Sunday, May 2, 2010

ചാണ്ടി-കുട്ടി പെട്ടകം

കുഞ്ഞാലിക്കുട്ടിമാരുടെയും ഉമ്മന്‍ചാണ്ടിമാരുടെയും ഭരണം തിരിച്ചുവരുംപോലും. കേരളീയര്‍ നാലുകൊല്ലം മുമ്പത്തെ കഥകളെല്ലാം മറന്നുപോലും. ഒരുകൊല്ലം കഴിഞ്ഞ് വരാനിരിക്കുന്ന പ്രളയത്തെ അതിജീവിക്കാന്‍ ഗോഫര്‍ മരംകൊണ്ട് പെട്ടകം തയ്യാറായിക്കഴിഞ്ഞു. മുന്നൂറുമുഴം നീളവും അന്‍പതുമുഴം വീതിയും മുപ്പതുമുഴം ഉയരവും കിളിവാതിലുമുള്ള അകത്തും പുറത്തും കീല്‍തേച്ച പെട്ടകം. ഒറിജിനല്‍ പെട്ടകത്തില്‍ നോഹ സ്വന്തം കുടുംബത്തെയും സകല ജീവജാലങ്ങളിലെയും ഒരു നിത്യാനന്ദയ്ക്ക് ഒരു രഞ്ജിനി എന്ന കണക്കില്‍ ദമ്പതിമാരെയുമാണ് കയറ്റിയത്. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് കരിമൂര്‍ഖന്‍, ശ്രീമാന്‍ ശ്രീമതി പഴുതാര, തേളും തേളത്തിയും, കാളന്‍-പശുമതി, അപ്പുക്കുട്ടന്‍-തരൂര്‍ എന്ന മട്ടില്‍. പെട്ടകത്തില്‍ കയറുക; കയറാത്തവരെ നാല്‍പ്പതുദിവസം മഴപെയ്യിച്ച് മുക്കിക്കളയും എന്നാണ് നോഹയോട് പണ്ട് ദൈവം പറഞ്ഞത്.

പുതിയ കാലം ഇവന്റ് മാനേജ്മെന്റിന്റെ കാലമാണ്. അനന്തപുരിയുടെ രക്ഷകനായ ശശി തരൂരിന് 'സമരപുളകങ്ങള്‍തന്‍ സിന്ദൂരമാലകള്‍' അര്‍പ്പിക്കാനും ജനം കൂടുന്ന കാലം. തരൂരിന്റെ പുളകം പോസ്റ്ററുകളായും നീലാണ്ടന്‍-അപ്പുക്കുട്ടന്‍ യുഗ്മഗാനമായും വിരിയുന്ന മധുരമനോജ്ഞ കാലം. അങ്ങനെ ഒരു ഇവന്റ് മാനേജ്മെന്റ് ടീമിനെക്കൊണ്ട് പുതിയ മഹാപ്രളയം ഉണ്ടാക്കാനും നൂറ്റമ്പതുദിവസം ഭൂമിമലയാളത്തെ വെള്ളത്തില്‍ മുക്കാനും കഴിയും എന്ന പ്രതീതി ഉണ്ടാക്കലാണ് പ്രധാനം.

കൊടിവച്ച പെട്ടകം പണിയിച്ച് ആളുകളെ വിളിച്ചു കയറ്റിക്കൊണ്ടിരിക്കുന്നു. ആദ്യമാദ്യം കയറിപ്പറ്റിയ ദമ്പതിമാര്‍ കുടിപാര്‍പ്പുമാത്രമല്ല പ്രത്യുല്‍പ്പാദനപരമായ കര്‍മങ്ങളിലും ഏര്‍പ്പെട്ടതുകാരണം പെട്ടകത്തിനകത്ത് സ്വാഭാവികമായ ജനസംഖ്യാപെരുപ്പമുണ്ട്. ഒരു കുടുംബം പെറ്റുപെരുകി വിശാല ഐ, കരു ഐ, പിന്‍ഗാമി ഐ, ഞാന്‍ ഐ, മോന്‍ ഐ, ഉമ്മന്‍ എ, പാപ്പി എ, അപ്പച്ചന്‍ എ, സുധീരന്‍ എ, മുല്ലപ്പള്ളി എ-ഇങ്ങനെ പലപേരുകളില്‍ പുരനിറഞ്ഞു നില്‍പ്പാണ്. പിളര്‍ന്നു വളര്‍ന്നു പിളര്‍ന്നു നില്‍പ്പുളള മറ്റൊരു കുടുംബത്തില്‍ എത്ര മക്കളുണ്ടെന്ന് തിട്ടമില്ല- ഹാജര്‍ പുസ്തകം വച്ചാണ് വീതം വിതരണം. കാലത്ത് കൂറ്റന്‍ കുട്ടകത്തില്‍ മട്ടന്‍ സ്റ്റൂവും വട്ടളത്തില്‍ പാലപ്പവും നിരത്തി വിളിതുടങ്ങും. ആദ്യം കുഞ്ഞുമാണിക്യം വന്ന് നാലപ്പവും നാലുപീസ് ഇറച്ചിയും കൈക്കലാക്കി നാലായിരം പേരെ ഊട്ടാന്‍ പുറപ്പെടും. തള്ള വരും പിള്ള വരും ജേക്കബ് വരും ജോര്‍ജ് വരും ....

അടുത്തത് ഒരു കുട്ടിക്കുടുംബമാണ്. കുഞ്ഞാലിക്കുട്ടി, ഇബ്രാഹിംകുട്ടി, കുട്ടി അഹമ്മദ്കുട്ടി എന്നിങ്ങനെ സാധാരണയില്‍കൂടുതല്‍ വിശപ്പുള്ള കുട്ടികള്‍. കൂട്ടത്തില്‍ മറ്റുചില കുട്ടികളെയുംകൊണ്ട് മുനീറുകുട്ടിയുടെ ചാനലില്‍നിന്ന് റജീനക്കുട്ടിയും ഇറങ്ങി വന്നെന്നിരിക്കും. കുട്ടിക്കളിക്കിടയില്‍ കഷ്ടപ്പെട്ട് മുന്നോട്ടുവരും മാടായി മന്നവന്‍ റിട്ട. മലബാര്‍ ശിങ്കം രാഘവപ്പെരുമാള്‍. പഴയ ഒച്ചയൊന്നുമില്ല-ഒരു മുരള്‍ച്ച മാത്രം.

നീണ്ടകര മുതല്‍ നീണ്ടകരവരെ നീണ്ടുകിടക്കുന്ന ജീവി ജീവനുണ്ടോ എന്ന് സ്വയം നുള്ളി പരിശോധിക്കുമ്പോള്‍ ആലപ്പുഴമുതല്‍ അരൂര്‍വരെ ആഴമുള്ള മറ്റൊരു പാര്‍ടി തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് ആശാസംകൊള്ളുന്നു. അതാ മുറ്റത്തൊരു ശബ്ദം. കോട്ടിട്ട സുരേഷ് തിരിഞ്ഞുനോക്കുമ്പോള്‍ അത് വീരക്കിളിയുടെ ശബ്ദമാണ്. പെട്ടകത്തിലേക്കുള്ള ലേറ്റസ്റ്റ് എന്‍ട്രി. ശബ്ദമേയുള്ളൂ. ചിറകിന്നടിയില്‍ കുഞ്ഞിക്കിളിയുണ്ട്-കല്‍പ്പറ്റക്കിളി. പ്രളയം വരുന്നതിനുമുമ്പുതന്നെ പെട്ടകം തകരുന്ന മട്ടാണ്. താങ്ങാനാവണ്ടേ. ചാണ്ടിയോ തൊമ്മനോ വലുതെന്ന തര്‍ക്കത്തിലാണ് പെട്ടകത്തിന്റെ കൈകാര്യകര്‍ത്താവായ കാരണവപ്പാര്‍ടി.

അവിടത്തെ അടി തീരുന്നതിനുമുന്‍പാണ് കുഞ്ഞുമാണിക്യത്തിന് ഒന്നുകൂടി വളരാന്‍ മോഹമുദിച്ചത്. കടക്കണ്ണെറിഞ്ഞും മാടിവിളിച്ചും പെട്ടകത്തിലേക്ക് പുതിയ അംഗത്തെ കയറ്റുന്നു. വരേണമെന്നും വരേണ്ടെന്നും വന്നാല്‍ വാഴിക്കില്ലെന്നും വന്നില്ലെങ്കില്‍ വാഴില്ലെന്നും രോദനവും പ്രതിരോദനവും. കുട്ടികളുടെ പാര്‍ടിക്ക് കുഞ്ഞുമാണിയുടെ വളരുന്ന പാര്‍ടിയെ പേടി. മധ്യതിരുവിതാംകൂറിന്റെ പരിപ്പെടുത്തേ മാണിക്യം ഇനി വിശ്രമിക്കൂ എന്ന് പ്രതിജ്ഞ. ഇടുക്കിയില്‍ കടത്തില്ലെന്ന് അഹിംസാപാര്‍ടിയുടെ ഹിംസാനേതാവ്. പെട്ടകത്തില്‍ പടയാണ്. പ്രളയത്തെ അതിജീവിക്കാന്‍ പെട്ടകത്തില്‍കയറിയവര്‍ തമ്മിലടിച്ചും തിക്കിലും തിരക്കിലും പെട്ടും പെട്ടകം തകര്‍ന്ന് അകാലചരമഗതി പൂകിയെന്ന വാര്‍ത്തയും അച്ചായന്റെ പത്രത്തില്‍ ഉടന്‍ പ്രതീക്ഷിക്കാം.

ശതമന്യു ഇതെല്ലാം മാനത്തു കണ്ടതാണ്. എണ്‍പത്തേഴിന്റെ ചൂരടിക്കുന്നുവെന്ന് പറഞ്ഞത് വെറുതെയല്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ചക്ക ഒരു മുയലിനെ കൊന്നു. ചക്കയും മുയലും കളി എല്ലാകാലത്തുമുണ്ടാകുമോ? കുഞ്ഞാലിക്കുട്ടിയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഭരണകാലം ഓര്‍ക്കുന്നവര്‍ കേരളത്തില്‍നിന്ന് കൂട്ടത്തോടെ കാശിക്കു പോകുമോ? പെട്ടകത്തില്‍ കയറാത്തവര്‍ക്ക് ഭരണം കിട്ടില്ല എന്ന് ചിന്തിക്കാം. യഥാര്‍ഥത്തില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണുകയുംചെയ്യാം.

*
ഇനി ഒരു പോസ്റ്റ്മോര്‍ട്ടമാണ്. ഒരു ഡോക്ടര്‍ നേരിട്ടെഴുതിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ മൂലരൂപത്തിലുള്ള സാങ്കേതികമായ തെറിപ്രയോഗങ്ങള്‍ ഒഴിവാക്കി ശതമന്യു പുനഃപ്രസിദ്ധീകരിക്കുന്നു.

ഏപ്രില്‍ 28നു വന്ന മാതൃഭൂമി വാര്‍ത്ത ഇങ്ങനെ:

"ലാവലിന്‍: ദീപക് കുമാറിന്റെ മൊഴിയെടുത്ത് ചോദ്യം ചെയ്യാന്‍ സി.ബി.ഐ തീരുമാനിച്ചു "

കൊച്ചി: ലാവലിന്‍ കേസിലെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കേസിലെ പ്രതിയായ പിണറായി വിജയന്‍ രണ്ടുകോടി രൂപ കൈപ്പറ്റുന്നത് നേരില്‍ കണ്ടുവെന്ന് പരാതി നല്‍കിയിട്ടുള്ള ദീപക് കുമാറിന്റെ മൊഴിയെടുത്ത് ചോദ്യംചെയ്യാന്‍ സി.ബി.ഐ തീരുമാനിച്ചു. ലാവലിന്‍ കേസില്‍ പിണറായിയെ ഏഴാം പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം നല്‍കിയതാണെങ്കിലും അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ കുറ്റപത്രത്തില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കാം. വിചാരണക്കോടതിക്ക് അവ കണക്കിലെടുത്ത് കുറ്റപത്രത്തില്‍ മാറ്റം വരുത്താനും ക്രിമിനല്‍ നടപടിക്രമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. പുതുതായി ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി ലാവലിന്‍ കേസിലെ എല്ലാ വശങ്ങളും കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമാണ് സി.ബി.ഐ.ക്ക് പ്രത്യേക കോടതിയുടെ ഏപ്രില്‍ 23ലെ ഉത്തരവിലൂടെ ലഭിച്ചിരിക്കുന്നത്. നിഷ്പക്ഷമായും നിര്‍ഭയമായുമുള്ള അന്വേഷണത്തിന് ഈ ഉത്തരവില്‍ കോടതി അനുമതി നല്‍കിയിരുന്നു. പിണറായിയും കരാറിലെ ഇടനിലക്കാരായ ദിലീപ് രാഹുലനും നാസറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്നത് അന്വേഷിക്കാനാണ് ഉപഹര്‍ജിയിലൂടെ ‘ക്രെം’ എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ കോടതിയെ സമീപിച്ചത്. ഇപ്പോള്‍ ചെന്നൈയിലുള്ള ദിപക് കുമാറില്‍നിന്നും ഉടനെതന്നെ മൊഴി എടുക്കുന്ന കാര്യം സി.ബി.ഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ദിലീപ് രാഹുലനും നസീറും കണ്ണൂരില്‍ എത്തി പിണറായിക്ക് രണ്ടുകോടി രൂപ നല്‍കുമ്പോള്‍ താനും അവര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ദിപക് കുമാര്‍ സി.ബി.ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.................''

ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് കെ എ ജോണി എഴുതി മാതൃഭൂമിയില്‍ വന്ന വാര്‍ത്തയനുസരിച്ച് ദീപക് കുമാര്‍ സിബിഐക്ക് പരാതി എഴുതിക്കൊടുത്തത് 2009 ഏപ്രിലിലാണ്. ആ വാര്‍ത്തയിലെ പ്രസക്തവാചകം:

"കഴിഞ്ഞ ഏപ്രില്‍ ആദ്യമാണ് ദീപക് 60 പേജ് വരുന്ന രേഖകള്‍ സി.ബി.ഐ.ക്ക് കൈമാറിയത്. ശരിയായ ദിശയില്‍ അന്വേഷണം മുന്നേറിയാല്‍ ലാവലിന്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്നുറപ്പാണ്. അതിനുള്ള തെളിവുകള്‍ സി.ബി.ഐ.ക്ക് മുന്നിലുണ്ട്. "

സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത് 2009 ജൂണ്‍ 11ന്. അതായത് ദീപക് കുമാര്‍ എന്നൊരാള്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ ഏപ്രില്‍ 2009നും ജൂണ്‍ 2009നും ഇടയ്ക്ക് ഒരു മാസത്തോളം ഉണ്ടായിരുന്നു സിബിഐക്ക് ഈ വിവരങ്ങള്‍ അന്വേഷിക്കാന്‍. ദീപക് കുമാര്‍ പറയുന്നതനുസരിച്ച് പിണറായി, ദിലീപ് എന്നിവരുമായി ദീപക് ബന്ധപ്പെടുന്നത് ഇങ്ങനെയൊക്കെ:

1. ലാവ്ലിന്‍ കേസില്‍ ഇടനിലക്കാരനാണെന്ന് ആരോപിക്കപ്പെടുന്ന ദിലീപ് രാഹുലന്‍ വഴിയാണ് ദീപക്, പിണറായിയെ പരിചയപ്പെടുന്നത്. 1990കളില്‍ റബ്കോയ്ക്ക് റബര്‍ മരവുമായി ബന്ധപ്പെട്ട വ്യവസായം തുടങ്ങുന്നതിന് ദീപകാണ് പ്രോജക്ട് റിപ്പോര്‍ട്ട് നല്കിയത്.

2. ദിലീപ് രാഹുലന്‍, കൊല്ലം ടി കെ എം എന്‍ജിനിയറിങ് കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ ദീപകിനറിയാം. 35 വര്‍ഷം നീണ്ട സുഹൃദ്ബന്ധമാണ് ഇവര്‍ തമ്മിലുള്ളത്.

3. ദീപക് കുമാര്‍ കൊടുത്ത പരാതിയില്‍ പറയുന്നതനുസരിച്ച് കണ്ണൂര്‍ ജില്ലയില്‍, സഹകരണാശുപത്രികളിലും കൈത്തറി ബോര്‍ഡിന്റെ കെട്ടിടത്തിലും കൈത്തറി ഗസ്റ്റ് ഹൌസിലും (ഭാവനാനുസൃതം) ഒക്കെ ഓടി നടന്നാണ് പണം കൈമാറിയത്.

എങ്ങാണ്ടോ കിടക്കുന്ന ഒരു വല്യ പുള്ളിക്കാരന്‍ കഷ്ടപ്പെട്ട് അറുപതുപേജ് എഴുത്തും നൂറ്റിനാല്‍പ്പതു പേജ് കഴുത്തുമായി സ്വമേധയാ എത്തി നല്‍കിയ 'തെളിവുകള്‍’പരിശോധിക്കാതെയാണോ സിബിഐ കുറ്റപത്രം തയ്യാറാക്കിയത്? ഏപ്രിലില്‍ പരാതികിട്ടിയിട്ട് ജൂണായപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ച സിബിഐ ഈ ആരോപണപ്പട്ടികയില്‍ ഒന്നുപോലും ശരിയല്ല, അല്ലെങ്കില്‍ തെളിവില്ല എന്ന് കണ്ടെത്തിയിട്ടുണ്ടാവാതെ തരമില്ലല്ലോ.

ലാവ്ലിന്‍ കഥ അവസാനിപ്പിക്കാന്‍ മടിക്കുന്ന മാതൃഭൂമിയും ടീമും ദീപക് കുമാര്‍ 2009ല്‍ കൊടുത്ത പരാതിയെ 2010ലെന്നോ കൊടുത്തതാക്കി മാറ്റുന്നു. അതായത് സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് പുതിയ തെളിവുകള്‍” വന്നതെന്നും സിബിഐയുടെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞ സ്ഥിതിക്ക് അത് അന്വേഷിക്കാന്‍ സാങ്കേതിക തടസ്സമെന്തോ ഉണ്ടെന്നും അതുകൊണ്ടാണ് വീണ്ടും നന്ദകുമാര്‍ ഈ വിഷയം സിബിഐയെ ഓര്‍മിപ്പിക്കാന്‍ ഹര്‍ജി നല്‍കിയതെന്നും വേണമെന്നു വച്ചാല്‍ സിബിഐക്ക് ഇത് അന്വേഷിച്ച് കേസ് ഒന്നുകൂടി ശക്തിപ്പെടുത്താവുന്നതേയുള്ളൂ എന്നും പറഞ്ഞുപരത്താനുള്ള ഒരു ബലാഗുളിച്യാദി.

ലാവ്ലിന്‍ കേസിന് കൃത്രിമശ്വാസം നല്‍കാനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നില്ല എന്നും അവസാന നാളുകള്‍ വെന്റിലേറ്ററിലാണ് ജീവന്‍ പിടിച്ചുനിര്‍ത്തിയതെന്നും സംഗതിവശാല്‍ കാണുന്നു. ഒരു പത്രവും അച്ചുകൂടവുമുണ്ടെങ്കില്‍ ഏതു വാഴപ്പിണ്ടിയെയും കൊടുവാളാക്കിയെടുക്കാം!!

ഇതി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ശുഭം.

5 comments:

ശതമന്യു said...

കുഞ്ഞാലിക്കുട്ടിമാരുടെയും ഉമ്മന്‍ചാണ്ടിമാരുടെയും ഭരണം തിരിച്ചുവരുംപോലും. കേരളീയര്‍ നാലുകൊല്ലം മുമ്പത്തെ കഥകളെല്ലാം മറന്നുപോലും. ഒരുകൊല്ലം കഴിഞ്ഞ് വരാനിരിക്കുന്ന പ്രളയത്തെ അതിജീവിക്കാന്‍ ഗോഫര്‍ മരംകൊണ്ട് പെട്ടകം തയ്യാറായിക്കഴിഞ്ഞു. മുന്നൂറുമുഴം നീളവും അന്‍പതുമുഴം വീതിയും മുപ്പതുമുഴം ഉയരവും കിളിവാതിലുമുള്ള അകത്തും പുറത്തും കീല്‍തേച്ച പെട്ടകം. ഒറിജിനല്‍ പെട്ടകത്തില്‍ നോഹ സ്വന്തം കുടുംബത്തെയും സകല ജീവജാലങ്ങളിലെയും ഒരു നിത്യാനന്ദയ്ക്ക് ഒരു രഞ്ജിനി എന്ന കണക്കില്‍ ദമ്പതിമാരെയുമാണ് കയറ്റിയത്. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് കരിമൂര്‍ഖന്‍, ശ്രീമാന്‍ ശ്രീമതി പഴുതാര, തേളും തേളത്തിയും, കാളന്‍-പശുമതി, അപ്പുക്കുട്ടന്‍-തരൂര്‍ എന്ന മട്ടില്‍. പെട്ടകത്തില്‍ കയറുക; കയറാത്തവരെ നാല്‍പ്പതുദിവസം മഴപെയ്യിച്ച് മുക്കിക്കളയും എന്നാണ് നോഹയോട് പണ്ട് ദൈവം പറഞ്ഞത്.

Unknown said...

അച്ചു - പിണറായി അടി കണ്ടിട്ടൊ, അതൊ ബാലന്‍ - സുമതി റ്റീച്ചര്‍ ഭരണം ക്ണ്ടിട്ടൊ, അതുമല്ലേല്‍ ബേബിയുടെ വിവരംകെട്ട നയങ്ങള്‍ മൂലമൊ ഈ ഭരണം അവസാനിക്കുക എന്ന് ചോദിച്ചാലും തെറ്റ് പറയാന്‍ കഴിയുമൊ?

Anonymous said...

അച്യുതാനന്ദനെ ഉടന്‍ മാറ്റി പുതിയ ഒരു ടീം കൊണ്ടുവന്നാല്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കു ഇനിയും സ്കോപ്പുണ്ട്‌, അടുത്ത ഭരണം യു ഡീ എഫ്‌ ആയാല്‍ ബിഷപ്പുമാരും മനോരമയും മുത്തൂറ്റും മെത്രാനും പിന്നെ കുഞ്ഞാലിക്കുട്ടിയും ആയിരിക്കും യഥാര്‍ത്തത്തില്‍ ഭരിക്കുക ഹിന്ദുക്കള്‍ കഷ്ടപ്പെടും , പക്ഷെ ഇപ്പോഴത്തേ ടീം കൊണ്ടൂ ഇലക്ഷനു പോയാല്‍ നൂറ്റി ഇരുപത്‌ സീറ്റില്‍ യു ഡീ എഫ്‌ അധികാരത്തില്‍ വരും

Unknown said...

ബെര്‍ളിയുടെ ദക്ഷിണാധുനിക കവിതയിലെ നാ‍യകനെപ്പോലെയുണ്ട് മിക്കിള് ഭാഷണം‍. അമ്മാവന്‍ അങ്കമാലിയിലെ പ്രധാനമന്ത്രിയാണെന്നു കരുതി എന്തും ചോദിക്കാമെന്നോ?

ramachandran said...

ജാതി മത വര്‍ഗിയ മാധ്യമ വലതുപക്ഷ നപുംസക രാഷ്ട്രീയം നീണാള്‍ വാഴട്ടെ...!!!! കേരളം ഭ്രാന്താലയം തന്നെയാണ് യാതൊരു തര്‍ക്കവുമില്ല . നമ്മള്‍ സാക്ഷരനെന്നു പറഞ്ഞിട്ടു ഒരു കാരിയവുമില്ല.. ഇതെല്ലമുണ്ടയിട്ടും മേല്‍ ജാതികളെ തലയിലേറ്റികൊണ്ട് നടക്കുന്നുടെങ്കില്‍ ...നമ്മള്തിനെക്കളും ഇമ്മിണി നല്ലതേ, ബീഹാര്‍ ഉത്തരപ്രദേശ് സ്റ്റൈല്‍ രാഷ്ട്രീയം തന്നെയാണ്.......!