Sunday, October 27, 2013

കണ്‍മുന്നിലെ അത്ഭുതസിദ്ധി

തീയിലൂടെ നടക്കുന്നതും വെറ്റിലനോക്കി ഭൂതവും ഭാവിയും പ്രവചിക്കുന്നതും ഏലസ്സുകെട്ടിച്ച് സമ്പന്നനാക്കുന്നതും ചെറിയ ചെറിയ അത്ഭുതകൃത്യങ്ങള്‍ മാത്രം. കര്‍ക്കടകത്തില്‍ മഴപെയ്യിക്കാനും ഭൂമിയെ സൂര്യന് വലംചുറ്റിക്കാനും രാവും പകലും മാറിമാറിയുണ്ടാക്കാനും കഴിവുള്ള ആള്‍ദൈവങ്ങള്‍ ചരിത്രത്തിലുണ്ട്. എന്തിന്, കേന്ദ്രത്തില്‍ മന്ത്രിമാരെയും പ്രധാനമന്ത്രിയെയും സൃഷ്ടിച്ച ദൈവം വാണ നാടാണിത്. ന്യുമോണിയ ബാധിച്ച് മരിച്ചെന്നും മോക്ഷം തേടി വന്ന ശിഷ്യയെ കയറിപ്പിടിച്ചെന്നും സിനിമാനടിയെ ഉടലോടെ സ്വര്‍ഗത്തിലേക്കെടുത്തെന്നും മറ്റും ആള്‍ദൈവങ്ങള്‍ക്കെതിരെ ആക്ഷേപമുയര്‍ത്തുന്നവരുണ്ട്. അത്തരക്കാര്‍ക്കാണ് ചികിത്സ വേണ്ടത്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നാണ്. നമ്മുടെ തൊട്ടരികില്‍, കണ്‍മുന്നില്‍ നില്‍ക്കുന്നത് എത്ര വലിയ ആള്‍ദൈവമാണെന്ന് മനസ്സിലാക്കാത്തതാണ് കേരളീയന്റെ കുഴപ്പം.

കൊച്ചിയില്‍ നടന്ന ജനസമ്പര്‍ക്കപരിപാടി എന്ന അത്ഭുതപ്രവര്‍ത്തനത്തിന്റെ മഹത്വം പലര്‍ക്കും അറിഞ്ഞുകൂടാ. ഉമ്മന്‍സ്വാമിജിയോട് കടലോളംപോന്ന പ്രണയവുമായി ഒരു പത്രം ഇങ്ങനെ എഴുതുന്നു: ""വെള്ളിയാഴ്ച കലക്ടറേറ്റില്‍ ജനസമ്പര്‍ക്കപരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരാതിപരിഹാരവുമായി തുടര്‍ച്ചയായ 15 മണിക്കൂറാണ് ജനമധ്യത്തില്‍ ചെലവഴിച്ചത്. രാവിലെ ഒമ്പതിന് വേദിയിലെത്തിയ മുഖ്യമന്ത്രി ഇടവേളയില്ലാതെയാണ് പരാതിപരിഹാരവുമായി ജനമധ്യത്തില്‍ നിലയുറപ്പിച്ചത്. രാത്രിയിലും ജനങ്ങളുടെ ഒഴുക്ക് തുടര്‍ന്നതോടെ ശനിയാഴ്ച പുലര്‍ച്ചെവരെ അദ്ദേഹം കലക്ടറേറ്റ് മൈതാനിയില്‍ ഒരുക്കിയ ജനസമ്പര്‍ക്കവേദിയില്‍ നിന്നു. പുലര്‍ച്ചെ അവസാനത്തെ പരാതിക്കാരനെയും കണ്ടെന്നുറപ്പാക്കിയശേഷമാണ് മുഖ്യമന്ത്രി സമാപനപ്രസംഗം നടത്തിയത്. എന്നാല്‍, പ്രസംഗശേഷവും പരാതികള്‍ വന്നതിനാല്‍ രണ്ടരമണിയോടെയാണ് അദ്ദേഹത്തിന് വേദി വിടാനായത്.........

.ഇതിനിടെ രാവിലെ മുതല്‍ പലതവണയായി മുഖ്യമന്ത്രി അപേക്ഷകര്‍ക്കായുള്ള പ്രത്യേക ഇരിപ്പിടങ്ങളിലെത്തി പരാതികള്‍ നേരിട്ടുവാങ്ങി. അര്‍ഹരായവരെല്ലാം നിറഞ്ഞമനസ്സോടെയാണ് മടങ്ങിയത്. പുലര്‍ച്ചെയോടെ പതിനയ്യായിരത്തോളം പേരെയാണ് മുഖ്യമന്ത്രി മാത്രം കണ്ട് പ്രശ്നപരിഹാരം നടത്തിയത്."" ഇത്തരമൊരു മഹായജ്ഞം നടത്തിയ ആളെ ഐക്യരാഷ്ട്രസഭ ഒരു സര്‍വാണി അവാര്‍ഡ് നല്‍കി അപമാനിച്ചതാണ് പ്രശ്നം. പതിനഞ്ചു മണിക്കൂര്‍കൊണ്ട് ആര്‍ക്കുകഴിയും ഈ മഹാത്ഭുതപ്രവര്‍ത്തനം. പതിനഞ്ചു മണിക്കൂര്‍ എന്നാല്‍ തൊള്ളായിരം മിനിറ്റ്. അതിനെ പിന്നെയും ചെറുതാക്കിയാല്‍ 54000 സെക്കന്‍ഡ്. പതിനയ്യായിരം പരാതി അത്രയും സമയംകൊണ്ട് പരിഹരിച്ചാല്‍ ഒരു പരാതിക്ക് 3.6 സെക്കന്റ്. അതായത്, "ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സമക്ഷത്തിങ്കലേക്ക്" എന്ന് വായിക്കാനുള്ള സമയം. പതിനഞ്ചു മണിക്കൂറില്‍ ഭക്ഷണംകഴിക്കാനും പ്രാഥമികകൃത്യങ്ങള്‍ക്കും അല്‍പ്പസമയമെങ്കിലും വേണ്ടിവന്നുവെങ്കില്‍ (ആള്‍ദൈവങ്ങള്‍ക്ക് അത്തരം കാര്യങ്ങള്‍ പതിവുണ്ടോ ആവോ) ഒരു പരാതി പരിഹരിക്കാന്‍ കഷ്ടി മൂന്നു സെക്കന്‍ഡ് കിട്ടില്ല. അതിനുപുറമെയാണ് പ്രസംഗവും പ്രത്യേക ഇരിപ്പിടങ്ങളിലെത്തി നേരിട്ട് ദര്‍ശനവും. തിരുമല തിരുപ്പതി വെങ്കടാചലപതിക്കോ ഗുരുവായൂരപ്പനോ വേളാങ്കണ്ണി മാതാവിനോ ഇല്ലാത്ത സിദ്ധിയാണ് കേരളത്തിന്റെ വരദാനമായ ഈ മഹാനുഭാവന് എന്നു മനസ്സിലാക്കി ആരാധനാലയം പണിയുക എന്നതാണ് "നിറഞ്ഞ മനസ്സോടെ" മടങ്ങുന്നവര്‍ക്ക് ചെയ്യാനുള്ള ഉപകാരസ്മരണ. അതിനുപകരം കരിങ്കൊടിയും ഉപരോധവുമായി ചെല്ലുന്നത് നിര്‍ത്തിവയ്ക്കുന്ന കാര്യം പ്രതിപക്ഷം ആലോചിക്കണം.

പരാതിക്കാരനെ കണ്ടാലുടനെ ന്യായാന്യായങ്ങളും പരിഹാരവും ജ്ഞാനദൃഷ്ടിയില്‍ മനസ്സിലാക്കി തീര്‍പ്പുകല്‍പ്പിക്കുന്ന മഹാത്ഭുതമൂര്‍ത്തിയെ ഡല്‍ഹിയിലേക്കെടുത്ത് രാജ്യത്തെയും കോണ്‍ഗ്രസിനെയും രക്ഷിക്കാനുള്ള ശുപാര്‍ശയെങ്കിലും മുകുള്‍ വാസ്നിക്ക് വശം കൊടുത്തയക്കാനുള്ള സൗമനസ്യം ഹരിപ്പാട്ടുകാര്‍ക്കുണ്ടാകേണ്ടതാണ്. സോളാര്‍ ചൂടില്‍ നാടു വേവുമ്പോള്‍ ഹേമചന്ദ്രതീര്‍ഥംകൊണ്ട് മഞ്ഞും കുളിരും സൃഷ്ടിച്ചതും തെളിവും മൊഴികളും ആവിയാക്കിയതും ലജ്ജ എന്ന പദം മലയാളനിഘണ്ടുവില്‍നിന്ന് എടുത്തുകളഞ്ഞതും അനുബന്ധ അത്ഭുതസിദ്ധികളുടെ പട്ടികയില്‍പെടുത്തി പുണ്യാളപട്ടത്തിനായി ഒരപേക്ഷ അയപ്പിക്കാനും ആരെങ്കിലും തയ്യാറാകണം. അഞ്ചപ്പംകൊണ്ട് അയ്യായിരംപേരെ ഊട്ടിയത് പഴങ്കഥയാക്കി ഫ്രീസറില്‍ വയ്ക്കണം. പതിനഞ്ചു മണിക്കൂര്‍ കൊണ്ട് പതിനയ്യായിരം പരാതി പരിഹരിച്ചവന്‍ ഈ നാടിന്റെ ഐശ്വര്യം എന്ന ഫ്ളക്സ് നാടാകെ ഉയര്‍ത്തണം. പുതുപ്പള്ളി ഹൗസും ക്ലിഫ്ഹൗസും തീര്‍ഥാടനകേന്ദ്രങ്ങളായി യുഎന്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനും അമാന്തമരുത്. ദര്‍ശനത്തിന് ടിക്കറ്റ് വച്ചാല്‍ അതും വരുമാനമാകും. കടകംപള്ളിയിലെ നാല്‍പ്പതേക്കറിലോ സ്മാര്‍ട്ട് സിറ്റി ബോര്‍ഡുംവച്ച് വെറുതെ കിടക്കുന്ന കൊച്ചിയിലെ ഭൂമിയിലോ ബോള്‍ഗാട്ടിയിലോ ആരാധനാലയസമുച്ചയം പണിത് വാഴ്ത്തപ്പെടേണ്ടവനെ കുടിയിരുത്താവുന്നതുമാണ്.

*

ഇരുകാലിലും പെരുമന്തുള്ളവന്‍ ഒരുകാല്‍ മന്തനെ "മന്താ..." എന്നു വിളിക്കാമെന്ന് ആര്‍ഷഭാരത സൈദ്ധാന്തികര്‍ സമര്‍ഥിച്ചിട്ടുണ്ട്. ഇരുകാല്‍ മന്തും പെരുങ്കൂനുമുണ്ടെങ്കില്‍ സാദാ മന്തന്മാര്‍ക്കും കൂനന്മാര്‍ക്കും മുകളിലാണ് സ്ഥാനം എന്ന് വേദോപനിഷത്തുകളില്‍ വിധിച്ചിട്ടുമുണ്ട്. അതുകൊണ്ട് മോഡിക്ക് മഅ്ദനിയെ "ഭീകരാ...." എന്ന് വിളിക്കാം. നാഗ്പുരില്‍ പൂജിച്ച ട്രൗസറിട്ട് ക്വട്ടേഷന്‍പണിക്കുപോകുന്നവന് ആരെയും എന്തും വിളിക്കാം. രാജാവിന്റെ ഉറക്കം പള്ളിയുറക്കമാണ്. രാജ്ഞിയുടെ പ്രസവം തിരുവയറൊഴിയലും. അതുപോലെയാണ് ആര്‍എസ്എസിന്റെ ദേശീയ നിര്‍വാഹക സമിതി യോഗത്തെ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ എന്ന് വിളിക്കുന്നത്. കൊച്ചിയില്‍ അറബിക്കടലിന്റെ കാറ്റും സുഖിയന്‍ ശാപ്പാടുമായി ഇരിക്കുമ്പോഴാണ്, ആര്‍എസ്എസ് കാര്യകാരികള്‍ക്ക് കേരളം തീവ്രവാദത്തിന്റെ കേന്ദ്രമായി എന്ന് തോന്നുന്നത്. രാഷ്ട്രപിതാവിനെ കൊന്നശേഷം നിരോധിക്കപ്പെട്ടവര്‍ക്ക് "ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ" കുറിച്ച് ആശങ്ക വരുന്നുപോലും. "ഹിന്ദുയുവതികളെ ആസൂത്രിതമായി വശീകരിക്കല്‍, വിദ്വേഷം പ്രചരിപ്പിക്കുന്ന ലഘുലേഖകളുടെ വിതരണം, ചില മാധ്യമങ്ങളിലൂടെയുള്ള വിഷതുല്യമായ പ്രചാരണം" -ഇവയൊക്കെയത്രെ കേരളത്തെ തീവ്രവാദകേന്ദ്രമാക്കുന്നത്. കാവിയുടുത്ത് കൈയിലും കഴുത്തിലും വര്‍ണച്ചരടും കുങ്കുമപ്പൊട്ടുമായി ബസ് സ്റ്റോപ്പിലും ജങ്ഷനിലും പെണ്‍കുട്ടികളെ കമന്റടിക്കാനും മാന്താനും തോണ്ടാനും കരാറെടുത്തത് ഏതു ഭീകരരാണാവോ? ഇസ്ലാമിന്റെ ഗര്‍ഭപാത്രത്തില്‍ ഹിന്ദുബീജം നിക്ഷേപിക്കാന്‍ ആഹ്വാനംചെയ്ത് ലഘുലേഖയിറക്കിയത് ആസാറാം ബാപ്പുവോ അതോ ആര്‍എസ്എസ് ആശാന്മാരോ? ഇസ്രത്ത് ജഹാനെയും പ്രാണേഷ് കുമാറിനെയും വെടിവച്ചുകൊല്ലിച്ച് തീവ്രവാദപ്പുതപ്പണിയിച്ച് വീരനായകനായ മോഡി ഇപ്പോഴും നാട്ടിലൊക്കെത്തന്നെയില്ലേ? ജന്മഭൂമിയിലും പുണ്യഭൂമിയിലും പിന്നെ പലപല ഭൂമികളിലും വിടര്‍ന്നു പരിലസിക്കുന്ന വിദ്വേഷപ്പൂവുകള്‍ക്ക് ചോരയുടെയും മരണത്തിന്റെയും മണംതന്നെയല്ലേ?

ഗര്‍ഭിണിയുടെ നിറവയര്‍ കുത്തിപ്പിളര്‍ന്ന് ഭ്രൂണം പറിച്ചെടുത്ത് തീയിലിട്ടവനില്‍നിന്ന് തീവ്രവാദത്തിന്റെ നിര്‍വചനം പഠിക്കാന്‍ ആളിനെ വേറെ കൊണ്ടുവരണം. കേരളത്തില്‍ തീവ്രവാദമുണ്ട്; ഭീകരതയുണ്ട്; വര്‍ഗീയതയുണ്ട്. അതിലെല്ലാം ആര്‍എസ്്എസ് ഒരു ഭാഗത്തുണ്ട്്. മറുഭാഗത്ത് പലരുമുണ്ട്. അധികാരം പിടിക്കാന്‍ ആര്‍എസ്എസിനെയും എന്‍ഡിഎഫിനെയും മാറിമാറി പ്രീണിപ്പിച്ച് കളിക്കുന്ന മാന്യന്മാരുണ്ട്. വര്‍ഗീയ രാഷ്ട്രീയക്കളിക്കെതിരെ പറയാന്‍ ആര്‍എസ്എസിന് അവകാശമില്ല. വര്‍ഗീയതയുടെ മന്തും തീവ്രവാദത്തിന്റെ കൂനും അതിന്മേല്‍ അധികാരമോഹത്തിന്റെ കുരുവുമായി ചുറ്റിക്കറങ്ങുന്ന പേക്കോലങ്ങളില്‍ ഒന്ന് മറ്റൊന്നിനെ തള്ളിപ്പറയുന്നതിലല്ല; എല്ലാറ്റിനെയും പിടിച്ച് ചങ്ങലയ്ക്കിട്ട് ചികിത്സിക്കുന്നതിലാണ് കാര്യം. അത് ജനങ്ങള്‍ നടത്തിക്കൊള്ളും.

