Sunday, March 17, 2013

അന്ത്യവിധിക്കുമുമ്പ് വാസനാവികൃതി

ഇക്കണ്ടക്കുറുപ്പ് എന്ന തസ്കരന്റെ ആത്മഗതമായാണ് മലയാളത്തിലെ ആദ്യ ചെറുകഥയായ വാസനാവികൃതിക്ക് കേസരി രൂപംനല്‍കിയത്. ഇക്കണ്ടക്കുറുപ്പ് സങ്കടത്തിലാണ്. ""എന്നെപ്പോലെ വിഡ്ഢിത്തം പ്രവര്‍ത്തിച്ച് ശിക്ഷായോഗ്യന്മാരായി വന്നിട്ടുള്ളവര്‍ ചുരുക്കമായിരിക്കും"" എന്നതാണാ സങ്കടം. അദ്ദേഹത്തിന്റെ തറവാട്ടില്‍ ഒരു താവഴിക്കാര്‍ കറുത്തും വേറൊരു താവഴിക്കാര്‍ വെളുത്തുമാണ്. അങ്ങനെ നിറഭേദമുള്ളത് ദേഹത്തിനല്ല മര്യാദക്കാണ്. ""കാടരികില്‍ വീടായതുകൊണ്ട് ഇടയ്ക്കിടെ കാട്ടില്‍ പോകുവാനും പല മൃഗങ്ങളുമായി നേരിടുവാനും സംഗതിവന്നതിനാല്‍ ബാല്യംമുതല്‍തന്നെ പേടി എന്ന ശബ്ദത്തിന് എന്നെ സംബന്ധിച്ചിടത്തോളം അര്‍ത്ഥം ഇല്ലാതെവശായി."" എന്നാണ് കുറുപ്പ് ആത്മകഥ പറയുന്നത്. കളവ് അപ്പോള്‍ത്തന്നെ തുടങ്ങി. ഇരുപത് വയസ്സ് കഴിഞ്ഞപ്പോഴേക്കും ചില്ലറ കളവുവിട്ട് വന്‍തരത്തില്‍ മോഹം തുടങ്ങി. വിലപിടിച്ച സാധനമായാലേ നോട്ടം ചെല്ലുകയുള്ളൂ. ചെന്ന ദിക്കിലെല്ലാം ഈരാറുപന്ത്രണ്ടുതന്നെ. ഇങ്ങനെ വളരെ ദ്രവ്യം സമ്പാദിച്ചു.

തൃശ്ശിവപേരൂര്‍ക്കുസമീപം ഒരു ദിക്കില്‍ ഒരു കളവുനടത്തി. എടുത്ത മുതലില്‍ ആഭരണപ്പെട്ടി മുഴുവന്‍ സ്നേഹിതയായ കല്യാണിക്കുട്ടിക്ക് കൊടുത്തു. അവര്‍ തമ്മില്‍ വളരെ അനുരാഗമുണ്ടായിരുന്നു. പെട്ടിയില്‍നിന്ന് ഒരു പൂവെച്ചമോതിരം ഒരുരാത്രി കല്യാണിക്കുട്ടി പ്രിയതമന്റെ മോതിരവിരലിന്മേല്‍ ഇടുവിച്ചു. അതുമുതല്‍ക്ക് ആ മോതിരത്തെപ്പറ്റി അതിപ്രേമമായി. കൊച്ചി രാജ്യത്തെ പൊലീസിനെ പേടിച്ച് ഇടയ്ക്ക് ഇക്കണ്ടക്കുറുപ്പ് മദിരാശിയിലെത്തി. അവിടെയും പഠിച്ചത് മറന്നില്ല. ഒരു "തേവിടിശ്ശി"യുടെ മുഖംനോക്കി പകുതിവായും തുറന്ന് കറപറ്റിയ കോന്ത്രമ്പല്ലും പുറത്തുകാട്ടി നിന്ന വിഡ്ഢ്യാന്റെ പോക്കറ്റില്‍ കയ്യിട്ടു. തിരിച്ചെത്തിയപ്പോള്‍ മോതിരം കണ്ടില്ല. മോതിരം അന്വേഷിച്ച് പൊലീസ് സ്റ്റേഷനില്‍ ചെല്ലുകയും പിടിക്കപ്പെടുകയും ആറുമാസം ജയിലും പന്ത്രണ്ടടിയും ശിക്ഷ വാങ്ങുകയും ചെയ്തു. തിരിച്ചിറങ്ങി നേരെ കാശിക്കാണ് വിട്ടത്. പാപമോക്ഷത്തിന്. സ്വയംകൃതാനര്‍ഥത്തിന്റെ അപമാനമാണുപോല്‍ ഇക്കണ്ടക്കുറുപ്പിന് ശരിയായ അപമാനമായി തോന്നിയത്. 1891ല്‍ കേസരി പരിചയപ്പെടുത്തിയ ഇക്കണ്ടക്കുറുപ്പിന്റെ താവഴിക്കാരെ കാണണമെങ്കില്‍ യുഡിഎഫില്‍ ചെല്ലണം. കറുത്ത താവഴി, മോഷണത്തൊഴില്‍, ഗാന്ധര്‍വവിവാഹം, ഒറ്റയ്ക്കു നടപ്പ് എല്ലാം ഒത്തുവരുന്ന കഥാപാത്രങ്ങള്‍ സമൃദ്ധം. കരണക്കുറ്റിക്ക് തല്ലുകിട്ടിയാലും കാശിക്കുപോകില്ല എന്ന വ്യത്യാസമേയുള്ളൂ.

