Sunday, November 15, 2009

കുറ്റിച്ചൂല്‍

അധ്വാനവര്‍ഗ സിദ്ധാന്തം എന്നത് അണികള്‍ കൊടികെട്ടുക, മുദ്രാവാക്യം വിളിക്കുക, പണപ്പിരിവുനടത്തുക; നേതാവ് സകുടുംബം സുഖജീവിതം നയിക്കുക എന്ന മഹത്തായ അവസ്ഥയുടെ പ്രത്യയശാസ്ത്ര രൂപമാകുന്നു. സിദ്ധാന്തം പലമട്ടില്‍ നാട്ടില്‍ നടപ്പുണ്ടായിരുന്നുവെങ്കിലും അതിന് ശാസ്ത്രീയ ചട്ടക്കൂടും പ്രചുരപ്രചാരവും നല്‍കിയത് മീനച്ചിലാറിന്റെ പൊന്നോമനപ്പുത്രനും റബര്‍മരക്കാടിന്റെ കൂട്ടുകാരനുമായ പാലായുടെ മാണിക്യമാണ്. പാലാഴി കടഞ്ഞാല്‍ അമൃതാണ് വരികയെന്ന കണ്ടുപിടിത്തം നടത്തിയത് പാലായുടെ മാണിക്യമല്ലെങ്കിലും പാലാഴിയില്‍നിന്ന് പൂത്ത പണവും വാരിയെടുക്കാമെന്നു കണ്ടെത്തി അഭിനവ ഡാര്‍വിന്‍പട്ടവും ടിയാന്‍ നേടിയിട്ടുണ്ട്. മതികെട്ടാന്‍ അദ്ദേഹത്തിന് കേട്ടാല്‍ മതിവരാത്ത പേരാണ്. പിള്ളമനസ്സില്‍ കള്ളമില്ലാത്തതുകൊണ്ട് സ്വന്തം പിള്ളയെ രാഷ്ട്രീയത്തിലും സിനിമയിലുമിറക്കി പുലിവാലുപിടിച്ചു-അച്ഛനല്ലിത് പെരുന്തച്ചനാണെന്ന് പിള്ളയുടെ പിള്ള നാടുനീളെ പറഞ്ഞുനടക്കുന്നു. പാലായുടെ മാണിക്യത്തിനുമുണ്ട് പവിഴംപോലത്തെ ഒരു പിള്ള. ആ പിള്ളയെ സിനിമയിലേക്കയക്കാതെ കോട്ടയത്തുകൊണ്ടുപോയി മുണ്ടുടുപ്പിച്ച് സ്ഥാനാര്‍ഥിത്വം പഠിപ്പിച്ചതുകൊണ്ട് കുരുത്തംകെടാതെ കാത്തു. ആയകാലത്ത് പറന്നുനടന്നവര്‍ ആവതില്ലാത്ത കാലത്ത് അടങ്ങിക്കിടക്കും. അവരുടെ വാക്കുകള്‍ ഇങ്ങനെയാകും:

"നിന്നെ ദ്രോഹിക്കുന്നവനെ നീ സ്നേഹിക്കുന്നതാണ് മനുഷ്യസ്നേഹം.''

ബൈബിളില്‍നിന്നുള്ള കോപ്പിയടിയാണെങ്കിലും ഗാന്ധി-ക്രിസ്തു സിദ്ധാന്തമായും ഈ വാചകത്തെ വ്യാഖ്യാനിക്കാം. മറ്റേക്കരണവും കാട്ടിക്കൊടുക്കണമെന്നുപറഞ്ഞ അപ്പൂപ്പനുമായാണ് പാലായുടെ മുത്തിന് സാമ്യം. കണ്ടില്ലേ-ഇപ്പോള്‍ പിണറായി വിജയനെ ഭര്‍ത്സിക്കുന്നതിന്റെ പത്തിരട്ടി പാലാഴിക്കഥയും മതികെട്ടാനിലെ കൊള്ളയുമെല്ലാം പറഞ്ഞുനടന്ന പ്രസ് കോഫറന്‍സ്(പി സി) ജോര്‍ജിന് മൂത്താശാന്‍ മാപ്പുകൊടുത്തിരിക്കുന്നു.

