Monday, March 26, 2012

പിറവത്തിന്റെ ഘോഷം

കേരളരാഷ്ട്രീയത്തില്‍ പിറവം ഉപതെരഞ്ഞെടുപ്പ് വലിയ ചലനമൊന്നുമുണ്ടാക്കിയില്ല- ഒരു അരമന്ത്രിയെക്കൂടി സൃഷ്ടിച്ചു എന്നതൊഴിച്ചാല്‍. ജയിച്ചാല്‍ അപ്പോള്‍ മന്ത്രിയാകുമെന്നു പറഞ്ഞ അനൂപ് ജേക്കബ് എപ്പോള്‍ മന്ത്രിയാകുമെന്ന് ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ല. ആയാലും മുഴുമന്ത്രിയാകില്ല- ആര്‍ക്കും ചേതമില്ലാത്ത ഒരുണ്ണാക്കന്‍ വകുപ്പുകൊടുത്ത് അപ്രന്റീസായി നിയമിക്കുകയേ ഉള്ളൂ എന്നാണ് ഒടുവിലത്തെ വാര്‍ത്ത. ലീഗിന്റെ അഞ്ചാം മന്ത്രിപ്പിറവി മാനത്ത് നക്ഷത്രമായി തെളിയുമ്പോഴാണത്രേ പിറവത്തെ അരമന്ത്രിയുടെ തിരുപ്പിറവി സംഭവിക്കുക.

പിറവം കഴിഞ്ഞപ്പോള്‍ എന്തോ മഹാസംഭവം കഴിഞ്ഞെന്ന് ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഡ്രൈവര്‍ പി സി ജോര്‍ജും പറയുന്നുണ്ട്. ഡ്രൈവര്‍ എന്ന് ഇംഗ്ലീഷില്‍ വിളിച്ചതാണ്- സംസ്കൃതീകരിക്കുമ്പോള്‍ പണിപ്പേര് സാരഥി എന്നാണ്. യുഡിഎഫിനെയും മന്ത്രിസഭയെയും ഉമ്മന്‍ചാണ്ടിയെയും സ്വന്തം തേരില്‍കയറ്റി നയിക്കുന്ന തേരാളിയാണ് ഇന്ന് പി സി ജോര്‍ജ്. നെയ്യാറ്റിന്‍കരയില്‍ ആര് സ്ഥാനാര്‍ഥിയാകണമെന്നും എത്ര ഭൂരിപക്ഷം കിട്ടണമെന്നും ലീഗിന് എത്ര മന്ത്രിവേണമെന്നും ഡിഎച്ച്ആര്‍എം എന്തുചെയ്യണമെന്നും ജോര്‍ജ് തീരുമാനിക്കും. ചെന്നിത്തല, കെ എം മാണി, പി ജെ ജോസഫ്, കുഞ്ഞാലിക്കുട്ടി തുടങ്ങിയ പേരുകള്‍ നാട്ടില്‍ കേള്‍ക്കാനേയില്ല. മാണിസാറിനുശേഷം ജോര്‍ജ് സാര്‍ എന്നാണ് പുതിയ മുദ്രാവാക്യം. ശേഷമല്ല, പകരം എന്നത്രേ ജോര്‍ജിന്റെ തിയറി. ആളെക്കൊല്ലുന്ന കൂട്ടര്‍ക്ക് ജോര്‍ജ് പരസ്യമായി സംരക്ഷണം വാഗ്ദാനം ചെയ്യുമ്പോള്‍, ഉമ്മന്‍ചാണ്ടിയുടെ പൊലീസ് അറസ്റ്റുചെയ്ത ക്രിമിനലിനെ രക്ഷിക്കുമെന്ന് സര്‍ക്കാരിനുവേണ്ടി പ്രഖ്യാപിക്കുമ്പോള്‍ ചീപ്പ്മിനിസ്റ്ററും കെപിസിസിചീപ്പും യുഡിഎഫാകെയും മഹത്വപ്പെടുന്നു.
പിറവത്ത് നടന്നത് ഭയങ്കരസംഭവം തന്നെ. ആരാണ് ജയിപ്പിച്ചതെന്ന് ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടതുണ്ട്. പന്തീരായിരം കടന്ന ഭൂരിപക്ഷം ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിനു കിട്ടിയ എ ഗ്രേഡെന്നാണ് പുള്ളിക്കാരന്‍ പറയുന്നത്. താനാണ് ഭൂരിപക്ഷക്കുഞ്ഞിന്റെ ശരിയായ പിതാവെന്ന് സംബന്ധക്കാരനായ വെള്ളാപ്പള്ളി. അതല്ല തന്റെ സംബന്ധകാലത്താണ് ജന്മകാരിണിയായ സുകുമാരകല അരങ്ങേറിയതെന്ന് ചങ്ങനാശേരിയിലെ ഇളമുറത്തമ്പ്രാന്‍. പി സി ജോര്‍ജിന് സംശയമേയില്ല- നോക്കൂ എന്റെ മൂക്കും കണ്ണുമല്ലേ കാണുന്നത്; അതിന് മാണിയുമായി വല്ല സാമ്യവുമുണ്ടോ എന്നാണ് ചോദ്യം. ചെന്നിത്തലയ്ക്ക് തല്‍ക്കാലം വലിയ റോളൊന്നുമില്ല. തിണ്ണയിലാണ് ഊണും കിടപ്പും എന്നതുകൊണ്ട് പിതൃദോഷം ചുമക്കാന്‍ പ്രയാസം. എല്ലാം ചേര്‍ത്തുവച്ചാല്‍ പിറവത്തെ പിറവി പിതൃസമ്പന്നമാണെന്നതില്‍ തര്‍ക്കമില്ല.

