Sunday, April 25, 2010

വീരവിരാട കുമാരവിഭോ

സന്ദര്‍ഭം ഉത്തരാ സ്വയംവരം. തിരുവാതിരക്കളിയില്‍ പ്രചുരപ്രചാരം നേടിയ വരികള്‍. കേള്‍ക്കാത്തവര്‍ കുറയും. നാരിമാര്‍ അഷ്ടമംഗല്യവുമായി എട്ടുപത്തു തുടിതുടിച്ച് കുളികഴിഞ്ഞ് പാട്ടുപാടി ചാണകംമെഴുകിയ മുറ്റത്ത് എട്ടങ്ങാടിയും വിളക്കുംവച്ച് അണിഞ്ഞൊരുങ്ങി കളിക്കുന്ന കളിയാണ് തിരുവാതിര. അത് വീട്ടുമുറ്റത്തുനിന്ന് അരങ്ങത്തെത്തിയിട്ട് കുറച്ചു വര്‍ഷങ്ങളേ ആയുള്ളൂ.

"വീരവിരാട കുമാരവിഭോ, ചാരുതരഗുണ സാഗരഭോ മാരലാവണ്യ, നാരീമനോഹരി താരുണ്യ ജയജയ ഭൂമികാരുണ്യ, വന്നീടുക ചാരത്തിഹ പാരില്‍ത്തവ നേരൊത്തവരാരുത്തര സാരസ്യ സാരമറിവതിനും നല്ല മാരസ്യ ലീലകള്‍ ചെയ്‌വതിനും....''

മാരസ്യ ലീലകളാണ് പ്രധാനം. നമ്മുടെ കഥാപാത്രങ്ങള്‍ ചേലചുറ്റി വ്രീളകളഞ്ഞു വിവിധമോരോ ലീലകളാടിയത് ലാവ്ലിന്‍ വിഷയത്തിലാണ്. ഇണങ്ങിയും വണങ്ങിയും ആടിത്തകര്‍ത്ത അഴിമതിയുടെ ലേലം വിളിയുടെ ഇപ്പോഴത്തെ അവസ്ഥ തികച്ചും സഹതാപാര്‍ഹം.
പത്തുകൊല്ലത്തോളമേ ആയുള്ളൂ ലാവ്ലിന്‍ കുരവ നാട്ടില്‍ കേട്ടുതുടങ്ങിയിട്ട്. സംഗതി ഇപ്പോള്‍ റിവേഴ്സ് ഗിയറില്‍ കുതിച്ചുപായുന്ന 'അഴിമതി'യുടെ ലേലം വിളിയാണ്. കോടിയുടെ വലുപ്പം പടവലങ്ങ പോലെ കീഴോട്ടു പായുമ്പോള്‍ ജനം അന്തംവിട്ട് കുന്തം വിഴുങ്ങുന്നു. അശ്ളീലകുമാരന്‍ 500 കോടിയില്‍ സ്റ്റാര്‍ട്ട് ചെയ്ത ലേലം ലോക്സഭാ ഇലക്ഷന്‍ കാലത്ത് വീരഭൂമി വഴി ഉമ്മന്‍ചാണ്ടി 440 കോടിക്ക് താഴ്ത്തി വിളിച്ചു. പിന്നെ 374.5 കോടിയെന്നായി പത്രങ്ങള്‍. ശേഷം താഴോട്ട് ഒറ്റക്കുതിപ്പായിരുന്നു. ഒറ്റനിലവിളിയില്‍ മനോരമ അത് 100 കോടിയാക്കി. പിന്നാലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിളി വന്നു; തുക 98.4 കോടി. നാളുകള്‍ കൊഴിഞ്ഞുവീണപ്പോള്‍ 86 കോടിയായി വീണ്ടും താണു. ഇപ്പോഴിതാ സിബിഐ പറയുന്നു, പൂജ്യം കോടി.

അപ്പോഴാണ് ഹൈദരാബാദില്‍നിന്ന് മാതൃഭൂമിയുടെ താളിലേക്ക് നിരങ്ങിയെത്തിയ കെല്‍ട്രോണ്‍ ജീവനക്കാരനായ ഒരു നീലാണ്ടന്‍ വക ഖണ്ഡനോപക്ഷേപം,"പിണറായി വിജയന്‍ കൈക്കൂലി വാങ്ങിയെന്നതല്ല സിബിഐയുടെ കേസ്. അക്കാര്യം അവര്‍ അന്വേഷിച്ചിട്ടുമില്ല'' എന്ന്. തരൂരിനെ താങ്ങി പിണറായിയെ പഴിക്കാന്‍ പഴുതുണ്ടോയെന്നാണ് നീലാണ്ടന്റെ അന്വേഷണം. കാളകൂടവിജ്ഞാനം പതഞ്ഞൊഴുകുന്നത് കേള്‍ക്കു.

