Sunday, November 21, 2010

സിന്‍ഡിക്കറ്റിന്റെ കേന്ദ്രകമ്മിറ്റി

അല്പം പഴയ കഥയാണ്. എസ്.എസ്.എല്‍.സി റിസല്‍ട്ട് പുസ്തകങ്ങളായാണ് തലസ്ഥാനത്ത് വിതരണം ചെയ്തിരുന്നത്. ട്യൂട്ടോറിയല്‍, പാരലല്‍ കോളേജുകാര്‍ നേരത്തേതന്നെ തിരുവനന്തപുരത്ത് തമ്പടിക്കും. റിസല്‍ട്ട് ആദ്യം നാട്ടിലെത്തിക്കുന്നയാള്‍ കേമന്‍. പത്രസ്ഥാപനങ്ങള്‍ക്കാണ് ഏറ്റവുമാദ്യം പുസ്തകം കിട്ടുക. അക്രഡിറ്റേഷനുള്ള പത്രപ്രവര്‍ത്തകര്‍ക്ക് സംസ്ഥാനത്തിന്റെ ആകെ റിസല്‍ട്ടുള്ള പുസ്തകങ്ങളുടെ ഒരുകോപ്പി കിട്ടും. ആ വലിയ ചുമടുമായി ഓടുന്ന ചില മാധ്യമപ്പുലികളും പിന്നാലെ ആര്‍ത്തിപിടിച്ചോടുന്ന ട്യൂട്ടോറിയലുകാരും. പുസ്തകമൊന്നിന് പലവര്‍ഷവും പലവിലയാണ് നിശ്ചയിക്കുക. പത്രത്തില്‍ അച്ചടിക്കാനായി സര്‍ക്കാര്‍ സൌജന്യമായി നല്‍കുന്ന പത്താംക്ളാസ് പരീക്ഷാഫലം മറിച്ചുവിറ്റ് പണമടിക്കുന്ന പാവം അഴിമതിപ്പത്രക്കാരെയേ ശതമന്യു കണ്ടിരുന്നുള്ളൂ. കഷ്ടമാണ് അന്ന് തോന്നിയത്. ഒന്നോര്‍ത്താല്‍ അവര്‍ പാവങ്ങള്‍. അന്നന്നത്തെ സ്മോളിനായി ആര്‍ക്കും ചേതമില്ലാത്ത ഉപകാരംചെയ്ത് കൂലി വാങ്ങുന്നവര്‍. സ്ഥലംമാറ്റം, നിയമനം, ഫയല്‍നീക്കം തുടങ്ങിയ ചില്ലറ വ്യാപാരങ്ങളില്‍ ഇടപെട്ട് പണംവാങ്ങുന്ന മാധ്യമവിശാരദന്മാരെയും കണ്ടുമുട്ടാനുള്ള ഭാഗ്യം പിന്നെ ഉണ്ടായി.

ജഗന്നിയന്താവായി സ്വയം രമിക്കുന്ന മലയാളപത്രം രാഷ്ട്രീയത്തിലും സര്‍ക്കാരാപ്പീസിലും കാക്കിക്കുള്ളിലും സ്വന്തം 'കുഞ്ഞുങ്ങളെ' വളര്‍ത്തുന്ന പതിവുണ്ട്. പത്രമാപ്പീസിലെ റബര്‍ പരുവത്തിലുള്ള രാഷ്ട്രീയവിശാരദന്മാരുടെ കൈ വലിഞ്ഞുനീണ്ട് സെക്രട്ടറിയറ്റുവരെ ചെല്ലും. മാധ്യമച്ചെലവില്‍ ജീവിക്കുന്ന നേതാക്കന്മാരുടെ അടുക്കളയിലേക്ക് നേരിട്ട് പ്രവേശനം ചില പ്രത്യേക മാധ്യമകുമാരന്മാര്‍ക്ക് സംവരണം ചെയ്തതും കണ്ടു. അടുക്കളവഴി വന്ന് വന്നവഴി പോകുന്ന മിടുക്കന്മാര്‍ രാജ്യഭാരം ചുമന്ന് വിയര്‍ത്തു. അധികാരം അവരുടെ കൈകളില്‍. കഷ്ടപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ പണിയെടുത്ത് കൊടിപിടിച്ചും മുദ്രാവാക്യം വിളിച്ചും തളര്‍ന്ന പ്രവര്‍ത്തകര്‍ ഗേറ്റിനുവെളിയില്‍.