*

എസ്എംഎസിന്റെയും ഇ മെയിലിന്റെയും ഫേസ്ബുക്കിന്റെയുമൊക്കെ വില പലരും മനസ്സിലാക്കി വരുന്നേയുള്ളൂ. തെരഞ്ഞെടുപ്പു കമീഷന് അതെന്താണെന്ന് ഇപ്പോള്‍ മനസ്സിലായി. അതിനുമുമ്പുതന്നെ കണ്ണൂരിലെ സുധാകരനും നവമാധ്യമസാക്ഷരത കൈവന്നു. സുധാകരേട്ടനെ വിളിക്കൂ, ചെന്നിത്തലയെ വനവാസത്തിനയക്കൂ; കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് ഡല്‍ഹിക്കു പറക്കുന്ന നവമാധ്യമസന്ദേശമത്രെ. അങ്ങനെ അയച്ച ഒരു നേതാവിനെ മറ്റൊരു നേതാവ് മുഖമടച്ച് സ്നേഹിച്ചതല്ല; അത് ചെന്നിത്തല കണ്ടുപോയതാണ് ഇപ്പോള്‍ കുറ്റം. എസ്എംഎസിലൂടെയും ഇ മെയിലിലൂടെയുമാണ് ജനനേതാക്കള്‍ ഉദിച്ചുയരുക എന്ന് കോണ്‍ഗ്രസില്‍ ആരെങ്കിലും ചിന്തിച്ചുപോയാല്‍ അതൊരു കുറ്റമാണോ? കണ്ണൂരിലെയും അന്യനാടുകളിലെയും കോണ്‍ഗ്രസിനെ നന്നാക്കിയ സുധാകരന് ഒരു ചാന്‍സ് കൊടുക്കേണ്ടതല്ലേ? ചര്‍ക്കയ്ക്ക് പകരംവയ്ക്കാന്‍ നാടന്‍ ബോംബ്, വടിവാള്‍ തുടങ്ങിയ അഹിംസാ ഉപകരണങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതല്ലേ? ഇ മെയില്‍ എന്തെന്നറിയാത്ത സുധീരനെപ്പോലുള്ളവരെ ഇടയ്ക്ക് ഓര്‍ക്കുന്നതും നല്ലതാണ്.

Monday, October 21, 2013

മാറാരോഗത്തിന് വിവാദചികിത്സ

ചില രോഗങ്ങള്‍ക്ക് ഒറ്റമൂലി മാത്രമേ ഫലിക്കൂ എന്നൊരു വിശ്വാസമുണ്ട്. വിവാദം ഭക്ഷിച്ചാലേ യുഡിഎഫ് സര്‍ക്കാരിന്റെ ആയുസ്സ് നീട്ടിക്കിട്ടൂ. എപ്പോള്‍ അസുഖം മൂര്‍ച്ഛിക്കുന്നോ അപ്പോള്‍ വിവാദത്തിന്റെ ഗുളിക നാക്കിനടിയില്‍ തിരുകണം. അതുകഴിഞ്ഞ് ഞരമ്പുവഴി വിവാദം കുത്തിക്കയറ്റിക്കൊണ്ടേയിരിക്കണം. പി സി ജോര്‍ജാണ് ഇപ്പോഴും എപ്പോഴും വിവാദമരുന്നിന്റെ മുഖ്യ ഉല്‍പ്പാദനകേന്ദ്രം. ജോര്‍ജിനു ചുറ്റും കറങ്ങുകയാണ് യുഡിഎഫ് രാഷ്ട്രീയമെന്നും പറയാം. ജോര്‍ജിനെ മടക്കിച്ചുരുട്ടിക്കെട്ടി ഭദ്രമാക്കി ഈരാറ്റുപേട്ട ടിബിയുടെ പിന്നാമ്പുറത്ത് കൊണ്ടുപോയി വച്ചാല്‍ യുഡിഎഫ് രക്ഷപ്പെട്ടു എന്ന് പറയുന്നവരെ ശ്രദ്ധിക്കണം. അവര്‍ ശത്രുക്കളാകാന്‍ വഴിയുണ്ട്. കണ്ണുള്ളപ്പോഴേ കണ്ണിന്റെ വിലയറിയൂ. ജോര്‍ജ് ഇല്ലെങ്കില്‍ കാണാം ഈരാറ്റുപേട്ട മരുന്നിന്റെ വില.

ചില മരുന്നുകള്‍ കുടിക്കുമ്പോള്‍ കയ്പും ചവര്‍പ്പുമാകും. അര്‍ബുദത്തിന്റെ മരുന്നാണെങ്കില്‍ കുത്തിവയ്ക്കുമ്പോള്‍ ഛര്‍ദിയുണ്ടാകും; പിന്നെ മുടി കൊഴിയും- എന്നാലെന്ത് രോഗത്തിന് ശമനമുണ്ടാകില്ലേ എന്നതാണാശ്വാസം. ജോര്‍ജിന്റെ പ്രസ്താവന ആദ്യകേള്‍വിയില്‍ യുഡിഎഫ് വിരുദ്ധമാണെന്നു തോന്നും. ഗണേശ് കുമാറിന്റെ ചില കാര്യങ്ങള്‍ ജോര്‍ജ് വെളിപ്പെടുത്തിയപ്പോള്‍ അയ്യേയെന്നും അയ്യയ്യേയെന്നും പ്രതികരിച്ചവര്‍ ധാരാളം. പിന്നീട് വിവാദം ഗണേശിനെക്കുറിച്ചും യാമിനി കൊടുത്തതും വാങ്ങിയതുമായ തല്ലിനെക്കുറിച്ചും മന്ത്രിമന്ദിരത്തില്‍ വിരുന്നുചെന്നവന്റെ കായികക്ഷമതയെക്കുറിച്ചുമായി. ഒടുവില്‍ ഗണേശിന് രാജിവയ്ക്കേണ്ടിവന്നു; യുഡിഎഫ് പരിക്കില്ലാതെ തടി രക്ഷപ്പെടുത്തുകയുംചെയ്തു. ഇപ്പോള്‍ ഗണേശ് മന്ത്രിയായാലും ഇല്ലെങ്കിലും ജോര്‍ജിന് എതിര്‍പ്പില്ല- ആ ഭാഗം ശുഭാന്ത്യം. ഇതാണ് രീതി

പ്രതികരണം; ആക്രമണം; ചര്‍ച്ച; പ്രതിചര്‍ച്ച- ഒടുവില്‍ കൈകൊടുത്ത് ഭായി ഭായി പറഞ്ഞ് പിരിയല്‍. വിവാദത്തില്‍ ഹരം മൂത്തും, എറണാകുളം ഗസ്റ്റ് ഹൗസില്‍ എന്തായിരിക്കും ഒരുമണിക്കൂര്‍ ചര്‍ച്ചചെയ്തത് എന്ന് തിരിഞ്ഞും മറിഞ്ഞും ചിന്തിച്ചും, തിരുവഞ്ചൂര്‍- ജോര്‍ജ് തര്‍ക്കത്തിന്റെ അഡല്‍ട്സ് ഒണ്‍ലി ഭാഗങ്ങള്‍ ഭാവനയില്‍ പുനഃസൃഷ്ടിച്ചും ജനങ്ങള്‍ രസിക്കുമ്പോള്‍ യുഡിഎഫ് പിന്നെയും രക്ഷപ്പെടുന്നു. പണിയും കൂലിയുമില്ല; അവശര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നില്ല; സ്വന്തംവിഹിതം അടച്ച പദ്ധതിയില്‍നിന്നുള്ള പെന്‍ഷന്‍പോലും കിട്ടാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയെ ശപിക്കുന്നു. അരിയും തുണിയും അന്യായവിലയ്ക്കാണ് വില്‍പ്പന. സര്‍ക്കാര്‍ വിതരണകേന്ദ്രങ്ങളില്‍ അഴിമതിത്തുരപ്പന്മാര്‍ വാഴുന്നു. ട്രഷറി പൂട്ടുമ്പോള്‍, മുമ്പ് മൂന്നുതവണ പൂട്ടിയ എന്നോടാണോ കളി എന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചോദ്യം.

പൊലീസുകാരുടെ പ്രധാന പണി മുഖ്യമന്ത്രിക്ക് അകമ്പടിപോകലാണ്. പത്തും പതിനഞ്ചും കിലോമീറ്റര്‍ ചുറ്റിവളഞ്ഞ് തലയില്‍ മുണ്ടിട്ട് പൊതുപരിപാടിക്ക് പോയ മുഖ്യമന്ത്രി സരിത കേരളത്തിന് അഭിമാനംതന്നെ. ഇനിയിപ്പോള്‍ കാസര്‍കോട്ടേക്ക് നാഗര്‍കോവില്‍, തൃശിനാപ്പള്ളി, പൊള്ളാച്ചി, മടിക്കേരി വഴി പോകാവുന്നതേയുള്ളൂ. ഉമ്മന്‍ചാണ്ടിയുടെ മുഖം ടിവിയില്‍ കാണുമ്പോള്‍ കുട്ടികള്‍ക്ക് ചിരിവരുന്ന കാലമാണ്. ഐസിയുവില്‍ അതീവ ഗുരുതരാവസ്ഥയില്‍ കിടക്കുന്ന രോഗിയെ സ്ട്രെച്ചറില്‍ കിടത്തി ആംബുലന്‍സില്‍ പ്രദര്‍ശനത്തിന് കൊണ്ടുവരികയും ആയിരംരൂപ ആശ്വാസം നല്‍കുകയും ചെയ്യുന്ന നാടകം മറ്റാരും കളിക്കാത്തതാണ്. ആ ദുഃഖനാടകം കണ്ടിട്ടും കുട്ടികള്‍ ചിരിക്കുന്നുണ്ടെങ്കില്‍, വിദൂഷക കഥാപാത്രത്തിന്റെ അഭിനയപാടവം അപാരമെന്നേ പറയാവൂ. കിട്ടേണ്ടത് ഓസ്കര്‍ അവാര്‍ഡായിരുന്നു. അഭിനയംകൊണ്ടും കാര്യം നടക്കാതിരിക്കുമ്പോഴാണ് വിവാദത്തിന്റെ മരുന്ന് പ്രസക്തമാകുന്നത്.

ജോര്‍ജ് സ്വന്തമായി ഉണ്ടാക്കുന്ന വിവാദമൊന്നും പോര ചികിത്സയ്ക്ക്. മനോരമയും മാതൃഭൂമിയുമുള്ളതുകൊണ്ട് കാര്യങ്ങള്‍ മുട്ടില്ലാതെ പോകുന്നു. മണ്ണിനടിയില്‍ കിടന്ന് തുരുമ്പെടുത്തതായാലും സ്ഥാനംഗണിച്ച് കണ്ടുപിടിച്ച് കുഴിച്ച് പുറത്തെടുത്ത് ഉലയിലിട്ട് പരുവപ്പെടുത്താന്‍ നല്ല മിടുക്കാണ് മകാരമാധ്യമങ്ങള്‍ക്ക്. ഞാനോ നീയോ മുമ്പനെന്ന് തര്‍ക്കിച്ചും തമ്മിലടിച്ചും തട്ടിപ്പുവെട്ടിപ്പുകളില്‍ ആഗോളമത്സരം സംഘടിപ്പിച്ചും മുന്നേറുന്ന യുഡിഎഫ് ഭരണത്തിന് വിവാദം ഏതായാലും ഗുണം മെച്ചംതന്നെ. പ്രതിസന്ധിയില്‍ ഉടുമുണ്ടുരിഞ്ഞുപോയാല്‍ വിവാദം ഒരു പച്ചിലയായി വന്നാലും നാണംമറയ്ക്കാം. സെക്രട്ടറിയറ്റ് ഉപരോധം ഉമ്മന്‍ചാണ്ടിയുടെ രാജിയിലെത്താഞ്ഞതില്‍ അരിശംപൂണ്ട് ഉറഞ്ഞവരും തുള്ളിയവരുമുണ്ട്. അവരില്‍ ചിലരെ ഇപ്പോള്‍ കാണുന്നത് ഉമ്മന്‍ചാണ്ടി ഫാന്‍സ് അസോസിയേഷനിലാണ്. സോളാറില്‍ വീണാലും സ്വര്‍ണക്കട്ടിവിഴുങ്ങിയാലും ഉമ്മച്ചന്‍ പൊന്നച്ചനോ തങ്കച്ചനോ ആണവര്‍ക്ക്. ഉമ്മന്‍ചാണ്ടിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ രാജിവയ്ക്കുമായിരുന്നു എന്ന് വീരവാദം മുഴക്കിയ ജോര്‍ജ് ഇപ്പോള്‍ സകല കോണ്‍ഗ്രസുകാരുടെയും തെറിവിളി കേട്ടിട്ടും രാജി എന്ന സമരായുധംമാത്രം പുറത്തെടുക്കുന്നില്ല. മാണിസാറിന് ജോര്‍ജും വേണം ജോസഫും വേണം- ഭരണം എന്തായാലും വേണം. അവിടെയും വിവാദംതന്നെ രക്ഷ. ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ ഏറ്റവും ചോദനമുള്ള ഉല്‍പ്പന്നം വിവാദമാണെന്ന് തിരിച്ചറിഞ്ഞവര്‍ക്കാണ് മുന്നോട്ടുള്ള വഴി തെളിഞ്ഞുകിട്ടുന്നത്. വഴിയേ പോകുന്ന വയ്യാവേലി എടുത്ത് ചുമലിലിട്ടാലും മൂലയിലിരിക്കുന്ന മഴു എടുത്ത് കാലിലിട്ടാലും വിവാദമുണ്ടാകും. ആ വിവാദംകൊണ്ട് രോഗത്തിന് താല്‍ക്കാലിക ശമനവുമുണ്ടാകും. അതല്ലെങ്കില്‍, യുഡിഎഫിലിരുന്നുകൊണ്ട് ജോര്‍ജിനും ജോര്‍ജിതരര്‍ക്കും ഇങ്ങനെ അടിക്കാന്‍ കഴിയില്ല. പുറമേയ്ക്ക് കുഴപ്പമെന്നു തോന്നുന്ന കൃത്യങ്ങളിലൂടെ ഊര്‍ജം സംഭരിക്കുന്ന ഈ ഏര്‍പ്പാടിനാണ് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ മാര്‍ക്കറ്റ്്.

വിവാദചികിത്സയില്‍ അഭയംതേടി രക്ഷപ്പെടാന്‍ കാത്തിരിക്കുന്നവരുടെ നിരയില്‍ ഉമ്മന്‍ചാണ്ടിമുതല്‍ കെ സി വേണുഗോപാല്‍വരെയുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തൊലിപോലെ കുറത്തതാണ് മനസ്സും എന്ന് പറയുന്ന നീചമനസ്സിനെ ചാട്ടവാറിനിട്ട് തല്ലണമെന്ന പക്ഷക്കാരനാണ് ശതമന്യു. അത്ഭുതംതന്നെ- അങ്ങനെ പറഞ്ഞയാളിനും യുഡിഎഫ് വക ഇപ്പോഴും കൊടിവച്ച കാറുണ്ട്. പണത്തിനും പദവിക്കുംവേണ്ടി എന്തുംചെയ്യും; എന്തും ഭക്ഷിക്കും എന്നത് ആധുനിക കാലത്തെ ജനകീയ രാഷ്ട്രീയമാണ് എന്ന് വലതുപക്ഷത്തിന്റെ ശൈലീപുസ്തകത്തില്‍ എഴുതിവച്ചിട്ടുണ്ട്. അതുകൊണ്ട് ഇനിയും വിവാദമരുന്നുകാരെയും ചികിത്സകരെയും യുഡിഎഫിന് ആവശ്യമുണ്ട്. എല്ലാം ഒരു ജോര്‍ജില്‍ അവസാനിപ്പിക്കേണ്ടതില്ല എന്നര്‍ഥം.

