Monday, November 11, 2013

സൂര്യനസ്തമിക്കാത്ത ഭരണം

ഹായ്യാന്‍ കൊടുങ്കാറ്റുപോലെയാണ് ലാവ്ലിന്‍ കേസില്‍ കോടതിവിധി വന്നത്. സര്‍വത്ര നാശനഷ്ടം. പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന കൂറ്റന്‍ കെട്ടിടങ്ങളില്‍ ടെക്നിക്കാലിയ, കമല ഇന്റര്‍നാഷണല്‍, ക്രൈം ബ്യൂറോ ഓഫ് സ്കാന്‍ഡല്‍ ബില്‍ഡിങ്, ഹെഡ് ഓഫ് വരദാചാരി തുടങ്ങിയവയും ഉള്‍പ്പെടുന്നു. നാശനഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഞരക്കവും മൂളലും ഇപ്പോഴും കേള്‍ക്കാനുണ്ട്. പത്തുപതിനഞ്ചു കൊല്ലം പാലും തേനുമൂട്ടി വളര്‍ത്തിയ ലാവ്ലിന്‍ കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ സങ്കടം കരഞ്ഞുതീര്‍ക്കാന്‍ കഴിയാത്തചിലര്‍, നാശനഷ്ടങ്ങള്‍ക്കിടയില്‍ വീണുരുളുന്നതായും ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിയും കോടതിയില്ലേ എന്നൊരു വിലാപം വേറിട്ടുകേള്‍ക്കുന്നുണ്ട്. റിവിഷന്‍ ഹര്‍ജി, പൊതുതാല്‍പ്പര്യഹര്‍ജി തുടങ്ങിയ ബസുകളില്‍ കയറിപ്പറ്റാന്‍ വന്‍തിരക്കനുഭവപ്പെടുന്നു. കൊടുങ്കാറ്റിന്റെ വരവില്‍ രോഷാകുലരായ ചിലര്‍ ശാസ്ത്രീയമായ പ്രതികരണരീതികളിലേക്കാണ് കടന്നത്. അത്തരം ഒരു ചര്‍ച്ച ശതമന്യു കേള്‍ക്കേണ്ടിവന്നു.

ചര്‍ച്ചാംകവിയുടെ വാക്കുകളിലേക്ക്: ""കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികളുടെ സഞ്ചാരപഥങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് എവിടെയാണെന്നതാണ് ഇവിടത്തെ പ്രത്യയശാസ്ത്രപ്രശ്നം. ആഗോളീകരണത്തിന്റെ ദശാസന്ധികളില്‍വച്ച് നാം ഇന്ന് കേള്‍ക്കുന്ന വര്‍ത്തമാനം പത്ത് മലയാളികള്‍ ഫോബ്സ് മാസികയുടെ കോടീശ്വരപ്പട്ടികയില്‍ ഉണ്ടെന്നതാണ്. ശ്രദ്ധ ചെലുത്തുന്നതിനാവശ്യം വേണ്ടതായ മാനസികാധമര്‍ണത ഉള്ളവര്‍ക്ക് (സോറി..ഇല്ലാത്തവര്‍ക്ക്) മനസ്സിലാക്കാം, ഇതിന്റെ രാഷ്ട്രീയമാനങ്ങളുടെ നീതിസാരം. അവരാണിന്ന് ഈ രാഷ്ട്രീയഭൂമികയുടെ ഭാവിഗമനത്തിന്റെ പശ്ചാത്തലപഥങ്ങള്‍ നിര്‍ണയിക്കുന്നത്. അവരാണ് വികസനത്തിന്റെ ചലനചിത്രം വരയ്ക്കുന്നത്."" പറയുന്നത് ഒരു മഹാകവിയായതുകൊണ്ട് കേട്ടവര്‍ക്കും കേള്‍ക്കേണ്ടവര്‍ക്കും ഒന്നും മനസ്സിലായില്ല. മനസ്സിലാകായ്മയില്‍നിന്ന് വന്ന അവതാരകന്റെ ചോദ്യം ഇങ്ങനെ:

""ഓക്കെ മിസ്റ്റര്‍ ഉമേഷ്ബാബു...പിണറായി വിജയന്‍ പാര്‍ലമെന്ററി പൊളിറ്റിക്സിലേക്ക് വരുന്നത് ഇത്തരം ശക്തികള്‍ക്ക് ഗുണകരമാകുമോ ദോഷകരമാകുമോ?"" കവിബാബു ചോദ്യം കേട്ടുമില്ല...ഉത്തരം പറഞ്ഞുമില്ല. ഇതാണ് ലാവ്ലിന്‍ വിധിക്കുശേഷമുള്ള പ്രത്യയശാസ്ത്ര പ്രശ്നം.

ഊമക്കത്തുകാരും തപാല്‍ ജേര്‍ണലിസ്റ്റുകളും അഴിമതിവിരുദ്ധ പോരാട്ട ദല്ലാള്‍മാരും കാശിക്കുപോയിരിക്കയാണ്. ഒന്നുരണ്ടു ചാനല്‍ചര്‍ച്ചകള്‍ കഴിഞ്ഞപ്പോള്‍ ആരെയും കാണാനില്ല. പാപപരിഹാരാര്‍ഥമുള്ള തീര്‍ഥയാത്രയോ ശത്രുനിഗ്രഹ ദൗത്യമോ എന്നറിയില്ല. ന്യൂജനറേഷന്‍ കാലത്ത് എതിരാളിയെ തകര്‍ക്കല്‍ രണ്ടുതരത്തിലാകാം. ശത്രുവിനെ നശിപ്പിക്കാന്‍ ഈശ്വരന് കൈക്കൂലി കൊടുക്കുന്നത് ഒരു രീതി. സാക്ഷാല്‍ ദൈവംതമ്പുരാനായാലും കൈക്കൂലി കൊടുത്ത് കാര്യം സാധിക്കാമെന്ന വിശ്വാസവും ഉമേഷ് ബാബുവിന്റെ കവിതപോലെ ഒരു വിശുദ്ധ വിപ്ലവപ്രവര്‍ത്തനം തന്നെ. ഉള്ളിലെ ശത്രുവിനെ ഇല്ലായ്മചെയ്യാന്‍ ഭഗവാനില്‍ അഭയംതേടലാണ് മറ്റൊരു രീതി. നാക്ക് അടക്കിവയ്ക്കണം എന്ന് സാരം. ശത്രുശേഷവും അഗ്നിശേഷവും ഋണശേഷവും രോഗശേഷവും തുല്യം എന്നാണ്. ശത്രു, തീ, കടം, രോഗം എന്നിവയില്ലെങ്കില്‍ ജീവിതം സുഖകരമെന്നര്‍ഥം. ശത്രു താന്‍തന്നെയും തീ കരളിലും കടം നാട്ടിലാകെയും രോഗം മനസ്സിനുമാകുമ്പോള്‍ കളിമാറും. കൈക്കൂലിയില്‍ വീഴുന്ന ഭഗവാന്‍ കൂടുതല്‍ പണംകണ്ട് വേറെ വഴിപാടുകാര്‍ക്കൊപ്പം പോയാല്‍ പണിപാളുകയും ചെയ്യും. എന്തായാലും സരസ്വതി വിളയാടിയ ഈ നാവുകള്‍ക്ക് ദീര്‍ഘായുസ്സുണ്ടാകാന്‍ ഏതു പൂജയ്ക്കും ശതമന്യുഒരുക്കമാണ്.

ഈ വിപ്ലവ ജിഹ്വകളില്‍നിന്ന് ബഹിര്‍ഗമിച്ച യഥാര്‍ഥ ഇടതുപക്ഷ വചനാമൃതമാണല്ലോ മാര്‍ക്സിസ്റ്റ് പാര്‍ടിയെ ഇതുവരെ "മോശ"മാക്കിയത്. വിശന്നിരിക്കുമ്പോഴാണ് ഭക്ഷണത്തിന് രുചി കൂടുക. എല്ലാവരും പുകഴ്ത്തുന്ന കാലത്ത് ഒരു അനുകൂലവിധി വന്നാല്‍ ആരും തിരിഞ്ഞുനോക്കില്ല. ഉമേഷ്ബാബു, അപ്പുക്കുട്ടന്‍, നീലകണ്ഠന്‍, ജയശങ്കരാദി വിപ്ലവകാരികളും അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ അപ്പോസ്തലനായ ഉമ്മന്‍ചാണ്ടിയും അറിഞ്ഞു പെരുമാറിയതുകൊണ്ടാണ് പിണറായി വിജയന് "നല്ല" പേരുകിട്ടിയത്. ആ പേരാണ് കോടതി വിധിയിലൂടെ ഇപ്പോള്‍ മാറിക്കിട്ടിയത്. അതിനുള്ള കടപ്പാട് വെറുതെ ഒരു നല്ല നമസ്കാരം പറഞ്ഞാല്‍ തീരില്ല. എല്ലാം നഷ്ടപ്പെടുന്നവന്റെ വേദനയില്‍ സഹതപിക്കുന്നവനും കൈത്താങ്ങാകുന്നവനുമാണ് മനുഷ്യസ്നേഹി. പേരുകേട്ട മനുഷ്യസ്നേഹിയായി മാറി ബി ആര്‍ പി ഭാസ്കറിനോട് മത്സരിക്കാന്‍ കൊതിയുള്ളതുകൊണ്ട്, സഹതാപത്തിന്റെ ഒരു കണ്ടെയ്നര്‍തന്നെ നഷ്ടസ്വപ്നക്കാര്‍ക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു.

*

പണ്ട് സായ്പ് വരുന്നത് കുരുമുളക് കൊണ്ടുപോകാനായിരുന്നു. ചാള്‍സ് രാജകുമാരനും പ്രാണപ്രേയസിയും കൊച്ചിയിലിറങ്ങിയത്, പണ്ടത്തെ കുരുമുളകിന്റെ നാട് കാണാനാണ്. നല്ല എരിവുള്ള കാഴ്ചകള്‍ തന്നെയാണ് എങ്ങും. ജൂതത്തെരുവില്‍ റോഡ് പണി ഇന്നലെ രാത്രി തീര്‍ന്നതേയുള്ളൂ. കറുത്തപൊന്ന് കണ്ടില്ലെങ്കിലും കറുത്ത ടാറില്‍ കാല്‍മുക്കി സന്തോഷിക്കാം. ആലുവ കൊട്ടാരത്തിലെത്തിയാല്‍ പുഴയും മണല്‍തിട്ടയും കാണാം. സരിത, ശാലുമാരുടെ ആയിരം പാദസരക്കിലുക്കം കേട്ട് കര്‍ണങ്ങളെ ആനന്ദിപ്പിക്കാം. എന്നിട്ടും ആലുവാപ്പുഴ പിന്നെയും ഒഴുകുന്നതിന്റെ രഹസ്യം പുതുപ്പള്ളിരാഗത്തില്‍ ആലപിക്കുന്നത് കേള്‍ക്കുകയുമാകാം. കളരിപ്പയറ്റാണ് അന്നത്തെയും ഇന്നത്തെയും കേരളത്തിന്റെ ആയോധനകല. കൈതൊഴുത് മാറിനിന്ന് പിടിച്ച് പതുക്കെ താണമര്‍ന്ന് അമര്‍ച്ചയില്‍ ഇടതുവച്ച്, വലതുകൊണ്ടു ചവുട്ടി, വലത്തളം വാങ്ങി, ഇടത്തോടുകൂടി വാങ്ങി അമര്‍ന്ന് ഈരാറ്റുപേട്ടച്ചേകവന്‍ നില്‍ക്കുന്നതുതന്നെ ഒരു കാഴ്ചയാണ്. ഓതിരം, കടകം, ചടുലം, മണ്ഡലം, വൃത്തചക്രം, സുകങ്കാളം, വിജയം, വിശ്വമോഹനം, തിര്യങ്മണ്ഡലം, ഗദയാഖേടഗഹ്വരം, ശത്രുഞ്ജയം, സൗഭദ്രം, പടലം, പുരഞ്ജയം, കായവൃദ്ധി, ശിലാഖണ്ഡം, ഗദാശാസ്ത്രം, അനുത്തമം എന്നിവയും കഴിഞ്ഞ് പൂഴിക്കടകനടിയും തച്ചോളി ഓതിരംവെട്ടും പഠിച്ച ജോര്‍ജ്, "എവിടെ ജോസഫ്"് എന്നലറി നില്‍ക്കുന്നതുകണ്ടാല്‍ ഏതുരാജകുമാരനും ഒന്ന് അമ്പരക്കും.

കാമില വന്നവഴി തിരിച്ചുപേകാതിരുന്നാല്‍മതി. ചാള്‍സ് രാജകുമാരനില്‍ ഈ സന്ദര്‍ശനം ഗൃഹാതുരത്വത്തിന്റെ മധുരനൊമ്പരങ്ങളുണര്‍ത്തും. സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ ഓര്‍മ വരണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ നോക്കാം. രാവുംപകലും തിരിച്ചറിയാത്തവനാണ് നമ്മുടെ മുഖ്യമന്ത്രിയെന്ന് ഏതു കേരളീയനും അഭിമാനത്തോടെ പറയും. ശ്വേതാമേനോന്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് പരാതി പറഞ്ഞ സമയം പുലര്‍ച്ചെ രണ്ടുമണിയായിരുന്നു എന്ന് കോട്ടയത്തെ റബര്‍ബുള്ളറ്റിന്‍ വെളിപ്പെടുത്തുന്നു. എല്ലാംപറഞ്ഞു എന്ന് ശ്വേത. പരാതി പറഞ്ഞിട്ടില്ല എന്ന് ഉമ്മന്‍ചാണ്ടി. അപ്പോള്‍ ശ്വേത എന്താവും പറഞ്ഞത്? പുലരുവാനേഴര രാവുള്ളപ്പോള്‍ കാത്തുകെട്ടി നിന്ന് മുഖംകാണിച്ചത്, "പുതുപ്പള്ളിയില്‍ തണുപ്പുണ്ടോ, ഇക്കൊല്ലം കൃഷി എങ്ങനെ" എന്നു കുശലം ചോദിക്കാനായിരുന്നെന്ന് ശ്വേത സമ്മതിച്ചാല്‍ കേസില്ല. പണ്ട് യാമിനി എന്ന ഡോക്ടറും ഇങ്ങനെ ചില കുശലങ്ങള്‍ ഉമ്മന്‍ചാണ്ടിയെ ചെന്നുകണ്ട് പറഞ്ഞിരുന്നു. അന്ന് ഗണേശനായിരുന്നു പീതാംബരന്‍. സ്പര്‍ശനംകൊണ്ടോ ദര്‍ശനംകൊണ്ടോ തെറ്റുസംഭവിച്ചാല്‍ പൊറുക്കുന്നവരും പൊറുപ്പിക്കുന്നവരുമാണ് മഹാന്മാര്‍ എന്ന് കാമിലയെ ബോധ്യപ്പെടുത്താന്‍ ചാള്‍സിന് അപൂര്‍വ സൗഭാഗ്യം. അതിരപ്പിള്ളിയില്‍ചെന്ന് വെള്ളച്ചാട്ടം കാണുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് നന്നാകും. അപകടത്തില്‍നിന്ന് രക്ഷിക്കാന്‍ കാമിലയുടെ നേരെ വല്ല രക്ഷാപ്രവര്‍ത്തകരുടെയും കൈകള്‍ നീണ്ടുവരുന്നുണ്ടോ എന്നു ശ്രദ്ധിച്ചാല്‍ മതി. സ്പര്‍ശനവും ദര്‍ശനവും ഒരു കുറ്റമേയല്ല എന്ന് മനസ്സിലുണ്ടാകണം.