ഒരുതരം ക്വട്ടേഷന്‍ പണിയാണ് കെട്ടകാലത്തിന്റെ വിശേഷം. പണംമുടക്കുന്നവന് കാര്യംനേടാന്‍ ആരെയും ചാരനുമാക്കും ചോരനുമാക്കും. പത്രക്കാരന്റെ കുത്തകയ്ക്ക് ഇളക്കംതട്ടിച്ചുകൊണ്ടാണ് ചാനല്‍കുട്ടികള്‍ തള്ളിക്കയറിയത്. പണ്ടൊക്കെ പത്രക്കാരനായാല്‍ നാലാളറിയണമെങ്കില്‍ എഴുതിത്തളരണം. അണ്ഡകടാഹത്തിലെ സകലതും അരച്ചുകുടിക്കണം. ചാനല്‍ റിപ്പോട്ടിങ്ങിന് അതൊന്നും വേണ്ട. ഇളക്കിയിളക്കിയുള്ള നടത്തം, കുലുക്കിക്കുലുക്കിയുള്ള വര്‍ത്തമാനം, ഇടിച്ചിടിച്ചുള്ള നുഴഞ്ഞുകയറ്റം-ഇത്രയും മതി യോഗ്യത. പക്വത, വിവരം, വിവേകം എന്നിവയുടെ ആവശ്യമേയില്ല.

ആരോടും എന്തും ചോദിക്കാം; വിളിച്ചുപറയാം. അങ്ങനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിയാല്‍ തനിക്കെന്താ ഇനി എംഎല്‍എയോ എംപിയോ ആയിക്കൂടേ എന്നുവരെ തോന്നും. യഥാര്‍ഥത്തില്‍ ഇത് മാധ്യമപ്രതിഭകളുടെ കാലമാണ്. രാഷ്ട്രീയം എങ്ങനെ പോകണം, എവിടെ ബ്രേക്കിടണം, ഏതുനേതാവ് മഹാനാകണം, ഏതുമഹാന്‍ താഴെ വീഴണം എന്നെല്ലാം പ്രതിഭാസംഗമങ്ങളില്‍ തീരുമാനിക്കപ്പെട്ടും. അതിനെ ചിലര്‍ മാധ്യമ സിന്‍ഡിക്കറ്റ് എന്നെല്ലാം വിളിക്കുന്നുണ്ട്. അതില്‍ കാര്യമില്ല. ഇവിടെയുള്ളത് സംസ്ഥാനകമ്മിറ്റിയാണെങ്കില്‍ മാധ്യമ സിന്‍ഡിക്കറ്റിന്റെ കേന്ദ്രകമ്മിറ്റി അങ്ങ് ഡല്‍ഹിയില്‍ത്തന്നെയാണ്.

ബിജെപിനേതൃത്വത്തില്‍ എല്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മന്ത്രിമാരെ നിശ്ചയിക്കുന്നതും വകുപ്പു തീരുമാനിക്കുന്നതും കേരളത്തില്‍നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകനാണെന്ന് വാര്‍ത്ത വന്നു. ദി ഗ്രേറ്റ് കിങ്മേക്കര്‍ ഫ്രം കോട്ടയം മീഡിയ. മലയാള പത്രപ്രവര്‍ത്തനത്തില്‍നിന്ന് ആര്‍എസ്എസിന്റെ അടുക്കളക്കാര്യങ്ങള്‍ തീരുമാനിക്കുന്ന പദവിയിലേക്ക്. അതും സംഭവിക്കാവുന്നതേയുള്ളൂ. ഗോയങ്കയുടെ കളികണ്ടുണരുകയും ഉറങ്ങുകയും ചെയ്ത നാട് ഓടുമ്പോള്‍ ഒരു ഷേണായി കുറുകെച്ചാടിയാലുമില്ല ആര്‍ക്കും ചേതം.

മാധ്യമ സിന്‍ഡിക്കേറ്റ് ഇവിടെയീ കേരളത്തില്‍, ബാറിലും ഗസ്റ്റ് ഹൌസിലും പ്രസ് റൂമിലും സര്‍ക്കാര്‍വക ഔദ്യോഗിക മന്ദിരങ്ങളുടെ അടുക്കളച്ചായ്പിലും ഒതുങ്ങുന്ന ലോക്കല്‍ വാര്‍ത്തയാണെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് ശരിയായി ധരിക്കാന്‍ ചരിത്രപരമായ ഉദാഹരണങ്ങള്‍ ഉണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ശതമന്യു ഇത്രയും പാടുപെട്ടത്. ശരിക്കും മാധ്യമ പ്രവര്‍ത്തനം എന്നാല്‍ ഒരു സംഭവമാണ്.

ആരാണ് മാധ്യമ പ്രവര്‍ത്തകര്‍ എന്ന ചോദ്യത്തിന് ഡല്‍ഹിയില്‍നിന്നാണുത്തരം. പണം കൊടുത്ത് വാര്‍ത്തയെക്കുറിച്ച് സായിനാഥ് വിലപിക്കുന്നുണ്ട്്. അത് പത്രമുതലാളിമാരുടെ കാര്യം. മുതലാളിമാരെക്കാള്‍ വലിയ മാധ്യമ പ്രവര്‍ത്തകരെ ഗ്രാമങ്ങളില്‍ചെന്ന് തിരക്കിയാല്‍ സായിനാഥിന് കാണാനാകുമോ? പുതിയ കളി പലകോടികളുടേതാണ്. മാധ്യമ പ്രവര്‍ത്തകര്‍ രാഷ്ട്രീയക്കാരെയല്ല, മറിച്ചാണ് ആശയ്രിക്കുന്നത്. നിങ്ങള്‍ക്ക് മന്ത്രിയാകണോ, തെരഞ്ഞെടുപ്പില്‍ സീറ്റുകിട്ടണോ, ഇഷ്ടപ്പെട്ട വകുപ്പുകിട്ടണോ- ഹൈക്കമാന്‍ഡിനെ കണ്ടതുകൊണ്ടൊന്നും കാര്യമില്ല. ഹൈക്കമാന്‍ഡിന്റെ കമാന്‍ഡ് വേറെയാണ്. അത് ചില പത്രമാപ്പീസുകളിലും ചാനല്‍ ആസ്ഥാനങ്ങളിലുമാണ്. സോണിയ, മന്‍മോഹന്‍, അലുമിനിയം പട്ടേല്‍, ഗുലാംനബി തുടങ്ങിയവരെ എങ്ങനെ സ്വാധീനിക്കണം എന്ന് സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് അറിയില്ലല്ലോ. അങ്ങനെ അറിയാത്തവര്‍ക്ക് അറിയാനായി ചൊറിഞ്ഞുകൊടുക്കപ്പെടും. ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍ സാങ്വി, ദൃശ്യമാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്ത് എന്നീ രണ്ടുപേരാണ് ഈ സേവനത്തിന്‍ മുമ്പന്തിയില്‍ നില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അവര്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ നോക്കൂ:

1. കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതകം എങ്ങനെ; ആര് കൈകാര്യം ചെയ്യണം
2. ഡിഎംകെയ്ക്ക് ഏതൊക്കെ വകുപ്പ് കൊടുക്കണം.
3. ദയാനിധി മാരനെ എങ്ങനെ അരുക്കാക്കണം.

കോര്‍പറേറ്റ് ഇടനിലക്കാരി എന്നാല്‍ നാട്ടിലെ ബ്രോക്കറുടെ വലിയ രൂപം (തരൂരിന്റെ സുനന്ദയെപ്പോലെ). വലിയ വലിയ കാര്യങ്ങളാണ് നീരാ റാഡിയ എന്ന ഇടനിലക്കാരി മാധ്യമശിങ്കങ്ങളോട് ആവശ്യപ്പെടുന്നത്. മുകേഷ് അംബാനിക്കുവേണ്ടി ലേഖനമെഴുതണം, സോണിയയോടും രാഹുലിനോടും ശുപാര്‍ശചെയ്യണം, ചര്‍ച്ച കനിമൊഴിയുമായി വേണം, കരുണാനിധിയുമായി ചര്‍ച്ചയ്ക്ക് ഗുലാംനബി ആസാദ് വരണം-ഇങ്ങനെ. നീരാ റാഡിയയുടെ ഫോണ്‍ ചോര്‍ത്തിയത് ആദായനികുതി വകുപ്പാണ്. സംശയത്തിന്റെ കാര്യമില്ല. ആ ടേപ്പ് സുപ്രീംകോടതിയിലുണ്ട്. എല്ലാം തെളിഞ്ഞിട്ടും നമ്മുടെ ചാനലുകളിലും പത്രങ്ങളിലും വാര്‍ത്ത കാണുന്നില്ല. ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ വാര്‍ത്ത ഞങ്ങള്‍ തന്നെ കൊടുക്കുകയോ? നടപ്പില്ല. പത്രക്കാരനെ പൊലീസുകാരന്‍ നോക്കിപ്പേടിപ്പിച്ചാല്‍ അത് വാര്‍ത്തയാണ്. ഞങ്ങള്‍ തമ്മില്‍തല്ലിയാല്‍ വാര്‍ത്തയില്ല. ഞങ്ങള്‍ അഴിമതി നടത്തിയാലും അട്ടിമറി നടത്തിയാലും ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ റൊക്കം വാങ്ങിയാലും അത് വാര്‍ത്തയുമല്ല, വിവാദവുമല്ല.

ചിലവീരന്‍മാര്‍ക്കൊരു ധാരണയുണ്ട്-താന്‍ മാത്രമാണ് വീരനെന്ന്. അവിടെ ഡല്‍ഹിയിലുമുണ്ട് ഒരു വീരന്‍. വീര സാംഗ്വി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റോറിയല്‍ ഡയറക്ടറും കൌണ്ടര്‍ പോയിന്റ് എന്ന കോളമെഴുത്തുകാരനുമായ സിംഹം. ആ സിംഹത്തോട് നീരാ റാഡിയ ഫോണില്‍ പറയുന്നു: കലൈഞ്ജര്‍ക്ക് ദയാനിധി മാരന്റെ അമ്മ 600 കോടി രൂപ എത്തിച്ചു എന്ന്. പണത്തിനുമുകളില്‍ കുടുംബ വിരോധം പറക്കില്ല. മാരന്‍ മന്ത്രിയായി. 600 കോടി കോഴയുടെ കഥ വീരന്‍ ഇതുവരെ മിണ്ടിയിട്ടില്ല. മന്ത്രിയാക്കാന്‍ അറുനുറു കോടിയെങ്കില്‍ മന്ത്രിയായാല്‍ എന്താവും കഥ.

രാഷ്ട്രീയത്തിലെ സുഹൃത്തുക്കളോട് ശതമന്യുവിന് ഒന്നേ പറയാനുള്ളൂ. ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ നിങ്ങള്‍ അനുസരിക്കുക; കൂടെ നിര്‍ത്തുക. നിങ്ങള്‍ക്ക് വേണ്ടതെന്തും അപ്പപ്പോള്‍ ചെയ്തുകൊടുക്കപ്പെടും. പകരം എന്തുതരണമെന്ന് അപ്പോള്‍ പറയും. ഞങ്ങളെ അനുസരിക്കാതെ, 'എടോ' എന്നും ചുക്ക് എന്നും ഏലം-കാപ്പി-സര്‍ക്കാര്‍ ഭൂമി എന്നുമെല്ലാം പറഞ്ഞു നടന്നാല്‍ തുലച്ചുകളയും.

*
ജനിക്കുന്നുണ്ടെങ്കില്‍ ദീപക് കുമാരനായി ജനിക്കണം. എവിടെയും കയറിച്ചെല്ലാം. ആദ്യം ചാനല്‍ വാതിലുകളാണ് കൊട്ടിയതെങ്കില്‍ ഇപ്പോള്‍ ക്ളിഫ് ഹൌസിലേക്കാണത്രെ പോകുന്നത്. ഇനിയെങ്ങോട്ടാണിനിയെങ്ങോട്ടാണീയാത്ര എന്ന് പത്രത്തില്‍ പരസ്യം ചെയ്യുന്നത് നല്ലതാണ്. കുമാരന് പേടിയാവുന്നുപോലും. തന്റെ കാറിനുപുറകെ ഒരു കാര്‍ പോയിപോലും. പൊലീസ് പ്രൊട്ടക്ഷനും വേണം. നല്ലതുതന്നെ. ഇനി അദ്ദേഹത്തിന്റെ യാത്ര മനസ്സിലാക്കി, ആ റൂട്ട് ഒഴിവാക്കാന്‍ മാന്യമഹാജനങ്ങള്‍ തയാറാകണം. അഥവാ പിന്തുടരുകയാണെന്ന് സംശയമുദിച്ചാല്‍ കുടുങ്ങിയതുതന്നെ. ഏതായാലും ദീപക് കുമാരന്‍ ഒരുദിവസമേ ചാനലില്‍ നിന്നുള്ളു. കള്ളി പൊളിഞ്ഞുപോയി. സംഗതി അവസാനിക്കരുതല്ലോ. അതുകൊണ്ട് ക്രൈം കാരന്റെ വക്കീലിന് വീരഭൂമിയില്‍ കുടികിടപ്പ്.

സിപിഐ എമ്മിന് ദേശാഭിമാനി; കോണ്‍ഗ്രസിന് മനോരമയും വീക്ഷണവും, ലീഗിന് ചന്ദ്രിക- സോഷ്യലിസ്റ്റ് ജനതയ്ക്കും വേണമല്ലോ ഒരു പത്രം. വീരഭൂമിക്കുതന്നെ എന്തുകൊണ്ടും യോഗ്യത. കാര്യസ്ഥന്‍ സിനിമയുടെ സംവിധായകനെക്കുറിച്ചെഴുതുമ്പോഴും ലേഖകന്റെ കണ്ണ് അയാള്‍ക്ക് സോഷ്യലിസ്റ്റ് ജനതയുമായി എന്ത് ബന്ധം എന്നാകും. വീരന്‍, വീരന്റെ പാര്‍ട്ടി, വീരന്റെ പത്രം. വടകരയില്‍ തോറ്റ് തുന്നം പാടിയ പാര്‍ട്ടിയെക്കുറിച്ച് വീരഭൂമിയുടെ തെരഞ്ഞെടുപ്പ് വിശകലനത്തില്‍ വീരോചിതവര്‍ണ്ണന. സമകാലിക മലയാളമെന്ന ഗേയങ്ക വാരികയ്ക്ക് യഥാര്‍ത്ഥ ഇടതുപക്ഷത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ആ വിശ്വാസം തലച്ചുമടായി വീരഭൂമിയിലെത്തിയിരിക്കുന്നു. ഇനി വാര്‍ത്തകള്‍ക്കൊടുവില്‍ ഒരു ബ്രാക്കറ്റുണ്ടാകും: ഈ വാര്‍ത്ത സോഷ്യലിസ്റ്റ് ജനതയോട് കടപ്പെട്ടതും വലിയ കുമാറിനുവേണ്ടി നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ ദീപക് കുമാര്‍ പ്രസിദ്ധീകരിക്കുന്നതും ആകുന്നു എന്ന്.

*
വാല്‍കഷ്ണം:

2 ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് മന്‍മോഹന്‍സിങ്ങിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി:

രണ്ട് ജിയെ മാത്രമേ എനിക്കറിയൂ എന്ന്. ഒന്നാമത്തേത് സോണിയ'ജി'. രണ്ടാമത് രാഹുല്‍'ജി'.

4 comments:

ശതമന്യു said...

2 ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് മന്‍മോഹന്‍സിങ്ങിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി:

രണ്ട് ജിയെ മാത്രമേ എനിക്കറിയൂ എന്ന്. ഒന്നാമത്തേത് സോണിയ'ജി'. രണ്ടാമത് രാഹുല്‍'ജി'.

ഷൈജൻ കാക്കര said...

ഏത്‌ ഫീസറിൽ വെച്ചാലും സത്യം ഒരു നാൾ പുറത്തു വരും... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഗോപികൃഷ്ണനും സ്വാമിക്കും യെച്ചൂരിക്കും... പിന്നെ സത്യം പുറത്ത്‌ കൊണ്ടുവരുവാൻ പിന്നണിയിൽ ചരടുകൾ വലിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു...

