Monday, October 7, 2013

ഭാവി വാഗ്ദാനത്തിന്റെ ബുദ്ധി

അങ്ങനെ ലാലു ജയിലിലായി. പതിനൊന്നുകൊല്ലം കഴിഞ്ഞാലേ ഇനി പാര്‍ലമെന്റിന്റെ പടി ചവിട്ടാന്‍ പറ്റൂ. അഴിമതിവിരുദ്ധ പടനായകനായി രാഹുല്‍ ഗാന്ധി വാഴ്ത്തപ്പെട്ടു. അഴിമതി എന്ന വടയക്ഷി കയറിക്കൂടിയത് മന്‍മോഹന്റെ തലപ്പാവിലായതുകൊണ്ട് അവിടെത്തന്നെ ഇരുമ്പാണി അടിച്ച് യുവമന്ത്രവാദി യക്ഷിയെ തളച്ചു. പണ്ഡിറ്റ് നെഹ്റു കൊടിപിടിച്ച് സമരംചെയ്താണ് പ്രധാനമന്ത്രിയായത്. പ്രിയദര്‍ശിനി അച്ഛന്റെ കത്തുവായിച്ച് ഉല്‍ബുദ്ധയായി. രാജീവിന് ഇന്ത്യയെ പറത്തുംമുമ്പ് വിമാനംപറത്തി ശീലമുണ്ടായിരുന്നു. അവര്‍ക്കൊന്നുമില്ലാത്ത ബുദ്ധിയാണ് നവലോക നായകന്‍ രാഹുല്‍ഗാന്ധിക്ക്. നല്ല കോണ്‍ഗ്രസുകാരനാകാന്‍ സമരംചെയ്യണമെന്നോ വിമാനം പറത്തണമെന്നോ ഇല്ല. വായന ആവശ്യമേയില്ല. ബുദ്ധിയുണ്ടായാല്‍ മതി. ആ ബുദ്ധി രാഹുലിലുണ്ട്; മന്‍മോഹനിലില്ല. രണ്ടുകൊല്ലം ജയിലില്‍ കിടക്കാന്‍ വിധിക്കപ്പെടുന്നവന്‍ ജനപ്രതിനിധിസ്ഥാനമെന്ന ത്യാഗജീവിതത്തിന് അയോഗ്യനാകുമെന്ന സുപ്രീം കോടതി ഉത്തരവ് ശരിക്കും കോണ്‍ഗ്രസ് വിരുദ്ധമാണ്. ഗാന്ധിജിമുതല്‍ എത്രയെത്ര കോണ്‍ഗ്രസുകാര്‍ ജയിലില്‍ കിടന്നു. ജഗന്നാഥ് മിശ്രയും സുരേഷ് കല്‍മാഡിയും മുതല്‍ ഉമ്മന്‍ചാണ്ടിവരെ എത്രപേര്‍ ഗാന്ധിയന്‍ രീതിയില്‍ കാരാഗൃഹവാസം കൊതിക്കുന്നു. ഖദര്‍ ഇട്ടാല്‍ ജനസേവനത്തിന്റെ ഭാഗമാണ് അഴിമതി എന്നറിയാവുന്നതുകൊണ്ടാണ് ജയിലില്‍ കിടന്നും പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്താനുള്ള ഉദാര ഓര്‍ഡിനന്‍സിന് മന്‍മോഹന്‍ രൂപംനല്‍കിയത്.