"നിയമത്തിന്റെ ദൃഷ്ടിയിലും തെളിവുകളുടെ അടിസ്ഥാനത്തിലും ശശിതരൂര്‍ കുറ്റക്കാരനെന്നു സ്ഥാപിക്കുക എളുപ്പമല്ല''.

പാവം മന്‍മോഹനും പ്രണബ് മുഖര്‍ജിയും ആന്റണിയും തരൂരിനെ ചെവിയില്‍ തൂക്കി പുറത്തു കളയുന്നതിന് മുമ്പ് നീലാണ്ടനോട് ഉപദേശം ചോദിക്കാന്‍ തോന്നാത്ത സങ്കടം കരഞ്ഞു തീര്‍ക്കുകയാവും മഹാമന്ത്രിമാര്‍. അവിടം കൊണ്ടും നിര്‍ത്താത്ത നീലാണ്ടവിജ്ഞാനം ഇങ്ങനെ തുടരുന്നു. സുനന്ദ പുഷ്കറിന്റെ വിയര്‍പ്പോഹരി നിയമവിധേയം; കൈമാറ്റം നടന്നത് സ്വകാര്യ പണമാണ്; ശശി തരൂരിന്റെ പങ്ക് നിയമപരമായി തെളിയിക്കുക എളുപ്പമല്ല; പവാറും മോഡിയും ജെയ്റ്റ്ലിയും രാജിവയ്ക്കാതെ തരൂര്‍ രാജിവച്ചതെന്തിന്.... ഇങ്ങനെ പോകുന്നു ഡിക്ചെനിയുടെ പഴയ കണക്കെഴുത്തുകാരന്റെ കുമ്മിയടി.

തമാശയെഴുതുന്നുവെങ്കില്‍ ഇങ്ങനെ വേണം. സ്മാര്‍ട്സിറ്റിയായാലും തരൂരായാലും ലാവ്ലിന്‍ പുസ്തകപടുവിന് തരാതരംപോലെ ന്യായം മാറ്റാം. ഇങ്ങനെയൊരു തലച്ചോറ് ഹൈദരാബാദില്‍ വെയിലു കൊള്ളുന്നുവെന്ന് ലളിത് മോഡി അറിയേണ്ട താമസം, ആസ്ഥാനവക്കീലായി അടുത്ത അപ്പോയ്ന്റ്മെന്റ് ഓര്‍ഡര്‍ പറന്നു വരും. ചീറ്റിപ്പോയ ലാവലിന്‍ കേസില്‍ പിന്നെയും മരുന്ന് നിറയ്ക്കാനുള്ള വെപ്രാളം പലവഴിക്കാണ് മതിലുചാടുന്നത്. കഥയില്ലാത്തൊരു കഥയാണ് ലാവ്ലിനെന്ന് നീലാണ്ടനുമറിയാം വീരാണ്ടനുമറിയാം.

ലാവ്ലിന്‍ കേസിലെ 'കോഴ' ഒടുവില്‍ രണ്ടുകോടിയിലാണെത്തിയിരിക്കുന്നത്. 374 കോടിയില്‍നിന്ന് രണ്ടുകോടിയിലേക്ക്! ഓരോ ദിവസവും പുലരുമ്പോള്‍ കുമാരന്മാര്‍ തലപുകഞ്ഞാലോചിക്കുന്നു-ഇന്നത്തെ വെടിമരുന്ന് എന്ത് എന്ന്. അതാണ് കുമാരസംഭവം. ക്രോണോളജി അഥവാ ദിനസരി നോക്കൂ-

