Sunday, December 12, 2010

മൂക്കുകയര്‍

കോട്ടയം പാര്‍ടിയുടെ 'ചരിത്രപ്രസിദ്ധമായ' ഒട്ടേറെ ലയന വേര്‍പിരിയല്‍ സമ്മേളനങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച തിരുനക്കര മൈതാനിയില്‍ ജോസഫ്-മാണി ലയന സമ്മേളനത്തില്‍ മലയോരപ്പാര്‍ടിയുടെ മഹാനേതാവ് കോണ്‍ഗ്രസിനെ ഓര്‍മിപ്പിച്ചത് ഇങ്ങനെയാണ്,

"ഞങ്ങള്‍ കൂട്ടുകൂടാന്‍ കൊള്ളാത്തവരാണെങ്കില്‍ വേണ്ടെന്നേ...........''

അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ മാണിസാര്‍ ലയനത്തിന്റെ കരുത്തും പുത്തന്‍ സിദ്ധാന്തവുമായി കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് അശ്വമേധം നടത്താനിരുന്നതാണ്. ഈ യാത്രയ്ക്ക് കുഞ്ഞൂഞ്ഞ്-കുഞ്ഞീക്ക സഖ്യം ഇടങ്കോലിട്ടു. മാണിസാറിന്റെ യാത്രയ്ക്കു മുമ്പേ സംയുക്തയാത്ര. ഒറ്റയ്ക്കൊറ്റയ്ക്കുള്ള യാത്ര വേണ്ട. ഒറ്റയ്ക്ക് പോകുമ്പോള്‍ ദുഷ്ചിന്ത ഉണ്ടാവും. അവിയല്‍യാത്രയ്ക്ക് കേരള മോചനയാത്ര എന്നാണ് പേര്. മാണിസാറിനെയും ഔസേപ്പച്ചനെയും ജോര്‍ജിനെയും മുന്നണിയില്‍നിന്ന് മോചിപ്പിക്കുകയാണോ ലക്ഷ്യമെന്ന് മാണിസാര്‍ സംശയിച്ചു. എങ്കിലും ഒരടി പിന്നോട്ടു പോയി. രണ്ടടി മുന്നോട്ടു വയ്ക്കാന്‍. അങ്ങനെ അഭിനവ 'വിമോചന സമരസഖ്യം' ഏച്ചുകെട്ടി യാത്ര തുടങ്ങുന്നു. യാത്രാ പേടകത്തിന്റെ ഫുട്ബോര്‍ഡില്‍ എം വി രാഘവനും ടി എം ജേക്കബും ഉണ്ടാകുമെന്നുറപ്പില്ല. ഗൌരിയമ്മയെ വേണ്ടാതായിരിക്കുന്നു; പിള്ളയുടെ മാനസം എങ്ങോട്ടെന്നറിയില്ല. ഐഎന്‍എല്‍ ലീഗിന്റെ മടിയില്‍ ഉണ്ടാകില്ലെന്നുറപ്പ്. അവര്‍ക്കുമുണ്ടല്ലോ ദുര്‍ബലമെങ്കിലും നട്ടെല്ലൊന്ന്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 'വാരിക്കോരി', പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ 'കുഴിച്ചെടുത്തു' എന്നെല്ലാം പുറമേക്കു പറയുന്നുണ്ടെങ്കിലും ഉള്ളില്‍ തീയാണ്.

അഭ്യുദയകാംക്ഷികള്‍ക്കും പേടി മാറുന്നില്ല. വന്ദ്യവയോധികനായ ഉപദേശിയും സര്‍വകലാവല്ലഭനുമായ കെ എം റോയിച്ചന്‍ പറയുന്നതു നോക്കൂ:

"കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കൈവരിച്ച നേട്ടത്തില്‍ ഐക്യജനാധിപത്യമുന്നണി മൊത്തത്തില്‍ ആഹ്ളാദിക്കുമ്പോള്‍ ജനവികാരമറിയുന്നവരും ജനസമ്പര്‍ക്കമുള്ളവരുമായ പല മുന്നണിനേതാക്കളും തെരഞ്ഞെടുപ്പുഫലത്തിന്റെ കാര്യത്തില്‍ അസ്വസ്ഥരാണെന്നതാണ് പുതിയ രാഷ്ട്രീയ സംഭവവികാസം.... മലപ്പുറവും കോട്ടയവും കേന്ദ്രീകരിച്ചുള്ള മത-ജാതി ശക്തികളുടെ ഒരു പിന്തിരിപ്പന്‍ സഖ്യമാണ് യുഡിഎഫ് എന്ന ധാരണ ഭൂരിപക്ഷം ഹൈന്ദവ വോട്ടര്‍മാരില്‍ അതിവേഗം വളരുന്നുണ്ടോ എന്ന സംശയമാണ് ഈ അസ്വസ്ഥതയ്ക്ക് കാരണം. മറ്റെല്ലാ ജില്ലകളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം യുഡിഎഫ് നേതൃത്വത്തിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് കോഴിക്കോടു ജില്ലയില്‍ ഇടതുപക്ഷമുന്നണി മികച്ച വിജയം കരസ്ഥമാക്കിയത് നിസ്സാര കാര്യമായല്ല ഈ യുഡിഎഫ് നേതാക്കള്‍ കാണുന്നത്''(മംഗളം ദിനപത്രം).

യുഡിഎഫിന്റെ അടുക്കളക്കാര്യങ്ങളും ആത്മവിചാരവും റോയിച്ചനോളം അറിയാവുന്നവര്‍ സിന്‍ഡിക്കറ്റിലേ ഉള്ളൂ. അദ്ദേഹത്തിന് കാര്യം പിടികിട്ടി. ഇങ്ങനെ പോയാല്‍ സംഗതി കുഴപ്പത്തിലാകും. വര്‍ഗീയത കളിച്ച് തെരഞ്ഞെടുപ്പ് തോല്‍ക്കും. അതുകൊണ്ട് ഹിന്ദുവോട്ട് വേഗം പിടിച്ചോളൂ-വിലകൊടുത്തോ വീണ്‍വാക്കു പറഞ്ഞോ വിലക്കപ്പെട്ടതുചെയ്തോ അതു സംഭവിച്ചില്ലെങ്കില്‍ കാര്യം കട്ടപ്പൊകയാകും. ചങ്ങനാശേരിയില്‍ തോറ്റത് അങ്ങനെയല്ലേ എന്ന ചോദ്യവും ഉയര്‍ത്തി റോയിച്ചന്‍.

ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ സ്പെക്ട്രം അഴിമതിയും രാജയുടെ വീടുകളും നീരാ റാഡിയയുടെ മുന്നൂറുകോടിയും അവിടത്തെ റെയ്ഡുമൊന്നും കാണാതെ പത്രങ്ങള്‍ യുഡിഎഫിനെ സേവിക്കുന്നുണ്ട്. കുഴപ്പംചെയ്ത വയനാട്ടിലെ കലക്ടര്‍ കരഞ്ഞുപടിയിറങ്ങിയെന്ന് മാതൃഭൂമിയുടെ സഹതാപവാര്‍ത്ത (ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ). പ്രശ്നം സിപിഐയും സിപിഐ എമ്മും തമ്മിലെന്ന് മനോരമ. ഏതോ കള്ളന്‍മാര്‍ വ്യാജരേഖ ചമച്ച് ജോലി തരപ്പെടുത്തിയതിന് സിപിഐ എന്തുപിഴച്ചു? അസുരവിത്തുകള്‍ മുളച്ചുപൊന്തിയാല്‍ മൂടോടെ പിഴുതുമാറ്റുകയല്ലാതെ മറ്റെന്തുണ്ട് നിവൃത്തി? അഴിമതിയും തട്ടിപ്പും കണ്ടപ്പോള്‍ സിപിഐ എം മുഖപത്രം പ്രതികരിച്ചതില്‍ എന്ത് അയുക്തി? ഇനി അഥവാ പ്രതികരിച്ചില്ലെങ്കില്‍ സിപിഐ എമ്മിനുമേലും കുതിരകയറാമായിരുന്നു. ഭാര്യയുടെ അമ്മൂമ്മയുടെ അമ്മാവന്റെ ഭാര്യയുടെ മകളുടെ ഭര്‍ത്താവ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് എന്നെങ്കിലും എഴുതാമല്ലോ. അങ്ങനെ വാര്‍ത്ത വന്നാലല്ലേ യുഡിഎഫിലെ കുഴപ്പം മൂടിവയ്ക്കാനാവൂ.

