Monday, March 25, 2013

നോമ്പുകാലത്തെ ദീര്‍ഘനിശ്വാസം

നാക്കില്ലെങ്കില്‍ നരികൊണ്ടുപോകും എന്ന ചൊല്ല് ചെന്നിത്തലയെക്കുറിച്ചാകാനിടയില്ല. നാക്കു നീണ്ടവന് കുറിയ കൈ എന്ന ചൊല്ലാണ് ഹരിപ്പാട്ടുകാരന് യോജിക്കുന്നത്. വാചാലന്മാര്‍ക്ക് പ്രവൃത്തിസാമര്‍ഥ്യം കുറയുമെന്നത് ചരിത്രവസ്തുതയാണ്. "ആരെയും കയറൂരി വിടില്ല", എന്നും "വേലിചാടുന്നവരെ പിടിച്ചുകെട്ടും" എന്നുമെല്ലാം ചെന്നിത്തല പറയുന്നത് നേരമ്പോക്കായി എടുത്താല്‍ മതി. എന്നാല്‍, വയലാര്‍ജി അങ്ങനെയല്ല. പുന്നപ്ര- വയലാര്‍ സമരവുമായൊന്നും ബന്ധമില്ലെങ്കിലും പേരില്‍ത്തന്നെയുണ്ട് ഒരു വിപ്ലവജ്വാല. മുക്കോംപറമ്പില്‍ കൃഷ്ണന്‍ മകന്‍ രവീന്ദ്രന്‍ എന്ന എം കെ രവിക്ക് വയലാര്‍ എന്നത് എക്കാലത്തും നല്ലൊരു മറയാണ്. ആഗോളവല്‍ക്കരണത്തിന്റെ രസായനം രാത്രി മുടങ്ങാതെ സേവിച്ചശേഷം കാലത്തെണീറ്റ് തൊഴിലാളിവര്‍ഗം, ചൂഷണം, സാമ്രാജ്യത്വം എന്നെല്ലാം പറയുന്നതിന് "വയലാര്‍" എന്ന പേരിനോളം പറ്റുന്ന ഒളിത്താവളം വേറെയില്ലെന്ന് രവിക്കറിയാം. അതാണ് ചെന്നിത്തലയും വയലാര്‍ രവിയും തമ്മിലുള്ള വ്യത്യാസം. ചെന്നിത്തല പറയുന്നത് ഇടത്തേച്ചെവിയിലൂടെ കേട്ട് വലത്തേതിലൂടെ കോണ്‍ഗ്രസുകാര്‍ പുറത്തേക്ക് കളയും. വയലാര്‍ രവി, ചേര്‍ത്തല ആന്റണി തുടങ്ങിയ പരിണതപ്രജ്ഞരെ നാക്കുള്ളതുകൊണ്ട് തൂക്കുകയില്ല. വാക്സാമര്‍ഥ്യംകൊണ്ട് അവര്‍ തൂക്കുകയറില്‍നിന്നുപോലും രക്ഷപ്പെട്ട് വരുമെന്നു സാരം.

വയലാര്‍ രവി ഒടുവില്‍ പറഞ്ഞത്, "ഇടതുപക്ഷവുമായി കോണ്‍ഗ്രസിന് വലിയ അഭിപ്രായവ്യത്യാസമില്ലാത്തതിനാല്‍ അവരുമായി ലോക്സഭാതെരഞ്ഞെടുപ്പില്‍ യോജിച്ച് പോകണ"മെന്നാണ്. കേള്‍ക്കുമ്പോള്‍ത്തന്നെ കുളിരുകോരുന്ന വാചകങ്ങള്‍. കേട്ടാല്‍ തോന്നും ഇതാ വന്നുകഴിഞ്ഞു കോണ്‍ഗ്രസ്- ഇടതുപക്ഷ ഐക്യമെന്ന്. അത് ദേശീയതലത്തിലാണ്, ഇവിടെ പറ്റില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ ഉടന്‍ പ്രതികരണം. കേരളം ഇന്ത്യയിലല്ല എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞാല്‍ അതും സമ്മതം. ഇടതുപക്ഷത്തിന് സഖ്യത്തിന്റെ അസുഖം മൂര്‍ച്ഛിച്ചതാണോ? അങ്ങനെ എവിടെയും കേട്ടിട്ടില്ല. എന്നുമാത്രമല്ല, നാടായ നാട്ടിലാകെ, ജാഥയും പണിമുടക്കും പ്രസംഗവും നടത്തി കോണ്‍ഗ്രസിന്റെ തട്ടിപ്പുകള്‍ ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കയാണ് ഇടതുപക്ഷം. പണിമുടക്കിന് വരുന്നവരില്‍ മൂവര്‍ണക്കൊടി കൈയിലും ഗാന്ധിത്തൊപ്പി തലയിലുമേന്തിയ കോണ്‍ഗ്രസുകാരുമുണ്ട്.

