Sunday, May 11, 2014

ഉരുളയ്ക്ക് ഉപ്പേരിതന്നെ

പൂച്ചയ്ക്ക് ഒന്‍പത് ജീവിതമുണ്ടെന്നും, അല്ല ഏഴേ ഉള്ളൂ എന്നും തര്‍ക്കമുണ്ട്. എത്രയായാലും ഏതുയരത്തില്‍നിന്നും നാലുകാലില്‍ തന്നെവീഴും. പൂച്ചകള്‍ പൊതുവേ നന്നായി ഇണങ്ങുന്നവരാണെങ്കിലും മുതിര്‍ന്ന പൂച്ചകള്‍ ചെറിയ പൂച്ചകളോട് അസഹിഷ്ണുതയോടെ പെരുമാറുന്നതും മാന്തിയും കടിച്ചും അവയെ ആക്രമിക്കുന്നതും കാണാറുണ്ട്. പൂച്ചയുടെ കാര്യങ്ങള്‍ പലതും തലതിരിഞ്ഞാണ്. മാംസാഹാരം കഴിക്കും; സസ്യഭക്ഷണം ദഹിക്കില്ല. മാംസാഹാരത്തിനു യോജിച്ച ശരീരപ്രകൃതിയെങ്കിലും ചെടി, ഇല, പുല്ല് തുടങ്ങിയവ ഉള്‍പ്പെടുത്തും. ഭക്ഷണക്കാര്യത്തില്‍ ഇഷ്ടാനിഷ്ടങ്ങളുണ്ട്. മനഃപൂര്‍വം പട്ടിണി കിടക്കാറുണ്ട്. മുന്‍പ് കഴിച്ച രുചികരമായ ഭക്ഷണം കൊടുത്താല്‍പോലും അപ്പോള്‍ കഴിക്കാന്‍ കൂട്ടാക്കില്ല. എന്നാല്‍, ആരോഗ്യം വഷളാകുന്നതുവരെ പട്ടിണി കിടക്കാന്‍ സ്വയം തയ്യാറാകുന്നത് അത്യപൂര്‍വം. അസ്വാഭാവികഭക്ഷണവും കഴിക്കാറുണ്ട്; പ്ലാസ്റ്റിക്, തുണി, കമ്പിളി എന്നിവയൊക്കെ. കരള്‍ മറ്റ് മൃഗങ്ങളുടേതുപോലെ വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാന്‍ ശക്തി ഉള്ളവയല്ല. ഈ വിശേഷങ്ങളെല്ലാം ഒത്തുനോക്കുമ്പോള്‍ ശ്രീമാന്‍ പൂച്ചയ്ക്ക് ആദര്‍ശധീരനായ പൂച്ച; വ്യത്യസ്ത മാര്‍ജാരധീരന്‍ എന്നൊക്കെ വിളിക്കപ്പെടാന്‍ അര്‍ഹതയുണ്ട്.

പൂച്ചയുമായി കെപിസിസിക്ക് ഒരു ബന്ധവുമില്ല. പക്ഷേ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പൂച്ചയ്ക്കാര് മണികെട്ടും, ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാല്‍ അറയ്ക്കും, പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം, മിണ്ടാപ്പൂച്ച കലമുടയ്ക്കും തുടങ്ങിയ പൂച്ചച്ചൊല്ലുകളാണ് ആദര്‍ശഗ്രഹണകാലത്ത് ഇന്ദിരാഭവനിലെ സന്ധ്യാകീര്‍ത്തനം. ഇടവഴിയിലായിരുന്നപ്പോള്‍ ശല്യമില്ലായിരുന്നു. അകത്തേക്ക് കയറിയതോടെ എലികളുടെ ജനാധിപത്യം തകര്‍ന്നു. തുടര്‍ച്ചയായി കലമുടച്ചുകൊണ്ടിരിക്കുന്നു.