എഴുപത്തിയേഴിലാണ് പിറവമെന്ന മണ്ഡലം ജനിച്ചത്. അന്നുമുതലിന്നുവരെ രണ്ടുവട്ടമേ അവിടെ ചുവന്ന കൊടിപിടിച്ച് വിജയാഹ്ലാദപ്രകടനം നടന്നിട്ടുള്ളൂ. ആദ്യത്തെ തവണ കോണ്‍ഗ്രസ് റിബല്‍ വോട്ട് വാരിയപ്പോള്‍ ബെന്നിബഹനാന്‍ തോറ്റു- ഗോപി കോട്ട മുറിച്ചു. രണ്ടാം തവണ ഉമ്മന്‍ചാണ്ടി പാലം വലിച്ചപ്പോള്‍ ജയിച്ചത് ജേക്കബ് തന്നെ- കൂടെയുള്ള അക്ഷരങ്ങള്‍ മാറി. ടി എമ്മിനു പകരം എം ജെ. നിയമസഭയില്‍ തന്നെ നോക്കി, മിസ്റ്റര്‍ ഉമ്മന്‍ചാണ്ടീ, നിങ്ങള്‍ അഴിമതിക്കാരനാണെന്നു പറഞ്ഞ ടി എം ജേക്കബ്ബിനെ നിയമസഭയില്‍ കയറ്റേണ്ടെന്ന് ഉമ്മന്‍ചാണ്ടി തീരുമാനിച്ചത് എ ഗ്രൂപ്പ് നടപ്പാക്കി. അടുത്തതവണ ടി എം ജേക്കബ് അവശന്‍. തോല്‍പ്പിച്ചാല്‍ ഒരു പാര്‍ടിയുടെ ശല്യം തീരുമെന്ന് എ ഗ്രൂപ്പുകാര്‍ ഉറപ്പിച്ചു- പക്ഷേ, കഷ്ടിച്ച് രക്ഷപ്പെട്ടുപോയി. ആ പിറവത്താണ് മറ്റൊരു മത്സരം നടന്നത്. ജയിച്ചാല്‍ മന്ത്രി, ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിക്കുപ്പായം കീറിപ്പോകാതിരിക്കാന്‍ ഒരേയൊരു വോട്ട്, സഹതാപം, കാളികൂളി സേവ, മാടനും മറുതയും ഇടത്തും വലത്തും, പത്തൊമ്പതു മന്ത്രിമാരുടെ ഡപ്പാംകൂത്ത്, മൗനി ബാബ മന്ത്രിയുടെ തകിലുകൊട്ട്- ആനന്ദലബ്ധിക്കിനിയെന്തുവേണം. പിറവത്ത് ജയിക്കാനായി ജനിച്ചവന്‍തന്നെ ജയിച്ചു എന്നേയുള്ളൂ. ഡിഎന്‍എ ടെസ്റ്റില്‍ ഒരു പേരും തെളിയില്ല.

