Sunday, December 5, 2010

കുടുംബാധിപത്യം

'തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പാര്‍ടി. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ പാര്‍ടി. കഷ്ടപ്പെട്ട് വോട്ടുപിടിക്കാനും മുദ്രാവാക്യം വിളിക്കാനും പാര്‍ടിക്കാര്‍. ജയിച്ചാല്‍ മന്ത്രിയാക്കണോ എന്ന് തീരുമാനിക്കുന്നത് പാര്‍ടി. എല്ലാം കഴിഞ്ഞ് ഭരണത്തിലേറിയാല്‍ പിന്നെ പാര്‍ടി വേണ്ട-'ഭരണം വേറെ, പാര്‍ടിവേറെ'-ഇതാണ് ഇടതുപക്ഷത്തിന് ഭരണം കിട്ടുമ്പോഴൊക്കെ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന ന്യായം. ഇങ്ങനെയൊരു തൊടുന്യായം പരത്തിയാണ് പണ്ട് സെല്‍ഭരണ സിദ്ധാന്തം കൊണ്ടുവന്നത്. തീരുമാനങ്ങള്‍ പാര്‍ടി ഓഫീസില്‍ ഉണ്ടാകരുത്; ഭരണത്തിന്റെ ഒരുതലത്തിലും പാര്‍ടി ഇടപെടരുത്; ഭരിക്കാന്‍ നിശ്ചയിക്കപ്പെട്ടവര്‍ തന്നിഷ്ടപ്രകാരം ഭരിച്ചുകൊള്ളണമെന്നാണ് ജനാധിപത്യ ലേബലൊട്ടിച്ച് പറഞ്ഞുപരത്തിയത്. ഒരര്‍ഥത്തില്‍ പണ്ട് കരുണാകരനും ആന്റണിയുമെല്ലാം ഭരിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ സ്ഥിതി അതുതന്നെയായിരുന്നു. കരുണാകരന്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പരിപ്പ് വേവില്ലല്ലോ. ആന്റണി അധികാരത്തിലിരിക്കുമ്പോള്‍ കരുണാകരന്‍ പ്രതിപക്ഷനേതാവിന്റെ റോളിലായിരുന്നല്ലോ. അങ്ങനെ പഴകിയ ശീലങ്ങള്‍ ഇടതുപക്ഷ ഭരണകാലത്ത് മാറുമ്പോള്‍ കോണ്‍ഗ്രസിന് മനംപിരട്ടും. അതുകണ്ട് മാധ്യമങ്ങള്‍ 'സെല്‍ഭരണം' എന്നു കരയും. ഇതെല്ലാം പക്ഷേ പഴയ കഥകളാണ്. ഇനി അങ്ങനെയൊന്ന് ചിന്തിക്കുംമുമ്പ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വടക്കോട്ട് നോക്കണം. അവിടെ അവര്‍ അവ്യക്തമായ ഒരു താടിയും തലേക്കെട്ടും കാണും.
കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ടിയല്ല എന്നതുകൊണ്ട് സാധാരണ പാര്‍ടികള്‍ക്കുള്ള തളപ്പ് ചേരില്ല. കമ്യൂണിസ്റ് നേതാക്കളായ വ്യക്തികള്‍ ഏതു സ്ഥാനത്ത് എത്തിയാലും അവര്‍ക്ക് തന്റെ പാര്‍ടിയോടും അതില്‍ താന്‍ ഉള്‍പ്പെടുന്ന ഘടകത്തോടും ഉത്തരവാദിത്തമുണ്ടാകും. കോണ്‍ഗ്രസില്‍ നാടുവാഴിത്തമാണ്. കുടുംബവാഴ്ച എന്നും പറയും. കാലാകാലത്ത് നാടുവാഴി കുടുംബത്തിലെ മൂപ്പന്മാരും ഇളമുറക്കാരും കോണ്‍ഗ്രസിന്റെ ഭരണാധികാരികളാകും. ബാക്കി എല്ലാവരും പരിചാരകരാണ്. മൂപ്പന്‍(ത്തി)യാണ് ആരു മന്ത്രിസ്ഥാനത്തിരിക്കണം, ആരു വിറകുവെട്ടണം, ആരുടെ തലയില്‍ ഗവര്‍ണര്‍തൊപ്പി വേണം എന്നെല്ലാം നിശ്ചയിക്കുന്നത്. പണ്ട് അങ്ങനെ രാഷ്ട്രപതിക്കുപ്പായം കിട്ടിയ ഒരാള്‍ പറഞ്ഞത്, എന്റെ മൂപ്പത്തി ചൂലെടുത്ത് തൂക്കാന്‍ പറഞ്ഞാല്‍ താനത് ചെയ്യുമെന്നാണ്. ഡല്‍ഹിയില്‍ ഇന്നു നടക്കുന്നത് ഏതാണ്ട് അതേ കഥ തന്നെ. പ്രധാനമന്ത്രി സ്ഥാനത്ത് ഒരാളുണ്ട്. നെഹ്റുവിനെപ്പോലെ കരുത്തനാണ് താന്‍ എന്നെല്ലാം അദ്ദേഹം സ്വപ്നം കാണാറുണ്ട്-പക്ഷേ കസേരയേ ഉള്ളൂ. അധികാരമില്ല. ചെയ്തികള്‍ പാര്‍ടിയില്‍ ചര്‍ച്ചചെയ്യില്ല എന്നതുമാത്രം ഒരു സൌകര്യം. പകരം നാടുവാഴി കുടുംബത്തെ ബോധ്യപ്പെടുത്തിയാല്‍ മതി, ആജ്ഞകള്‍ അനുസരിച്ചാല്‍ മതി. എത്രകാലം വേണമെങ്കിലും അല്ലലും അലട്ടലുമില്ലാതെ കസേരയില്‍ ഇരിക്കാം. അവിടെ ഭരിക്കുന്നത് കുടുംബം; ഭരിക്കപ്പെടുന്നത് സേവകവൃന്ദം. ഒരുതരം അഡ്ജസ്റ്മെന്റ്.