*

കോട്ടയം ഗസറ്റ് കഴിഞ്ഞദിവസം കൊണ്ടുവന്ന വാര്‍ത്ത മാര്‍ക്സിസ്റ്റുകാര്‍ കുരിശിന്റെ വഴിയില്‍ പള്ളിപണിയാന്‍ പോകുന്നുവെന്നാണ്. എന്താണതിനുപിന്നില്‍ എന്ന് ശങ്കിച്ച ശതമന്യുവിന് ഹൈറേഞ്ചില്‍നിന്ന് ഉത്തരം വന്നിരിക്കുന്നു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തേണ്ട സമരപരിപാടിയിലേക്ക് നീങ്ങണമെന്നാണ് ഇടുക്കിരൂപത പറയുന്നത്. ഗാഡ്ഗില്‍- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ഹൈറേഞ്ചില്‍ ചൂടുപിടിച്ചിരിക്കുന്നു. പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയുന്നില്ലെങ്കില്‍ കര്‍ഷകരെ സ്നേഹിക്കുന്നവരെന്നും അവര്‍ക്കുവേണ്ടി നിലകൊള്ളുന്നവരെന്നും അവകാശപ്പെടുന്ന രാഷ്ട്രീയപാര്‍ടികള്‍ ഭരിക്കുന്ന സര്‍ക്കാരില്‍നിന്ന് രാജിവച്ചിറങ്ങി കര്‍ഷകസമരത്തില്‍ പങ്കുചേരണമെന്നാണ് രൂപത ആഹ്വാനംചെയ്യുന്നത്. കര്‍ഷകര്‍ വാഗ്ദാനങ്ങള്‍ കേട്ടുമടുത്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ സംഘടിതമായി നേരിടണമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അപാകങ്ങള്‍ പരിഹരിക്കുകയും പട്ടയം സമയപരിധിക്കുള്ളില്‍ കൊടുത്തുതുടങ്ങുകയും ചെയ്യുന്നില്ലെങ്കില്‍ രാഷ്ട്രീയപാര്‍ടികളെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണമെന്നും ബിഷപ് തുറന്നുപറയുന്നു. അതാണ് റബര്‍ ഗസറ്റിന്റെ യഥാര്‍ഥ വിഷയം. ഈയൊരു കാര്യത്തില്‍ മാര്‍ക്സിസ്റ്റുകാരും ക്രൈസ്തവസഭയും ഒന്നിച്ചുപോകുമോ എന്ന പേടി. കണ്ണൂരില്‍ സെമിനാര്‍ നടത്തി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്താല്‍ കുരിശിന്റെ വഴിയും മാര്‍ക്സിന്റെ വഴിയും ഒന്നായിപ്പോകുമോ എന്ന ആശങ്ക. വല്ല പള്ളിക്കാര്യമോ കുരിശിന്റെ കാര്യമോ പറഞ്ഞ് വഴക്കടിപ്പിച്ചാല്‍ രക്ഷപ്പെടാമല്ലോ എന്ന മോഹം. ശത്രുദോഷം തീര്‍ക്കാനുള്ള വഴിപാട് ഇങ്ങനെയും ആകാം.

*

ക്ലിഫ് ഹൗസ് ഉപരോധം മനുഷാവകാശലംഘനമാകുമെന്ന ഒരു സിദ്ധാന്തം വന്നിട്ടുണ്ട്. മനുഷ്യാവകാശത്തില്‍ കമ്പംകയറി ഉപരോധത്തെയും പഴിക്കാം; തെറ്റില്ല. ഒരു വെള്ളക്കടലാസില്‍ രാജി എന്നെഴുതി ക്ലിഫ് ഹൗസില്‍നിന്ന് തൊട്ടപ്പുറത്തെ രാജ്ഭവനിലേക്ക് ഒരു തപാല്‍ ചെന്നാല്‍ എല്ലാ മനുഷ്യാവകാശവും സംരക്ഷിക്കപ്പെടുമെങ്കിലോ? ആ വഴിക്കും വേഗപ്പൂട്ടില്ലാതെ സഞ്ചരിക്കട്ടെ മനുഷ്യാവകാശചിന്ത. ഒരു കല്ലിന്റെ പിന്നില്‍ ആയിരം കൈയുണ്ടെന്ന കണ്ടുപിടിത്തവുമായി കണ്ണൂരില്‍ രാവുംപകലും വീടുകയറുന്ന പൊലീസുകാര്‍ക്കും പൊലീസിനോട് പോയിപ്പണിനോക്കാന്‍ പറയുന്ന നാട്ടുകാര്‍ക്കും മനുഷ്യാവകാശമുണ്ടെന്ന ചിന്ത വല്ലപ്പോഴുമൊന്നുണര്‍ന്നാല്‍ അത്രയും നല്ലത്.

Sunday, November 3, 2013

കൊല്ലത്തെ ജന"സമ്പര്‍ക്കം"

പീതാംബരം മഞ്ഞപ്പട്ടാണ്. "പൊന്‍വെയില്‍ മണിക്കച്ച അഴിഞ്ഞു വീണു, സ്വര്‍ണ പീതാംബരം ഉലഞ്ഞു വീണു" എന്ന പാട്ടുകേട്ടവര്‍ക്ക് മന്മഥലീലാ വിനോദങ്ങളുമായാണ് പീതാംബരത്തെയും കുറുപ്പിനെയും ബന്ധിപ്പിക്കാന്‍ തോന്നുക. അത് കുറുപ്പിന്റെ കുറ്റമല്ല. പേരില്‍ മഞ്ഞയുള്ളതുകൊണ്ട് മനസ്സ് മഞ്ഞയായിക്കൊള്ളണമെന്നില്ല. പച്ചമലയാളത്തില്‍ "മഞ്ഞക്കുറുപ്പ്" എന്നല്ലേ വിളിക്കേണ്ടത് എന്ന് ചോദിക്കുന്നവരോട്, പേരിലെന്തിരിക്കുന്നു എന്ന് തിരിച്ചുചോദിക്കാം. പീതാംബരനോ നീലാംബരനോ മഞ്ഞക്കുറുപ്പാണോ നീലക്കുറുപ്പാണോ എന്നതല്ല പ്രശ്നം. പൊറുക്കണമെന്നാണ് കുറുപ്പ് കരയുന്നത്. കുറ്റംചെയ്യാത്തവന്‍ മാപ്പപേക്ഷിക്കേണ്ടതില്ല. എന്നിട്ടും കുറുപ്പിന് മാപ്പുകിട്ടിയാലേ സമാധാനമാകൂ എന്നുണ്ടെങ്കില്‍ ആ സന്മനസ്സിനെ പ്രണമിക്കണം. കുറ്റംചെയ്യാതെ തെറ്റുമാത്രം ചെയ്തിട്ടും കുറ്റക്കാരനെന്നു വിളിക്കുമ്പോള്‍ ഫോണില്‍ വിളിച്ചും വാര്‍ത്താസമ്മേളനം വിളിച്ചും മാപ്പുപറഞ്ഞാല്‍ മതി- പാപം തീര്‍ന്നുകൊള്ളും. മുരളീധരന്റെ ഭാഷയില്‍ ശ്വേതാമേനോന്‍ ഇരയല്ല. "പരാതി നല്‍കാന്‍ കഴിയാത്തവരെയോ നിയമത്തെക്കുറിച്ച് അജ്ഞതയുള്ളവരെയോ സമ്പന്നരോട് ഏറ്റുമുട്ടാന്‍ കഴിവില്ലാത്തവരെയോ ആണ് ഇരകളെന്നു പറയുന്നത്" എന്നത്രെ കൊല്ലം പീഡനത്തിന്റെ ഗ്രൂപ്പ് സിദ്ധാന്തം. അതായത്, കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളും എംപിമാരും എംഎല്‍എമാരും മന്ത്രിമാരുമൊന്നും ആ ഗണത്തില്‍ വരില്ല. അവര്‍ പൊതുസ്ഥലത്ത് അപമാനിക്കപ്പെട്ടാല്‍ "ഇര"യെന്ന് വിളിക്കരുത്; കേസും അരുത്.


ആര്‍ക്കും അസുഖം വരാം. ചിലര്‍ക്ക് തലയ്ക്കാകും; ചിലര്‍ക്ക് ഞരമ്പിനാകും. രോഗം ഒരു കുറ്റമല്ല- സഹതാപാര്‍ദ്രമായി ചികിത്സ നല്‍കേണ്ട അവസ്ഥയാണ്. നാരായണ്‍ ദത്ത് തിവാരിയുടെ ഞരമ്പുകളെ ബാധിച്ച ഗുരുതരരോഗം എണ്‍പത്തേഴാമത്തെ വയസ്സിലാണ് കണ്ടുപിടിക്കപ്പെട്ടത്. രാജ്ഭവനിലെ ശീതീകരിച്ച കിടപ്പുമുറിയില്‍ രണ്ടു യുവതികള്‍ അദ്ദേഹത്തിന് സ്വകാര്യചികിത്സ നല്‍കുന്ന വിവരം പുറത്തുവന്നതോടെ, കോണ്‍ഗ്രസിന്റെ ആ പഴയ പടക്കുതിരയ്ക്ക് ശിഷ്ടകാലം വനവാസത്തിന് പോകേണ്ടിവന്നു. മുത്തച്ഛന്റെ പ്രായമുള്ളയാള്‍ പീഡിപ്പിക്കുമോ എന്ന സംശയക്കാരോട് എന്‍ ഡി തിവാരിയുടെ പേര് മിണ്ടരുത്. "എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും" എന്ന സനാതന സത്യം അറിയാത്തവര്‍ക്ക് എന്തുംപറയാം. ഡല്‍ഹിക്കാരന്‍ സുശീല്‍ ശര്‍മയുടെ രോഗം സ്വന്തം കാമുകിയെ കൊന്ന് തന്തൂരി അടുപ്പിലിട്ട് ചുടുന്നതിന്റെ മണം പിടിക്കലായിരുന്നു. അയാളെ തൂക്കണോ വേണ്ടയോ എന്ന് കോടതി മാറിയുംതിരിഞ്ഞും ആലോചിച്ചുകൊണ്ടിരിക്കുന്നു. രാജ്മോഹന്‍ ഉണ്ണിത്താന് രോഗമുണ്ടെങ്കിലും നിയമത്തിന്റെ കണ്ണില്‍ അത് അപകടകാരിയല്ല. ഡോക്ടറുടെ ഇഷ്ടത്തോടെയാണെങ്കില്‍ "ചികിത്സ" ആകാം- കേസുണ്ടാകില്ല.

പേര് പീതാംബരനെങ്കില്‍ മഞ്ഞപ്പട്ടുടുത്ത കണ്ണന്റെ മന്മഥലീലാവിനോദങ്ങളാകാം എന്ന് പുരാണത്തെ ഉദ്ധരിച്ച് കോടതിയില്‍ വാദിക്കാം. ശിഷ്ടകാലം ഭജനയും ഭക്തിയുമായി അടങ്ങിയൊതുങ്ങി ഗോതമ്പുണ്ട ഭക്ഷിച്ചോളാന്‍ കോടതിക്ക് പറയുകയും ചെയ്യാം. സ്ത്രീ എന്നാല്‍ തോണ്ടാനും പിച്ചാനും മാന്താനുമുള്ള മാംസക്കഷണമാണ് എന്ന് സിദ്ധാന്തിക്കുന്നതിനും തടസ്സമില്ല. രോഗികളോട് ആരും തര്‍ക്കിക്കാന്‍ നില്‍ക്കാറില്ല. പൊതുജനമധ്യത്തില്‍ നീചമായി അപമാനിക്കുക; പരാതി വന്നാല്‍ അതില്‍ ദുരുദ്ദേശ്യം ആരോപിച്ച് ഇരയെ വീണ്ടും അപമാനിക്കുക; അപമാനിക്കപ്പെട്ടവര്‍ ഇരയേ അല്ലെന്നുപറയുക; അനുനയിപ്പിക്കാന്‍ ദൂതന്മാരെ വിടുക; കേസ് എടുക്കാതെ അജ്ഞത നടിക്കുക; ജില്ലാ ഭരണാധികാരിയായ കലക്ടറെ പേടിപ്പിച്ച് പൊട്ടന്‍കളിപ്പിക്കുക- സരിതകേരളം അതിവേഗം ബഹുദൂരം മുന്നോട്ട് കുതിക്കുകതന്നെയാണ്. ഖദറിട്ട ജനപ്രതിനിധികള്‍ കൂട്ടത്തോടെ ഇതുപോലെ "ജനസമ്പര്‍ക്ക"ത്തിനിറങ്ങിയാല്‍ പൊലീസിന് വിശ്രമിക്കാം- ഉപരോധവും കരിങ്കൊടിയുമൊന്നുമുണ്ടാകില്ല.

*

സ്കോട്ലന്‍ഡ് യാഡ് മാതൃകയിലാണ് കേരളത്തിലെ പൊലീസ് എന്ന് പണ്ടൊക്കെ ചിലര്‍ വീരസ്യം പറഞ്ഞിരുന്നു. ഇന്നത് ഉമ്മന്‍ചാണ്ടിയുടെ വീടിന്റെ ബാക്യാഡ് അഥവാ അടുക്കളപ്പുറ പൊലീസായി. സകലപണിയും ഇപ്പോള്‍ പിന്നാമ്പുറത്താണ്. തിരുവഞ്ചൂരിന് പൊലീസിനെ നയിക്കണമെങ്കിലും അടുക്കളപ്പുറത്തെ വാതിലിലൂടെ പോകണം. രാമ-രാവണ ബാലി-സുഗ്രീവ കീരി-പാമ്പ് ജോര്‍ജ്-ജോസഫ് കടിപിടി നടമാടുന്ന ആഘോഷമുന്നണിയെ മഞ്ചലേറ്റി നയിക്കാന്‍ കാക്കിയിട്ട അമാലവൃന്ദംതന്നെ വേണം. അമാലന്മാര്‍ക്ക് നല്ലവേഷം കാക്കിതന്നെ. ഇടയ്ക്ക് ചവിട്ടുകൊണ്ടാലും മണ്ണുപറ്റിയതായി തോന്നില്ല. പൊലീസിന് ആപാദചൂഡം മാറ്റം വന്നിട്ടുണ്ട്- എന്നുവച്ചാല്‍ തലസ്ഥാനം മുതല്‍ കാല്‍നഖമായ കാസര്‍കോടുവരെ പൊലീസ് മാറിയിരിക്കുന്നു. വടക്ക് കണ്ണൂരില്‍ മലദ്വാരത്തില്‍ കമ്പികയറ്റുന്ന പരീക്ഷണമാണ് പൊലീസിനെങ്കില്‍ തെക്ക് കഴക്കൂട്ടത്ത് വരിയുടയ്ക്കലും ആറ്റിങ്ങലില്‍ പച്ചമുളകുകൊണ്ടുള്ള വന്ധ്യതാചികിത്സയുമാണ് ഗവേഷണവിഷയം. സത്യസന്ധരും മിടുമിടുക്കരുമായ പൊലീസുകാര്‍ കമ്പിക്കഷണംകൊണ്ട് സുകുമാരകലകള്‍ അഭ്യസിക്കുകയാണ്.

തിരുവഞ്ചൂരില്‍ 1948ന്റെ ക്രിസ്മസ് പിറ്റേന്ന് ഒരു തിരുപ്പിറവിയുണ്ടായില്ലെങ്കില്‍ കേരളം പാഴ്മരുഭൂമിയായും കേരള പൊലീസ് പാഴ്വസ്തുവായും മാറിയേനെ. കൃത്യാന്തരബാഹുല്യം എന്നാലെന്തെന്നറിയാന്‍ സാദാ പൊലീസ് സ്റ്റേഷനില്‍ ചെന്നാല്‍മതി. അകമ്പടി, അടി, ഇടി എന്നതാണ് പൊലീസിന്റെ കര്‍മസൂക്തം. സരിതയ്ക്കും ജോപ്പനും കവിതയ്ക്കും കഥയ്ക്കും കഥയില്ലാത്ത മുഖ്യനും അകമ്പടി പോകുന്ന സമയം കഴിഞ്ഞാല്‍ പച്ചവെള്ളംകുടിക്കാന്‍ പോലും പൊലീസുകാരന് സമയംകിട്ടുന്നില്ല. അതിനിടയില്‍ വൃഷണം തകര്‍ക്കല്‍, കമ്പി കയറ്റല്‍, സൊസൈറ്റി തെരഞ്ഞെടുപ്പ്് അട്ടിമറി, സരിതയ്ക്ക് വെള്ളംചൂടാക്കല്‍- ചില്ലിചിക്കന്‍ പാഴ്സല്‍ വാങ്ങല്‍, കിടക്കവിരിക്കല്‍, മൊബൈല്‍ ഫോണ്‍ ചുണ്ടില്‍വച്ചുകൊടുക്കല്‍ തുടങ്ങിയ ഭാരിച്ച പണികള്‍ പൂര്‍ത്തിയാക്കണം.

