Sunday, May 18, 2014

രാഷ്ട്രീയത്തിലെ സം"പൂജ്യന്‍"മാര്‍

പൂജ്യം എവിടെ നില്‍ക്കുന്നു എന്നതിലാണ് കാര്യം. വലത്തും ഇടത്തുമുള്ള പൂജ്യത്തിന്റെ വിലവ്യത്യാസം മനസിലാക്കിയിട്ടുണ്ട്. എന്നാല്‍, നടുവിലെ പൂജ്യം വിലയില്ലാത്തതാണ് എന്ന് ഇപ്പോള്‍ തെളിഞ്ഞു. 1984ല്‍ അച്ഛന്‍ നയിച്ച കോണ്‍ഗ്രസിന് കിട്ടിയത് 404 സീറ്റ്. 2014ല്‍ മകന്‍ നേതാവായപ്പോള്‍ സീറ്റിന്റെ എണ്ണത്തില്‍നിന്ന് പൂജ്യം കുറഞ്ഞു 44 ആയി. രാജീവും രാഹുലും തമ്മിലുള്ള വ്യത്യാസം ഒരു പൂജ്യത്തിന്റേതുമാത്രമാണ് എന്നുസാരം. അതുകൊണ്ട് കോണ്‍ഗ്രസിനെ അങ്ങനെ എഴുതിത്തള്ളിയിട്ടുകാര്യമില്ല.

മോഡി വന്‍ മോടിയിലാണ് എന്നതു ശരിതന്നെ. നന്ദി പറയേണ്ടത് മന്‍മോഹന്‍ നയിച്ച ഭരണത്തോടും രാഹുല്‍ നയിച്ച കോണ്‍ഗ്രസിനോടുമാണ്. ശാക്തീകരണം ആ വഴിയാണ് വന്നത്. പത്തുകൊല്ലം ഭരിച്ച് ചീഞ്ഞളിഞ്ഞ കോണ്‍ഗ്രസിനെ തോണ്ടിയെറിയാന്‍ ജനം കാത്തിരിക്കയായിരുന്നു. പകരക്കാരനായി വെളുത്ത താടിയും ഇസ്തിരി ചുളിയാത്ത കുര്‍ത്തയുംകൊണ്ട് മോഡി വന്നപ്പോള്‍ ഒന്ന് പരീക്ഷിക്കാമെന്ന് കുറെപ്പേര്‍ കരുതി. താടി വന്നാലും തലേക്കെട്ടു വന്നാലും ഭരിക്കുന്നത് വേറെ ചിലരാണ്. കോര്‍പറേറ്റുകള്‍ എന്നാണ് യഥാര്‍ഥ ഭരണാധികാരികളുടെ പുതിയ പേര്. പത്തുകൊല്ലം മന്‍മോഹനെക്കാണ്ട് എല്ലുമുറിയെ പണിയെടുപ്പിച്ചു. ഇനി ആ പാവത്തിന് ആവതില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പുതിയ ജോലിക്കാരനെ കണ്ടെത്തി- അത്രതന്നെ. കോണ്‍ഗ്രസിന് കിട്ടിയ കോര്‍പറേറ്റ് സ്നേഹം വഴിതിരിഞ്ഞൊഴുകിയപ്പോള്‍ കാക്ക കുളിച്ച് കൊക്കായി. ചുടുചോര മണക്കുന്ന ഗുജറാത്തിന്റെ നായകനെ വികാസ് പുരുഷുവാക്കി. ഇതിലും വലിയ മോഡിമാര്‍ മുമ്പുംവന്നു. ഇന്ന് പല്ലുകൊഴിഞ്ഞെങ്കിലും അദ്വാന്‍ജി ഒരുകാലത്ത് മരണത്തിന്റെ രഥയാത്ര നയിച്ചിട്ടുണ്ട്. ആജീവനാന്ത ആര്‍എസ്എസാണ് അടല്‍ബിഹാരി. ആറുകൊല്ലം അടലും അദ്വാനിയും ഡല്‍ഹിയിലിരുന്ന് ഭരണക്കര്‍സേവ നടത്തിയപ്പോള്‍ രാജ്യത്ത് പാലുംതേനും ഒഴുകിയിരുന്നില്ല. ശവപ്പെട്ടിക്കച്ചവടത്തില്‍പോലും കമീഷന്‍ പറ്റുകയാണ് ചെയ്തത്. അന്ന് മനംമടുത്തും സൈ്വരംകെട്ടുമാണ് ജനം ഇറക്കിവിട്ടത്.