അഴിമതി വീരൻമാരെ ശിക്ഷിക്കുക... അഴിമതി നടത്തിയത്‌ സ്വന്തം നേതാവാണ്‌ എന്ന കാരണത്താൽ... ഒരിക്കലും പിൻതുണക്കരുത്‌... നേതാവിനേക്കാൽ വലുതാണ്‌ പാർട്ടി... പാർട്ടിയേക്കാൾ വലുതാണ്‌ രാജ്യം... രാജ്യത്തേക്കാൾ വലുതാണ്‌ ജനം...

രാജയെ പൊക്കാൻ “ആദർശും” “കോമൺവെൽത്തും” സഹായിച്ചു... അല്ലേ...

jayan said...

""""""ഒരുതരം ക്വട്ടേഷന്‍ പണിയാണ് കെട്ടകാലത്തിന്റെ വിശേഷം. പണംമുടക്കുന്നവന് കാര്യംനേടാന്‍ ആരെയും ചാരനുമാക്കും ചോരനുമാക്കും. പത്രക്കാരന്റെ കുത്തകയ്ക്ക് ഇളക്കംതട്ടിച്ചുകൊണ്ടാണ് ചാനല്‍കുട്ടികള്‍ തള്ളിക്കയറിയത്. പണ്ടൊക്കെ പത്രക്കാരനായാല്‍ നാലാളറിയണമെങ്കില്‍ എഴുതിത്തളരണം. അണ്ഡകടാഹത്തിലെ സകലതും അരച്ചുകുടിക്കണം. ചാനല്‍ റിപ്പോട്ടിങ്ങിന് അതൊന്നും വേണ്ട. ഇളക്കിയിളക്കിയുള്ള നടത്തം, കുലുക്കിക്കുലുക്കിയുള്ള വര്‍ത്തമാനം, ഇടിച്ചിടിച്ചുള്ള നുഴഞ്ഞുകയറ്റം-ഇത്രയും മതി യോഗ്യത. പക്വത, വിവരം, വിവേകം എന്നിവയുടെ ആവശ്യമേയില്ല.

ആരോടും എന്തും ചോദിക്കാം; വിളിച്ചുപറയാം. അങ്ങനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിയാല്‍ തനിക്കെന്താ ഇനി എംഎല്‍എയോ എംപിയോ ആയിക്കൂടേ എന്നുവരെ തോന്നും. യഥാര്‍ഥത്തില്‍ ഇത് മാധ്യമപ്രതിഭകളുടെ കാലമാണ്. രാഷ്ട്രീയം എങ്ങനെ പോകണം, എവിടെ ബ്രേക്കിടണം, ഏതുനേതാവ് മഹാനാകണം, ഏതുമഹാന്‍ താഴെ വീഴണം എന്നെല്ലാം പ്രതിഭാസംഗമങ്ങളില്‍ തീരുമാനിക്കപ്പെട്ടും. അതിനെ ചിലര്‍ മാധ്യമ സിന്‍ഡിക്കറ്റ് എന്നെല്ലാം വിളിക്കുന്നുണ്ട്. അതില്‍ കാര്യമില്ല. ഇവിടെയുള്ളത് സംസ്ഥാനകമ്മിറ്റിയാണെങ്കില്‍ മാധ്യമ സിന്‍ഡിക്കറ്റിന്റെ കേന്ദ്രകമ്മിറ്റി അങ്ങ് ഡല്‍ഹിയില്‍ത്തന്നെയാണ്.""""""

ശതമുനി,

ജീര്‍ണത കൊടി കുത്തിവാഴുന്ന ഈ കെട്ട കാലത്ത് ഇതെല്ലാം വിളിച്ചു പറയാനും ചര്‍ച്ച ചെയ്യാനും ആരുമില്ലാതെ പോകുന്നു എന്നതാണ് നമ്മുടെയൊക്കെ ദുരിയോഗം....

Unknown said...

ബര്‍ക്ക ദത്തെ, നീയും!
http://kalpakenchery.blogspot.com/2010/11/blog-post.html