*
പി സി ജോര്‍ജ് ഉമ്മന്‍ചാണ്ടിയോടോ തിരിച്ചോ കടപ്പെട്ടിരിക്കുന്നതെന്നറിയില്ല. എന്തായാലും മാണിസാറിന് ജോര്‍ജിനെ പേടിയാണ്. ഗൗരിയമ്മ, ടി വി തോമസ് എന്നിവര്‍ ജോര്‍ജിന്റെ എതിര്‍പാര്‍ടിക്കാരെങ്കിലുമാണ്. മലയോരജനതയെ മഹാന്മാരാക്കാന്‍ കഷ്ടപെട്ട് പത്തുപതിനേഴ് എംഎല്‍എമാരെയും സംഘടിപ്പിച്ച് മഹാപ്രസ്ഥാനം കെട്ടിപ്പടുത്തയാളിന്റെ പേര് കെ എം ജോര്‍ജ് എന്നാണ്. ആ പാര്‍ടിയുടെ തണലിലിരുന്ന് "അധ്വാനവര്‍ഗ സിദ്ധാന്തം" രചിക്കാന്‍ മാണിസാറിനെ ആവതാക്കിയതിന്റെ മൂലകാരണം കെ എം ജോര്‍ജ് തന്നെ. അങ്ങനെയുള്ള പാര്‍ടിസ്ഥാപകനെയും പി സി ജോര്‍ജ് വിടുന്നില്ല. മാണിസാറിന്റെ പതിവുവച്ച് ഇതൊന്നും ഇങ്ങനെ അവഗണിക്കേണ്ടതല്ല. കെ എം ജോര്‍ജിനോട് പണ്ടത്തെ ഒരു കടം ബാക്കിയുണ്ട്. ആ കെ എം ജോര്‍ജിന്റെ പുത്രനെയും പുള്ളിയുടെ പിതൃത്വത്തെയുംവരെ പി സി ജോര്‍ജ് ചോദ്യംചെയ്യുന്നത് കയ്യുംകെട്ടി നോക്കിനില്‍ക്കാനൊന്നും മരങ്ങാട്ടുപള്ളിയുടെ മരതകത്തിന് കഴിയില്ല. പണ്ട് പാലാഴിക്കഥയുമായി ജോര്‍ജ് തേരാപാരാ നടന്നപ്പോള്‍ കുലുങ്ങാത്ത മനസ്സാണ്.

ഉമ്മന്‍ചാണ്ടിക്ക് അധികാരമില്ല; മാണിസാര്‍ പറഞ്ഞാല്‍ രാജിവയ്ക്കുമെന്ന ജോര്‍ജിയന്‍ പ്രഖ്യാപനത്തിന്റെ അര്‍ഥവും അനര്‍ഥവും ചില്ലറയൊന്നുമല്ല. ഉമ്മന്‍ചാണ്ടിയേക്കാള്‍ കരുത്തനായ മാണിക്യം ജോര്‍ജിനെ ഭയന്ന് മിണ്ടാതിരിക്കുമെന്ന് കരുതുന്നവര്‍ വല്ല സിഎംപിയിലും ചേരുന്നതാണ് നല്ലത്. അല്ലെങ്കിലും, മടിയില്‍ കനമുള്ളവരേ പി സി ജോര്‍ജിനെ പേടിക്കൂ. മടിക്കുത്തഴിക്കാന്‍ ജോര്‍ജ് വരുമോ എന്ന പേടികൊണ്ടാണത്. അതാണ് പ്രതിയുടെ ചെറുപ്പകാലംമുതലുള്ള ശീലം. എല്ലാവരും ജോര്‍ജിനെ എതിര്‍ത്തപ്പോള്‍ രക്ഷകനായി വാഴയ്ക്കന്‍ അവതരിച്ചത് കണ്ടില്ലേ. ജോര്‍ജ് സഭയിലും പുറത്തും ഒഴുക്കിയ മാലിന്യം വാഴയ്ക്കന്റെ പറമ്പില്‍ എത്തിയിട്ടില്ല. സഭയ്ക്കകത്ത് ചെരുപ്പു കണ്ടുപോയതാണ് വാഴയ്ക്കാ വലുപ്പത്തിലുള്ള ആഗോള പ്രശ്നം. ജോര്‍ജിനുവേണ്ടി ഉയര്‍ന്ന കരുത്തുറ്റ ശബ്ദമായി നാളെ അതിനെ ചരിത്രവും വോട്ടര്‍മാരും സ്വീകരിച്ചേക്കും. പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മാണിസാര്‍ ഉത്തരവിറക്കിയത് ജോര്‍ജിനെ ഉദ്ദേശിച്ചല്ല. ജോര്‍ജ് മിണ്ടരുതെന്ന് പറയുന്നത്, കൊച്ചിയില്‍ കൊതുകുപാടില്ല എന്ന് കോടതി ഉത്തരവിടുന്നതുപോലെയാണ്. ജോര്‍ജിന് എങ്ങോട്ടും പോകാനില്ല. ഇടതുപക്ഷത്തിന്റെ നാലയലത്തടുപ്പിക്കില്ല. ചെന്നിത്തല പാചകംചെയ്യുന്ന കഞ്ഞിയും പയറും കഴിച്ച് യുഡിഎഫിന്റെ തിണ്ണയില്‍ കിടക്കാനുള്ള അര്‍ഹതയേ ഉള്ളൂ. അതു നന്നായറിയുന്നത് മാണിസാറിനുതന്നെയാണ്. അതുകൊണ്ട് പണി വേറെ വരുന്നുണ്ട്.

*
കാലന്‍കോഴി നീട്ടി കൂവുന്നു. നായ്ക്കള്‍ ഓരിയിടുന്നു. ചീവീടുകള്‍ ചിലയ്ക്കുന്നു. വളര്‍ത്തുമൃഗങ്ങള്‍ ഭയപ്പെട്ട് പരക്കംപായുന്നു. പോത്തിന്‍പുറത്ത് ആരോ കയറുംകൊണ്ട് വരുന്നതിന്റെ ഭീതി സെക്രട്ടറിയറ്റിലും ക്ലിഫ്ഹൗസിലുമൊക്കെ പ്രകടമായിത്തന്നെ കാണാം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസിലെ ടോയ്ലറ്റുകളില്‍പ്പോലും ഇടനിലക്കാരുടെ തള്ളിക്കയറ്റമാണ്. "സദാ തുറന്നുവെച്ച" ഓഫീസില്‍ മാധ്യമക്കാര്‍ കയറേണ്ട എന്ന് മുഖ്യമന്ത്രിക്ക് പറയേണ്ടിവരുന്ന കലികാലമാണ്. പണ്ടുകാലത്ത്, രാവും പകലുമെന്നില്ലാതെ കയറി നിരങ്ങിയ ഇടങ്ങളിലേക്ക് ചെല്ലുമ്പോള്‍, "കടിക്കുന്ന പട്ടിയുണ്ട്, സൂക്ഷിക്കുക" എന്ന ബോര്‍ഡാണത്രേ മാധ്യമപ്രവര്‍ത്തകരെ സ്വാഗതംചെയ്യുന്നത്. സിന്‍ഡിക്കറ്റും ഇന്‍ഡിക്കേറ്റുമൊക്കെ അവധിയിലാണ്. ആര്യാടന്‍ അടി തുടരുകയാണ്. പാണക്കാട്ടെ തങ്ങളെക്കുറിച്ച് പറഞ്ഞാല്‍ ലീഗുകാരന്റെ ചോര തിളയ്ക്കുന്ന ഒരു കാലമുണ്ടായിരുന്നു. അതൊക്കെ പോയി. ആര്യാടന്‍ തങ്ങളെയും മജീദിനെയും ലീഗിനെയും തലങ്ങും വിലങ്ങും പൂശുമ്പോള്‍ കുഞ്ഞാലിക്കുട്ടി മിണ്ടാതിരിക്കുകയാണ്. പി സി ജോര്‍ജിന് പഠിക്കുന്ന കെ എം ഷാജി ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ആര്യാടന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. മലപ്പുറത്തിന്റെയും കോട്ടയത്തിന്റെയും ബജറ്റ് എന്നാണ് ആര്യാടന്റെ സിദ്ധാന്തം. അതിനര്‍ഥം വേറെ ചിലതാണ്.