സര്‍ക്കാരിന്റെ കൈയില്‍ ഇഷ്ടംപോലെ പണമുണ്ട്. പണം എന്തുചെയ്യണമെന്നറിയാതെ കഷ്ടപ്പെടുന്ന പാവം കോടീശ്വരന്മാര്‍ വേണ്ടതിലേറെയുണ്ട്. ഉള്ളിടത്തുനിന്ന് തരപ്പെടുത്തി സ്വിറ്റ്സര്‍ലന്‍ഡിലെ ബാങ്കിങ് പ്രതിസന്ധി പരിഹരിക്കാന്‍ സംഭാവനചെയ്യുന്നത് കാരുണ്യപ്രവൃത്തിയാണ്. അത്തരം ദയാനിധികളെ വെറുതെ വിചാരണ നടത്തിയും തുറുങ്കിലടച്ചും പീഡിപ്പിക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസിന് പൊതുവെ എതിര്‍പ്പുണ്ട്്. അതുകൊണ്ടാണ്, രണ്ടുകൊല്ലം ശിക്ഷ കിട്ടിയാലും പാര്‍ലമെന്റിലെ ത്യാഗം തുടരാന്‍ കൈയടിച്ച് പാസാക്കി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പാവപ്പെട്ട അഴിമതിക്കാരെ രക്ഷിക്കാനുള്ള ആ ഓര്‍ഡിനന്‍സ് കണ്ടപ്പോള്‍ രാഷ്ട്രപതി ഭവനിലിരിക്കുന്ന ബംഗാളി ദാദയ്ക്ക് ഇളക്കം. (പുള്ളിക്കാരന് ഇനിയൊന്നും പേടിക്കാനില്ലല്ലോ) ഒപ്പിടില്ല എന്ന് വാശി. ഓര്‍ഡിനന്‍സ് അംഗീകരിച്ചാല്‍ അഴിമതിസംരക്ഷകരാകും; ഉപേക്ഷിച്ചാല്‍ പ്രിയപ്പെട്ടവര്‍ വഴിയാധാരമാകും. ചെകുത്താനും കടലിനുമിടയില്‍പ്പെടുമ്പോഴുള്ള ഇത്തരം പ്രതിസന്ധി പരിഹരിക്കുന്നതിനെയാണ് മിടുക്കെന്ന് വിളിക്കേണ്ടത്. ഒരു ചാട്ടം, ഒരു മലക്കം, പിന്നെ ഇരുന്നമര്‍ന്ന് വലതുകൈവീശി ഒരു പ്രയോഗം. സംഗതി സിംപിള്‍. പിറ്റേന്ന് റബറൈസ്ഡ് തലക്കെട്ട്: കളങ്കിത രാഷ്ട്രീയക്കാരെ രക്ഷിക്കാനുള്ള ഓര്‍ഡിനന്‍സ് കീറിയെറിയണം- രാഹുല്‍. ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കുന്നതിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിമുഖത പ്രകടിപ്പിച്ചതിനു പിന്നാലെയായിരുന്നു രാഹുലിന്റെ ഇടപെടലെന്നും "കോട്ടയം വീക്ഷണം" എഴുതി. മിടുമിടുക്കന് മിടുക്കന്മാരുടെ സഹായം.

സര്‍ദാര്‍ജിയുടെ തലപ്പാവില്‍ ആണികയറിയാലെന്ത്- ഭാവി ഭാരത വാഗ്ദാനം കഴിവ് തെളിയിച്ചു. ഇന്നലെ ഓര്‍ഡിനന്‍സിറക്കും; ഇന്ന് അത് കീറിയെറിയും. നാളെ ജയിലില്‍പോയി ലാലു അങ്കിളിനെ ആശ്വസിപ്പിച്ച് രാബ്റി ആന്റിയുടെ പിന്തുണ വാങ്ങും. കോണ്‍ഗ്രസിനെ രാഹുല്‍ രക്ഷിച്ചു എന്നാണ് ചരിത്രരേഖ. ആരാണ് കുളത്തിലിറക്കിയതെന്ന് അതില്‍ കാണുന്നില്ല. ഇതുപോലെ ചില പരിഹാരക്രിയകള്‍ ഉമ്മന്‍ചാണ്ടിക്കും പ്ലാന്‍ ചെയ്യാവുന്നതാണ്. തിരുവഞ്ചൂരിന്റെ എവിടെയെങ്കിലും ഒരാണി കയറിയതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ല.