ജോപ്പനും ജിക്കുവും ഭരിച്ച കാലംപോലല്ല. അന്ന് ഇഷ്ടംപോലെ സമയമുണ്ടായിരുന്നു. പാട്ടുപാടിയും നൃത്തംചെയ്തും മൊബൈലില്‍ പടംപിടിച്ച് സരിതയ്ക്ക് കൊടുത്ത് സായുജ്യമടഞ്ഞും വിശ്രമവേളകളെ വിനോദപ്രദമാക്കാമായിരുന്നു. ഇന്നിപ്പോള്‍ ചുറ്റും കുഴപ്പമാണ്. ഐജി ചോര്‍ത്തും; എഡിജിപി തിരിച്ചു ചോര്‍ത്തും. രാധ നൃത്തമാടും കൃഷ്ണന്‍ പുല്ലാങ്കുഴലൂതും. ഒരാളെ ഒരിക്കല്‍ ചോദ്യംചെയ്താല്‍ മതിയാവില്ല. അഞ്ചുവട്ടം ചോദ്യമെറിഞ്ഞ്, അഞ്ചുതരം മറുപടി എഴുതിക്കൊടുത്ത് പുതുപ്പള്ളിയില്‍നിന്ന് അച്ചാരം വാങ്ങണം. ഉമ്മന്‍ചാണ്ടിക്ക് ഏറുകിട്ടുമ്പോള്‍ ചെന്നിത്തലയുടെ ഏറുകൊള്ളണം. ആര്‍ടി ഓഫീസില്‍ ഒളിഞ്ഞിരുന്ന് എറിഞ്ഞ കല്ലെന്ന് ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് കൊടുക്കണം; ഒരു കല്ലിന്റെ പേരില്‍ ആയിരം പേര്‍ക്കെതിരെ കേസെടുക്കണം. റേഷന്‍കടയും സ്കൂളും പൂട്ടിച്ച് നടത്തിപ്പുകാരെ പിടിച്ചുകൊണ്ടുപോകണം. "കല്ലിനുമുണ്ടൊരു കഥപറയാന്‍" എന്നതാണ് കണ്ണൂരിലെ പൊലീസ് അവതരിപ്പിക്കുന്ന പുതിയ നാടകം. മുഖ്യന്റെ കാറില്‍ വീണത് സാധാരണ കല്ലല്ല; പറപറക്കും കല്ലാണ്. പറന്നുവന്ന് ചില്ലുടച്ച് നെഞ്ചില്‍തട്ടി ചായംപൂശി സിദ്ദിഖിന്റെ കൈയില്‍ മുത്തി അമര്‍ന്ന് വലത്തോട്ടുമാറി മറുചില്ലുടച്ച് ചിതറിത്തെറിപ്പിച്ച് താഴെപ്പോയ മാന്ത്രികക്കല്ല്. അത്തരമൊരമൂല്യ ശില ഒരാള്‍ക്ക് എറിയാന്‍ കഴിയില്ല- കുറഞ്ഞത് ആയിരംപേരെങ്കിലും വേണമെന്നത് അലംഘനീയയുക്തിതന്നെ. കല്ലും കല്ലുകൊണ്ട മുഖ്യന്റെ കല്ലുപോലത്തെ നെഞ്ചും പ്രധാനകഥാപാത്രങ്ങളായി അരങ്ങിലെത്തുന്ന നാടകം, മുടങ്ങിപ്പോയ സമ്പര്‍ക്കപരിപാടിക്ക് ബദലായി നാടാകെ അവതരിപ്പിക്കാവുന്നതാണ്. പൊലീസിനായാലും ആകെ മുങ്ങിയാല്‍ പിന്നെ കുളിരില്ല. കേസ് ഉണ്ടാക്കുന്നതുപോലെയല്ല ഇല്ലാതാക്കല്‍. അതിന് അല്‍പ്പം ബുദ്ധിവേണം. ഹേമചന്ദ്രന് അതുണ്ട് എന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. അതുകൊണ്ടാണ്, തെളിവുകള്‍ ആവിയാക്കുന്ന ജോലി അവിടെ ഏല്‍പ്പിച്ചത്.

താന്‍ കൊടുത്ത മൊഴി കോടതിയില്‍ കണ്ടപ്പോള്‍ സരിതപോലും ഞെട്ടിപ്പോയി എന്നാണ് വാര്‍ത്ത. ഉമ്മന്‍ചാണ്ടിയുടെ പേര് വരുന്നിടത്തെല്ലാം ജോപ്പന്‍ എന്ന് എഴുതിച്ചേര്‍ത്തുവത്രെ. പാവം ജോപ്പന്‍- ദുര്‍ബല നിമിഷങ്ങളെ പഴിച്ച് അജ്ഞാതവാസത്തിലാണ്. കുരുവിളയെ കണ്ടവരില്ല. ജിക്കുമോന്‍ വനവാസത്തിലാണ്. ശാലുമേനോന്‍ പുതിയ സീരിയലില്‍ പറ്റിയ വേഷംതന്നെ കെട്ടുന്നു- പൊലീസിന്റെ. സലിംരാജിനെ വിളിച്ചുവരുത്തി കുശലംപറഞ്ഞ് ചായകൊടുത്ത് വിടുന്നതാണ് പൊലീസ് അനുഷ്ഠിക്കുന്ന പുതിയ മഹാത്യാഗം. എല്ലാ ത്യാഗവും സഹനവും ഒന്നാംക്ലാസോടെ പാസായിട്ടും കണ്ണൂരിലെ രാഹുല്‍നായരെയും സുകുമാരനെയും വേണ്ടപോലെ പരിഗണിക്കുന്നില്ല എന്ന പരാതി ബാക്കിയുണ്ട്. കല്ലെറിഞ്ഞതും അവരല്ല; കാറില്‍ ഗണ്‍മാന് പകരമിരുന്നതും അവരല്ല. കമ്പികയറ്റിയതിനും സ്വയം നാണംകെട്ട് ജയരാജനെ അറസ്റ്റ് ചെയ്തതിനും കൂലി കൊടുത്തില്ലെങ്കില്‍ പോകട്ടെ, നന്ദികേട് കാട്ടാതിരിക്കുകയെങ്കിലും വേണം. കണ്ണൂരിലെ സുരക്ഷാപാളിച്ച കുറെ സാദാ പൊലീസുകാരുടെ കന്നന്തിരിവാണെന്ന് റിപ്പോര്‍ട്ടെഴുതി കൂട്ടത്തോടെ സ്ഥലംമാറ്റുകയോ സസ്പെന്‍ഡ് ചെയ്യുകയോ ആവാം. സുകുമാര രാഹുലാദികള്‍ കര്‍മകാണ്ഡം തുടരട്ടെ. ബാക്യാഡ് പൊലീസിന്റെ അഭിമാന ഭാജനങ്ങളാണല്ലോ അവര്‍.

*

എല്ലാം കണ്ടും കേട്ടും നെടുവീര്‍പ്പിടുന്ന ഒരാളുണ്ട്- സുനന്ദ പുഷ്കര്‍. കേന്ദ്രമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞചെയ്ത പതിയുമൊത്ത് അനന്തപുരിയില്‍ വന്നിറങ്ങിയ സുനന്ദയെ കോണ്‍ഗ്രസുകാര്‍ എപ്രകാരം സ്നേഹിച്ചു എന്നന്വേഷിച്ചാല്‍ ശ്വേത പീതാംബരക്കുറുപ്പിനെ വെറുതെവിടും. അന്ന് സുനന്ദയെ വളഞ്ഞ് സ്നേഹംകൊടുത്തവര്‍ എംഎക്കാരെങ്കില്‍ കുറുപ്പ് വെറും എട്ടാം ക്ലാസ്.

Sunday, October 27, 2013

കണ്‍മുന്നിലെ അത്ഭുതസിദ്ധി

തീയിലൂടെ നടക്കുന്നതും വെറ്റിലനോക്കി ഭൂതവും ഭാവിയും പ്രവചിക്കുന്നതും ഏലസ്സുകെട്ടിച്ച് സമ്പന്നനാക്കുന്നതും ചെറിയ ചെറിയ അത്ഭുതകൃത്യങ്ങള്‍ മാത്രം. കര്‍ക്കടകത്തില്‍ മഴപെയ്യിക്കാനും ഭൂമിയെ സൂര്യന് വലംചുറ്റിക്കാനും രാവും പകലും മാറിമാറിയുണ്ടാക്കാനും കഴിവുള്ള ആള്‍ദൈവങ്ങള്‍ ചരിത്രത്തിലുണ്ട്. എന്തിന്, കേന്ദ്രത്തില്‍ മന്ത്രിമാരെയും പ്രധാനമന്ത്രിയെയും സൃഷ്ടിച്ച ദൈവം വാണ നാടാണിത്. ന്യുമോണിയ ബാധിച്ച് മരിച്ചെന്നും മോക്ഷം തേടി വന്ന ശിഷ്യയെ കയറിപ്പിടിച്ചെന്നും സിനിമാനടിയെ ഉടലോടെ സ്വര്‍ഗത്തിലേക്കെടുത്തെന്നും മറ്റും ആള്‍ദൈവങ്ങള്‍ക്കെതിരെ ആക്ഷേപമുയര്‍ത്തുന്നവരുണ്ട്. അത്തരക്കാര്‍ക്കാണ് ചികിത്സ വേണ്ടത്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നാണ്. നമ്മുടെ തൊട്ടരികില്‍, കണ്‍മുന്നില്‍ നില്‍ക്കുന്നത് എത്ര വലിയ ആള്‍ദൈവമാണെന്ന് മനസ്സിലാക്കാത്തതാണ് കേരളീയന്റെ കുഴപ്പം.

കൊച്ചിയില്‍ നടന്ന ജനസമ്പര്‍ക്കപരിപാടി എന്ന അത്ഭുതപ്രവര്‍ത്തനത്തിന്റെ മഹത്വം പലര്‍ക്കും അറിഞ്ഞുകൂടാ. ഉമ്മന്‍സ്വാമിജിയോട് കടലോളംപോന്ന പ്രണയവുമായി ഒരു പത്രം ഇങ്ങനെ എഴുതുന്നു: ""വെള്ളിയാഴ്ച കലക്ടറേറ്റില്‍ ജനസമ്പര്‍ക്കപരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരാതിപരിഹാരവുമായി തുടര്‍ച്ചയായ 15 മണിക്കൂറാണ് ജനമധ്യത്തില്‍ ചെലവഴിച്ചത്. രാവിലെ ഒമ്പതിന് വേദിയിലെത്തിയ മുഖ്യമന്ത്രി ഇടവേളയില്ലാതെയാണ് പരാതിപരിഹാരവുമായി ജനമധ്യത്തില്‍ നിലയുറപ്പിച്ചത്. രാത്രിയിലും ജനങ്ങളുടെ ഒഴുക്ക് തുടര്‍ന്നതോടെ ശനിയാഴ്ച പുലര്‍ച്ചെവരെ അദ്ദേഹം കലക്ടറേറ്റ് മൈതാനിയില്‍ ഒരുക്കിയ ജനസമ്പര്‍ക്കവേദിയില്‍ നിന്നു. പുലര്‍ച്ചെ അവസാനത്തെ പരാതിക്കാരനെയും കണ്ടെന്നുറപ്പാക്കിയശേഷമാണ് മുഖ്യമന്ത്രി സമാപനപ്രസംഗം നടത്തിയത്. എന്നാല്‍, പ്രസംഗശേഷവും പരാതികള്‍ വന്നതിനാല്‍ രണ്ടരമണിയോടെയാണ് അദ്ദേഹത്തിന് വേദി വിടാനായത്.........

.ഇതിനിടെ രാവിലെ മുതല്‍ പലതവണയായി മുഖ്യമന്ത്രി അപേക്ഷകര്‍ക്കായുള്ള പ്രത്യേക ഇരിപ്പിടങ്ങളിലെത്തി പരാതികള്‍ നേരിട്ടുവാങ്ങി. അര്‍ഹരായവരെല്ലാം നിറഞ്ഞമനസ്സോടെയാണ് മടങ്ങിയത്. പുലര്‍ച്ചെയോടെ പതിനയ്യായിരത്തോളം പേരെയാണ് മുഖ്യമന്ത്രി മാത്രം കണ്ട് പ്രശ്നപരിഹാരം നടത്തിയത്."" ഇത്തരമൊരു മഹായജ്ഞം നടത്തിയ ആളെ ഐക്യരാഷ്ട്രസഭ ഒരു സര്‍വാണി അവാര്‍ഡ് നല്‍കി അപമാനിച്ചതാണ് പ്രശ്നം. പതിനഞ്ചു മണിക്കൂര്‍കൊണ്ട് ആര്‍ക്കുകഴിയും ഈ മഹാത്ഭുതപ്രവര്‍ത്തനം. പതിനഞ്ചു മണിക്കൂര്‍ എന്നാല്‍ തൊള്ളായിരം മിനിറ്റ്. അതിനെ പിന്നെയും ചെറുതാക്കിയാല്‍ 54000 സെക്കന്‍ഡ്. പതിനയ്യായിരം പരാതി അത്രയും സമയംകൊണ്ട് പരിഹരിച്ചാല്‍ ഒരു പരാതിക്ക് 3.6 സെക്കന്റ്. അതായത്, "ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സമക്ഷത്തിങ്കലേക്ക്" എന്ന് വായിക്കാനുള്ള സമയം. പതിനഞ്ചു മണിക്കൂറില്‍ ഭക്ഷണംകഴിക്കാനും പ്രാഥമികകൃത്യങ്ങള്‍ക്കും അല്‍പ്പസമയമെങ്കിലും വേണ്ടിവന്നുവെങ്കില്‍ (ആള്‍ദൈവങ്ങള്‍ക്ക് അത്തരം കാര്യങ്ങള്‍ പതിവുണ്ടോ ആവോ) ഒരു പരാതി പരിഹരിക്കാന്‍ കഷ്ടി മൂന്നു സെക്കന്‍ഡ് കിട്ടില്ല. അതിനുപുറമെയാണ് പ്രസംഗവും പ്രത്യേക ഇരിപ്പിടങ്ങളിലെത്തി നേരിട്ട് ദര്‍ശനവും. തിരുമല തിരുപ്പതി വെങ്കടാചലപതിക്കോ ഗുരുവായൂരപ്പനോ വേളാങ്കണ്ണി മാതാവിനോ ഇല്ലാത്ത സിദ്ധിയാണ് കേരളത്തിന്റെ വരദാനമായ ഈ മഹാനുഭാവന് എന്നു മനസ്സിലാക്കി ആരാധനാലയം പണിയുക എന്നതാണ് "നിറഞ്ഞ മനസ്സോടെ" മടങ്ങുന്നവര്‍ക്ക് ചെയ്യാനുള്ള ഉപകാരസ്മരണ. അതിനുപകരം കരിങ്കൊടിയും ഉപരോധവുമായി ചെല്ലുന്നത് നിര്‍ത്തിവയ്ക്കുന്ന കാര്യം പ്രതിപക്ഷം ആലോചിക്കണം.