കോണ്‍ഗ്രസിലെ യജമാനസേവയും കമ്യൂണിസ്റ്റ് പാര്‍ടിയിലെ ഉള്‍പ്പാര്‍ടി ജനാധിപത്യവുമായി തട്ടിച്ചുനോക്കാനാവില്ല. ഡല്‍ഹിയില്‍ താടിക്കാരന്‍ ഒന്നും അറിയേണ്ടതില്ല. സ്പെക്ട്രം കുംഭകോണം വന്നപ്പോള്‍ എല്ലാമെല്ലാം രാജയുടെ കളി എന്ന് പറയാം. താന്‍ കൊടുത്ത നിര്‍ദേശങ്ങള്‍ പുല്ലുപോലെ തള്ളിക്കളഞ്ഞാണ് രാജ അഴിമതി നടത്തിയതെന്നു വന്നാലോ? അതും രാജയുടെ കുഴപ്പം. പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ തള്ളിയും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം ലംഘിച്ചും രാജയ്ക്ക് മുന്നോട്ടുപോകാം. രാജയ്ക്കും അറിയാം ചരട് നാടുവാഴി കുടുംബത്തിലാണെന്ന്. അവിടവുമായാണ് രാജയുടെ ഹോട്ട്‌ലൈന്‍. ഇങ്ങനെ നാണംകെട്ട ഒരു കേന്ദ്രഭരണത്തെയും ഭരണനേതൃത്വത്തെയും വച്ച് കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഹല്ലേലൂയ്യ പാടുന്ന നമ്മുടെ മാധ്യമങ്ങളെ നമസ്കരിക്കണം. ലോകം കണ്ട ഏറ്റവും വലിയ അഴിമതി മറച്ചുപിടിക്കാന്‍ ഇവിടെ ഈ കേരളത്തില്‍ 'പാര്‍ടി അറിഞ്ഞോ, അറിഞ്ഞില്ലേ' എന്നു ചോദ്യം തിരിച്ചും മറിച്ചും അടിച്ചലക്കുകയാണ് അവര്‍.

ഇടപെട്ടാല്‍ അത് 'സെല്‍ഭരണം'. ഇടപെട്ടില്ലെങ്കില്‍ അത് 'നിഗൂഢതാല്‍പ്പര്യം.' ജനങ്ങളെ ഇങ്ങനെ എത്രകാലം പറ്റിച്ച് മുന്നോട്ടുപോകാനാകും? കൊട്ടാരത്തിലെ കംപ്യൂട്ടറിന്റെ പ്രവചനത്തിനനുസരിച്ചാണ് കോണ്‍ഗ്രസുകാരന്റെ സ്ഥാനലബ്ധിയും നഷ്ടവും എന്നിരിക്കെ, അവര്‍ക്കെന്ത് ജനാധിപത്യം, ഉള്‍പാര്‍ടി ചര്‍ച്ച. മാഡം നിയന്ത്രിച്ചാല്‍ ജനാധിപത്യമെന്നും കമ്യൂണിസ്റ്റ് പാര്‍ടി ഭരണത്തില്‍ നയപരമായ തീരുമാനമെടുക്കുന്നത് 'സെല്‍ഭരണം' എന്നും അവര്‍ പറഞ്ഞുതളരട്ടെ. അതൊക്കെ ശ്രദ്ധിക്കാന്‍ ആര്‍ക്കുണ്ട് നേരം.

