Sunday, November 22, 2009

അധോമുഖ വാമനരുടെ ആറാട്ട്

കനകക്കിങ്ങിണി, വള, കൈമോതിരമണിഞ്ഞ് വരുന്ന ഉണ്ണിയെ കണികാണ്മാന്‍ ഒരു പിതാവ് ആശിക്കുന്നതില്‍ തെറ്റുമില്ല, കുറ്റവുമില്ല. അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ വായിച്ചിട്ടില്ലെങ്കിലും അതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. മകനോ മകള്‍ക്കോ വേണ്ടി കത്തെഴുതുന്ന പാരമ്പര്യം പശുവിന്റെയും കിടാവിന്റെയും കാലത്തുതന്നെയുണ്ട്. പശു കുത്തുന്നതേയുള്ളൂ, പൈക്കുട്ടന്‍ കാണെക്കാണെ വളര്‍ന്ന് ഹുങ്കോടെ ചുവപ്പുകാണും ദിക്കിലേക്ക് ചുരമാന്തി നേര്‍ക്കുന്ന കാഴ്ച വൈലോപ്പിള്ളി പാടിയിട്ടുണ്ട്. ഇത് ആ പൈക്കുട്ടനല്ല. പാവം പഴയ കിങ്ങിണിക്കുട്ടന്‍. വളര്‍ത്തുമക്കള്‍ വീട് അടക്കിപ്പിടിക്കുന്നതും വീട്ടുകാരുടെ സ്നേഹം കവര്‍ന്നെടുക്കുന്നതും കണ്ണീരോടെ കണ്ടുനിന്ന, മുടിയനെന്നും വകയ്ക്കുകൊള്ളാത്തവനെന്നും പഴികേട്ട ഒരു ഭൂതകാലം മനസ്സില്‍ കിങ്ങിണി കിലുക്കുന്നുണ്ട്. എല്ലാവരും ചുറ്റും നിന്ന് അപഹസിച്ചപ്പോള്‍ 'ഞാനുണ്ടടുത്തിതാ ഭദ്രമുറങ്ങുക, മോനൊന്നുകൊണ്ടും ഭയപ്പെടേണ്ടെ'ന്ന് സാന്ത്വനിപ്പിച്ചത് പിതാവുമാത്രം. വഴിയില്‍ പലമുഖങ്ങളും കണ്ടു. പല മരത്തണലിലും കിടന്നു. പോകെപ്പോകെ കിട്ടിയ വിശേഷണങ്ങളെത്ര, കല്ലേറുകളെത്ര. അഭിപ്രായം ഇരുമ്പുലയ്ക്കയല്ല എന്നാണ് പിതൃവചനം. അത് മാറിക്കൊണ്ടേയിരിക്കണം. ഇന്ന് കാണുന്നതാണ് സത്യം. നാളെ അത് മായയാകാം. ഇന്നലത്തെ തിരുത്തല്‍വാദം ഇന്നത്തെ തുരപ്പന്‍പണിയും നാളത്തെ പൊട്ടപ്പേവാക്കുമാകാം. മുക്കാലിയില്‍ കെട്ടി പെടയ്ക്കണമെന്ന് തോന്നിയ ഇന്നലത്തെ ശത്രു ഇന്നത്തെ രക്ഷകനാകാം. ഇന്നലെ ചെയ്ത അബദ്ധം ഇന്നത്തെ ആചാരവും നാളത്തെ ശാസ്ത്രവും എന്നാണ്.