"ജോര്‍ജ് കടുംപിടിത്തക്കാരനും വാശിക്കാരനുമാണ്. മനസ്സിലുള്ളത് വിളിച്ചുപറയും. അത് പ്രത്യേക സ്വഭാവമാണ്. ഞങ്ങള്‍ ഇപ്പോള്‍ രണ്ടല്ല, ഒന്നാണ്. (രണ്ടില; ഒരു ഞെട്ട്) ഇനി അര്‍ജുനനെപ്പോലെ അധര്‍മത്തിനും അനീതിക്കുമെതിരെ ജോര്‍ജ് മുന്നണിപ്പോരാളിയായി പടനയിക്കും''

അര്‍ജുനന്‍ ജോര്‍ജ്. മാണിക്യം തേരാളി. കാലാള്‍പ്പടയുടെ കാര്യം ഉമ്മന്‍ചാണ്ടി നോക്കും.

കള്ളുകുടിമൂത്ത് പുറപ്പെട്ടുപോയ ഭര്‍ത്താവ് വീട്ടില്‍തിരിച്ചെത്തിയപോലത്തെ വികാര വിക്ഷോഭമാണ് കോട്ടയത്ത് പൊട്ടിച്ചിതറി ഒലിച്ചിറങ്ങിയത്. ഇരുപത്തൊമ്പതു വര്‍ഷം പിറകേ നടന്ന് ചീത്തവിളിച്ചിട്ടും മാണിസാര്‍ എന്നെ സഹിച്ചില്ലേ എന്നാണ് അര്‍ജുനന്‍ വില്ലുപോലെ വളഞ്ഞ് കരഞ്ഞത്. മകനേ അര്‍ജുനാ, നീ എന്നെ ശത്രുവായി കരുതുമ്പോഴും നിന്റെ മാനസാന്തരത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു എന്ന് മാണിക്യത്തിന്റെ കിടിലന്‍ മറുപടി. ഇടയ്ക്ക് രണ്ടുവട്ടം നെഞ്ചില്‍ കൈവച്ച് ഇതുപറഞ്ഞപ്പോള്‍ ഗാന്ധിപ്രതിമപോലും കരഞ്ഞു; തിരുനക്കര മൈതാനത്തെ മണല്‍ത്തരികള്‍ കോരിത്തരിച്ചു; അമ്പലമണി നിര്‍ത്താതെ മുഴങ്ങി. അര്‍ജുനന് അഴിച്ചുവയ്ക്കാന്‍ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ട്.

"കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ മാണിക്യത്തിന് കഴിഞ്ഞിട്ടില്ല. 65 ല്‍ അതിനു കഴിഞ്ഞേനെ''-ആദ്യത്തെ സങ്കടം."ആ(മാ)ശയപരമായി യോജിക്കാന്‍ കഴിയുന്ന കക്ഷികളുമായി യോജിക്കണമെന്നുì തോന്നിയാണ് ഉപാധികളൊന്നുമില്ലാതെ മാണിഗ്രൂപ്പില്‍ ലയിച്ചത്. ചെറുനദികള്‍ സമുദ്രത്തില്‍ ലയിക്കണ്ടേ?''

കോട്ടയത്തെവിടെ സമുദ്രമെന്ന് പ്രസംഗം കേട്ടിരുന്ന കൊച്ചുമാണിക്യം ചോദിച്ചെങ്കിലും അപ്പന്‍ വാപൊത്തിക്കളഞ്ഞു. ഇനി ഇടതുമുന്നണിക്കെതിരായ പോരാട്ടത്തില് പടനയിക്കാനുള്ള അര്‍ജുനനാണെന്ന് വാഴ്ത്തിയെങ്കിലും 'നിന്നെ ദ്രോഹിക്കുന്നവനെ നീ സ്നേഹിക്കുന്നതാണ് മനുഷ്യസ്നേഹം' എന്ന ബൈബിള്‍വാക്യം പറഞ്ഞതെന്തിനെന്നുമാത്രം ആര്‍ക്കും മനസ്സിലായില്ല. 'മോനേ, അര്‍ജുനാ, കുലദ്രോഹീ, നീ എന്നെ പരമാവധി ദ്രോഹിച്ചു. എന്നാലും നീ മാപ്പുപറഞ്ഞുവന്നതല്ലേ. കര്‍ത്താവിനെക്കരുതി വാതില്‍ തുറന്നുതരുന്നു'' എന്ന പരിഭാഷ ആ ബൈബിള്‍ വാക്യത്തിനുണ്ടോ എന്ന സംശയം ബാക്കിനില്‍ക്കുന്നു.

