Sunday, December 26, 2010

അവാര്‍ഡ് കൃഷി

യൂത്ത് കോണ്‍ഗ്രസില്‍ 'മാതൃകാപരമായ' തെരഞ്ഞെടുപ്പ് നടന്നെന്നാണ് മനോരമ തീര്‍പ്പുകല്‍പ്പിച്ചത്. ഇന്നലെവരെ തമ്മില്‍തല്ലി, പൊലീസ് ബന്തവസില്‍ തെരഞ്ഞെടുപ്പു നടന്നു; ജയിച്ച ആള്‍ പ്രസിഡന്റായി; തോറ്റ ആള്‍ വൈസ്പ്രസിഡന്റായി; ഇനി ഭായി ഭായി. നല്ല തങ്കപ്പെട്ട ജനാധിപത്യം തന്നെ. മനോരമയ്ക്ക് സന്തോഷിക്കാന്‍ വകയുണ്ട്. ഉമ്മന്‍ചാണ്ടി പക്ഷത്തിന് നാലുവോട്ട് കൂടുതല്‍ കിട്ടിയാല്‍ കണ്ടത്തില്‍ കുടുംബത്തിലാണ് മാവ് പൂക്കുക. ചെന്നിത്തലയെ വിശാലമായ 'ഐ' രക്ഷിക്കുമെന്ന് തോന്നുന്നില്ല. കാരണം മറുപക്ഷത്തിന് 113 വോട്ട് കൂടുതലാണത്രേ. അല്ലെങ്കിലും ചെന്നിത്തലയ്ക്ക് ഇതിലപ്പുറമുള്ളതൊന്നും കിട്ടാനില്ല.

ജനാധിപത്യം കൂടിപ്പോയതുകൊണ്ട് പത്തംഗങ്ങള്‍ വേണ്ട സംസ്ഥാന സമിതിയില്‍ ആറുപേരേ എത്തിയുള്ളൂ. പണ്ട് 30 പേരുണ്ടായിരുന്നു. ആളുകൂടിയാല്‍ പാമ്പ് ചാവില്ലെന്നുണ്ട്. അതുകൊണ്ട് ഇനി ആറേആറുപേര്‍ കൂടിയിരുന്ന് പാമ്പാകാം. മത്സരാര്‍ഥികള്‍ക്ക് മിനിമംവോട്ട് കിട്ടാഞ്ഞതുകൊണ്ടാണത്രേ നാലു സീറ്റ് ഒഴിച്ചിട്ടത്. അതൊരു സൌകര്യമാണ്. മുണ്ടുരിഞ്ഞവരുള്‍പ്പെടെയുള്ള മഹാരഥന്മാര്‍ സെക്രട്ടറി പദത്തിലെത്തിയിട്ടുണ്ട്. നേരിടണമെങ്കില്‍ വല്ല ജാക്കി ചാനെയോ ഗബ്ബര്‍സിങ്ങിനെയോ വരുത്തേണ്ടിവരും.

ആന്റണിയുടെ സഹായമില്ലെങ്കിലും നിലനില്‍ക്കാമെന്ന് ഉമ്മന്‍ചാണ്ടി തെളിയിച്ചു കഴിഞ്ഞു. കോട്ടയത്തുനിന്നും മലപ്പുറത്തുനിന്നും വരുന്ന പിന്തുണ പുതുപ്പള്ളി വീട്ടിലാണ് സുക്ഷിച്ചുവയ്ക്കുന്നത്. പോഷക സംഘടനകളെല്ലാം ഉമ്മന്‍ചാണ്ടിയെ പോഷിപ്പിക്കുമ്പോള്‍ ചെന്നിത്തലയ്ക്ക് ഒറ്റക്കാര്യമേ ചെയ്യാനുള്ളൂ. എത്രയും വേഗം മുരളീധരനെ പാര്‍ടിയിലെടുക്കുക. ബാക്കി കാര്യം അദ്ദേഹം നോക്കിക്കൊള്ളും.

*
കണ്ണൂരിലെ കണ്ടല്‍പാര്‍ക്കിനോടും ഇടക്കൊച്ചിയിലെ പുത്തന്‍ സ്റ്റേഡിയത്തിനോടും കേന്ദ്രത്തിലെ പരിസ്ഥിതി ജയരാമനു സമീപനം ഒന്നുതന്നെ. രണ്ടും വേണ്ട എന്ന്. ഇടക്കൊച്ചി പാമ്പായിമൂലയില്‍ ക്രിക്കറ്റുകളിക്ക് മൈതാനമുണ്ടാക്കിയാല്‍ കണ്ടല്‍ നശിച്ചുപോകും. അതുകൊണ്ട് സ്റ്റേഡിയവും കളിയും വേണ്ട കണ്ടല്‍ കണ്ടാല്‍മതി എന്ന്. സംഗതി നല്ലതുതന്നെ. പ്രകൃതിയോടുള്ള അദമ്യമായ പ്രണയം. ഇങ്ങനെ പ്രണയപരവശരായ കുറെയധികം ആളുകളെ കണ്ണൂരില്‍ കണ്ടിരുന്നു. അവിടെ കണ്ടല്‍ സംരക്ഷണപാര്‍ക്ക് തുടങ്ങിയപ്പോള്‍ ഏതോ ഒരു അപ്പൂപ്പന്‍ കണ്ടലിന്റെ എല്ലുപൊട്ടിയെന്നോ കുട്ടിക്കണ്ടലിന്റെ നഖംവെട്ടിയെന്നോ ഒക്കെ വിലപിച്ചായിരുന്നു കവിതാലാപനവും മുദ്രാവാക്യ വിരേചനവും.

കണ്ടല്‍ക്കൂട്ടത്തിലേക്ക് മാലിന്യച്ചാക്കുകള്‍ വലിച്ചെറിയുന്നവരുടെ ശല്യവും ദുര്‍ഗന്ധവും ഒഴിവായതിന്റെ ആശ്വാസത്തിലായിരുന്നു പാപ്പിനിശേരിക്കാര്‍. അത് കെടുത്തി പിന്നെയും മാലിന്യച്ചാക്കുകള്‍ വന്നു. പരിസ്ഥിതി പ്രണയപരവശര്‍ പാപ്പിനിശേരിക്ക് കൂട്ടത്തോടെ വണ്ടികയറി. 'കണ്ടോ കണ്ടോ കണ്ടല്‍ കണ്ടോ' എന്നും 'കണ്ടലേ കണ്ണേ, കനിവുള്ള കണ്ടലേ' എന്നും കവിത-മുദ്രാവാക്യങ്ങള്‍ വിരചിക്കപ്പെട്ടു. നിലമ്പൂരിലെ കാടിന്റെ ഒരുഭാഗം വെട്ടിക്കൊണ്ടുവന്ന് ഉരുപ്പടിയാക്കി വീട് കാടാക്കിയ പരിസ്ഥിതികോകിലത്തിനും കണ്ടലെന്നു കേട്ടപ്പോള്‍ സഹിച്ചില്ല.

കണ്ണൂരിലെ കണ്ടലിനെ ചക്കിലിട്ടാട്ടണമെന്നു കരഞ്ഞ പരിസ്ഥിതിക്കുട്ടന്മാരെ കൊച്ചിയില്‍ മഷിയിട്ടുനോക്കിയാലും കാണാനില്ല. അന്വേഷിച്ചു നടന്നവര്‍ക്ക് ആശ്വാസമായി ഒരു വാര്‍ത്ത വന്നത് ഹൈദരാബാദില്‍നിന്നാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പുതിയ പരീക്ഷണങ്ങള്‍ അവിടെയാണ് നടക്കുന്നത്. സുപ്രസിദ്ധ വിപ്ളവകാരിയും പരിസ്ഥിതി പണ്ഡിതനും സര്‍വോപരി ഇടതുപക്ഷത്തിന്റെ മൊത്തക്കച്ചവടക്കാരനുമായ നീലകണ്ഠശാസ്ത്രികള്‍ കാവിയുടുത്ത് പൊട്ടുതൊട്ട് വീണവാദനം നടത്തിയാണ് ആന്ധ്രാവിലെ ആര്‍എസ്എസ് കുഞ്ഞുങ്ങള്‍ക്ക് വിപ്ളവം ഉണ്ടാക്കിക്കൊടുക്കുന്നത്.

തേങ്ങയ്ക്ക് ഒന്നിനു പതിനെട്ട് രൂപയായി. ഉള്ളി വാങ്ങണമെങ്കില്‍ പുരയിടം പണയപ്പെടുത്തണം. പെട്രോളൊഴിച്ച് വണ്ടിയോടിക്കുന്നതിന് ആവതില്ലാതായി. നമുക്കിനി കാടുകയറാം. ഗുഹാവാസവും കിഴങ്ങ്-പച്ചിലത്തീറ്റയും ആവാം. അങ്ങനെ പച്ചില തിന്നാന്‍ തുടങ്ങുമ്പോള്‍ ഇനി ടിയാന്‍ കേരളത്തില്‍ വണ്ടിയിറങ്ങും. പച്ചില നശീകരണത്തിനെതിരെ സമരം നയിക്കാന്‍. കാടേ വീടേ എന്ന കോറസിനും ആളുണ്ടാകും.

*
ജീവിച്ചിരിക്കുമ്പോള്‍ ലീഡര്‍ പലതവണ ശ്രമിച്ചിട്ടും മാഡത്തിനെ കാണാനായില്ല. മരിച്ചുകിടക്കുന്ന ലീഡറെ കാണാന്‍ പക്ഷേ മാഡം പറന്നെത്തി. ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും ഇപ്പോള്‍ ലീഡര്‍ മഹാരഥന്‍; ഭീഷ്മാചാര്യര്‍; അനുകരണീയന്‍. ഇന്നലെവരെ ശല്യക്കാരനായ കിഴവന്‍-മുതിര്‍ന്ന നേതാവ്.

സ്വഭാവത്തിലെ മാറ്റങ്ങള്‍ വളരെപ്പെട്ടെന്നാണ്. സ്വന്തം നേതാവിനെ പാതാളത്തോളം ചവിട്ടിത്താഴ്ത്തുന്നതു കണ്ടുനിന്ന അനുയായികള്‍ കരുണാകരനുണ്ട്. അവരെയാകെ മൊത്തക്കച്ചവടം ചെയ്യാന്‍ ലീഡറെ ആദരിക്കുന്നു; കണ്ണീരൊഴുക്കുന്നു. ചെന്നിത്തല ഇപ്പോള്‍ പറയുന്നത്, തനിക്കുള്ളതെല്ലാം ലീഡര്‍ തന്നതാണെന്ന്. കെ.എസ്.യു നേതാവാക്കിയത്, എംഎല്‍എയാക്കിയത്, കാറു 'സംഘടിപ്പിച്ചു' കൊടുത്തത്, മന്ത്രിയാക്കിയത്-എല്ലാം ലീഡര്‍. അങ്ങനെയുള്ള ലീഡറെ എന്തിന് തെരുവിലിട്ട് കശക്കിയെന്നതിനും അവസാന കാലത്തുപോലും കാരുണ്യമില്ലാതെ അവഗണിച്ചു എന്നതിനും മറുപടി വേണ്ടേ?

ലീഡറില്ലാത്ത അണികളെ തെളിച്ച് കൂടാരത്തില്‍ കയറ്റാനുള്ള മത്സരമാണിനി നടക്കുക. അക്കൂട്ടത്തില്‍ മുരളീധരന് ആനുകൂല്യം കിട്ടിയേക്കും. കോണ്‍ഗ്രസ് അങ്ങനെയൊക്കെത്തന്നെ. അപ്പോള്‍ കാണുന്നവരെയാണല്ലോ ആദരിക്കേണ്ടത്.

*
പാടത്തും വയലിലും പണിയെടുക്കുകയും അതുകൊണ്ട് ഉപജീവനം നിര്‍വഹിക്കുകയും ചെയ്യുന്ന ആളാണ് കര്‍ഷകന്‍. സസ്യങ്ങള്‍ വളര്‍ത്തിയും വളര്‍ത്തുമൃഗങ്ങളെ പരിപാലിച്ചും ഭക്ഷ്യ-ഭക്ഷ്യേതരവിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയയാണ് കൃഷി. എന്നാല്‍, ഈ നിര്‍വചനത്തില്‍ കര്‍ഷകനും കൃഷിയും ഒതുങ്ങിനില്‍ക്കണമെന്നില്ല. മറ്റു പല കൃഷിയിലും മോശമാണെങ്കിലും കേരളത്തില്‍ വിജയകരമായി പരീക്ഷിച്ച ഒരു വിളവും അതിന്റെ ഗുണം അനുഭവിക്കുന്ന മാതൃകാ കര്‍ഷകനും ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നുണ്ട്. അവാര്‍ഡ് എന്നാണ് കാര്‍ഷികവിളയുടെ പേര്. ഇവിടെ കര്‍ഷകന്‍ സ്വയം അധ്വാനിക്കണമെന്നില്ല. കൂലിക്ക് ആളെ വയ്ക്കും. കാളപൂട്ടുന്നതും വിത്തിടുന്നതും ഞാറുനടുന്നതും വളമിടുന്നതും കൊയ്യുന്നതുമെല്ലാം കൂലിക്കാരാകും. കറ്റ മെതിച്ച് നെല്ലു കുത്തി പരുവത്തിലായാല്‍ ചാക്കിനു പുറത്ത് മാതൃകാ കര്‍ഷകന്‍ വക എന്ന് ട്രേഡ് മാര്‍ക്ക് പതിക്കും.

കൃഷിയിറക്കാന്‍ സര്‍ക്കാര്‍ വകയോ പണ്ടാരം വകയോ പണ്ട് തട്ടിയെടുത്തതോ ആയ ഭൂമി ധാരാളമുണ്ട്. പണിയെടുക്കാത്ത കാലത്തും കൂലി വാങ്ങുന്ന 'അധ്വാനി ഗോസ്റുകള്‍' ഉണ്ട്. സ്വന്തമായി ഉണ്ടാക്കിയെടുത്ത രണ്ടവാര്‍ഡുകള്‍ മാര്‍ക്കറ്റിലുണ്ട്- ഒന്ന് പത്രത്തിന്റെ പേരിലും മറ്റൊന്ന് പിതാവിന്റെ പേരിലും. പരിശുദ്ധാത്മാവിന്റെ പേരില്‍ ഒരെണ്ണം സൃഷ്ടിക്കാനുള്ള പണി അരങ്ങത്തു നടക്കുന്നു. സ്വന്തം പ്രൊഡക്ട് കെട്ടിപ്പെട്ടിയിലാക്കി ആണ്ടോടാണ്ട് ചിലരെയങ്ങ് ഏല്‍പ്പിക്കും. അങ്ങനെ വാങ്ങിപ്പോയവര്‍ അടുത്തകൊല്ലം മുതല്‍ നാടായ നാടുമുഴുവന്‍ നടന്ന് 'അവാര്‍ഡുണ്ടോ...അവാര്‍ഡുണ്ടോ' എന്ന് വിളിച്ചുചോദിക്കുന്നു. ആദായവിലയ്ക്ക് തൂക്കിവാങ്ങുന്ന അവാര്‍ഡുകള്‍ ചാക്കില്‍ കെട്ടി കോഴിക്കോട്ടെത്തിക്കുന്നു. ഇതിനെ 'കൊഞ്ചനെ കൊടുത്ത് കുളവനെ പിടിക്കുന്ന പണി' എന്നും വയനാട്ടുകാര്‍ പറയും. അപ്രതീക്ഷിതമായി വരുന്നതാണ് അവാര്‍ഡുകള്‍ എന്നേ പുറത്തുപറയാവൂ. കഷ്ടപ്പെട്ട് ഡല്‍ഹിയില്‍ പോയി കാലുപിടിച്ചും ഏജന്റിനെ വച്ചും അഭ്യുദയാകാംക്ഷികള്‍ക്ക് പ്രസാധനവരം നല്‍കി പ്രീണിപ്പിച്ചും തരപ്പെടുന്നതാണ് കേന്ദ്ര അവാര്‍ഡ് എന്നു പറഞ്ഞാല്‍ കേന്ദ്രത്തിനാണ് മോശം. ഇതൊക്കെ വിധിയുടെ കളിയാണ്. വിധിയുടെ വേട്ടമൃഗങ്ങള്‍ പൊറുക്കട്ടെ.

പണ്ട് പ്ളാച്ചിമടയിലെ ജല ചൂഷണത്തിന്റെ ആദ്യവാര്‍ത്ത വന്നപ്പോള്‍ അതെഴുതിയ പയ്യന്റെയും അച്ചടിപ്പിച്ച പത്രാധിപരുടെയും കൊങ്ങയ്ക്ക് പിടിച്ചതാണ്. പിന്നല്ലേ അറിഞ്ഞത്, പ്ളാച്ചിമടയില്‍ ഒരു മഗ്സാസെ അവാര്‍ഡ് ഒളിഞ്ഞുകിടപ്പുണ്ടെന്ന്. അത് കുഴിച്ചെടുക്കാന്‍ ഇനിയും ബാല്യമുണ്ട്. അതാണ് രാമന്റെ ഇപ്പോഴത്തെ ദുഃഖം. പ്രതിഭയുടെ വേരുകള്‍ തേടിയും രോഷത്തിന്റെ വിത്തുപാകിയും ഇനിയുമുണ്ട് ഹൈമവത ഭൂവിലൂടെയുള്ള യാത്ര. അതിനിടയില്‍ ജോസഫ് ഗീബല്‍സ്, മക്കാര്‍ത്തി, കാസനോവ, റാസ് പുട്ടിന്‍ തുടങ്ങിയ നാമധേയങ്ങളിലുള്ള പുരസ്കാരങ്ങള്‍ കിട്ടാനുമുണ്ട്. തിരിഞ്ഞുനോക്കുമ്പോള്‍ ബുദ്ധന്റെ ചിരിതന്നെ കാണട്ടെ എന്നാശംസിക്കുന്നു. ജയ് ഭഗവാന്‍...

അവാര്‍ഡ് കൃഷി വിജയകരമായി നടത്തിയതിനുള്ള കര്‍ഷകശ്രീ അവാര്‍ഡുകൂടി ആരെങ്കിലും ഇക്കൊല്ലം കൊടുക്കണമെന്നപേക്ഷിക്കുന്നു.

3 comments:

ശതമന്യു said...

ജീവിച്ചിരിക്കുമ്പോള്‍ ലീഡര്‍ പലതവണ ശ്രമിച്ചിട്ടും മാഡത്തിനെ കാണാനായില്ല. മരിച്ചുകിടക്കുന്ന ലീഡറെ കാണാന്‍ പക്ഷേ മാഡം പറന്നെത്തി. ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും ഇപ്പോള്‍ ലീഡര്‍ മഹാരഥന്‍; ഭീഷ്മാചാര്യര്‍; അനുകരണീയന്‍. ഇന്നലെവരെ ശല്യക്കാരനായ കിഴവന്‍-മുതിര്‍ന്ന നേതാവ്.

സ്വഭാവത്തിലെ മാറ്റങ്ങള്‍ വളരെപ്പെട്ടെന്നാണ്. സ്വന്തം നേതാവിനെ പാതാളത്തോളം ചവിട്ടിത്താഴ്ത്തുന്നതു കണ്ടുനിന്ന അനുയായികള്‍ കരുണാകരനുണ്ട്. അവരെയാകെ മൊത്തക്കച്ചവടം ചെയ്യാന്‍ ലീഡറെ ആദരിക്കുന്നു; കണ്ണീരൊഴുക്കുന്നു. ചെന്നിത്തല ഇപ്പോള്‍ പറയുന്നത്, തനിക്കുള്ളതെല്ലാം ലീഡര്‍ തന്നതാണെന്ന്. കെ.എസ്.യു നേതാവാക്കിയത്, എംഎല്‍എയാക്കിയത്, കാറു 'സംഘടിപ്പിച്ചു' കൊടുത്തത്, മന്ത്രിയാക്കിയത്-എല്ലാം ലീഡര്‍. അങ്ങനെയുള്ള ലീഡറെ എന്തിന് തെരുവിലിട്ട് കശക്കിയെന്നതിനും അവസാന കാലത്തുപോലും കാരുണ്യമില്ലാതെ അവഗണിച്ചു എന്നതിനും മറുപടി വേണ്ടേ?

പാഞ്ഞിരപാടം............ said...

കുറച്ചുകൂടെ മാന്യത ആവാം സഖാവേ കരുണാകരന്‍ എന്ന രാഷ്ട്രീയ നേതാവിനോട്, വാക്കുകളില്‍ .......
സഖാക്കളുടെ ജന്മപരമായ രാഷ്ട്രീയ ധാര്‍ഷ്ട്യം ഇവിടെയും എഴുതിനിറച്ചുവെച്ചിരിക്കുന്നു. നിങ്ങളെല്ലാം കൂടി സീ പി എം എന്ന പാര്‍ട്ടിയെ ഒരു പരുവത്തിലാക്കി, ഇനിയും മതിയായില്ലെ?

സംസ്താന വികസനത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച കരുണാകരന്റെ വിയൊഗം കേരളത്തിനു തീരാനഷ്ടം - അച്ചുതാനന്തന്‍.

കോഗ്രസ്സ് രാഷ്ട്രീയത്തിലെ അതികായന്‍ - പിണറായി.


മേല്‍ പ്രസ്താവനകള്‍ ഇറക്കിയവരൊടും ചോദിക്കാമായിരുന്നു ശത്മന്യുവിന്റെ ചോദ്യം "അങ്ങനെയുള്ള ലീഡറെ എന്തിന് തെരുവിലിട്ട് കശക്കിയെന്നതിനും അവസാന കാലത്തുപോലും കാരുണ്യമില്ലാതെ അവഗണിച്ചു എന്നതിനും മറുപടി വേണ്ടേ?" എന്ന്.

dileep kumar said...

കമ്മ്യൂണിസ്റ്റ്‌കാരന്‍ എന്തിനെ പറ്റിയെങ്കിലും പ്രതികരിച്ചാല്‍ ഉടനെ വരും കമന്റ്‌., ഇതാ ധാര്‍ഷ്ട്യം... അഹന്ത... എന്നൊക്കെ...

ആയതിനാല്‍ ഇനി ഏതെങ്കിലും സഖാവിന്നു വാ തുറക്കണമെങ്കില്‍., സത്യവും ദയയും വിനയവും അനുകമ്പയും സവുമിയതയും ലാളിത്യവും സഹിഷ്ണുതയും സര്‍വോപരി ബഹുമാനവും വാക്കിലും നോക്കിലും നിറഞ്ഞു തുളമുന്ന അഹിംസ വാദികളായ മൂത്തതും യൂത്തതും ആയ കോണ്ഗ്രസ്സുകരോടോ ''മ''കാര പ്ത്രക്കരോടെ ചാനല്‍ പയിതങ്ങലോടോ,ചോദിച്ചു വ്യാകരണ സുദ്ദി വരുത്തുക.. ! ഇല്ലെങ്കില്‍ ഞങ്ങള്‍ ഇങ്ങനെ തൂറി തോല്‍പ്പിക്കും ..അഹ ..!

ലീഡര്‍ ചത്ത്‌ കെടക്കുമ്പോള്‍ ദുഖം കടിച്ചമാര്തനവാതെ കെട്ടിയോളെയും മക്കളേം കൂട്ടി സിനിമക്ക് പോയ തിരുതാ തോമസുമാരും തേക്കടിയില്‍ ഉല്ലസിക്കാന്‍ പോയ ഗില്ലുമാരും, ബ്യ്കപകട്തില്‍ മരിച്ച തൃശൂര്‍ യൂത്ത്ജില്ല നേതാവിന്റെ ശവം D C C ഓഫീസില്‍ കയറ്റാതെ റോഡിലേക്ക് ഇറക്കിവിട്ട ബാലക്രിശ്നന്മാരും കാണിച്ചു തരുന്ന വിനയത്തിനു മുന്നിലും സഖാക്കള്‍ ശിരസ്സ്‌ നമിക്കുക.. അങ്ങിനെ ധര്ഷ്ടിയം- പമ്പ കടക്കും ... !