പാര്‍ടി ആസ്ഥാനത്തെ കസേരയില്‍നിന്ന് കൊടിവച്ച കാറിലേക്ക് എടുത്തുചാടിയതും വടക്കാഞ്ചേരിയില്‍നിന്ന് വടക്കോട്ടുതന്നെ പോകേണ്ടിവന്നതും അബദ്ധമോ ആചാരമോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. എവിടെയാണ് നില്‍ക്കുന്നത്? ഒരുതുള്ളി കണ്ണീരോ ഒരിറ്റ് സഹതാപമോ എങ്ങും കാണുന്നില്ല. പോരില്‍ പലതും പറഞ്ഞുവെന്നു കരുതി തറവാടിന്റെ പടിപ്പുരവാതില്‍ എന്നാളും അടച്ചിടാമോ? സദ്കൃത്യങ്ങളില്‍ ഒരുപിടി മുന്നില്‍നില്‍ക്കുന്ന ഒരത്ഭുതത്തെ കണ്ണൂരില്‍ കുളിപ്പിച്ച് ഖദര്‍പുതപ്പിച്ചുനിര്‍ത്തിയിട്ടുണ്ടല്ലോ. അവിടെ ഉള്ളതിനേക്കാള്‍ എന്തുകുറവുണ്ട് തന്റെ കൈയില്‍? മുണ്ടുരിയപ്പെട്ട ഉണ്ണിത്താന് കോണ്‍ഗ്രസാകാം, ഉരിക്കാന്‍ ആളെ വിട്ടവര്‍ പുറത്തോ? പൂര്‍വകാലമാണ് മാനദണ്ഡമെങ്കില്‍ ഇന്ദിരാജിയെ ഭാരതയക്ഷി എന്നുവിളിച്ച എം എം ഹസ്സന് ഇന്ദിരാഭവന്റെ പടിചവിട്ടാന്‍ അവകാശമുണ്ടോ. ഹസ്സനെ നോക്കൂ- ആഴ്ചപ്പൂജയായി ഒരു പത്രസമ്മേളനം. ഇടയ്ക്ക് ജനശ്രീയുടെ ചെറിയ ചുമയും പനിയും. ബാക്കിസമയം കൃഷ്ണവിലാസം റോഡിലും ഈശ്വരവിലാസം റോഡിലും തിക്കിത്തിരക്കി വരികയാണ് സഹജരേ ഹസ്സന്‍ നേതാവിനെ കാണാന്‍ ജനക്കൂട്ടം. ഹസ്സന്‍വരെ നേതാവ്- ജനനംകൊണ്ടുതന്നെ നേതാവായ താന്‍... ഹാ കഷ്ടം! എന്നിട്ടും വയലാര്‍ രവി പറഞ്ഞത് കേട്ടില്ലേ- സമയമായില്ലാപോലും. പണ്ട് കെപിസിസി പ്രസിഡന്റായ ഇ എം എസിനെ തിരിച്ചെടുത്തിട്ടില്ല, പിന്നല്ലേ- എന്നാണ് രവിയുടെ ന്യായം. ഇ എം എസ് കോണ്‍ഗ്രസിലേക്ക് തിരിച്ചുകയറാന്‍ ഇങ്ങനെ ശുപാര്‍ശയുമായി ചെന്നിട്ടുണ്ടെന്നുകൂടി പറഞ്ഞാല്‍ പറയുന്ന ആളിന്റെ സ്വഭാവമഹിമ പൂര്‍ണമായി വെളിപ്പെടും.

*
ആരുമില്ലെന്ന തോന്നലുവേണ്ട. നിന്റെ ജീവിതം നിന്‍കാര്യം മാത്രമെന്നു പറഞ്ഞ് കൊത്തിയകറ്റുന്ന അച്ഛനല്ല ഇവിടെ കഥാനായകന്‍. അവശതയും പ്രായവും തങ്ങളില്‍ തങ്ങളില്‍ മത്സരിക്കുമ്പോഴും ആ ബുദ്ധിക്കും സാമര്‍ഥ്യത്തിനും ഒരു കുറവുമുണ്ടായിട്ടില്ല. ഇത്തിരിവെട്ടം മാത്രം കാണുകയും ഇത്തിരിവട്ടം ചിന്തിക്കുകയും ചെയ്യുന്ന അധോമുഖ വാമനരുടെ മധ്യത്തിലാണ് മോനെന്ന് ആ ഭീഷ്മാചാര്യര്‍ക്കറിയാം. മുമ്പോട്ടുതന്നെ ഗമിക്കും വഴിയിലെ മുള്ളുകളൊക്കെ ചവിട്ടിമെതിച്ചു ഞാന്‍ എന്നൊക്കെയുള്ള നാട്യമേ ഉള്ളൂ, ഉള്ളില്‍ പഞ്ചപാവമാണ്, എട്ടും പൊട്ടുംതിരിയാത്ത ക്ടാവാണെന്ന് അച്ഛനോളം അറിവാര്‍ക്കുണ്ട്? പണ്ട് പാര്‍ലമെന്റിലെത്തിക്കാന്‍ സ്ഥാനാര്‍ഥിത്വചര്‍ച്ചയ്ക്കിടെ ടോയ്ലറ്റില്‍ പോവുക എന്ന ഒറ്റ ത്യാഗമേ വേണ്ടിവന്നിട്ടുള്ളൂ. അന്ന് അതിനൊക്കെയുള്ള കരുത്തുണ്ടായിരുന്നു.

കാലം മാറി; കഥ മാറി. പുതിയ രംഗം ആതുരാലയം. കഥ മോഹവിഭ്രമം. കൃഷ്ണ കൃഷ്ണ നിരൂപിച്ചുകാണുമ്പോള്‍ തൃഷ്ണയേതുമില്ല മനസ്സില്‍. സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിക്കുന്നവരെ ഓര്‍ത്ത് തുടങ്ങിയ വിചാരം മണ്ടിമണ്ടിക്കരേറുന്ന മോഹത്തിലെത്തിയപ്പോഴാണ് ഒന്ന് കരയ്ക്കടുത്തത്. എണ്ണിയെണ്ണിക്കുറയുന്നത് ആയുസ്സുതന്നെ. മകള്‍ക്ക് നിന്നുപിഴയ്ക്കാനുള്ള വിരുതുണ്ട്- നാലണ മെമ്പര്‍ഷിപ്പുമുണ്ട്. വിദ്വാനെന്നു നടിക്കുന്നവന്‍ വിദ്യകൊണ്ട് അറിയേണ്ടതറിയാത്തവനാണ്. ഒരു കരയ്ക്കടുപ്പിച്ചില്ലെങ്കില്‍ പി സി ജോര്‍ജിനെപ്പോലെ വല്ല വല്യവീട്ടിലും അടിച്ചുതളിക്ക് പോകേണ്ടിവരും; ടി എം ജേക്കബിനെപ്പോലെ സര്‍ക്കുലര്‍ സര്‍വീസ് നടത്തേണ്ടിവരും. അതുകൊണ്ടാണ്, പതിനെട്ടാമത്തെ അടവെടുത്തത്. ചാണക്യന്‍ മലയാളിയാണെന്ന് ഒരു സംസാരമുണ്ട്. ചാണക്യന്റെ ശിഷ്യനും മലയാളിയാകണമല്ലോ. വയസ്സ് 92 ആയാലും പ്രശ്നമില്ല. അങ്ങനെയാണ് ഒരച്ഛന്‍ മകനുവേണ്ടി അയക്കുന്ന കത്തുകള്‍ എന്ന പുതിയ സാഹിത്യശാഖ മലയാളത്തില്‍ രൂപപ്പെട്ടത്.

*
ചുണ്ടിലും മുലയിലും കൈയിലും വിഷംതേച്ചുകൊണ്ട് ഗോപികമാരാം ലളിതമാരായെത്തിയെന്നു പറഞ്ഞത് മുല്ലപ്പള്ളിയെപ്പോലെയുള്ള മാന്യന്മാരെക്കുറിച്ചാകില്ല. മുല്ലപ്പള്ളിക്ക് മുരളീരവം കേട്ടില്ലെങ്കില്‍ ഉറക്കം വരാത്ത പ്രശ്നമൊന്നുമില്ല. മലപ്പുറത്ത് നാല് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തിയാല്‍ കൊഴിഞ്ഞുപോകുന്ന ഒരവയവവും ആ വടകര പാക്കേജിലില്ല. ആകെയുള്ളത് മൂലയ്ക്കിരിക്കുന്ന സമയത്ത് പിടിച്ചുകൊണ്ടുപോയി മന്ത്രിക്കുപ്പായം തയ്പ്പിച്ചുകൊടുത്ത ആന്റണിയോടുള്ള കടപ്പാടുമാത്രം. പിന്നെ ഒരു ചിന്ന ചിന്ന ആശയും- ചെന്നിത്തല ഇരിക്കുന്ന ആ കസേരയില്ലേ. അതില്‍ ഒരുവട്ടം ഒന്നിരിക്കണം. അതുകഴിഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ കസേരയുടെ രുചി ഒന്നറിയണം. ഉമ്മന്‍ചാണ്ടിയുടേതാണ് യഥാര്‍ഥ പ്രശ്നം. ഇപ്പോള്‍ത്തന്നെ കസേര മാവേലിക്കരയ്ക്ക് കൊണ്ടുപോകാനുള്ള ക്വട്ടേഷന്‍ ചിലര്‍ക്കെല്ലാം കിട്ടിയിട്ടുണ്ട്. അതിനുപുറമെയാണ് വടകരയില്‍നിന്നുള്ള പുതിയ വണ്ടി. എല്ലാ സൂക്കേടുകളും അറിയാവുന്ന വൈദ്യരാണ് ഭീഷ്മാചാര്യന്‍. തന്റെയും മകന്റെയും കഴിവും അറിയാം; കഴിവുകേടും അറിയാം. മുരളീനാദം കേള്‍ക്കുമ്പോള്‍ ചാണ്ടിയും തൊമ്മനും ഒരുമിച്ച് മുറുകുമെന്നുമറിയാം.

മുരളി തിരിച്ചെത്തിയാല്‍ പിന്നെന്ത് ചെന്നിത്തല; എന്ത് പുതുപ്പള്ളിപുരാണം. മുന്നില്‍ കാണുന്നത് കടലോ കടലാടിയോ എന്ന് മനസ്സിലായിട്ടില്ല രണ്ടുപേര്‍ക്കും. എല്ലാം ചേര്‍ന്ന് ഒരു പുണ്യപുരാണ സ്റണ്ട് ചിത്രം ഒരുങ്ങുകയാണ്. മുരളിപ്പേടിമൂത്ത് ചിലര്‍ നാടുവിടാനൊരുങ്ങുന്നുമുണ്ട്. കാത്തിരുന്നാല്‍ കാണാം- പൂരമല്ല, പൂരത്തിന്റേതുപോലൊരു വെടിക്കെട്ട്.

*
മൂക്കുകൊണ്ട് 'ക്ഷ' വരയ്ക്കുക എന്ന് പറഞ്ഞുകേട്ടിട്ടേയുള്ളൂ. അത് കാണാനായത് സാക്ഷാല്‍ വീരഭൂമിയുടെ ഞായറാഴ്ചത്താളിലാണ്. ശതമന്യുവിന് ക്രൈമേന്ദ്രകുമാറിനോട് സത്യത്തില്‍ ആരാധനയാണ്. ആളനക്കമില്ലാത്ത ഗസ്റ്റ് ഹൌസ്റ്റ് സന്ദര്‍ശനം, കൂലിക്ക് ആളെവച്ച് പുസ്തകമെഴുതിക്കല്‍, മഗ്സാസെ അവാര്‍ഡ് കിട്ടാന്‍ പ്രകൃതിസ്നേഹനാട്യം, ചൊല്‍പ്പടിക്ക് നില്‍ക്കാത്തവര്‍ക്ക് ട്രാന്‍സ്ഫര്‍ ചികിത്സ, ആദിവാസികളുടെയും ദൈവത്തിന്റെയും ഭൂമി വെട്ടിപ്പിടിച്ച് ആദായം വെട്ടിവിഴുങ്ങി ഭൂമാഫിയാവിരുദ്ധ പോരാട്ടം, നാരദന്റെയും ശകുനിയുടെയും പണി- ഇങ്ങനെയുള്ള സ്വഭാവ മഹിമകള്‍ ടിയാന് ജന്മസിദ്ധമാണല്ലോ. പ്രശസ്തിയോട് തെല്ലും മോഹമില്ലാത്തതുകൊണ്ട് എല്ലാ ദിവസവും ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള താളുകളില്‍ സ്വന്തം മുഖം അച്ചടിച്ചുകാണണമെന്ന് നിര്‍ബന്ധം പിടിക്കാറില്ല- നാലോ അഞ്ചോ ചിത്രം വന്നാല്‍ സംതൃപ്തന്‍. ഇങ്ങനെയൊരാളെ പഞ്ചപാവമെന്നല്ലേ പറയാനാകൂ. അദ്ദേഹത്തിന് കോങ്കണ്ണില്ല. അതുകൊണ്ട് വക്രദൃഷ്ടിയല്ല. പക്ഷേ, വക്രദൃഷ്ടി നേരെയാക്കാനറിയാം.

രാഹുല്‍ജി വന്നപ്പോള്‍ മോശമാക്കി എഴുതിയ വക്രദൃഷ്ടിയെ പി കെ ശ്രീമതിക്കെതിരെ മൂന്നാംക്ളാസ് സാഹിത്യം എഴുതിക്കാന്‍ നിയോഗിച്ചതാണ് ക്രൈമേന്ദ്രന്റെ മിടുക്ക്. മുതലാളി ആജ്ഞാപിക്കുമ്പോള്‍ നട്ടെല്ല് 'റ'പോലെ വളക്കാനും ഹാസ്യവും പരിഹാസവും മറന്ന് പീതാംബരക്കുറുപ്പിന്റെ ശേലില്‍ പ്രസംഗം നടത്താനും വക്രദൃഷ്ടികള്‍ തയ്യാറാകുമ്പോള്‍ ഇന്ദ്രന്‍മാര്‍ എത്ര ഭേദം. ശതമന്യു ഇത്രയും പറഞ്ഞതില്‍നിന്ന് പലര്‍ക്കും കാര്യം പിടികിട്ടിയിട്ടുണ്ടാകില്ലെന്നറിയാം. മാതൃഭൂമി പത്രത്തില്‍ നര്‍മം കൈകാര്യം ചെയ്യുന്ന പ്രതിഭാധനന്റെ നര്‍മത്തിന്റെ മര്‍മത്ത് മുതലാളിയുടെ കുത്തുകൊണ്ടു എന്നാണ് ഇപ്പറഞ്ഞതിന്റെ മലയാളം. നര്‍മം പോയാലെന്ത്- മന്നവേന്ദ്രന്‍ വിളങ്ങട്ടെ.

4 comments:

ശതമന്യു said...

വഴിയില്‍ പലമുഖങ്ങളും കണ്ടു. പല മരത്തണലിലും കിടന്നു. പോകെപ്പോകെ കിട്ടിയ വിശേഷണങ്ങളെത്ര, കല്ലേറുകളെത്ര. അഭിപ്രായം ഇരുമ്പുലയ്ക്കയല്ല എന്നാണ് പിതൃവചനം. അത് മാറിക്കൊണ്ടേയിരിക്കണം. ഇന്ന് കാണുന്നതാണ് സത്യം. നാളെ അത് മായയാകാം. ഇന്നലത്തെ തിരുത്തല്‍വാദം ഇന്നത്തെ തുരപ്പന്‍പണിയും നാളത്തെ പൊട്ടപ്പേവാക്കുമാകാം. മുക്കാലിയില്‍ കെട്ടി പെടയ്ക്കണമെന്ന് തോന്നിയ ഇന്നലത്തെ ശത്രു ഇന്നത്തെ രക്ഷകനാകാം. ഇന്നലെ ചെയ്ത അബദ്ധം ഇന്നത്തെ ആചാരവും നാളത്തെ ശാസ്ത്രവും എന്നാണ്. പാര്‍ടി ആസ്ഥാനത്തെ കസേരയില്‍നിന്ന് കൊടിവച്ച കാറിലേക്ക് എടുത്തുചാടിയതും വടക്കാഞ്ചേരിയില്‍നിന്ന് വടക്കോട്ടുതന്നെ പോകേണ്ടിവന്നതും അബദ്ധമോ ആചാരമോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. എവിടെയാണ് നില്‍ക്കുന്നത്? ഒരുതുള്ളി കണ്ണീരോ ഒരിറ്റ് സഹതാപമോ എങ്ങും കാണുന്നില്ല. പോരില്‍ പലതും പറഞ്ഞുവെന്നു കരുതി തറവാടിന്റെ പടിപ്പുരവാതില്‍ എന്നാളും അടച്ചിടാമോ? സദ്കൃത്യങ്ങളില്‍ ഒരുപിടി മുന്നില്‍നില്‍ക്കുന്ന ഒരത്ഭുതത്തെ കണ്ണൂരില്‍ കുളിപ്പിച്ച് ഖദര്‍പുതപ്പിച്ചുനിര്‍ത്തിയിട്ടുണ്ടല്ലോ. അവിടെ ഉള്ളതിനേക്കാള്‍ എന്തുകുറവുണ്ട് തന്റെ കൈയില്‍? മുണ്ടുരിയപ്പെട്ട ഉണ്ണിത്താന് കോണ്‍ഗ്രസാകാം, ഉരിക്കാന്‍ ആളെ വിട്ടവര്‍ പുറത്തോ? പൂര്‍വകാലമാണ് മാനദണ്ഡമെങ്കില്‍ ഇന്ദിരാജിയെ ഭാരതയക്ഷി എന്നുവിളിച്ച എം എം ഹസ്സന് ഇന്ദിരാഭവന്റെ പടിചവിട്ടാന്‍ അവകാശമുണ്ടോ.....

ജനശക്തി said...

ആസ്ഥാന ധാര്‍മ്മികരോഷക്കാര്‍ക്ക് ഇതിനെക്കുറിച്ചൊന്നും പറയാനില്ലെന്ന് തോന്നുന്നു. സോറി. വലതുപക്ഷത്തിലെ കാര്യമാണെങ്കില്‍പ്പിന്നെ കണ്ടില്ലെന്ന് നടിക്കുന്നത് ഇന്നത്തെ ഒരു ആചാരമാണല്ലോ. മറന്നുപോയി.

Unknown said...

ഇങ്ങനെ തന്നെ പറയണം.

ആ മാന്യ ദേഹം, കുറെ കാലം ഇടതു മുന്നണിയുടെ പടിവാതിക്കള്‍ വണങ്ങി നിന്നിട്ടിലെ?.

തിരുവനന്തപുരം, എറണാകുളം, തിരുവമ്പാടി ഉപ തിരഞ്ഞെടുപ്പിലും കൂടെ നിന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സഖ്യ കക്ഷി കൂടി ആയി.

പിന്നെ വേഷം മാറി വന്നു എന്‍ സി പി ആയി വീണ്ടും വാതില്‍ പുറത്തു വന് നിന്നു..

സത്യം തന്നെ അല്ലെ ?.

എന്തെ കൂടെ കൂട്ടാത്തത് ?. ടി കെ ഹംസ, കെ ടി ജലീല്‍, പി ടി എ രഹിം ഇവരെ ഒക്കെ എടുത്തു പലരെയും മന്ത്രിയും എം എല്‍ എ ഒക്കെ ആക്കിയില്ലേ..എന്തുകൊണ്ടാണ് മുരളിയെ വേണ്ട എന്ന് വച്ചത് ?. ഇതിനുള്ള ഉത്തരം പറഞ്ഞിട്ട് മറ്റവന്മാരെ കുറ്റം പറഞ്ഞാല്‍ മതി കേട്ടോ..

ഷൈജൻ കാക്കര said...

അച്ചൻ മകന്‌ അയച്ച കത്തിനോളം വരുമോ എന്നറിയില്ല, എന്നാലും കിങ്ങിണികുട്ടനും ഒരു പ്രേമലേഖനം എഴുതി മദാമ്മക്ക്‌ കൊടുത്തിട്ടുണ്ട്‌. അതിന്റെ ഒരു കോപ്പി എന്റെ പോസ്റ്റിൽ തരപ്പെടുത്തിയിട്ടുണ്ട്‌.