Monday, May 5, 2014

സ്ഥാനം മാറിക്കിടക്കുന്ന പാമ്പുകള്‍

വേലിയിലെ പാമ്പ് അവിടെത്തന്നെ കിടക്കുന്നതാണ് ഉചിതമെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധിതന്നെ വേണം. അതില്ലാത്തവരെ ഹൈക്കമാന്‍ഡാക്കിയാല്‍ ഇതിലപ്പുറവും സംഭവിക്കും. വൈസ് പ്രസിഡന്റിനെക്കുറിച്ചുള്ള പലകഥകളില്‍ ഒന്ന് നോക്കുക. അദ്ദേഹം ഒരു ക്യാഷ് ചെക്കുമായി ബാങ്കില്‍ചെന്നു. മാറിക്കിട്ടണമെങ്കില്‍ തിരിച്ചറിയല്‍രേഖ വേണമെന്ന് കാഷ്യര്‍. ഒരുരേഖയും കൈയിലില്ല. ഭാവി പ്രധാനമന്ത്രിയാണ് എന്ന് പറഞ്ഞുനോക്കിയിട്ടും രക്ഷയില്ല.

മുമ്പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇങ്ങനെ വന്നപ്പോള്‍, പന്തടിച്ച് പായിച്ചാണ് ഐഡന്റിറ്റി തെളിയിച്ചതെന്നും അതുപോലെ വല്ലതും ചെയ്താല്‍ മതിയെന്നുമായി കാഷ്യര്‍. മറുപടി ഇങ്ങനെ: ""എന്റെ മനസ്സ് ശുദ്ധശൂന്യമാണ്. ഒന്നും വരുന്നില്ല. എന്തുചെയ്യണമെന്നറിയില്ല. എത്തുംപിടിയും കിട്ടുന്നില്ല."" അതുകേട്ടയുടനെ കാഷ്യര്‍ക്ക് മനസ്സിലായി മുന്നിലിരിക്കുന്നത് ആരെന്ന്. ""സര്‍, അഞ്ഞൂറിന്റെ നോട്ട് മതിയോ, ആയിരത്തിന്റേത് വേണോ"" എന്ന ചോദ്യം. നിമിഷങ്ങള്‍ക്കകം ചെക്ക് മാറിയ കാശുമായി യുവനേതാവ് പോയി എന്നത് കഥാന്ത്യം. ഹൈക്കമാന്‍ഡിന്റെ തല ശുദ്ധശൂന്യമായതുകൊണ്ട് വേലിയിലിരിക്കുന്ന പാമ്പിനെ ഇന്ദിരാഭവനിലെ കസേരയിലെടുത്തിട്ടു. കസേരയിലുണ്ടായതിനെ പൊലീസ് തൊപ്പിവച്ച് സെക്രട്ടറിയറ്റിലേക്കും വിട്ടു. രണ്ടുപണിയും പാളി. പ്രസിഡന്റുസ്ഥാനത്തുനിന്ന് പൊലീസ് മന്ത്രിപദത്തിലേക്ക് കൂടുമാറിയ രമേശ് ഒരു ഫോര്‍മുലയും കൊണ്ട് നടക്കുകയാണ്. ആരും ശ്രദ്ധിക്കുന്നില്ല. ചുരുക്കത്തില്‍, ഫോര്‍മുലയുടെ വിലപോലുമില്ലാതായി.