കോര്‍പറേറ്റ് സേവാ രസായനമാണ് മോഡിയും മാഡവും കഴിക്കുന്നത്. പെട്രോള്‍വില കൂട്ടുകയും പിച്ചച്ചട്ടിയില്‍ കൈയിടുകയുമെന്നതാണ് അത് കഴിച്ചാലത്തെ സൈഡ് ഇഫക്ട്. എന്തായാലും കോണ്‍ഗ്രസില്‍ മോഡിയോട് നന്ദി പറയാന്‍ ബാധ്യതയുള്ള ഒരാളെങ്കിലും ശേഷിക്കുന്നുണ്ട്. സാക്ഷാല്‍ ഉമ്മന്‍ചാണ്ടി. ഇനി യുഡിഎഫ് സര്‍ക്കാരിന്റെ പടിവാതിലില്‍ മോഡിയാണ് രക്ഷകന്‍ എന്ന് എഴുതിവയ്ക്കണം. വടക്ക് കോണ്‍ഗ്രസ് വിരുദ്ധ കൊടുങ്കാറ്റിനൊപ്പം വര്‍ഗീയതയുടെ ചുഴലികൂടി വന്നപ്പോള്‍ കേരളത്തിലെ ചില ഹൃദയങ്ങളും മൃദുലവികാരതരളിതങ്ങളായി. മോഡി വന്നാലെന്താ എന്ന് ഒരു കൂട്ടര്‍; രാജേട്ടന്‍ പോയാലെന്താ എന്ന് മറ്റു ചിലര്‍. കാവിപ്പെട്ടിയില്‍ കുറെ വോട്ട് അങ്ങനെ വീണു. സ്വന്തം വോട്ട് കച്ചവടം നടത്താന്‍ ആര്‍എസ്എസിന് പരമസുഖമായി. കൂടുവിട്ട് കൂടുമാറി നാറി നാനാവിധമായവര്‍ക്കുപോലും വിലകൊടുത്ത വോട്ടും ജാതിപറഞ്ഞ വോട്ടും ഗ്ലൂക്കോസായി. ഒരു ഭാഗത്ത് തലയില്‍ മുണ്ടിട്ട് കച്ചവടം. മറുഭാഗത്ത് മോഡിപ്പേടി വിതച്ച്, കോണ്‍ഗ്രസല്ലാതെ വേറാരുണ്ട് രക്ഷിക്കാന്‍ എന്ന ചോദ്യം. അമ്മയുടെയും മോന്റെയും പാര്‍ടി വടക്ക് പൊട്ടിപ്പൊളിഞ്ഞ വിവരമറിയാത്തവര്‍ മോഡിയെപ്പേടിച്ച് കൈപ്പത്തിക്ക് കുത്തി. അങ്ങനെ പന്ത്രണ്ടു സീറ്റുമായി ഉമ്മന്‍ചാണ്ടിക്ക് തല്‍ക്കാല രക്ഷ. തെരഞ്ഞെടുപ്പ് ഫലം തന്റെ ഭരണത്തിന്റെ വിജയമെന്ന് ഉമ്മന്‍ചാണ്ടി. അതുതന്നെ സരിതയ്ക്കും പറയാം; സലിംരാജിനും പറയാം. സരിതയ്ക്കെതിരെ പ്രതിപക്ഷം നടത്തിയ കുറ്റപ്പെടുത്തലുകള്‍ക്കുള്ള മറുപടിയാണ് വേണുഗോപാലിന്റെ വിജയമെന്ന് ആലപ്പുഴയിലെ ഷുക്കൂറെങ്കിലും പറയേണ്ടതായിരുന്നു. തന്നെയും കരിക്കിനെയും അപമാനിച്ചവര്‍ക്കുള്ള മറുപടിയാണ് മാവേലിക്കരക്കാര്‍ കൊടുത്തതെന്ന് ശാലുമേനോന് നിശ്ചയമായും അഭിമാനിക്കാം. തന്നെയും ഉമ്മന്‍ചാണ്ടിയെയും ചേര്‍ത്തുവച്ച് കേസ് സിബിഐക്കു വിട്ട ഹൈക്കോടതിക്കാണ് ജനങ്ങള്‍ തിരിച്ചടി നല്‍കിയതെന്ന് സലിംരാജിന്റെ അവകാശവാദവും ഉയരേണ്ടതാണ്.