*
അല്ലെങ്കിലും തിരുവഞ്ചൂര്‍ ഒരു ഭാരമാണ്. പി സി ജോര്‍ജിന് ഇപ്പോള്‍ തിരുവഞ്ചൂരിനെ കിട്ടിയാലും മതി. വിട്ടുകൊടുത്താല്‍ പുതുപ്പള്ളിയിലെ ആഘോഷം തുടരുമെങ്കില്‍ അതാണ് കരണീയം. ജോര്‍ജ് അടങ്ങുകയുംചെയ്യും കെ സി ജോസഫ് ചിരിക്കുകയും ചെയ്യും. ഒരിറ്റു കണ്ണീര്‍ ഓര്‍ക്കാട്ടേരിയില്‍നിന്നോ മറ്റോ വന്നാലായി. വെട്ടുവഴിക്കവിതകള്‍ക്കൊന്നും ഇനി പ്രസക്തിയില്ല. പോയാല്‍ പോയതുതന്നെ. തിരുവഞ്ചൂര്‍ ദല്ലാള്‍ നന്ദകുമാറിന്റെ ചങ്ങാതിയാണ്. ഉച്ചിക്കുവച്ച കൈകൊണ്ടുതന്നെ ഉദകക്രിയക്കും സമ്മതം. ജോര്‍ജിന്റെ എല്ലാ എഡിഷനും വന്നുകഴിഞ്ഞാല്‍ ഒറ്റയടിക്ക് തീര്‍ക്കുമെന്നാണ് പ്രഖ്യാപനം. ജോപ്പന്റെ ഫോണ്‍ കാള്‍ ലിസ്റ്റ് പുറത്തുവിട്ട് തുടങ്ങിയ കളിയാണ്. യുഎന്‍ അവാര്‍ഡ് വാങ്ങി ഉമ്മന്‍ചാണ്ടി നിലത്തിറങ്ങുംമുമ്പ് ജോപ്പന്‍ അകത്തായി. സൂക്ഷിച്ചാല്‍ ഇനിയെങ്കിലും ദുഃഖിക്കേണ്ടിവരില്ല. ഇതിലും ഭേദം ചെന്നിത്തലയാണെന്ന് ഉമ്മന്‍ചാണ്ടി മനസിലാക്കണം. നിര്‍ദോഷികളെ തിരിച്ചറിയാത്തതാണ് കുഴപ്പം.