*
മാതൃഭൂമി പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടപ്പോള്‍ വല്ലാത്ത കൌതുകം തോന്നി. 'മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയെച്ചൊല്ലി എഴുത്തുകാരന്‍ സക്കറിയ രോഷം പൂണ്ടു. പത്രത്തിനും ലേഖകനുമെതിരെ അരമണിക്കൂറോളം പുലഭ്യം പറഞ്ഞ സക്കറിയ, സംഘാടകരുടെ അനുമതിയോടെ മറുപടി പറയാനെത്തിയ ലേഖകനെ അതിനനുവദിക്കാതെ സ്തോഭപ്രകടനം നടത്തി.'

സക്കറിയ മഹാനായ മനുഷ്യനാണെന്ന കാര്യത്തില്‍ ശതമന്യു ഒരിക്കലും സന്ദേഹിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ മര്യാദ പാലിച്ചില്ലെങ്കില്‍ പ്രതികരിക്കാനുള്ള അവകാശം സക്കറിയക്കുണ്ട്. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത അദ്ദേഹത്തില്‍നിന്ന് കൂടുതല്‍ രോഷത്തോടെയുള്ള പ്രതികരണമാണ് ഉണ്ടാകേണ്ടിയിരുന്നത്. ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒരു സിനിമ തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കുന്നു. മുല്ലത്തീവിലെ വിശേഷങ്ങളാണ് സിനിമയില്‍. അത് സംവിധാനം ചെയ്തത് ശ്രീലങ്കക്കാരന്‍. മാതൃഭൂമിയില്‍ 'തമിഴ് ദേശീയതയ്ക്കായി പ്രചാരണം, തലസ്ഥാനത്ത് അന്വേഷണം തുടങ്ങി' എന്നാണ് അതിന്റെ വാര്‍ത്ത വന്നത്. വാര്‍ത്ത കണ്ടാണ് സംഗതി പൊലീസ് അറിഞ്ഞതത്രേ. സിനിമ പ്രദര്‍ശിപ്പിച്ച ചെറുപ്പക്കാര്‍ 'പുലി'കളായി. പൊലീസ് അന്വേഷണമായി, ചോദ്യംചെയ്യലായി. നടന്നതെന്തെന്നും തങ്ങള്‍ ആരെന്നും വിശദീകരിക്കാന്‍ ചെറുപ്പക്കാര്‍ 1500 രൂപ അടച്ച് പ്രസ്ക്ളബ്ബില്‍ വാര്‍ത്താസമ്മേളനം വിളിച്ചു. അവിടെ അവര്‍ പറഞ്ഞതിന് മാതൃഭൂമിക്കാരന് അപ്പോള്‍തന്നെ മറുപടി പറയണമത്രേ (അരിയും തിന്ന് വീട്ടുകാരിയെയും കടിച്ച് പിന്നെയും മറുമുറുപ്പ്). സക്കറിയ അല്ല ആരായാലും കോപിച്ചുപോകും.

