Sunday, December 11, 2011

ഗണേശോത്സവം

"വന്നുവന്ന് ഇപ്പോള്‍ സോഫ്റ്റ്വെയര്‍വരെ ഇറക്കുമതിചെയ്യുകയാണ്. എന്തൊരു തോന്ന്യാസമാണിത്? വിഐപി, അയിഷ തുടങ്ങിയ നമ്മുടെ നാട്ടിലെ കമ്പനികള്‍ പൂട്ടിപ്പോകില്ലേ? വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന അടിവസ്ത്രങ്ങള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചിട്ടുണ്ടോ?"

സത്യമായും ഒരു വലിയ ബുദ്ധിജീവി പ്രസംഗിച്ച വാക്കുകളാണിത്. ആ മഹാനുഭാവന് കിട്ടിയത് ഭാരത് സൂര്യ ഗോള്‍ഡന്‍ ജൂബിലി കീര്‍ത്തിമുദ്ര എന്നോ മറ്റോ പേരുള്ള അവാര്‍ഡാണ്. കേരളത്തിന്റെ പരിസ്ഥിതിയെ സ്നേഹിച്ചതിനും ഇറക്കുമതികൊണ്ടുള്ള പാരിസ്ഥിതിക പ്രത്യാഘാതത്തെക്കുറിച്ച് ക്രിയാത്മകമായി പ്രതികരിച്ചതിനുമുള്ള പുരസ്കാരം. ഇത്രയേ ഉള്ളൂ കാര്യം. പ്രതികരിക്കുക; അവാര്‍ഡ് വാങ്ങുക, പത്രത്തില്‍ ചിത്രം അച്ചടിപ്പിക്കുക. സോഫ്റ്റ്വെയര്‍ ഇറക്കുമതി എന്നാല്‍ അടിവസ്ത്രത്തിന്റെ കച്ചവടമല്ല എന്ന് ബോധ്യപ്പെടുത്താന്‍ ആരും വരില്ല. പത്രത്തില്‍ അച്ചടിച്ചത് അച്ചടിച്ചു; ടിവിയില്‍ പറഞ്ഞത് പറഞ്ഞു-അത്രതന്നെ.

ഇപ്പോള്‍ സംഗതി മാറി. പുതിയൊരുതരം പരിപാടി നാട്ടുകാര്‍ തുടങ്ങിയിരിക്കുന്നു. മണ്ടത്തരം ആരു പറഞ്ഞാലും അത് പിടിച്ചെടുത്ത് ചിത്രമോ ചലിക്കുന്ന ചിത്രമോ ആക്കി സോഷ്യല്‍ മീഡിയ എന്നൊരു സാധനത്തിലേക്ക് കയറ്റിക്കളയും. എന്താണ് സോഷ്യല്‍ മീഡിയ എന്നും അത് സോഫ്റ്റ്വെയറിനെപ്പോലെ ഇലാസ്റ്റിക്കുള്ളതാണോ എന്നും ചോദ്യം വന്നേക്കും. നമ്മുടെ പത്രങ്ങളെപ്പോലെയൊന്നുമല്ല സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ . പത്രത്തില്‍ ഒരു വാര്‍ത്തയോ ലേഖനമോ കവിതയോ അഭിപ്രായമോ അച്ചടിക്കണമെങ്കില്‍ പത്രാധിപര്‍ കനിയണം. പ്രസിദ്ധീകരണയോഗ്യമായാല്‍ മാത്രംപോരാ, പത്രത്തില്‍ സ്ഥലവും തരപ്പെടണം. അഞ്ഞൂറു വാര്‍ത്ത കിട്ടിയാല്‍ നൂറെണ്ണമേ വെളിച്ചം കാണൂ. സോഷ്യല്‍ മീഡിയക്ക് ആ പ്രശ്നമൊന്നുമില്ല. നിങ്ങള്‍ക്ക് എന്താണോ പറയാനുള്ളത്, അത് നേരെയങ്ങ് പറയാം. ക്യാമറയ്ക്കുമുന്നില്‍നിന്ന് പാട്ടുപാടി അത് മഹത്തരമെന്ന് സ്വയം തോന്നിയാല്‍ നെറ്റ്വര്‍ക്കിലേക്ക് കയറ്റി വിടാം. ചുമ്മാ "സില്‍സിലാാാ; സില്‍സിലാാാാ" എന്ന് പാടിയാല്‍ മതി. അതല്ലെങ്കില്‍ "അംഗന വാടിയിലെ ടീച്ചറേ" എന്നോ "രാത്രി ശുഭരാത്രി ഇനിയെന്നും ശിവരാത്രി" എന്നോ പാടാം. അര്‍ഥമൊന്നും വേണമെന്നില്ല. വേണമെങ്കില്‍ നാട്ടുകാര്‍ അത് തേടിപ്പിടിച്ച് ആസ്വദിച്ചുകൊള്ളും.

ജയലളിതയും പ്രകാശ് കാരാട്ടും എ ബി ബര്‍ദനും വേദിയില്‍ നില്‍ക്കുന്ന പഴയൊരു ചിത്രമെടുത്ത്, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇന്ന് ചെന്നൈയില്‍ നടന്ന മനുഷ്യമതിലിന്റെ ഉദ്ഘാടനം എന്ന അടിക്കുറിപ്പോടെ ഒരു വിരുതന്‍ "ഫേസ്ബുക്കി"ല്‍ ഇട്ടു. സംഗതി ശുദ്ധ തട്ടിപ്പാണെന്നും ഈ ചിത്രത്തിന് മുല്ലപ്പെരിയാറുമായി ഒരു ബന്ധവുമില്ലെന്നും ഉടനെ വന്നു മറുപടി. മനോരമയോ മാതൃഭൂമിയോ ഒരു പച്ചക്കള്ളം എഴുതിയാല്‍ ഇങ്ങനെ പൊളിക്കാനാവില്ല. സോഷ്യല്‍ മീഡിയ ആകുമ്പോള്‍ കള്ളം പിടിക്കാനും നേരു കണ്ടെത്താനും ആയിരം കണ്ണുകളുണ്ടാകും. കുന്ദംകുളത്തെ ഗള്‍ഫുകാരന്റെ കൊട്ടാരത്തിന്റെ ചിത്രമെടുത്ത് ഇതാ പിണറായി വിജയന്റെ വീട് എന്ന് ചിലര്‍ പ്രചരിപ്പിച്ചു. മണിക്കൂറുകള്‍ക്കകം തട്ടിപ്പ് പുറത്തുവന്നു. തട്ടിപ്പുകാര്‍ കേസില്‍ കുടുങ്ങുകയുംചെയ്തു.

പണ്ടൊക്കെ ചായക്കടയിലും ആലിന്‍ചുവട്ടിലും രാഷ്ട്രീയ ചര്‍ച്ച നടന്നിരുന്നു. ഇന്ന് അതില്ല. പകരം ഫേസ്ബുക്കിലും ട്വിറ്ററിലും ഗൂഗിള്‍ ബസ്സിലും പ്ലസ്സിലുമൊക്കെ ചര്‍ച്ച നടക്കുന്നു. ഏതുവിഷയത്തിലും ചര്‍ച്ച നടക്കും; വാദപ്രതിവാദങ്ങള്‍ നടക്കും. ഇന്ത്യയിലാണ് പെട്രോളിന് കുറഞ്ഞ വില എന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ , അതല്ല, ബംഗ്ലാദേശിലും പാകിസ്ഥാനിലും അതിലും കുറവാണെന്ന് അവിടെ നിന്നുതന്നെ തെളിവുതരാന്‍ ആളുകള്‍ തയ്യാര്‍ . വാചകമടിയല്ല, വസ്തുതയും തെളിവും നിരത്തിയുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. അഴിമതിക്കഥകളും ഭരണതലത്തിലെ കന്നംതിരിവുകളും അങ്ങനെതന്നെ പുറത്തുവരും. സോണിയയും രാഹുലും കപില്‍ സിബലുമൊക്കെ കഥാപാത്രങ്ങളാകും. കനിമൊഴിയോട് കനിവില്ലാത്തവര്‍ ചിദംബരത്തെ രക്ഷിക്കുന്നതെന്തിനെന്നും മറ്റുമുള്ള ചോദ്യങ്ങള്‍ ഉയരും. ചുരുക്കത്തില്‍ മടിയില്‍ കനമുള്ളവര്‍ സോഷ്യല്‍ മീഡിയയെ പേടിക്കണം. ചിലചില കുഴപ്പങ്ങളുമുണ്ട്. കുട്ടികളെ വഴിതെറ്റിക്കല്‍ , അവിഹിതബന്ധം വളര്‍ത്തല്‍ , കുടുംബത്തില്‍ സംശയം ജനിപ്പിക്കല്‍ -ഇങ്ങനെ പലതും. അമേരിക്കയില്‍ ഭൂരിപക്ഷം വിവാഹ മോചനങ്ങള്‍ക്കും കാരണം ഫേസ്ബുക്കാണുപോലും.

മുല്ലപ്പെരിയാര്‍വിഷയത്തില്‍ സോഷ്യല്‍ മീഡിയ വഴി വന്‍ പ്രചാരണം നടക്കുന്നു. അണ്ണ ഹസാരെ തനി ഗാന്ധിയനെന്നും അതല്ല, അടി ഒന്നേ കിട്ടിയുള്ളോ എന്ന് ചോദിച്ച മുട്ടാളനെന്നുംചര്‍ച്ച കൊണ്ടുപിടിച്ചു നടക്കുന്നു. അറബ് നാട്ടില്‍ മുല്ലപ്പൂ വിരിയിച്ചത് സോഷ്യല്‍ മീഡിയകൂടി ചേര്‍ന്നാണ്. അമേരിക്കയുടെ ആസ്ഥാനത്തു കയറി ചെങ്കൊടി നാട്ടിയ സമരത്തിന്റെ കഥകള്‍ നാടെങ്ങും എത്തിച്ചത് നമ്മുടെ മനോരമയല്ല-സോഷ്യല്‍ മീഡിയയാണ്. നാടു വിട്ടവനെയും കണ്ടുമറന്നവനെയും തിരിച്ചുകൊണ്ടുവരാന്‍ ചാനലില്‍ അഭ്യാസം നടത്തേണ്ടതില്ല-ഫേസ്ബുക്കില്‍ ഒന്നു മനസ്സിരുത്തി തിരഞ്ഞാല്‍ മതി. വിദ്യാര്‍ഥികാല സ്മരണകള്‍ അയവിറക്കാനും നഷ്ടപ്രണയത്തിന്റെ ഓര്‍മമധുരം നുണയാനും ഫേസ്ബുക്കുണ്ട്; ഓര്‍ക്കുട്ടുണ്ട്; അങ്ങനെ പലതുമുണ്ട്. പൊറോട്ട ഏറ്റവും മോശം ആഹാരമാണെന്ന് ചിലര്‍ പറയുമ്പോള്‍ അത്രയ്ക്കൊന്നും മോശമല്ല എന്ന് തെളിവുകള്‍ നിരത്തി സമര്‍ഥിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ വിദഗ്ധര്‍ വരുന്നു.

സോഷ്യല്‍ മീഡിയ എന്ന ഈ പരിപാടി അപ്പാടെ നിയന്ത്രിച്ചുകളയും എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. അടിയന്തരാവസ്ഥയില്‍ ഇന്ത്യയെന്നാല്‍ ഇന്ദിരമാത്രം എന്നാണ് കോണ്‍ഗ്രസ്, പത്രങ്ങളെക്കൊണ്ട് പറയിച്ചത്. ഇപ്പോള്‍ സോണിയ മാഡത്തെ വിമര്‍ശിച്ചാല്‍ സോഷ്യല്‍ മീഡിയയുടെ മൂക്ക് ചെത്തിക്കളയുമെന്ന് പറയുന്നു. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അവസരം നല്‍കില്ല എന്ന്. വേണ്ടാതീനംചെയ്താല്‍ കേസെടുക്കാനും ശിക്ഷിക്കാനും നിയമമുണ്ട്. അത് വല്ലാതെ കടുത്തതാണ് എന്നാക്ഷേപവുമുണ്ട്. അതും പോരാ മൂക്ക് ചെത്തിയേ മതിയാവൂ എന്നാണ് കപില്‍ സിബലിന്റെ ശാഠ്യം. സോഫ്റ്റ്വെയറും അണ്ടര്‍വെയറും തമ്മില്‍ എന്തുബന്ധം എന്ന് പഠിക്കാത്തവരില്‍ കേന്ദ്രസര്‍ക്കാരും ഉണ്ടെന്ന് തോന്നുന്നു.

*

തലസ്ഥാനത്തെ സിനിമാകൊട്ടകകളില്‍ ഗണപതിഹോമം നടത്താത്തതുകൊണ്ടാകണം, ഗണേശന്റെ പരാക്രമങ്ങള്‍ അടങ്ങുന്നില്ല. ഗണേശന്‍ വിഘ്നേശ്വരനാണ്. വേണ്ടപോലെ ചെന്ന് കണ്ട് വണങ്ങിയാല്‍ സകലമാന വിഘ്നങ്ങളും അകറ്റും; പ്രസാദം വാരിക്കോരി നല്‍കും. അതല്ലെങ്കില്‍ പെട്ടെന്ന് കോപിച്ചുകളയും. കോപം വന്നാല്‍ നാവ് തുമ്പിക്കൈപോലെ നീണ്ട് വരികയും അത് അശ്ലീലഭാഷയില്‍ ചുഴറ്റുകയുംചെയ്യും. സ്വഭാവം ആദിമധ്യാന്തം ഇങ്ങനെയായതുകൊണ്ട് ചുറ്റുമുള്ളവര്‍ അറിഞ്ഞ് പെരുമാറുകയേ തരമുള്ളൂ.

ആദിയിലെ ഗണേശനെ പാര്‍വതി കളിമണ്ണുകൊണ്ടാണുണ്ടാക്കിയതത്രെ. കാലാന്തരത്തില്‍ പുറത്ത് കളിമണ്ണൊന്നും കാണാനില്ല. അഭിനവ ഗണേശന് നാലു കൈയില്ല; ആനത്തലയില്ല. എലിക്ക് പകരം വാഹനങ്ങള്‍ സ്റ്റേറ്റ് ബോര്‍ഡ് വച്ച് അഞ്ചെണ്ണമുണ്ട്. എലിക്കാണെങ്കില്‍ വല്ല കപ്പയോ പഴമോ കൊടുത്താല്‍ മതി. സ്റ്റേറ്റ്കാറുകള്‍ക്ക് പെട്രോളും ഡീസലുമാണ് ഡയറ്റ്. എല്ലാംകൊണ്ടും ഗണേശരൂപം കാലത്തിനൊത്ത് മാറിയിരിക്കയാല്‍ , ഗണപതിഹോമവും പരിഷ്കരിച്ച് നടത്തേണ്ടതുതന്നെ. അത് അന്വേഷിച്ചുപിടിച്ച് വേണ്ടപോലെ നടത്തുന്നവര്‍ എട്ടുവീട്ടില്‍ പിള്ളമാര്‍കണക്കെ ഭരണം കൈയാളുന്നുണ്ട്. സിനിമാക്കാരുടെ ഉത്സവം തുടങ്ങിയപ്പോഴാണ് കുട്ടിപ്പിള്ളമാരുടെ കൂട്ട അരങ്ങേറ്റം ഉണ്ടായത്. കുറെ താടിക്കാരും സഞ്ചിക്കാരുമൊക്കെയായിരുന്നു സിനിമാക്കളിയുടെ ഉത്സവ നടത്തിപ്പുകാര്‍ . അവര്‍ക്ക് താടി വളര്‍ത്താന്‍ മാത്രമല്ല, ചലച്ചിത്രോത്സവം നടത്താനും അറിയാമെന്ന് അഞ്ചുകൊല്ലം തെളിയിച്ചു. നല്ല സിനിമ വന്നു, കാണാന്‍ വരുന്നവര്‍ക്ക് സൗകര്യങ്ങള്‍ വന്നു, നടത്തിപ്പിന് അന്തസ്സുവന്നു. ശബരിമലയ്ക്ക് പോകുമ്പോലെ വ്രതമെടുത്ത് സിനിമ കാണാന്‍ എത്തുന്നവരുടെ എണ്ണം കൂടിക്കൂടിവന്നു. വിഘ്നേശ്വരനാമധാരിയായ മന്ത്രി കര്‍മംകൊണ്ട് സിനിമാക്കാരനായതുകൊണ്ടും മന്ത്രിക്കു ചുറ്റുമുള്ള എട്ടരക്കൂട്ടത്തിന്റെ ഉപജീവനംതന്നെ സിനിമാക്കളിയായതുകൊണ്ടും ചൊവ്വേ നേരെ സംഗതി നടക്കുമെന്ന് അവര്‍ അബദ്ധത്തില്‍ കരുതിപ്പോവുകയുംചെയ്തു.

ഉത്സവപ്പറമ്പിലേക്ക് കയറുമ്പോള്‍ത്തന്നെ വിഘ്നമാണ്-വിഘ്നേശ്വര മന്ത്രിയുടെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡിന്റെ രൂപത്തില്‍ . ആ ഫ്ളക്സ് ബോര്‍ഡിനുമുന്നില്‍ നിന്ന് കഴിഞ്ഞ ദിവസം കേട്ടത് "പാരകയറ്റാനറിയാമല്ലോ, പാസ് കൊടുക്കാന്‍ അറിയേണ്ടേ" എന്ന മുദ്രാവാക്യമാണ്. പണമടച്ച് രജിസ്റ്റര്‍ചെയ്ത് വന്നവര്‍ക്ക് പാസില്ല; പാസ് കിട്ടിയവര്‍ക്ക് അത് തൂക്കിയിടാന്‍ ചരടില്ല; ചരടുകിട്ടിയവര്‍ക്ക് പുസ്തകമില്ല; പുസ്തകം കിട്ടിയവര്‍ അതുനോക്കി സിനിമയ്ക്ക് പോയാല്‍ രക്ഷയുമില്ല. കൊറിയന്‍ സിനിമ കാണാന്‍ ചെന്നാല്‍ "ഭാര്‍ഗവീനിലയം" കണ്ട് തൃപ്തിപ്പെടേണ്ടിവരും. കുഴപ്പമില്ലാത്തത് ഒറ്റക്കാര്യത്തിനുമാത്രമാണ്-മന്ത്രിയുടെ എട്ടരക്കൂട്ടം എന്നും അണിഞ്ഞൊരുങ്ങി എത്തുന്നുണ്ട്. കാര്യങ്ങളാകെ നിയന്ത്രിക്കുന്നുമുണ്ട്. വന്നുവന്ന്, ഏതു സിനിമ കാണിക്കണമെന്ന് തെരഞ്ഞെടുക്കുന്നതുവരെ മന്ത്രിയാണ്. കാണാന്‍ മെച്ചപ്പെട്ട "ആദിമധ്യാന്ത"ത്തിന് വിലക്ക് വീണത് തിരുവുള്ളക്കേടുകൊണ്ടുതന്നെ. അടുത്ത വര്‍ഷംമുതല്‍ സിനിമാ പ്രിന്റുംകൊണ്ട് മന്ത്രിമന്ദിരത്തിലേക്ക് പോയാല്‍ മതിയാകും. അവിടെ ഹോമം നടത്തി ഭഗവാനെ പ്രസാദിപ്പിച്ചാല്‍ "കൃഷ്ണനും രാധയും" നേരെ ലോകസിനിമാ വിഭാഗത്തിലേക്ക് വച്ചുപിടിക്കും. ആക്ഷനും കട്ടും പറഞ്ഞ് ഇന്നലെവരെ പേടിപ്പിച്ചവര്‍ മുന്നില്‍വന്ന് ഓച്ഛാനിച്ച് നില്‍ക്കുമ്പോള്‍ നടികര്‍ തിലകം വിഘ്നേശ്വരന് ഒരു സുഖം. അതുകൊണ്ട് അര്‍ധരാത്രിയും തമ്പാനൂരില്‍ മഴ പെയ്യുന്നു എന്ന് തോന്നും. അപ്പോള്‍പ്പിന്നെ കുട പിടിക്കാതെ തരമില്ലല്ലോ.

2 comments:

ശതമന്യു said...

"വന്നുവന്ന് ഇപ്പോള്‍ സോഫ്റ്റ്വെയര്‍വരെ ഇറക്കുമതിചെയ്യുകയാണ്. എന്തൊരു തോന്ന്യാസമാണിത്? വിഐപി, അയിഷ തുടങ്ങിയ നമ്മുടെ നാട്ടിലെ കമ്പനികള്‍ പൂട്ടിപ്പോകില്ലേ? വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന അടിവസ്ത്രങ്ങള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചിട്ടുണ്ടോ?"

സത്യമായും ഒരു വലിയ ബുദ്ധിജീവി പ്രസംഗിച്ച വാക്കുകളാണിത്. ആ മഹാനുഭാവന് കിട്ടിയത് ഭാരത് സൂര്യ ഗോള്‍ഡന്‍ ജൂബിലി കീര്‍ത്തിമുദ്ര എന്നോ മറ്റോ പേരുള്ള അവാര്‍ഡാണ്. കേരളത്തിന്റെ പരിസ്ഥിതിയെ സ്നേഹിച്ചതിനും ഇറക്കുമതികൊണ്ടുള്ള പാരിസ്ഥിതിക പ്രത്യാഘാതത്തെക്കുറിച്ച് ക്രിയാത്മകമായി പ്രതികരിച്ചതിനുമുള്ള പുരസ്കാരം. ഇത്രയേ ഉള്ളൂ കാര്യം. പ്രതികരിക്കുക; അവാര്‍ഡ് വാങ്ങുക, പത്രത്തില്‍ ചിത്രം അച്ചടിപ്പിക്കുക. സോഫ്റ്റ്വെയര്‍ ഇറക്കുമതി എന്നാല്‍ അടിവസ്ത്രത്തിന്റെ കച്ചവടമല്ല എന്ന് ബോധ്യപ്പെടുത്താന്‍ ആരും വരില്ല. പത്രത്തില്‍ അച്ചടിച്ചത് അച്ചടിച്ചു; ടിവിയില്‍ പറഞ്ഞത് പറഞ്ഞു-അത്രതന്നെ.

ദിനേശന്‍ വരിക്കോളി said...

മനോജേട്ടാ നന്നായി ആസ്വദിച്ചു വായിച്ചു.
ശരിയാണ് ... ഒരു സ്റ്റേജ് കിട്ടിയാല്‍ ഒരുമൈക്ക് കയ്യില്‍ വന്നാല്‍
വായില്‍ തോന്നുന്നതെന്തും വിളമ്പുന്ന ബുദ്ധിജീവികൂട്ടം ഇവിടെ ഡെല്‍ഹി
യിലും കണ്ടുമടുത്തു.... ശരിക്കും വെറുപ്പുതോന്നിച്ചത് ഇപ്പോഴത്തെ
സില്‍ സിലാ... രാത്രി ശിവരാത്രിക്കാരന്‍റെ കോപ്രായങ്ങള്‍ കണ്ടാണ്.
ചിലപ്പോഴൊക്കെ തോന്നും നമുക്കിതെന്തുപറ്റി എന്ന്?? സത്യം പറഞ്ഞാല്‍
എന്‍റെ ഗ്രാമത്തിലെ ഏറ്റവും വലിയ ബുദ്ധിജീവി ഇന്ന് കുതിരവട്ടത്താണ് .
സത്യമായും നമ്മെപൂട്ടിയിടേണ്ടകാലം അധിക്രമിച്ചിരിക്കുന്നു.
സസ്നേഹം
ദിനേശന്‍ വരിക്കോളി.