*
പ്രഭാവര്‍മയുടെ ശ്യാമമാധവത്തിന് വയലാര്‍ അവാര്‍ഡു കിട്ടിയപ്പോള്‍ ശതമന്യുവിന് സങ്കടമാണ് വന്നത്. വെട്ടുവഴിയില്‍ തൂമ്പായും പാരയും പ്രയോഗിച്ച് വിയര്‍പ്പൊഴുക്കിയ ശങ്കരപ്പിള്ളയ്ക്കും ജയചന്ദ്രന്‍നായര്‍ക്കും കൊടുക്കേണ്ട അവാര്‍ഡ് പ്രഭാവര്‍മയ്ക്കു കൊടുക്കാമോ? വീരാന്‍കുട്ടി, പാറക്കടവ്, പൊയ്ത്തുംകടവ്, തോമാസ് കുട്ടി, ഉമ്പാച്ചി, രമണന്‍ കടിക്കാട്, കരിക്കകം പവിത്രന്‍, തീക്കുനി തങ്കപ്പന്‍, പപ്പന്‍ മുഞ്ഞിനാട്, കോട്ടേമ്പ്രം ഗോപാലന്‍കുട്ടി തുടങ്ങിയ മഹാകവികള്‍ ജീവിക്കുന്ന നാട്ടില്‍ വയലാറിന്റെ പേരിലുള്ള അവാര്‍ഡ് വാങ്ങാന്‍മാത്രം ആരാണ് ഈ പ്രഭാവര്‍മ എന്ന സംശയം തീരുന്നില്ല. ചുരുങ്ങിയ പക്ഷം ഉമേഷ് ബാബുവിനെയെങ്കിലും പരിഗണിക്കേണ്ടതായിരുന്നു. മനുഷ്യവ്യഥകളില്‍ ഉള്ളുരുകുന്ന ഒരു പത്രാധിപരാണ് ജയചന്ദ്രന്‍നായരെന്ന് നാമോര്‍ക്കണം. അങ്ങനെയുള്ള ഒരാളിന്, ഈ അവാര്‍ഡ് കണ്ടുനില്‍ക്കാന്‍ എങ്ങനെ സാധിക്കും? കവിതയ്ക്കു നല്‍കിയ സമഗ്രസംഭാവനയ്ക്ക് വയലാര്‍ അവാര്‍ഡ് നായര്‍ക്കു കൊടുക്കാമായിരുന്നില്ലേ? വിപ്ലവം അരച്ചുകലക്കി മൂന്നുനേരവും മുറതെറ്റാതെ സേവിക്കുന്ന ശങ്കരപ്പിള്ളയ്ക്ക് കൂര്‍ത്ത മണ്‍വിരലുകളുള്ള കൊലച്ചുഴലി ചുഴറ്റി രംഗത്തിറങ്ങാന്‍ സമയമായി. പന്തളത്ത് ഭുവനേശ്വരന്‍ മരിച്ചുവീണപ്പോള്‍ കടമ്പനാട്ടുകാരന് വെട്ടുവഴി അറിയുമായിരുന്നില്ല. താന്‍ പാര്‍ക്കുന്നതിന്റെ വിളിപ്പാടകലെ ചെട്ടിയങ്ങാടിയില്‍ അഴീക്കോടന്‍ ചോരയൊഴുക്കി വീണപ്പോള്‍ കുത്തുവഴിയില്‍ കവിത വന്നില്ല. വടകരയിലെ വെട്ടു കാണാന്‍പോയി കരാര്‍പ്പൊന്നു വാങ്ങി തിരിച്ചെത്തിയപ്പോള്‍ ആശ്വാസമായി. അതിനുപിന്നാലെ കവിയെയും കവിതയെയും വെട്ടിവീഴ്ത്തിയപ്പോള്‍ പത്രാധിപര്‍ക്ക് ശങ്കരപ്പിള്ള കവിതാഞ്ജലിയര്‍പ്പിച്ചു. ആ പത്രാധിപര്‍ കാശിക്കോ മറ്റോ പോയിക്കാണും. എന്നാലും പിള്ളയുടെ കവിമനസ്സ് ചുരത്തട്ടെ- ഒരു അവാര്‍ഡുവഴിക്കവിത. അമ്പത്തൊന്ന് തലതിരിഞ്ഞ് പതിനഞ്ചായി ചുരുങ്ങിയെങ്കിലും വെട്ടുവഴിക്കവിതയ്ക്ക് ചുരുക്കമുണ്ടാകാത്തത് മലയാളിയുടെ മഹാഭാഗ്യം. മള്ളൂരുണ്ടെങ്കില്‍ കേസ് ജയിക്കാം എന്നത് പഴയ കഥ. മാതൃഭൂമിയുണ്ടെങ്കില്‍ സാഹിത്യനായകനായി അവാര്‍ഡിതനാകാം എന്നത് പുതിയ കഥ. അവാര്‍ഡ് ഒരു പാലമാണെന്നും അതിന് അങ്ങോട്ടുമിങ്ങോട്ടും ഗതാഗതമുണ്ടെന്നുമുള്ള സനാതന സത്യം കണ്ടെത്തിയ വീരേന്ദ്രമനീഷിക്ക് പുഷ്പാഞ്ജലി അര്‍പ്പിച്ചവരില്‍നിന്ന് ചാടിപ്പോയ വയലാര്‍ അവാര്‍ഡിനെ ഓര്‍ത്തുകൊണ്ട് ഒരു കവിതാ സമാഹാര സൃഷ്ടിക്ക് ശോഭനമായ വിപണിമൂല്യമുണ്ട്. എനിക്കൊരു ക്ഷേത്രമുണ്ട്; അത് മാര്‍ക്കറ്റ് ചെയ്യണ്ടേ എന്ന് ദല്ലാള്‍ സാഹിത്യനായകന്‍ ചാനലില്‍കയറി ചോദിക്കുന്നത് കേട്ടു. അതുപോലെ വെട്ടായാലും അതിന്റെ എണ്ണമായാലും മാര്‍ക്കറ്റിങ്ങാണ് പ്രധാനം. അതിന് മാതൃഭൂമി വേണം. വിമാനം കയറ്റിയും ചക്രക്കസേരയിലിരുത്തിയും ബ്രാന്‍ഡ് അംബാസഡര്‍മാരെ കൊണ്ടുവരണം. അകത്ത് പൊട്ടിച്ചിരിക്കണം; പുറത്ത് പൊട്ടിത്തെറിക്കണം.

