Sunday, April 4, 2010

പ്ളാച്ചിമടയിലേക്ക് ഒരു ടിക്കറ്റ്

ഒരു സ്വര്‍ണക്കടയുടെ പരസ്യത്തില്‍ പറയുന്നു: മുഖംമൂടികളെ തിരിച്ചറിയൂ, വശ്യമായ പുഞ്ചിരിക്കുപിന്നിലെ ക്രൂരമുഖങ്ങള്‍ കാണാന്‍ പണിക്കൂലിയുടെ തോതുവച്ച് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പട്ടിക നോക്കൂ എന്ന്. മുഖംമൂടി ഒരു വലിയ സംഭവമാണ്. അതാണ് ആഗോളവല്‍കൃത സമൂഹത്തിന്റെ ലോഗോ. ഉള്ളിലൊന്നും പുറത്ത് വേറൊന്നും എന്നാണ് അതിന്റെ മുദ്രാവാക്യം.

നിങ്ങള്‍ എല്ലാം തികഞ്ഞ ഒരു പൂട്ടുപൊളിപ്പനാണെങ്കില്‍ ഗസറ്റില്‍ വിജ്ഞാപനംചെയ്യിച്ച് പേര് 'ഹരിശ്ചന്ദ്രന്‍' എന്നുമാറ്റണം. വെള്ള വസ്ത്രമേ ധരിക്കാവൂ; പച്ചക്കറിയേ കഴിക്കാവൂ. നിങ്ങള്‍ ഒരു തട്ടിപ്പുകാരനാണങ്കിലോ? നെറ്റിയില്‍ 'സത്യമേവ ജയതേ' എന്ന് എഴുതിവയ്ക്കണം; സോഷ്യലിസം, ആദര്‍ശം, കല, സംസ്കാരം എന്നെല്ലാം ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കണം. കൈയേറ്റക്കാരനാണെങ്കില്‍ ഭൂമിവെട്ടിപ്പിടിത്തത്തിനെതിരെ ധര്‍മസമരം നയിക്കണം. പെപ്സിയുടെ ആളാണെങ്കില്‍ കൊക്കകോളയുടെ ജലചൂഷണത്തിനെതിരായ ധീരോജ്വല മുന്നേറ്റത്തിന്റെ മുന്നില്‍ നില്‍ക്കണം. ജലസംരക്ഷണ സപ്ളിമെന്റ് ഇറക്കണം. ആദിവാസി-ദളിത്-പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ച് വീരോചിതം വീമ്പടിച്ചുകൊണ്ട് അവരുടെ ഭൂമി തട്ടിയെടുക്കണം. ഏറ്റവും മോശമായ കള്ളങ്ങള്‍ സദാ നാവില്‍ വിളങ്ങവെ 'മൃദുഭാഷി' അവാര്‍ഡ് വില കൊടുത്തുവാങ്ങണം. അഹന്തയുടെയും പരപുച്ഛത്തിന്റെയും ബാനര്‍ സ്വയം തലയില്‍വയ്ക്കുമ്പോള്‍ മറ്റുള്ളവരെ നോക്കി 'നിങ്ങളുടെ മുഖം തേളുകുത്തിയതുപോലെ' എന്ന് കുറ്റപ്പെടുത്തണം.
ഇത്രയൊക്കെ വൈശിഷ്ട്യങ്ങളും സകലകലാവല്ലഭനെന്ന ഡിഗ്രിയും കൈയിലുണ്ടെങ്കില്‍ ആഗോളവല്‍ക്കരണത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാം. 'വീരേട്ടാ, ആര് ആരെയാണ് വില്‍ക്കുന്നത്' എന്ന് ഒരു കഥാകാരിയും കരയില്ല. ഇങ്ങനെതന്നെ ചാടണം വീരന്‍; ചോദ്യചിഹ്നംപോല്‍ ആടണം വീരന്‍; ഇങ്ങനെതന്നെ തീരണം വീരന്‍' എന്ന് ഒരു കവിയും പാടുകയില്ല. പെരുമാട്ടിയില്‍ ആദിവാസിപ്രണയവും മണ്ണിനോടുള്ള മമതയും കൊണ്ടുവന്നിറക്കിയത് വലിയ അവാര്‍ഡായ മഗ്സാസെ മനസില്‍ കണ്ടാണെന്ന് മിണ്ടില്ല. 'മണ്ണേ, മരമേ, മയിലമ്മേ' കവിതകളുണ്ടാകുന്നത് ഒരു പ്രത്യേകതരം രാസപ്രവര്‍ത്തനം നടക്കുമ്പോള്‍ മാത്രമാണ്. പരിസ്ഥിതി, കുടിവെള്ളം, മലിനീകരണം തുടങ്ങിയ വാക്കുകള്‍ക്ക് മികച്ച വിപണിമൂല്യമുണ്ടെന്നു കണ്ടെത്തുന്നതാണ് പ്രധാനം. ചില പാവങ്ങള്‍ ഈ വാക്കുകള്‍ നെഞ്ചില്‍ കയറ്റിവച്ച് പേര്‍ത്തും പേര്‍ത്തും പോരാടുന്നു. ചില വേന്ദ്രന്മാര്‍ അവരെ കബളിപ്പിച്ച് സമരത്തെ ഹൈജാക്ക് ചെയ്യുന്നു.

പെരുമാട്ടിയില്‍ ഒരുഭാഗത്ത് സമരം നടക്കുമ്പോള്‍ മറുവശത്തൂടെ വീരകൃഷ്ണന്‍കുട്ടിയും അനുയായികളും കൃഷിയിടത്തിലെ കിണറുകളില്‍നിന്ന് വെള്ളം കോളക്കമ്പനിക്ക് വിറ്റു. കമ്പനിക്ക് സ്ഥലം വാങ്ങികൊടുത്തതിന് പ്രതിഫലമായി കിട്ടിയത് ടൊയോട്ട ക്വാളിസ് വാന്‍. നാടകം തുടരനായി നടന്നു. യുഡിഎഫ് ഭരണമാണന്ന്-കോളവിരുദ്ധ സമരത്തില്‍ ചുവന്നകൊടിപിടിച്ച മുന്നൂറാള്‍ക്കെതിരെ കേസ്. വീരദളത്തിന്റെ ഒരു കുട്ടിക്കെതിരെയും കേസില്ല. പക്ഷേ, സമരം വീരവിരചിതമെന്ന് പെരുമ്പറ. ലോക ജലസമ്മേളനം; അഖണ്ഡ പ്രഭാഷണയജ്ഞം; കാണാച്ചരടിന്റെ കുരുക്കഴിക്കാനുള്ള പരക്കംപാച്ചില്‍. ഒരു പാലമിടുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. കോളക്കമ്പനിക്ക് തോഴിയായാലും മതി- മാമ്പഴ അച്ചാര്‍ ഫാക്ടറി തുറക്കാന്‍ ഒരുകൈ സഹായം. കോള കുടിച്ചില്ലെങ്കില്‍ അച്ചാര്‍ തൊട്ടുനക്കുകയെങ്കിലുമാകാം. ദാനശീലന്മാരായ വീരകേസരികള്‍ക്ക് തലേന്നുതന്നെ സമ്മതം. സഹായത്തിന് തടസ്സം സമരക്കാരാണെങ്കില്‍ അവരെ തല്ലിയോടിക്കാം; പന്തല്‍ തകര്‍ക്കാം. ഉയരാനും താഴാനും പരിധി വേണ്ടല്ലോ.

*
പെരുമാട്ടിയിലെ കാര്യം പറയുമ്പോള്‍ പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്തുകാര്യം എന്നും ചോദിക്കാം. എം പി വീരേന്ദ്രകുമാര്‍ മാന്യന്‍, മഹാന്‍, മധുഭാഷി. അദ്ദേഹത്തിന്റെ പാര്‍ടി വെജിറ്റേറിയന്‍ സോഷ്യലിസ്റ്റ്. ഏതു സോഷ്യലിസ്റ്റായാലും ചില്ലറ ദൌര്‍ബല്യങ്ങളൊക്കെയുണ്ടാകും. സ്വന്തം പാര്‍ടി, സ്വന്തം ഭൂമി, സ്വന്തം അനുയായി-അങ്ങനെ. 'പൊട്ടച്ചാവഴി ദൂരംമാത്രം കഷ്ടിച്ചങ്ങുപറക്കും കോഴികള്‍ ഗരുഡനുപിറകെ ചിറകുംവീശി ഗഗനേ ഗമനം വാഞ്ഛിക്കുന്നു' എന്നാണല്ലോ. മറ്റുപാര്‍ടികള്‍ സമരം നടത്തുമ്പോള്‍ കോഴിക്കും പറക്കണം ഗഗനത്തില്‍. വിമത ദള്‍ എന്നും വീരന്‍ ദള്‍ എന്നും അറിയപ്പെടുന്ന സാധനത്തെ യുഡിഎഫിന്റെ ആലയിലെത്തിച്ചെങ്കിലും സാന്നിധ്യം തെളിയിക്കാന്‍ ചില്ലറ അടിപിടിയൊക്കെ ഉണ്ടാക്കിയേ തീരൂ.