Monday, October 7, 2013

ഭാവി വാഗ്ദാനത്തിന്റെ ബുദ്ധി

അങ്ങനെ ലാലു ജയിലിലായി. പതിനൊന്നുകൊല്ലം കഴിഞ്ഞാലേ ഇനി പാര്‍ലമെന്റിന്റെ പടി ചവിട്ടാന്‍ പറ്റൂ. അഴിമതിവിരുദ്ധ പടനായകനായി രാഹുല്‍ ഗാന്ധി വാഴ്ത്തപ്പെട്ടു. അഴിമതി എന്ന വടയക്ഷി കയറിക്കൂടിയത് മന്‍മോഹന്റെ തലപ്പാവിലായതുകൊണ്ട് അവിടെത്തന്നെ ഇരുമ്പാണി അടിച്ച് യുവമന്ത്രവാദി യക്ഷിയെ തളച്ചു. പണ്ഡിറ്റ് നെഹ്റു കൊടിപിടിച്ച് സമരംചെയ്താണ് പ്രധാനമന്ത്രിയായത്. പ്രിയദര്‍ശിനി അച്ഛന്റെ കത്തുവായിച്ച് ഉല്‍ബുദ്ധയായി. രാജീവിന് ഇന്ത്യയെ പറത്തുംമുമ്പ് വിമാനംപറത്തി ശീലമുണ്ടായിരുന്നു. അവര്‍ക്കൊന്നുമില്ലാത്ത ബുദ്ധിയാണ് നവലോക നായകന്‍ രാഹുല്‍ഗാന്ധിക്ക്. നല്ല കോണ്‍ഗ്രസുകാരനാകാന്‍ സമരംചെയ്യണമെന്നോ വിമാനം പറത്തണമെന്നോ ഇല്ല. വായന ആവശ്യമേയില്ല. ബുദ്ധിയുണ്ടായാല്‍ മതി. ആ ബുദ്ധി രാഹുലിലുണ്ട്; മന്‍മോഹനിലില്ല. രണ്ടുകൊല്ലം ജയിലില്‍ കിടക്കാന്‍ വിധിക്കപ്പെടുന്നവന്‍ ജനപ്രതിനിധിസ്ഥാനമെന്ന ത്യാഗജീവിതത്തിന് അയോഗ്യനാകുമെന്ന സുപ്രീം കോടതി ഉത്തരവ് ശരിക്കും കോണ്‍ഗ്രസ് വിരുദ്ധമാണ്. ഗാന്ധിജിമുതല്‍ എത്രയെത്ര കോണ്‍ഗ്രസുകാര്‍ ജയിലില്‍ കിടന്നു. ജഗന്നാഥ് മിശ്രയും സുരേഷ് കല്‍മാഡിയും മുതല്‍ ഉമ്മന്‍ചാണ്ടിവരെ എത്രപേര്‍ ഗാന്ധിയന്‍ രീതിയില്‍ കാരാഗൃഹവാസം കൊതിക്കുന്നു. ഖദര്‍ ഇട്ടാല്‍ ജനസേവനത്തിന്റെ ഭാഗമാണ് അഴിമതി എന്നറിയാവുന്നതുകൊണ്ടാണ് ജയിലില്‍ കിടന്നും പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്താനുള്ള ഉദാര ഓര്‍ഡിനന്‍സിന് മന്‍മോഹന്‍ രൂപംനല്‍കിയത്.

സര്‍ക്കാരിന്റെ കൈയില്‍ ഇഷ്ടംപോലെ പണമുണ്ട്. പണം എന്തുചെയ്യണമെന്നറിയാതെ കഷ്ടപ്പെടുന്ന പാവം കോടീശ്വരന്മാര്‍ വേണ്ടതിലേറെയുണ്ട്. ഉള്ളിടത്തുനിന്ന് തരപ്പെടുത്തി സ്വിറ്റ്സര്‍ലന്‍ഡിലെ ബാങ്കിങ് പ്രതിസന്ധി പരിഹരിക്കാന്‍ സംഭാവനചെയ്യുന്നത് കാരുണ്യപ്രവൃത്തിയാണ്. അത്തരം ദയാനിധികളെ വെറുതെ വിചാരണ നടത്തിയും തുറുങ്കിലടച്ചും പീഡിപ്പിക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസിന് പൊതുവെ എതിര്‍പ്പുണ്ട്്. അതുകൊണ്ടാണ്, രണ്ടുകൊല്ലം ശിക്ഷ കിട്ടിയാലും പാര്‍ലമെന്റിലെ ത്യാഗം തുടരാന്‍ കൈയടിച്ച് പാസാക്കി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പാവപ്പെട്ട അഴിമതിക്കാരെ രക്ഷിക്കാനുള്ള ആ ഓര്‍ഡിനന്‍സ് കണ്ടപ്പോള്‍ രാഷ്ട്രപതി ഭവനിലിരിക്കുന്ന ബംഗാളി ദാദയ്ക്ക് ഇളക്കം. (പുള്ളിക്കാരന് ഇനിയൊന്നും പേടിക്കാനില്ലല്ലോ) ഒപ്പിടില്ല എന്ന് വാശി. ഓര്‍ഡിനന്‍സ് അംഗീകരിച്ചാല്‍ അഴിമതിസംരക്ഷകരാകും; ഉപേക്ഷിച്ചാല്‍ പ്രിയപ്പെട്ടവര്‍ വഴിയാധാരമാകും. ചെകുത്താനും കടലിനുമിടയില്‍പ്പെടുമ്പോഴുള്ള ഇത്തരം പ്രതിസന്ധി പരിഹരിക്കുന്നതിനെയാണ് മിടുക്കെന്ന് വിളിക്കേണ്ടത്. ഒരു ചാട്ടം, ഒരു മലക്കം, പിന്നെ ഇരുന്നമര്‍ന്ന് വലതുകൈവീശി ഒരു പ്രയോഗം. സംഗതി സിംപിള്‍. പിറ്റേന്ന് റബറൈസ്ഡ് തലക്കെട്ട്: കളങ്കിത രാഷ്ട്രീയക്കാരെ രക്ഷിക്കാനുള്ള ഓര്‍ഡിനന്‍സ് കീറിയെറിയണം- രാഹുല്‍. ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കുന്നതിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിമുഖത പ്രകടിപ്പിച്ചതിനു പിന്നാലെയായിരുന്നു രാഹുലിന്റെ ഇടപെടലെന്നും "കോട്ടയം വീക്ഷണം" എഴുതി. മിടുമിടുക്കന് മിടുക്കന്മാരുടെ സഹായം.

സര്‍ദാര്‍ജിയുടെ തലപ്പാവില്‍ ആണികയറിയാലെന്ത്- ഭാവി ഭാരത വാഗ്ദാനം കഴിവ് തെളിയിച്ചു. ഇന്നലെ ഓര്‍ഡിനന്‍സിറക്കും; ഇന്ന് അത് കീറിയെറിയും. നാളെ ജയിലില്‍പോയി ലാലു അങ്കിളിനെ ആശ്വസിപ്പിച്ച് രാബ്റി ആന്റിയുടെ പിന്തുണ വാങ്ങും. കോണ്‍ഗ്രസിനെ രാഹുല്‍ രക്ഷിച്ചു എന്നാണ് ചരിത്രരേഖ. ആരാണ് കുളത്തിലിറക്കിയതെന്ന് അതില്‍ കാണുന്നില്ല. ഇതുപോലെ ചില പരിഹാരക്രിയകള്‍ ഉമ്മന്‍ചാണ്ടിക്കും പ്ലാന്‍ ചെയ്യാവുന്നതാണ്. തിരുവഞ്ചൂരിന്റെ എവിടെയെങ്കിലും ഒരാണി കയറിയതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ല.

*
അല്ലെങ്കിലും തിരുവഞ്ചൂര്‍ ഒരു ഭാരമാണ്. പി സി ജോര്‍ജിന് ഇപ്പോള്‍ തിരുവഞ്ചൂരിനെ കിട്ടിയാലും മതി. വിട്ടുകൊടുത്താല്‍ പുതുപ്പള്ളിയിലെ ആഘോഷം തുടരുമെങ്കില്‍ അതാണ് കരണീയം. ജോര്‍ജ് അടങ്ങുകയുംചെയ്യും കെ സി ജോസഫ് ചിരിക്കുകയും ചെയ്യും. ഒരിറ്റു കണ്ണീര്‍ ഓര്‍ക്കാട്ടേരിയില്‍നിന്നോ മറ്റോ വന്നാലായി. വെട്ടുവഴിക്കവിതകള്‍ക്കൊന്നും ഇനി പ്രസക്തിയില്ല. പോയാല്‍ പോയതുതന്നെ. തിരുവഞ്ചൂര്‍ ദല്ലാള്‍ നന്ദകുമാറിന്റെ ചങ്ങാതിയാണ്. ഉച്ചിക്കുവച്ച കൈകൊണ്ടുതന്നെ ഉദകക്രിയക്കും സമ്മതം. ജോര്‍ജിന്റെ എല്ലാ എഡിഷനും വന്നുകഴിഞ്ഞാല്‍ ഒറ്റയടിക്ക് തീര്‍ക്കുമെന്നാണ് പ്രഖ്യാപനം. ജോപ്പന്റെ ഫോണ്‍ കാള്‍ ലിസ്റ്റ് പുറത്തുവിട്ട് തുടങ്ങിയ കളിയാണ്. യുഎന്‍ അവാര്‍ഡ് വാങ്ങി ഉമ്മന്‍ചാണ്ടി നിലത്തിറങ്ങുംമുമ്പ് ജോപ്പന്‍ അകത്തായി. സൂക്ഷിച്ചാല്‍ ഇനിയെങ്കിലും ദുഃഖിക്കേണ്ടിവരില്ല. ഇതിലും ഭേദം ചെന്നിത്തലയാണെന്ന് ഉമ്മന്‍ചാണ്ടി മനസിലാക്കണം. നിര്‍ദോഷികളെ തിരിച്ചറിയാത്തതാണ് കുഴപ്പം.

*
പ്രഭാവര്‍മയുടെ ശ്യാമമാധവത്തിന് വയലാര്‍ അവാര്‍ഡു കിട്ടിയപ്പോള്‍ ശതമന്യുവിന് സങ്കടമാണ് വന്നത്. വെട്ടുവഴിയില്‍ തൂമ്പായും പാരയും പ്രയോഗിച്ച് വിയര്‍പ്പൊഴുക്കിയ ശങ്കരപ്പിള്ളയ്ക്കും ജയചന്ദ്രന്‍നായര്‍ക്കും കൊടുക്കേണ്ട അവാര്‍ഡ് പ്രഭാവര്‍മയ്ക്കു കൊടുക്കാമോ? വീരാന്‍കുട്ടി, പാറക്കടവ്, പൊയ്ത്തുംകടവ്, തോമാസ് കുട്ടി, ഉമ്പാച്ചി, രമണന്‍ കടിക്കാട്, കരിക്കകം പവിത്രന്‍, തീക്കുനി തങ്കപ്പന്‍, പപ്പന്‍ മുഞ്ഞിനാട്, കോട്ടേമ്പ്രം ഗോപാലന്‍കുട്ടി തുടങ്ങിയ മഹാകവികള്‍ ജീവിക്കുന്ന നാട്ടില്‍ വയലാറിന്റെ പേരിലുള്ള അവാര്‍ഡ് വാങ്ങാന്‍മാത്രം ആരാണ് ഈ പ്രഭാവര്‍മ എന്ന സംശയം തീരുന്നില്ല. ചുരുങ്ങിയ പക്ഷം ഉമേഷ് ബാബുവിനെയെങ്കിലും പരിഗണിക്കേണ്ടതായിരുന്നു. മനുഷ്യവ്യഥകളില്‍ ഉള്ളുരുകുന്ന ഒരു പത്രാധിപരാണ് ജയചന്ദ്രന്‍നായരെന്ന് നാമോര്‍ക്കണം. അങ്ങനെയുള്ള ഒരാളിന്, ഈ അവാര്‍ഡ് കണ്ടുനില്‍ക്കാന്‍ എങ്ങനെ സാധിക്കും? കവിതയ്ക്കു നല്‍കിയ സമഗ്രസംഭാവനയ്ക്ക് വയലാര്‍ അവാര്‍ഡ് നായര്‍ക്കു കൊടുക്കാമായിരുന്നില്ലേ? വിപ്ലവം അരച്ചുകലക്കി മൂന്നുനേരവും മുറതെറ്റാതെ സേവിക്കുന്ന ശങ്കരപ്പിള്ളയ്ക്ക് കൂര്‍ത്ത മണ്‍വിരലുകളുള്ള കൊലച്ചുഴലി ചുഴറ്റി രംഗത്തിറങ്ങാന്‍ സമയമായി. പന്തളത്ത് ഭുവനേശ്വരന്‍ മരിച്ചുവീണപ്പോള്‍ കടമ്പനാട്ടുകാരന് വെട്ടുവഴി അറിയുമായിരുന്നില്ല. താന്‍ പാര്‍ക്കുന്നതിന്റെ വിളിപ്പാടകലെ ചെട്ടിയങ്ങാടിയില്‍ അഴീക്കോടന്‍ ചോരയൊഴുക്കി വീണപ്പോള്‍ കുത്തുവഴിയില്‍ കവിത വന്നില്ല. വടകരയിലെ വെട്ടു കാണാന്‍പോയി കരാര്‍പ്പൊന്നു വാങ്ങി തിരിച്ചെത്തിയപ്പോള്‍ ആശ്വാസമായി. അതിനുപിന്നാലെ കവിയെയും കവിതയെയും വെട്ടിവീഴ്ത്തിയപ്പോള്‍ പത്രാധിപര്‍ക്ക് ശങ്കരപ്പിള്ള കവിതാഞ്ജലിയര്‍പ്പിച്ചു. ആ പത്രാധിപര്‍ കാശിക്കോ മറ്റോ പോയിക്കാണും. എന്നാലും പിള്ളയുടെ കവിമനസ്സ് ചുരത്തട്ടെ- ഒരു അവാര്‍ഡുവഴിക്കവിത. അമ്പത്തൊന്ന് തലതിരിഞ്ഞ് പതിനഞ്ചായി ചുരുങ്ങിയെങ്കിലും വെട്ടുവഴിക്കവിതയ്ക്ക് ചുരുക്കമുണ്ടാകാത്തത് മലയാളിയുടെ മഹാഭാഗ്യം. മള്ളൂരുണ്ടെങ്കില്‍ കേസ് ജയിക്കാം എന്നത് പഴയ കഥ. മാതൃഭൂമിയുണ്ടെങ്കില്‍ സാഹിത്യനായകനായി അവാര്‍ഡിതനാകാം എന്നത് പുതിയ കഥ. അവാര്‍ഡ് ഒരു പാലമാണെന്നും അതിന് അങ്ങോട്ടുമിങ്ങോട്ടും ഗതാഗതമുണ്ടെന്നുമുള്ള സനാതന സത്യം കണ്ടെത്തിയ വീരേന്ദ്രമനീഷിക്ക് പുഷ്പാഞ്ജലി അര്‍പ്പിച്ചവരില്‍നിന്ന് ചാടിപ്പോയ വയലാര്‍ അവാര്‍ഡിനെ ഓര്‍ത്തുകൊണ്ട് ഒരു കവിതാ സമാഹാര സൃഷ്ടിക്ക് ശോഭനമായ വിപണിമൂല്യമുണ്ട്. എനിക്കൊരു ക്ഷേത്രമുണ്ട്; അത് മാര്‍ക്കറ്റ് ചെയ്യണ്ടേ എന്ന് ദല്ലാള്‍ സാഹിത്യനായകന്‍ ചാനലില്‍കയറി ചോദിക്കുന്നത് കേട്ടു. അതുപോലെ വെട്ടായാലും അതിന്റെ എണ്ണമായാലും മാര്‍ക്കറ്റിങ്ങാണ് പ്രധാനം. അതിന് മാതൃഭൂമി വേണം. വിമാനം കയറ്റിയും ചക്രക്കസേരയിലിരുത്തിയും ബ്രാന്‍ഡ് അംബാസഡര്‍മാരെ കൊണ്ടുവരണം. അകത്ത് പൊട്ടിച്ചിരിക്കണം; പുറത്ത് പൊട്ടിത്തെറിക്കണം.