പുഷ്പാഞ്ജലിയുടെ വഴിയില്‍ പോകാത്തവരൊന്നും കവിയുമല്ല; സാഹിത്യകാരനുമല്ല എന്നാണ് നാട്ടുനടപ്പ്. അവരെ നോക്കി ജ്ഞാനപീഠം വെറും പീഠമാണോ എന്ന അശരീരി മുഴങ്ങും. സംഹാരക്രിയകളുണ്ടാകും. മന്ത്രതന്ത്രങ്ങളെല്ലാം യഥാവിധി ചെയ്തിട്ടും ശ്യാമമാധവത്തിന്റെ സംഹാരപ്രക്രിയ പൂര്‍ത്തിയാകാത്തത്് കഷ്ടം. പ്രണയമൂര്‍ത്തിയും പശ്ചാത്താപ വിവശനുമായ ശ്യാമമാധവനെയുംകൊണ്ട് പ്രഭാവര്‍മ അവാര്‍ഡ് കൈക്കലാക്കിയത് പൊറുക്കാനാവാത്തതുതന്നെ. അതിനെതിരെയാകട്ടെ അടുത്ത വെട്ടുവഴിക്കവിത. അച്ചടിക്കാനുള്ള കരിങ്കടലാസ് വഴിയേ വരും. ----

*
ഉമ്മന്‍ചാണ്ടി ബിജുവുമായി കുടുംബകാര്യം പറയുന്നതിന്റെ ക്യാമറാ ദൃശ്യം പുറത്തുവന്നാല്‍ രാജ്യരക്ഷ അപകടത്തിലാകുമെന്ന് ടൂറിസം വകുപ്പിനറിയാം. അത്രയും വലിയ ബോംബിന്റെയും മിസൈലിന്റെയും കാര്യമാണ് ചര്‍ച്ചചെയ്തത്. ശ്രീധരന്‍നായരും സരിതയും ഉമ്മന്‍ചാണ്ടിയെ കണ്ടതിന്റെ ദൃശ്യങ്ങള്‍ "വീണ്ടെടുക്കാനാവാത്ത വിധം" നഷ്ടപ്പെട്ടതിനും തക്ക കാരണമുണ്ട്. ജോപ്പന് സരിത ഉമ്മകൊടുക്കുമ്പോള്‍ ക്യാമറ നാണംകൊണ്ട് കണ്ണുപൊത്തുകയായിരുന്നു. സ്വര്‍ണക്കടത്തുകാരന്‍ പള്ളൂര്‍ സ്വദേശി ഫയാസ് കോഴിക്കോട് ജയിലില്‍ചെന്ന് സ്വന്തം നാട്ടുകാരനായ കൊടി സുനിയെ കണ്ടത് പക്ഷേ, ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. അവിടെ മോഹനന്‍ മാസ്റ്ററും ഉണ്ടായിരുന്നതാണ് ഓര്‍ക്കാട്ടേരി വിപ്ലവപ്രക്രിയ നേരിടുന്ന പുതിയ പ്രതിസന്ധി. അവിടെ എന്തുപറഞ്ഞെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിക്കണമെന്ന് വിപ്ലവ നേതാവ് ആവശ്യപ്പെട്ടതായി പൊട്ടക്കിണറ്റില്‍നിന്നുള്ള വാര്‍ത്ത കാണുന്നു. ഫയാസ് ചായകുടിക്കാന്‍ കയറിയ കടയെയും കടക്കാരനെയും പിടിക്കാനും നോക്കി ചിരിച്ചവരെ കണ്ടെത്തി ശിക്ഷിക്കാനും നടക്കുന്നവരുടെ യഥാര്‍ഥ വഴി ഇതുതന്നെ. ഉമ്മന്‍ചാണ്ടി സ്റ്റേറ്റ് കാര്‍ റോഡരികില്‍ നിര്‍ത്തി സ്വകാര്യം പറഞ്ഞതും ദുബായില്‍ ഫയാസിന്റെ വണ്ടിയില്‍ കറങ്ങിയടിച്ചതുമൊന്നും വിപ്ലവ പ്രക്രിയയെ ബാധിക്കാത്തതുകൊണ്ട് പൊട്ടക്കിണര്‍ വിപ്ലവം നീണാള്‍ വാഴട്ടെ.

1 comment:

ajith said...

അങ്ങേ സൈഡിലെല്ലാം ബെറ്ററാണല്ലോലേ....!!