ആദ്യം ക്രൈം കുമാരന്‍ വക മാജിക്കല്‍ ജേര്‍ണലിസം. അഴിമതി വീരന്‍; നീചന്‍ എന്ന് പഴി. അന്ന് വല്യകുമാരന് ഒറ്റയ്ക്ക് മിണ്ടാന്‍ വകുപ്പുണ്ടായിരുന്നില്ല-മുന്നണിയുടെ കെട്ട്. താന്‍ മിണ്ടിയില്ലെങ്കിലും മിണ്ടിക്കാന്‍ ആളുണ്ടായി. ഗോപാലകൃഷ്ണനും ഗോപീകൃഷ്ണനുമെന്നുള്ള കുറെ കൃഷ്ണന്മാര്‍. അതാണ് കൃഷ്ണനാട്ടം. കൃഷ്ണകുമാരസംഘം ചിന്നംവിളിച്ച് കുമ്മിയടിച്ചു. പിണറായി വിജയനെ തല്‍ക്കാലത്തേക്ക് ഒരരുക്കാക്കണം. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം. പാര്‍ടിക്കു ചേതം;പാര്‍ടിവിരുദ്ധര്‍ക്കു ലോട്ടറി. ലോട്ടറിയല്ല-ലോട്ടറി മാഫ്യ തന്നെ. തിരിച്ചും മറിച്ചും നോക്ക്യാലും അഴിമതി കണ്ടില്ലെങ്കിലും കുഴപ്പമില്ല-അന്വേഷണം തരാക്ക്യാമതിയെന്നായി. അന്വേഷണം നേരിടുന്ന പാര്‍ടി സെക്രട്ടറി എന്നുപറയാമല്ലാ.

സിബിഐ കേസെടുത്തപ്പോള്‍ ഒരു കുമാരന്‍ പ്രഖ്യാപിച്ചത് ഇനി പിണറായി എണീക്കില്ലെന്നാണ്. ആ പരിപ്പൊന്നും ഒരടുപ്പിലും വെന്തില്ല. ഇടയ്ക്ക് എന്തെല്ലാം ഉപകഥകള്‍ പൊട്ടിമുളച്ചു. ലൈസന്‍സുള്ള വെടിയുണ്ട അബദ്ധത്തില്‍ ബാഗില്‍ വന്നപ്പോള്‍ ഭീകരനായാണ് ചിത്രീകരിച്ചത്. ചികിത്സാര്‍ഥമുള്ള യാത്രപോലും വിവാദത്തില്‍ മുക്കി. ആരാന്റെ കൊട്ടാരം കാട്ടി അതാ പിണായിയുടെ വീടെന്നുപറഞ്ഞ് ആഘോഷിച്ചു. ഒടുവില്‍ പറഞ്ഞത്, ഗള്‍ഫില്‍ പോകുമ്പോള്‍ സഹായത്തിന് ഒരു പൊലീസുദ്യോഗസ്ഥനെ കൊണ്ടുപോയി എന്നാണ്. പൊലീസുകാരന്‍ അറിയിക്കേണ്ടിടത്ത് അറിയിക്കാതെ ഉല്ലാസയാത്രക്കിറങ്ങിയതിനും കുത്ത് പിണറായിക്ക്!

വിവാദം അവസാനിക്കാതിരിക്കാന്‍ അഡ്വക്കറ്റ് ജനറലിനെ ആദ്യം കയറിപ്പിടിച്ചതും വീന്ദ്രേകുമാരനാണ്. അതാണ് വഴക്കം. ലാവ്ലിന്‍ കേസില്‍ തന്റെ ഇംഗിതത്തിന് അഡ്വക്കറ്റ് ജനറല്‍ വഴങ്ങിയില്ല എന്ന തോന്നല്‍ വീരഭദ്രനുണ്ട്. ആ പക തീര്‍ക്കാന്‍ മറ്റൊരു പ്രശ്നത്തില്‍ എജിയുടെ കഴുത്തിന് പിടിക്കുന്നു. അപ്രിയമായതിനെ നാറ്റിച്ചുകളയും. അതിനുള്ള ഉപകരണമാണ് ക്രിമിനല്‍ വാരികയും അതിന്റെ ഉടമയും. നുണകൊണ്ടു മാത്രം ജീവിക്കാനാകുമോ? ലാവ്ലിനിലും 'പിണറായിവധ'ത്തിലും എല്ലാ കൃഷ്ണന്മാരും കുമാരന്മാരും പരാജയപ്പെട്ടപ്പോഴാണ് പുതിയ ഒരു കുമാരനെ ചെന്നൈയില്‍നിന്നിറക്കിയത്-ദീപക് കുമാരന്‍. എവിടെനിന്നോ വന്നു ഞാന്‍; എവിടേക്കോ പോണു ഞാന്‍ എന്ന ഗാനാലാപവുമായി അടയ്ക്കാ രാജുവിന്റെ ശേലിലാണ് പ്രത്യക്ഷപ്പെട്ടത്. ഏശിയില്ല. ആരും ഗൌനിച്ചില്ല. പത്തുകൊല്ലം ഏതു പാത്രത്തില്‍പോയി ഒളിച്ചിരുന്നു ഈ സാക്ഷിപുംഗവന്‍ എന്നതിന് ആരും ഉത്തരം നല്‍കിയില്ല. പി സി ജോര്‍ജിനും നന്ദകുമാറിനും വീരേന്ദ്രകുമാരനിലുണ്ടായ സാക്ഷിമോന്‍! മരണവീട്ടില്‍ ചെന്ന് കരയാന്‍പോലും കൂലിക്ക് ആളെക്കിട്ടുന്ന നാടാണ്. പിന്നെയല്ലേ ഒരു സാക്ഷി.

