Sunday, March 10, 2013

വീട്ടിലില്ലാനന്ദം, നാട്ടിലില്ലാനന്ദം

ഇന്ന് കത്തിക്കാളുന്നത് നാളെ അണഞ്ഞ് വെണ്ണീറാകും. ആ വെണ്ണീറാകും പിന്നത്തെ വളം. യുഡിഎഫില്‍ വിവാദവും സംഘട്ടനവും ഗ്വോഗ്വോ വിളിയും പുതുമയല്ല. സംഗതി എല്ലാം ഒത്തുവന്നിട്ടുണ്ട്. ബ്ഭൗ കുരയ്ക്കുന്ന വമ്പനും നല്ല കറുമ്പന്‍, വെളുമ്പനും മുണ്ടനും നീളനും ചാത്തനും കുഞ്ഞനും പാണ്ടന്‍ വറണ്ടനും ചാടി മൂക്കത്തു കടിക്കുന്ന വെള്ളുവും കുക്കുടത്തെപ്പിടിച്ചീടുന്ന കള്ളനും ദുഷ്കരം മുഷ്കരനാം മുറിവാലനും ഒക്കെ ഞെട്ടിച്ചുടന്‍ "ബബ് ബ്ഭൗ" എന്നൊരു ശബ്ദമക്കാടകത്തൊക്കെ പരന്നുതേ എന്നാണ് നമ്പ്യാര്‍ പാടിയത്. "ബബ് ബ്ഭൗ" ശബ്ദമേ കേള്‍ക്കാനുള്ളൂ. ജനകന്‍ തനയനുനേരെ. ചീഫ് വിപ്പ് മന്ത്രിക്കുനേരെ. അണികള്‍ നേതൃത്വത്തിനുനേരെ. ഒരു കക്ഷി മറ്റേ കക്ഷിക്കുനേരെ. കേരളത്തെ "കുരയള"മാക്കി മാറ്റിയതിന് ഉമ്മന്‍ചാണ്ടിക്ക് ചാരിതാര്‍ഥ്യത്തിന് വകയുണ്ട്. കരുണാകരന്റെ കാലത്ത് മുട്ടോളമേ ചാട്ടമുണ്ടായിരുന്നുള്ളൂ. പിന്നെ ചട്ടിയില്‍തന്നെ വീഴും. അഥവാ വീണില്ലെങ്കില്‍ എടുത്ത് പുറത്തേക്കെറിയുകയുംചെയ്യും. അന്നും ഉമ്മന്‍ചാണ്ടിയുടെ "ബബ് ബ്ഭൗ" മാത്രമേ പുറത്ത് കേട്ടിരുന്നുള്ളൂ. മന്ത്രിയെ പുറത്താക്കണം, ആക്കിയില്ലെങ്കില്‍ ആക്കിക്കും എന്നെല്ലാം ശബ്ദിച്ച പിതാവിന് നടപ്പുകാലത്ത് ഒത്തുതീര്‍പ്പുദീനമാണ്. പുറത്താക്കാന്‍ ആവശ്യപ്പെട്ടത് അഴിമതിക്കാര്യത്തിലാണ്. അഴിമതി തടയാനല്ല; തന്റെ കിങ്കരന്മാരെ വാഴിച്ച് പോഷിപ്പിക്കാന്‍. പിതൃപുത്ര ബന്ധം അഴിമതിയുടെ അച്ചുതണ്ടിലാണ് കറങ്ങേണ്ടതെന്ന അടിസ്ഥാന സിദ്ധാന്തം മറന്ന മകന്റെ മൂര്‍ധാവിലേക്ക് പാര്‍ടി തീരുമാനമെന്ന വീതുളി വീഴാനിരിക്കുമ്പോഴാണ് മന്ത്രിമന്ദിരത്തിലെ താഡനകാണ്ഡം പിറന്നത്. അടി എവിടെയൊക്കെ ആര്‍ക്കൊക്കെ കിട്ടി എന്നത് ഇന്നും അജ്ഞാതം. എന്തായാലും കിട്ടേണ്ടതുപോലെ കിട്ടി. അതോടെ, പിതാവിനും പുത്രനും സ്വസ്തി. കണ്ണുനീരിന്റെ നനവില്‍ അച്ഛന്‍ മകനെ ആലിംഗനംചെയ്ത് പാപസ്നാനം നടത്തിച്ചു.