ഇത്രയൊക്കെയായിട്ടും എല്‍ഡിഎഫിന് വോട്ട് കുറഞ്ഞില്ല എന്നത് മാമച്ചായന്റെ പത്രം കാണുന്നില്ല. 4000 വോട്ടിലേറെ എല്‍ഡിഎഫിന് കൂടിയതും ഉമ്മന്‍ചാണ്ടിയുടെ പിന്തുണയില്‍പ്പെടുമോ ആവോ. പിറവത്തെ പന്തീരായിരത്തിന് പഴയ 157ന്റെ പോലും വിലയില്ലെന്നര്‍ഥം.

ഒരു സര്‍ക്കാരിന്റെ വില അതില്‍ ഇരിക്കുന്നവര്‍ക്കേ അറിയൂ. ഒരു എംഎല്‍എയെ വാങ്ങാന്‍ എത്ര മുടക്കണമെന്ന് മുടക്കിയവര്‍ക്കേ അറിയൂ. പിറവത്തിന് അതിലുമെല്ലാം വിലയുണ്ടായിരുന്നതുകൊണ്ട് പേശാതെ മുടക്കി. അക്കണക്കിന് വലിയ വിലയുള്ള വിജയമാണ്. വിജയവും പേറി നടക്കുന്ന ഘോഷയാത്ര കണ്ടാല്‍ അറിയാം യുഡിഎഫിന്റെ കരുത്ത്. ലീഗിന് അഞ്ചിന്റെ അസുഖമാണ്. നേതാക്കളെ അണികള്‍ ഓടിച്ചിട്ട് തല്ലുന്നു. ജനറല്‍ സെക്രട്ടറിമാര്‍ക്ക് പച്ചച്ചെമ്പടയുടെ സെക്യൂരിറ്റി. കുട്ടികളുടെ പ്രശ്നമെന്നാണ് അഹമ്മദ് സാഹിബ് പറയുന്നത്- കുഞ്ഞാലി"ക്കുട്ടി"യുടെയും ഇബ്രാഹിം"കുട്ടി"യുടെയും പ്രശ്നമുണ്ടെന്നത് നേരുതന്നെ. അലി ലീഗിലും അത്തറുകച്ചവടം തുടങ്ങി. മഞ്ഞളാംകുഴിയില്‍ വീണ നേതാക്കള്‍ തവളയെപ്പിടിക്കാനെന്നപോലെ ചാക്കും ടോര്‍ച്ചുമായി അഞ്ചാംമന്ത്രിക്കസേര പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നു.

പാര്‍ടിയോ മന്ത്രിയോ വലുത് എന്നുചോദിച്ചാല്‍ പത്തനാപുരത്തുകാര്‍ കുഴങ്ങും. അച്ഛനോ മോനോ വലുത് എന്നു ചോദിക്കാം. കോഴിയോ മുട്ടയോ ആദ്യം എന്നും ചോദിക്കാം. അതിനൊക്ക ഉത്തരം പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല. ആദ്യത്തെ ചോദ്യത്തിന് ഏതുത്തരം പറഞ്ഞാലും നിങ്ങള്‍ക്കായി ഒരു പാര കാത്തിരിക്കുന്നുണ്ട്. കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയും കൊട്ടാരക്കരയില്‍ പിള്ളാ ബാനര്‍ജിയും. നാവെടുത്താല്‍ നല്ലതുമാത്രം പറയുന്ന പിതാവിനും പുത്രനും യുഡിഎഫില്‍ രാഷ്ട്രീയഭാവി തെളിഞ്ഞുകാണുന്നുണ്ട്. വളര്‍ച്ചയ്ക്കായി ഒരു പിളര്‍പ്പുകൂടിയാകാം- "പ" ഗ്രൂപ്പും "കൊ" ഗ്രൂപ്പും. പത്തനാപുരത്തിന്റെയും കൊട്ടാരക്കരയുടെയും ചുരുക്കപ്പേരാണ് അതെന്ന് സൗകര്യത്തിനു പറഞ്ഞാലും കുഴപ്പമില്ല.