പരാതിക്കാരനെ കണ്ടാലുടനെ ന്യായാന്യായങ്ങളും പരിഹാരവും ജ്ഞാനദൃഷ്ടിയില്‍ മനസ്സിലാക്കി തീര്‍പ്പുകല്‍പ്പിക്കുന്ന മഹാത്ഭുതമൂര്‍ത്തിയെ ഡല്‍ഹിയിലേക്കെടുത്ത് രാജ്യത്തെയും കോണ്‍ഗ്രസിനെയും രക്ഷിക്കാനുള്ള ശുപാര്‍ശയെങ്കിലും മുകുള്‍ വാസ്നിക്ക് വശം കൊടുത്തയക്കാനുള്ള സൗമനസ്യം ഹരിപ്പാട്ടുകാര്‍ക്കുണ്ടാകേണ്ടതാണ്. സോളാര്‍ ചൂടില്‍ നാടു വേവുമ്പോള്‍ ഹേമചന്ദ്രതീര്‍ഥംകൊണ്ട് മഞ്ഞും കുളിരും സൃഷ്ടിച്ചതും തെളിവും മൊഴികളും ആവിയാക്കിയതും ലജ്ജ എന്ന പദം മലയാളനിഘണ്ടുവില്‍നിന്ന് എടുത്തുകളഞ്ഞതും അനുബന്ധ അത്ഭുതസിദ്ധികളുടെ പട്ടികയില്‍പെടുത്തി പുണ്യാളപട്ടത്തിനായി ഒരപേക്ഷ അയപ്പിക്കാനും ആരെങ്കിലും തയ്യാറാകണം. അഞ്ചപ്പംകൊണ്ട് അയ്യായിരംപേരെ ഊട്ടിയത് പഴങ്കഥയാക്കി ഫ്രീസറില്‍ വയ്ക്കണം. പതിനഞ്ചു മണിക്കൂര്‍ കൊണ്ട് പതിനയ്യായിരം പരാതി പരിഹരിച്ചവന്‍ ഈ നാടിന്റെ ഐശ്വര്യം എന്ന ഫ്ളക്സ് നാടാകെ ഉയര്‍ത്തണം. പുതുപ്പള്ളി ഹൗസും ക്ലിഫ്ഹൗസും തീര്‍ഥാടനകേന്ദ്രങ്ങളായി യുഎന്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനും അമാന്തമരുത്. ദര്‍ശനത്തിന് ടിക്കറ്റ് വച്ചാല്‍ അതും വരുമാനമാകും. കടകംപള്ളിയിലെ നാല്‍പ്പതേക്കറിലോ സ്മാര്‍ട്ട് സിറ്റി ബോര്‍ഡുംവച്ച് വെറുതെ കിടക്കുന്ന കൊച്ചിയിലെ ഭൂമിയിലോ ബോള്‍ഗാട്ടിയിലോ ആരാധനാലയസമുച്ചയം പണിത് വാഴ്ത്തപ്പെടേണ്ടവനെ കുടിയിരുത്താവുന്നതുമാണ്.

*

ഇരുകാലിലും പെരുമന്തുള്ളവന്‍ ഒരുകാല്‍ മന്തനെ "മന്താ..." എന്നു വിളിക്കാമെന്ന് ആര്‍ഷഭാരത സൈദ്ധാന്തികര്‍ സമര്‍ഥിച്ചിട്ടുണ്ട്. ഇരുകാല്‍ മന്തും പെരുങ്കൂനുമുണ്ടെങ്കില്‍ സാദാ മന്തന്മാര്‍ക്കും കൂനന്മാര്‍ക്കും മുകളിലാണ് സ്ഥാനം എന്ന് വേദോപനിഷത്തുകളില്‍ വിധിച്ചിട്ടുമുണ്ട്. അതുകൊണ്ട് മോഡിക്ക് മഅ്ദനിയെ "ഭീകരാ...." എന്ന് വിളിക്കാം. നാഗ്പുരില്‍ പൂജിച്ച ട്രൗസറിട്ട് ക്വട്ടേഷന്‍പണിക്കുപോകുന്നവന് ആരെയും എന്തും വിളിക്കാം. രാജാവിന്റെ ഉറക്കം പള്ളിയുറക്കമാണ്. രാജ്ഞിയുടെ പ്രസവം തിരുവയറൊഴിയലും. അതുപോലെയാണ് ആര്‍എസ്എസിന്റെ ദേശീയ നിര്‍വാഹക സമിതി യോഗത്തെ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ എന്ന് വിളിക്കുന്നത്. കൊച്ചിയില്‍ അറബിക്കടലിന്റെ കാറ്റും സുഖിയന്‍ ശാപ്പാടുമായി ഇരിക്കുമ്പോഴാണ്, ആര്‍എസ്എസ് കാര്യകാരികള്‍ക്ക് കേരളം തീവ്രവാദത്തിന്റെ കേന്ദ്രമായി എന്ന് തോന്നുന്നത്. രാഷ്ട്രപിതാവിനെ കൊന്നശേഷം നിരോധിക്കപ്പെട്ടവര്‍ക്ക് "ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ" കുറിച്ച് ആശങ്ക വരുന്നുപോലും. "ഹിന്ദുയുവതികളെ ആസൂത്രിതമായി വശീകരിക്കല്‍, വിദ്വേഷം പ്രചരിപ്പിക്കുന്ന ലഘുലേഖകളുടെ വിതരണം, ചില മാധ്യമങ്ങളിലൂടെയുള്ള വിഷതുല്യമായ പ്രചാരണം" -ഇവയൊക്കെയത്രെ കേരളത്തെ തീവ്രവാദകേന്ദ്രമാക്കുന്നത്. കാവിയുടുത്ത് കൈയിലും കഴുത്തിലും വര്‍ണച്ചരടും കുങ്കുമപ്പൊട്ടുമായി ബസ് സ്റ്റോപ്പിലും ജങ്ഷനിലും പെണ്‍കുട്ടികളെ കമന്റടിക്കാനും മാന്താനും തോണ്ടാനും കരാറെടുത്തത് ഏതു ഭീകരരാണാവോ? ഇസ്ലാമിന്റെ ഗര്‍ഭപാത്രത്തില്‍ ഹിന്ദുബീജം നിക്ഷേപിക്കാന്‍ ആഹ്വാനംചെയ്ത് ലഘുലേഖയിറക്കിയത് ആസാറാം ബാപ്പുവോ അതോ ആര്‍എസ്എസ് ആശാന്മാരോ? ഇസ്രത്ത് ജഹാനെയും പ്രാണേഷ് കുമാറിനെയും വെടിവച്ചുകൊല്ലിച്ച് തീവ്രവാദപ്പുതപ്പണിയിച്ച് വീരനായകനായ മോഡി ഇപ്പോഴും നാട്ടിലൊക്കെത്തന്നെയില്ലേ? ജന്മഭൂമിയിലും പുണ്യഭൂമിയിലും പിന്നെ പലപല ഭൂമികളിലും വിടര്‍ന്നു പരിലസിക്കുന്ന വിദ്വേഷപ്പൂവുകള്‍ക്ക് ചോരയുടെയും മരണത്തിന്റെയും മണംതന്നെയല്ലേ?

ഗര്‍ഭിണിയുടെ നിറവയര്‍ കുത്തിപ്പിളര്‍ന്ന് ഭ്രൂണം പറിച്ചെടുത്ത് തീയിലിട്ടവനില്‍നിന്ന് തീവ്രവാദത്തിന്റെ നിര്‍വചനം പഠിക്കാന്‍ ആളിനെ വേറെ കൊണ്ടുവരണം. കേരളത്തില്‍ തീവ്രവാദമുണ്ട്; ഭീകരതയുണ്ട്; വര്‍ഗീയതയുണ്ട്. അതിലെല്ലാം ആര്‍എസ്്എസ് ഒരു ഭാഗത്തുണ്ട്്. മറുഭാഗത്ത് പലരുമുണ്ട്. അധികാരം പിടിക്കാന്‍ ആര്‍എസ്എസിനെയും എന്‍ഡിഎഫിനെയും മാറിമാറി പ്രീണിപ്പിച്ച് കളിക്കുന്ന മാന്യന്മാരുണ്ട്. വര്‍ഗീയ രാഷ്ട്രീയക്കളിക്കെതിരെ പറയാന്‍ ആര്‍എസ്എസിന് അവകാശമില്ല. വര്‍ഗീയതയുടെ മന്തും തീവ്രവാദത്തിന്റെ കൂനും അതിന്മേല്‍ അധികാരമോഹത്തിന്റെ കുരുവുമായി ചുറ്റിക്കറങ്ങുന്ന പേക്കോലങ്ങളില്‍ ഒന്ന് മറ്റൊന്നിനെ തള്ളിപ്പറയുന്നതിലല്ല; എല്ലാറ്റിനെയും പിടിച്ച് ചങ്ങലയ്ക്കിട്ട് ചികിത്സിക്കുന്നതിലാണ് കാര്യം. അത് ജനങ്ങള്‍ നടത്തിക്കൊള്ളും.

*

എസ്എംഎസിന്റെയും ഇ മെയിലിന്റെയും ഫേസ്ബുക്കിന്റെയുമൊക്കെ വില പലരും മനസ്സിലാക്കി വരുന്നേയുള്ളൂ. തെരഞ്ഞെടുപ്പു കമീഷന് അതെന്താണെന്ന് ഇപ്പോള്‍ മനസ്സിലായി. അതിനുമുമ്പുതന്നെ കണ്ണൂരിലെ സുധാകരനും നവമാധ്യമസാക്ഷരത കൈവന്നു. സുധാകരേട്ടനെ വിളിക്കൂ, ചെന്നിത്തലയെ വനവാസത്തിനയക്കൂ; കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് ഡല്‍ഹിക്കു പറക്കുന്ന നവമാധ്യമസന്ദേശമത്രെ. അങ്ങനെ അയച്ച ഒരു നേതാവിനെ മറ്റൊരു നേതാവ് മുഖമടച്ച് സ്നേഹിച്ചതല്ല; അത് ചെന്നിത്തല കണ്ടുപോയതാണ് ഇപ്പോള്‍ കുറ്റം. എസ്എംഎസിലൂടെയും ഇ മെയിലിലൂടെയുമാണ് ജനനേതാക്കള്‍ ഉദിച്ചുയരുക എന്ന് കോണ്‍ഗ്രസില്‍ ആരെങ്കിലും ചിന്തിച്ചുപോയാല്‍ അതൊരു കുറ്റമാണോ? കണ്ണൂരിലെയും അന്യനാടുകളിലെയും കോണ്‍ഗ്രസിനെ നന്നാക്കിയ സുധാകരന് ഒരു ചാന്‍സ് കൊടുക്കേണ്ടതല്ലേ? ചര്‍ക്കയ്ക്ക് പകരംവയ്ക്കാന്‍ നാടന്‍ ബോംബ്, വടിവാള്‍ തുടങ്ങിയ അഹിംസാ ഉപകരണങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതല്ലേ? ഇ മെയില്‍ എന്തെന്നറിയാത്ത സുധീരനെപ്പോലുള്ളവരെ ഇടയ്ക്ക് ഓര്‍ക്കുന്നതും നല്ലതാണ്.

Monday, October 21, 2013

മാറാരോഗത്തിന് വിവാദചികിത്സ

ചില രോഗങ്ങള്‍ക്ക് ഒറ്റമൂലി മാത്രമേ ഫലിക്കൂ എന്നൊരു വിശ്വാസമുണ്ട്. വിവാദം ഭക്ഷിച്ചാലേ യുഡിഎഫ് സര്‍ക്കാരിന്റെ ആയുസ്സ് നീട്ടിക്കിട്ടൂ. എപ്പോള്‍ അസുഖം മൂര്‍ച്ഛിക്കുന്നോ അപ്പോള്‍ വിവാദത്തിന്റെ ഗുളിക നാക്കിനടിയില്‍ തിരുകണം. അതുകഴിഞ്ഞ് ഞരമ്പുവഴി വിവാദം കുത്തിക്കയറ്റിക്കൊണ്ടേയിരിക്കണം. പി സി ജോര്‍ജാണ് ഇപ്പോഴും എപ്പോഴും വിവാദമരുന്നിന്റെ മുഖ്യ ഉല്‍പ്പാദനകേന്ദ്രം. ജോര്‍ജിനു ചുറ്റും കറങ്ങുകയാണ് യുഡിഎഫ് രാഷ്ട്രീയമെന്നും പറയാം. ജോര്‍ജിനെ മടക്കിച്ചുരുട്ടിക്കെട്ടി ഭദ്രമാക്കി ഈരാറ്റുപേട്ട ടിബിയുടെ പിന്നാമ്പുറത്ത് കൊണ്ടുപോയി വച്ചാല്‍ യുഡിഎഫ് രക്ഷപ്പെട്ടു എന്ന് പറയുന്നവരെ ശ്രദ്ധിക്കണം. അവര്‍ ശത്രുക്കളാകാന്‍ വഴിയുണ്ട്. കണ്ണുള്ളപ്പോഴേ കണ്ണിന്റെ വിലയറിയൂ. ജോര്‍ജ് ഇല്ലെങ്കില്‍ കാണാം ഈരാറ്റുപേട്ട മരുന്നിന്റെ വില.

ചില മരുന്നുകള്‍ കുടിക്കുമ്പോള്‍ കയ്പും ചവര്‍പ്പുമാകും. അര്‍ബുദത്തിന്റെ മരുന്നാണെങ്കില്‍ കുത്തിവയ്ക്കുമ്പോള്‍ ഛര്‍ദിയുണ്ടാകും; പിന്നെ മുടി കൊഴിയും- എന്നാലെന്ത് രോഗത്തിന് ശമനമുണ്ടാകില്ലേ എന്നതാണാശ്വാസം. ജോര്‍ജിന്റെ പ്രസ്താവന ആദ്യകേള്‍വിയില്‍ യുഡിഎഫ് വിരുദ്ധമാണെന്നു തോന്നും. ഗണേശ് കുമാറിന്റെ ചില കാര്യങ്ങള്‍ ജോര്‍ജ് വെളിപ്പെടുത്തിയപ്പോള്‍ അയ്യേയെന്നും അയ്യയ്യേയെന്നും പ്രതികരിച്ചവര്‍ ധാരാളം. പിന്നീട് വിവാദം ഗണേശിനെക്കുറിച്ചും യാമിനി കൊടുത്തതും വാങ്ങിയതുമായ തല്ലിനെക്കുറിച്ചും മന്ത്രിമന്ദിരത്തില്‍ വിരുന്നുചെന്നവന്റെ കായികക്ഷമതയെക്കുറിച്ചുമായി. ഒടുവില്‍ ഗണേശിന് രാജിവയ്ക്കേണ്ടിവന്നു; യുഡിഎഫ് പരിക്കില്ലാതെ തടി രക്ഷപ്പെടുത്തുകയുംചെയ്തു. ഇപ്പോള്‍ ഗണേശ് മന്ത്രിയായാലും ഇല്ലെങ്കിലും ജോര്‍ജിന് എതിര്‍പ്പില്ല- ആ ഭാഗം ശുഭാന്ത്യം. ഇതാണ് രീതി

പ്രതികരണം; ആക്രമണം; ചര്‍ച്ച; പ്രതിചര്‍ച്ച- ഒടുവില്‍ കൈകൊടുത്ത് ഭായി ഭായി പറഞ്ഞ് പിരിയല്‍. വിവാദത്തില്‍ ഹരം മൂത്തും, എറണാകുളം ഗസ്റ്റ് ഹൗസില്‍ എന്തായിരിക്കും ഒരുമണിക്കൂര്‍ ചര്‍ച്ചചെയ്തത് എന്ന് തിരിഞ്ഞും മറിഞ്ഞും ചിന്തിച്ചും, തിരുവഞ്ചൂര്‍- ജോര്‍ജ് തര്‍ക്കത്തിന്റെ അഡല്‍ട്സ് ഒണ്‍ലി ഭാഗങ്ങള്‍ ഭാവനയില്‍ പുനഃസൃഷ്ടിച്ചും ജനങ്ങള്‍ രസിക്കുമ്പോള്‍ യുഡിഎഫ് പിന്നെയും രക്ഷപ്പെടുന്നു. പണിയും കൂലിയുമില്ല; അവശര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നില്ല; സ്വന്തംവിഹിതം അടച്ച പദ്ധതിയില്‍നിന്നുള്ള പെന്‍ഷന്‍പോലും കിട്ടാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയെ ശപിക്കുന്നു. അരിയും തുണിയും അന്യായവിലയ്ക്കാണ് വില്‍പ്പന. സര്‍ക്കാര്‍ വിതരണകേന്ദ്രങ്ങളില്‍ അഴിമതിത്തുരപ്പന്മാര്‍ വാഴുന്നു. ട്രഷറി പൂട്ടുമ്പോള്‍, മുമ്പ് മൂന്നുതവണ പൂട്ടിയ എന്നോടാണോ കളി എന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചോദ്യം.