അരക്കാല്‍ പണത്തൂക്കമുള്ള ഒരു പാര്‍ടിയും അതിന്റെ നേതാക്കളായ അച്ഛനും മോനും ക്യാമറയ്ക്കുമുന്നില്‍ അഴിഞ്ഞാടിയപ്പോള്‍ വിഖ്യാത ചാനല്‍ പരമ്പരകളുടെ റേറ്റിങ് കുത്തനെ ഇടിഞ്ഞുപോയി. മന്ത്രിപത്നിക്കാണ് ആവശ്യത്തില്‍ കൂടുതല്‍ കിട്ടിയത്. ഒരുഭാഗത്ത് തല്ല്. മറുഭാഗത്ത് അപമാനം. നാട്ടിലെ ഏതു സ്ത്രീക്കും വീട്ടില്‍ പീഡനമേറ്റാല്‍ നേരെ പൊലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന് വെള്ളക്കടലാസില്‍ എഴുതിക്കൊടുക്കാം. അത് കിട്ടിയ ഉടനെ പീഡകനെത്തേടി ഇടിവണ്ടി പായും. ഇവിടെ മന്ത്രിപത്നി പരാതിയുമായി ചെന്നത് സര്‍ക്കാരിന്റെ ഉടയവന്‍ സമക്ഷത്തിലേക്കാണ്. കൊണ്ടുചെന്ന കടലാസ് മടക്കിച്ചുരുട്ടി കൈയില്‍ത്തന്നെ കൊടുത്ത് തിരിച്ചുവിട്ടു. മന്ത്രിക്ക് പത്നിയെ പേടി; പത്നിക്ക് മന്ത്രിയെ പേടി. മുഖ്യമന്ത്രിക്ക് എല്ലാവരെയും പേടി. തല്ലുകൊണ്ടതും കൊടുത്തതും ചീഫ് വിപ്പ് തല്ലാതെ തല്ലിയതും അഴിമതി നടത്തിയതും നടത്താനിരിക്കുന്നതും തെറി വിളിച്ചതും വിളിക്കേണ്ടതും ഇതാ അവസാനിച്ചിരിക്കുന്നു; ഇനി രാജിയുംവേണ്ട വഴക്കും വേണ്ട എന്നാണത്രെ തീരുമാനം. മന്ത്രിപത്നിയായതുകൊണ്ട് ഇനി വല്ല ആശ്രമത്തിലേക്കും പോയി സ്വസ്ഥജീവിതം നയിക്കാം. വാളകത്തെ അധ്യാപകന്റെ അനുഭവം എല്ലാവര്‍ക്കും പാഠമാണ്. പെരുന്നയുടെ പിന്തുണയുണ്ടെങ്കില്‍ സവര്‍ണ വരേണ്യ പാരയാകും.

*
തല്ലുകൊണ്ട മന്ത്രിയുടെ രാജി ഒഴിവായപ്പോള്‍ സര്‍ക്കാരിന്റെ മുഖം താല്‍ക്കാലികമായി രക്ഷപ്പെട്ടെന്നാണ് മനോരമ പറയുന്നത്. അല്ലെങ്കിലും മനോരമ വായിച്ചാല്‍ സര്‍ക്കാരിന്റെ മുഖം ഫെയര്‍ ആന്‍ഡ് ലവ്ലി തേച്ചുപിടിപ്പിച്ച കണക്കെ വെളുവെളുത്തതാണ്. യുഡിഎഫ് കെങ്കേമം, പക്ഷേ, ഭരണം നടക്കുന്നില്ല എന്നതാണവസ്ഥ. പി സി ജോര്‍ജും കെ സുധാകരനുമൊക്കെ ജീവിച്ചിരിക്കുന്നതും ബിട്ടി മൊഹന്തിമാരും പീഡനവീരന്മാരും ചുറ്റിയടിക്കുന്നതുംതന്നെ ധാരാളം. വാര്‍ത്തയ്ക്ക് പഞ്ഞമുണ്ടാകില്ല. ഗണേശ് ഒന്നയയുമ്പോള്‍ ജോര്‍ജ് മുറുകിക്കൊള്ളും. രണ്ടുഭാഗത്തും അയവുണ്ടെന്നുതോന്നുമ്പോള്‍ സുധാകരന് ഉള്‍വിളിയുണ്ടാകും. സുധാകരന് സ്ത്രീകളുടെ അടുത്തിരിക്കാന്‍ ഭയമാണത്രെ. ഭയം സ്ത്രീകളെയോ തന്നെത്തന്നെയോ എന്ന് വിശദീകരിച്ചുകേട്ടില്ല. കണ്ണൂരിലുള്ള ഭയംതന്നെ ചെന്നൈയില്‍ ചെന്നാല്‍ ഉണ്ടാകുമോ എന്നും പറഞ്ഞില്ല. എന്തായാലും മഹിളാ കോണ്‍ഗ്രസിന്റെ പരിപാടിക്ക് ഇനിയും സുധാകരനെത്തന്നെ വിളിക്കും എന്നാശിക്കാം. ഉമ്മന്‍ചാണ്ടി മിണ്ടാതിരിക്കട്ടെ, മന്ത്രിമന്ദിരങ്ങളില്‍ ഉറക്കമത്സരം നടക്കട്ടെ- സുധാകരനും ജോര്‍ജും ആടിത്തിമിര്‍ത്തുകൊള്ളും- അടിച്ചത് അമൃതയോ അച്ഛനോ എന്ന ഗവേഷണം നടത്തിയും ബിട്ടി മൊഹന്തിയുടെ പൂര്‍വ കഥകള്‍ ചികഞ്ഞും മനോരമ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊള്ളും.