*

തെരഞ്ഞെടുപ്പ് സാമര്‍ഥ്യത്തിന്റെ കളികൂടിയാണ് എന്ന് ഉമ്മന്‍ചാണ്ടി നല്ലപോലെ പഠിച്ചിട്ടുണ്ട്. വോട്ടു വില്‍ക്കുന്ന കടകളില്‍ പറ്റുവരവ് പണ്ടേ തുടങ്ങിയിട്ടുമുണ്ട്. ന്യൂനപക്ഷത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തവര്‍ക്ക് കോണ്‍ഗ്രസിന്റെ സഹവാസംകൊണ്ട് പലവഴിക്കും ലാഭം വരുന്നു. മകാരപ്പത്രങ്ങളും മകാരച്ചാനലുകളും നാട്ടിലുള്ളതുകൊണ്ട് ഒന്നും നാട്ടുകാര്‍ അറിയില്ല എന്ന സൗകര്യം. രാഷ്ട്രീയ സാഹചര്യങ്ങളാകെ എതിരായാലും വോട്ടില്‍ കുറവുവരില്ല. ഹൈക്കമാന്‍ഡില്‍നിന്ന് അന്‍പതുകോടി വന്നു. രണ്ടുവീതം കൈപ്പത്തിക്കാര്‍ക്കും ഒന്നുവീതം അല്ലാത്തവര്‍ക്കും ചാക്കിലിട്ടുകൊടുത്തത് ആദര്‍ശധീരന്‍തന്നെ. വീതംവയ്പിന്റെ കൂലിയായി പത്തു കോടി ഇന്ദിരാഭവനിലും എത്തി. സര്‍ക്കാര്‍വക മകാരപ്പത്രങ്ങള്‍ക്ക് കോഴയും കിട്ടി. സര്‍ക്കാര്‍നിരക്കിന്റെ മൂന്നിരട്ടി കൊടുത്ത് മാതൃഭൂമിക്കും മനോരമയ്ക്കും മുഴുപ്പേജ് പരസ്യം. പണം പറ്റിയവര്‍ക്ക് ഉമ്മന്‍ചാണ്ടി പടച്ചോനായി. അടിയൊഴുക്കിലായിരുന്നു പ്രതീക്ഷ. പലതും അങ്ങനെ ഒഴുക്കിയെടുക്കുകയും ചെയ്തു. എല്ലാംകഴിഞ്ഞ് ഫലംവന്നപ്പോള്‍ എട്ടിടത്തെങ്കിലും എല്‍ഡിഎഫ് ജയിച്ചത് മഹാത്ഭുതംതന്നെ. എന്നിട്ടിപ്പോള്‍ ചര്‍ച്ച, ഇടതുപക്ഷം എന്തുകൊണ്ട് മേല്‍ക്കൈ നേടിയില്ല എന്നാണ്. നാലില്‍നിന്ന് സീറ്റിന്റെ എണ്ണം എട്ടാക്കിയത് മുന്നേറ്റമല്ലപോലും.