കെ ബാബു എന്നാല്‍ കള്ള് ബാബു ആണെന്ന് പിറവത്ത് ചെന്നപ്പോഴാണ് ശതമന്യുവിന് മനസ്സിലായത്. കള്ളുകൊടുത്താല്‍ വോട്ട് കിട്ടുമോ എന്നതാണ് പുതിയ ദാര്‍ശനികപ്രശ്നം. കള്ളിന്റെ കാര്യം പറഞ്ഞത് മഹാപരാധമെന്ന ആധുനിക സിദ്ധാന്തവും പ്രസിദ്ധീകൃതമായിട്ടുണ്ട്. ബാബുവിന്റെ കള്ളുകുടിച്ചാല്‍ മയങ്ങിക്കിടക്കുകയേ ഉള്ളൂവത്രേ. വോട്ട് ചെയ്യണമെങ്കില്‍ അതിന് വേറെ കുടിക്കണം. കള്ളും പണവും അധികാരവും ഒന്നുമില്ലാതെ വെള്ളക്കുപ്പായവും വെണ്‍മനസ്സുമായി വെടിപ്പോടെ പോയിട്ടാണ് പിറവത്ത് ഉമ്മന്‍ചാണ്ടി വിജയവും കൊണ്ടുവന്നതെന്ന് അപ്പുക്കുട്ടന്‍, പിയേഴ്സണ്‍, ജയശങ്കര്‍ തുടങ്ങിയ കാലാവസ്ഥാ നിരീഷകരെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയാല്‍ ഇത്തവണ മഴ നേരത്തെ വരും.

*
പാര്‍ടി പത്രം എന്നാല്‍ ഒറ്റപ്പത്രമേയുള്ളോ? ഐഎന്‍എസ് എന്ന മുന്തിയ സംഘടനമുതല്‍ ഉമ്മന്‍ചാണ്ടിവരെ അങ്ങനെയാണ് പറയുന്നത്. വീക്ഷണം, ചന്ദ്രിക, ജന്മഭൂമി തുടങ്ങിയവയൊന്നും പാര്‍ടി പത്രവുമല്ല; പത്രവുമല്ല. ദേശാഭിമാനി മാത്രമാണ് പാര്‍ടി പത്രമെന്നും പാര്‍ടി പത്രം മാത്രം മതിയോ നാട്ടില്‍ എന്നും ഒരു ബഗ്ഗ ചോദിക്കുന്നു. പത്രം ഏജന്റുമാര്‍ സമരത്തിലാണ്. കമീഷന്‍ കൂട്ടിക്കിട്ടാനാണ് സമരം. അവര്‍ ആദ്യം പറഞ്ഞത്, ഞങ്ങള്‍ സമരത്തിന്റെ ആദ്യഘട്ടത്തില്‍ പാര്‍ടി പത്രങ്ങളെ ഒഴിവാക്കുന്നു എന്നാണ്. അതോടെ നമ്മുടെ അണ്ണന്മാര്‍ തുടങ്ങിയ പ്രചാരണം സമരം രാഷ്ട്രീയപ്രേരിതം; മാര്‍ക്സിസ്റ്റുകാര്‍ സ്വന്തം പത്രം അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നു എന്നത്രേ. എളുപ്പം ചെലവാകുന്ന ഏര്‍പ്പാടാണത്. ഏതെങ്കിലും ബഗ്ഗയെക്കൊണ്ട് പറയിച്ചാല്‍ ചെലവുകൂടും. സംസ്ഥാനത്ത് ചിലേടത്ത് സമരമില്ല. അവിടെ എല്ലാ പത്രവും പോകുന്നു. ചിലേടത്ത് ദേശാഭിമാനിയടക്കമുള്ള പത്രങ്ങളുടെ വിതരണം നടക്കുന്നില്ല. ചില സ്ഥലത്ത് ദേശാഭിമാനി അന്നന്ന് പാര്‍ടി പ്രവര്‍ത്തകര്‍ വരിക്കാര്‍ക്ക് എത്തിക്കുന്നു.