പണം കായ്ക്കുന്ന മരം എവിടെയാണെന്ന് ശതമന്യുവിന് പിടികിട്ടുന്നില്ല. സുപ്രീം കോടതിയില്‍ വക്കീല്‍ എഴുന്നേറ്റുനില്‍ക്കാന്‍, പലപല തരത്തില്‍ ഹര്‍ജി കൊടുക്കാന്‍, പത്രത്തില്‍ അഭീഷ്ടാനുസരണം വാര്‍ത്തയെഴുതിക്കാന്‍, നീലാണ്ടന് നോക്കുകൂലിയായി-ദമ്പിടി പണം വേണം. ലക്ഷം കടന്ന് കോടിയാകും. പിണറായി വിജയന് കേസ് നടത്താന്‍ പണവും സഹായവുമായി രംഗത്തുവന്നത് സ്വാതന്ത്ര്യസമര സേനാനികളാണ്; മണ്‍മറഞ്ഞ മഹാരഥന്മാരുടെയും രക്തസാക്ഷികളുടെയും പ്രിയപ്പെട്ടവരാണ്. 'പിണറായിവധം' കേസ് നടത്താനോ? ഏതൊക്കെ ചാലിലൂടെ പണം വരുന്നുവെന്ന് ഒന്ന് അന്വഷിക്കുകതന്നെ വേണം. അപ്പോള്‍ മനസ്സിലാകും കുമ്മിയടിക്കാരുടെ ഉള്ളുകള്ളി. കൈകൊട്ടി വണങ്ങി നന്നായ് ഇണങ്ങിക്കുമ്മിയടിക്കുന്നവരുടെ പറമ്പിലാണോ പണംകായ്ക്കുന്ന മരം, അതല്ല കുഴലിലൂടെ വരുന്നതാണോ അത് എന്ന പരിശോധനയ്ക്ക് ഒരു കുമാരനും വരുന്നില്ലല്ലോ എന്റെ ശിവനേ.

*
കേസ് കോടതിയില്‍ മാത്രമല്ല ചാനലിലും വാദിക്കണമെന്നാണ് പുതിയ സമ്പ്രദായം. കോടതിയില്‍ തോറ്റാലും വേണ്ടില്ല, ചാനലില്‍ ഒരു കൈനോക്കിയാല്‍മതി. ചാനല്‍ മാര്‍ക്കറ്റുള്ള വക്കീലന്മാരെ തെരഞ്ഞുപിടിച്ച് വക്കാലത്തുകൊടുത്താല്‍ കക്ഷിക്ക് പരമസുഖം. കേസ് തോറ്റാലെന്ത്; പ്രശസ്തി പറന്നുവരും. ചില കോമ്പിനേഷനുകള്‍ നാട്ടുനടപ്പാണ്. ഈനാംപേച്ചിക്ക് മരപ്പട്ടി; ചക്കിക്ക് ചങ്കരന്‍; വീരകുമാരന് നന്ദകുമാരന്‍; ഉമ്മന്‍ചാണ്ടിക്ക് ചെന്നിത്തല; ക്രൈം കുമാരന് കാളിവക്കീല്‍; പി സി ജോര്‍ജിന് ഷാജഹാന്‍-ഇങ്ങനെ. കറുത്ത കോട്ടിട്ടുപോയാല്‍ ചാനലില്‍ 'നിയമ വിശാരദനാ'കും. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നാലുവാക്കു പറഞ്ഞാല്‍ മാധ്യമ വിമര്‍ശകനാകും. ലാവ്ലിന്‍ കേസില്‍ കമല ഇന്റര്‍നാഷനല്‍, ടെക്ക്നിക്കാലിയ, സിംഗപ്പൂര്‍ യാത്ര, അനധികൃത ധന സമ്പാദനം എന്നിങ്ങനെയെല്ലാം നന്ദകുമാരന്‍ ഛര്‍ദിച്ചത് വാരിവലിച്ച് തിന്ന് ആനന്ദിച്ച കൂട്ടത്തില്‍ കാളിവക്കീലും നീലാണ്ടനും സര്‍വ കുമാരന്മാരും കൃഷ്ണന്മാരുമുണ്ട്. അക്കഥകളൊന്നും നേരല്ലെന്ന് സിബിഐ പറഞ്ഞപ്പോള്‍ സന്തോഷിച്ച ശതമന്യു അങ്ങനെ സന്തുഷ്ടനാകുന്നത് നിയമവിരുദ്ധമാണെന്ന് മനസ്സിലാക്കിയത് കാളി വക്കീലിന്റെ ചാനല്‍പ്രകടനം കണ്ടപ്പോഴാണ്. നന്ദകുമാരന്റെ കഥകള്‍ കുട്ടയില്‍വച്ച് കോടതി കയറിയിറങ്ങുകയും അപവാദ പ്രചാരണത്തിന്റെ കുത്തക ഏറ്റെടുക്കുകയും ചെയ്യുന്നത് നിയമവിധേയം; കള്ളം പൊളിഞ്ഞാല്‍ അത് ചൂണ്ടിക്കാട്ടുന്നത് നിയമവിരുദ്ധം. ഈ നാടാണ് സ്മാര്‍ട് വെള്ളരിക്കാ സിറ്റി.