പുഷ്പാഞ്ജലിയുടെ വഴിയില്‍ പോകാത്തവരൊന്നും കവിയുമല്ല; സാഹിത്യകാരനുമല്ല എന്നാണ് നാട്ടുനടപ്പ്. അവരെ നോക്കി ജ്ഞാനപീഠം വെറും പീഠമാണോ എന്ന അശരീരി മുഴങ്ങും. സംഹാരക്രിയകളുണ്ടാകും. മന്ത്രതന്ത്രങ്ങളെല്ലാം യഥാവിധി ചെയ്തിട്ടും ശ്യാമമാധവത്തിന്റെ സംഹാരപ്രക്രിയ പൂര്‍ത്തിയാകാത്തത്് കഷ്ടം. പ്രണയമൂര്‍ത്തിയും പശ്ചാത്താപ വിവശനുമായ ശ്യാമമാധവനെയുംകൊണ്ട് പ്രഭാവര്‍മ അവാര്‍ഡ് കൈക്കലാക്കിയത് പൊറുക്കാനാവാത്തതുതന്നെ. അതിനെതിരെയാകട്ടെ അടുത്ത വെട്ടുവഴിക്കവിത. അച്ചടിക്കാനുള്ള കരിങ്കടലാസ് വഴിയേ വരും. ----

*
ഉമ്മന്‍ചാണ്ടി ബിജുവുമായി കുടുംബകാര്യം പറയുന്നതിന്റെ ക്യാമറാ ദൃശ്യം പുറത്തുവന്നാല്‍ രാജ്യരക്ഷ അപകടത്തിലാകുമെന്ന് ടൂറിസം വകുപ്പിനറിയാം. അത്രയും വലിയ ബോംബിന്റെയും മിസൈലിന്റെയും കാര്യമാണ് ചര്‍ച്ചചെയ്തത്. ശ്രീധരന്‍നായരും സരിതയും ഉമ്മന്‍ചാണ്ടിയെ കണ്ടതിന്റെ ദൃശ്യങ്ങള്‍ "വീണ്ടെടുക്കാനാവാത്ത വിധം" നഷ്ടപ്പെട്ടതിനും തക്ക കാരണമുണ്ട്. ജോപ്പന് സരിത ഉമ്മകൊടുക്കുമ്പോള്‍ ക്യാമറ നാണംകൊണ്ട് കണ്ണുപൊത്തുകയായിരുന്നു. സ്വര്‍ണക്കടത്തുകാരന്‍ പള്ളൂര്‍ സ്വദേശി ഫയാസ് കോഴിക്കോട് ജയിലില്‍ചെന്ന് സ്വന്തം നാട്ടുകാരനായ കൊടി സുനിയെ കണ്ടത് പക്ഷേ, ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. അവിടെ മോഹനന്‍ മാസ്റ്ററും ഉണ്ടായിരുന്നതാണ് ഓര്‍ക്കാട്ടേരി വിപ്ലവപ്രക്രിയ നേരിടുന്ന പുതിയ പ്രതിസന്ധി. അവിടെ എന്തുപറഞ്ഞെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിക്കണമെന്ന് വിപ്ലവ നേതാവ് ആവശ്യപ്പെട്ടതായി പൊട്ടക്കിണറ്റില്‍നിന്നുള്ള വാര്‍ത്ത കാണുന്നു. ഫയാസ് ചായകുടിക്കാന്‍ കയറിയ കടയെയും കടക്കാരനെയും പിടിക്കാനും നോക്കി ചിരിച്ചവരെ കണ്ടെത്തി ശിക്ഷിക്കാനും നടക്കുന്നവരുടെ യഥാര്‍ഥ വഴി ഇതുതന്നെ. ഉമ്മന്‍ചാണ്ടി സ്റ്റേറ്റ് കാര്‍ റോഡരികില്‍ നിര്‍ത്തി സ്വകാര്യം പറഞ്ഞതും ദുബായില്‍ ഫയാസിന്റെ വണ്ടിയില്‍ കറങ്ങിയടിച്ചതുമൊന്നും വിപ്ലവ പ്രക്രിയയെ ബാധിക്കാത്തതുകൊണ്ട് പൊട്ടക്കിണര്‍ വിപ്ലവം നീണാള്‍ വാഴട്ടെ.

Monday, September 23, 2013

എട്ടാംക്ലാസിലെ കുഞ്ഞാമിന

പുയ്യാപ്ലയാണോ ഉപ്പുപ്പയാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത കുഞ്ഞുങ്ങളെ മൈലാഞ്ചിയിടുവിച്ച് പട്ടുടുപ്പിച്ച് കൈയുംപിടിച്ച് മണിയറയില്‍ കയറ്റുന്നവരെ പൂവിട്ടു പൂജിക്കണോ എന്നതാണ് ചോദ്യം.

""എട്ടാം ക്ലാസ്സിലെ എട്ടുംപൊട്ടും തിരിയാത്ത
 കുഞ്ഞാമിനയെ കാണാന്‍ ഒരാളുവന്നു.
ഒട്ടകവിയര്‍പ്പിന്റെ സുഗന്ധം
താടി, തലക്കെട്ട് നെറ്റിയില്‍ ചെമ്പുതുട്ട്.
ഉമ്മ പറഞ്ഞു പുയ്യാപ്ല, ബാപ്പ പറഞ്ഞു പുയ്യാപ്ല.
കുഞ്ഞാമിനയുടെ ഉള്ളുപറഞ്ഞു ഉപ്പുപ്പ- ഉപ്പുപ്പ""-


ഇങ്ങനെയാണ് കുരീപ്പുഴ ശ്രീകുമാര്‍ കുഞ്ഞാമിനയുടെ കഥ പറയുന്നത്.

ഖുര്‍ആനില്‍ ഒരിടത്തും പെണ്‍കുട്ടികളുടെ വിവാഹപ്രായം പറയുന്നില്ല. എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ കെട്ടിച്ചയക്കണമെന്നും പറയുന്നില്ല. ഇനി അഥവാ അങ്ങനെ വല്ല വ്യാഖ്യാനവും ഉണ്ടായാല്‍ത്തന്നെ, ഒ അബ്ദുള്ള ചോദിക്കുന്നത്, നിങ്ങള്‍ ഭൂമിയിലൂടെ നടക്കുക എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് ആരും വാഹനത്തില്‍ സഞ്ചരിക്കാന്‍ പാടില്ലേ എന്നാണ്. പിന്നെന്തിന് പത്ത് മുസ്ലിം സംഘടനകളുടെ ബാനറില്‍ ഒരു യോഗവും സുപ്രീംകോടതിയില്‍ പോകാനുള്ള തീരുമാനവും? മുസ്ലിംലീഗിന്റെ ജനറല്‍ സെക്രട്ടറി മായിന്‍ ഹാജിക്ക് എന്താണ് ഇതിലുള്ള താല്‍പ്പര്യം? അധഃപതിച്ച മാനസികാവസ്ഥയുള്ള പ്രമാണിമാരുടെ കൂട്ടത്തില്‍ ലീഗില്‍നിന്നുള്ള ആരെല്ലാമുണ്ട്? സംഗതി അല്‍പ്പം ഗൗരവമുള്ളതാണ്. ശരീരവളര്‍ച്ചയെത്തിയ പെണ്‍കുട്ടികളെ പ്രായംനോക്കാതെ കെട്ടിച്ചയക്കണമെന്നു പറയുന്നവര്‍ക്ക് ശരീരവളര്‍ച്ച നിലച്ച വൃദ്ധജനങ്ങളെ കാട്ടിലയക്കണമെന്ന ന്യായവും പറയാം- അത് ഇ അഹമ്മദെങ്കിലും ഓര്‍ക്കണം.

ചിലപ്പോള്‍ ഇ അഹമ്മദിനെ കാണുമ്പോള്‍ അദ്വാനിയെ ഓര്‍മ വരും. ആര്‍എസ്എസ് മോഡിയെ കൊണ്ടുവരുന്നത് അദ്വാനിയേക്കാള്‍ സുന്ദരനും സുമുഖനുമായ ഒരാളെ മുന്നില്‍നിര്‍ത്തിയാല്‍ വോട്ടുകിട്ടുമെന്നു കരുതിയല്ല. മോഡിയെ കണ്ടാല്‍ മതി, വടക്കേ ഇന്ത്യയിലെ സാധാരണപ്പെട്ട ബിജെപിക്കാരന് മുസ്ലിംസമുദായക്കാര്‍ക്കുനേരെ ചാടിവീഴാന്‍ തോന്നും. ഗുജറാത്തിലെ ചുട്ടുകൊല്ലലും വയറുകീറലും ഏറ്റുമുട്ടലുണ്ടാക്കി കൊന്നുകളയലുമൊക്കെ മോഡിയുടെ തൊപ്പിയിലെ തൂവലുകളാണ്. കൊലയാളിയെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കണമെങ്കില്‍ അതിനുതക്ക "ഗുണം" ഉണ്ടാകണം. ആകെമൊത്തം ഹിന്ദുക്കളുടെ എണ്ണമെടുത്തുള്ള കളിയാണത്. ജനങ്ങള്‍ ഹിന്ദുവായും മുസ്ലിമായും തിരിഞ്ഞാല്‍ ആദ്യത്തെ കൂട്ടര്‍ക്ക് വോട്ട് കൂടും. ബിജെപിക്ക് ജയിക്കാം; മോഡിയെ പ്രധാനമന്ത്രിയാക്കുകയുംചെയ്യാം.

ആ കളി ബിജെപി കളിക്കുമ്പോള്‍ മതനിരപേക്ഷതയുടെ കൊടിപിടിച്ച് എതിര്‍ക്കാന്‍ ലീഗിനെ കിട്ടില്ല. പാതിരാത്രിയില്‍ പി പി മുകുന്ദനുമായി ചര്‍ച്ച നടത്തി വിലയുറപ്പിച്ച് വോട്ടുവാങ്ങിയ വേന്ദ്രന്മാരാണ് ലീഗിനെ നയിക്കുന്നത്. കോലീബി സഖ്യത്തിന്റെ നായകന്മാരാണവര്‍. വോട്ടുമതി; അങ്ങനെ കിട്ടുന്ന അധികാരം മതി. അതിലപ്പുറം സമുദായവും വേണ്ട; രാഷ്ട്രീയവും വേണ്ട എന്നാണ് ലീഗിന്റെ അടിസ്ഥാന പ്രമാണം. ബിജെപിക്ക് വര്‍ഗീയത ഇളക്കാനും മുന്നില്‍ നിര്‍ത്താനും ഒരു നരേന്ദ്രമോഡിയുണ്ട്. ലീഗിന് തല്‍ക്കാലം അങ്ങനെ ഒന്നുമില്ല. ആ വേക്കന്‍സിയാണ്, എട്ടുംപൊട്ടും തിരിയാത്ത പെണ്‍കുഞ്ഞുങ്ങളിലേക്ക് തിരിയാന്‍ പ്രേരണയായത്.

പത്ത് മുസ്ലിം സംഘടനകളെയാണ് ലീഗ് ഒന്നിച്ചുചേര്‍ത്തത്. എല്ലാവരുടെയും തീരുമാനമെന്ന മട്ടിലാണ്, വിവാഹപ്രായം കുറയ്ക്കാന്‍ സുപ്രീംകോടതിയില്‍ പോകുമെന്ന് പ്രഖ്യാപിച്ചത്. സിറിയക്കുമേല്‍ അമേരിക്കന്‍ ബോംബുവീഴുന്നതുപോലുള്ള അടിയന്തരപ്രാധാന്യം വിവാഹപ്രായത്തിന് വന്നതിനുപിന്നില്‍ ലീഗിന്റെ കാഞ്ഞ ബുദ്ധിയാണ്. സുന്നിതര്‍ക്കം കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു. അരിവാള്‍ സുന്നി എന്നറിയപ്പെടുന്ന കാന്തപുരം വിഭാഗത്തെ ഏതുവിധേനയും കൂടെക്കൂട്ടാന്‍ മനം തുടിച്ചുതുടങ്ങിയിട്ട് നാളേറെയായി. ലീഗിന്റെ അടിത്തറ ഇകെ സുന്നിവിഭാഗത്തിലാണ്. അവര്‍ക്കാണെങ്കില്‍ കാന്തപുരത്തെ കാണുമ്പോള്‍ കലികയറും. രണ്ടിനെയും ഒരേവേദിയില്‍ അണിനിരത്താന്‍ ലീഗുവിചാരിച്ചാല്‍ സാധ്യമല്ല. ചാണ്ടി അയയുമ്പോള്‍ തൊമ്മന്‍ മുറുകും. ഒരു വിഭാഗം മാത്രമായാല്‍ നഷ്ടക്കണക്ക് എത്രയെന്നു പറയാനാകില്ല. പെണ്‍കുട്ടികളുടെ വിവാഹപ്രായം, മതം, ഖുര്‍ആന്‍, വ്യക്തിനിയമം എന്നൊക്കെ പറഞ്ഞാണ് വേദിയൊരുക്കുന്നതെങ്കില്‍ രണ്ടുകൂട്ടരും ഒന്നിച്ചിരിക്കും. അങ്ങനെ മുസ്ലിം ഏകീകരണം എന്ന വര്‍ത്തമാനം പറഞ്ഞ് വോട്ട് കൂട്ടത്തോടെ വാരാമെന്ന സ്വപ്നമാണ് കോഴിക്കോട്ടെ യോഗത്തില്‍ നട്ട് വെള്ളമൊഴിച്ചത്.

ഖുര്‍ആനെക്കുറിച്ചൊക്കെ പറയുന്നതുകൊണ്ട് ആരും എതിര്‍ക്കാന്‍ വരില്ലെന്നും ലീഗ് കരുതിപ്പോയി. യുഡിഎഫിന്റെ അവസ്ഥ ഉപ്പുവച്ച കലംപോലെ ദയനീയമാണ്. കോണ്‍ഗ്രസിന്റെ പേരുപറഞ്ഞാല്‍, ജനം സോളാര്‍ എന്ന് തിരിച്ചുപറയും. ഉമ്മന്‍ചാണ്ടിയുടെ മുഖം കണ്ടാല്‍ സരിതനായരെ ഓര്‍മിക്കും. രൂപയുടെ മൂല്യം കുറഞ്ഞതിന്റെ പത്തിരട്ടി വേഗത്തിലാണ് യുഡിഎഫിന്റെ വില ഇടിഞ്ഞത്. രാഷ്ട്രീയം പറഞ്ഞ് വോട്ടുചോദിക്കാന്‍ പറ്റില്ല. മതവികാരം പറയണമെങ്കില്‍ ഒരു കാരണം വേണം. എട്ടാംക്ലാസിലെ എട്ടുംപൊട്ടുംതിരിയാത്ത കുഞ്ഞാമിനയെ മണവാട്ടിവേഷം കെട്ടിച്ച് അറബിക്കുമുന്നിലേക്ക് തള്ളിക്കൊടുത്താലും വിരോധമില്ല- ഇ അഹമ്മദ് കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായാല്‍ മതി.

ലീഗിലെ വക്രബുദ്ധിനേതാക്കള്‍ ഈ പണി ഒപ്പിച്ചെങ്കിലും ചെറുപ്പക്കാര്‍ ചെറുതായെങ്കിലും പ്രതികരിച്ചിട്ടുണ്ട്. ഈ തീരുമാനം സമുദായത്തെ പിന്നോട്ടടിപ്പിക്കുമെന്ന് എംഎസ്എഫ് പറയുന്നു. തീരുമാനം വിവരക്കേടെന്നാണ് യൂത്ത് ലീഗ് പറയുന്നത്. വിദ്യാര്‍ഥികള്‍ക്കും വേണ്ട; യുവാക്കള്‍ക്കും വേണ്ട. പിന്നെ ലീഗിലെ "ഉപ്പുപ്പ"മാര്‍ക്കാണോ ശൈശവ വിവാഹം വേണ്ടത്? ഇസ്ലാമുമായി ബന്ധപ്പെട്ട ഏതു പ്രശ്നമുയര്‍ന്നാലും ചാടിവീഴാറുള്ള ഒ അബ്ദുള്ള ചോദിക്കുന്നത്, ഈ സംഘടനകള്‍ക്ക് എന്താണ് സംഭവിച്ചത് എന്നാണ്. തീരുമാനമെടുത്ത നേതാക്കളുടെ മാനസികനില പരിശോധിക്കണമെന്നും അബ്ദുള്ള ആവശ്യപ്പെടുന്നു. അതായത്, ലീഗ് നേതാവ് മായിന്‍ ഹാജിയുടെ മാനസികനില തെറ്റിയോ എന്ന് സംശയം.

*

ലീഗിന് സമനില തെറ്റിയോ എന്ന് ശതമന്യുവിനും സംശയമില്ലാതില്ല. അഞ്ചാംമന്ത്രിസ്ഥാനം മലപ്പുറംകത്തികൊണ്ട് കുത്തിവാങ്ങി എന്ന അഹങ്കാരം ഒരുവശത്ത്. കോണ്‍ഗ്രസ് സോളാറില്‍ പൊള്ളി വെന്റിലേറ്ററില്‍ കിടക്കുന്നതിന്റെ സൗകര്യം മറുവശത്ത്. ലീഗില്ലെങ്കില്‍ യുഡിഎഫില്ല എന്നും കോണ്‍ഗ്രസിന്റെ എംഎല്‍എമാരുടെ എണ്ണം പത്തുതികയില്ല എന്നും മറ്റാരേക്കാളും നന്നായി കുഞ്ഞാലിക്കുട്ടിക്കറിയാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത്യുന്നതങ്ങളില്‍ പാറിയത് ലീഗിന്റെ വിജയക്കൊടിയാണ്, കോണ്‍ഗ്രസിന്റേതല്ല എന്ന് പറയാനുള്ള ഊര്‍ജം ആ തിരിച്ചറിവാണ്. ഉറങ്ങുന്ന കോണ്‍ഗ്രസിനെ ഉണര്‍ത്തി, വയനാട് സീറ്റുകൂടി തീറെഴുതി വാങ്ങുമെന്നാണ് ലീഗ് ശപഥം. മറുത്തുപറയാന്‍ ആര്യാടനേ ചങ്കൂറ്റമുള്ളൂ. നിലമ്പൂരില്‍ ലീഗ് മൂന്നാംസ്ഥാനത്താണ്. ഖദറിട്ട മറ്റാര്‍ക്കും ആ നട്ടെല്ലില്ല. ലീഗ് പറയും- ഉമ്മന്‍ചാണ്ടി അനുസരിക്കും. ചെന്നിത്തലയും മുരളീധരനും കണ്ട് മുരളും.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഐ എന്നാണ് പാര്‍ടിയുടെ പേര് എങ്കിലും കേരളത്തിലെത്തുമ്പോള്‍ ബ്രാക്കറ്റില്‍ ഇനി ലീഗ് എന്നുകൂടി ചേര്‍ക്കേണ്ടിവരും. ലീഗിന്റെ ചെലവില്‍ ജയിച്ചു ഞെളിയുന്ന കോണ്‍ഗ്രസുകാരന് ലീഗിന്റെ പേര് ചുമക്കുന്നതിന് മടിവേണ്ടതില്ലല്ലോ. "ഫാസിസത്തെ തടയാന്‍ ഒന്നിക്കുക" എന്നാണ് ലീഗിന്റെ ഒറ്റയാന്‍ കണ്‍വന്‍ഷനില്‍ കേട്ട ആഹ്വാനം. പകല്‍നേരത്ത് അതുപറയാം- ഇരുട്ടിത്തുടങ്ങുമ്പോള്‍ ചാക്കുമായി കാര്യാലയങ്ങള്‍ കയറിയിറങ്ങുകയും കെ എം ഷാജിയെപ്പോലുള്ള നാവാടികളെക്കൊണ്ട് മോഡിസ്തുതി ആലപിപ്പിക്കുകയുമാകാം.

*
ഹൈക്കോടതിയില്‍നിന്ന് കേള്‍ക്കുന്നത് ചില പുതിയ ചോദ്യങ്ങളാണ്. സരിത മുഖ്യമന്ത്രിയെ കണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റെന്ന് ഒരു ചോദ്യം. എന്താണ് തെറ്റ്? മുഖ്യമന്ത്രിക്കും സരിതയ്ക്കും കാണണമെന്നു തോന്നുന്നെങ്കില്‍ ഏതുനിയമമാണ് അതിനെ വിലക്കുന്നത്? അവര്‍ക്ക് എന്നും തമ്മില്‍ കാണാനുള്ള ഭാഗ്യം സിദ്ധിക്കട്ടെ എന്നുതന്നെയാണ് ശതമന്യുവിന്റെയും ആഗ്രഹം. നിയമപരമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ തെറ്റല്ലാതിരിക്കെ സരിതയെ അറിയില്ലെന്നും കണ്ടിട്ടേയില്ലെന്നും കണ്ടാല്‍ മനസ്സിലാകില്ലെന്നുമൊക്കെ ഈ ഉമ്മന്‍ചാണ്ടി പറയുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.

തെറ്റല്ലാത്ത നിരവധി കാര്യങ്ങള്‍ വെറുതെ പ്രതിപക്ഷം കുറ്റമായി പ്രചരിപ്പിക്കുന്നുണ്ട്. സലിംരാജ് ചെയ്തതതൊന്നും തെറ്റല്ല. മുഖ്യമന്ത്രിയുടെ അകമ്പടിക്കാരന്‍ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയത് മഹത്തായ ശരിയാകുന്നു. ജോപ്പനെ ജയിലില്‍ കിടത്തിയതാണ് തെറ്റ്. ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയോട് രഹസ്യംപറഞ്ഞത് ശരിയായ കാര്യങ്ങള്‍മാത്രമാണ്. ഹേമചന്ദ്രനും സംഘവും ശരിയേ ചെയ്തിട്ടുള്ളൂ. സരിത ജോപ്പനെ ഉമ്മവച്ചതില്‍ ഒട്ടുംതെറ്റില്ല. അത്തരം യാഥാര്‍ഥ്യങ്ങള്‍ കാണുന്ന കോടതിതന്നെയാണാവശ്യം. കെ സി ജോസഫ് ഇനി ജഡ്ജിമാരെ പ്രകീര്‍ത്തിക്കട്ടെ.

*
അമ്പതു കിലോമീറ്ററിലധികം സ്പീഡ് എടുക്കുന്ന ഇരുചക്രവാഹന യാത്രക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നാണ് മീശാക്രോശം. കറുത്ത ഫിലിം ഒട്ടിച്ച വണ്ടികള്‍ വഴുതക്കാട് വഴി തലങ്ങും വിലങ്ങും ഓടുന്നുണ്ട്. നിലവിലുള്ള നിയമങ്ങള്‍ മീശയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ ലംഘിക്കാം. ഏറ്റവും നല്ല റോഡില്‍ ഒളിച്ചുനിന്ന് സ്പീഡ് അളന്ന് പിഴ ഈടാക്കാന്‍ മിടുമിടുക്ക്. എല്ലാ റോഡുകളിലും ഒരേ സ്പീഡ് എങ്ങനെ കണക്കാക്കും കമീഷണറെ? തെങ്ങിനും കമുകിനും ഒരേ തളപ്പ് പറ്റുമോ? എങ്കില്‍ അമ്പതു കിലോമീറ്ററിലധികം സ്പീഡുള്ള ഇരുചക്രവണ്ടികള്‍ നിരോധിക്കരുതോ?

മാന്യമായി ജീവിക്കുന്നവരെ നിയമലംഘകരാക്കാന്‍ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ കൊണ്ടുവന്ന് വാര്‍ത്ത സൃഷ്ടിക്കാനുള്ള കോപ്രായംനിര്‍ത്തി ഉള്ള ജോലി മര്യാദയ്ക്ക് ചെയ്ത് മാതൃക കാണിക്കുന്നതല്ലേ നല്ലത്?

Sunday, September 15, 2013

വേഗപ്പൂട്ടും മണ്ഡരിബാധയും

അതിവേഗം ബഹുദൂരമൊന്നും പോകാനില്ലെന്ന് ഏതാണ്ടുറപ്പായി. ക്ലിഫ്ഹൗസില്‍നിന്ന് രാജ്ഭവനിലേക്ക് നടന്നുപോകാവുന്ന ദൂരമേയുള്ളൂ. വഴി കാണിച്ചുകൊടുക്കാന്‍ ചെന്നിത്തലയ്ക്ക് കരുത്തില്ല. അല്ലെങ്കിലും ഉമ്മന്‍ചാണ്ടിയുടെ മുഖത്തുനോക്കി ഇറങ്ങിപ്പോകാന്‍ പറയുക എന്ന ധീരകൃത്യം ഏറ്റെടുക്കാന്‍ ചങ്കുറപ്പുള്ള ഖദര്‍ധാരികള്‍ ചുരുങ്ങും. അഥവാ ആരെങ്കിലും തുനിഞ്ഞിറങ്ങിയാല്‍ പി സി ജോര്‍ജിന്റെയോ മുരളീധരന്റെയോ ഗതിയാകും. എല്ലാവര്‍ക്കും അറിയാം, പുതുപ്പള്ളിയില്‍നിന്ന് ആപത്തിന്റെയും അപമാനത്തിന്റെയും കെട്ടാണ് ക്ലിഫ്ഹൗസില്‍ അടിഞ്ഞിരിക്കുന്നതെന്ന്. എത്രയുംവേഗം അതെടുത്തുമാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസിനെ കാണാന്‍ മ്യൂസിയത്തില്‍ ചെല്ലേണ്ടിവരും. ഡല്‍ഹിയില്‍ ചെന്ന് സുധീരന്‍ പറഞ്ഞത്, മറ്റെല്ലാവരും മോശം ഞാന്‍മാത്രം നല്ലവന്‍ എന്നാണ്. സുധീരന്റേത് "ഒ" ഗ്രൂപ്പാണ്. ഒറ്റയാന്‍ ഗ്രൂപ്പ്. ഉമ്മന്‍ചാണ്ടി എത്രകാലം ഇരിക്കുന്നുവോ അത്രയും നല്ലത് പ്രതിപക്ഷത്തിനാണ്. പിന്നെ തെരഞ്ഞെടുപ്പില്‍ വലുതായി ഒന്നും ചെയ്യേണ്ടിവരില്ല. വോട്ടുകള്‍ താനേവന്ന് പെട്ടിയില്‍ വീണുകൊള്ളും. ഇത്തവണ പ്രചാരണത്തിന് പ്രസംഗവും സിനിമയും റാലിയും പാട്ടുമൊന്നും വേണ്ട; സോളാര്‍ എന്ന് നാടുനീളെ എഴുതിവച്ചാല്‍ മതിയാകും. സോളാര്‍പുരാണം കേട്ടുകേട്ട് സൂര്യനുതന്നെ നാണം വന്നുതുടങ്ങി. തിരുവോണത്തിനും കാര്‍മേഘത്തിനുള്ളില്‍ ഒളിച്ചുനില്‍പ്പാണ് "സൂര്യഭഗവാന്‍".

സൗരോര്‍ജം എന്നത് അശ്ലീലപദമായി. കോളേജുകളിലെ പൂവാലന്മാരെ കണ്ടാല്‍, "എന്തെടേയ് ഒരു സോളാര്‍ലൈന്‍" എന്നാണ് പുതിയ കമന്റ്. ചെന്നിത്തല സരിതയെ വിളിച്ചിട്ടില്ല. മുരളീധരന് വിളിക്കാന്‍ തോന്നിയിട്ടേ ഇല്ല. ഐ ഗ്രൂപ്പിന്റെ ഫോണ്‍ലിസ്റ്റില്‍ സരിതയെന്നല്ല "എസ്" എന്ന അക്ഷരമേയില്ല. സരിത കറകളഞ്ഞ "എ" ഗ്രൂപ്പാണ്. സോളാര്‍ പരിപാടിക്കാകെ "എ" സര്‍ട്ടിഫിക്കറ്റുണ്ട്. പാത്തും പതുങ്ങിയും ചില ഐ ഗ്രൂപ്പുകാര്‍ ആ വഴി പോയതൊഴിച്ചാല്‍ സര്‍വം "എ" മയം. എ ഗ്രൂപ്പ് എന്നാല്‍ ആന്റണി ഗ്രൂപ്പ് എന്നാണ് മുമ്പെല്ലാം കേട്ടത്. ഇനി അത് ആന്റണി സമ്മതിക്കുമോ എന്ന് കണ്ടറിയണം. ആന്റണിയുടെ "എ"യാണോ അഡല്‍ട്സിന്റെ "എ" യാണോ എന്നു തീരുമാനിക്കാന്‍ പതിവുപോലെ പ്രത്യേക മന്ത്രിസഭ ചേര്‍ന്ന് ചര്‍ച്ചചെയ്യേണ്ടിവരും.

ഉമ്മന്‍ചാണ്ടിയുടെയും സരിതയുടെയും മുഖമാണ് സൗരോര്‍ജത്തിന്റെ പുതിയ പരസ്യചിത്രം. എങ്കില്‍പ്പിന്നെ, മുഖ്യമന്ത്രിസ്ഥാനം വിട്ട് സൗരോര്‍ജം പ്രചരിപ്പിച്ച് നാടുനന്നാക്കിക്കൂടേ എന്ന് ചോദിക്കാന്‍ ത്രാണിയുള്ളവരെ കോണ്‍ഗ്രസില്‍ കിട്ടാനില്ല. എല്ലാവര്‍ക്കും അറിയാം സംഗതി കുഴപ്പമാണെന്ന്. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും കെ സി ജോസഫും ചേര്‍ന്നാല്‍ ഉപജാപമേ നടക്കൂ- ഭരണം നടക്കില്ല; കോണ്‍ഗ്രസ് രക്ഷപ്പെടുകയുമില്ല. അത് തുറന്നുപറയാമെന്നുവച്ചാലോ? മുരളീധരന്റെയും പന്തളം സുധാകരന്റെയും കെ പി കുഞ്ഞിക്കണ്ണന്റെയുമൊക്കെ സ്ഥിതി അറിയുന്നവര്‍ക്ക് ഒന്നുംപറയാന്‍ കഴിയുന്നില്ല. പറഞ്ഞുപോയാല്‍ ഉമ്മന്‍ചാണ്ടിയുടെ അപ്രീതിയും പീഡനവും; പറഞ്ഞില്ലെങ്കില്‍ പാര്‍ടിയുടെ തകര്‍ച്ച. ഇപ്പോഴും ചിലരെയെല്ലാം പേടിപ്പിച്ചുനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുന്നുണ്ട്. ജോപ്പനും സലിംരാജും ചാണ്ടിയെ പേടിപ്പിച്ചാല്‍ ചാണ്ടി നാട്ടുകാരെയാകെ പേടിപ്പിക്കും.

ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിഷേധിക്കാന്‍ കറുത്തകുപ്പായമിട്ടാണ് ഇടതുപക്ഷക്കാര്‍ പോകുന്നത്. അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാകണം ചലച്ചിത്രതാരം പൃഥ്വിരാജ് ഉമ്മന്‍ചാണ്ടിയുടെ പരിപാടിയില്‍ ചെന്നതും കറുത്തവസ്ത്രമണിഞ്ഞാണ്. ഭരണാധികാരികള്‍ എങ്ങനെയാകണമെന്ന് ഐതിഹ്യം വായിച്ച് പഠിക്കാനുള്ള ഉപദേശവും ഉമ്മന്‍ചാണ്ടിക്ക് നല്‍കിയാണ് പൃഥ്വിരാജ് വേദിവിട്ടത്. ഈ തന്റേടം ചെന്നിത്തല കാണുന്നുണ്ടോ ആവോ?

വേഗപ്പൂട്ട് വീണുകഴിഞ്ഞു. ഏത് കോടതിയില്‍നിന്ന് എപ്പോള്‍ എങ്ങനെയുള്ള അടി വരുമെന്ന് പറയാനാകില്ല. ക്യാമറയും ഫയലും ഫോണ്‍രേഖയും പണപ്പെട്ടിയും മുക്കിയതുകൊണ്ടൊന്നും രക്ഷപ്പെടുന്നമട്ടില്ല. കട്ടവനെ വിട്ട് നഷ്ടപ്പെട്ടവനെ നുണപരിശോധനയ്ക്ക് അയക്കുന്ന മായാജാലപ്രകടനവും വിലപ്പോയിട്ടില്ല. പുതിയ കാലത്ത് മൂലയില്‍ കിടക്കുന്ന മഴു താനേവന്ന് കാലില്‍ വീണുകൊള്ളും. സലിംരാജ് കോഴിക്കോട്ട് ചെന്നാണ് കുഴപ്പം കോരിക്കൊണ്ടുവന്നത്. ജോപ്പന്‍ എവിടെയും പോകാത്തതുകൊണ്ട് തല്‍ക്കാലം ഭീഷണിയില്ല. സരിതയ്ക്കും ബിജുവിനും പൊലീസിന്റെ ഫോണ്‍ പോരാഞ്ഞ്, സര്‍ക്കാര്‍ചെലവില്‍ കാസര്‍കോട്ട് മണിയറയും ഒരുക്കി. ഇതിനുമാത്രം എന്തു മഹത്തായ രാഷ്ട്രസേവനമാണ് സരിത ചെയ്തതെന്ന് ധവളപത്രത്തിലൂടെ നാട്ടുകാരെ അറിയിക്കാവുന്നതേയുള്ളൂ. കര്‍മനിരതയും ത്യാഗസമ്പന്നയും പരോപകാരതല്‍പ്പരയും സര്‍വോപരി ദാനശീലയും കാരുണ്യവതിയുമായ ആ മഹതിയെക്കുറിച്ച് എല്ലാം അറിഞ്ഞാല്‍ എതിര്‍പ്പുകള്‍ അലിഞ്ഞുപോകും. ഏത് സര്‍ക്കാരും വിനയാന്വിതമായി ആ മഹത്വം വാഴ്ത്തിപ്പോകുമെന്ന് ഉമ്മന്‍ചാണ്ടിക്കല്ലേ അറിയൂ.

മുഖ്യമന്ത്രിക്ക് വേഗപ്പൂട്ട് വീണതിനുപിന്നില്‍ മീശക്കാരന്റെ കരങ്ങളാണെന്ന വാര്‍ത്ത കണ്ടില്ല. കൈക്കൂലി സഹിക്കവയ്യാഞ്ഞ് ഒരു ജോലിയും ഏല്‍പ്പിക്കാനാകാത്ത ഒരു സര്‍ക്കാരുദ്യോഗസ്ഥനെ തിരയെണ്ണാന്‍ വിട്ട കഥയുണ്ട്. കടല്‍ത്തിര എണ്ണുന്നത് ശിക്ഷയുമാകും; കൈക്കൂലിക്ക് വകുപ്പുമില്ല എന്നായിരുന്നു രാജാവിന്റെ ചിന്ത. സസന്തോഷം പുതിയ ജോലി തുടങ്ങിയ ഉദ്യോഗസ്ഥന് പിന്നെയും കാശിന് പഞ്ഞംവന്നില്ല. അതെങ്ങനെയെന്ന് അന്വേഷിച്ചുചെന്ന രാജാവ് കൈക്കൂലിയുടെ പുതിയ രൂപമാണ് കണ്ടത്. കടല്‍ത്തീരത്ത് കാറ്റുകൊള്ളാന്‍ നാട്ടുകാര്‍ വരുമ്പോള്‍ തിരയുടെ എണ്ണം തെറ്റിപ്പോകുന്നു; അങ്ങനെ തന്റെ "ഔദ്യോഗിക കൃത്യനിര്‍വഹണം" തടസ്സപ്പെടുത്തുന്നു എന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. കാറ്റുകൊള്ളാന്‍ നിയമാനുസൃതം വരണമെങ്കില്‍ നിശ്ചിതതുക കൈക്കൂലി കൊടുക്കണമെന്ന് നിബന്ധനവച്ച് ഉദ്യോഗസ്ഥന്‍ "കൃത്യനിര്‍വഹണം" തുടര്‍ന്നു. അതുപോലെയാണ് നമ്മുടെ മീശക്കാരന്‍. എവിടെ ചെന്നാലും വാര്‍ത്ത സൃഷ്ടിക്കാന്‍ അറിയാം. വേഗപ്പൂട്ടെങ്കില്‍ അത്, വ്യാജ സിഡിയെങ്കില്‍ അത്. പബ്ലിസിറ്റി സ്റ്റണ്ടിനെ വാഴ്ത്തുന്നതും ആധുനികകാലത്തെ മാധ്യമസ്വാതന്ത്ര്യമാണ്.

*
വാജ്പേയി ജീവിച്ചിരിപ്പുണ്ട്. അദ്വാന്‍ജി ഉഷാറായിത്തന്നെ കാവിക്കൊടി പിടിക്കുന്നുമുണ്ട്. ആയകാലത്ത് ജനസംഘമായും ജനതാപാര്‍ടിയായും ഭാരതീയ ജനതാപാര്‍ടിയായുമൊക്കെ സ്വയംസേവനം നടത്തിയവരാണ്്. പാര്‍ലമെന്റില്‍ രണ്ടേരണ്ട് ദേഹങ്ങളായി അഖിലലോക ഹിന്ദുത്വത്തിന്റെ ഭാരം മുതുകിലേറ്റിയവര്‍ക്ക്, ഇന്ന് പടിക്കുപുറത്താണ് ചോറ്. അപ്പോള്‍ കാണുന്നവരെയും അഴകുള്ളവരെയും നേതാവേ എന്ന് വിളിക്കുന്നത് ആര്‍എസ്എസിന്റെയും ശീലമാണ്. അദ്വാന്‍ജിയേക്കാള്‍ അഴകും മോടിയും നരേന്ദ്രമോഡിക്കുണ്ട്. പുത്തനച്ചിയെക്കൊണ്ട് പുരപ്പുറം തൂപ്പിക്കാനുള്ള സാമര്‍ഥ്യം ആര്‍എസ്എസിനുമുണ്ട്. ഗോള്‍വാള്‍ക്കര്‍ സ്വപ്നംകണ്ട ഇന്ത്യ പെട്ടെന്നിങ്ങ് വരാന്‍ മോഡിയുടെ ഇന്ധനം മതി എന്നാണ് നാഗ്പുരിലെ സ്വപ്നം. മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും നാടുവിട്ടുപോകാനുള്ള പാസ്പോര്‍ട്ട് മോഡിയുടെ കൈയിലുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തിന്റെ വകുപ്പ് അസാറാം ബാപ്പു നോക്കും. അദ്വാന്‍ജിയുടെ രഥയാത്രയൊക്കെ പഴഞ്ചനായി. തോക്കെടുക്കുക; നെഞ്ചിന്‍കൂട് നോക്കി വെടിവയ്ക്കുക; ജീവനോടെ വേവിക്കുക; അതാണ് വികസനമെന്ന് പറയുക- ഇതാണ് മോഡിയന്‍ രീതി. ഗുജറാത്തിലെ കാറ്റ് മുസഫര്‍നഗറില്‍ ആഞ്ഞുവീശുന്നുണ്ട്. ഹിന്ദി ഹൃദയഭൂമി ആ കാറ്റില്‍ ഒന്നുലഞ്ഞാല്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷയുടെ മന്ദമാരുതന്‍ നാഗ്പുരിലുമുണ്ട്.

കോണ്‍ഗ്രസ് എന്ന കൂന് വിലക്കയറ്റമായും തൊഴിലില്ലായ്മയായും ജീവിതദുരിതമായും ഇന്ത്യക്കാരന്റെ മുതുകിനെ കനപ്പിക്കുന്നുണ്ട്. അതിന്മേല്‍ വര്‍ഗീയതയുടെ ഒരു കുരുകൂടി പൊട്ടിയൊലിക്കട്ടെ എന്ന് ഇന്ത്യക്കാരന്‍ ചിന്തിക്കുമെന്നും ഗംഗയിലെ വെള്ളംവറ്റി വര്‍ഗീയതയുടെ പട്ടി അക്കരെയും ഇക്കരെയും ഓടി ഹിന്ദിഹൃദയങ്ങളെയാകെ കടിക്കുമെന്നും സ്വപ്നം കാണുന്നതില്‍ തെറ്റില്ല. അവസാനത്തെ കടി ആര്‍എസ്എസിന്റെ മുഖത്താകാതിരുന്നാല്‍ മതി.

*
വെട്ടിന്റെ എണ്ണവും പ്രതികളുടെ എണ്ണവും കുറഞ്ഞുവരുന്നത് എങ്ങനെയെന്ന് എത്തുംപിടിയും കിട്ടുന്നില്ല. അമ്പത്തൊന്ന് വെട്ട് കുറഞ്ഞുകുറഞ്ഞ് തലതിരിഞ്ഞ് പതിനഞ്ചായി. പ്രതികളുടെ എണ്ണം 76ല്‍നിന്ന് 36ലേക്ക് താണു. മുല്ലപ്പള്ളിയുടെ പ്രസ്താവനകള്‍ക്കും തിരുവഞ്ചൂരിന്റെ വീരവാദങ്ങള്‍ക്കും രൂപയുടേതിനേക്കാള്‍ വലിയ ഇടിവുണ്ടായി. ആര്‍എംപിക്ക് കാറ്റുവീഴ്ച. അതിന്റെ മുഖ്യസൈദ്ധാന്തിക നായകന് മണ്ഡരിബാധ. ഓര്‍ക്കാട്ടേരിവിപ്ലവം അങ്ങനെ മുല്ലപ്പള്ളിക്കുപോലും വേണ്ടാതായി. ഇനി ആരുടെ തട്ടിന്‍പുറത്ത് തപ്പിയാല്‍ കിട്ടും വടകരയിലെ വോട്ടുകളെന്ന് ഗവേഷണം നടത്താന്‍ കണ്ണൂരില്‍നിന്ന് കവികുലോത്തമന്‍ പോകണം.

Sunday, September 1, 2013

മുണ്ടിലൊളിപ്പിച്ച തല

തലയില്‍ മുണ്ടിട്ട് നാട്ടുമ്പുറത്തെ "മാന്യന്മാര്‍" പോകാറുള്ളത്, ആളറിയാതെ ചില കാര്യങ്ങള്‍ സാധിക്കാനാണ്. അത്തരക്കാരെ പകല്‍മാന്യന്മാര്‍ എന്ന് വിളിച്ചാദരിക്കുന്ന പതിവുണ്ട്. പ്രജകളുടെ ക്ഷേമം നേരിട്ടറിയാന്‍ പഴയകാല രാജാക്കന്മാര്‍ പ്രച്ഛന്നവേഷത്തില്‍ നാടുചുറ്റുമായിരുന്നു. ലോറി ക്ലീനറുടെയും ചുമട്ടുകാരന്റെയുമൊക്കെ വേഷംകെട്ടി സുരേഷ് ഗോപി കളിച്ച് വാര്‍ത്തയില്‍ കയറാന്‍ പാടുപെടുന്ന പൊലീസ് തലവന്മാര്‍ വംശനാശ ഭീഷണി നേരിടുന്ന ആ പരമ്പരയിലെ അവസാനത്തെ കണ്ണികളാണ്. അതൊക്കെ നടപ്പുണ്ടെങ്കിലും ആധുനിക കാലത്തെ ഒരു സര്‍ക്കാരിന്റെ തലവന്‍ പുറത്തിറങ്ങണമെങ്കില്‍ തലയില്‍ മുണ്ടിടണം എന്ന അവസ്ഥ വേറെങ്ങും കാണാനാവില്ല. ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡിനൊപ്പം ഉമ്മന്‍ചാണ്ടി ബഹ്റൈനില്‍നിന്ന് കൊണ്ടുവന്നത് അപൂര്‍വമായ ആ അവസ്ഥകൂടിയാണ്.

കേരളത്തില്‍ ഇന്ന് ജനങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടാതെ ശ്രദ്ധിക്കുന്നതും പൊലീസിന്റെ സഹായസഹകരണങ്ങള്‍ ആവോളം ആസ്വദിക്കുന്നതും രണ്ടുപേരാണ്. ഉമ്മന്‍ചാണ്ടിയും ആട് ആന്റണിയും. ഒരു പൊലീസുകാരനെ കുത്തിമലര്‍ത്തിയ ആട് ആന്റണി സസുഖം കേരളത്തില്‍നിന്ന് പുറത്തേക്കുകടന്നു. ഇരുപതാമത്തെയോ ഇരുപത്തിരണ്ടാമത്തെയോ ഭാര്യവീട്ടില്‍ സുഖജീവിതം. പൊലീസ് ആ വഴിക്ക് പോകില്ല എന്നുറപ്പാക്കിയിട്ടുണ്ട്. ഇനി അഥവാ കേരളത്തിലേക്ക് വരണമെന്ന് ആന്റണിക്ക് തോന്നിയാല്‍ അകമ്പടി സേവിക്കാന്‍ പൊലീസിന്റെ പടയിറങ്ങും. അതേപോലെ, ഉമ്മന്‍ചാണ്ടി പുറത്തിറങ്ങുമ്പോഴും കറുത്ത പൂച്ചയും ഡോഗ് സ്ക്വാഡും വെടിക്കെട്ടുപൊലീസും അകമ്പടി പോകും. ക്ലിഫ് ഹൗസിലാണ് ഇപ്പോള്‍ സുഖചികിത്സ. പുറത്തേക്കിറങ്ങിയാല്‍ കരിങ്കൊടിയുംകൊണ്ട് നാട്ടുകാര്‍ പാഞ്ഞടുക്കും. ഒരു വകുപ്പുകൂടി മുഖ്യമന്ത്രിക്ക് പുതുതായി കിട്ടിയിട്ടുണ്ട്- പരിപാടി റദ്ദാക്കല്‍ വകുപ്പ്.

പൊലീസുകാരനെ കുത്തിമലര്‍ത്തിയ പ്രതിക്കും ജനാധിപത്യത്തെയും നിയമസംഹിതയെയും കൊല്ലാന്‍ നോക്കുന്ന പ്രതിക്കും ഒരേ അനുഭവമുണ്ടാകുന്നത് സാമാന്യനീതിതന്നെ. അതാണ് ശരിയായ നീതിയെന്ന് ചെന്നിത്തലയ്ക്കും പി പി തങ്കച്ചനും മനസിലായിട്ടുണ്ട്. പി സി ജോര്‍ജും മുരളീധരനും വളരെ മുമ്പുതന്നെ അത് മനസിലാക്കിയതുമാണ്. തങ്കച്ചനെക്കുറിച്ച് പൊതുവെ പറയാറുള്ളത്, ഒരു പഞ്ചപാവം എന്നാണ്. ആ പാവത്തിനുപോലും ഉമ്മന്‍ചാണ്ടിയെ കാണുമ്പോള്‍ പത്തിവിടര്‍ത്താന്‍ തോന്നുകയാണ്. സഹിക്കുന്നതിനും ഉണ്ടല്ലോ പരിധി. ഹൈക്കോടതി പ്രതികൂല പരാമര്‍ശം നടത്തിയാല്‍ ഉമ്മന്‍ചാണ്ടിക്ക് തുടരാനാവില്ല; കോണ്‍ഗ്രസില്‍ വേറെയും യോഗ്യരായ നേതാക്കള്‍ ഉണ്ട് എന്നാണ് തങ്കച്ചന്‍ പറയുന്നത്. ഇനി കോടതി പറയട്ടെ, അപ്പോള്‍ കാണാം. തങ്കച്ചനും പൊന്നച്ചനും രത്നപ്പനുമൊന്നും പറഞ്ഞാല്‍ കേള്‍ക്കുന്ന ഇനമല്ല ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസില്‍ വേറെ നേതാക്കളില്ലാഞ്ഞിട്ടല്ല കടിച്ചുതൂങ്ങുന്നത്. യുഡിഎഫിലെ കാര്യങ്ങള്‍ ഞാനറിയുന്നില്ല; എനിക്കൊന്നും ചെയ്യാനാകുന്നില്ല എന്ന തങ്കച്ചന്റെ പരിഭവം ഉമ്മന്‍ചാണ്ടിയെ ശരിക്കും അറിയാവുന്നതുകൊണ്ടുള്ള ഒരു മാനസികാവസ്ഥയാണ്.