ഇതുതന്നെയാണ് മുമ്പ് പയ്യന്നൂരിലും സംഭവിച്ചത്. സക്കറിയ മൈക്കിനുമുന്നില്‍ കയറി മാതൃഭൂമി കളിച്ചു. കമ്യൂണിസ്റ്റ് നേതാക്കള്‍ ഒളിവുജീവിതത്തിന്റെ മറവിലും സുഖത്തിലുമായിരുന്നെന്ന് സിദ്ധാന്തിച്ചു കളഞ്ഞു. അടിയും ഇടിയും വെടിയും അതിജീവിച്ച് പട്ടിണികിടന്നും നരകയാതന സഹിച്ചും ഒളിവുജീവിതം നയിച്ച മഹാന്മാരെ അധിക്ഷേപിച്ചപ്പോള്‍ കേട്ടുനിന്നവര്‍ക്ക് സഹിച്ചില്ല. ഇപ്പോള്‍ സക്കറിയ മാതൃഭൂമിക്ക് കൊടുത്തത് അന്ന് ചെറുപ്പക്കാര്‍ സക്കറിയക്ക് കൊടുത്തു. അന്ന് സക്കറിയയെ 'കൈയേറ്റം ചെയ്ത'തിനെതിരെ മാതൃഭൂമി. ഇന്ന് സക്കറിയ പുലഭ്യം പറഞ്ഞതിനെതിരെ മാതൃഭൂമി. എന്നും ഇതൊക്കെ സഹിക്കാനാണ് കഥാകാരന് യോഗം. ആവിഷ്കാര സ്വാതന്ത്ര്യം അപരന്റെ മൂക്കിന്റെ തുമ്പുവരെയേ ഉള്ളൂ എന്ന് എല്ലാവരും ഓര്‍ക്കണം എന്ന് ഗുണപാഠം.

*
സക്കറിയക്ക് ഇതെല്ലാം മനസ്സിലാകും. മനുഷ്യര്‍ അങ്ങനെയാണ്. എന്നാല്‍, നമ്മുടെ മാധ്യമപ്രവര്‍ത്തകരാകുന്ന മഹദ്ഗണത്തെ അക്കൂട്ടത്തില്‍പ്പെടുത്താനാകില്ല. അതുകൊണ്ട് അവര്‍ക്കുവേണ്ടി പെരുമാറ്റച്ചട്ടം ഉണ്ടാക്കാന്‍ പോകുകയാണത്രേ പത്രാധിപഗില്‍ഡ്. ഏതെല്ലാം വ്യവസായികളെ സേവിക്കാം, അവരില്‍നിന്ന് എന്തൊക്കെ സൌജന്യം പറ്റാം, ഒരുദിവസം എത്ര മന്ത്രിമാരില്‍ സ്വാധീനം ചെലുത്താം, എത്ര പണച്ചാക്കുകള്‍ക്കുവേണ്ടി വാര്‍ത്ത ഉണ്ടാക്കാം എന്നൊക്കെ തിട്ടപ്പെടുത്തുന്ന ഒന്നാകും അതെന്ന് പ്രതീക്ഷിക്കാം. ഏതായാലും പെരുമാറ്റച്ചട്ടവും മാതൃഭൂമിക്ക് ബാധകമല്ലെന്ന് ഇപ്പോള്‍തന്നെ പറഞ്ഞേക്കാം. അത് പത്രത്തോടൊപ്പം വ്യത്യസ്തമായ ഒരു സംസ്കാരവും ചവച്ചുതിന്നുന്ന കക്ഷികളാണ്.

ഇല്ലാത്ത ലോകമേളയ്ക്ക് വല്ലാത്ത 'ശാസ്ത്രസിദ്ധി'യുമായി പോകുന്ന പെണ്‍കുട്ടിയുടെ സചിത്ര കഥ മാതൃഭൂമി പ്രസിദ്ധീകരിക്കും. അക്കഥ തട്ടിപ്പാണെന്നു തെളിഞ്ഞാല്‍ സ്വയം തിരുത്തില്ല-ആരെക്കൊണ്ടെങ്കിലും കത്തെഴുതിക്കും. ഐഎഎസ് പരീക്ഷ പാസായിട്ടും ക്യാന്‍സര്‍ ബാധമൂലം പോകാന്‍ കഴിയില്ലെന്ന കഥപരത്തി തട്ടിപ്പുകാരനു പണം പിരിച്ചുകൊടുക്കും. അക്കഥയും തട്ടിപ്പെന്നു തെളിഞ്ഞാല്‍ മിണ്ടാതെയിരിക്കും. അബ്ദുനാസര്‍ മഅ്ദനി ഭീകരപ്രസ്ഥാനത്തിന്റെ പാപ്പാനാണെന്നു പറയുകയും അങ്ങനെ തെളിയിക്കാന്‍ പൊലീസിന്റെ പണിയെടുക്കുകയും ചെയ്യും. മഅ്ദനിയെ കള്ളക്കേസില്‍ കുടുക്കാന്‍ കള്ളസാക്ഷികളെയാണ് ഉണ്ടാക്കിയതെന്ന് വിവരം വന്നാല്‍ പൂഴ്ത്തും. അക്കഥ സത്യസന്ധമായി അവതരിപ്പിച്ച പത്രപ്രവര്‍ത്തകയെ കര്‍ണാടക പൊലീസ് വേട്ടയാടിയാല്‍ മാതൃഭൂമിക്ക് പത്രപ്രവര്‍ത്തന സ്വാതന്ത്ര്യവും വേണ്ട മണ്ണാങ്കട്ടയും വേണ്ട. തെഹല്‍ക്ക ലേഖിക ഷാഹിനയ്ക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തപ്പോള്‍ പൊലീസിന്റെ വഴിയേ നടന്നു മാതൃഭൂമി. ഇതെന്ത് പത്രപ്രവര്‍ത്തനം എന്ന് ചോദിക്കേണ്ടിവന്നു അഭ്യുദയകാംക്ഷികള്‍ക്കുപോലും.