പൊലീസുകാരുടെ പ്രധാന പണി മുഖ്യമന്ത്രിക്ക് അകമ്പടിപോകലാണ്. പത്തും പതിനഞ്ചും കിലോമീറ്റര്‍ ചുറ്റിവളഞ്ഞ് തലയില്‍ മുണ്ടിട്ട് പൊതുപരിപാടിക്ക് പോയ മുഖ്യമന്ത്രി സരിത കേരളത്തിന് അഭിമാനംതന്നെ. ഇനിയിപ്പോള്‍ കാസര്‍കോട്ടേക്ക് നാഗര്‍കോവില്‍, തൃശിനാപ്പള്ളി, പൊള്ളാച്ചി, മടിക്കേരി വഴി പോകാവുന്നതേയുള്ളൂ. ഉമ്മന്‍ചാണ്ടിയുടെ മുഖം ടിവിയില്‍ കാണുമ്പോള്‍ കുട്ടികള്‍ക്ക് ചിരിവരുന്ന കാലമാണ്. ഐസിയുവില്‍ അതീവ ഗുരുതരാവസ്ഥയില്‍ കിടക്കുന്ന രോഗിയെ സ്ട്രെച്ചറില്‍ കിടത്തി ആംബുലന്‍സില്‍ പ്രദര്‍ശനത്തിന് കൊണ്ടുവരികയും ആയിരംരൂപ ആശ്വാസം നല്‍കുകയും ചെയ്യുന്ന നാടകം മറ്റാരും കളിക്കാത്തതാണ്. ആ ദുഃഖനാടകം കണ്ടിട്ടും കുട്ടികള്‍ ചിരിക്കുന്നുണ്ടെങ്കില്‍, വിദൂഷക കഥാപാത്രത്തിന്റെ അഭിനയപാടവം അപാരമെന്നേ പറയാവൂ. കിട്ടേണ്ടത് ഓസ്കര്‍ അവാര്‍ഡായിരുന്നു. അഭിനയംകൊണ്ടും കാര്യം നടക്കാതിരിക്കുമ്പോഴാണ് വിവാദത്തിന്റെ മരുന്ന് പ്രസക്തമാകുന്നത്.

ജോര്‍ജ് സ്വന്തമായി ഉണ്ടാക്കുന്ന വിവാദമൊന്നും പോര ചികിത്സയ്ക്ക്. മനോരമയും മാതൃഭൂമിയുമുള്ളതുകൊണ്ട് കാര്യങ്ങള്‍ മുട്ടില്ലാതെ പോകുന്നു. മണ്ണിനടിയില്‍ കിടന്ന് തുരുമ്പെടുത്തതായാലും സ്ഥാനംഗണിച്ച് കണ്ടുപിടിച്ച് കുഴിച്ച് പുറത്തെടുത്ത് ഉലയിലിട്ട് പരുവപ്പെടുത്താന്‍ നല്ല മിടുക്കാണ് മകാരമാധ്യമങ്ങള്‍ക്ക്. ഞാനോ നീയോ മുമ്പനെന്ന് തര്‍ക്കിച്ചും തമ്മിലടിച്ചും തട്ടിപ്പുവെട്ടിപ്പുകളില്‍ ആഗോളമത്സരം സംഘടിപ്പിച്ചും മുന്നേറുന്ന യുഡിഎഫ് ഭരണത്തിന് വിവാദം ഏതായാലും ഗുണം മെച്ചംതന്നെ. പ്രതിസന്ധിയില്‍ ഉടുമുണ്ടുരിഞ്ഞുപോയാല്‍ വിവാദം ഒരു പച്ചിലയായി വന്നാലും നാണംമറയ്ക്കാം. സെക്രട്ടറിയറ്റ് ഉപരോധം ഉമ്മന്‍ചാണ്ടിയുടെ രാജിയിലെത്താഞ്ഞതില്‍ അരിശംപൂണ്ട് ഉറഞ്ഞവരും തുള്ളിയവരുമുണ്ട്. അവരില്‍ ചിലരെ ഇപ്പോള്‍ കാണുന്നത് ഉമ്മന്‍ചാണ്ടി ഫാന്‍സ് അസോസിയേഷനിലാണ്. സോളാറില്‍ വീണാലും സ്വര്‍ണക്കട്ടിവിഴുങ്ങിയാലും ഉമ്മച്ചന്‍ പൊന്നച്ചനോ തങ്കച്ചനോ ആണവര്‍ക്ക്. ഉമ്മന്‍ചാണ്ടിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ രാജിവയ്ക്കുമായിരുന്നു എന്ന് വീരവാദം മുഴക്കിയ ജോര്‍ജ് ഇപ്പോള്‍ സകല കോണ്‍ഗ്രസുകാരുടെയും തെറിവിളി കേട്ടിട്ടും രാജി എന്ന സമരായുധംമാത്രം പുറത്തെടുക്കുന്നില്ല. മാണിസാറിന് ജോര്‍ജും വേണം ജോസഫും വേണം- ഭരണം എന്തായാലും വേണം. അവിടെയും വിവാദംതന്നെ രക്ഷ. ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ ഏറ്റവും ചോദനമുള്ള ഉല്‍പ്പന്നം വിവാദമാണെന്ന് തിരിച്ചറിഞ്ഞവര്‍ക്കാണ് മുന്നോട്ടുള്ള വഴി തെളിഞ്ഞുകിട്ടുന്നത്. വഴിയേ പോകുന്ന വയ്യാവേലി എടുത്ത് ചുമലിലിട്ടാലും മൂലയിലിരിക്കുന്ന മഴു എടുത്ത് കാലിലിട്ടാലും വിവാദമുണ്ടാകും. ആ വിവാദംകൊണ്ട് രോഗത്തിന് താല്‍ക്കാലിക ശമനവുമുണ്ടാകും. അതല്ലെങ്കില്‍, യുഡിഎഫിലിരുന്നുകൊണ്ട് ജോര്‍ജിനും ജോര്‍ജിതരര്‍ക്കും ഇങ്ങനെ അടിക്കാന്‍ കഴിയില്ല. പുറമേയ്ക്ക് കുഴപ്പമെന്നു തോന്നുന്ന കൃത്യങ്ങളിലൂടെ ഊര്‍ജം സംഭരിക്കുന്ന ഈ ഏര്‍പ്പാടിനാണ് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ മാര്‍ക്കറ്റ്്.

വിവാദചികിത്സയില്‍ അഭയംതേടി രക്ഷപ്പെടാന്‍ കാത്തിരിക്കുന്നവരുടെ നിരയില്‍ ഉമ്മന്‍ചാണ്ടിമുതല്‍ കെ സി വേണുഗോപാല്‍വരെയുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തൊലിപോലെ കുറത്തതാണ് മനസ്സും എന്ന് പറയുന്ന നീചമനസ്സിനെ ചാട്ടവാറിനിട്ട് തല്ലണമെന്ന പക്ഷക്കാരനാണ് ശതമന്യു. അത്ഭുതംതന്നെ- അങ്ങനെ പറഞ്ഞയാളിനും യുഡിഎഫ് വക ഇപ്പോഴും കൊടിവച്ച കാറുണ്ട്. പണത്തിനും പദവിക്കുംവേണ്ടി എന്തുംചെയ്യും; എന്തും ഭക്ഷിക്കും എന്നത് ആധുനിക കാലത്തെ ജനകീയ രാഷ്ട്രീയമാണ് എന്ന് വലതുപക്ഷത്തിന്റെ ശൈലീപുസ്തകത്തില്‍ എഴുതിവച്ചിട്ടുണ്ട്. അതുകൊണ്ട് ഇനിയും വിവാദമരുന്നുകാരെയും ചികിത്സകരെയും യുഡിഎഫിന് ആവശ്യമുണ്ട്. എല്ലാം ഒരു ജോര്‍ജില്‍ അവസാനിപ്പിക്കേണ്ടതില്ല എന്നര്‍ഥം.

Monday, October 7, 2013

ഭാവി വാഗ്ദാനത്തിന്റെ ബുദ്ധി

അങ്ങനെ ലാലു ജയിലിലായി. പതിനൊന്നുകൊല്ലം കഴിഞ്ഞാലേ ഇനി പാര്‍ലമെന്റിന്റെ പടി ചവിട്ടാന്‍ പറ്റൂ. അഴിമതിവിരുദ്ധ പടനായകനായി രാഹുല്‍ ഗാന്ധി വാഴ്ത്തപ്പെട്ടു. അഴിമതി എന്ന വടയക്ഷി കയറിക്കൂടിയത് മന്‍മോഹന്റെ തലപ്പാവിലായതുകൊണ്ട് അവിടെത്തന്നെ ഇരുമ്പാണി അടിച്ച് യുവമന്ത്രവാദി യക്ഷിയെ തളച്ചു. പണ്ഡിറ്റ് നെഹ്റു കൊടിപിടിച്ച് സമരംചെയ്താണ് പ്രധാനമന്ത്രിയായത്. പ്രിയദര്‍ശിനി അച്ഛന്റെ കത്തുവായിച്ച് ഉല്‍ബുദ്ധയായി. രാജീവിന് ഇന്ത്യയെ പറത്തുംമുമ്പ് വിമാനംപറത്തി ശീലമുണ്ടായിരുന്നു. അവര്‍ക്കൊന്നുമില്ലാത്ത ബുദ്ധിയാണ് നവലോക നായകന്‍ രാഹുല്‍ഗാന്ധിക്ക്. നല്ല കോണ്‍ഗ്രസുകാരനാകാന്‍ സമരംചെയ്യണമെന്നോ വിമാനം പറത്തണമെന്നോ ഇല്ല. വായന ആവശ്യമേയില്ല. ബുദ്ധിയുണ്ടായാല്‍ മതി. ആ ബുദ്ധി രാഹുലിലുണ്ട്; മന്‍മോഹനിലില്ല. രണ്ടുകൊല്ലം ജയിലില്‍ കിടക്കാന്‍ വിധിക്കപ്പെടുന്നവന്‍ ജനപ്രതിനിധിസ്ഥാനമെന്ന ത്യാഗജീവിതത്തിന് അയോഗ്യനാകുമെന്ന സുപ്രീം കോടതി ഉത്തരവ് ശരിക്കും കോണ്‍ഗ്രസ് വിരുദ്ധമാണ്. ഗാന്ധിജിമുതല്‍ എത്രയെത്ര കോണ്‍ഗ്രസുകാര്‍ ജയിലില്‍ കിടന്നു. ജഗന്നാഥ് മിശ്രയും സുരേഷ് കല്‍മാഡിയും മുതല്‍ ഉമ്മന്‍ചാണ്ടിവരെ എത്രപേര്‍ ഗാന്ധിയന്‍ രീതിയില്‍ കാരാഗൃഹവാസം കൊതിക്കുന്നു. ഖദര്‍ ഇട്ടാല്‍ ജനസേവനത്തിന്റെ ഭാഗമാണ് അഴിമതി എന്നറിയാവുന്നതുകൊണ്ടാണ് ജയിലില്‍ കിടന്നും പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്താനുള്ള ഉദാര ഓര്‍ഡിനന്‍സിന് മന്‍മോഹന്‍ രൂപംനല്‍കിയത്.

സര്‍ക്കാരിന്റെ കൈയില്‍ ഇഷ്ടംപോലെ പണമുണ്ട്. പണം എന്തുചെയ്യണമെന്നറിയാതെ കഷ്ടപ്പെടുന്ന പാവം കോടീശ്വരന്മാര്‍ വേണ്ടതിലേറെയുണ്ട്. ഉള്ളിടത്തുനിന്ന് തരപ്പെടുത്തി സ്വിറ്റ്സര്‍ലന്‍ഡിലെ ബാങ്കിങ് പ്രതിസന്ധി പരിഹരിക്കാന്‍ സംഭാവനചെയ്യുന്നത് കാരുണ്യപ്രവൃത്തിയാണ്. അത്തരം ദയാനിധികളെ വെറുതെ വിചാരണ നടത്തിയും തുറുങ്കിലടച്ചും പീഡിപ്പിക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസിന് പൊതുവെ എതിര്‍പ്പുണ്ട്്. അതുകൊണ്ടാണ്, രണ്ടുകൊല്ലം ശിക്ഷ കിട്ടിയാലും പാര്‍ലമെന്റിലെ ത്യാഗം തുടരാന്‍ കൈയടിച്ച് പാസാക്കി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പാവപ്പെട്ട അഴിമതിക്കാരെ രക്ഷിക്കാനുള്ള ആ ഓര്‍ഡിനന്‍സ് കണ്ടപ്പോള്‍ രാഷ്ട്രപതി ഭവനിലിരിക്കുന്ന ബംഗാളി ദാദയ്ക്ക് ഇളക്കം. (പുള്ളിക്കാരന് ഇനിയൊന്നും പേടിക്കാനില്ലല്ലോ) ഒപ്പിടില്ല എന്ന് വാശി. ഓര്‍ഡിനന്‍സ് അംഗീകരിച്ചാല്‍ അഴിമതിസംരക്ഷകരാകും; ഉപേക്ഷിച്ചാല്‍ പ്രിയപ്പെട്ടവര്‍ വഴിയാധാരമാകും. ചെകുത്താനും കടലിനുമിടയില്‍പ്പെടുമ്പോഴുള്ള ഇത്തരം പ്രതിസന്ധി പരിഹരിക്കുന്നതിനെയാണ് മിടുക്കെന്ന് വിളിക്കേണ്ടത്. ഒരു ചാട്ടം, ഒരു മലക്കം, പിന്നെ ഇരുന്നമര്‍ന്ന് വലതുകൈവീശി ഒരു പ്രയോഗം. സംഗതി സിംപിള്‍. പിറ്റേന്ന് റബറൈസ്ഡ് തലക്കെട്ട്: കളങ്കിത രാഷ്ട്രീയക്കാരെ രക്ഷിക്കാനുള്ള ഓര്‍ഡിനന്‍സ് കീറിയെറിയണം- രാഹുല്‍. ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കുന്നതിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിമുഖത പ്രകടിപ്പിച്ചതിനു പിന്നാലെയായിരുന്നു രാഹുലിന്റെ ഇടപെടലെന്നും "കോട്ടയം വീക്ഷണം" എഴുതി. മിടുമിടുക്കന് മിടുക്കന്മാരുടെ സഹായം.

സര്‍ദാര്‍ജിയുടെ തലപ്പാവില്‍ ആണികയറിയാലെന്ത്- ഭാവി ഭാരത വാഗ്ദാനം കഴിവ് തെളിയിച്ചു. ഇന്നലെ ഓര്‍ഡിനന്‍സിറക്കും; ഇന്ന് അത് കീറിയെറിയും. നാളെ ജയിലില്‍പോയി ലാലു അങ്കിളിനെ ആശ്വസിപ്പിച്ച് രാബ്റി ആന്റിയുടെ പിന്തുണ വാങ്ങും. കോണ്‍ഗ്രസിനെ രാഹുല്‍ രക്ഷിച്ചു എന്നാണ് ചരിത്രരേഖ. ആരാണ് കുളത്തിലിറക്കിയതെന്ന് അതില്‍ കാണുന്നില്ല. ഇതുപോലെ ചില പരിഹാരക്രിയകള്‍ ഉമ്മന്‍ചാണ്ടിക്കും പ്ലാന്‍ ചെയ്യാവുന്നതാണ്. തിരുവഞ്ചൂരിന്റെ എവിടെയെങ്കിലും ഒരാണി കയറിയതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ല.

*
അല്ലെങ്കിലും തിരുവഞ്ചൂര്‍ ഒരു ഭാരമാണ്. പി സി ജോര്‍ജിന് ഇപ്പോള്‍ തിരുവഞ്ചൂരിനെ കിട്ടിയാലും മതി. വിട്ടുകൊടുത്താല്‍ പുതുപ്പള്ളിയിലെ ആഘോഷം തുടരുമെങ്കില്‍ അതാണ് കരണീയം. ജോര്‍ജ് അടങ്ങുകയുംചെയ്യും കെ സി ജോസഫ് ചിരിക്കുകയും ചെയ്യും. ഒരിറ്റു കണ്ണീര്‍ ഓര്‍ക്കാട്ടേരിയില്‍നിന്നോ മറ്റോ വന്നാലായി. വെട്ടുവഴിക്കവിതകള്‍ക്കൊന്നും ഇനി പ്രസക്തിയില്ല. പോയാല്‍ പോയതുതന്നെ. തിരുവഞ്ചൂര്‍ ദല്ലാള്‍ നന്ദകുമാറിന്റെ ചങ്ങാതിയാണ്. ഉച്ചിക്കുവച്ച കൈകൊണ്ടുതന്നെ ഉദകക്രിയക്കും സമ്മതം. ജോര്‍ജിന്റെ എല്ലാ എഡിഷനും വന്നുകഴിഞ്ഞാല്‍ ഒറ്റയടിക്ക് തീര്‍ക്കുമെന്നാണ് പ്രഖ്യാപനം. ജോപ്പന്റെ ഫോണ്‍ കാള്‍ ലിസ്റ്റ് പുറത്തുവിട്ട് തുടങ്ങിയ കളിയാണ്. യുഎന്‍ അവാര്‍ഡ് വാങ്ങി ഉമ്മന്‍ചാണ്ടി നിലത്തിറങ്ങുംമുമ്പ് ജോപ്പന്‍ അകത്തായി. സൂക്ഷിച്ചാല്‍ ഇനിയെങ്കിലും ദുഃഖിക്കേണ്ടിവരില്ല. ഇതിലും ഭേദം ചെന്നിത്തലയാണെന്ന് ഉമ്മന്‍ചാണ്ടി മനസിലാക്കണം. നിര്‍ദോഷികളെ തിരിച്ചറിയാത്തതാണ് കുഴപ്പം.