*
എണ്‍പത്തേഴിന്റെ ചൂരടിക്കുന്നുണ്ട്. മതത്തിന്റെയും ജാതിയുടെയും കൊടിപിടിക്കുന്നവരാകെ വലത്തോട്ടാണ് നടക്കുന്നത്. നല്ല കാര്യമാണ്. അഴുക്കെല്ലാം തെറിച്ചുപോയാല്‍ ഊതിക്കാച്ചിയ പരുവത്തിലാകും. നേര്‍ക്കുനേര്‍ നിന്ന് പോരടിക്കാം. അഴുക്കുശേഖരണം കലയും ജീവിതവുമാക്കിയവരെയും കുറ്റം പറയാനാവില്ല. അവര്‍ ശുദ്ധീകരണ പ്രക്രിയക്കാര്‍ കൂടിയാണ്. മതത്തെ, ജാതിയെ, വിഭാഗത്തെ പോക്കറ്റിലിട്ടു നടക്കുകയാണെന്ന് ഭാവിക്കുന്ന ചിലരുണ്ട്. സമാജക്ഷേമമെന്നാല്‍ അവര്‍ക്ക് അവരുടെ ഉന്നമനമാണ്; അധികാരമാണ്. അത്തരക്കരെയാകെ ഒരു പെട്ടകത്തില്‍ കയറ്റിയാല്‍ യഥാര്‍ഥ മതവിശ്വാസികള്‍ക്കും മാനംമര്യാദയായി ജീവിക്കുന്നവര്‍ക്കും പരിപൂര്‍ണ സ്വാതന്ത്ര്യമാണ് കിട്ടുക. കണ്ണൂരില്‍ ഒരു കുട്ടി വലത്തോട്ടുനോക്കിയപ്പോള്‍തന്നെ തരായത് നിയമസഭയിലേക്കുള്ള ടിക്കറ്റാണ്. അങ്ങനെ ആരെയെങ്കിലും ഒറ്റയ്ക്കോ കൂട്ടായോ പിടിച്ചുവലിക്കാന്‍ നോക്കുന്നവര്‍ക്കും രംഗസജ്ജീകരണം ഒരുക്കുന്നവര്‍ക്കും ആശംസകള്‍.

5 comments:

ശതമന്യു said...

പത്തുകൊല്ലത്തോളമേ ആയുള്ളൂ ലാവ്ലിന്‍ കുരവ നാട്ടില്‍ കേട്ടുതുടങ്ങിയിട്ട്. സംഗതി ഇപ്പോള്‍ റിവേഴ്സ് ഗിയറില്‍ കുതിച്ചുപായുന്ന 'അഴിമതി'യുടെ ലേലം വിളിയാണ്. കോടിയുടെ വലുപ്പം പടവലങ്ങ പോലെ കീഴോട്ടു പായുമ്പോള്‍ ജനം അന്തംവിട്ട് കുന്തം വിഴുങ്ങുന്നു. അശ്ളീലകുമാരന്‍ 500 കോടിയില്‍ സ്റ്റാര്‍ട്ട് ചെയ്ത ലേലം ലോക്സഭാ ഇലക്ഷന്‍ കാലത്ത് വീരഭൂമി വഴി ഉമ്മന്‍ചാണ്ടി 440 കോടിക്ക് താഴ്ത്തി വിളിച്ചു. പിന്നെ 374.5 കോടിയെന്നായി പത്രങ്ങള്‍. ശേഷം താഴോട്ട് ഒറ്റക്കുതിപ്പായിരുന്നു. ഒറ്റനിലവിളിയില്‍ മനോരമ അത് 100 കോടിയാക്കി. പിന്നാലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിളി വന്നു; തുക 98.4 കോടി. നാളുകള്‍ കൊഴിഞ്ഞുവീണപ്പോള്‍ 86 കോടിയായി വീണ്ടും താണു. ഇപ്പോഴിതാ സിബിഐ പറയുന്നു, പൂജ്യം കോടി.