പ്ളാച്ചിമടയില്‍ തല്ലുകൊണ്ടത് ആദിവാസികള്‍ക്കാണ്. വീടും സമരപ്പന്തലും നഷ്ടപ്പെട്ടതും അവര്‍ക്കാണ്. ആദിവാസി ദളിത് ക്ഷേമത്തിന്റെ തോള്‍സഞ്ചിയുമായി കവിതയൊലിപ്പിച്ചും പ്രഭാഷിച്ചും തെക്കുവടക്കു നടക്കുന്ന ചില പ്രമാണിമാരെയൊന്നും കാണാനേയില്ല. വയനാട്ടില്‍ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുകയും പെരുമാട്ടിയില്‍ കോളക്കമ്പനിക്ക് ആദിവാസികളെ ഒറ്റുകൊടുക്കുകയുംചെയ്ത ശക്തിയെക്കുറിച്ച് അവര്‍ക്ക് പ്രതികരണമില്ല! പ്ളാച്ചിമടയിലേക്കുള്ള ഒരു ടിക്കറ്റാണ് അവരുടെ പ്രശ്നം. അതും വീരോചിതം എടുത്തുകൊടുക്കേണ്ടിവരും.

മാതൃഭൂമിയാണ് കസറിയത്. അവര്‍ പറഞ്ഞു: അക്രമികള്‍ സാമൂഹ്യവിരുദ്ധരെന്ന്. സാമൂഹ്യവിരുദ്ധരുടെ സംസ്ഥാന പ്രസിഡന്റാണ് പത്രത്തിന്റെ വല്യശമാന്‍. തല്ലുകൊണ്ട് ആശുപത്രിയിലായ ചില പാവങ്ങള്‍ വല്യശമാനോട് പരാതി പറഞ്ഞു-പഞ്ചായത്തിനോടുകളിച്ചാല്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നായിരുന്നുവത്രേ മറുപടി. അത് വീരോചിതം തന്നെ. ആഗോളവല്‍ക്കരണ കാലത്തെ സത്യസന്ധത. ശതമന്യുവിന് ആക്രോശിക്കാന്‍ മുട്ടുന്നു.

*
പെസഹയും ദുഃഖവെള്ളിയും ഈസ്റ്ററും കഴിഞ്ഞു. പെസഹാ വ്യാഴത്തിന് ഉണ്ടാക്കുന്ന വിശിഷ്ടപലഹാരമാണ് ഇന്‍ട്രിയപ്പം.

'ഇന്‍ട്രിയപ്പത്തിന് തേങ്ങപോരാഞ്ഞ്
അപ്പനെത്തല്ലി തെങ്ങേക്കേറ്റി
ഇന്‍ട്രിയപ്പം വെന്തുംപോയി
അമ്മേടപ്പന്‍ ചത്തുംപോയി'

