കൊപ്പം പോയി. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ നാളെ എങ്ങനെ കാണുമെന്ന് സ്വപ്‌നം കാണാന്‍ പോലുമാകുന്നില്ല. മുരളി ഉണ്ടാക്കിയ പ്രദേശിപാര്‍ടിയുടെ ഒന്നാം ചരമവാര്‍ഷികം കഴിഞ്ഞതേയുള്ളൂ. പാവം ഇപ്പോള്‍ ഒരു ദേശീയപാര്‍ടിയിലാണ്. പന്തിയില്‍ ഇരുന്ന് കാലുകഴച്ചെങ്കിലും ഊണിതുവരെ വിളമ്പിയില്ല. എല്ലാറ്റിലും ദേശീയോദ്ഗ്രഥനം മുറയ്‌ക്ക് നടക്കുന്നുണ്ട്. നമ്മുടെ കുഞ്ഞാലിക്കുട്ടിയുടെ കേരള ലീഗിന് ഇ അഹമ്മദ് സാഹിബിന്റെ ഇന്ത്യന്‍ യൂണിയന്‍ ലീഗുമായി ഉദ്ഗ്രഥിക്കാന്‍ ഇത് നല്ല അവസരമാണ്. അതും ആകട്ടെ ഒരു ദേശീയമാതൃക!

*****

കഴിഞ്ഞദിവസം കണ്ട ചില വിചിത്ര വാര്‍ത്തകള്‍:
1. സര്‍ക്കാര്‍ ഇതുവരെ ഇറക്കാത്ത ഭൂമിവില ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചെന്ന് മനോരമ.
2. എസ്എഫ്ഐക്ക് സമാന്തരസംഘടന രൂപീകരിക്കുന്നെന്ന് മനോരമ.
3. ഫ്ളാറ്റ് ബുക്ക്ചെയ്‌താല്‍ കാര്‍ സൌജന്യമെന്ന് പരസ്യം.

1 comment:

ശതമന്യു said...

വിഘടനവാദികളാണ് എല്ലായിടത്തും പ്രശ്നം. അതിനെതിരായ പോരാട്ടം ഐക്യത്തിലൂടെ. ബാബുദിവാകരന്‍ ചെന്ന് ഐക്യപ്പെട്ടത് മുലായംജിയുമായാണ്. ദേശീയോദ്ഗ്രഥനത്തിന് മറ്റൊരുദാഹരണം. ഹിന്ദിക്ക് ട്യൂഷന്‍ വച്ചിട്ടുണ്ട്. എം വി രാഘവന് ഉദ്ഗ്രഥിക്കാന്‍ കിട്ടിയത് സെയ്‌ഫുദ്ദീന്‍ ചൌധരിയെയാണ്. നീലന്‍ മായാവതിക്കൊപ്പം പോയി. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ നാളെ എങ്ങനെ കാണുമെന്ന് സ്വപ്‌നം കാണാന്‍ പോലുമാകുന്നില്ല. മുരളി ഉണ്ടാക്കിയ പ്രദേശിപാര്‍ടിയുടെ ഒന്നാം ചരമവാര്‍ഷികം കഴിഞ്ഞതേയുള്ളൂ. പാവം ഇപ്പോള്‍ ഒരു ദേശീയപാര്‍ടിയിലാണ്. പന്തിയില്‍ ഇരുന്ന് കാലുകഴച്ചെങ്കിലും ഊണിതുവരെ വിളമ്പിയില്ല. എല്ലാറ്റിലും ദേശീയോദ്ഗ്രഥനം മുറയ്‌ക്ക് നടക്കുന്നുണ്ട്. നമ്മുടെ കുഞ്ഞാലിക്കുട്ടിയുടെ കേരള ലീഗിന് ഇ അഹമ്മദ് സാഹിബിന്റെ ഇന്ത്യന്‍ യൂണിയന്‍ ലീഗുമായി ഉദ്ഗ്രഥിക്കാന്‍ ഇത് നല്ല അവസരമാണ്. അതും ആകട്ടെ ഒരു ദേശീയമാതൃക!