തെരഞ്ഞെടുപ്പു ഘട്ടത്തില്‍ ഒരു രാഷ്ട്രീയവിഷയംപോലും ചര്‍ച്ചയ്ക്കെടുക്കരുതെന്ന് വാശികാണിച്ചവര്‍, എന്തുപറ്റി ഇടതുപക്ഷത്തിന് എന്ന ചോദ്യവുമായി ഇറങ്ങിയിരിക്കുന്നു. നശിച്ചുപോകാന്‍ ശാപംചൊരിഞ്ഞവര്‍ക്ക് ഇടതുപക്ഷം "പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല" എന്ന സങ്കടം. കോണ്‍ഗ്രസും ലീഗും മാണികേരളയും ജാതി-മത ശക്തികളും അണിനിരന്ന യുഡിഎഫിന് എണ്ണംകൊണ്ടുള്ള വമ്പുണ്ടെന്നത് നേര്. ഹിന്ദുവും മുസ്ലിമും മത്സരിച്ചാല്‍ ഹിന്ദു ജയിക്കുമെന്നതാണ് മോഡിയുടെ കണക്ക്. അതേ കണക്ക് മറ്റൊരു തരത്തില്‍ ഉമ്മന്‍ചാണ്ടി പ്രയോഗിക്കുമ്പോള്‍, ചെറുത്ത് നാല്‍പ്പതുശതമാനത്തിലധികം വോട്ടും എട്ടുസീറ്റും നേടിയതുതന്നെ ഇടതുപക്ഷത്തിന്റെ വിജയം. വോട്ടിലും സീറ്റിലും നേരിയ വ്യത്യാസമേ വന്നിട്ടുള്ളൂ. വടകരയില്‍ മുല്ലപ്പള്ളിക്ക് തോറ്റ ജയമാണ്. യഥാര്‍ഥ ഇടതുപക്ഷം ഉണ്ടാക്കാന്‍ പോയവരെ മഷിയിട്ടുനോക്കിയിട്ടും കാണാനില്ല-അവരുടെ വാക്കും വോട്ടും കോണ്‍ഗ്രസ് വിഴുങ്ങി. മോഡിയെ പേടിച്ച് ജയിപ്പിക്കണമെന്നു പറയാന്‍ ഇനി ഒരു കോണ്‍ഗ്രസ്തന്നെ ഇല്ല എന്നായി. അപ്പോഴും നട്ടെല്ലുനിവര്‍ത്തി നില്‍ക്കാന്‍ ഇടതുപക്ഷമേ ഉണ്ടാകൂ എന്ന തിരിച്ചറിവിന്റെ നാളുകളാണിനി. എന്തായാലും ലോക്സഭയില്‍ചെന്ന് രാഹുല്‍ജിക്ക് സിന്ദാബാദ് വിളിക്കാനും ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിയില്‍ കൊണ്ടുനടക്കാനും ഒരു പ്രേമചന്ദ്രനെ കിട്ടിയതില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാം. നാറ്റം പരസ്പരം അറിയാനിടയില്ല.

*

ആര്‍എംപിയുടെ വിപ്ലവനാമത്തിന് ആര്‍ഐപി എന്ന പരിണാമം വന്നു. റസ്റ്റ് ഇന്‍ പീസ്. അവതാരലക്ഷ്യം പൂര്‍ത്തിയാക്കി മുല്ലപ്പള്ളിയില്‍ വിലയിക്കാനുള്ള സമയമായി. ജീവിച്ചിരുന്ന ചന്ദ്രശേഖരന് ഇരുപത്തിരണ്ടായിരം വോട്ടുകൊടുത്ത വടകരക്കാര്‍ ചന്ദ്രശേഖരന്റെ പാര്‍ടിക്ക് പതിനേഴായിരമേ കൊടുത്തുള്ളൂ. "ഇടതുപക്ഷ ഐക്യമുന്നണി"യായിട്ടും ജമാ അത്തെ ഇസ്ലാമി പിന്തുണയുണ്ടായിട്ടും ഒരുകൂട്ടം റെഡ് ഫ്ളാഗുകാരും എസ്യുസിഐയും പിന്തുണച്ചിട്ടും രമയുടെ പാര്‍ടിക്ക് അധോഗതി. വോട്ടെടുപ്പിന് നാലുനാള്‍ മുമ്പ് ഇടതുപക്ഷ സ്ഥാനാര്‍ഥിയെ ചന്ദ്രശേഖരന്റെ കൊലയുമായി ബന്ധമുള്ളവനാക്കി കഥമെനഞ്ഞ് രമ നേരിട്ടിറങ്ങി നിലവിളിച്ചതിനുള്ള കൂലിപോലും ആര്‍എംപിക്കല്ല കിട്ടിയത്. ഷംസീറിന്റെ അപരന് കിട്ടിയതിനേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് മുല്ലപ്പള്ളിയെ വീണ്ടും ഡല്‍ഹിയിലേക്കയക്കാനായതിന്റെ ഹരത്തില്‍ ആര്‍എംപിക്ക് എന്തെങ്കിലും ബോണസ് കൊടുക്കേണ്ടതാണ്. മുല്ലപ്പള്ളിക്ക് ഇവിടെയും അവിടെയും വിലയില്ലാതായ സ്ഥിതിക്ക് ഇനി പുതിയ രക്ഷകനുവേണ്ടിയുള്ള അന്വേഷണം ആരംഭിക്കാവുന്നതുമാണ്.