*

കെപിസിസി പ്രസിഡന്റായി വി എം സുധീരന്‍ വന്നപ്പോള്‍ പാര്‍ടി രക്ഷപ്പെട്ടു എന്ന് ആരും കരുതിയില്ല- ഒരു പപ്പുഫലിതമായേ കണ്ടുള്ളൂ. ഇന്നുവരെ എന്തിനെയെങ്കിലും രക്ഷപ്പെടുത്തി എന്ന ദുഷ്പേര് കേള്‍പ്പിക്കാത്ത സുധീരനെത്തന്നെ ഉമ്മന്‍ചാണ്ടിയുടെ താക്കോല്‍ ഏല്‍പ്പിക്കണം എന്ന് രാഹുല്‍ജി തീരുമാനിച്ചതില്‍ ശാസ്ത്രമുണ്ട്. ഇന്നലെവരെ ഉമ്മന്‍ചാണ്ടിയാണ് കേരളത്തിന്റെ ഹൈക്കമാന്‍ഡ്. രമേശിന് വലിയ കടുംപിടിത്തമൊന്നുമില്ല- ചിലചില കാര്യങ്ങള്‍ തട്ടുകേടില്ലാതെ നടക്കണം എന്നുമാത്രം. സെക്രട്ടറിയറ്റില്‍ കയറിനിരങ്ങിയ സരിതയോ ശാലുവോ ഇന്ദിരാഭവനിലേക്ക് തേടിച്ചെല്ലാതിരുന്നത് അന്നത്തെ കെപിസിസി അധ്യക്ഷന്റെ മഹത്വംകൊണ്ടെന്നും പറയുന്നുണ്ട്- രമേശ് തന്നെ. പോയതുകൊണ്ട് വല്ല കാര്യവുമുണ്ടായിരുന്നോ എന്നാകും അനുഭവസ്ഥരുടെ ചോദ്യം. അങ്ങനെ തരിശൂഭൂമിയായി കിടന്ന ഇന്ദിരാഭവനെയാണ് സുധീരപ്രവേശത്തിലൂടെ അധികാരകേന്ദ്രമാക്കി ഉയര്‍ത്തിക്കളഞ്ഞത്. ഇപ്പോള്‍ ക്ലിഫ്ഹൗസിലേക്കുള്ള റോഡില്‍ തിരക്കില്ല. വണ്ടികള്‍ ഇന്ദിരാഭവനിലേക്കാണ്. അവിടെ പ്രസിഡന്റിനെക്കണ്ട് ചിറ്റുവാങ്ങിയാല്‍ കാര്യംനടക്കും. ന്യൂനമര്‍ദം ക്ലിഫ്ഹൗസില്‍നിന്ന് കെപിസിസി ഓഫീസിലേക്ക് എത്തി എന്നു സാരം. വലിയ വലിയ ചുമടുകളൊന്നുമില്ല; പണിയുമില്ല. കാലത്തെഴുന്നേറ്റ് കുളിച്ച് മുടികറുപ്പിച്ച് വെള്ളവസ്ത്രമണിഞ്ഞ് ഇരുന്നുകൊടുത്താല്‍മതി. ചാനലുകള്‍ തേടി അങ്ങോട്ടുചെല്ലും. ദര്‍ബാര്‍ നടത്തിപ്പും വാചകമടിയുമാണ് അധ്യക്ഷന്റെ ഭാരം. ഇടയ്ക്ക് ആദര്‍ശത്തിന്റെ പൊടിതൂത്ത് മിനുക്കിവയ്ക്കണം. സാധാരണ പാര്‍ടിക്കാര്‍ ആ വഴി പോകാറില്ല. നാലണകോണ്‍ഗ്രസുകാരന് ആദര്‍ശം കുറയും. ഹൈക്കമാന്‍ഡില്‍നിന്നുള്ള നൂല്‍ നേരെ ഇന്ദിരാഭവന്റെ മേല്‍ക്കൂരവഴിയാണ് വന്നത്. അതുകൊണ്ട് ഉമ്മന്‍ചാണ്ടിക്കുപോലും പേടിയാണ്. അങ്ങനെ ചെന്നിത്തലയില്‍നിന്ന് മോചനംനേടിയ കോണ്‍ഗ്രസ് ഏകാംഗ ജനാധിപത്യത്തിന്റെ കരുത്തിലാണ്. ഞാന്‍ പറയും, ഞാന്‍ തീരുമാനിക്കും, ഞാന്‍ ചിരിക്കും, ഞാന്‍ കലഹിക്കും-അതാണ് അച്ചടക്കമെന്ന് ആ സവിശേഷ ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണം.
പൂച്ചയെപ്പേടിച്ച് നടക്കുന്ന എലികളായി ഇന്ദിരാഭവന്‍ അന്തേവാസികള്‍. മണികെട്ടാനാരുണ്ട് എന്നതായി അന്വേഷണം. ഷാനിമോള്‍ക്ക് അവസരംകിട്ടിയത് അങ്ങനെ. ഉമ്മന്‍ചാണ്ടിക്കും രമേശിനും സ്റ്റേറ്റ് കാറുണ്ട്- ഷാനിമോള്‍ക്ക് നഷ്ടപ്പെടാന്‍ സീറ്റ് പോലുമില്ല. ബാര്‍വാറിന് പറ്റിയ യോദ്ധാവായി റിക്രൂട്ട് ചെയ്ത് പടച്ചട്ടയണിയിച്ച് ഷാനിമോളെ വിട്ടത് ആദര്‍ശവിരുദ്ധ മൂഷികനേതൃത്വംതന്നെ. പിന്നില്‍ ആളുണ്ടെങ്കില്‍ പോരിന് വീര്യം കൂടും. ഒറ്റച്ചാട്ടത്തിനുതന്നെ ആദര്‍ശപ്പൂച്ചയുടെ കഴുത്തില്‍ മണിക്കയറ് വീണു. സീറ്റുകിട്ടാതെ കബളിപ്പിക്കപ്പെട്ട ഷാനിമോള്‍ ഇങ്ങനെ ചാടുമെന്ന് ആദര്‍ശബുദ്ധിയില്‍ തോന്നിയതല്ല. ചാട്ടംകണ്ട് അമ്പരന്നു തിരിച്ചലറുകയും അടിച്ചിരുത്തുകയും ചെയ്തപ്പോള്‍ ജനാധിപത്യം പൂത്തുലഞ്ഞു. അങ്ങനെ സര്‍വഗുണസമ്പന്നനും അതീവ പ്രതാപനുമായ അധ്യക്ഷന്റെ കഴുത്തിലെ മണി കിലുങ്ങിത്തുടങ്ങി. എല്ലാം പതിനാറാംതീയതിവരെയുള്ള അഡ്ജസ്റ്റ്മെന്റാണ്. അന്ന് സീറ്റിന്റെ എണ്ണം പത്തില്‍ താണാല്‍ ക്ലിഫ് ഹൗസിലേക്ക് താമസംമാറ്റാനുള്ള മോഹാധിഷ്ഠിത ജനാധിപത്യസമ്പ്രദായമാണ് നടപ്പില്‍. അത് ഉമ്മന്‍ചാണ്ടിക്കറിയാം. ചെന്നിത്തലയ്ക്ക് നന്നായറിയാം. ഷാനിക്ക് തല്‍ക്കാലം ഗ്രൂപ്പില്ല. ഉ-ചെ ഗ്രൂപ്പിലാണെന്ന് ഭംഗിക്കുപറയാം.