നിലവാരമില്ലാത്ത ബാറില്‍ ഒഴിച്ചുകിട്ടുന്ന മദ്യത്തിനാണോ ശുദ്ധമായ പൊങ്ങച്ചവും കാപട്യക്കരിപ്പെട്ടിയുമിട്ട് വാറ്റിയെടുത്ത ആദര്‍ശത്തിനാണോ ലഹരി കൂടുതലെന്നതാണ് തര്‍ക്കം. നാനൂറ്റിപ്പതിനെട്ട് ബാര്‍ പൂട്ടിച്ച് നാടാകെ മദ്യവിരോധക്കല്യാണം നടത്താനാണ് ആദര്‍ശധീരന്റെ പുറപ്പാട്. കോണ്‍ഗ്രസാകുന്ന കൂട്ടിലിരുന്നുള്ള അഭ്യാസത്തെ വി ഡി സതീശന്‍ എന്ന അഞ്ചാം വൈസ് പ്രസിഡന്റ് സിദ്ധാന്തവല്‍ക്കരിക്കുന്നത് ചെളിയുമായുപമിച്ചാണ്. മങ്ങിപ്പോയ പ്രതിഛായ നന്നാക്കാന്‍ മറ്റുള്ളവരുടെമേല്‍ ചെളിവാരിയെറിയാന്‍ നോക്കേണ്ടെന്നും മദ്യലോബി എന്ന ലേബലില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ മോശക്കാരാക്കാന്‍ നോക്കേണ്ടെന്നും സതീശന്‍ പറഞ്ഞുവച്ചു. അഞ്ചിലൊന്നുമാത്രമായ സതീശന്‍ അരപ്രസിഡന്റാകേണ്ടെന്ന് ആദര്‍ശത്തിന്റെ പുതിയ വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണവും വന്നുകഴിഞ്ഞു. ബാര്‍പൂട്ടലും മദ്യവിരോധവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമൊന്നും കാണാനില്ല. കഷ്ടകാലത്തിന് തെരഞ്ഞെടുപ്പായിപ്പോയി; അതുകൊണ്ട് കച്ചവടം നടന്നില്ല. പറഞ്ഞുറപ്പിച്ച കച്ചവടം പൂര്‍ത്തിയായാല്‍ ബാര്‍ താനേ തുറക്കുമെന്നായിരുന്നു രീതിശാസ്ത്രം.

ബാറല്ലേ, മദ്യമല്ലേ- തീവച്ചാല്‍ കത്തുന്ന സാധനമല്ലേ എന്നത് ആദര്‍ശമസ്തിഷ്കത്തില്‍ വൈകിയുദിച്ച ബുദ്ധിയാണ്. മുഖ്യമന്ത്രിയും മദ്യമന്ത്രിയും കനിഞ്ഞിട്ടും ബാറിന്റെ താക്കോല്‍ ഇന്ദിരാഭവനിലെ ബക്കറ്റില്‍ത്തന്നെ തുടര്‍ന്നു. യക്ഷി പിടിവിട്ടാലും പൂജാരി വിടില്ല എന്നായി. ബാറിന്റെ കാര്യത്തിലേ പിടിവാശിയുള്ളൂ. ആറന്മുളയും കരിമണലും വനംമാഫിയയും അടക്കമുള്ള മറ്റു വിഷയങ്ങള്‍ യക്ഷിയും പൂജാരിയും വിട്ടുകഴിഞ്ഞു. ആവശ്യാധിഷ്ഠിതമാണ് ആദര്‍ശം. ഹരിപ്പാട്ടുകാരന്റെ ശല്യംസഹിക്കാതെ ഇറക്കിവിട്ടപ്പോള്‍ അന്തിക്കാട്ടുകാരന്‍ വന്നു. മുഖ്യമന്ത്രിക്ക് മുകളില്‍ മുഖ്യമന്ത്രിയുണ്ടാകുന്നതിന്റെയും ഭരണപക്ഷത്ത് പ്രതിപക്ഷനേതാവുണ്ടാകുന്നതിന്റെയും സുഖം ഒന്നിച്ചനുഭവിക്കാനുള്ള അസുലഭഭാഗ്യം ഉമ്മന്‍ചാണ്ടിക്ക് കൈവന്നു. ആദര്‍ശത്തിന്റെ ആകത്തുകയാണ്; തെരഞ്ഞെടുപ്പിന് ഹൈക്കമാന്‍ഡില്‍നിന്നുവന്ന അന്‍പതുകോടിയുടെ വിതരണക്കാരനുമാണ്. ആദര്‍ശം ഉണക്കിപ്പൊടിച്ച് വിറ്റവകയില്‍ കിട്ടിയതല്ല, അഴിമതി പുകവച്ച് പഴുപ്പിച്ച് വിറ്റ കാശാണതെന്ന് അറിയാഞ്ഞിട്ടല്ല. അഞ്ചുലക്ഷം കോടിയുടെ അഴിമതിക്കൊടുമുടിയിലിരിക്കുന്ന പാര്‍ടിയുടെ കേരളത്തിലെ ബ്രാഞ്ച് മാനേജര്‍ ആദര്‍ശത്തിന്റെ ചില്ലറ വ്യാപാരം തുടങ്ങുന്നത് ആര്‍എസ്എസുകാരന്റെ മതസൗഹാര്‍ദ പ്രസംഗംപോലെ മധുരതരം.