ഇങ്ങനെയൊക്കെയാണ് നാട്ടിലെ സമാചാരം. അതുകൊണ്ട് നമുക്ക് പിണങ്ങിപ്പോയ ജനാധിപത്യ കക്ഷികളെ ഓടിച്ചിട്ട് പിടിക്കുന്നതിനെക്കുറിച്ചും കോടതിയിലുള്ള കേസില്‍ നിയമം എത്ര കഴഞ്ച് വേണം എന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്തുകൊണ്ടേയിരിക്കാം.

4 comments:

ശതമന്യു said...

കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ടിയല്ല എന്നതുകൊണ്ട് സാധാരണ പാര്‍ടികള്‍ക്കുള്ള തളപ്പ് ചേരില്ല. കമ്യൂണിസ്റ് നേതാക്കളായ വ്യക്തികള്‍ ഏതു സ്ഥാനത്ത് എത്തിയാലും അവര്‍ക്ക് തന്റെ പാര്‍ടിയോടും അതില്‍ താന്‍ ഉള്‍പ്പെടുന്ന ഘടകത്തോടും ഉത്തരവാദിത്തമുണ്ടാകും. കോണ്‍ഗ്രസില്‍ നാടുവാഴിത്തമാണ്. കുടുംബവാഴ്ച എന്നും പറയും. കാലാകാലത്ത് നാടുവാഴി കുടുംബത്തിലെ മൂപ്പന്മാരും ഇളമുറക്കാരും കോണ്‍ഗ്രസിന്റെ ഭരണാധികാരികളാകും. ബാക്കി എല്ലാവരും പരിചാരകരാണ്. മൂപ്പന്‍(ത്തി)യാണ് ആരു മന്ത്രിസ്ഥാനത്തിരിക്കണം, ആരു വിറകുവെട്ടണം, ആരുടെ തലയില്‍ ഗവര്‍ണര്‍തൊപ്പി വേണം എന്നെല്ലാം നിശ്ചയിക്കുന്നത്. പണ്ട് അങ്ങനെ രാഷ്ട്രപതിക്കുപ്പായം കിട്ടിയ ഒരാള്‍ പറഞ്ഞത്, എന്റെ മൂപ്പത്തി ചൂലെടുത്ത് തൂക്കാന്‍ പറഞ്ഞാല്‍ താനത് ചെയ്യുമെന്നാണ്. ഡല്‍ഹിയില്‍ ഇന്നു നടക്കുന്നത് ഏതാണ്ട് അതേ കഥ തന്നെ. പ്രധാനമന്ത്രി സ്ഥാനത്ത് ഒരാളുണ്ട്. നെഹ്റുവിനെപ്പോലെ കരുത്തനാണ് താന്‍ എന്നെല്ലാം അദ്ദേഹം സ്വപ്നം കാണാറുണ്ട്-പക്ഷേ കസേരയേ ഉള്ളൂ. അധികാരമില്ല. ചെയ്തികള്‍ പാര്‍ടിയില്‍ ചര്‍ച്ചചെയ്യില്ല എന്നതുമാത്രം ഒരു സൌകര്യം. പകരം നാടുവാഴി കുടുംബത്തെ ബോധ്യപ്പെടുത്തിയാല്‍ മതി, ആജ്ഞകള്‍ അനുസരിച്ചാല്‍ മതി. എത്രകാലം വേണമെങ്കിലും അല്ലലും അലട്ടലുമില്ലാതെ കസേരയില്‍ ഇരിക്കാം. അവിടെ ഭരിക്കുന്നത് കുടുംബം; ഭരിക്കപ്പെടുന്നത് സേവകവൃന്ദം. ഒരുതരം അഡ്ജസ്റ്മെന്റ്.