ഗ്രഹണകാലത്ത് മഹാന്മാരുടെ അരുളപ്പാടുകളും ഉണ്ടാകും. വിഴുപ്പലക്കല്‍ ഒഴിവാക്കണമെന്ന ചെന്നിത്തലയുടെ ഉപദേശം ആ ഗണത്തിലാണ്. മാധ്യമപ്രവര്‍ത്തകരോട് കൂടുതല്‍ പ്രതികരിക്കുന്നതാണ് പ്രശ്നമെന്നും നേതാക്കള്‍ സ്ഥാനങ്ങളുടെ ഇരകളായി മാറുന്നുവെന്നും രമേശ് പണ്ഡിതോചിതം വ്യാഖ്യാനിക്കുകയാണ്. പാവത്തിന് ഇരയാവാന്‍ ഒരു സ്ഥാനംപോലും കൊടുത്തില്ലല്ലോ എന്ന സങ്കടം ഇനി വേണ്ട. മാണി അഴകൊഴമ്പനെന്ന് ജോണി നെല്ലൂര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ജോര്‍ജിനെ ചവിട്ടിപ്പുറത്താക്കണമെന്ന് ജെഎസ്എസ്്. അനൂപ് ബാഹ്യശക്തിയുടെ പിടിയിലാണെന്ന് ജേക്കബ് ഗ്രൂപ്പിന്റെ പ്രമേയം വരാന്‍പോകുന്നു. സിഎംപിക്ക് യുഡിഎഫിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്ന വിശ്വാസം ഷിബു ബേബിജോണിന് തീരെയില്ല. അച്ഛനും മകനും രഞ്ജിപ്പിലായതുമില്ല; യാമിനി പരാതി ഉപേക്ഷിച്ചതുമില്ല. തുടര്‍ന്നും സിനിമയില്‍ ചാന്‍സ് കിട്ടുമോ എന്നാണ് ഗണേഷ് അന്വേഷിക്കുന്നത്. അന്ത്യകാഹളം മുഴങ്ങുന്നുണ്ട്. തൈലത്തിന്റെ മണം വരുന്നുണ്ട്. ""ഈ പരിശുദ്ധ ശുശ്രൂഷയാലും ദൈവത്തിന്റെ ഏറ്റവും വലിയ സ്നേഹാര്‍ദ്രതയാലും നിന്റെ പാപങ്ങളില്‍നിന്നും മോചനം ലഭിക്കട്ടെ"" എന്ന വാക്കുകള്‍ സെക്രട്ടറിയറ്റിന്റെ വടക്കന്‍ ഭാഗത്തുനിന്ന് പതുക്കെ കേട്ടുതുടങ്ങി. ഇനിയുള്ള നാളുകളില്‍ നെഗളിപ്പ് വലുതായി ആര്‍ക്കും വേണ്ടതില്ല എന്ന് സാരം.

*
ഇതൊക്കെ കണ്ട് സഹിക്കവയ്യാതെ പി ജെ കുര്യന്‍ ഭാര്യാസമേതം വത്തിക്കാനിലേക്ക് പോവുകയാണ്. അവിടെ പാപ്പയെ കാണിക്കാനുള്ള ഇന്ത്യയുടെ മുഖം കുര്യന്റേതാണെന്ന് ആര്‍ക്ക് തോന്നിയതായാലും അതാണ് ഭാവന. ഭാവനാസമ്പന്നത. കടല്‍ക്കൊലക്കേസില്‍ പെട്ടുപോയ പാവങ്ങളും നിരപരാധികളുമായ ഇറ്റലിക്കാരെ കാണാനും അവരുടെ വീടുകളില്‍ ചെന്ന് ബീഫ് ഉലത്തിയതും പൊറോട്ടയും കഴിക്കാനും കുര്യനും കുടുംബത്തിനും കഴിയുമാറാകട്ടെ.

1 comment:

ajith said...

ജോര്‍ജ് മിണ്ടരുതെന്ന് പറയുന്നത് കൊച്ചീല്‍ കൊതുക് പാടില്ലെന്ന് പറയുന്നതുപോലെ തന്നെ