എന്നൊരു പാട്ട് കോട്ടയം ഭാഗത്തെ ക്രിസ്ത്യാനികള്‍ പാടാറുണ്ട്. നാടന്‍ പാട്ട്. നമ്മുടെ വേലിക്കല്‍ മുരളീധരന്റെ ആത്മകഥാംശം ഈ പാട്ടിലുണ്ടോ എന്ന് നേരിയ സംശയമുണ്ട്. എല്ലാം പോയ അവസ്ഥയിലാണ് പുള്ളിക്കാരന്‍. തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകുന്നു. ഇരുവരും അയഞ്ഞാല്‍ കുരുക്ക് മാവേലിക്കരയില്‍നിന്ന് വരും. ഉണ്ണിത്താന് കടന്നുചെല്ലാന്‍ പറ്റുന്ന പാര്‍ടിയില്‍ മുരളീധരനെ കയറ്റില്ലെന്ന്! ഉണ്ണിയെക്കണ്ടാല്‍ ഊരിലെ പഞ്ഞമറിയാം. ഉണ്ണിത്താനെ കണ്ടാല്‍ കോണ്‍ഗ്രസിന്റെ സമൃദ്ധി അറിയാം. കോണ്‍ഗ്രസിന്റെ ഇനിയുള്ള വളര്‍ച്ചയ്ക്ക് ഉണ്ണിത്താന്റെ അനുഭവങ്ങള്‍ മുതല്‍ക്കൂട്ടാകട്ടെ എന്നാണ് പ്രാര്‍ഥിക്കേണ്ടത്. ചില വഴികളും രീതികളുമൊക്കെ പുതിയ തലമുറയും അറിയണം. മഞ്ചേരി വഴി ബംഗളൂരുവിലേക്കുള്ള റൂട്ട് തുറന്നു കിടക്കുകയാണ്. പുതിയ യൂത്ത് ക്യാമ്പുകളിലെ സ്ഥിരം അധ്യാപകനായി ഉണ്ണിത്താനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഹുല്‍ഗാന്ധിയില്‍നിന്ന് സംഘടിപ്പിക്കാന്‍ വലിയ പാടൊന്നുമുണ്ടാകില്ല.

ഉണ്ണിത്താനെ ആര്‍ക്കാണ് പേടി എന്നത് വലിയ ചോദ്യമാണ്. ചില പാര്‍ടികളില്‍നിന്ന് പുറത്താക്കപ്പെട്ടാല്‍ തിരിഞ്ഞുനോക്കാതെ വീട്ടിലേക്ക് പോകേണ്ടിവരും. ഞാന്‍ പലതും വിളിച്ചുപറയും എന്നു വിരട്ടിയാല്‍, എങ്കില്‍ പറഞ്ഞുതുലയ്ക്ക് എന്ന് നേതൃത്വത്തിന് ചങ്കുറപ്പോടെ പറയാനും കഴിയും. ഉണ്ണിത്താനും കോണ്‍ഗ്രസും തമ്മില്‍ അത്തരമൊരു ബന്ധമല്ല. പുറത്തുനില്‍ക്കുന്ന ഉണ്ണി അകത്തെത്തിയാല്‍ അപകടം കുറയും. അതോര്‍ത്ത് തൊമ്മനും ചാണ്ടിയും ഒന്നിച്ച് അയഞ്ഞു. വേണ്ടാതീനങ്ങള്‍ ഉണ്ണിത്താന്റെ വായില്‍നിന്ന് പുറത്തുവരുംമുമ്പ് അദ്ദേഹം അകത്തായി. ഇനി തൊമ്മനും ചാണ്ടിക്കുമെല്ലാം നെടുവീര്‍പ്പിടാം.

മുരളീധരന്‍ ഇനി പറയാന്‍ വല്ലതും ബാക്കി കിടപ്പുണ്ടോ. എന്നാലും ഉണ്ണിത്താന്‍ അകത്തും മുരളി പുറത്തും- മാണിസാര്‍ പുറത്തും പി സി ജോര്‍ജ് അകത്തും എന്നെല്ലാം പറയുന്നതുപോലെ.

ചിരി വരുന്നു.

3 comments:

ശതമന്യു said...

പെസഹയും ദുഃഖവെള്ളിയും ഈസ്റ്ററും കഴിഞ്ഞു. പെസഹാ വ്യാഴത്തിന് ഉണ്ടാക്കുന്ന വിശിഷ്ടപലഹാരമാണ് ഇന്‍ട്രിയപ്പം.