അര്‍ജുനന്‍ ഇതുവരെ നടത്തിയതൊന്നും പോരല്ല, ഇനി എന്റെ കീഴില്‍ നടത്തുന്നതാണ് പോരെന്ന അര്‍ഥവും അതിന് ഉണ്ടോ എന്തോ. മാണിസാറും ലീഗുകാരുമൊക്കെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. ജോര്‍ജ് ഇപ്പോള്‍ പറയുന്നത് തന്റെ പഴയ നേതാവിനെതിരായ ഒരു സിഡി കയ്യിലുണ്ടെന്നാണ്. ഇനി എന്നെങ്കിലും തെറ്റിപ്പിരിയുമ്പോള്‍ മാണിക്യത്തിന്റെയും ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടെയുമൊക്കെ സിഡിയുമായി ജോര്‍ജ് വരുന്ന അവസ്ഥ ഒഴിവാക്കാനുള്ള ഒരു മുന്‍കരുതല്‍-അതുമാത്രം മതി.

*
മലബാര്‍ഭാഷ തെക്കുള്ളവര്‍ക്ക് അപ്പടി മനസ്സിലായിക്കൊള്ളണമെന്നില്ല. ഒരിക്കല്‍ ഇ കെ നായനാര്‍ ഒരു സംഭവം വിവരിക്കുന്നതിനിടെ പത്രക്കാരോട് പറഞ്ഞ ഒരു വാചകം "ഓനങ്ങ് കീഞ്ഞ് പാഞ്ഞൂട്ട്'' എന്നായിരുന്നു. ആര്‍ക്കും അര്‍ഥം മനസ്സിലായില്ല. നായനാര്‍തന്നെ വിശദീകരിച്ചു. ഓന്‍-അവന്‍. കീഞ്ഞ്-ഇറങ്ങി. പാഞ്ഞൂട്ട്-ഓടിപ്പോയി. പറഞ്ഞതിന്റെ അര്‍ഥം 'അവന്‍ ഇറങ്ങി ഓടി' എന്ന്. ഇങ്ങനെ കൌതുകകരമായ ഒട്ടേറെ പ്രയോഗങ്ങളുണ്ട്. തൂത്തുവാരുക എന്ന് മലബാറുകാര്‍ പറയാറില്ല. അടിച്ചുവാരുക എന്നാണ് പറയുന്നത്. ചൂലിനെ മാച്ചിലെന്ന് വിളിക്കും. അടിക്കാനുള്ള സാധനം വടിമാത്രമല്ല, ചൂലുമാണെന്നര്‍ഥം. അങ്ങനെയുള്ള ചൂല്‍ കുറ്റിച്ചൂലാകുമ്പോഴാണ് സേവനം അവസാനിപ്പിക്കുക. ആര്‍ക്കും വേണ്ടാത്ത, അടിക്കാന്‍ പറ്റാത്ത നിര്‍ഗുണമായ ഒന്നാണ് കുറ്റിച്ചൂല്‍.

അത്തരമൊരു ചൂലിനുപോലും അത്ഭുതം കാണിക്കാമെന്ന അവസ്ഥയുള്ള ചില മണ്ഡലങ്ങള്‍ കേരളത്തിലുണ്ട്. അങ്ങനെയൊന്നിന്റെ പേര് കണ്ണൂര്‍ എന്നാണ്. നല്ല പുത്തന്‍ ചൂലുകള്‍ വേണ്ടതിലേറെ കൈയിലുണ്ടായിട്ടും അവിടെ ഒരു കുറ്റിച്ചൂലിനെ നിര്‍ത്തി മത്സരിപ്പിച്ചതിന്റെയും അതിന് നിന്നുകൊടുത്തതിന്റെയും ബഹളം പുറത്തുവന്നുതുടങ്ങിയിരിക്കുന്നു. പി രാമകൃഷ്ണന്‍ നല്ല കോണ്‍ഗ്രസുകാരനാണ്. അഴിമതിയില്ല; ആവേശമുണ്ട്. അണികളില്ല; ആദര്‍ശമുണ്ട്. അക്രമമില്ല; ആന്റണിയുണ്ട്. അധികാരമില്ല; ഡിസിസി പ്രസിഡന്റുസ്ഥാനമുണ്ട്. സുധാകരന്‍ കറങ്ങിയടിച്ച് കയറിപ്പറ്റിയതാണെങ്കിലും കോണ്‍ഗ്രസുതന്നെ. ആദര്‍ശമില്ല; അലര്‍ച്ചയുണ്ട്. അണികളില്ല; അടിമകളുണ്ട്. ആന്റണിയില്ല; ചേര്‍ത്തലക്കാരന്‍ രവിയുണ്ട്. ഔചിത്യമില്ല; ഔദ്ധത്യമുണ്ട്. രാമകൃഷ്ണനും സുധാകരനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയാല്‍ സുധാകരന് പട്ടുംവളയും കിട്ടും; രാമകൃഷ്ണന് കാല്‍പായ കടലാസില്‍ ഒരു ശാസന കിട്ടും.