കോണ്‍ഗ്രസിനെ കേന്ദ്രഭരണത്തില്‍നിന്നിറക്കിവിടാനും പകരം ബിജെപി കയറാതിരിക്കാനും വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന ഇടതുപക്ഷത്തോടാണ് വയലാര്‍ജിക്ക് ആത്മാര്‍ഥപ്രണയം വന്നിരിക്കുന്നത്. വെറും വാര്‍ത്താസൃഷ്ടിയല്ല ഉദ്ദേശ്യം. കോണ്‍ഗ്രസിന്റെ ഇന്നത്തെ അങ്ങാടി നിലവാരം വയലാര്‍ജിയോളം അറിയുന്നവര്‍ വേറെയില്ല. നാലണയുടെ വിശ്വാസം സ്വന്തമായുള്ള ഒറ്റ കക്ഷിയും യുപിഎ മുന്നണിയിലില്ല. പുറത്തുനിന്ന് പിന്തുണയ്ക്കുന്ന മുലായത്തിന്റെ കാര്യം ഓന്തിനേക്കാള്‍ കഷ്ടം- എപ്പോഴും നിറം മാറിക്കൊണ്ടിരിക്കും. മമതയും കലൈഞ്ജറുമെല്ലാം സലാംപറഞ്ഞ് പിരിഞ്ഞുകഴിഞ്ഞു. നിതീഷ്കുമാറിന് ചൂണ്ടയിട്ടുകൊടുത്തെങ്കിലും കൊത്തിയില്ല. ബഹന്‍ജിക്ക് അങ്ങനെ സ്ഥിരമായ തീരുമാനമൊന്നുമില്ല- പിന്തുണയുമില്ല. ലാലുപ്രസാദ് എപ്പോള്‍ ഏതുകോലത്തിലായിരിക്കുമെന്ന പ്രവചനം ദുഷ്കരം. കോണ്‍ഗ്രസിന്റെ കാര്യം എടുക്കാനും വയ്ക്കാനുമുള്ള പരുവത്തിലല്ല. പണമുണ്ട്; പവറുമുണ്ട്- പക്ഷേ ജനങ്ങള്‍ക്ക് തൊടാന്‍ മടി. തലയ്ക്കുമേലെ പുകയേ കാണാനുള്ളൂ. ശരിക്കും ശൂന്യാകാശംതന്നെ. ആകെ കൂട്ടിനുള്ളത് മലപ്പുറം കക്ഷി, കോട്ടയം കക്ഷി എന്നിങ്ങനെയുള്ള പാവങ്ങളാണ്. കഷ്ടിച്ച് ഒന്നോ ഒന്നരയോ അംഗബലം. ഉമ്മന്‍ചാണ്ടിക്ക് കൊടിവച്ച കാറില്‍ പറക്കാം, ആര്യാടന് ഇടയ്ക്കിടെ തെറിവിളിക്കാം എന്നിങ്ങനെയുള്ള ചില്ലറ പ്രയോജനങ്ങളേയുള്ളൂ. കോണ്‍ഗ്രസിന്റെ വിശ്വാസ്യത പണ്ടുപണ്ടേ കാക്കകൊത്തിപ്പോയി. ഘടക കക്ഷികള്‍ വകയ്ക്ക് കൊള്ളുകയുമില്ല. നാലാള്‍ കാണ്‍കെ കൈയും പിടിച്ച് നടത്തിക്കാന്‍ പറ്റുന്ന ഒരെണ്ണം പോലുമില്ല. പണംകൊടുത്താലാണെങ്കില്‍ വിശ്വാസ്യതയും മാന്യതയുമൊന്നും വാങ്ങാന്‍ കിട്ടുകയുമില്ല. പോരാഞ്ഞ്, കൂടെയുള്ളവരും അയലത്തുള്ളവരുമൊക്കെ മൂന്നാംമുന്നണി എന്ന് പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇങ്ങനെയൊക്കെ ആയ നിലയ്ക്ക് ഏറ്റവും നല്ലത് ഇടതുപക്ഷം തന്നെ എന്ന് വയലാര്‍ജിക്ക് തോന്നിപ്പോയതില്‍ കുറ്റം പറയാനാകില്ല. ചന്ദനം ചാരിയാലാണല്ലോ ചന്ദനത്തിന്റെ സുഗന്ധം കിട്ടുക. കുറച്ചുകാലം കൂടി ഇരിക്കാനുള്ളതാണ് മന്ത്രിക്കസേര എന്ന് കരുതുന്നവര്‍ക്ക് ഇങ്ങനെ പലപല ഉപായങ്ങളും തോന്നും. അറയ്ക്കലെ ബീവിയെ കെട്ടാന്‍ കൊതിക്കാത്തവര്‍ ചുരുക്കമാകും. പക്ഷേ, ബീവിക്ക് സമ്മതമാകണ്ടേ? തല്‍ക്കാലം ഇതൊന്നും പറയാതെയും മിണ്ടാതെയും ഇരിക്കുന്നതാണ് നല്ലത് എന്ന് വയലാര്‍ജിയെ മനസ്സിലാക്കിക്കൊടുക്കാന്‍ ആരും ഇല്ലാതെപോയതാണ് പ്രശ്നം. നോമ്പുകാലത്ത് മിണ്ടാതിരിക്കാനുള്ള ഉപദേശം എവിടെനിന്നും കിട്ടിക്കാണില്ല.