*
പ്രഭാവര്‍മയുടെ ശ്യാമമാധവത്തിന് വയലാര്‍ അവാര്‍ഡു കിട്ടിയപ്പോള്‍ ശതമന്യുവിന് സങ്കടമാണ് വന്നത്. വെട്ടുവഴിയില്‍ തൂമ്പായും പാരയും പ്രയോഗിച്ച് വിയര്‍പ്പൊഴുക്കിയ ശങ്കരപ്പിള്ളയ്ക്കും ജയചന്ദ്രന്‍നായര്‍ക്കും കൊടുക്കേണ്ട അവാര്‍ഡ് പ്രഭാവര്‍മയ്ക്കു കൊടുക്കാമോ? വീരാന്‍കുട്ടി, പാറക്കടവ്, പൊയ്ത്തുംകടവ്, തോമാസ് കുട്ടി, ഉമ്പാച്ചി, രമണന്‍ കടിക്കാട്, കരിക്കകം പവിത്രന്‍, തീക്കുനി തങ്കപ്പന്‍, പപ്പന്‍ മുഞ്ഞിനാട്, കോട്ടേമ്പ്രം ഗോപാലന്‍കുട്ടി തുടങ്ങിയ മഹാകവികള്‍ ജീവിക്കുന്ന നാട്ടില്‍ വയലാറിന്റെ പേരിലുള്ള അവാര്‍ഡ് വാങ്ങാന്‍മാത്രം ആരാണ് ഈ പ്രഭാവര്‍മ എന്ന സംശയം തീരുന്നില്ല. ചുരുങ്ങിയ പക്ഷം ഉമേഷ് ബാബുവിനെയെങ്കിലും പരിഗണിക്കേണ്ടതായിരുന്നു. മനുഷ്യവ്യഥകളില്‍ ഉള്ളുരുകുന്ന ഒരു പത്രാധിപരാണ് ജയചന്ദ്രന്‍നായരെന്ന് നാമോര്‍ക്കണം. അങ്ങനെയുള്ള ഒരാളിന്, ഈ അവാര്‍ഡ് കണ്ടുനില്‍ക്കാന്‍ എങ്ങനെ സാധിക്കും? കവിതയ്ക്കു നല്‍കിയ സമഗ്രസംഭാവനയ്ക്ക് വയലാര്‍ അവാര്‍ഡ് നായര്‍ക്കു കൊടുക്കാമായിരുന്നില്ലേ? വിപ്ലവം അരച്ചുകലക്കി മൂന്നുനേരവും മുറതെറ്റാതെ സേവിക്കുന്ന ശങ്കരപ്പിള്ളയ്ക്ക് കൂര്‍ത്ത മണ്‍വിരലുകളുള്ള കൊലച്ചുഴലി ചുഴറ്റി രംഗത്തിറങ്ങാന്‍ സമയമായി. പന്തളത്ത് ഭുവനേശ്വരന്‍ മരിച്ചുവീണപ്പോള്‍ കടമ്പനാട്ടുകാരന് വെട്ടുവഴി അറിയുമായിരുന്നില്ല. താന്‍ പാര്‍ക്കുന്നതിന്റെ വിളിപ്പാടകലെ ചെട്ടിയങ്ങാടിയില്‍ അഴീക്കോടന്‍ ചോരയൊഴുക്കി വീണപ്പോള്‍ കുത്തുവഴിയില്‍ കവിത വന്നില്ല. വടകരയിലെ വെട്ടു കാണാന്‍പോയി കരാര്‍പ്പൊന്നു വാങ്ങി തിരിച്ചെത്തിയപ്പോള്‍ ആശ്വാസമായി. അതിനുപിന്നാലെ കവിയെയും കവിതയെയും വെട്ടിവീഴ്ത്തിയപ്പോള്‍ പത്രാധിപര്‍ക്ക് ശങ്കരപ്പിള്ള കവിതാഞ്ജലിയര്‍പ്പിച്ചു. ആ പത്രാധിപര്‍ കാശിക്കോ മറ്റോ പോയിക്കാണും. എന്നാലും പിള്ളയുടെ കവിമനസ്സ് ചുരത്തട്ടെ- ഒരു അവാര്‍ഡുവഴിക്കവിത. അമ്പത്തൊന്ന് തലതിരിഞ്ഞ് പതിനഞ്ചായി ചുരുങ്ങിയെങ്കിലും വെട്ടുവഴിക്കവിതയ്ക്ക് ചുരുക്കമുണ്ടാകാത്തത് മലയാളിയുടെ മഹാഭാഗ്യം. മള്ളൂരുണ്ടെങ്കില്‍ കേസ് ജയിക്കാം എന്നത് പഴയ കഥ. മാതൃഭൂമിയുണ്ടെങ്കില്‍ സാഹിത്യനായകനായി അവാര്‍ഡിതനാകാം എന്നത് പുതിയ കഥ. അവാര്‍ഡ് ഒരു പാലമാണെന്നും അതിന് അങ്ങോട്ടുമിങ്ങോട്ടും ഗതാഗതമുണ്ടെന്നുമുള്ള സനാതന സത്യം കണ്ടെത്തിയ വീരേന്ദ്രമനീഷിക്ക് പുഷ്പാഞ്ജലി അര്‍പ്പിച്ചവരില്‍നിന്ന് ചാടിപ്പോയ വയലാര്‍ അവാര്‍ഡിനെ ഓര്‍ത്തുകൊണ്ട് ഒരു കവിതാ സമാഹാര സൃഷ്ടിക്ക് ശോഭനമായ വിപണിമൂല്യമുണ്ട്. എനിക്കൊരു ക്ഷേത്രമുണ്ട്; അത് മാര്‍ക്കറ്റ് ചെയ്യണ്ടേ എന്ന് ദല്ലാള്‍ സാഹിത്യനായകന്‍ ചാനലില്‍കയറി ചോദിക്കുന്നത് കേട്ടു. അതുപോലെ വെട്ടായാലും അതിന്റെ എണ്ണമായാലും മാര്‍ക്കറ്റിങ്ങാണ് പ്രധാനം. അതിന് മാതൃഭൂമി വേണം. വിമാനം കയറ്റിയും ചക്രക്കസേരയിലിരുത്തിയും ബ്രാന്‍ഡ് അംബാസഡര്‍മാരെ കൊണ്ടുവരണം. അകത്ത് പൊട്ടിച്ചിരിക്കണം; പുറത്ത് പൊട്ടിത്തെറിക്കണം.

പുഷ്പാഞ്ജലിയുടെ വഴിയില്‍ പോകാത്തവരൊന്നും കവിയുമല്ല; സാഹിത്യകാരനുമല്ല എന്നാണ് നാട്ടുനടപ്പ്. അവരെ നോക്കി ജ്ഞാനപീഠം വെറും പീഠമാണോ എന്ന അശരീരി മുഴങ്ങും. സംഹാരക്രിയകളുണ്ടാകും. മന്ത്രതന്ത്രങ്ങളെല്ലാം യഥാവിധി ചെയ്തിട്ടും ശ്യാമമാധവത്തിന്റെ സംഹാരപ്രക്രിയ പൂര്‍ത്തിയാകാത്തത്് കഷ്ടം. പ്രണയമൂര്‍ത്തിയും പശ്ചാത്താപ വിവശനുമായ ശ്യാമമാധവനെയുംകൊണ്ട് പ്രഭാവര്‍മ അവാര്‍ഡ് കൈക്കലാക്കിയത് പൊറുക്കാനാവാത്തതുതന്നെ. അതിനെതിരെയാകട്ടെ അടുത്ത വെട്ടുവഴിക്കവിത. അച്ചടിക്കാനുള്ള കരിങ്കടലാസ് വഴിയേ വരും. ----

*
ഉമ്മന്‍ചാണ്ടി ബിജുവുമായി കുടുംബകാര്യം പറയുന്നതിന്റെ ക്യാമറാ ദൃശ്യം പുറത്തുവന്നാല്‍ രാജ്യരക്ഷ അപകടത്തിലാകുമെന്ന് ടൂറിസം വകുപ്പിനറിയാം. അത്രയും വലിയ ബോംബിന്റെയും മിസൈലിന്റെയും കാര്യമാണ് ചര്‍ച്ചചെയ്തത്. ശ്രീധരന്‍നായരും സരിതയും ഉമ്മന്‍ചാണ്ടിയെ കണ്ടതിന്റെ ദൃശ്യങ്ങള്‍ "വീണ്ടെടുക്കാനാവാത്ത വിധം" നഷ്ടപ്പെട്ടതിനും തക്ക കാരണമുണ്ട്. ജോപ്പന് സരിത ഉമ്മകൊടുക്കുമ്പോള്‍ ക്യാമറ നാണംകൊണ്ട് കണ്ണുപൊത്തുകയായിരുന്നു. സ്വര്‍ണക്കടത്തുകാരന്‍ പള്ളൂര്‍ സ്വദേശി ഫയാസ് കോഴിക്കോട് ജയിലില്‍ചെന്ന് സ്വന്തം നാട്ടുകാരനായ കൊടി സുനിയെ കണ്ടത് പക്ഷേ, ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. അവിടെ മോഹനന്‍ മാസ്റ്ററും ഉണ്ടായിരുന്നതാണ് ഓര്‍ക്കാട്ടേരി വിപ്ലവപ്രക്രിയ നേരിടുന്ന പുതിയ പ്രതിസന്ധി. അവിടെ എന്തുപറഞ്ഞെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിക്കണമെന്ന് വിപ്ലവ നേതാവ് ആവശ്യപ്പെട്ടതായി പൊട്ടക്കിണറ്റില്‍നിന്നുള്ള വാര്‍ത്ത കാണുന്നു. ഫയാസ് ചായകുടിക്കാന്‍ കയറിയ കടയെയും കടക്കാരനെയും പിടിക്കാനും നോക്കി ചിരിച്ചവരെ കണ്ടെത്തി ശിക്ഷിക്കാനും നടക്കുന്നവരുടെ യഥാര്‍ഥ വഴി ഇതുതന്നെ. ഉമ്മന്‍ചാണ്ടി സ്റ്റേറ്റ് കാര്‍ റോഡരികില്‍ നിര്‍ത്തി സ്വകാര്യം പറഞ്ഞതും ദുബായില്‍ ഫയാസിന്റെ വണ്ടിയില്‍ കറങ്ങിയടിച്ചതുമൊന്നും വിപ്ലവ പ്രക്രിയയെ ബാധിക്കാത്തതുകൊണ്ട് പൊട്ടക്കിണര്‍ വിപ്ലവം നീണാള്‍ വാഴട്ടെ.

Monday, September 23, 2013

എട്ടാംക്ലാസിലെ കുഞ്ഞാമിന

പുയ്യാപ്ലയാണോ ഉപ്പുപ്പയാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത കുഞ്ഞുങ്ങളെ മൈലാഞ്ചിയിടുവിച്ച് പട്ടുടുപ്പിച്ച് കൈയുംപിടിച്ച് മണിയറയില്‍ കയറ്റുന്നവരെ പൂവിട്ടു പൂജിക്കണോ എന്നതാണ് ചോദ്യം.

""എട്ടാം ക്ലാസ്സിലെ എട്ടുംപൊട്ടും തിരിയാത്ത
 കുഞ്ഞാമിനയെ കാണാന്‍ ഒരാളുവന്നു.
ഒട്ടകവിയര്‍പ്പിന്റെ സുഗന്ധം
താടി, തലക്കെട്ട് നെറ്റിയില്‍ ചെമ്പുതുട്ട്.
ഉമ്മ പറഞ്ഞു പുയ്യാപ്ല, ബാപ്പ പറഞ്ഞു പുയ്യാപ്ല.
കുഞ്ഞാമിനയുടെ ഉള്ളുപറഞ്ഞു ഉപ്പുപ്പ- ഉപ്പുപ്പ""-


ഇങ്ങനെയാണ് കുരീപ്പുഴ ശ്രീകുമാര്‍ കുഞ്ഞാമിനയുടെ കഥ പറയുന്നത്.

ഖുര്‍ആനില്‍ ഒരിടത്തും പെണ്‍കുട്ടികളുടെ വിവാഹപ്രായം പറയുന്നില്ല. എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ കെട്ടിച്ചയക്കണമെന്നും പറയുന്നില്ല. ഇനി അഥവാ അങ്ങനെ വല്ല വ്യാഖ്യാനവും ഉണ്ടായാല്‍ത്തന്നെ, ഒ അബ്ദുള്ള ചോദിക്കുന്നത്, നിങ്ങള്‍ ഭൂമിയിലൂടെ നടക്കുക എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് ആരും വാഹനത്തില്‍ സഞ്ചരിക്കാന്‍ പാടില്ലേ എന്നാണ്. പിന്നെന്തിന് പത്ത് മുസ്ലിം സംഘടനകളുടെ ബാനറില്‍ ഒരു യോഗവും സുപ്രീംകോടതിയില്‍ പോകാനുള്ള തീരുമാനവും? മുസ്ലിംലീഗിന്റെ ജനറല്‍ സെക്രട്ടറി മായിന്‍ ഹാജിക്ക് എന്താണ് ഇതിലുള്ള താല്‍പ്പര്യം? അധഃപതിച്ച മാനസികാവസ്ഥയുള്ള പ്രമാണിമാരുടെ കൂട്ടത്തില്‍ ലീഗില്‍നിന്നുള്ള ആരെല്ലാമുണ്ട്? സംഗതി അല്‍പ്പം ഗൗരവമുള്ളതാണ്. ശരീരവളര്‍ച്ചയെത്തിയ പെണ്‍കുട്ടികളെ പ്രായംനോക്കാതെ കെട്ടിച്ചയക്കണമെന്നു പറയുന്നവര്‍ക്ക് ശരീരവളര്‍ച്ച നിലച്ച വൃദ്ധജനങ്ങളെ കാട്ടിലയക്കണമെന്ന ന്യായവും പറയാം- അത് ഇ അഹമ്മദെങ്കിലും ഓര്‍ക്കണം.

ചിലപ്പോള്‍ ഇ അഹമ്മദിനെ കാണുമ്പോള്‍ അദ്വാനിയെ ഓര്‍മ വരും. ആര്‍എസ്എസ് മോഡിയെ കൊണ്ടുവരുന്നത് അദ്വാനിയേക്കാള്‍ സുന്ദരനും സുമുഖനുമായ ഒരാളെ മുന്നില്‍നിര്‍ത്തിയാല്‍ വോട്ടുകിട്ടുമെന്നു കരുതിയല്ല. മോഡിയെ കണ്ടാല്‍ മതി, വടക്കേ ഇന്ത്യയിലെ സാധാരണപ്പെട്ട ബിജെപിക്കാരന് മുസ്ലിംസമുദായക്കാര്‍ക്കുനേരെ ചാടിവീഴാന്‍ തോന്നും. ഗുജറാത്തിലെ ചുട്ടുകൊല്ലലും വയറുകീറലും ഏറ്റുമുട്ടലുണ്ടാക്കി കൊന്നുകളയലുമൊക്കെ മോഡിയുടെ തൊപ്പിയിലെ തൂവലുകളാണ്. കൊലയാളിയെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കണമെങ്കില്‍ അതിനുതക്ക "ഗുണം" ഉണ്ടാകണം. ആകെമൊത്തം ഹിന്ദുക്കളുടെ എണ്ണമെടുത്തുള്ള കളിയാണത്. ജനങ്ങള്‍ ഹിന്ദുവായും മുസ്ലിമായും തിരിഞ്ഞാല്‍ ആദ്യത്തെ കൂട്ടര്‍ക്ക് വോട്ട് കൂടും. ബിജെപിക്ക് ജയിക്കാം; മോഡിയെ പ്രധാനമന്ത്രിയാക്കുകയുംചെയ്യാം.