Unknown said...

ഈനാംപേച്ചിക്ക് മരപ്പട്ടി; ചക്കിക്ക് ചങ്കരന്‍; വീരകുമാരന് നന്ദകുമാരന്‍; ഉമ്മന്‍ചാണ്ടിക്ക് ചെന്നിത്തല; ക്രൈം കുമാരന് കാളിവക്കീല്‍; പി സി ജോര്‍ജിന് ഷാജഹാന്‍-ഇങ്ങനെ. കറുത്ത കോട്ടിട്ടുപോയാല്‍ ചാനലില്‍ 'നിയമ വിശാരദനാ'കും. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നാലുവാക്കു പറഞ്ഞാല്‍ മാധ്യമ വിമര്‍ശകനാകും.

ജനശക്തി said...

അശ്ളീലകുമാരന്‍ 500 കോടിയില്‍ സ്റ്റാര്‍ട്ട് ചെയ്ത ലേലം ലോക്സഭാ ഇലക്ഷന്‍ കാലത്ത് വീരഭൂമി വഴി ഉമ്മന്‍ചാണ്ടി 440 കോടിക്ക് താഴ്ത്തി വിളിച്ചു. പിന്നെ 374.5 കോടിയെന്നായി പത്രങ്ങള്‍. ശേഷം താഴോട്ട് ഒറ്റക്കുതിപ്പായിരുന്നു. ഒറ്റനിലവിളിയില്‍ മനോരമ അത് 100 കോടിയാക്കി. പിന്നാലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിളി വന്നു; തുക 98.4 കോടി. നാളുകള്‍ കൊഴിഞ്ഞുവീണപ്പോള്‍ 86 കോടിയായി വീണ്ടും താണു. ഇപ്പോഴിതാ സിബിഐ പറയുന്നു, പൂജ്യം കോടി.

കോടികളെടുത്ത് അമ്മാനമാടുക എന്നു പറഞ്ഞാല്‍ ഇതാണോ?

jayan said...

കഥയ്ല്ലതൊരു കഥകളിലാണ് ഇന്ന് കേരളത്തിലെ മുഘ്യധാര ജനജീവിതം അഭിരമിക്കുന്നത് , നേരിന്റെ നെരിപ്പോടില്‍ പടുതുയര്ടിയ പുരോഗമന പ്രസ്ഥാനങ്ങളെയും അവരുടെ നേതാക്കന്‍മരെകുരിച്ചും ഗീബല്‍സിയന്‍ നുണകള്‍ കൊണ്ട് തകര്തുകലയമെന്ന അജെണ്ടയ്ടെ പരീക്ഷന്ശലയാകുന്നു നമ്മുടെ നാട് ... മാധ്യമങ്ങളുടെ പ്രചാരണ സാധ്യഥകള്‍ ഉപയോഗിച്ചുകൊണ്ട് തന്തയില്ലകൂട്ടങ്ങള്‍ കാട്ടികുട്ടുന്ന പോര്രട്ടുനടാകങ്ങള്‍ അരങ്ങു തകര്‍ക്കുന്നു...
സിനിമലോകെതെ ഗോസിപ്പുകള്‍ പോലെ വിസ്വസനിയമംവിധം ഇക്കുട്ടര്‍ നിര്മിച്ച്ടുക്കുന്ന വാര്‍ത്തകള്‍ ഉപ്പുതൊടാതെ വിഴുങ്ങാന്‍ ജനം നിര്‍ബന്ധിതരാവുന്നു .... നീലാണ്ടനും വീരണ്ട്നും ശന്ടനുംമൊക്കെ ചേര്‍ന്ന ഈ സിനിമാലയിലെ സൂത്രധാരന്‍ കപ്പലില്‍ത്തന്നെ വസിക്കുന്ന ആനന്ദമയിയായ ഒരു യമ്ണ്ടകന്തന്ന്യാണ്....! തനിക്കു ശേഷം പ്രളയമെന്നു ധരിച്ചു വശായ ഇവര്‍ക്ക് ഭരിക്കാന്‍ നേരമില്ല,പത്രക്കാരെ വിളിച്ചുകൂട്ടി ഉല്ലാസ ചിരിയുമായി, നിങ്ങള്‍ അന്വേഷിച്ചു പറയു ,നിങ്ങളാണ് എല്ലാം എന്നിങ്ങനെ ഇളകിയാടി വരുമ്പോള്‍ ......നുണയന്മാര്‍ക്ക്‌ ഇതിനപ്പുറം ആനന്ദക്കാന്‍ എന്താണ് വേണ്ടത്...?.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്പുരതുപോവേണ്ടിവന്നവരും ,വ്യവസ്ഥാപിത വലതുപക്ഷവും എകൊപനസമിതികളായി വരുന്ന ജീര്‍ണതയ്ക്ക് ...വെള്ളവും വളവും കൊടുക്കുന്നത് ആരാണ് ..? കൂടെയുള്ളവര്‍ നന്നായി ഭരിച്ചു ന്ശബ്ദരായി അവാര്‍ഡുകള്‍ വാരിക്കൂട്ടുമ്പോള്‍ നാഴികക്ക് നാല്പതുവട്ടം പത്രസമ്മേളനം നടത്തി കുത്ത് വാക്കും കുശുംബുമായി വാര്‍ത്തകള്‍ നിര്‍മ്മിചു ഭരണത്തെ പണ്ടാരമടക്കാന്‍ പ്രതിജ്ഞ എടുത്തു നടക്കുന്ന "വെലിക്കകതുല്ലവേരെ" തന്നയാണ് നമുക്ക് ആദ്യം ചെറുത്‌ തോല്പ്പിക്കാനുള്ളത്. ഇതാണ് വര്‍ത്തമാന കാലത്തേ യഥാര്‍ത്ഥ ഇടതുപക്ഷ ജാഗ്രതയും പോരാട്ടവും....