*

"പോടാ", വിദ്യാധരന്‍ അയാളുടെ അച്ഛനോടുപറഞ്ഞു: "എന്റെ മുമ്പില്‍ നിന്നുപോ. നിന്റെ ലക്ഷണംകെട്ട മുഖം കണ്ടാല്‍ ആര്‍ക്കും ഗുണം പിടിക്കില്ല". ഇതുകേട്ട് വിദ്യാധരന്റെ അച്ഛന്‍ കുമാരന്‍നായരുടെ മുഖത്ത് ചോരയോട്ടം നിലച്ചുപോയതായി 1987ല്‍ എം മുകുന്ദന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്നേഹിച്ചുവളര്‍ത്തിയ മകനായ വിദ്യാധരന്റെ ഭാവപ്പകര്‍ച്ച അച്ഛനെയും അമ്മയെയും നാട്ടുകാരെയാകെയും വിഷമിപ്പിച്ചു. "ആര്‍ പറഞ്ഞിട്ടാ നീ എന്നെ പെറ്റത്?"- വിദ്യാധരന്‍ അയാളുടെ അമ്മയോടു ചോദിച്ചു. "എന്നെ പെറ്റ നിന്റെ കുടല് പുഴുത്തുപോകും". "എന്റെ മോനെ, ഇങ്ങനെയൊന്നും പറയല്ലെ"- മാധവിയമ്മ കരഞ്ഞു: "പത്തുമാസം കുടലില് കൊണ്ടുനടന്നു നൊന്തുപെറ്റതാ നിന്നെ ഞാന്‍". "അബദ്ധത്തില്‍ ഉണ്ടായിപ്പോയതല്ലെ?" വിദ്യാധരന്‍ ചോദിച്ചു. "രാത്രി അടങ്ങി ഒരിടത്ത് കിടന്നിരുന്നെങ്കില്‍ പെറേണ്ടിവരുമായിരുന്നോ?" വിദ്യാധരന്‍ അങ്ങനെ പലരോടും പലതും കടുപ്പിച്ചു ചോദിച്ചുതുടങ്ങി. ദേഹോപദ്രവമൊന്നുമില്ല. എങ്കിലും അഭിപ്രായങ്ങള്‍ പലതും വന്നു. "കല്ലുകൊണ്ട് എന്തിനാണ് എറിയുന്നത്? നാവുകൊണ്ട് എറിയുന്നത് പോരെ?" "എന്നാലും സൂക്ഷിക്കണം. തുടക്കം അല്ലേ? ദേഹോപദ്രവം ചെയ്യില്ലാ എന്ന് എന്താണ് ഉറപ്പ്?"