ആ കളി ബിജെപി കളിക്കുമ്പോള്‍ മതനിരപേക്ഷതയുടെ കൊടിപിടിച്ച് എതിര്‍ക്കാന്‍ ലീഗിനെ കിട്ടില്ല. പാതിരാത്രിയില്‍ പി പി മുകുന്ദനുമായി ചര്‍ച്ച നടത്തി വിലയുറപ്പിച്ച് വോട്ടുവാങ്ങിയ വേന്ദ്രന്മാരാണ് ലീഗിനെ നയിക്കുന്നത്. കോലീബി സഖ്യത്തിന്റെ നായകന്മാരാണവര്‍. വോട്ടുമതി; അങ്ങനെ കിട്ടുന്ന അധികാരം മതി. അതിലപ്പുറം സമുദായവും വേണ്ട; രാഷ്ട്രീയവും വേണ്ട എന്നാണ് ലീഗിന്റെ അടിസ്ഥാന പ്രമാണം. ബിജെപിക്ക് വര്‍ഗീയത ഇളക്കാനും മുന്നില്‍ നിര്‍ത്താനും ഒരു നരേന്ദ്രമോഡിയുണ്ട്. ലീഗിന് തല്‍ക്കാലം അങ്ങനെ ഒന്നുമില്ല. ആ വേക്കന്‍സിയാണ്, എട്ടുംപൊട്ടും തിരിയാത്ത പെണ്‍കുഞ്ഞുങ്ങളിലേക്ക് തിരിയാന്‍ പ്രേരണയായത്.

പത്ത് മുസ്ലിം സംഘടനകളെയാണ് ലീഗ് ഒന്നിച്ചുചേര്‍ത്തത്. എല്ലാവരുടെയും തീരുമാനമെന്ന മട്ടിലാണ്, വിവാഹപ്രായം കുറയ്ക്കാന്‍ സുപ്രീംകോടതിയില്‍ പോകുമെന്ന് പ്രഖ്യാപിച്ചത്. സിറിയക്കുമേല്‍ അമേരിക്കന്‍ ബോംബുവീഴുന്നതുപോലുള്ള അടിയന്തരപ്രാധാന്യം വിവാഹപ്രായത്തിന് വന്നതിനുപിന്നില്‍ ലീഗിന്റെ കാഞ്ഞ ബുദ്ധിയാണ്. സുന്നിതര്‍ക്കം കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു. അരിവാള്‍ സുന്നി എന്നറിയപ്പെടുന്ന കാന്തപുരം വിഭാഗത്തെ ഏതുവിധേനയും കൂടെക്കൂട്ടാന്‍ മനം തുടിച്ചുതുടങ്ങിയിട്ട് നാളേറെയായി. ലീഗിന്റെ അടിത്തറ ഇകെ സുന്നിവിഭാഗത്തിലാണ്. അവര്‍ക്കാണെങ്കില്‍ കാന്തപുരത്തെ കാണുമ്പോള്‍ കലികയറും. രണ്ടിനെയും ഒരേവേദിയില്‍ അണിനിരത്താന്‍ ലീഗുവിചാരിച്ചാല്‍ സാധ്യമല്ല. ചാണ്ടി അയയുമ്പോള്‍ തൊമ്മന്‍ മുറുകും. ഒരു വിഭാഗം മാത്രമായാല്‍ നഷ്ടക്കണക്ക് എത്രയെന്നു പറയാനാകില്ല. പെണ്‍കുട്ടികളുടെ വിവാഹപ്രായം, മതം, ഖുര്‍ആന്‍, വ്യക്തിനിയമം എന്നൊക്കെ പറഞ്ഞാണ് വേദിയൊരുക്കുന്നതെങ്കില്‍ രണ്ടുകൂട്ടരും ഒന്നിച്ചിരിക്കും. അങ്ങനെ മുസ്ലിം ഏകീകരണം എന്ന വര്‍ത്തമാനം പറഞ്ഞ് വോട്ട് കൂട്ടത്തോടെ വാരാമെന്ന സ്വപ്നമാണ് കോഴിക്കോട്ടെ യോഗത്തില്‍ നട്ട് വെള്ളമൊഴിച്ചത്.

ഖുര്‍ആനെക്കുറിച്ചൊക്കെ പറയുന്നതുകൊണ്ട് ആരും എതിര്‍ക്കാന്‍ വരില്ലെന്നും ലീഗ് കരുതിപ്പോയി. യുഡിഎഫിന്റെ അവസ്ഥ ഉപ്പുവച്ച കലംപോലെ ദയനീയമാണ്. കോണ്‍ഗ്രസിന്റെ പേരുപറഞ്ഞാല്‍, ജനം സോളാര്‍ എന്ന് തിരിച്ചുപറയും. ഉമ്മന്‍ചാണ്ടിയുടെ മുഖം കണ്ടാല്‍ സരിതനായരെ ഓര്‍മിക്കും. രൂപയുടെ മൂല്യം കുറഞ്ഞതിന്റെ പത്തിരട്ടി വേഗത്തിലാണ് യുഡിഎഫിന്റെ വില ഇടിഞ്ഞത്. രാഷ്ട്രീയം പറഞ്ഞ് വോട്ടുചോദിക്കാന്‍ പറ്റില്ല. മതവികാരം പറയണമെങ്കില്‍ ഒരു കാരണം വേണം. എട്ടാംക്ലാസിലെ എട്ടുംപൊട്ടുംതിരിയാത്ത കുഞ്ഞാമിനയെ മണവാട്ടിവേഷം കെട്ടിച്ച് അറബിക്കുമുന്നിലേക്ക് തള്ളിക്കൊടുത്താലും വിരോധമില്ല- ഇ അഹമ്മദ് കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായാല്‍ മതി.

ലീഗിലെ വക്രബുദ്ധിനേതാക്കള്‍ ഈ പണി ഒപ്പിച്ചെങ്കിലും ചെറുപ്പക്കാര്‍ ചെറുതായെങ്കിലും പ്രതികരിച്ചിട്ടുണ്ട്. ഈ തീരുമാനം സമുദായത്തെ പിന്നോട്ടടിപ്പിക്കുമെന്ന് എംഎസ്എഫ് പറയുന്നു. തീരുമാനം വിവരക്കേടെന്നാണ് യൂത്ത് ലീഗ് പറയുന്നത്. വിദ്യാര്‍ഥികള്‍ക്കും വേണ്ട; യുവാക്കള്‍ക്കും വേണ്ട. പിന്നെ ലീഗിലെ "ഉപ്പുപ്പ"മാര്‍ക്കാണോ ശൈശവ വിവാഹം വേണ്ടത്? ഇസ്ലാമുമായി ബന്ധപ്പെട്ട ഏതു പ്രശ്നമുയര്‍ന്നാലും ചാടിവീഴാറുള്ള ഒ അബ്ദുള്ള ചോദിക്കുന്നത്, ഈ സംഘടനകള്‍ക്ക് എന്താണ് സംഭവിച്ചത് എന്നാണ്. തീരുമാനമെടുത്ത നേതാക്കളുടെ മാനസികനില പരിശോധിക്കണമെന്നും അബ്ദുള്ള ആവശ്യപ്പെടുന്നു. അതായത്, ലീഗ് നേതാവ് മായിന്‍ ഹാജിയുടെ മാനസികനില തെറ്റിയോ എന്ന് സംശയം.

*

ലീഗിന് സമനില തെറ്റിയോ എന്ന് ശതമന്യുവിനും സംശയമില്ലാതില്ല. അഞ്ചാംമന്ത്രിസ്ഥാനം മലപ്പുറംകത്തികൊണ്ട് കുത്തിവാങ്ങി എന്ന അഹങ്കാരം ഒരുവശത്ത്. കോണ്‍ഗ്രസ് സോളാറില്‍ പൊള്ളി വെന്റിലേറ്ററില്‍ കിടക്കുന്നതിന്റെ സൗകര്യം മറുവശത്ത്. ലീഗില്ലെങ്കില്‍ യുഡിഎഫില്ല എന്നും കോണ്‍ഗ്രസിന്റെ എംഎല്‍എമാരുടെ എണ്ണം പത്തുതികയില്ല എന്നും മറ്റാരേക്കാളും നന്നായി കുഞ്ഞാലിക്കുട്ടിക്കറിയാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത്യുന്നതങ്ങളില്‍ പാറിയത് ലീഗിന്റെ വിജയക്കൊടിയാണ്, കോണ്‍ഗ്രസിന്റേതല്ല എന്ന് പറയാനുള്ള ഊര്‍ജം ആ തിരിച്ചറിവാണ്. ഉറങ്ങുന്ന കോണ്‍ഗ്രസിനെ ഉണര്‍ത്തി, വയനാട് സീറ്റുകൂടി തീറെഴുതി വാങ്ങുമെന്നാണ് ലീഗ് ശപഥം. മറുത്തുപറയാന്‍ ആര്യാടനേ ചങ്കൂറ്റമുള്ളൂ. നിലമ്പൂരില്‍ ലീഗ് മൂന്നാംസ്ഥാനത്താണ്. ഖദറിട്ട മറ്റാര്‍ക്കും ആ നട്ടെല്ലില്ല. ലീഗ് പറയും- ഉമ്മന്‍ചാണ്ടി അനുസരിക്കും. ചെന്നിത്തലയും മുരളീധരനും കണ്ട് മുരളും.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഐ എന്നാണ് പാര്‍ടിയുടെ പേര് എങ്കിലും കേരളത്തിലെത്തുമ്പോള്‍ ബ്രാക്കറ്റില്‍ ഇനി ലീഗ് എന്നുകൂടി ചേര്‍ക്കേണ്ടിവരും. ലീഗിന്റെ ചെലവില്‍ ജയിച്ചു ഞെളിയുന്ന കോണ്‍ഗ്രസുകാരന് ലീഗിന്റെ പേര് ചുമക്കുന്നതിന് മടിവേണ്ടതില്ലല്ലോ. "ഫാസിസത്തെ തടയാന്‍ ഒന്നിക്കുക" എന്നാണ് ലീഗിന്റെ ഒറ്റയാന്‍ കണ്‍വന്‍ഷനില്‍ കേട്ട ആഹ്വാനം. പകല്‍നേരത്ത് അതുപറയാം- ഇരുട്ടിത്തുടങ്ങുമ്പോള്‍ ചാക്കുമായി കാര്യാലയങ്ങള്‍ കയറിയിറങ്ങുകയും കെ എം ഷാജിയെപ്പോലുള്ള നാവാടികളെക്കൊണ്ട് മോഡിസ്തുതി ആലപിപ്പിക്കുകയുമാകാം.

*
ഹൈക്കോടതിയില്‍നിന്ന് കേള്‍ക്കുന്നത് ചില പുതിയ ചോദ്യങ്ങളാണ്. സരിത മുഖ്യമന്ത്രിയെ കണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റെന്ന് ഒരു ചോദ്യം. എന്താണ് തെറ്റ്? മുഖ്യമന്ത്രിക്കും സരിതയ്ക്കും കാണണമെന്നു തോന്നുന്നെങ്കില്‍ ഏതുനിയമമാണ് അതിനെ വിലക്കുന്നത്? അവര്‍ക്ക് എന്നും തമ്മില്‍ കാണാനുള്ള ഭാഗ്യം സിദ്ധിക്കട്ടെ എന്നുതന്നെയാണ് ശതമന്യുവിന്റെയും ആഗ്രഹം. നിയമപരമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ തെറ്റല്ലാതിരിക്കെ സരിതയെ അറിയില്ലെന്നും കണ്ടിട്ടേയില്ലെന്നും കണ്ടാല്‍ മനസ്സിലാകില്ലെന്നുമൊക്കെ ഈ ഉമ്മന്‍ചാണ്ടി പറയുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.

തെറ്റല്ലാത്ത നിരവധി കാര്യങ്ങള്‍ വെറുതെ പ്രതിപക്ഷം കുറ്റമായി പ്രചരിപ്പിക്കുന്നുണ്ട്. സലിംരാജ് ചെയ്തതതൊന്നും തെറ്റല്ല. മുഖ്യമന്ത്രിയുടെ അകമ്പടിക്കാരന്‍ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയത് മഹത്തായ ശരിയാകുന്നു. ജോപ്പനെ ജയിലില്‍ കിടത്തിയതാണ് തെറ്റ്. ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയോട് രഹസ്യംപറഞ്ഞത് ശരിയായ കാര്യങ്ങള്‍മാത്രമാണ്. ഹേമചന്ദ്രനും സംഘവും ശരിയേ ചെയ്തിട്ടുള്ളൂ. സരിത ജോപ്പനെ ഉമ്മവച്ചതില്‍ ഒട്ടുംതെറ്റില്ല. അത്തരം യാഥാര്‍ഥ്യങ്ങള്‍ കാണുന്ന കോടതിതന്നെയാണാവശ്യം. കെ സി ജോസഫ് ഇനി ജഡ്ജിമാരെ പ്രകീര്‍ത്തിക്കട്ടെ.

*
അമ്പതു കിലോമീറ്ററിലധികം സ്പീഡ് എടുക്കുന്ന ഇരുചക്രവാഹന യാത്രക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നാണ് മീശാക്രോശം. കറുത്ത ഫിലിം ഒട്ടിച്ച വണ്ടികള്‍ വഴുതക്കാട് വഴി തലങ്ങും വിലങ്ങും ഓടുന്നുണ്ട്. നിലവിലുള്ള നിയമങ്ങള്‍ മീശയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ ലംഘിക്കാം. ഏറ്റവും നല്ല റോഡില്‍ ഒളിച്ചുനിന്ന് സ്പീഡ് അളന്ന് പിഴ ഈടാക്കാന്‍ മിടുമിടുക്ക്. എല്ലാ റോഡുകളിലും ഒരേ സ്പീഡ് എങ്ങനെ കണക്കാക്കും കമീഷണറെ? തെങ്ങിനും കമുകിനും ഒരേ തളപ്പ് പറ്റുമോ? എങ്കില്‍ അമ്പതു കിലോമീറ്ററിലധികം സ്പീഡുള്ള ഇരുചക്രവണ്ടികള്‍ നിരോധിക്കരുതോ?

മാന്യമായി ജീവിക്കുന്നവരെ നിയമലംഘകരാക്കാന്‍ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ കൊണ്ടുവന്ന് വാര്‍ത്ത സൃഷ്ടിക്കാനുള്ള കോപ്രായംനിര്‍ത്തി ഉള്ള ജോലി മര്യാദയ്ക്ക് ചെയ്ത് മാതൃക കാണിക്കുന്നതല്ലേ നല്ലത്?

Sunday, September 15, 2013

വേഗപ്പൂട്ടും മണ്ഡരിബാധയും

അതിവേഗം ബഹുദൂരമൊന്നും പോകാനില്ലെന്ന് ഏതാണ്ടുറപ്പായി. ക്ലിഫ്ഹൗസില്‍നിന്ന് രാജ്ഭവനിലേക്ക് നടന്നുപോകാവുന്ന ദൂരമേയുള്ളൂ. വഴി കാണിച്ചുകൊടുക്കാന്‍ ചെന്നിത്തലയ്ക്ക് കരുത്തില്ല. അല്ലെങ്കിലും ഉമ്മന്‍ചാണ്ടിയുടെ മുഖത്തുനോക്കി ഇറങ്ങിപ്പോകാന്‍ പറയുക എന്ന ധീരകൃത്യം ഏറ്റെടുക്കാന്‍ ചങ്കുറപ്പുള്ള ഖദര്‍ധാരികള്‍ ചുരുങ്ങും. അഥവാ ആരെങ്കിലും തുനിഞ്ഞിറങ്ങിയാല്‍ പി സി ജോര്‍ജിന്റെയോ മുരളീധരന്റെയോ ഗതിയാകും. എല്ലാവര്‍ക്കും അറിയാം, പുതുപ്പള്ളിയില്‍നിന്ന് ആപത്തിന്റെയും അപമാനത്തിന്റെയും കെട്ടാണ് ക്ലിഫ്ഹൗസില്‍ അടിഞ്ഞിരിക്കുന്നതെന്ന്. എത്രയുംവേഗം അതെടുത്തുമാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസിനെ കാണാന്‍ മ്യൂസിയത്തില്‍ ചെല്ലേണ്ടിവരും. ഡല്‍ഹിയില്‍ ചെന്ന് സുധീരന്‍ പറഞ്ഞത്, മറ്റെല്ലാവരും മോശം ഞാന്‍മാത്രം നല്ലവന്‍ എന്നാണ്. സുധീരന്റേത് "ഒ" ഗ്രൂപ്പാണ്. ഒറ്റയാന്‍ ഗ്രൂപ്പ്. ഉമ്മന്‍ചാണ്ടി എത്രകാലം ഇരിക്കുന്നുവോ അത്രയും നല്ലത് പ്രതിപക്ഷത്തിനാണ്. പിന്നെ തെരഞ്ഞെടുപ്പില്‍ വലുതായി ഒന്നും ചെയ്യേണ്ടിവരില്ല. വോട്ടുകള്‍ താനേവന്ന് പെട്ടിയില്‍ വീണുകൊള്ളും. ഇത്തവണ പ്രചാരണത്തിന് പ്രസംഗവും സിനിമയും റാലിയും പാട്ടുമൊന്നും വേണ്ട; സോളാര്‍ എന്ന് നാടുനീളെ എഴുതിവച്ചാല്‍ മതിയാകും. സോളാര്‍പുരാണം കേട്ടുകേട്ട് സൂര്യനുതന്നെ നാണം വന്നുതുടങ്ങി. തിരുവോണത്തിനും കാര്‍മേഘത്തിനുള്ളില്‍ ഒളിച്ചുനില്‍പ്പാണ് "സൂര്യഭഗവാന്‍".