ആന്റണിക്ക് ചാരായനിരോധനമായിരുന്നു ആയുധമെങ്കില്‍, ബാറടപ്പിക്കല്‍വച്ച് ഒന്നുപയറ്റാമെന്ന് സുധീരനും കരുതുന്നതില്‍ തെറ്റില്ല. കപടലോകത്തില്‍ സ്വന്തം കാപട്യം സകലരും കാണരുതേയെന്ന് പ്രാര്‍ഥിച്ചാല്‍ മതി. ""ധീരാ വീരാ വി എം സുധീരാ ധീരതയോടെ നയിച്ചോളൂ.. "" എന്ന് വിളിക്കാന്‍ ഒരു പന്തളം സുധാകരനെങ്കിലും കൂടെയുണ്ടല്ലോ എന്നത് ചെറിയ ആശ്വാസമല്ല. അതേ മുദ്രാവാക്യം അനുയായികളെക്കൊണ്ട് വിളിപ്പിച്ച കെഎസ്യുക്കാലത്ത്, ""പണ്ടൊരുകാലം തെരുവിലിറങ്ങി യേശുദേവന്‍ കല്‍പ്പിച്ചു, സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്... ഇന്നിതാ നമ്മുടെ തെരുവിലിറങ്ങി ബിഷപ്പുമാര്‍ കല്‍പ്പിച്ചു. ചെലവുകളെല്ലാം സര്‍ക്കാരിന്, വരവുകളെല്ലാം ഞങ്ങള്‍ക്ക്..."" എന്നുകൂടി പറഞ്ഞിരുന്നു. സ്വന്തം പാര്‍ടി നയിക്കുന്ന സര്‍ക്കാരിനെതിരെ നാലു വാചകമടിച്ചാല്‍ നേതാവാകുമെന്ന് സുധീരന് മനസ്സിലായത് അക്കാലത്താണ്. ഒരുഭാഗത്ത്, പള്ളിയുടെയും പട്ടക്കാരുടെയും വോട്ടും പിന്തുണയും; മറുവശത്ത് അവര്‍ക്കെതിരെ സമരനാടകം. നേര്‍വഴിയല്ല, വളഞ്ഞ വഴിയാണ് കോണ്‍ഗ്രസില്‍ പഥ്യമെന്നുള്ള ആ തിരിച്ചറിവാണ്, കരുണാകരന്റെ ചെലവില്‍ ജയിച്ച് സ്പീക്കറായശേഷം കരുണാകരനുതന്നെ പാര പണിത തുടര്‍കാലത്ത് വഴികാട്ടിയായത്. സ്വന്തമായി ഒന്നും ചെയ്യില്ല; ചെയ്യുന്നത് മുടക്കുകയേ ഉള്ളൂ.

ആരെയും സഹായിക്കില്ല; എന്തിനും ഇടങ്കോലിടുകയേ ഉള്ളൂ. മദ്യവിരോധം പറച്ചിലിലേയുള്ളൂ- മദ്യമുതലാളിമാരോട് അയിത്തമില്ല. ആദര്‍ശ- കരുണാകര യുദ്ധകാലത്ത് തൃശൂരിലെ ഒരു ബാര്‍ അടപ്പിച്ചതിന് പുതിയ ബാര്‍ വിരോധവുമായി നാഭീനാളബന്ധമുണ്ടെന്നും കേള്‍ക്കുന്നു. സരിതാകോണ്‍ഗ്രസിന്റെ അധ്യക്ഷപദവി ആദര്‍ശത്തിന് സംവരണംചെയ്യുക എന്നതുതന്നെ ഫലിതബിന്ദുവാണ്. ബണ്ടിചോറിനെ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറ പരിപാലകനാക്കുന്നതിനേക്കാള്‍ തമാശയുണ്ടതില്‍. ഉമ്മന്‍ചാണ്ടി ഇനി അല്‍പ്പം പഠിക്കട്ടെ. ഇന്നലെവരെ മുഖ്യനായിരുന്നുവെങ്കില്‍, ഇന്ന് സൂപ്പര്‍ മുഖ്യന്റെ സേവകനാണ് എന്ന് സ്വയം ബോധ്യപ്പെടട്ടെ. നാലുവോട്ട് സംഘടിപ്പിക്കാന്‍ നോക്കാതെ നാടുനീളെ വിമര്‍ശവും ശാപവും വിറ്റുനടന്നയാള്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നത് കൗതുകക്കാഴ്ച മാത്രമല്ല, കണ്ടു പഠിക്കേണ്ട അഭ്യാസവുമാണ്. സുധീരനെ ആദര്‍ശധീരനാക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയെ അഴിമതിയുടെ ആശാനാക്കുകയാണ് എന്ന് വി ഡി സതീശന് മനസ്സിലായി. കള്ളനെ കാണാനേ നമ്മുടെ മാധ്യമങ്ങള്‍ക്ക്് കഴിയുന്നുള്ളൂ; കള്ളന് കഞ്ഞിവച്ചവനെ കാണുന്നില്ലല്ലോ എന്ന് ഉമ്മന്‍ചാണ്ടിക്ക് പരിഭവിക്കാം. ആദര്‍ശത്തിന്റെ പര്യായങ്ങളില്‍ കാപട്യവും ചതിയും ആത്മവഞ്ചനയും ചെന്നുചേരുമ്പോള്‍ സംഗതി കയറി വീര്‍ക്കുകയാണ്. വല്ലാതെ വീര്‍ത്താല്‍ പൊട്ടിത്തെറിക്കാന്‍ ഒരു കൊച്ചു മൊട്ടുസൂചി മതി.