Unknown said...

ചില പ്രമാണിമാരായ വീരഭൂമിഇന്ദ്രന്‍സ് ഇറങ്ങിയിട്ടുണ്ട്.'നര്‍മ്മം'ഒക്കെ വിട്ടു നേരിട്ട് ഭീഷണി ആണ്,വീരഭൂമിയിലൂടെ. ആരെയെന്നല്ലേ.ഈ കേസ് തികച്ചും രാഷ്ട്രീയപ്രേരിതം എന്ന് പറഞ്ഞ ജസ്റ്റിസ് കൃഷ്ണയ്യെരെയും,ജസ്റ്റിസ് നരേന്ദ്രനെയും മറ്റും.പേരെടുത്തു പറഞ്ഞാ ഭീഷണി. അഴീക്കോടിനെ തൊടാതെ വിട്ടു.ടിയാനെ തൊട്ടാല്‍ ഇവന്റെയൊക്കെ ട്രൌസര്‍ അങ്ങേരു തെരുവില്‍ കീറും.മുതലാളിക്ക് പറ്റിയ പഴയ അനുഭവവും ഉണ്ട്. ഇന്നലെവരെ കെട്ടിപൊക്കിയ നുണകള്‍ തങ്ങള്‍ക്കു നേരെ തിരിയുന്നു, അതിന്റെ വെപ്രാളം.പിന്നെ,പൊതുസമൂഹത്തില്‍ തന്നെ കാര്യങ്ങള്‍ ബോധ്യപ്പെട്ടു വരുന്നു.സെബാസ്റ്യന്‍ പോളും,ഡോ.ബാബു പോളും ഒക്കെ പ്രതികരിച്ചു. ബാബുപോള്‍ ഇങ്ങനെ പറയുന്നു,മാധ്യമത്തില്‍. "എഴാമതോ എട്ടാമതോ ആയി പട്ടികയില്‍ ഇടം കണ്ടെത്തിയ വിജയനെ ഒന്നാം പ്രതിയും,ഗൂഡാലോച്ചനാ സൂത്രധാരനും സകല തിന്മകളുടെ ഉറവിടമായ ആകല്‍ക്കരുസായും ആണ് പൊതുധാരാ മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. പതിനഞ്ചുവര്ഷം മുമ്പ് എ.കെ ബാലന് ഇന്നുള്ള പദവി ആണ് വിജയന്. അച്ചുതാനന്ദനെയും വിജയനെയും വൈക്കം വിശ്വനെയും ഒക്കെ വെട്ടിച്ചു രായ്ക്കുരാമാനം കാനഡയിലോ ടിബക്ട്ടുവിലോ,എത്തി കരാര്‍ ഉണ്ടാക്കാനോ കൈകൂലി പോക്കട്ടിലാക്കാനോ ബാലന് കഴിയില്ല.പതിനഞ്ചു വര്ഷം മുമ്പ് വിജയനും ആവുമായിരുന്നില്ല. ഈ ലളിത യുക്തി വിദഗ്തമായി മറച്ചു വെക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു..ഇടമലയാര്‍ ഗ്രാഫൈറ്റ് കേസുകളില്‍ ബാലകൃഷ്ണപ്പിള്ള സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കി എന്ന കേസുകളെ പോലെ അല്ലാതെ അതിനുപരിയായി ഈ കേസ് ഏഴാം പ്രതിയു ടെ മാത്രം കുറ്റമായി നമ്മെ ധരിപ്പിക്കാന്‍ മാധ്യമശ്രമമുണ്ടായതാണ് തിരിച്ചറിയപ്പെടാതെ പോയതെന്നും പിണറായി ഇപ്പോള്‍ കുറ്റമുക്തനായി എന്ന ധാരണ ജനിക്കുന്നത് അതുകൊണ്ടാണെന്നും ബാബുപോള് എഴുതുന്നു.