*

ഒരുനാള്‍ അടുത്ത സീറ്റിലിരുന്ന് സുഹൃത്ത് ശതമന്യുവിനോട് പറഞ്ഞു-""നിങ്ങള്‍ എന്തേ ഉമ്മന്‍ചാണ്ടിയെ വലിച്ച് താഴത്തിടാത്തത്? ഇനിയും ഈ ഭരണത്തിന്റെ നാറ്റം സഹിക്കണമെന്നാണോ മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ തീരുമാനം"" എന്ന്. മൂന്നാംനാള്‍ അതേ സുഹൃത്ത് അടുത്തിരുന്നു പറഞ്ഞു- ""ഞങ്ങള്‍ ഇടതുബന്ധം വിട്ട് വലത്തോട്ട് പോകുന്നു; ഉമ്മന്‍ചാണ്ടിയാണ് ഇനി നേതാവ്"" എന്ന്. അപ്പോഴാണ് കടുത്ത നാറ്റമടിച്ചത്. നാറിയെന്നും വിളിക്കാം, പരനാറിയെന്നും വിളിക്കാം- രാഷ്ട്രീയ എമ്പോക്കിയെന്ന് മൂന്നുവട്ടം വിളിക്കാം. കാക്കക്കാഷ്ഠത്തെ കല്‍ക്കണ്ടമെന്നു വിളിക്കുന്നതാണ് രാഷ്ട്രീയ മാന്യതയെങ്കില്‍ ആ മാന്യതയെ കാക്കക്കാഷ്ഠമെന്ന് വിളിക്കാനാണ് ശതമന്യുവിനിഷ്ടം.

2 comments:

Siya said...