'ഇന്‍ട്രിയപ്പത്തിന് തേങ്ങപോരാഞ്ഞ്
അപ്പനെത്തല്ലി തെങ്ങേക്കേറ്റി
ഇന്‍ട്രിയപ്പം വെന്തുംപോയി
അമ്മേടപ്പന്‍ ചത്തുംപോയി'

എന്നൊരു പാട്ട് കോട്ടയം ഭാഗത്തെ ക്രിസ്ത്യാനികള്‍ പാടാറുണ്ട്. നാടന്‍ പാട്ട്. നമ്മുടെ വേലിക്കല്‍ മുരളീധരന്റെ ആത്മകഥാംശം ഈ പാട്ടിലുണ്ടോ എന്ന് നേരിയ സംശയമുണ്ട്. എല്ലാം പോയ അവസ്ഥയിലാണ് പുള്ളിക്കാരന്‍. തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകുന്നു. ഇരുവരും അയഞ്ഞാല്‍ കുരുക്ക് മാവേലിക്കരയില്‍നിന്ന് വരും. ഉണ്ണിത്താന് കടന്നുചെല്ലാന്‍ പറ്റുന്ന പാര്‍ടിയില്‍ മുരളീധരനെ കയറ്റില്ലെന്ന്! ഉണ്ണിയെക്കണ്ടാല്‍ ഊരിലെ പഞ്ഞമറിയാം. ഉണ്ണിത്താനെ കണ്ടാല്‍ കോണ്‍ഗ്രസിന്റെ സമൃദ്ധി അറിയാം. കോണ്‍ഗ്രസിന്റെ ഇനിയുള്ള വളര്‍ച്ചയ്ക്ക് ഉണ്ണിത്താന്റെ അനുഭവങ്ങള്‍ മുതല്‍ക്കൂട്ടാകട്ടെ എന്നാണ് പ്രാര്‍ഥിക്കേണ്ടത്. ചില വഴികളും രീതികളുമൊക്കെ പുതിയ തലമുറയും അറിയണം. മഞ്ചേരി വഴി ബംഗളൂരുവിലേക്കുള്ള റൂട്ട് തുറന്നു കിടക്കുകയാണ്. പുതിയ യൂത്ത് ക്യാമ്പുകളിലെ സ്ഥിരം അധ്യാപകനായി ഉണ്ണിത്താനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഹുല്‍ഗാന്ധിയില്‍നിന്ന് സംഘടിപ്പിക്കാന്‍ വലിയ പാടൊന്നുമുണ്ടാകില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇത് ഒന്ന് ബി.ആര്‍.പി ഭാസ്ക്കറിനെങ്കിലും അയച്ചുകൊടുക്കണേ. ആദിവാസികളെ തൊട്ടത് അങ്ങര്‍ അറിഞ്ഞില്ല എന്ന് തോന്നുന്നു. അങ്ങെര്‍ കുടിയൊഴിപ്പിക്കലിനെതിരെ സായാഹ്നധർണ്ണ നടത്തിക്കൊണ്ടിരിക്കുകയാ

ramachandran said...

എങ്കിലും മീരെട്ടി... മീരെട്ടി, സത്യത്തില്‍ ആര് ആരെയാണ് വില്‍പനയ്ക്കു വയ്ക്കുന്നത്?

സത്യത്തില്‍ നിങ്ങളൊക്കെ ആര്‍ക്കു വേണ്ടിയാണു ഇങ്ങനെ വില്പനയ്ക്ക് വെച്ചിരിക്കുന്നത് ...?? നനെമ്കെട്ട നപുസംകം വീരേന്ദ്ര കുമാറിന് വേണ്ടിയോ?? ,ക്രൈം നന്ദ കുമാറിനെ പോലെ നിങ്ങളും അദ്ദേഹത്തിനുവേണ്ടി കൂലിക്കെഴുതുകയെല്ലേ
...????? കഷ്ടമുണ്ട് .... സഹോദരി .... നിങ്ങളൊക്കെ പ്രതിഭയ്ള്ള കഥകരികളനെന്നാണ് വിശ്വാസം ...... മീരെട്ടി... മീരെട്ടി.... ഇനിയെങ്കിലും സ്വന്തം ബുദ്ടിയും പ്രതിഭയും വീരഭുമിക്കും വീരെട്ടനും കണ്ട കൊരെട്ടനും മറ്റുംഅടിയരവെക്കാതെ, വില്പ്പന്ക്കുവേക്കാതെ. നല്ലകഥകള്‍ എഴുതി ജീവിക്ക് ...

വെറുതെ ഒരു മനസ്സമാധാനത്തിന്..........!!!!