ബാബുപോള് എന്തോ എഴ്തട്ടെ,പൊതുസമൂഹത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി വരുന്നു. അതിന്റെ വൈക്ലബ്യം ഇന്ദ്രവീരന്മാര്‍ക്കും മാതൃഭൂമിക്കും ഒക്കെ ഉണ്ട്.അതാണ്‌ നോട്ടു മഷിയിട്ടു പിടിച്ച കേസല്ല എന്നൊക്കെ പ്രാകുന്നത്.അങ്ങനെയെങ്കില്‍ കഴിഞ്ഞ പത്തു വര്ഷം അതല്ലേ ജനത്തോടു പറയേണ്ടിയിരുന്നത്, "നോട്ടില് മഷിയിട്ടു പിടിപ്പിക്കാന്‍ പറ്റിയില്ല,നോട്ടുമായി ഒരു ബന്ധവുമില്ല" എന്നല്ലേ.100കോടിയുടെ,പുതിയ കഥയുമായി ഇറങ്ങിയ നാറികള്‍ക്ക്‌ പ്രചരണം കൊടുക്കയാണോ ചെയ്യേണ്ടത്. അതിന്റെ യുക്തിയെങ്കിലും നോക്കണ്ടേ.സാധനസാമഗ്രിക്കടക്കം 240 കോടി കാണിച്ചു കാര്‍ത്തികേയനു സമര്‍പ്പിച്ച കരാറില് നൂറു കോടി കോഴ കൊടുക്കാന്‍ സാക്ഷാല്‍ വൈകുണ്ഡം പരമേശ്വരന് പറ്റുമോ.എല്ലാം പോട്ടെ. മൂന്നാറില്‍ സര്‍ക്കാര്‍ഭൂമി അധീനതയില്‍ ഉള്ളവര് പറയുന്നത് അതൊക്കെ കാശ് കൊടുത്തു ഞങ്ങള്‍ വാങ്ങിയതാണ് എന്നാണ്.പിന്നെ ടാറ്റയടക്കം പറയുന്നു ഇതൊക്കെ അമ്പതും നൂറും കൊല്ലം മുമ്പ് തങ്ങള്‍ക് "കിട്ടിയതാണ്" എന്നാണു. വയനാട്ടില്‍ സര്‍ക്കാര്‍ഭൂമി കയ്യിലില്ല എന്ന് വീരന്മാര്‍ കുമാരന്മാര്‍ ഇതുവരെ പറഞ്ഞിട്ടില്ല.പറഞ്ഞത്, "അപ്പൂപ്പന്‍,അപ്പന്‍ തന്നതാണ്" എന്നാണു. ഈ കൊള്ള കയ്യേറ്റക്കാരന്റെ ശമ്പളവും കിമ്പളവും വാങ്ങി കഫമടിച്ചാണ് ഇന്ദ്ര വീരന്മാര്‍ സത്യം ന്യായം ധര്‍മം,നീതി ഒക്കെ വീരഭൂമിവഴി ജസ്റ്റിസ് കൃഷ്ണയ്യെരെയും,ജസ്റ്റിസ് നരേന്ദ്രനെയും മുതല്‍ പൊതുജനത്തിനുവരെ ട്യൂഷന്‍ കൊടുക്കുന്നത്.നാണം കെട്ട വര്‍ഗ്ഗം. ശതമന്യു പറഞ്ഞത് സത്യം തന്നെ, ഇതാണ് സ്മാര്‍റ്റ് വെള്ളരിക്കാ സിറ്റി.