*

വടകരയിലെ അഖിലലോക നേതാവ് വേണുവിന് വധഭീഷണി വന്നതാണ് പോയവാരത്തിലെ വലിയ വിശേഷം. രണ്ടുകൊല്ലം കൊണ്ടാടിയ ചന്ദ്രശേഖരനെ മറക്കാതിരിക്കാന്‍ വധഭീഷണിയെങ്കിലും വേണമെന്നായി. താന്‍ വധഭീഷണിക്ക് അര്‍ഹനായി വളര്‍ന്നുവെന്ന് വേണുവിന് തോന്നിപ്പോയാല്‍ ചികിത്സകൊണ്ട് ഫലമില്ല. ആരുടെ ബുദ്ധിയില്‍ ജനിച്ചതായാലും ആരെയും ചിരിപ്പിക്കുന്ന ഹാസ്യമാണ്. ""പാര്‍ട്ടിക്കെതിരെ വന്നാല്‍ മുഖംനോക്കാതെ കൊല്ലുമെന്ന് മുന്നറിയിപ്പുനല്‍കുന്ന കത്താണ് ലഭിച്ചത്"" എന്ന് ആര്‍എംപി മുഖപത്രം അതിന്റെ ആസ്ഥാനലേഖകന്റെ വാക്കുകളിലൂടെ വെളിപ്പെടുത്തുന്നു. ഈ കളി തുടര്‍ന്നാല്‍ അടുത്ത മെയ് നാല് നിന്റേതായിരിക്കുമെന്നും "കമ്യൂണിസ്റ്റ് സംരക്ഷണ ചുണക്കുട്ടികള്‍" എന്ന് സ്വയം പേരിട്ടവര്‍ കത്തിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വീരഭൂമിയുടെ വടകര ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുകയാണ്. അങ്ങനെ വല്ല "ചുണക്കുട്ടികളും" കത്തെഴുതിയിട്ടുണ്ടെങ്കില്‍, തെരഞ്ഞ് കണ്ടുപിടിച്ച് തിരണ്ടിവാല്‍കൊണ്ടടിക്കേണ്ടതുതന്നെ. വിവരക്കേടിനും അതിരുണ്ട്.

ആ കത്തിന്റെ ഉറവിടം വല്ല സിബിഐയോ മറ്റുപണിയൊന്നുമില്ലാത്ത ശങ്കര്‍ റെഡ്ഡിയോ അന്വേഷിക്കേണ്ടതുമാണ്. പ്രേമനൈരാശ്യംമൂലം തൂങ്ങിച്ചാകാന്‍ പോകുന്നവനെ പത്തലൊടിച്ചെടുത്ത് തല്ലിക്കൊന്നു കെട്ടിത്തൂക്കണം എന്ന് കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുണ്ട്. ആ കണക്കനുസരിച്ച് വേണുവിന് ഭീഷണിക്കത്തെഴുതിയവനെ പിടിച്ച് ചന്തിക്ക് നാലുപെടയെങ്കിലും കൊടുക്കുന്നത് മിനിമം മര്യാദ. ശത്രുവിനെ തെരഞ്ഞെടുക്കുന്നതിലും വേണ്ടേ അന്തസ്സ്?

No comments: