Monday, October 21, 2013

മാറാരോഗത്തിന് വിവാദചികിത്സ

ചില രോഗങ്ങള്‍ക്ക് ഒറ്റമൂലി മാത്രമേ ഫലിക്കൂ എന്നൊരു വിശ്വാസമുണ്ട്. വിവാദം ഭക്ഷിച്ചാലേ യുഡിഎഫ് സര്‍ക്കാരിന്റെ ആയുസ്സ് നീട്ടിക്കിട്ടൂ. എപ്പോള്‍ അസുഖം മൂര്‍ച്ഛിക്കുന്നോ അപ്പോള്‍ വിവാദത്തിന്റെ ഗുളിക നാക്കിനടിയില്‍ തിരുകണം. അതുകഴിഞ്ഞ് ഞരമ്പുവഴി വിവാദം കുത്തിക്കയറ്റിക്കൊണ്ടേയിരിക്കണം. പി സി ജോര്‍ജാണ് ഇപ്പോഴും എപ്പോഴും വിവാദമരുന്നിന്റെ മുഖ്യ ഉല്‍പ്പാദനകേന്ദ്രം. ജോര്‍ജിനു ചുറ്റും കറങ്ങുകയാണ് യുഡിഎഫ് രാഷ്ട്രീയമെന്നും പറയാം. ജോര്‍ജിനെ മടക്കിച്ചുരുട്ടിക്കെട്ടി ഭദ്രമാക്കി ഈരാറ്റുപേട്ട ടിബിയുടെ പിന്നാമ്പുറത്ത് കൊണ്ടുപോയി വച്ചാല്‍ യുഡിഎഫ് രക്ഷപ്പെട്ടു എന്ന് പറയുന്നവരെ ശ്രദ്ധിക്കണം. അവര്‍ ശത്രുക്കളാകാന്‍ വഴിയുണ്ട്. കണ്ണുള്ളപ്പോഴേ കണ്ണിന്റെ വിലയറിയൂ. ജോര്‍ജ് ഇല്ലെങ്കില്‍ കാണാം ഈരാറ്റുപേട്ട മരുന്നിന്റെ വില.

ചില മരുന്നുകള്‍ കുടിക്കുമ്പോള്‍ കയ്പും ചവര്‍പ്പുമാകും. അര്‍ബുദത്തിന്റെ മരുന്നാണെങ്കില്‍ കുത്തിവയ്ക്കുമ്പോള്‍ ഛര്‍ദിയുണ്ടാകും; പിന്നെ മുടി കൊഴിയും- എന്നാലെന്ത് രോഗത്തിന് ശമനമുണ്ടാകില്ലേ എന്നതാണാശ്വാസം. ജോര്‍ജിന്റെ പ്രസ്താവന ആദ്യകേള്‍വിയില്‍ യുഡിഎഫ് വിരുദ്ധമാണെന്നു തോന്നും. ഗണേശ് കുമാറിന്റെ ചില കാര്യങ്ങള്‍ ജോര്‍ജ് വെളിപ്പെടുത്തിയപ്പോള്‍ അയ്യേയെന്നും അയ്യയ്യേയെന്നും പ്രതികരിച്ചവര്‍ ധാരാളം. പിന്നീട് വിവാദം ഗണേശിനെക്കുറിച്ചും യാമിനി കൊടുത്തതും വാങ്ങിയതുമായ തല്ലിനെക്കുറിച്ചും മന്ത്രിമന്ദിരത്തില്‍ വിരുന്നുചെന്നവന്റെ കായികക്ഷമതയെക്കുറിച്ചുമായി. ഒടുവില്‍ ഗണേശിന് രാജിവയ്ക്കേണ്ടിവന്നു; യുഡിഎഫ് പരിക്കില്ലാതെ തടി രക്ഷപ്പെടുത്തുകയുംചെയ്തു. ഇപ്പോള്‍ ഗണേശ് മന്ത്രിയായാലും ഇല്ലെങ്കിലും ജോര്‍ജിന് എതിര്‍പ്പില്ല- ആ ഭാഗം ശുഭാന്ത്യം. ഇതാണ് രീതി

പ്രതികരണം; ആക്രമണം; ചര്‍ച്ച; പ്രതിചര്‍ച്ച- ഒടുവില്‍ കൈകൊടുത്ത് ഭായി ഭായി പറഞ്ഞ് പിരിയല്‍. വിവാദത്തില്‍ ഹരം മൂത്തും, എറണാകുളം ഗസ്റ്റ് ഹൗസില്‍ എന്തായിരിക്കും ഒരുമണിക്കൂര്‍ ചര്‍ച്ചചെയ്തത് എന്ന് തിരിഞ്ഞും മറിഞ്ഞും ചിന്തിച്ചും, തിരുവഞ്ചൂര്‍- ജോര്‍ജ് തര്‍ക്കത്തിന്റെ അഡല്‍ട്സ് ഒണ്‍ലി ഭാഗങ്ങള്‍ ഭാവനയില്‍ പുനഃസൃഷ്ടിച്ചും ജനങ്ങള്‍ രസിക്കുമ്പോള്‍ യുഡിഎഫ് പിന്നെയും രക്ഷപ്പെടുന്നു. പണിയും കൂലിയുമില്ല; അവശര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നില്ല; സ്വന്തംവിഹിതം അടച്ച പദ്ധതിയില്‍നിന്നുള്ള പെന്‍ഷന്‍പോലും കിട്ടാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയെ ശപിക്കുന്നു. അരിയും തുണിയും അന്യായവിലയ്ക്കാണ് വില്‍പ്പന. സര്‍ക്കാര്‍ വിതരണകേന്ദ്രങ്ങളില്‍ അഴിമതിത്തുരപ്പന്മാര്‍ വാഴുന്നു. ട്രഷറി പൂട്ടുമ്പോള്‍, മുമ്പ് മൂന്നുതവണ പൂട്ടിയ എന്നോടാണോ കളി എന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചോദ്യം.

പൊലീസുകാരുടെ പ്രധാന പണി മുഖ്യമന്ത്രിക്ക് അകമ്പടിപോകലാണ്. പത്തും പതിനഞ്ചും കിലോമീറ്റര്‍ ചുറ്റിവളഞ്ഞ് തലയില്‍ മുണ്ടിട്ട് പൊതുപരിപാടിക്ക് പോയ മുഖ്യമന്ത്രി സരിത കേരളത്തിന് അഭിമാനംതന്നെ. ഇനിയിപ്പോള്‍ കാസര്‍കോട്ടേക്ക് നാഗര്‍കോവില്‍, തൃശിനാപ്പള്ളി, പൊള്ളാച്ചി, മടിക്കേരി വഴി പോകാവുന്നതേയുള്ളൂ. ഉമ്മന്‍ചാണ്ടിയുടെ മുഖം ടിവിയില്‍ കാണുമ്പോള്‍ കുട്ടികള്‍ക്ക് ചിരിവരുന്ന കാലമാണ്. ഐസിയുവില്‍ അതീവ ഗുരുതരാവസ്ഥയില്‍ കിടക്കുന്ന രോഗിയെ സ്ട്രെച്ചറില്‍ കിടത്തി ആംബുലന്‍സില്‍ പ്രദര്‍ശനത്തിന് കൊണ്ടുവരികയും ആയിരംരൂപ ആശ്വാസം നല്‍കുകയും ചെയ്യുന്ന നാടകം മറ്റാരും കളിക്കാത്തതാണ്. ആ ദുഃഖനാടകം കണ്ടിട്ടും കുട്ടികള്‍ ചിരിക്കുന്നുണ്ടെങ്കില്‍, വിദൂഷക കഥാപാത്രത്തിന്റെ അഭിനയപാടവം അപാരമെന്നേ പറയാവൂ. കിട്ടേണ്ടത് ഓസ്കര്‍ അവാര്‍ഡായിരുന്നു. അഭിനയംകൊണ്ടും കാര്യം നടക്കാതിരിക്കുമ്പോഴാണ് വിവാദത്തിന്റെ മരുന്ന് പ്രസക്തമാകുന്നത്.

ജോര്‍ജ് സ്വന്തമായി ഉണ്ടാക്കുന്ന വിവാദമൊന്നും പോര ചികിത്സയ്ക്ക്. മനോരമയും മാതൃഭൂമിയുമുള്ളതുകൊണ്ട് കാര്യങ്ങള്‍ മുട്ടില്ലാതെ പോകുന്നു. മണ്ണിനടിയില്‍ കിടന്ന് തുരുമ്പെടുത്തതായാലും സ്ഥാനംഗണിച്ച് കണ്ടുപിടിച്ച് കുഴിച്ച് പുറത്തെടുത്ത് ഉലയിലിട്ട് പരുവപ്പെടുത്താന്‍ നല്ല മിടുക്കാണ് മകാരമാധ്യമങ്ങള്‍ക്ക്. ഞാനോ നീയോ മുമ്പനെന്ന് തര്‍ക്കിച്ചും തമ്മിലടിച്ചും തട്ടിപ്പുവെട്ടിപ്പുകളില്‍ ആഗോളമത്സരം സംഘടിപ്പിച്ചും മുന്നേറുന്ന യുഡിഎഫ് ഭരണത്തിന് വിവാദം ഏതായാലും ഗുണം മെച്ചംതന്നെ. പ്രതിസന്ധിയില്‍ ഉടുമുണ്ടുരിഞ്ഞുപോയാല്‍ വിവാദം ഒരു പച്ചിലയായി വന്നാലും നാണംമറയ്ക്കാം. സെക്രട്ടറിയറ്റ് ഉപരോധം ഉമ്മന്‍ചാണ്ടിയുടെ രാജിയിലെത്താഞ്ഞതില്‍ അരിശംപൂണ്ട് ഉറഞ്ഞവരും തുള്ളിയവരുമുണ്ട്. അവരില്‍ ചിലരെ ഇപ്പോള്‍ കാണുന്നത് ഉമ്മന്‍ചാണ്ടി ഫാന്‍സ് അസോസിയേഷനിലാണ്. സോളാറില്‍ വീണാലും സ്വര്‍ണക്കട്ടിവിഴുങ്ങിയാലും ഉമ്മച്ചന്‍ പൊന്നച്ചനോ തങ്കച്ചനോ ആണവര്‍ക്ക്. ഉമ്മന്‍ചാണ്ടിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ രാജിവയ്ക്കുമായിരുന്നു എന്ന് വീരവാദം മുഴക്കിയ ജോര്‍ജ് ഇപ്പോള്‍ സകല കോണ്‍ഗ്രസുകാരുടെയും തെറിവിളി കേട്ടിട്ടും രാജി എന്ന സമരായുധംമാത്രം പുറത്തെടുക്കുന്നില്ല. മാണിസാറിന് ജോര്‍ജും വേണം ജോസഫും വേണം- ഭരണം എന്തായാലും വേണം. അവിടെയും വിവാദംതന്നെ രക്ഷ. ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ ഏറ്റവും ചോദനമുള്ള ഉല്‍പ്പന്നം വിവാദമാണെന്ന് തിരിച്ചറിഞ്ഞവര്‍ക്കാണ് മുന്നോട്ടുള്ള വഴി തെളിഞ്ഞുകിട്ടുന്നത്. വഴിയേ പോകുന്ന വയ്യാവേലി എടുത്ത് ചുമലിലിട്ടാലും മൂലയിലിരിക്കുന്ന മഴു എടുത്ത് കാലിലിട്ടാലും വിവാദമുണ്ടാകും. ആ വിവാദംകൊണ്ട് രോഗത്തിന് താല്‍ക്കാലിക ശമനവുമുണ്ടാകും. അതല്ലെങ്കില്‍, യുഡിഎഫിലിരുന്നുകൊണ്ട് ജോര്‍ജിനും ജോര്‍ജിതരര്‍ക്കും ഇങ്ങനെ അടിക്കാന്‍ കഴിയില്ല. പുറമേയ്ക്ക് കുഴപ്പമെന്നു തോന്നുന്ന കൃത്യങ്ങളിലൂടെ ഊര്‍ജം സംഭരിക്കുന്ന ഈ ഏര്‍പ്പാടിനാണ് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ മാര്‍ക്കറ്റ്്.

വിവാദചികിത്സയില്‍ അഭയംതേടി രക്ഷപ്പെടാന്‍ കാത്തിരിക്കുന്നവരുടെ നിരയില്‍ ഉമ്മന്‍ചാണ്ടിമുതല്‍ കെ സി വേണുഗോപാല്‍വരെയുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തൊലിപോലെ കുറത്തതാണ് മനസ്സും എന്ന് പറയുന്ന നീചമനസ്സിനെ ചാട്ടവാറിനിട്ട് തല്ലണമെന്ന പക്ഷക്കാരനാണ് ശതമന്യു. അത്ഭുതംതന്നെ- അങ്ങനെ പറഞ്ഞയാളിനും യുഡിഎഫ് വക ഇപ്പോഴും കൊടിവച്ച കാറുണ്ട്. പണത്തിനും പദവിക്കുംവേണ്ടി എന്തുംചെയ്യും; എന്തും ഭക്ഷിക്കും എന്നത് ആധുനിക കാലത്തെ ജനകീയ രാഷ്ട്രീയമാണ് എന്ന് വലതുപക്ഷത്തിന്റെ ശൈലീപുസ്തകത്തില്‍ എഴുതിവച്ചിട്ടുണ്ട്. അതുകൊണ്ട് ഇനിയും വിവാദമരുന്നുകാരെയും ചികിത്സകരെയും യുഡിഎഫിന് ആവശ്യമുണ്ട്. എല്ലാം ഒരു ജോര്‍ജില്‍ അവസാനിപ്പിക്കേണ്ടതില്ല എന്നര്‍ഥം.

2 comments:

manoj pm said...

ഉമ്മന്‍ചാണ്ടിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ രാജിവയ്ക്കുമായിരുന്നു എന്ന് വീരവാദം മുഴക്കിയ ജോര്‍ജ് ഇപ്പോള്‍ സകല കോണ്‍ഗ്രസുകാരുടെയും തെറിവിളി കേട്ടിട്ടും രാജി എന്ന സമരായുധംമാത്രം പുറത്തെടുക്കുന്നില്ല.

ajith said...

വിവാദമുന്നണി