സൗരോര്‍ജം എന്നത് അശ്ലീലപദമായി. കോളേജുകളിലെ പൂവാലന്മാരെ കണ്ടാല്‍, "എന്തെടേയ് ഒരു സോളാര്‍ലൈന്‍" എന്നാണ് പുതിയ കമന്റ്. ചെന്നിത്തല സരിതയെ വിളിച്ചിട്ടില്ല. മുരളീധരന് വിളിക്കാന്‍ തോന്നിയിട്ടേ ഇല്ല. ഐ ഗ്രൂപ്പിന്റെ ഫോണ്‍ലിസ്റ്റില്‍ സരിതയെന്നല്ല "എസ്" എന്ന അക്ഷരമേയില്ല. സരിത കറകളഞ്ഞ "എ" ഗ്രൂപ്പാണ്. സോളാര്‍ പരിപാടിക്കാകെ "എ" സര്‍ട്ടിഫിക്കറ്റുണ്ട്. പാത്തും പതുങ്ങിയും ചില ഐ ഗ്രൂപ്പുകാര്‍ ആ വഴി പോയതൊഴിച്ചാല്‍ സര്‍വം "എ" മയം. എ ഗ്രൂപ്പ് എന്നാല്‍ ആന്റണി ഗ്രൂപ്പ് എന്നാണ് മുമ്പെല്ലാം കേട്ടത്. ഇനി അത് ആന്റണി സമ്മതിക്കുമോ എന്ന് കണ്ടറിയണം. ആന്റണിയുടെ "എ"യാണോ അഡല്‍ട്സിന്റെ "എ" യാണോ എന്നു തീരുമാനിക്കാന്‍ പതിവുപോലെ പ്രത്യേക മന്ത്രിസഭ ചേര്‍ന്ന് ചര്‍ച്ചചെയ്യേണ്ടിവരും.

ഉമ്മന്‍ചാണ്ടിയുടെയും സരിതയുടെയും മുഖമാണ് സൗരോര്‍ജത്തിന്റെ പുതിയ പരസ്യചിത്രം. എങ്കില്‍പ്പിന്നെ, മുഖ്യമന്ത്രിസ്ഥാനം വിട്ട് സൗരോര്‍ജം പ്രചരിപ്പിച്ച് നാടുനന്നാക്കിക്കൂടേ എന്ന് ചോദിക്കാന്‍ ത്രാണിയുള്ളവരെ കോണ്‍ഗ്രസില്‍ കിട്ടാനില്ല. എല്ലാവര്‍ക്കും അറിയാം സംഗതി കുഴപ്പമാണെന്ന്. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും കെ സി ജോസഫും ചേര്‍ന്നാല്‍ ഉപജാപമേ നടക്കൂ- ഭരണം നടക്കില്ല; കോണ്‍ഗ്രസ് രക്ഷപ്പെടുകയുമില്ല. അത് തുറന്നുപറയാമെന്നുവച്ചാലോ? മുരളീധരന്റെയും പന്തളം സുധാകരന്റെയും കെ പി കുഞ്ഞിക്കണ്ണന്റെയുമൊക്കെ സ്ഥിതി അറിയുന്നവര്‍ക്ക് ഒന്നുംപറയാന്‍ കഴിയുന്നില്ല. പറഞ്ഞുപോയാല്‍ ഉമ്മന്‍ചാണ്ടിയുടെ അപ്രീതിയും പീഡനവും; പറഞ്ഞില്ലെങ്കില്‍ പാര്‍ടിയുടെ തകര്‍ച്ച. ഇപ്പോഴും ചിലരെയെല്ലാം പേടിപ്പിച്ചുനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുന്നുണ്ട്. ജോപ്പനും സലിംരാജും ചാണ്ടിയെ പേടിപ്പിച്ചാല്‍ ചാണ്ടി നാട്ടുകാരെയാകെ പേടിപ്പിക്കും.

ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിഷേധിക്കാന്‍ കറുത്തകുപ്പായമിട്ടാണ് ഇടതുപക്ഷക്കാര്‍ പോകുന്നത്. അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാകണം ചലച്ചിത്രതാരം പൃഥ്വിരാജ് ഉമ്മന്‍ചാണ്ടിയുടെ പരിപാടിയില്‍ ചെന്നതും കറുത്തവസ്ത്രമണിഞ്ഞാണ്. ഭരണാധികാരികള്‍ എങ്ങനെയാകണമെന്ന് ഐതിഹ്യം വായിച്ച് പഠിക്കാനുള്ള ഉപദേശവും ഉമ്മന്‍ചാണ്ടിക്ക് നല്‍കിയാണ് പൃഥ്വിരാജ് വേദിവിട്ടത്. ഈ തന്റേടം ചെന്നിത്തല കാണുന്നുണ്ടോ ആവോ?

വേഗപ്പൂട്ട് വീണുകഴിഞ്ഞു. ഏത് കോടതിയില്‍നിന്ന് എപ്പോള്‍ എങ്ങനെയുള്ള അടി വരുമെന്ന് പറയാനാകില്ല. ക്യാമറയും ഫയലും ഫോണ്‍രേഖയും പണപ്പെട്ടിയും മുക്കിയതുകൊണ്ടൊന്നും രക്ഷപ്പെടുന്നമട്ടില്ല. കട്ടവനെ വിട്ട് നഷ്ടപ്പെട്ടവനെ നുണപരിശോധനയ്ക്ക് അയക്കുന്ന മായാജാലപ്രകടനവും വിലപ്പോയിട്ടില്ല. പുതിയ കാലത്ത് മൂലയില്‍ കിടക്കുന്ന മഴു താനേവന്ന് കാലില്‍ വീണുകൊള്ളും. സലിംരാജ് കോഴിക്കോട്ട് ചെന്നാണ് കുഴപ്പം കോരിക്കൊണ്ടുവന്നത്. ജോപ്പന്‍ എവിടെയും പോകാത്തതുകൊണ്ട് തല്‍ക്കാലം ഭീഷണിയില്ല. സരിതയ്ക്കും ബിജുവിനും പൊലീസിന്റെ ഫോണ്‍ പോരാഞ്ഞ്, സര്‍ക്കാര്‍ചെലവില്‍ കാസര്‍കോട്ട് മണിയറയും ഒരുക്കി. ഇതിനുമാത്രം എന്തു മഹത്തായ രാഷ്ട്രസേവനമാണ് സരിത ചെയ്തതെന്ന് ധവളപത്രത്തിലൂടെ നാട്ടുകാരെ അറിയിക്കാവുന്നതേയുള്ളൂ. കര്‍മനിരതയും ത്യാഗസമ്പന്നയും പരോപകാരതല്‍പ്പരയും സര്‍വോപരി ദാനശീലയും കാരുണ്യവതിയുമായ ആ മഹതിയെക്കുറിച്ച് എല്ലാം അറിഞ്ഞാല്‍ എതിര്‍പ്പുകള്‍ അലിഞ്ഞുപോകും. ഏത് സര്‍ക്കാരും വിനയാന്വിതമായി ആ മഹത്വം വാഴ്ത്തിപ്പോകുമെന്ന് ഉമ്മന്‍ചാണ്ടിക്കല്ലേ അറിയൂ.

മുഖ്യമന്ത്രിക്ക് വേഗപ്പൂട്ട് വീണതിനുപിന്നില്‍ മീശക്കാരന്റെ കരങ്ങളാണെന്ന വാര്‍ത്ത കണ്ടില്ല. കൈക്കൂലി സഹിക്കവയ്യാഞ്ഞ് ഒരു ജോലിയും ഏല്‍പ്പിക്കാനാകാത്ത ഒരു സര്‍ക്കാരുദ്യോഗസ്ഥനെ തിരയെണ്ണാന്‍ വിട്ട കഥയുണ്ട്. കടല്‍ത്തിര എണ്ണുന്നത് ശിക്ഷയുമാകും; കൈക്കൂലിക്ക് വകുപ്പുമില്ല എന്നായിരുന്നു രാജാവിന്റെ ചിന്ത. സസന്തോഷം പുതിയ ജോലി തുടങ്ങിയ ഉദ്യോഗസ്ഥന് പിന്നെയും കാശിന് പഞ്ഞംവന്നില്ല. അതെങ്ങനെയെന്ന് അന്വേഷിച്ചുചെന്ന രാജാവ് കൈക്കൂലിയുടെ പുതിയ രൂപമാണ് കണ്ടത്. കടല്‍ത്തീരത്ത് കാറ്റുകൊള്ളാന്‍ നാട്ടുകാര്‍ വരുമ്പോള്‍ തിരയുടെ എണ്ണം തെറ്റിപ്പോകുന്നു; അങ്ങനെ തന്റെ "ഔദ്യോഗിക കൃത്യനിര്‍വഹണം" തടസ്സപ്പെടുത്തുന്നു എന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. കാറ്റുകൊള്ളാന്‍ നിയമാനുസൃതം വരണമെങ്കില്‍ നിശ്ചിതതുക കൈക്കൂലി കൊടുക്കണമെന്ന് നിബന്ധനവച്ച് ഉദ്യോഗസ്ഥന്‍ "കൃത്യനിര്‍വഹണം" തുടര്‍ന്നു. അതുപോലെയാണ് നമ്മുടെ മീശക്കാരന്‍. എവിടെ ചെന്നാലും വാര്‍ത്ത സൃഷ്ടിക്കാന്‍ അറിയാം. വേഗപ്പൂട്ടെങ്കില്‍ അത്, വ്യാജ സിഡിയെങ്കില്‍ അത്. പബ്ലിസിറ്റി സ്റ്റണ്ടിനെ വാഴ്ത്തുന്നതും ആധുനികകാലത്തെ മാധ്യമസ്വാതന്ത്ര്യമാണ്.

*
വാജ്പേയി ജീവിച്ചിരിപ്പുണ്ട്. അദ്വാന്‍ജി ഉഷാറായിത്തന്നെ കാവിക്കൊടി പിടിക്കുന്നുമുണ്ട്. ആയകാലത്ത് ജനസംഘമായും ജനതാപാര്‍ടിയായും ഭാരതീയ ജനതാപാര്‍ടിയായുമൊക്കെ സ്വയംസേവനം നടത്തിയവരാണ്്. പാര്‍ലമെന്റില്‍ രണ്ടേരണ്ട് ദേഹങ്ങളായി അഖിലലോക ഹിന്ദുത്വത്തിന്റെ ഭാരം മുതുകിലേറ്റിയവര്‍ക്ക്, ഇന്ന് പടിക്കുപുറത്താണ് ചോറ്. അപ്പോള്‍ കാണുന്നവരെയും അഴകുള്ളവരെയും നേതാവേ എന്ന് വിളിക്കുന്നത് ആര്‍എസ്എസിന്റെയും ശീലമാണ്. അദ്വാന്‍ജിയേക്കാള്‍ അഴകും മോടിയും നരേന്ദ്രമോഡിക്കുണ്ട്. പുത്തനച്ചിയെക്കൊണ്ട് പുരപ്പുറം തൂപ്പിക്കാനുള്ള സാമര്‍ഥ്യം ആര്‍എസ്എസിനുമുണ്ട്. ഗോള്‍വാള്‍ക്കര്‍ സ്വപ്നംകണ്ട ഇന്ത്യ പെട്ടെന്നിങ്ങ് വരാന്‍ മോഡിയുടെ ഇന്ധനം മതി എന്നാണ് നാഗ്പുരിലെ സ്വപ്നം. മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും നാടുവിട്ടുപോകാനുള്ള പാസ്പോര്‍ട്ട് മോഡിയുടെ കൈയിലുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തിന്റെ വകുപ്പ് അസാറാം ബാപ്പു നോക്കും. അദ്വാന്‍ജിയുടെ രഥയാത്രയൊക്കെ പഴഞ്ചനായി. തോക്കെടുക്കുക; നെഞ്ചിന്‍കൂട് നോക്കി വെടിവയ്ക്കുക; ജീവനോടെ വേവിക്കുക; അതാണ് വികസനമെന്ന് പറയുക- ഇതാണ് മോഡിയന്‍ രീതി. ഗുജറാത്തിലെ കാറ്റ് മുസഫര്‍നഗറില്‍ ആഞ്ഞുവീശുന്നുണ്ട്. ഹിന്ദി ഹൃദയഭൂമി ആ കാറ്റില്‍ ഒന്നുലഞ്ഞാല്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷയുടെ മന്ദമാരുതന്‍ നാഗ്പുരിലുമുണ്ട്.

കോണ്‍ഗ്രസ് എന്ന കൂന് വിലക്കയറ്റമായും തൊഴിലില്ലായ്മയായും ജീവിതദുരിതമായും ഇന്ത്യക്കാരന്റെ മുതുകിനെ കനപ്പിക്കുന്നുണ്ട്. അതിന്മേല്‍ വര്‍ഗീയതയുടെ ഒരു കുരുകൂടി പൊട്ടിയൊലിക്കട്ടെ എന്ന് ഇന്ത്യക്കാരന്‍ ചിന്തിക്കുമെന്നും ഗംഗയിലെ വെള്ളംവറ്റി വര്‍ഗീയതയുടെ പട്ടി അക്കരെയും ഇക്കരെയും ഓടി ഹിന്ദിഹൃദയങ്ങളെയാകെ കടിക്കുമെന്നും സ്വപ്നം കാണുന്നതില്‍ തെറ്റില്ല. അവസാനത്തെ കടി ആര്‍എസ്എസിന്റെ മുഖത്താകാതിരുന്നാല്‍ മതി.

*
വെട്ടിന്റെ എണ്ണവും പ്രതികളുടെ എണ്ണവും കുറഞ്ഞുവരുന്നത് എങ്ങനെയെന്ന് എത്തുംപിടിയും കിട്ടുന്നില്ല. അമ്പത്തൊന്ന് വെട്ട് കുറഞ്ഞുകുറഞ്ഞ് തലതിരിഞ്ഞ് പതിനഞ്ചായി. പ്രതികളുടെ എണ്ണം 76ല്‍നിന്ന് 36ലേക്ക് താണു. മുല്ലപ്പള്ളിയുടെ പ്രസ്താവനകള്‍ക്കും തിരുവഞ്ചൂരിന്റെ വീരവാദങ്ങള്‍ക്കും രൂപയുടേതിനേക്കാള്‍ വലിയ ഇടിവുണ്ടായി. ആര്‍എംപിക്ക് കാറ്റുവീഴ്ച. അതിന്റെ മുഖ്യസൈദ്ധാന്തിക നായകന് മണ്ഡരിബാധ. ഓര്‍ക്കാട്ടേരിവിപ്ലവം അങ്ങനെ മുല്ലപ്പള്ളിക്കുപോലും വേണ്ടാതായി. ഇനി ആരുടെ തട്ടിന്‍പുറത്ത് തപ്പിയാല്‍ കിട്ടും വടകരയിലെ വോട്ടുകളെന്ന് ഗവേഷണം നടത്താന്‍ കണ്ണൂരില്‍നിന്ന് കവികുലോത്തമന്‍ പോകണം.