അച്ഛനും മകനും പുതുപ്പള്ളിയിലെ പരിശുദ്ധാത്മാവും രാജിയായാലും കുഴപ്പം തീരില്ലെന്നാണ് പുതിയ സൂചന. ജോര്‍ജിന് ഗണേശിന്റെ രാജിതന്നെ ഭക്ഷിക്കണം. മാണിക്ക് ജോര്‍ജിനെ തള്ളിപ്പറയാനുള്ള തന്റേടമില്ല. മുപ്പതിനായിരം കൊടുത്ത് അടക്കിനിര്‍ത്തിയ അച്ചാമ്മ കാഞ്ഞിരപ്പള്ളിയിലോ ഈരാറ്റുപേട്ടയിലോ വീണ്ടും പൊങ്ങാതിരിക്കാന്‍ ജോര്‍ജ് മുട്ടിപ്പായി പ്രാര്‍ഥന തുടരുകയാണ്. ഗണേശിനെതിരായതും ജോര്‍ജിനെതിരായതും തൊട്ടു കൈപൊള്ളിക്കാനില്ലെന്നാണ് മാണിയുടെ തീര്‍പ്പ്. ആരോപണം ചര്‍ച്ചക്കെടുക്കുമ്പോള്‍ മാണിയുമില്ല; കുഞ്ഞാലിക്കുട്ടിയുമില്ല. കെപിസിസിയില്‍ പ്രശ്നം വന്നപ്പോള്‍ സുധീരന് നിഷ്പക്ഷതയുടെ അസുഖം കലശലായി. ഏതുശരി; ഏത് തെറ്റ് എന്നുപറയാനൊന്നും നിഷ്പക്ഷന് ധൈര്യമില്ല. ജോര്‍ജ് എല്ലാവര്‍ക്കും പ്രശ്നമാണ്. അച്ചാമ്മക്കഥ പുറത്തുപറഞ്ഞാല്‍ ഏത് എസ്എംഎസ് കഥയുമായാണ് ജോര്‍ജ് വരികയെന്ന് ടി എന്‍ പ്രതാപനു പോലും നിശ്ചയമില്ല. പാവം ഗൗരിയമ്മയോട് വയസ്സുകാലത്ത് പോയി വീട്ടിലിരിക്കാന്‍ പറഞ്ഞ ജോര്‍ജിന് കടലും കടലാടിയും ഒരുപോലെത്തന്നെ. ഏതു കൊലപാതകവും നടത്താം- ജോര്‍ജ് കൂടെയുണ്ടെങ്കില്‍ രക്ഷപ്പെടുത്തും എന്നാണ് യുഡിഎഫിലെ പുതിയ ചൊല്ല്. അച്ഛനോട് സന്ധിചെയ്യുന്ന ഗണേശിന് അതിലും എളുപ്പം ജോര്‍ജിനോട് സന്ധിചെയ്യാമായിരുന്നു. കാടും മരവും തോട്ടവുമെല്ലാം ഇഷ്ടംപോലെ കിടക്കുകയല്ലേ. അതോടെ, തല്ലിയത് യാമിനിയെന്നും ഒരു സ്ത്രീ ഇങ്ങനെയൊക്കെ ചെയ്യാമോ എന്നും ജോര്‍ജ് വാര്‍ത്താസമ്മേളനം വിളിച്ച് ചോദിക്കുകയും നമ്മുടെ മാധ്യമ മിശിഹാമാര്‍ ജോര്‍ജിന്റെ വചനങ്ങളെ വിശുദ്ധപ്പെടുത്തുകയുംചെയ്തേനെ. ഗണേശിന് വിശേഷബുദ്ധിയില്ലെന്ന് പിള്ള പറഞ്ഞത് വെറുതെയല്ല.