മനോരമ അച്ചടിച്ചിറക്കുന്നത് കോണ്‍ഗ്രസിനുവേണ്ടി പാണന്‍പാടാന്‍ മാത്രമല്ല; അതിന്റെ മുതലാളിക്ക് ലാഭം കിട്ടാന്‍കൂടിയാണ്. ദേശാഭിമാനി ഇറക്കുന്നത്, അതു നടത്തുന്ന പാര്‍ടിയുടെ കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാനാണ്. ലാഭം നേടാനുള്ള കച്ചവടമായിട്ടല്ല. പാര്‍ടികാര്യങ്ങള്‍ പാര്‍ടി പ്രവര്‍ത്തകര്‍ നടത്തും. ഏജന്റുമാരുടെ പ്രശ്നങ്ങള്‍ പരിശോധിച്ച് ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനു പകരം പാര്‍ടിക്കെതിരെ തിരിഞ്ഞിട്ടെന്തു കാര്യം. മനോരമയ്ക്ക് വേണമെങ്കില്‍ കാശുവാങ്ങാതെ പത്രം വിതരണം ചെയ്യാം- അത്രയ്ക്കുണ്ട് പരസ്യവരുമാനം. മാതൃഭൂമിയും മോശമല്ല. ചെറുകിട പത്രങ്ങളുടെ സ്ഥിതി കഷ്ടമാണ്. സമരം തീര്‍ക്കാന്‍ നോക്കാതെ പൂരപ്പാട്ടും കൊണ്ടിറങ്ങിയാല്‍ പത്രം ആടുതിന്നും.

1 comment:

ശതമന്യു said...

പാര്‍ടി പത്രം എന്നാല്‍ ഒറ്റപ്പത്രമേയുള്ളോ? ഐഎന്‍എസ് എന്ന മുന്തിയ സംഘടനമുതല്‍ ഉമ്മന്‍ചാണ്ടിവരെ അങ്ങനെയാണ് പറയുന്നത്. വീക്ഷണം, ചന്ദ്രിക, ജന്മഭൂമി തുടങ്ങിയവയൊന്നും പാര്‍ടി പത്രവുമല്ല; പത്രവുമല്ല. ദേശാഭിമാനി മാത്രമാണ് പാര്‍ടി പത്രമെന്നും പാര്‍ടി പത്രം മാത്രം മതിയോ നാട്ടില്‍ എന്നും ഒരു ബഗ്ഗ ചോദിക്കുന്നു. പത്രം ഏജന്റുമാര്‍ സമരത്തിലാണ്. കമീഷന്‍ കൂട്ടിക്കിട്ടാനാണ് സമരം. അവര്‍ ആദ്യം പറഞ്ഞത്, ഞങ്ങള്‍ സമരത്തിന്റെ ആദ്യഘട്ടത്തില്‍ പാര്‍ടി പത്രങ്ങളെ ഒഴിവാക്കുന്നു എന്നാണ്. അതോടെ നമ്മുടെ അണ്ണന്മാര്‍ തുടങ്ങിയ പ്രചാരണം സമരം രാഷ്ട്രീയപ്രേരിതം; മാര്‍ക്സിസ്റ്റുകാര്‍ സ്വന്തം പത്രം അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നു എന്നത്രേ. എളുപ്പം ചെലവാകുന്ന ഏര്‍പ്പാടാണത്. ഏതെങ്കിലും ബഗ്ഗയെക്കൊണ്ട് പറയിച്ചാല്‍ ചെലവുകൂടും. സംസ്ഥാനത്ത് ചിലേടത്ത് സമരമില്ല. അവിടെ എല്ലാ പത്രവും പോകുന്നു. ചിലേടത്ത് ദേശാഭിമാനിയടക്കമുള്ള പത്രങ്ങളുടെ വിതരണം നടക്കുന്നില്ല. ചില സ്ഥലത്ത് ദേശാഭിമാനി അന്നന്ന് പാര്‍ടി പ്രവര്‍ത്തകര്‍ വരിക്കാര്‍ക്ക് എത്തിക്കുന്നു.