ബന്ധങ്ങള്‍ സങ്കീര്‍ണമാണ്. സരിതാനായരെ നോക്കൂ- അവര്‍ക്ക് ഉമ്മന്‍ചാണ്ടിയും കെ സി വേണുഗോപാലും ഒരുപോലെ ഉറ്റവരാണ്. ഇനി ഷാനിമോളെക്കുറിച്ചുള്ള അഭിപ്രായം നോക്കിയാലും കോണ്‍ഗ്രസിനും സരിതയ്ക്കും ഒരേമനം. ഷാനി മോള്‍ക്ക് മറുപടി പറയാന്‍ എന്റെ സംസ്കാരം അനുവദിക്കുന്നില്ല എന്നാണ് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ പറഞ്ഞത്. ഷാനിമോള്‍ ഉസ്മാന് മറുപടി നല്‍കാന്‍ തന്റെ സംസ്കാരം അനുവദിക്കുന്നില്ലന്ന് സരിതാനായരും രേഖപ്പെടുത്തിയിട്ടുണ്ട്. ഷുക്കൂറിനും സരിതയ്ക്കും ഷാനിമോളെക്കുറിച്ച് ഒരേ അഭിപ്രായം. ഷാനിമോള്‍ മദ്യലോബിയുടെ ആള്‍ എന്ന് സുധീരന്‍. അതും സാംസ്കാരിക ആക്രമണംതന്നെ. ആകെക്കൂടി കഴുകിവെളുപ്പിച്ചെടുക്കുമ്പോള്‍, കോണ്‍ഗ്രസില്‍ ഷാനിമോളേക്കാള്‍ മഹത്വം സരിതയ്ക്കുതന്നെ. പതിനാറിന് സര്‍ക്കാര്‍ മാറുമ്പോള്‍ വകുപ്പുകള്‍ സരിത നിശ്ചയിക്കുമായിരിക്കും. സരിതയെക്കുറിച്ച് ആരോപണമുന്നയിച്ചതിന് ഷാനിമോളെ പുറത്താക്കാന്‍പോകുന്ന സുധീരനേതൃത്വത്തില്‍നിന്ന് മറ്റൊന്നും വരാനില്ല. ഉമ്മന്‍ചാണ്ടിക്ക് ഇനി പ്രതീക്ഷയ്ക്ക് വകയില്ല- ചെന്നിത്തല പക്ഷേ, പേടിക്കണം. മുഖ്യമന്ത്രിപദം പൂച്ച കടിച്ചുപോകുമോ എന്ന്.

*

ബാര്‍വാര്‍ കത്തിനില്‍ക്കുമ്പോഴൊന്നും രംഗത്തില്ലാത്ത ചിലര്‍ ഗ്രഹണകാലമായപ്പോള്‍ തല പൊക്കിയിട്ടുണ്ട്. കേരളത്തിലെ എല്ലാ ബാറും പൂട്ടി, ജീവനക്കാര്‍ക്ക് വേറെ പണികൊടുക്കണമെന്നാണ് പി സി ജോര്‍ജിന്റെ ആവശ്യം. മദ്യവിമുക്തമായ കിണാശേരി സമ്മോഹനസങ്കല്‍പ്പം. ആസ്ഥാന മദ്യവിരുദ്ധര്‍ക്ക് വൈകിട്ട് രണ്ടടിക്കാനുള്ളത് പട്ടാളക്യാമ്പില്‍നിന്നോ ഡ്യൂട്ടിഫ്രീ ഷോപ്പില്‍നിന്നോ എത്തിക്കൊള്ളും. പേഴ്സണല്‍ സ്റ്റാഫിന് ഒരു പണിയുമാകും. സാധാരണ കുടിയന്മാര്‍ക്കായി ഈരാറ്റുപേട്ട ഭാഗത്ത് വാറ്റുവ്യവസായവും തുടങ്ങാം. ശരിക്കും പി സി ജോര്‍ജിനെ ജലവിഭവമന്ത്രിയാക്കിയിരുന്നെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനുകുറുകെ കമിഴ്ന്നുകിടന്നെങ്കിലും കേരളത്തിന്റെ മാനംരക്ഷിക്കാനുള്ള ത്രാണി കാണിക്കുമായിരുന്നു. അര്‍ഹതപ്പെട്ട കരങ്ങളില്‍ ആയുധം കൊടുക്കില്ല എന്നുപറഞ്ഞത് വെറുതെയല്ല.