ഷൈജൻ കാക്കര said...

ജനാധിപത്യം വാർഡ്‌ തലം മുതൽ രാഷ്ട്രീയ പാർട്ടികളിൽ നിയമപരമായി നടപ്പിലാക്കണം... അവിടെ കുടുംബാധിപത്യത്തിനൊന്നും പ്രസക്തിയില്ല... ഇതില്ലാത്തതാണ്‌ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതികേട്...

എങ്ങനെ ഭരിക്കണമെന്ന്‌ ഭരണത്തിൽ കയറിയവരെ പാർട്ടിക്ക്‌ ഉപദേശിക്കാം... അതിനപ്പുറത്തുള്ള കൈ കടത്തലുകൾ സെൽ ഭരണമെന്നോ കിച്ചൻ കാബിനറ്റെന്നൊ സൗകര്യം പോലെ വിളിച്ചോളു...

----

"ആന്റണി അധികാരത്തിലിരിക്കുമ്പോൽ കരുണാകരൻ പ്രതിപക്ഷനേതാവാണല്ലോ..."

എങ്ങനെ എങ്ങനെ എങ്ങനെ...

നമ്മടെ വി.എസ്സ്‌-പിണറായി പൊറാട്ട്‌ നടകമില്ലേ... അത്‌ തന്നെ...

kadathanadan:കടത്തനാടൻ said...

ലെനിൻ ചൂണ്ടിക്കാട്ടിയത്പോലെ ബൂർഷ്വാ പാർലമെന്ററി വ്യവസ്ഥ ചരിത്രപരമായി കാലഹരണപ്പെട്ടിരിക്കുന്നു കക്കരേ..ഒരു വശത്ത് പണവും കയ്യൂക്കും ഉപയോഗിച്ച് കൊണ്ടും മറുവശത്ത് വർഗ്ഗീയ, ജാതീയ വംശീയ,കുടുംമ്പാധിപത്യ വോട്ട് ബേങ്കുകൾ സൃഷ്ടിച്ചു കൊണ്ടും ഭരണകൂട സംവിധാനങ്ങളേയും കുത്തക മാധ്യമങ്ങളുടെ സഹായത്തോടെ തെരഞ്ഞെടുപ്പുകളെ അട്ടിമറിച്ച് കൊണ്ട് സാമ്രാജ്യത്വ രാജ്യങ്ങളിലെ സമ്രാജ്യത്വ-മുതലാൾത്ത വ്യ്വസ്ഥിതിയും ,ഇന്ത്യപോലുള്ള രാജ്യങ്ങളിൽ കോംബ്രദോർ ഭരണവും നിലനിർത്താൻ ഭരണകൂടവും അവയുടെ രാഷ്ട്രീയപാർട്ടികളും നിർന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.അത് ജനങ്ങൾക്ക് മുമ്പിൽ കൂടുതൽ കൂടുതൽ വെളിപ്പെട്ടു കൊണ്ടിരിക്കുന്നുമുണ്ട്...ബൂർഷ്വാ പാർലമെന്ററി സംവിധാനംകൊണ്ട് ഇതിനപ്പുറം ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മാത്രമല്ല വിപ്ലവകരമായ ഒരുമാറ്റവും ഈ വ്യവസ്ഥക്ക് രാജ്യത്ത് ഉണ്ടാക്കാനും കഴിയില്ല.എന്നതിനാൽ ..സാമ്രാജ്യത്തെ സേവിക്കുന്ന ബൂർഷ്വാ- ജന്മിത്വ- കുടുംമ്പാധിപത്യ വിഭാഗങ്ങളെ തൂത്തെറിഞ്ഞ് ജനാധിപത്യ വിപ്ലവത്തിലൂടെ ജനകീയ ജനാധിപത്യാധികാരം സ്ഥാപിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്ന കടമയേക്കുറിച്ച് ഇനിയെങ്കിലും കാക്കര ചിന്തിക്കാണം

kadathanadan:കടത്തനാടൻ said...

ക്ഷമിക്കണം .കമന്റിയപ്പോഴാണ് കുഴപ്പം മനസ്സിലായത്.പോസ്റ്റ് കാക്കരയുടേതല്ലെന്ന്.കാക്കരയും ശതമന്യു യും പ്രശ്നം തിരിച്ചറിയുമല്ലോ?