പ്രകാശ്‌ കാരാട്ട്‌, രാമചന്ദ്രൻ പിള്ള, തമിഴ്നാട്ടിൽ നിന്നുള്ള കുറെ അവൻമാർ, ഇവരെ ഒക്കെ പി ബി യില്നിന്നും ഇറക്കി വിടണം. കഴിഞ്ഞ പർലമെന്റ് ഇലക്ഷന് മന്ദബുദ്ധി പ്രകാശ്‌ കാരാട്ടിന്റെ പ്രശനം അമേരിക്കൻ ആണവ കരാറും പിന്നെ മൂന്നാം മുന്നണി ഒണ്ടാക്കി മായാവതിയെ പ്രധാന മന്ത്രി ആക്കലും ആയിരുന്നു. അതിനു വേണ്ടി ആ മഹാ പ്രതിഭ ഇന്ത്യ മുഴുവൻ പറന്നു നടന്നു മായാവതിയുടെ മൂട് താങ്ങി. എന്നിട്ടെന്തായി, "പവനായി ശവമായി". മായാവതിയുടെ മൂട് താങ്ങി, തഴമ്പു വച്ചത് മാത്രം ബാക്കി. അമേരിക്കൻ ആണവ കരാര് ഉണ്ടാക്കിയിട്ട്, ഇന്ത്യക്കു എന്ത് മഹാ അപകടം ആണ് വന്നതെന്ന് അങ്ങേരു ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു. ജനങ്ങൾ പ്രതീക്ഷിക്കുന്നത് ലോകം മുഴുവൻ പരാജയപെട്ട കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രവും, അതിന്റെ ഇല്ലാത്ത മഹത്വവും പിന്നെ അമേരിക്കൻ വിരോധവും പിന്നെ കുറെ ന്യൂനപക്ഷ സ്നേഹവും പാടി നടക്കുന്ന കുറെ മന്ദബുദ്ധി നേതാക്കളെ അല്ല, പകരം ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്ന വല്ലതും ചെയ്യാൻ കഴിയുന്നവരെ, അല്ലെങ്കിൽ അങ്ങനെ ഒരു പ്രതീക്ഷ നല്കുന്നവരെയും ആണ്. ഉദാഹരണത്തിന്, ആദ്യ മൻമോഹൻ മന്ത്രി സഭയെ നാലര കൊല്ലം പിന്താങ്ങിയിട്ടു അവസാനം പാര്ടിക്കോ, പാര്ടിയെ വിശ്വസിച്ചവര്ക്കോ എന്ത് കിട്ടി ?..ഒന്നുമില്ലെങ്ങിലും, സർക്കാർ സ്ഥാപനമായ "ഓ.എൻ. ജി. സി" കണ്ടെത്തിയ ഗോദാവരി എണ്ണ പ്പാടം, യാതൊരു അര്ഹതയും ഇല്ലാത്ത റിലയന്സിനു കൂട്ടി കൊടുക്കുന്നതിനെതിരെ ഒരു ചെറു വിരൽ അനക്കാൻ കൂടി ഈ കമ്മ്യൂണിസ്റ്റ്‌ എം പി, പുങ്ങവന്മാര്ക് കഴിഞ്ഞോ. അത് പോട്ടെ, റെയിൽവേ പാലക്കാടു ഡിവിഷൻ പ്രശ്നത്തിൽ തമിള്നാടിനോട് ചർച്ചക്ക് പോയ കഥ ഓർമയില്ലേ ?..എന്തിനാണെന്ന് അറിയില്ല, സിതാറാം യെചൂരിയെയും കൊണ്ടാണ് ചർച്ചിക്കാൻ പോയത്...എന്നിട്ടോ, കയ്യിൽ ഇരുന്ന പാലക്കാടും കൊടുത്തു തമിഴ്നാടിനു വേണ്ടാത്ത നഷ്ടത്തിൽ ഓടുന്ന ഒരു മീറ്റർ ഗേജു പാതയും മേടിച്ചോണ്ട് വന്നു... അത്രക്കൊണ്ട് ഇവന്മാരുടെ പ്രാപ്തി. ഇതിനൊക്കെ പകരം, കമ്മ്യൂണിസ്റ്റ്‌ പ്രത്യശാസ്ത്രവും അതിനെ ഒലക്കേടെ മൂടും ഒക്കെ മാറ്റി വച്ച്, ആ മന്ത്രിസഭയിൽ ചേർന്ന് വല്ല പെട്രോളിയവും പോലുള്ള വകുപ്പ് ഒക്കെ എടുത്തു, ഇവന്മാര് പ്രസങ്ങിക്കുന്ന പോലെ റിലയൻസിനെ ഒക്കെ നിലക്ക് നിർത്തി മര്യാദക്ക് ഭരിച്ചു കാണിചെങ്ങിൽ, ഇന്ന് ഈ പാര്ടിക്കു ഈ ഗതികേട് ഉണ്ടാവില്ലായിരുന്നു. അതെങ്ങിനെയാ, മൂട് താങ്ങി കൾക്കു അതേ ചെയ്യാൻ അറിയൂ. മുല്ലപെരിയാർ പ്രശ്നത്തിൽ, കുറെ സീറ്റ് ഉറപ്പായും തരുന്ന കേരളത്തെ ഒറ്റി കൊടുത്തു ഒരു ഉളുപ്പും ഇല്ലാതെ മൂന്നു സീറ്റ് പ്രതീക്ഷിച്ചു ജയലളിതയുടെ മൂട് താങ്ങി. എന്നിട്ടോ, ജയലളിത മൂന്നു പോയിട്ട് ഒരു സീറ്റ് വരെ തന്നില്ല...( തനി നാടൻ ഭാഷയിൽ പറഞ്ഞാൽ... മൂഞ്ചിച്ചു,, ഊമ്പിച്ചു വിട്ടു ). എന്നിട്ടും "പി ബി" മഹാന്മാർ പഠിച്ചോ.. അവർക്ക് ഇത്തവണയും മൂന്നാം മുന്നണി ( മൂഞ്ചൻ മുന്നണി) തന്നെ ശരണം. പ്രധാന മന്ത്രി മുലായം സിംഗ്, അല്ലേൽ ജയലളിത...കഷ്ടം.. അതുകൊണ്ട് എപ്പോൾ ഉള്ള കഴിവ് കെട്ടത് എന്ന് പല തവണ തെളിയിച്ച പി ബി അംഗങ്ങളെ ( കാരാട്ട്‌, രാമചന്ദ്രന പിള്ള, തമിഴ്നാട്ടിലെ കുറെ പ്രാദേശിക വാദികളായ ആളുകള്) രാഷ്ട്രീയ വനവാസത്തിനു വിടുക... അല്ലേൽ ഈ പാര്ടി ഇല്ലതാവും....ആദ്യം നിങ്ങളുടെ പാർടി കാര്യങ്ങൾ ശരിയാക്ക്, എന്നിട്ട് കൊണ്ഗ്രെസ്സിന്റെ മുതുകത്തു കയറാം. ( അവനവന്റെ കണ്ണിലെ കോലെടുക്ക്, എന്നിട്ട് മതി ആരാന്റെ കണ്ണിലെ കരടെടുക്കാൻ )

ajith said...

മോഡിയും മാഡവും വലിയ വ്യത്യാസമില്ല. ഇടയില്‍ ഒരു ഗസ്റ്റ് റോളിന് പോലും നില്‍ക്കാന്‍ ആരും ഇല്ലാതാനും.