*
ഐക്യമേതുമില്ലാത്ത ജനാധിപത്യമുന്നണിയുടെ യോഗം കഴിഞ്ഞ് തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തിന് കുപ്പായം മാറ്റുന്നതിനുമുമ്പാണ് മാണിസാര്‍ വെടിപൊട്ടിച്ചത്. എന്ത് മുന്നണി, തങ്ങള്‍തന്നെ പ്രതിപക്ഷം എന്ന പ്രഖ്യാപനമാണ് മുഴങ്ങിയത്. ഒരുമുഴം നീട്ടിയുള്ള ഏറ്. ഏറ് കൊണ്ടിട്ടും യുഡിഎഫിലെ ആരും ഒന്ന് മോങ്ങിയതുപോലുമില്ല. ഗൌരിയമ്മയ്ക്ക് മൂക്കുകയറിടാന്‍ നടക്കുന്ന ചെന്നിത്തലയ്ക്ക് കുഞ്ഞുമാണിയെയും കുഞ്ഞീക്കയെയും പേടിയാണ്. മലപ്പുറത്തെത്തിയാല്‍ കുഞ്ഞീക്ക വിളമ്പുന്ന ഐസ്ക്രീം കഴിക്കും. കോട്ടയത്ത് ചെന്നാല്‍ പോര്‍ക്കിറച്ചിതന്നെ വേണം. ഒരു ലയനത്തിന്റെ ഭാരം വയറ്റിലും മറ്റൊരു ലയനത്തിനായുള്ള കൊതി മനസ്സിലും പേറുന്ന മാണിസാര്‍ അധ്വാനവര്‍ഗസിദ്ധാന്തത്തിന്റെ രണ്ടാംഭാഗം വാര്‍ത്താസമ്മേളനത്തിലൂടെ കോട്ടയത്ത് പ്രഖ്യാപിച്ചു. ഈ സിദ്ധാന്തമാണ് കോട്ടയം പാര്‍ടിയുടെ അടുത്ത തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ.

വാര്‍ത്താസമ്മേളനത്തില്‍ ശരിക്കുംപറയാന്‍ ഉദ്ദേശിച്ച മറുപടിക്കുള്ള ചോദ്യം ആരും ചോദിച്ചില്ല.(പുതിയ പരിപാടി അങ്ങനെയാണ്. എന്തൊക്കെ ചോദ്യം വേണമെന്ന് ശിങ്കിടിപത്രക്കാരെ ശട്ടം കെട്ടും. ഉത്തരം നേരത്തെ തയ്യാറായിരിക്കും. അത് പിന്നെ വിവാദമാകും. ഇവിടെ മാണിസാറിനെ ശിങ്കിടി പറ്റിച്ചു.)പറയാനുള്ളത് പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ വഴിയുണ്ട്- എക്സ്ക്ളൂസീവ് ഇന്റര്‍വ്യൂ. ചാനല്‍ കുട്ടികളെ വിളിച്ചു വരുത്തിയാല്‍ ഏതു വെടിയും പൊട്ടിക്കാം. പത്രസമ്മേളനത്തിന് കാശടയ്ക്കാനുള്ള ചെലവ് ലാഭം. മാണിസാര്‍ അങ്ങനെ വെടിപൊട്ടിച്ചു -

'കോണ്‍ഗ്രസുമായുള്ള പ്രശ്നം തീര്‍ന്നില്ല. കോണ്‍ഗ്രസിലെ രണ്ടാം കക്ഷി തന്റെ പാര്‍ടിതന്നെ.'

ഇത്തവണ ഏറു കൊണ്ടത് മലപ്പുറം പാര്‍ടിക്കാണ്. തങ്ങളുടെ പാര്‍ടിയാണ് ഇരുപത്തിനാലു സീറ്റിന്റെ നേരവകാശികള്‍ എന്ന് കുഞ്ഞാലിക്കുട്ടി. തര്‍ക്കം ഞാനോ നീയോ മുമ്പനെന്ന്. കോട്ടയമോ മലപ്പുറമോ വലുതെന്ന്. മാണിസാര്‍ 'കരുത്താര്‍ജിക്കുന്നതില്‍' ചെന്നിത്തലയ്ക്ക് സന്തോഷം. എല്ലാ ചിന്തയും വര്‍ഗീയത്തില്‍ അവസാനിക്കുന്നു. മാണിസാര്‍ രണ്ടാമനാകുമ്പോള്‍ ഒന്നാംസ്ഥാനം പുതുപ്പള്ളിക്ക് നഷ്ടപ്പെടും. പുര കത്തുമ്പോള്‍ കുലച്ചവാഴ വെട്ടിയെടുക്കാന്‍ എളുപ്പമാകും. കുഞ്ഞുമാണിയെ എറിഞ്ഞ് കുഞ്ഞൂഞ്ഞിനെ വെട്ടാം. രണ്ടാം പാര്‍ടി മലപ്പുറം പാര്‍ടി തന്നെയെന്ന് ചെന്നിത്തലയും പറഞ്ഞു. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ പിടിച്ചുനില്‍ക്കാന്‍ മലബാര്‍ ലീഗ് വേണം; കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളില്‍ കോട്ടയം പാര്‍ടിയും വേണം. കോണ്‍ഗ്രസിന് സ്ഥാനം ഇവരുടെയൊക്കെ താഴെയേ ഉള്ളൂ. അന്യന്റെ ചെലവില്‍ ജീവിക്കുന്ന പരാന്നപ്പാര്‍ടി. കെ എം റോയി പറഞ്ഞതുപോലെ കോട്ടയത്തിന്റെയും മലപ്പുറത്തിന്റെയും ആശ്രിതത്വം.