ചെന്നിത്തലയ്ക്ക്, "വഞ്ചിക്കപ്പെട്ടു എന്ന തോന്നല്‍" മാത്രമല്ല, തങ്കച്ചനും കൂട്ടുണ്ട്. വേറെയാളെ കസേര ഏല്‍പ്പിച്ച് ഇറങ്ങിപ്പൊയ്ക്കൂടേ എന്നാണ് മനസിലാകുന്ന ഭാഷയില്‍ ഉമ്മന്‍ചാണ്ടിയോട് തങ്കച്ചന്‍ ചോദിച്ചത്. അധികം നെഗളിപ്പുവേണ്ട; കോടതി ഒരു വാക്ക് പറഞ്ഞാല്‍ ഇറങ്ങിപ്പോകേണ്ടിവരുമെന്ന് മുന്നറിയിപ്പും നല്‍കി. രമേശ് ഭാഷ അല്‍പ്പം മയത്തിലാക്കി. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന് കത്തെഴുതി അയച്ചു. കത്തെഴുത്ത് നടപ്പുള്ള രീതിയല്ല. എസ്എംഎസ്, ഇ മെയില്‍ തുടങ്ങിയവയുടെ കാലമാണ്്. അതാകുമ്പോള്‍ അയക്കുന്നയാളും കിട്ടുന്നയാളുമേ അറിയൂ. രമേശിന്റെ ജീവിതംപോലെതന്നെ തുറന്നുപിടിച്ചാണ് കത്തും കൈകാര്യംചെയ്തത്. ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വെറുതെ ഇരിപ്പാണ്. പ്രത്യേകിച്ച് പണിയൊന്നുമില്ല. പാളയം മാര്‍ക്കറ്റില്‍നിന്ന് അഞ്ഞൂറോ ആയിരമോ രൂപയ്ക്ക് പച്ചക്കറിയും വാങ്ങി നേരെ ക്ലിഫ് ഹൗസില്‍ കയറിച്ചെന്ന് ഉമ്മന്‍ചാണ്ടിക്ക് കൊടുത്താല്‍ തീര്‍ക്കാവുന്ന പ്രശ്നമേയുള്ളൂ. കൊടുക്കുമ്പോള്‍ അതിന്റെ വിലയും പറയണമെന്നുമാത്രം. വിലക്കയറ്റത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടിവരില്ല.

തലയില്‍ മുണ്ടിട്ട് സഞ്ചരിക്കുന്ന മുഖ്യമന്ത്രിയെ തങ്കച്ചനുപോലും സഹിക്കാതായിട്ടും ആന്റണി അനങ്ങാതിരിക്കുന്നതാണ് മറ്റൊരു പ്രശ്നം. തല്‍ക്കാലം പി സി ജോര്‍ജ് അടങ്ങിയിരിപ്പാണ്. അത് താന്‍ പേടിപ്പിച്ചിട്ടാണെന്ന് പി ടി തോമസ് പറയുന്നുണ്ട്. എന്നാലും വലിയ ഒച്ചയും അനക്കവുമൊന്നുമില്ല. കരിങ്കൊടി നാടാകെ പറന്നു കളിക്കുന്നതുമാത്രമാണ് പറയത്തക്ക വിശേഷം. എന്നിട്ടും തങ്കച്ചന് ഇങ്ങനെയൊരു ബുദ്ധി തോന്നണമെങ്കില്‍ അണിയറയില്‍ ഉമ്മന്‍ചാണ്ടിക്ക് അത്താഴം ഒരുങ്ങുന്നുണ്ട് എന്ന് കരുതണം. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയമാണ് പരമപ്രധാനം എന്ന് തങ്കച്ചന്‍ പറഞ്ഞതിന്, ഉമ്മന്‍ചാണ്ടിയെയുംകൊണ്ട് പോയാല്‍ വട്ടപ്പൂജ്യമാകും എന്ന സൂചനയുണ്ട്. നാറി നാണംകെട്ട് പുതുപ്പള്ളിക്ക് വണ്ടി കയറണോ എന്ന ചോദ്യത്തോട് ഉമ്മന്‍ചാണ്ടി പ്രതികരിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. നാറിയാലും വേണ്ടില്ല, തലയില്‍ മുണ്ടിട്ടാലും വേണ്ടില്ല- ഒന്നാം നമ്പര്‍ കാറും ക്ലിഫ്ഹൗസും മതി എന്ന് ഒരാള്‍ വാശി പിടിച്ചാല്‍ പ്രശ്നപരിഹാരം പ്രയാസമാണ്. അതിനുള്ള ത്രാണി ചെന്നിത്തലയ്ക്കും തങ്കച്ചനുമില്ല. എന്തെങ്കിലും സംഭവിക്കുന്നതുവരെ, മുഖ്യമന്ത്രിയുടെ പരിപാടി റദ്ദാക്കിയ വാര്‍ത്തകള്‍ കേട്ടുകൊണ്ടേയിരിക്കാം.

അഥവാ വിമാനം കയറിയോ ഊടുവഴിയിലൂടെയോ എത്തിയാല്‍ എന്തു സംഭവിക്കും എന്ന് മഞ്ചേരിയില്‍ കണ്ടു. ജനങ്ങളെ തല്ലി തലപൊളിച്ച് എത്രനാള്‍ ഈ കാപട്യം തുടരും? ലേ ഔട്ട് മാറ്റിയ മുടിയും ചിരിയും പൊലീസിന്റെ ആയുധങ്ങളുംകൊണ്ട് മൂടിവയ്ക്കാന്‍ കഴിയുമോ ഉമ്മന്‍ചാണ്ടി എന്ന ഉപജാപ ചക്രവര്‍ത്തിയെ എന്ന ചോദ്യമാണ് മഞ്ചേരിയില്‍ കേട്ടത്. അവിടെ തടയാന്‍ തീരുമാനിച്ചിരുന്നില്ല. കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാന്‍ വന്നവരെയാണ് പൊലീസ് നേരിട്ടത്. ശരിക്കും തടയാന്‍ വരുന്നവര്‍ അണപൊട്ടിയെത്തിയാല്‍ എന്താവും അവസ്ഥ എന്ന് കോണ്‍ഗ്രസുകാര്‍തന്നെ ചിന്തിക്കട്ടെ.

*
കണ്ണൂര്‍ ജില്ലയിലെ ചെറുവാഞ്ചേരിയില്‍ അസ്ന എന്ന കുട്ടി കളിച്ചുകൊണ്ടിരിക്കെ പന്താണെന്നു കരുതി ബോംബില്‍ ചവിട്ടിയാണ് കാല്‍പോയതെന്ന് കഴിഞ്ഞദിവസം ഉമ്മന്‍ചാണ്ടിയാണ് പറഞ്ഞത്. അത് അതേപടി മനോരമയും മാതൃഭൂമിയും എഴുതി നിര്‍വൃതിയടയുകയുംചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പു ദിവസം കോണ്‍ഗ്രസുകാരെ സ്നേഹിക്കാന്‍ ബൂത്തിലെത്തിയ ആര്‍എസ്എസുകാര്‍ പന്താണെന്നു കരുതി അസ്നയ്ക്ക് തട്ടിക്കളിക്കാന്‍ ബോംബ് എറിഞ്ഞുകൊടുക്കുകയും ആ പന്ത് വെറുതെ പൊട്ടി കുട്ടിയുടെ കാല്‍ തകരുകയുംചെയ്തു എന്ന് പറയുന്നതായിരുന്നു കൂടുതല്‍ ഭംഗി. ആര്‍എസ്എസുകാര്‍ കോണ്‍ഗ്രസുകാരുമായി തലപ്പന്തുകളിക്കാനാണ് എത്തിയതെന്നും വിശദീകരിച്ചാല്‍ ചരിത്രം പൂര്‍ണമാകും. മെഡിക്കല്‍കോളേജാശുപത്രിയില്‍ സ്ഥാപിക്കണമെന്ന് നേരത്തെ തീരുമാനിച്ച ലിഫ്റ്റ് "അസ്നയ്ക്കുവേണ്ടി" എന്ന് ആദ്യത്തെ "സത്യം". അസ്നയുടെ കാലും ആര്‍എസ്എസും തമ്മില്‍ ബന്ധമില്ലെന്നത് രണ്ടാമത്തെ "സത്യം". ഉമ്മന്‍ചാണ്ടിക്ക് സത്യവാന്‍ ചാണ്ടി എന്ന പേരുകിട്ടുമ്പോള്‍ മനോരമ, മാതൃഭൂമി സഹോദരങ്ങള്‍ക്കും വല്ലതും കൊടുക്കണം.

*
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വന്നാല്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് അപ്പോള്‍ കിട്ടും എന്നാണ് പറഞ്ഞിരുന്നത്. കിട്ടുന്നത് ജാമ്യമാകും എന്ന് കരുതിയവര്‍ക്ക് നൈരാശ്യമുണ്ടാകും. ബിജെപി എന്തുകൊടുത്തോ അതുതന്നെ തുടര്‍ന്നും കിട്ടും എന്ന സൗമനസ്യ മനോഭാവമാണ് കോണ്‍ഗ്രസ് പ്രകടിപ്പിച്ചത്. തിരുവല്ലാക്കാരന്‍ മന്ത്രി ജോര്‍ജ് വളച്ചുകെട്ടില്ലാതെ അത് തുറന്നു പറഞ്ഞു- സര്‍ക്കാര്‍ മാറുമ്പോള്‍ മഅ്ദനിയുടെ ജാമ്യക്കാര്യത്തിലെ സമീപനം മാറില്ല എന്ന്. കര്‍ണാടകത്തിലെ മന്ത്രിയായതുകൊണ്ട് ജോര്‍ജിന് അതുപറയാം. അവിടെ കുഞ്ഞാലിക്കുട്ടിയും ലീഗുമൊന്നുമില്ല. ഇവിടെ മഅ്ദനിക്കുവേണ്ടി ഒഴുക്കാനുള്ള കണ്ണീരാണ് മുല്ലപ്പെരിയാറിലെന്നപോലെ അണകെട്ടി നിര്‍ത്തിയിട്ടുള്ളത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പുവരെ അണക്കെട്ട് പൊട്ടില്ല. തെരഞ്ഞെടുപ്പു വരുമ്പോള്‍ കാണാം പുകില്‍- പാണക്കാട്ടുനിന്ന് കൂലംകുത്തിയൊഴുകുന്ന കണ്ണീര്‍പ്പുഴ തൃശൂര്‍ കരുനാഗപ്പള്ളി വഴി പൂന്തുറയിലെത്തി കടലില്‍ ചേരും. അപ്പോഴേക്ക് തെരഞ്ഞെടുപ്പു കഴിയും- മഅ്ദനി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ചെലവില്‍ ബംഗളൂരുവില്‍ തുടരുകയുംചെയ്യും. ഇനി അഥവാ മഅ്ദനിക്ക് കോണ്‍ഗ്രസിനെതിരെ വല്ല വികാരവും തോന്നിയാലോ? വര്‍ഗീയവാദി, കൊടുംഭീകരന്‍, ദാവൂദിന്റെ അമ്മാവന്‍, ബിന്‍ ലാദന്റെ താടിയുള്ളവന്‍ എന്നൊക്കെ പറയാനും എഴുതാനും "മ" സഹോദരങ്ങള്‍ തയ്യാറെടുത്തു നില്‍ക്കുകയല്ലേ.

*
ഇടുക്കിയിലെ മണിയാശാന് ചിലപ്പോള്‍ വേണ്ടത് നാവില്‍ വരില്ല. ഒരാളെ എന്തുവിളിച്ച് ആദരിക്കണം എന്നുപോലും ചിന്തിക്കില്ല. അതല്ലെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നികൃഷ്ടജീവി എന്ന് വിളിച്ച് ലോകത്തിലെ സകല നികൃഷ്ടജീവികളെയും അപമാനിക്കുമായിരുന്നുവോ? സത്യത്തില്‍ തിരുവഞ്ചൂരിനെപ്പോലെ കഴിവുള്ള ഒരാഭ്യന്തര മന്ത്രി കേരളചരിത്രത്തില്‍ വേറെ ഉണ്ടായിട്ടില്ല. സംശയമുണ്ടെങ്കില്‍ എഡിജിപി ഹേമചന്ദ്രന്‍ പറഞ്ഞുതരും. തലയില്‍ മുടിയില്ലെങ്കിലും ഒരുവിധം മാന്യതയും കഴിവും നീതിബോധവും ഒക്കെ തനിക്കുണ്ട് എന്നായിരുന്നു ഇന്നലെവരെ ഹേമചന്ദ്രന്റെ ഭാവം. കൂടെയുള്ള പൊലീസുകാരും അത് സമ്മതിച്ചിരുന്നു. ആ ഹേമചന്ദ്രനെ ഒരൊറ്റ മാസംകൊണ്ട് സരിതയ്ക്ക് ഫോണ്‍കൊടുക്കാനും അകമ്പടി പോകാനും തെളിവു നശിപ്പിക്കാനും കംപ്യൂട്ടറും ചിത്രങ്ങളും കട്ടുകടത്തി നശിപ്പിക്കാനും കഴിവുള്ള ഉന്നതശീര്‍ഷനാക്കി മാറ്റിയില്ലേ? ചരിത്രത്തില്‍ എവിടെ കാണാന്‍ പറ്റും ഇത്ര വലിയ നേട്ടം?

പൊലീസില്‍ ഇനിയാരെങ്കിലും ആത്മാഭിമാനവുംകൊണ്ട് നടക്കുകയാണെങ്കില്‍ അവരെയും കണ്ടെത്തി ഹേമചന്ദ്രനാക്കാനുള്ള ശേഷി തിരുവഞ്ചൂരിനുണ്ട്. ശാലുവിന്റെ വീട്ടിലെ കരിക്ക് ആവിയാക്കാമെങ്കില്‍, എറണാകുളം ഗസ്റ്റ് ഹൗസിലെ ക്യാമറക്കാഴ്ച ഒളിപ്പിക്കാമെങ്കില്‍, സരിതയുടെ മൊഴി ചുരുട്ടിക്കൂട്ടുകയും ശ്രീധരന്‍നായരുടെ മൊഴി ചവിട്ടിത്താഴ്ത്തുകയും ചെയ്യാമെങ്കില്‍ ഒരായിരം ഹേമചന്ദ്രന്മാരെ പാതാളത്തിലേക്കുള്ള വണ്ടിയില്‍ കയറ്റിവിടാനും തിരുവഞ്ചൂരിനറിയാം. എന്നിട്ടും മണിയാശാന്‍ കൊടുത്തത്, വെറുമൊരു നികൃഷ്ടജീവിപ്പട്ടമാണ്. ആനയെ ആരും ആലയില്‍ കെട്ടാറില്ല എന്നെങ്കിലും ആശാന്‍ അറിയേണ്ടതല്ലേ?

Monday, July 8, 2013

മൃഗങ്ങളും സൗരോര്‍ജവും

മൃഗങ്ങളും സൗരോര്‍ജവും തമ്മില്‍ വല്ല പ്രത്യേക ബന്ധവുമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. അങ്ങനെ ഒന്നും കണ്ടെത്തുന്നില്ലെങ്കില്‍ സരിതാനായരും ഉമ്മന്‍ചാണ്ടിയും തമ്മില്‍ എന്ത് ബന്ധം എന്ന് അന്വേഷിച്ച് കണ്ടെത്തുകതന്നെ വേണം. ഉമ്മന്‍ചാണ്ടി എവിടെയുണ്ടോ അവിടെയെല്ലാം സരിതയുണ്ട് എന്നാണ് കേള്‍ക്കുന്നത്. ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ ഗ്രീന്‍ചാനലിലൂടെ സരിതോര്‍ജം അങ്ങോട്ടൊഴുകുന്നു. തലസ്ഥാനത്ത് ഓഫീസിലിരിക്കുമ്പോള്‍ കെ സി ജോസഫിന്റെ വകുപ്പ് അയച്ചുകൊടുക്കുന്ന കാറിലാണ് സരിത ഉമ്മന്‍ചാണ്ടിയെ മുഖം കാണിക്കാനെത്തുന്നത്. പുതുപ്പള്ളിയില്‍ ഞായറാഴ്ച ദര്‍ബാര്‍ കൂടുംമുമ്പ് സരിതയോടൊപ്പം പ്രഭാതഭക്ഷണമായാല്‍ ഊര്‍ജം ഇരട്ടിക്കും. ക്ലിഫ് ഹൗസിലാണെങ്കില്‍ ഒരു കുടുംബംപോലെ ഒത്തുചേര്‍ന്ന് ഭക്ഷണം കഴിക്കാം. സ്വന്തമായി ഫോണില്ല എങ്കിലും സ്നേഹിക്കാനറിയാവുന്ന ഒരു മനസ്സുണ്ട്. ആ മനസ്സിനെ കരുതിയാകണം, ഇരുകൈയിലും ഓരോ ഫോണും പിടിച്ചുനില്‍ക്കുന്ന സരിതയെയാണ് തൃശൂരിലെ മൃഗശാല ഉദ്ഘാടനവേദിയില്‍ കാണുന്നത്. ജോപ്പന്‍ ചെയ്യുന്ന പണി സരിതയ്ക്കും ചെയ്യാവുന്നതേയുള്ളൂ.