*

കാടികിട്ടാത്ത പശുവിനെപ്പോലെ എന്നു കേട്ടിട്ടേയുള്ളൂ. നമ്മുടെ ചില യഥാര്‍ഥ മാധ്യമ വിപ്ലവ വില്ലാളിവീരന്മാര്‍ക്ക് ഇപ്പോള്‍ കഞ്ഞിയുമില്ല; കാടിയുമില്ല. കരഞ്ഞുതീര്‍ക്കാന്‍ മൈക്ക് പോലുമില്ല. സിപിഐ എമ്മിനെ അടിക്കാന്‍ വടി കിട്ടുന്നില്ല; തോണ്ടാന്‍ കൈ പൊങ്ങുന്നുമില്ല. അത്തരം പഞ്ഞകാലത്ത് പുല്ലും തിന്നാമെന്നാണ് പ്രമാണം. വൈക്കോല്‍ കച്ചവടം നടത്തുന്ന ഉച്ചപ്പത്രക്കാര്‍ ധാരാളമുള്ളപ്പോള്‍ വിശപ്പുമാറ്റാന്‍ അലഞ്ഞുനടക്കേണ്ടതില്ല.

കണ്ണൂരിലെ ഒരു സിപിഎം നേതാവിനെ അവിഹിതബന്ധത്തിനു പോയപ്പോള്‍ നാട്ടുകാര്‍ പിടിച്ചു എന്നാണ് കഴിഞ്ഞദിവസം വൈക്കോല്‍ പൊതിഞ്ഞുവന്ന കടലാസില്‍ എഴുതിക്കണ്ടത്. ഏതു നേതാവ്, എവിടെ, ഏതുവീട്ടില്‍, എപ്പോള്‍ എന്നൊന്നും ചോദ്യമില്ല. സിപിഎമ്മാണ്, നേതാവാണ്, പിടിച്ചതാണ്- എന്നുമാത്രം. പൊലീസും നാട്ടുകാരും പത്രക്കാരും കൊണ്ടുപിടിച്ചന്വേഷിച്ചു. എവിടെയെങ്കിലും എന്തെങ്കിലും സംഭവിച്ചോ? ആര്‍ക്കും ഒരുപിടിയുമില്ല. പക്ഷേ, പിറ്റേന്ന് പോസ്റ്റര്‍ വന്നു, ജാഥ നടന്നു- അതില്‍ ഒരു നേതാവിന്റെ പേരും വന്നു. എന്നിട്ടും വാര്‍ത്ത സൃഷ്ടിക്കപ്പെടാതിരുന്നപ്പോള്‍, ഉച്ചപ്പത്രഭാവനക്കാരന്റെ വക പരാതി- തന്നെ തല്ലിക്കളയുമെന്ന്. അങ്ങനെ ആ വഴിക്കെങ്കിലും വാര്‍ത്തയായി. അങ്ങനെ ഒരു നേതാവിനെ നാറ്റിച്ചുകളയാമെന്ന് കരുതി ഓമനിച്ച ഗര്‍ഭത്തില്‍ പിറന്നത് ചാപിള്ളയായി. എന്തായാലും നാറ്റിനശിപ്പിക്കാന്‍ കഥചമച്ചവന് പേടിതുടങ്ങിയത് നല്ല ലക്ഷണമാണ്, നല്ല പാഠവുമാണ്. സുധീരന്റേതിനേക്കാള്‍ ജനാധിപത്യവും കാവ്യനീതിയും അതിനുണ്ട്-ഉരുളയ്ക്ക് ഉപ്പേരിതന്നെ വേണമല്ലോ.

1 comment:

താന്തോന്നി said...

ഇത് രാഷ്ട്രീയമാണ് , അതിൽ ഒന്നിനും ഒരു സ്ഥിരതയും ഇല്ല കിട്ടുന്ന അവസരങ്ങൾ നല്ലത് പോലെ ഉപയോഗിക്കുന്നവാൻ നേതാവ് ആകും , അത് അറിയതവാൻ അണിയായി ആവും , കോണ്‍ഗ്രസ് എന്നും ഈ സിസ്റെതിനു ഉദാഹരണം മാത്രമാണ് , അവതരണ ശൈലി ഒരുപാട് ഇഷ്ടപ്പെട്ടു