കോണ്‍ഗ്രസിലും സംഗതികള്‍ പന്തിയല്ല. വിശാല ഐയും എയും അടി. മുരളി പോയതോടെ ഗ്രൂപ്പ് പോയി എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ മിണ്ടുന്നില്ല. മുരളി കൂടി വരട്ടെ, കളികാണാമെന്ന് ചിലര്‍. എന്തിന് മുരളി; പത്മജ പോരേ എന്ന് മറ്റുചിലര്‍. ഉണ്ണിത്താന്‍, ദീപ്തി മേരി വര്‍ഗീസ്, സിമി റോസ്ബെല്‍ ജോണ്‍ തുടങ്ങിയ സ്ഥാനാര്‍ഥി മോഹികളെക്കൊണ്ട് ചെന്നിത്തലയ്ക്കും ശരണമില്ല; ഉമ്മന്‍ചാണ്ടിക്കും ശരണമില്ല. ഇവര്‍ക്കൊക്കെ ആര് മൂക്കുകയറിടുമോ ആവോ. ഇതൊക്കെയാണെങ്കിലും സ്വപ്നത്തിന് ഒരു പഞ്ഞവുമില്ല. ഭരണം കോട്ടയത്തോ മലപ്പുറത്തോ വെള്ളിത്തളികയില്‍ കൊണ്ടുകൊടുത്താലും വേണ്ടില്ല-നാലു ചക്രമുണ്ടാക്കാനുള്ള അവസരം വന്നാല്‍ എല്ലാ മാനക്കേടും മാറുമല്ലോ.

*
ഷാഹിനയും ജൂലിയന്‍ അസാഞ്ചെയും തമ്മില്‍ താരതമ്യമൊന്നുമില്ല. ഷാഹിന മാധ്യമ പ്രവര്‍ത്തക. എന്തും റിപ്പോര്‍ട്ട് ചെയ്യുന്ന, ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന, കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ സമരങ്ങളില്‍ മുന്‍നിരയില്‍ നിന്നിട്ടുള്ള വനിത. അസാഞ്ചെ ഒരു സാഹസികന്‍; അലച്ചിലുകാരന്‍. രണ്ട് കംപ്യൂട്ടറുംകൊണ്ട് ഉലകം ചുറ്റുന്ന വാലിബന്‍. അമേരിക്ക കാത്തുസൂക്ഷിച്ച രഹസ്യങ്ങളുടെ കലവറത്താക്കോല്‍ തുറന്നവന്‍. രണ്ടും രണ്ടുപ്രശ്നങ്ങളെങ്കിലും വേട്ടയാടപ്പെടുന്നതില്‍ ഇരുവരും തുല്യരാണ്.