*
"വീട്ടിലില്ലാനന്ദം, നാട്ടിലില്ലാനന്ദം വീര്‍പ്പുമുട്ടീടുന്നിതെന്‍ ഹൃദന്തം" എന്ന് ചങ്ങമ്പുഴ പാടിയത് പഴയ കാലത്താണ്. ഇപ്പോള്‍ വീട്ടില്‍ ആനന്ദമില്ലെങ്കില്‍ വീര്‍പ്പുമുട്ടേണ്ട കാര്യമൊന്നുമില്ല. വീട്ടിലും നാട്ടിലും കിട്ടാത്ത ആനന്ദം മുറയ്ക്ക് എത്തിക്കാന്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇനി അതുംവേണ്ടെന്നാണെങ്കില്‍ പറന്നുപോയി ആനന്ദം വിലയ്ക്കുവാങ്ങാം; പണം മതി. ഒരുകണക്കിന് ഇതിലൊന്നും വലിയ അര്‍ഥമില്ല. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് കുഞ്ചന്‍ നമ്പ്യാര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്: "ധനമെന്നുള്ളതു മോഹിക്കുമ്പോള്‍ വിനയമൊരുത്തനുമില്ലിഹ നൂനം തനയന്‍ ജനകനെ വഞ്ചനചെയ്യും ജനകന്‍ തനയനെ വധവുംകൂട്ടും അനുജന്‍ ജ്യേഷ്ഠനെ വെട്ടിക്കൊല്ലും മനുജന്മാരുടെ കര്‍മമിതെല്ലാം"-എന്ന്. പറഞ്ഞത് നമ്പ്യാരായതുകൊണ്ട് പെരുന്നയില്‍നിന്ന് തിരുത്തുവരാന്‍ സാധ്യത കുറവാണ്. പാപംചെയ്യാനും പണം വേണം. അമിതമായി പണത്തിന് കൊതിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളാണ് നമ്പ്യാര്‍ ഉപന്യസിച്ചത്. ജനകനും തനയനും തമ്മിലുള്ള കര്‍മങ്ങളൊക്കെ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. പണത്തിനും അഹങ്കാരത്തിനുമേ പഞ്ഞമില്ലാതുള്ളൂ. വിവരവും വിവേകവും കൊട്ടാരക്കര ബസില്‍ കയറാറില്ല. അതുകൊണ്ടാണ് ജനക-തനയ ബന്ധത്തെക്കുറിച്ച് ഇരുവര്‍ക്കും ഇടയ്ക്കിടെ സംശയം വരുന്നത്. അവിവേകം അതൃപ്തിയുടെ കൂടാരമാണ്. എന്തുകിട്ടിയാലും പിന്നെയും വേണമെന്ന് ആര്‍ത്തിപ്പെടും. കിട്ടാഞ്ഞാല്‍ കട്ടെടുക്കും. കള്ളനെന്ന പേരുകേട്ടാലും തല്ലുകൊണ്ടാലും നാണവും മാനവുമില്ലാതെ ചിരിച്ചുകൊണ്ടേയിരിക്കും. ഒരു വോട്ടുണ്ടെങ്കില്‍ ഏതു സദാചാര വിരുദ്ധനും മഹാന്‍തന്നെ. വോട്ടില്ലാത്തവര്‍ എം വി രാഘവനെപ്പോലെ മൂലയ്ക്കിരിക്കും.

*
അബ്ദുള്‍നാസര്‍ മഅ്ദനി കൊട്ടിയത്ത് വന്നത് മകള്‍ ഷമീറയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ്. നിക്കാഹ് കഴിഞ്ഞശേഷം നേരെ പോയത് ആശുപത്രിയിലേക്കാണ്. പ്രസംഗിച്ചിട്ടില്ല- അനുഗ്രഹ ഭാഷണമേ നടത്തിയിട്ടുള്ളൂ. അതില്‍ താന്‍ നിരപരാധിയാണെന്ന് പറഞ്ഞത് "രാജ്യദ്രോഹ"മാണുപോലും. ശവപ്പെട്ടി വാങ്ങിയ വകയില്‍ പണം അടിച്ചുമാറ്റിയ നേതാക്കളുടെ അനുയായിക്ക് രാജ്യദ്രോഹത്തിന്റെ ചില്ലറക്കച്ചവടത്തിന് എവിടെനിന്നാണ് ലൈസന്‍സ് കിട്ടിയതെന്ന് പരിശോധിക്കുകതന്നെ വേണം. മഅ്ദനിയെ ബിജെപിക്ക് എന്തിനാണിത്ര പേടി? നീതി അകലെയാണെന്നും കാഴ്ച പോയെന്നും തമിഴ്നാട്ടിലെ ജയിലിനേക്കാള്‍ മോശമാണ് കര്‍ണാടകത്തിലേതെന്നും പറഞ്ഞാല്‍ രാജ്യദ്രോഹമാകുമോ?

2 comments:

manoj pm said...

ഒരു വോട്ടുണ്ടെങ്കില്‍ ഏതു സദാചാര വിരുദ്ധനും മഹാന്‍തന്നെ. വോട്ടില്ലാത്തവര്‍ എം വി രാഘവനെപ്പോലെ മൂലയ്ക്കിരിക്കും.

ajith said...

വീര്‍പ്പുമുട്ടീടുന്നിതെന്‍ ഹൃദന്തം