അമരക്കാരന് തലതെറ്റുമ്പോള്‍ അണിയക്കാരന് തണ്ടുകള്‍ തെറ്റുമെന്ന ചൊല്ല് കണ്ണൂരിലെ കോണ്‍ഗ്രസില്‍ ഫലിക്കില്ല. അവിടെ അമരക്കാരനും അണിയക്കാരനും രണ്ട് തോണിയിലാണ്. അബ്ദുള്ളക്കുട്ടി പറഞ്ഞത്, കുഞ്ഞാലിക്കുട്ടി പുലിക്കുട്ടിയും സുധാകരേട്ടന്‍ സിംഹക്കുട്ടിയുമാണ് എന്നത്രെ. താന്‍ വെറുമൊരു അത്ഭുതക്കുട്ടി. പി രാമകൃഷ്ണന്‍ പാവം പൂച്ചക്കുട്ടി. എല്ലാം കുട്ടികളുടെ കളിയാണ്. അമരത്തിരിക്കുന്നത് അടിതെറ്റിയ കുട്ടികള്‍.

*
വീരേന്ദ്രകുമാറിനെ സ്വന്തം പത്രത്തിനുപോലും വലിയ വിലയൊന്നുമില്ല. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതിനെ പുകഴ്ത്തുകയും എല്‍ഡിഎഫിന് 'വേണ്ടത്ര' വോട്ടുകൂടിയില്ലെന്ന് ഗവേഷിക്കുകയുംചെയ്യുന്ന വീരഭൂമി, എല്‍ഡിഎഫ് ഇത്തവണ മത്സരിച്ചത് മലപോലെ വലുതും കാടുപോലെ ഇടതൂര്‍ന്നതും കാപ്പിത്തോട്ടംപോലെ ഫലഭൂയിഷ്ഠവുമായ പിതൃ-പുത്ര പാര്‍ടിയുടെ സഹായമില്ലാതെയായിരുന്നു എന്നത് കണ്ട മട്ടു കാട്ടിയില്ല. കോണ്‍ഗ്രസിന്റെ മുഖം ചന്ദ്രനെപ്പോല്‍ വിളങ്ങുമ്പോള്‍ മന്നവേന്ദ്രന്റെ മുഖം മണ്ണെണ്ണവിളക്കെങ്കിലും ആക്കേണ്ടതല്ലേ? രാഹുല്‍ജിയെ പരിഹസിച്ച വക്രദൃഷ്ടിക്ക് കണക്കിന് കിട്ടിയെന്ന് കേള്‍ക്കുന്നു. ഇനി പുതിയ കുറ്റത്തിന് ആരെയാണാവോ ശിക്ഷിക്കാന്‍ പോകുന്നത്. കിട്ടുന്നതെല്ലാം വാങ്ങിവയ്ക്കേണ്ടിവരുന്നത് വീരഭൂമിയിലെ അമാലന്മാരുടെ ദുര്‍വിധി! പുറമേക്ക് കോട്ടും സ്യൂട്ടും പത്രാസുമുണ്ടല്ലോ. അതുമതി.

*
കാണ്‍മാനില്ല:

ഐരാവതത്തിന്റെ പുറത്തു സഞ്ചരിച്ചതിന്റെ തഴമ്പും വീരസാഹസിക കൃത്യങ്ങളില്‍ പങ്കെടുത്തതിന്റെ പാരമ്പര്യവുമുള്ള എഴുത്താളനായ 'യുവാവി'നെ നാലാഴ്ചയായി കാണാനില്ല. വിശേഷാല്‍ സ്വരവും പ്രതിയുടെ ഭാവഹാവാദികളുമുള്ള, തുറിച്ചുനോട്ടം, തെറിവിളി തുടങ്ങിയ സ്വഭാവ വിശേഷങ്ങള്‍ ആഴ്ചയിലൊരിക്കല്‍ പതിവായി പ്രകടിപ്പിക്കാറുള്ള ടിയാനെ കണ്ടുകിട്ടുകയോ എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവര്‍ ആട്ടുകല്ലുമുക്കിലേക്കോ പുറക്കാടി ദേവസ്വംവക പണ്ടാരഭൂമിയിലെ ഓഫീസിലേക്കോ എത്രയും പെട്ടെന്ന് ആയത് അറിയിക്കുവാന്‍ താല്‍പ്പര്യം. കേടുപാടുകൂടാതെ തിരിച്ചെത്തിയാല്‍ പുതിയ ലാവണത്തിലേക്ക് വീരോചിതം ഇരുത്തി പ്രവേശിപ്പിക്കുന്നതാണെന്നുള്ള വിവരവും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. കൊഞ്ചനല്ലേ, മുട്ടോളം; അല്ലെങ്കില്‍ ചട്ടിയില്‍-അത്രയേ തുള്ളൂ.

5 comments:

ശതമന്യു said...

അധ്വാനവര്‍ഗ സിദ്ധാന്തം എന്നത് അണികള്‍ കൊടികെട്ടുക, മുദ്രാവാക്യം വിളിക്കുക, പണപ്പിരിവുനടത്തുക; നേതാവ് സകുടുംബം സുഖജീവിതം നയിക്കുക എന്ന മഹത്തായ അവസ്ഥയുടെ പ്രത്യയശാസ്ത്ര രൂപമാകുന്നു. സിദ്ധാന്തം പലമട്ടില്‍ നാട്ടില്‍ നടപ്പുണ്ടായിരുന്നുവെങ്കിലും അതിന് ശാസ്ത്രീയ ചട്ടക്കൂടും പ്രചുരപ്രചാരവും നല്‍കിയത് മീനച്ചിലാറിന്റെ പൊന്നോമനപ്പുത്രനും റബര്‍മരക്കാടിന്റെ കൂട്ടുകാരനുമായ പാലായുടെ മാണിക്യമാണ്. പാലാഴി കടഞ്ഞാല്‍ അമൃതാണ് വരികയെന്ന കണ്ടുപിടിത്തം നടത്തിയത് പാലായുടെ മാണിക്യമല്ലെങ്കിലും പാലാഴിയില്‍നിന്ന് പൂത്ത പണവും വാരിയെടുക്കാമെന്നു കണ്ടെത്തി അഭിനവ ഡാര്‍വിന്‍പട്ടവും ടിയാന്‍ നേടിയിട്ടുണ്ട്. മതികെട്ടാന്‍ അദ്ദേഹത്തിന് കേട്ടാല്‍ മതിവരാത്ത പേരാണ്. പിള്ളമനസ്സില്‍ കള്ളമില്ലാത്തതുകൊണ്ട് സ്വന്തം പിള്ളയെ രാഷ്ട്രീയത്തിലും സിനിമയിലുമിറക്കി പുലിവാലുപിടിച്ചു-അച്ഛനല്ലിത് പെരുന്തച്ചനാണെന്ന് പിള്ളയുടെ പിള്ള നാടുനീളെ പറഞ്ഞുനടക്കുന്നു. പാലായുടെ മാണിക്യത്തിനുമുണ്ട് പവിഴംപോലത്തെ ഒരു പിള്ള. ആ പിള്ളയെ സിനിമയിലേക്കയക്കാതെ കോട്ടയത്തുകൊണ്ടുപോയി മുണ്ടുടുപ്പിച്ച് സ്ഥാനാര്‍ഥിത്വം പഠിപ്പിച്ചതുകൊണ്ട് കുരുത്തംകെടാതെ കാത്തു. ആയകാലത്ത് പറന്നുനടന്നവര്‍ ആവതില്ലാത്ത കാലത്ത് അടങ്ങിക്കിടക്കും. അവരുടെ വാക്കുകള്‍ ഇങ്ങനെയാകും:

"നിന്നെ ദ്രോഹിക്കുന്നവനെ നീ സ്നേഹിക്കുന്നതാണ് മനുഷ്യസ്നേഹം.''

പാഞ്ഞിരപാടം............ said...

വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ അവര്‍ പറയുന്നത് കഷ്ടിച്ചു ജയിച്ചുപോരാന്‍ സാധ്യതയുണ്ടെന്നാണ്. അതായത്, ഫലം പ്രവചനാതീതമായിരിക്കുന്നെന്ന്. അതിനര്‍ഥം എല്‍ഡിഎഫ് ആദ്യറൌണ്ട് ജയിച്ചു എന്നാണ്. ഏത് ഭൂമികുലുക്കത്തെയും അതിജീവിച്ച് തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അഹങ്കരിച്ച മൂന്നു മണ്ഡലങ്ങള്‍ യുഡിഎഫിന് ഉറപ്പില്ലാത്തവയായി മാറിയിരിക്കുന്നു‍. അതാണ് എല്‍ഡിഎഫിന്റെ വിജയം. പത്താംതീയതി വോട്ടെണ്ണുമ്പോള്‍ വരാനുള്ളത് ബോണസാണ്.

ജയരാജ ഗുരുക്കളെ ഇറക്കി.....കള്ളനെയും , വ്യാജനെയും ഇറക്കി, സിനുലാലിനെ ഓടിച്ചിട്ടുപിടിച്ചു നിര്‍ത്തി പൊരുതിയിട്ട് ബോണസ്സ് എത്ര കിട്ടി ? അതിനെക്കുറിച്ചു മിണ്ടുന്നില്ലെ? അറ്റ്ലീസ്റ്റ് അടിത്തറ ശക്തമായെന്നെങ്കിലും.
വല്യേട്ടനിട്ട് കുഞ്ഞേട്ടന്‍ പണിത്, അല്ലെ? കുഞ്ഞേട്ടന്‍ കട്ടക്ക് പിടിച്ചത് കൊണ്ട് ആലപ്പുഴയിലെങ്കിലും ബൊണസ്സ് കിട്ടി !!


ഇന്ദ്രനെ കാണാതായൊ? ഇനി ദേശാഭിമാനിയിലെങ്ങാനും പൊങ്ങാവൊ,എന്തൊ? അടിത്തറ ശക്തമാണല്ലൊ

ജനശക്തി said...

കള്ളനെയും , വ്യാജനെയും ഇറക്കി

KSUക്കാര്‍ സംഘട്ടനാതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതിനെപ്പറ്റി ഇവിടെ

chithrakaran:ചിത്രകാരന്‍ said...

കലക്കന്‍.നന്നായി രസിച്ച് അവലോകിച്ചിരിക്കുന്നു !!!

ramachandran said...

പാഞ്ഞിരിപ്പാടാ.. ഒരു ചൊല്ലുണ്ട് ----------യ മാട് വെയിലു കായുന്ന പോലെ എന്ന്. തന്റെ സ്ഥിതി ഇപ്പോൾ അതാണ്. പിന്നിലൂടെ മുളച്ച ആലിന്റെ തണലിൽ ഇരുന്ന് ചെന്നിത്തലയുടെ മുഷിഞ്ഞ ജുബ്ബയ്ക്ക് കഞ്ഞി മുക്കുന്ന തന്നെ പോലെ ഉള്ള കൊണാപ്പന്മാർക്ക് പോകാൻ പറ്റിയ ഒരു സ്ഥലം ഉണ്ട്. തന്റെ പാർട്ടി ഭരിക്കുന്ന മഹാരാഷ്ട്രയിൽ. അവിടെ ചെന്ന് അങ്കിൾ ജോലി ചെയ്യ്. അതാണ് തനിക്ക് പറ്റിയ പണി.

പോസ്റ്റിൽ പ്രതിപാദിക്കുന്ന വിഷയത്തെ പറ്റി അവലോകന പോസ്റ്റ് ഇട്ട് അവിടെ വരുന്ന കമന്റുകൾ കണ്ട് ഭോഗസുഖം അനുഭവിക്കുന്ന സ്വബുദ്ധി നഷ്ടപ്പെട്ട സെൽഫ് പ്രൊക്ലൈംഡ് മുൻ കമ്മ്യൂണിസ്റ്റിനു സ്വന്തം പിതാവിനെ കണ്ടാലും ഇതേ സംശയം ഉണ്ടാകും”ഇത് എന്റെ ജനിയിതാവ് തന്നോ അതോ അയലത്തെ തെങ്ങു ചെത്തുകാരനോ” എന്ന്. പറഞ്ഞിട്ട് കാര്യമില്ല. വിത്ത് ഗുണം പത്ത് ഗുണം.