കേരളത്തില്‍ പൊലീസ് പത്രക്കാരനെ നോക്കി തുമ്മിയാല്‍ വടിയും കൊടിയുമെടുക്കാം. കര്‍ണാടകത്തില്‍ യെദ്യൂരപ്പയുടെ പൊലീസാണ്. മിണ്ടിയാല്‍ കുപ്പായം ഊരിക്കും. കള്ളസാക്ഷികളെ സൃഷ്ടിച്ചാണ് മഅ്ദനിയുടെ പേരില്‍ കേസെടുത്തത് എന്നു തെളിയിച്ചതാണ് ഷാഹിനയുടെ 'കുറ്റം'. ആ കുറ്റത്തിന് അവര്‍ ഭീകരവാദിയായി. അമേരിക്ക കാത്തുസൂക്ഷിച്ച രഹസ്യങ്ങള്‍ക്ക് മടവീഴ്ത്തി പുറത്തേക്കൊഴുക്കിയതാണ് അസാഞ്ചെ ചെയ്ത കുറ്റം. അതിന്റെ പേരില്‍ വിക്കിലീക്സ് തകര്‍ക്കാനാണ് ശ്രമം. അസാഞ്ചെയെ ജയിലിലടച്ചു. കുറ്റം മാനഭംഗം. അതുകേള്‍ക്കുമ്പോള്‍ വലിയ എന്തോ പീഡനമാണെന്നു തോന്നും. സംഗതി അതൊന്നുമല്ല. അസാഞ്ചെയുമായി കിടക്ക പങ്കിട്ട രണ്ട് യുവതികളാണ് പരാതിക്കാര്‍. ഒരാള്‍ക്ക് ഇടയ്ക്കൊരു വിരക്തി തോന്നി. അസാഞ്ചെ അത് കൂട്ടാക്കിയില്ല-അതാണ് ഒരു കുറ്റം. രണ്ടാമത്തെയാള്‍ക്ക് വേണ്ട സുരക്ഷാമാര്‍ഗങ്ങള്‍ അസാഞ്ചെ ഉപയോഗിച്ചിട്ടില്ലേ എന്ന് ഒരിക്കല്‍ സംശയം തോന്നി. അത് രണ്ടാമത്തെ കുറ്റം. രണ്ട് യുവതികളും അസാഞ്ചെയുമായി ഇപ്പോഴും അടുപ്പത്തില്‍തന്നെ. അവിടെ ഇതെല്ലാമാണ് മാനഭംഗം.

സാമ്രാജ്യത്വത്തിന്റെ വേട്ടയാടലിനിരയാകുന്ന അസാഞ്ചെയ്ക്കുവേണ്ടി ലോകത്തെങ്ങുമുള്ള സൈബര്‍ പോരാളികള്‍ രംഗത്തുണ്ട്. ഷാഹിന നേരിടുന്ന ഭരണകൂട വേട്ടയാടലിനെതിരെ പ്രതികരിക്കാന്‍ ക്ഷണിക്കുമ്പോള്‍ പല മുമ്പന്‍മാരുടെയും പ്രതികരണം "ഞാന്‍ എന്തിന്'' എന്നാണത്രെ. മാധ്യമ സ്വാതന്ത്ര്യം എന്നാല്‍ മുട്ടോളം തുള്ളുന്നതാണെന്ന് ആക്ടിവിസ്റ്റുകള്‍ തെളിയിക്കുന്നു. ഷാഹിനയ്ക്ക് ഇപ്പോഴെങ്കിെലും മനസ്സിലായിക്കാണും സഹപ്രവര്‍ത്തകരെ.

2 comments:

ശതമന്യു said...

വാര്‍ത്താസമ്മേളനത്തില്‍ ശരിക്കുംപറയാന്‍ ഉദ്ദേശിച്ച മറുപടിക്കുള്ള ചോദ്യം ആരും ചോദിച്ചില്ല.(പുതിയ പരിപാടി അങ്ങനെയാണ്. എന്തൊക്കെ ചോദ്യം വേണമെന്ന് ശിങ്കിടിപത്രക്കാരെ ശട്ടം കെട്ടും. ഉത്തരം നേരത്തെ തയ്യാറായിരിക്കും. അത് പിന്നെ വിവാദമാകും. ഇവിടെ മാണിസാറിനെ ശിങ്കിടി പറ്റിച്ചു.)പറയാനുള്ളത് പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ വഴിയുണ്ട്- എക്സ്ക്ളൂസീവ് ഇന്റര്‍വ്യൂ. ചാനല്‍ കുട്ടികളെ വിളിച്ചു വരുത്തിയാല്‍ ഏതു വെടിയും പൊട്ടിക്കാം. പത്രസമ്മേളനത്തിന് കാശടയ്ക്കാനുള്ള ചെലവ് ലാഭം. മാണിസാര്‍ അങ്ങനെ വെടിപൊട്ടിച്ചു -

'കോണ്‍ഗ്രസുമായുള്ള പ്രശ്നം തീര്‍ന്നില്ല. കോണ്‍ഗ്രസിലെ രണ്ടാം കക്ഷി തന്റെ പാര്‍ടിതന്നെ.'

ജനശക്തി said...

ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ സ്പെക്ട്രം അഴിമതിയും രാജയുടെ വീടുകളും നീരാ റാഡിയയുടെ മുന്നൂറുകോടിയും അവിടത്തെ റെയ്ഡുമൊന്നും കാണാതെ പത്രങ്ങള്‍ യുഡിഎഫിനെ സേവിക്കുന്നുണ്ട് :).