യുഎന്‍ അവാര്‍ഡ് എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം എന്ന് ആരൊക്കെയോ തെറ്റിദ്ധരിച്ചിട്ടുണ്ട്. നാടാകെ ഉയര്‍ന്ന ഫ്ളക്സുകള്‍ കണ്ടാല്‍ ആരും അങ്ങനെ ധരിച്ചുപോകും. യുഎന്‍ എന്നാല്‍ ഭൂലോക (യൂണിവേഴ്സല്‍) നുണയനെന്നും അര്‍ഥമുണ്ടെന്നാണ് ഒരു രസികന്റെ എസ്എംഎസ് വന്നത്. അതങ്ങനെ തള്ളിക്കളയാനാകില്ല. പറയുന്നതെല്ലാം അര്‍ധസത്യവും അസത്യവുമാണ്. ആദ്യം ശ്രീധരന്‍നായരെ കണ്ടില്ലെന്ന്; ഇപ്പോള്‍ കണ്ടുവെന്ന്. വാ തുറക്കുന്നത് ഭക്ഷണം കഴിക്കാനും നുണപറയാനും മാത്രമെന്ന് പണ്ടൊരാളെക്കുറിച്ച് കഥ പരന്നിരുന്നു. ആ നേതാവിനെക്കൂടി നുണപറഞ്ഞ് തള്ളിത്താഴത്തിട്ട പാരമ്പര്യമുണ്ട്. നുണയുടെ ഗോദയില്‍ പുതുപ്പള്ളിക്കാരനോട് മുട്ടാന്‍ തൊട്ടടുത്ത തിരുവഞ്ചൂര്‍ മേഖലയില്‍നിന്നുള്ള ഫയല്‍വാനേയുള്ളൂ. പോയില്ല, ക്ഷണിച്ചില്ല, രണ്ടുമിനിറ്റ്, ടവര്‍ നോക്കൂ എന്നെല്ലാം പറഞ്ഞുപറഞ്ഞ് തളര്‍ന്നിരിപ്പാണ് ആ മത്സരാര്‍ഥി. എംസി റോഡിലൂടെ പോകുമ്പോള്‍ ആരോ കൈനീട്ടി, അലിവുതോന്നി കൂടെപ്പോയി, രണ്ടുമിനിറ്റ് മാത്രം ചെലവിട്ടു എന്ന പല്ലവി പാടിക്കൊണ്ടേയിരിക്കുന്നു. നല്ല കരിക്ക് മൊത്തിക്കുടിക്കുന്ന ചിത്രം വന്നിട്ടും, വഴിക്കണ്ണുമായി കാത്തിരിക്കുന്ന സുന്ദരിക്കരികിലേക്ക് നിറചിരിയുമായി നടന്നടുക്കുന്ന ദൃശ്യം നാട്ടിലാകെ ചിരിപടര്‍ത്തിയിട്ടും ഫയല്‍വാന്റെ ആഭ്യന്തരം ഉലഞ്ഞിട്ടില്ല. രണ്ടുപേരും സദാ ഖദറാണുടുക്കുന്നത്. അതിന്റെ ഗതിയോര്‍ത്താണ് സങ്കടപ്പെടേണ്ടത്. ഇത്ര കൊടിയ കാപട്യവും കള്ളവും തട്ടിപ്പും വൃത്തികേടുമൊക്കെ പൊതിഞ്ഞുവയ്ക്കാനുള്ള തുണിയായിപ്പോയല്ലോ ഗാന്ധിജിയുടെ ഖാദി. നമ്മള്‍ നൂറ്റ നൂലുകൊണ്ട്, നമ്മള്‍ നെയ്ത വസ്ത്രം കൊണ്ട് നിര്‍മിതമി,തനീതിക്കൊരന്ത്യാവരണം എന്നാണ് മഹാകവി മൂവര്‍ണക്കൊടിയെക്കുറിച്ച് പാടിയത്. അതേ തുണിയാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ധരിക്കുന്ന വസ്ത്രത്തിന്റേതും.

കന്റോണ്‍മെന്റ് ഹൗസിനുമുന്നില്‍ യൂത്ത് കോണ്‍ഗ്രസുകാരന്‍ യുവതിയെ തല്ലിച്ചതയ്ക്കുമ്പോള്‍ തലയില്‍ കെട്ടിയിരുന്നതും അതേ തുണികൊണ്ടുള്ള കൊടി. അനീതിക്ക് അന്ത്യാവരണമല്ല; അപരാധത്തിനാവരണമാണിന്നത്. അഴിക്കുന്തോറും മുറുകുന്ന കുരുക്കാണ്. മലവെള്ളത്തില്‍ ഒലിച്ചുവന്ന കരടിയെ കമ്പിളിക്കെട്ടാണെന്നുകരുതി പിടിച്ചവന്റെ അവസ്ഥ. സരിത വിടില്ല. ജയിലില്‍ കപ്പപ്പുഴുക്കും ചെറുപയറും കഞ്ഞിയും കുറെനാള്‍ കഴിക്കുമ്പോള്‍ ശാലുവിന്റെ നര്‍ത്തനവൈഭവം പൂത്തുലയും. ശാലു ആരെ വിളിച്ചു; ആരെല്ലാം അങ്ങോട്ട് വിളിച്ചു എന്നുള്ള വിവരങ്ങളൊന്നും ദൈവം വന്നാലും കിട്ടാത്തവണ്ണം നശിപ്പിച്ചശേഷമായിരുന്നു ചങ്ങനാശേരിയില്‍നിന്ന് അട്ടക്കുളങ്ങരയിലേക്കുള്ള എഴുന്നള്ളിപ്പ്്. വഴിയില്‍ ഒരു രഹസ്യവും ചോര്‍ന്നില്ല. അല്ലെങ്കിലും ശാലുവിന്റെ രഹസ്യങ്ങളെല്ലാം മണിച്ചിത്രത്താഴിട്ട് പൂട്ടിയതാണ്. ദുബായില്‍ പോയപ്പോള്‍ കണ്ടതും കൊണ്ടുപോയതും പുറത്തുവന്നാല്‍ എല്ലാം കീഴ്മേല്‍ മറിയും. സരിഗമപധനിസ, സനിധപമഗരിസ എന്നാകും. ഉമ്മന്‍ ചാണ്ടി, ചാണ്ടി ഉമ്മന്‍ ആകുന്നതുപോലെ. ശാലുവിന്റെ കേസില്‍ വലിയ വകുപ്പൊന്നുമില്ല. രണ്ടുവട്ടം ജാമ്യം നിഷേധിക്കും, ഇടയ്ക്ക് പൊലീസ്കസ്റ്റഡിയില്‍ സുഖവാസത്തിന് പോകാം, അല്ലാത്തപ്പോള്‍ ഒരു കര്‍ക്കടകചികിത്സയുടെ സുഖം. പണമൊക്ക അവിടെ കിടക്കും. ആരുടെയും പേരുപറയാതിരുന്നാല്‍ ജാമ്യാനന്തരം പറുദീസയെന്നാണ് വാഗ്ദാനം. അല്ലെങ്കിലും കുടിപ്പിച്ച കരിക്കിനുള്ള പ്രതിഫലം കിട്ടേണ്ടതാണ്. ജനപ്രതിനിധികളായാല്‍ ശാലുവിന്റെ വീട്ടില്‍ പോകുകയും കരിക്കുകുടിക്കുകയും കട്ടിലില്‍ ഇരിക്കുകയും വേണം.

തിരുവഞ്ചൂര്‍ ചെയ്ത എല്ലാറ്റിന്റെയും ചിത്രം പുറത്തുവന്നിട്ടില്ല. ബിജു രാധാകൃഷ്ണന്റെ കൈപിടിക്കുന്നതടക്കമുള്ളവ പൊലീസ് മുക്കി. സരിതയുടെ ചില ചിത്രങ്ങള്‍ ബിജു എടുത്തിട്ടുണ്ടെന്നല്ലാതെ സരിത അറിഞ്ഞുകൊണ്ട് ആരുടെയും പടം പിടിച്ചിട്ടില്ല. സൗരോര്‍ജവ്യാപനമെന്ന മഹദ്സേവനത്തിന്റെ ചിത്രം അതുകൊണ്ടാണ് പുറത്തുവരാത്തത്. ജോപ്പന് കൊടുത്ത സന്തോഷത്തിന്റെ തോതുതന്നെ ആ നിഷ്കളങ്കതയെ സൂചിപ്പിക്കുന്നു. ജോപ്പനുള്ള സമ്മാനം അതാണെങ്കില്‍, മൂപ്പന്മാര്‍ക്ക് എന്തുമാത്രം കിട്ടിയിട്ടുണ്ടാകും എന്ന ചര്‍ച്ച ഐ ഗ്രൂപ്പ് നടത്തിയതുകൊണ്ട് കാര്യമൊന്നുമില്ല. മുരളി പറഞ്ഞപോലെ, പാതിരാത്രി ഭാഗവതം വായിക്കുന്നതിനേക്കാള്‍ നല്ലത് തിരമാലയില്‍നിന്ന് വൈദ്യുതി എടുക്കുന്ന പരിപാടിക്ക് വല്ല സാധ്യതയുമുണ്ടോ എന്ന് അന്വേഷിക്കുന്നതാണ്. പൊലീസ് വേണോ സിബിഐ വേണോ എന്നാണിപ്പോഴത്തെ ചിന്ത. ചോറുവേണോ ബിരിയാണിവേണോ എന്ന് ചോദിക്കുന്നതുപോലെ. രണ്ടായാലും ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും രക്ഷപ്പെടും. പൊലീസാണെങ്കില്‍ നാറിനാറി രക്ഷപ്പെടും. സിബിഐയാണെങ്കില്‍ കേസ് വേണ്ടിവന്നാല്‍ ചെന്നിത്തലയിലിട്ട് രക്ഷപ്പെടുത്തും. തട്ടിപ്പുകള്‍ വരുന്ന വഴി എംസി റോഡാണെങ്കില്‍, രക്ഷാപ്രവര്‍ത്തനത്തിന് രണ്ടുവഴിയുണ്ടെന്നര്‍ഥം. അതുകൊണ്ടാണ്, പാവപ്പെട്ട ശാലുവിന് സെന്‍സര്‍ ബോര്‍ഡംഗത്വംപോലും നഷ്ടമാകുന്നത്. ശാലുവിനെ അങ്ങോട്ട് കൈപിടിച്ചുകയറ്റിയ കൊടിക്കുന്നില്‍ സുരേഷ് കൊടിവച്ച കാറില്‍ത്തന്നെ.

കലാകാരിക്ക് കാരാഗൃഹം- സാംസ്കാരികനായകര്‍ സടകുടഞ്ഞെണീക്കേണ്ടതാണ്. ശാലുവിന്റെയും സരിതയുടെയും പരിസ്ഥിതിക്ക് ഭംഗംവരുത്തുന്ന പ്രതിപക്ഷഗൂഢാലോചനയ്ക്കെതിരെ ഒരു മരമഹാസംഗമവും ഹരിതസരിതാതിജീവന മഹായജ്ഞവും നടത്താന്‍ നീലകണ്ഠനെങ്കിലും മുന്‍കൈയെടുക്കണം. പ്രതികരണ മഹാത്മാക്കള്‍ കര്‍ത്തവ്യബോധം കാട്ടണം. അല്ലെങ്കില്‍ പാവം എം ജി എസ് നാരായണന്‍ അതും ചെയ്യേണ്ടിവരും. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ അപകടത്തെക്കുറിച്ച് അന്‍പത്തിയൊന്ന് കവിതയെഴുത്തുകാരെ ക്ഷണിക്കുന്ന പരസ്യം വീരഭൂമിയില്‍ അച്ചടിച്ചുകാണാനും മലയാളിക്ക് ഭാഗ്യംവരും.

*

ഫേസ്ബുക്കില്‍ കണ്ട ഒരു പ്രസ്താവന, എം ജി എസ് നാരായണന്‍ എന്ന തൂലികാനാമത്തില്‍ ലേഖനമെഴുതുന്നത് മാതൃഭൂമിയിലെ ശേഖരന്‍നായരാണ് എന്നാണ്. വയസ്സുകൂടുമ്പോള്‍ സര്‍ക്കാര്‍ സ്ഥാനങ്ങളോട് ആര്‍ത്തി കൂടുന്ന ഇനത്തിലല്ല എം ജി എസ്. ശരിക്കും ചരിത്രപണ്ഡിതനാണ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ അന്ത്യം പ്രവചിച്ച ധീരാത്മാവാണ്. ആ മഹാമനീഷിയുടെ പേരുവച്ച്, ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും സ്തുതിഗീതമെഴുതിയ ആള്‍ എത് ശേഖരന്‍നായരായാലും സാക്ഷാല്‍ വീരേന്ദ്രകുമാര്‍ തന്നെയായാലും യുഎന്‍ പുരസ്കാരത്തിനര്‍ഹരാണ്. അവശന്മാര്‍ക്കും ആര്‍ത്തന്മാര്‍ക്കും ആലംബഹീനര്‍ക്കും ഇതുപോലുള്ള സേവനം ചെയ്തുകൊടുക്കുന്നതില്‍പരം പുണ്യപ്രവൃത്തി എന്തുണ്ട്. എം ജി എസ് യഥേഷ്ടം എഴുതിക്കോട്ടെ. കെ എം റോയിയെപ്പോലുള്ളവര്‍ എഴുതുന്നില്ലേ. അവരെ ആരെങ്കിലും കുറ്റം പറയുന്നുണ്ടോ? അതുകൊണ്ട് ആര്‍ക്കും വിഷമമൊന്നുമില്ലല്ലോ. ശാലുമേനോന്‍ കപ്പപ്പുഴുക്ക് കഴിച്ച ത്യാഗത്തെക്കുറിച്ച് വാര്‍ത്തയെഴുതിയ മനോരമയെ സഹിക്കുന്നതിനേക്കാള്‍ വലുതല്ല അതൊന്നും. പിആര്‍ഡി ഡയറക്ടര്‍ ഫിറോസ് ഒളിവിലായതിനാല്‍ മനോരമയുടെ ജോലിഭാരം വര്‍ധിക്കും. ഉമ്മന്‍ചാണ്ടിയുടെ പിആര്‍ഒ ജോലി പരിപൂര്‍ണമായി തലയിലല്ലേ.

ബെന്നി ബഹനാന് ഇപ്പോള്‍ പണിയൊന്നുമില്ല. ചെന്നിത്തല ഒരു ദുര്‍ബലനിമിഷത്തില്‍ ധൈര്യം വന്നപ്പോള്‍ വീക്ഷണത്തില്‍നിന്ന് പുറത്താക്കിയതാണ്. മനോരമയില്‍ സബ് എഡിറ്ററായി വയ്ക്കാവുന്നതേയുള്ളൂ. തിരുവഞ്ചൂരിന്റെ ജാതകദോഷം കൊണ്ട് ആഭ്യന്തരം കളഞ്ഞുകിട്ടാന്‍ സാധ്യതയുണ്ടെന്ന് ഏതോ ആഴ്ചപ്പതിപ്പിലെ വാരഫലം വായിച്ച് പുളകംകൊള്ളുന്ന ചെന്നിത്തലയുടെ തലയില്‍ ഇനി ഒന്നും കയറില്ല. മുരളീധരന്റെ കൂട്ടുകൊണ്ട് നട്ടെല്ലിന്റെ വളവ് അല്‍പ്പം മാറിയിട്ടേയുള്ളൂ- നിവര്‍ന്നിട്ടില്ല. തിരുവഞ്ചൂര്‍ എടുത്തു കളിച്ച് നശിപ്പിച്ച് നാനാവിധമാക്കിയ പൊലീസ് വകുപ്പിനെ ചാടിപ്പിടിച്ച് സ്വന്തമാക്കിയാല്‍ ചെന്നിത്തല രക്ഷപ്പെടും എന്ന വിശ്വാസം അദ്ദേഹത്തെ രക്ഷിക്കുമെങ്കില്‍ അത്രയുംനന്ന്. എന്തായാലും എംസി റോഡിലൂടെയുള്ള തട്ടിപ്പിന്റെ ഒഴുക്ക് അതോടെ ദേശീയപാതയിലേക്കും വികേന്ദ്രീകരിക്കപ്പെടും.