ഒരു ദിവസം ഇടവഴിയിലൂടെ നാരായണി ടീച്ചര്‍ വരുന്നു. വിദ്യാധരന്‍ വഴിയരികില്‍ നില്‍ക്കുകയാണ്. ദൂരെനിന്നുതന്നെ അവരുടെ വെളുത്ത നിഴല്‍ അയാള്‍ തിരിച്ചറിഞ്ഞു. പണ്ട് സ്കൂളില്‍ വിദ്യാധരനെ പഠിപ്പിച്ചതാണ്. എങ്കിലും കണ്ടാല്‍ വലിയ പ്രായമൊന്നും തോന്നില്ല. മുറുക്കിയിട്ടില്ലെങ്കിലും മുറുക്കിച്ചുവപ്പിച്ചതുപോലെ ചുവന്നിട്ടാണ് അവരുടെ ചുണ്ടുകള്‍. "ടീച്ചറെ, ഒന്നു നിക്കീന്‍... "ഒന്നു ചോദിച്ചോട്ടെ?" "വേണ്ടാത്തതൊന്നും ചോദിക്കല്ലേ മോനെ." ടീച്ചര്‍ അപേക്ഷിച്ചു: "നിന്റെ മൂത്ത ഏടത്തിയാണ് ഞാന്‍ എന്നു വിചാരിച്ചോളൂ". "എന്താ നിനക്കു ചോദിക്കുവാനുള്ളത്?" "ടീച്ചര്‍ ലൂപ്പിട്ടിട്ടുണ്ടോ?" "എന്റെ വിദ്യാധരാ.." ടീച്ചര്‍ ഇരുകൈകള്‍കൊണ്ടും സ്വന്തം ചെവികള്‍ പൊത്തി. കൈവിരല്‍ പിടിച്ച് അക്ഷരങ്ങള്‍ എഴുതി പഠിപ്പിച്ചതിനുള്ള ശിക്ഷയാണോ ഇത്? "ടീച്ചര്‍ ആഴ്ചയില്‍ എത്രപ്രാവശ്യം ഭര്‍ത്താവുമൊത്ത്........" "അരുത് മോനേ, അരുത്..." ആര്‍ക്കും വിദ്യാധരന്‍ അടങ്ങിയില്ല. ചികിത്സ ഫലിച്ചില്ല. കല്യാണം കഴിപ്പിച്ചാല്‍ രോഗം മാറുമെന്ന് പറഞ്ഞു. അതും സംഭവിച്ചില്ല. "ഇത് വല്ലാത്ത ഒരു കിറുക്കുതന്നെ". "അവന് ഒരു കിറുക്കുമില്ല. ഇതെല്ലാം അവന്റെ ഒരു തോന്ന്യാസമാണ്..." "ഇങ്ങനെ തോന്ന്യാസം കാണിച്ചിട്ട് എന്താണ് അവന് കിട്ടാന്‍ പോകുന്നത്?" "അതാണ് ആര്‍ക്കും മനസ്സിലാകാത്തത്." "ഇന്നലെ അവന്‍ പറഞ്ഞതുകേള്‍ക്കണോ?" "എന്താണ് പറഞ്ഞത്?" "കാറല്‍മാര്‍ക്സ് തന്തയ്ക്കുപിറക്കാത്തവന്‍ ആണെന്ന്". "ഹ, ഹ, ഹ..." "ചിരിക്കാന്‍ വരട്ടെ, നിങ്ങള്‍ കോണ്‍ഗ്രസുകാരെപ്പറ്റി അവന്‍ പറഞ്ഞതുകൂടി കേള്‍ക്ക്". "ഞങ്ങളെപ്പറ്റി അവന്‍ ഒന്നും പറയില്ല..." "കോണ്‍ഗ്രസുകാര്‍ സ്വവര്‍ഗസംഭോഗം ചെയ്യുന്നവരുടെ പാര്‍ടിയാണ് എന്ന്".

വിദ്യാധരനെ കാണുമ്പോള്‍ ആളുകള്‍ വഴിമാറി നടക്കും. ചിലര്‍ ചെവിപൊത്തും. ഒടുവിലത്തെ വൈദ്യരോട്: "ഈ സുഖക്കേടിന് മരുന്നില്ലേ?" "തലയ്ക്ക് ഭ്രാന്തുവന്നാല്‍ ചികില്‍സിച്ചുമാറ്റാം. നാവിനു ഭ്രാന്തുവന്നാല്‍ എന്തു ചികില്‍സ?" എല്ലാവരും ദീര്‍ഘമായി നിശ്വസിച്ചു. നോമ്പുകാലമായതുകൊണ്ട് ഇപ്പോള്‍ വിദ്യാധരന്‍ മൗനത്തിലാണ്. ഉയിര്‍പ്പിന്റെ ഞായര്‍ കഴിഞ്ഞാല്‍ കാണാം ഇനിയത്തെ കളി. (അവലംബം: എം മുകുന്ദന്റെ ദീര്‍ഘനിശ്വാസം എന്ന ചെറുകഥ)

No comments: