Monday, October 8, 2012

കപടലോകത്തിലെ ആത്മാര്‍ഥ ഹൃദയം

തങ്ങളാണ് കേരളം ഭരിക്കുന്നതെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞപ്പോള്‍ അത് കുഞ്ഞുകളിയല്ല എന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാകണം. ഈ തങ്ങള്‍ പാണക്കാട്ടെ തങ്ങളാണോ അതോ ലീഗ് എന്ന 'തങ്ങളാ'ണോ എന്ന് സംശയിക്കേണ്ടതില്ല. "നമ്മളാണ് ഭരിക്കുന്നത്, നമ്മളാണ് കൊണ്ടുനടക്കുന്നത്. നമ്മളാണ് ഇതിന്റെ കാര്യകര്‍ത്താക്കളെന്ന ഉത്തമബോധ്യത്തോടെ പ്രവര്‍ത്തിക്കണം'' എന്നാണ് കുഞ്ഞ് മന്ത്രിയുടെ വാക്കുകള്‍. നമ്മളാണ്, നമ്മളാണ്, നമ്മളാണ് സര്‍വവും എന്ന്. ആരാണീ നമ്മളെന്ന് ചോദിക്കരുത്. ആ 'നമ്മളി'ല്‍ മലപ്പുറത്തെ കുട്ടിയോ കൊങ്ങോര്‍പിള്ളിക്കാരന്‍ കുഞ്ഞോ അതുപോലുള്ള ഇനങ്ങളോ കാണും. പൂന്തുറയില്‍നിന്നും അഴീക്കലില്‍നിന്നും പൊന്നാനിയില്‍നിന്നും കടലിനോട് മല്ലടിക്കാന്‍ പോയി ജീവന്‍ പണയംവച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുണ്ടാകില്ല. കോഴിക്കോട്ടങ്ങാടിയില്‍ ചുമടെടുത്ത് ചോരതുപ്പുന്ന ചുമട്ടുതൊഴിലാളിയോ അറബിനാട്ടിലെ കൊടുംചൂടില്‍ ചോരനീരാക്കുന്ന പാവപ്പെട്ട മുസല്‍മാനോ ഉണ്ടാകില്ല. ലീഗിന്റെ ശരീരശാസ്ത്രം ഒത്ത കുടവയറും ഇരുനൂറ്റമ്പതിനുമുകളില്‍ കൊളസ്ട്രോളുമുള്ളതാണ്. ഒറ്റനോട്ടത്തില്‍ റൌഫിനെപ്പോലിരിക്കും.
പേരിലേ മുസ്ളിം ഉള്ളൂ. വോട്ടുകിട്ടാന്‍ മതംവേണം; കിട്ടിയാല്‍ പണം വേണം. ഇന്നുവരെ സാധാരണക്കാരായ മുസ്ളിങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. ഭൂമിക്കച്ചവടം, ഭൂമിദാനം എന്നിവയ്ക്കുപുറമെ ബിരിയാണിതീറ്റയാണ് പ്രധാന പരിപാടി. പണ്ടൊക്കെ പ്രമാണിമാര്‍ക്ക് തട്ടുകേടുണ്ടാകുമ്പോള്‍ വര്‍ഗീയതയുടെ ഉപ്പും മുളകും സമംചേര്‍ത്ത് പ്രയോഗിച്ചാണ് പാവങ്ങളെ കൂടെനിര്‍ത്തിയത്. ഇന്ന് അതുകൊണ്ടുമാത്രം നടപ്പില്ല. അതുകൊണ്ട് തീവ്രവാദത്തിന്റെ മസാലക്കൂട്ടുകൂടി ഉപയോഗിക്കുന്നു. അഞ്ചാം മന്ത്രിസ്ഥാനം കിട്ടാനും സമുദായത്തിന്റെ പേരാണ് പറഞ്ഞത്. അഞ്ചല്ല അമ്പതു മന്ത്രിയുണ്ടായാലും പാവപ്പെട്ട മുസ്ളിമിന് എന്തുകാര്യം? ആ നിലയ്ക്ക് വിവരമില്ലാത്ത ഒരു കുഞ്ഞുമന്ത്രിയുടെ വിടുവായത്തം ഒരു സമുദായത്തിന്റെയാകെ തലയില്‍ കയറ്റിവയ്ക്കാന്‍ ആരും നോക്കേണ്ടതില്ല എന്നാണ് ശതമന്യുവിന്റെ പക്ഷം.

അല്ലെങ്കിലും മുസ്ളിങ്ങള്‍ക്കുവേണ്ടിയൊന്നുമല്ല ലീഗ് ഉണ്ടായത്. 1905ല്‍ ധാക്കയില്‍ മുസ്ളിം പ്രമാണിമാരാണ് സര്‍വേന്ത്യാ ലീഗുണ്ടാക്കിയത്. അതുകഴിഞ്ഞ് ജിന്നാ സാഹിബ് ലീഗിന്റെ സര്‍വാധികാരിയായി. പിന്നെയാണ് ഇന്നത്തെ ലീഗ് ജനിച്ചത്. എല്ലാ കാലത്തും പ്രമാണിസേവയായിരുന്നു അജന്‍ഡ. ആശയത്തിന്റെ അടിത്തറ തൊട്ടുതീണ്ടിയിട്ടില്ല. ആമാശയംമാത്രമാണ് അടിത്തറയില്‍. അധികാരത്തിന്റെ മാസ്മരികതയിലേക്കുമാത്രം നോക്കുന്ന നേതൃത്വത്തിന് അത് സാധിച്ചെടുക്കാനുള്ള സാമുദായിക ആള്‍ക്കൂട്ടം വേണം- അതാണ് ലീഗ്. സമുദായത്തിന്റെ പ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ സുലൈമാന്‍ സേട്ടിനെ ചവിട്ടിപ്പുറത്താക്കാന്‍ മടിക്കാത്ത ഇ അഹമ്മദിനെപ്പോലുള്ളവര്‍ക്ക് എന്ത് മതം? അവരുടെ മതം ആര്‍ത്തിയാണ്. ആയിരം ആര്‍ത്തിക്ക് ഒരു മൂര്‍ത്തി- അതാണ് ലീഗ്.

അതുതാനല്ലയോ ഇതെന്ന മട്ടിലാണ് എന്‍ഡിഎഫും ലീഗും. മുസ്ളിം ഏകീകരണത്തെക്കുറിച്ച് ലീഗ് പറയുമ്പോള്‍, അത് അഞ്ചു മന്ത്രിമാര്‍ക്ക് കേരളത്തെ അടക്കിപ്പിടിച്ച് നാടും കാടും തോടും വിറ്റ് കാശുമാറാനുള്ള അഭ്യാസമാണെന്ന് തിരിച്ചറിയാതിരിക്കാന്‍ മതം വേണം. ആ മതത്തെ വളയ്ക്കാനും ഒടിക്കാനും വര്‍ഗീയത വേണം. അതിന് എന്‍ഡിഎഫിനെയല്ല, കാബൂളില്‍ ചെന്ന് താലിബാന്‍കാരന്റെ കാലില്‍വരെ വീഴും. അതുകഴിഞ്ഞ് തലയില്‍ മുണ്ടിട്ട് കാര്യാലയത്തില്‍ ചെന്ന് ആര്‍എസ്എസുകാരന്റെ വോട്ട് വിലയ്ക്ക് വാങ്ങുകയും ചെയ്യും. അങ്ങനത്തെ ഒരു പാര്‍ടിയുടെ നേതാവ്, ഗ്രഹണിപിടിച്ച കുട്ടിക്ക് ചക്കക്കൂട്ടാന്‍ കിട്ടിയതിന്റെ ആവേശത്തോടെ 'ഞമ്മളാണ്, ഞമ്മളാണ്' എന്ന് പറഞ്ഞതില്‍ ഒരു കുറ്റവുമില്ല. അത് പറയിച്ച കോണ്‍ഗ്രസിനെയാണ് പിടിക്കേണ്ടത്.

ഭരണം മാഫിയയുടെ കൈയിലാണെന്ന് സുധീരന്‍ പറഞ്ഞിട്ടുണ്ട്. വി ഡി സതീശന്റെ നിറംമങ്ങിപ്പോയ പച്ചപ്പട്ടാളം അതാവര്‍ത്തിച്ചിട്ടുണ്ട്. അത് കേട്ടിട്ടും മിണ്ടാതെ മാഫിയ വാഴ്കയെന്ന് ജപിച്ച് ഭരണച്ചട്ടിയില്‍ തലയിട്ട് വടിച്ചെടുക്കുന്ന ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനുമൊന്നുമില്ലാത്ത എന്തുത്തരവാദിത്തമാണ് ഇബ്രാഹിംകുഞ്ഞിനുള്ളത്. തെരുവില്‍ തുണിയഴിച്ചോടി ശ്രദ്ധ പിടിച്ചുപറ്റുന്ന പണി ലീഗുകാര്‍ എടുക്കുന്നതിനുപിന്നില്‍ മറ്റെന്തോ ഉണ്ടെന്നും സംശയിക്കണം. ഒരാള്‍ക്ക് കള്ളിനെ ഓര്‍മവരുന്നു. മറ്റൊരാള്‍ 'ഞമ്മന്റെ ഭരണം' പറയുന്നു. ഇതെല്ലാം കേട്ട് പ്രകോപിക്കാനുള്ള ടിക്കറ്റെടുത്ത് ചിലര്‍ പുറത്തുനില്‍പ്പുണ്ട്. അവര്‍ എതിര്‍ത്തുപറയും. വിവാദം കത്തും. രണ്ട് ചേരികള്‍ മത്സരിക്കും- അതിന് രാഷ്ട്രീയനിറം വന്നാല്‍ വെള്ളം കലങ്ങി മത്സ്യബന്ധനം സുഗമമാകും. അതുകൊണ്ടാണ് മറ്റൊരു ഭാഗത്ത്, മാര്‍ക്സിസ്റുകാരേ വരൂ നമുക്ക് ഒന്നിക്കാം എന്ന ശംഖനാദം മുഴങ്ങുന്നത്. ഒന്ന് തല ഉയര്‍ത്തി പ്രതികരിക്കാന്‍ കഴിയുന്നില്ലല്ലോ ചെന്നിത്തലയ്ക്കും മാണിസാറിനും. ഇബ്രാഹിംകുഞ്ഞ് പറഞ്ഞത്, കോണ്‍ഗ്രസിനോടും കേരള കോണ്‍ഗ്രസിനോടുമാണ്. കളിക്കേണ്ട- കളിച്ചാല്‍ കളി പഠിപ്പിക്കുമെന്ന്. ക, മ എന്നിങ്ങനെയുള്ള മറുപടികളൊന്നും കേട്ടില്ല; 'അങ്ങനെത്തന്നെ' എന്നല്ലാതെ. ആര്‍എസ്എസ് പറഞ്ഞത് സിപിഐ എമ്മിനോടാണ്- നമുക്ക് ഒന്നിച്ചുനില്‍ക്കാം എന്ന്. മുഖത്തടിച്ചപോലെ മറുപടി കിട്ടി. അതുംകൊണ്ട് ഇങ്ങോട്ടുവരേണ്ട എന്ന്. അതാണ് വ്യത്യാസം. അത് ആരും കാണാതിരിക്കലാണ് മനോരമയുടെ ആവശ്യം.

*
കേരളത്തില്‍ കവിത മരിച്ചെന്ന് എന്‍ എസ് മാധവന്‍ പറഞ്ഞപ്പോള്‍ ഇത്രക്കങ്ങ് വിചാരിച്ചില്ല. കണ്ണൂരെങ്ങാണ്ട് ഒരു കവി ക്ഷൌരത്തിന് ചെന്നപ്പോള്‍ കത്തികണ്ട് അത് തന്നെ കൊല്ലാനുള്ള അധിനിവേശ ഗൂഢാലോചനയെന്ന് നിലവിളിച്ചതിനെക്കുറിച്ചാവും എന്നാണോര്‍ത്തത്. കടല്‍ ഇരമ്പുന്നതും കാറ്റ് വീശുന്നതും വണ്ടികള്‍ ഓടുന്നതും സൂര്യന്‍ അസ്തമിക്കുന്നതും തനിക്കെതിരായ ഗൂഢാലോചനയാണെന്ന് എക്സ് കവിക്ക് തോന്നിയപ്പോള്‍ ക്ഷൌരക്കത്രികയുടെ ചിത്രവും കവിയുടെ താടിയും തമ്മിലുള്ള സങ്കലനത്തിന്റെ ദൃശ്യഭംഗി പകര്‍ത്തി മുഖചിത്രമാക്കാനാണ് കോട്ടയത്തെ പ്രസിദ്ധീകരണത്തിന് തോന്നിയത്. അത് കണ്ടപ്പോള്‍ പച്ചക്കുതിര പച്ചക്കഴുതയായോ എന്ന് ആരോ ചോദിച്ചുകേട്ടു.

എന്‍ എസ് മാധവന്റെ വിഷയം അതല്ല. ഇപ്പോള്‍ കവികള്‍ പത്രക്കാരെപ്പോലെയായി എന്നാണ് അദ്ദേഹം പറയുന്നത്. "ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ എല്ലാ കവികളും ഈ സംഭവത്തെക്കുറിച്ച് കവിതയെഴുതി... ഒരു പത്രാധിപര്‍ പറഞ്ഞത് ടി പി ചന്ദ്രശേഖരനെക്കുറിച്ച് തനിക്ക് പ്രതിദിനം 50 കവിതകളെങ്കിലും കിട്ടുന്നുണ്ടെന്നാണ്. എല്ലാ കവിതകളും തുടങ്ങുന്നത് ചന്ദ്രശേഖരന്‍ മരിച്ചിട്ടില്ല എന്നു പറഞ്ഞാണ്.'' എന്‍ എസ് മാധവന്‍ നാലാംലോകത്തുതന്നെ നില്‍ക്കുകയാണ്. ഒരു കവിത അച്ചടിച്ച് വന്നുകിട്ടാനുള്ള പ്രയാസമൊന്നും പുള്ളിക്കറിയില്ല. കഥ എഴുതിയാല്‍ പോരാ-ദീപസ്തംഭത്തെ മഹാശ്ചര്യപ്പെടുത്തിയ കഥ വായിക്കുകയും വേണം.

*
മുണ്ടൂരിനെ നോക്കി വായില്‍ വെള്ളം നിറച്ച് ഒടുക്കം മുണ്ടൂരിപ്പോയ മാന്യന്മാരില്‍ ഇന്ത്യാവിഷനുമുണ്ട്. അല്ലെങ്കിലും മുണ്ടൂരുന്ന കലയിലാണവര്‍ക്ക് താല്‍പ്പര്യം. അങ്ങനെ ചില കഥകളിലൂടെയാണല്ലോ വാര്‍ത്താ മാര്‍ക്കറ്റില്‍ വലതുകാല്‍വച്ച് കയറിയത്. മുണ്ടൂരില്‍ 'വിമതപക്ഷത്തിന്' ആശ്വസിക്കാനൊന്നുമില്ല എന്നാണ് അവസാനത്തെ വിഷപ്രയോഗം. ഒപ്പം, "ന്യൂനപക്ഷ സംഘടനകളുടെ സര്‍ട്ടിഫിക്കറ്റ് സിപിഐ എമ്മിന് വേണ്ടെന്ന് പിണറായി'' എന്ന വാര്‍ത്തയും.

അതേവാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ടുചെയ്യുന്നത് ഇങ്ങനെയാണ്: "ആര്‍എസ്എസ്സിനെതിരെ രൂക്ഷവിമര്‍ശനവും പിണറായി നടത്തി. സിപിഎമ്മിനെ ന്യൂനപക്ഷങ്ങളില്‍ നിന്ന് അകറ്റാനായുള്ള പ്രചാരണം ചിലര്‍ നടത്തുകയാണ്. സിപിഎം മുസ്ലിം വിരുദ്ധമാണെന്ന പ്രചാരണം ഇവര്‍ ബോധപൂര്‍വം നടത്തുന്നു. ഏതെങ്കിലും ജാതി മത സംഘടനകളുടെ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല സിപിഎം പ്രവര്‍ത്തിക്കുന്നത്. ഹൈന്ദവ ഏകീകരണം ആര്‍എസ്എസിന്റെ അജന്‍ഡയാണ്. ഇതിനെ ശക്തമായി എതിര്‍ക്കണം.''

മാതൃഭൂമിയും ഇന്ത്യാവിഷനും തമ്മില്‍ ഇങ്ങനെ അഭിപ്രായവ്യത്യാസമുണ്ടാകുന്നത് കഷ്ടമാണ്. ആ സിന്‍ഡിക്കറ്റ് നിലവിലുള്ള കാലമായിരുന്നുവെങ്കില്‍ ഇന്ത്യാവിഷന്റെ മുണ്ട് ഇങ്ങനെ ഊരിപ്പോകുമായിരുന്നുവോ?

*
ദൂരെനിന്ന് നോക്കുമ്പോള്‍ പലരും മഹാന്മാരാണെന്ന് തോന്നും. അടുത്തറിഞ്ഞാലാണ് തനിനിറം ബോധ്യമാവുക. നരസിംഹറാവു വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്ന് കരുണാകരന്‍ സ്വന്തം മകനോട് പറഞ്ഞത് അടുത്തറിഞ്ഞ അനുഭവംകൊണ്ടല്ലാതെ തരമില്ല. ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയെങ്കില്‍ അതിനുപിന്നില്‍ റാവു എന്നാണ് മുരളീധരന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഇതാണ് കോണ്‍ഗ്രസ്. സ്വന്തം പാര്‍ടിയിലെ അന്യഗ്രൂപ്പ് നേതാക്കളെ തകര്‍ക്കാന്‍ ചാരക്കുപ്പായം ഇട്ടുകൊടുക്കും; കൊലയാളിയാക്കും; ആഭാസനാക്കും. ഇപ്പോള്‍ പൊലീസിനെ വച്ച് വേണ്ടാത്ത പണി സകലതും നടത്തുന്ന തിരുവഞ്ചൂരിനെ ആക്ഷേപിച്ചതുകൊണ്ടൊന്നും വലിയ കാര്യമില്ല. റാവു ഒരു മലയെങ്കില്‍ തിരുവഞ്ചൂര്‍ ഒരു എലിപോലുമല്ല. രേഖകള്‍ ചോര്‍ത്തി ലീഡറുടെ തല പാമോയിലില്‍ മുക്കിയത് ഉമ്മന്‍ചാണ്ടിയായിരുന്നു. കാര്‍ത്തികേയനെ കാട്ടിലേക്കയച്ച് മന്ത്രിക്കസേര ഉണ്ടാക്കാന്‍ ലാവ്ലിന്‍ കേസിന് അടിത്തറയിട്ടത് തിരുവഞ്ചൂരിന്റെ ചീഞ്ഞ ബുദ്ധിയായിരുന്നു.

സ്വന്തക്കാര്‍ക്കെതിരെ ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരാളികളെ നേരിടാനുള്ള തറപ്പണികള്‍ക്കാണോ പഞ്ഞം. താനിരിക്കുന്ന കൊമ്പ് കോണ്‍ഗ്രസിന്റേതാണെന്ന് മുരളിക്ക് ഇനിയും മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. എന്തുചെയ്യാം- കപടലോകത്തില്‍ ഒരാത്മാര്‍ഥ ഹൃദയമുണ്ടായിപ്പോയി.

കപടലോകത്തിലെ ആത്മാര്‍ഥ ഹൃദയം



തങ്ങളാണ് കേരളം ഭരിക്കുന്നതെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞപ്പോള്‍ അത് കുഞ്ഞുകളിയല്ല എന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാകണം. ഈ തങ്ങള്‍ പാണക്കാട്ടെ തങ്ങളാണോ അതോ ലീഗ് എന്ന 'തങ്ങളാ'ണോ എന്ന് സംശയിക്കേണ്ടതില്ല. "നമ്മളാണ് ഭരിക്കുന്നത്, നമ്മളാണ് കൊണ്ടുനടക്കുന്നത്. നമ്മളാണ് ഇതിന്റെ കാര്യകര്‍ത്താക്കളെന്ന ഉത്തമബോധ്യത്തോടെ പ്രവര്‍ത്തിക്കണം'' എന്നാണ് കുഞ്ഞ് മന്ത്രിയുടെ വാക്കുകള്‍.
നമ്മളാണ്, നമ്മളാണ്, നമ്മളാണ് സര്‍വവും എന്ന്. ആരാണീ നമ്മളെന്ന് ചോദിക്കരുത്. ആ 'നമ്മളി'ല്‍ മലപ്പുറത്തെ കുട്ടിയോ കൊങ്ങോര്‍പിള്ളിക്കാരന്‍ കുഞ്ഞോ അതുപോലുള്ള ഇനങ്ങളോ കാണും. പൂന്തുറയില്‍നിന്നും അഴീക്കലില്‍നിന്നും പൊന്നാനിയില്‍നിന്നും കടലിനോട് മല്ലടിക്കാന്‍ പോയി ജീവന്‍ പണയംവച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുണ്ടാകില്ല. കോഴിക്കോട്ടങ്ങാടിയില്‍ ചുമടെടുത്ത് ചോരതുപ്പുന്ന ചുമട്ടുതൊഴിലാളിയോ അറബിനാട്ടിലെ കൊടുംചൂടില്‍ ചോരനീരാക്കുന്ന പാവപ്പെട്ട മുസല്‍മാനോ ഉണ്ടാകില്ല. ലീഗിന്റെ ശരീരശാസ്ത്രം ഒത്ത കുടവയറും ഇരുനൂറ്റമ്പതിനുമുകളില്‍ കൊളസ്ട്രോളുമുള്ളതാണ്. ഒറ്റനോട്ടത്തില്‍ റൌഫിനെപ്പോലിരിക്കും.

പേരിലേ മുസ്ളിം ഉള്ളൂ. വോട്ടുകിട്ടാന്‍ മതംവേണം; കിട്ടിയാല്‍ പണം വേണം. ഇന്നുവരെ സാധാരണക്കാരായ മുസ്ളിങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. ഭൂമിക്കച്ചവടം, ഭൂമിദാനം എന്നിവയ്ക്കുപുറമെ ബിരിയാണിതീറ്റയാണ് പ്രധാന പരിപാടി. പണ്ടൊക്കെ പ്രമാണിമാര്‍ക്ക് തട്ടുകേടുണ്ടാകുമ്പോള്‍ വര്‍ഗീയതയുടെ ഉപ്പും മുളകും സമംചേര്‍ത്ത് പ്രയോഗിച്ചാണ് പാവങ്ങളെ കൂടെനിര്‍ത്തിയത്. ഇന്ന് അതുകൊണ്ടുമാത്രം നടപ്പില്ല. അതുകൊണ്ട് തീവ്രവാദത്തിന്റെ മസാലക്കൂട്ടുകൂടി ഉപയോഗിക്കുന്നു. അഞ്ചാം മന്ത്രിസ്ഥാനം കിട്ടാനും സമുദായത്തിന്റെ പേരാണ് പറഞ്ഞത്. അഞ്ചല്ല അമ്പതു മന്ത്രിയുണ്ടായാലും പാവപ്പെട്ട മുസ്ളിമിന് എന്തുകാര്യം? ആ നിലയ്ക്ക് വിവരമില്ലാത്ത ഒരു കുഞ്ഞുമന്ത്രിയുടെ വിടുവായത്തം ഒരു സമുദായത്തിന്റെയാകെ തലയില്‍ കയറ്റിവയ്ക്കാന്‍ ആരും നോക്കേണ്ടതില്ല എന്നാണ് ശതമന്യുവിന്റെ പക്ഷം.

അല്ലെങ്കിലും മുസ്ളിങ്ങള്‍ക്കുവേണ്ടിയൊന്നുമല്ല ലീഗ് ഉണ്ടായത്. 1905ല്‍ ധാക്കയില്‍ മുസ്ളിം പ്രമാണിമാരാണ് സര്‍വേന്ത്യാ ലീഗുണ്ടാക്കിയത്. അതുകഴിഞ്ഞ് ജിന്നാ സാഹിബ് ലീഗിന്റെ സര്‍വാധികാരിയായി. പിന്നെയാണ് ഇന്നത്തെ ലീഗ് ജനിച്ചത്. എല്ലാ കാലത്തും പ്രമാണിസേവയായിരുന്നു അജന്‍ഡ. ആശയത്തിന്റെ അടിത്തറ തൊട്ടുതീണ്ടിയിട്ടില്ല. ആമാശയംമാത്രമാണ് അടിത്തറയില്‍. അധികാരത്തിന്റെ മാസ്മരികതയിലേക്കുമാത്രം നോക്കുന്ന നേതൃത്വത്തിന് അത് സാധിച്ചെടുക്കാനുള്ള സാമുദായിക ആള്‍ക്കൂട്ടം വേണം- അതാണ് ലീഗ്. സമുദായത്തിന്റെ പ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ സുലൈമാന്‍ സേട്ടിനെ ചവിട്ടിപ്പുറത്താക്കാന്‍ മടിക്കാത്ത ഇ അഹമ്മദിനെപ്പോലുള്ളവര്‍ക്ക് എന്ത് മതം? അവരുടെ മതം ആര്‍ത്തിയാണ്. ആയിരം ആര്‍ത്തിക്ക് ഒരു മൂര്‍ത്തി- അതാണ് ലീഗ്.

അതുതാനല്ലയോ ഇതെന്ന മട്ടിലാണ് എന്‍ഡിഎഫും ലീഗും. മുസ്ളിം ഏകീകരണത്തെക്കുറിച്ച് ലീഗ് പറയുമ്പോള്‍, അത് അഞ്ചു മന്ത്രിമാര്‍ക്ക് കേരളത്തെ അടക്കിപ്പിടിച്ച് നാടും കാടും തോടും വിറ്റ് കാശുമാറാനുള്ള അഭ്യാസമാണെന്ന് തിരിച്ചറിയാതിരിക്കാന്‍ മതം വേണം. ആ മതത്തെ വളയ്ക്കാനും ഒടിക്കാനും വര്‍ഗീയത വേണം. അതിന് എന്‍ഡിഎഫിനെയല്ല, കാബൂളില്‍ ചെന്ന് താലിബാന്‍കാരന്റെ കാലില്‍വരെ വീഴും. അതുകഴിഞ്ഞ് തലയില്‍ മുണ്ടിട്ട് കാര്യാലയത്തില്‍ ചെന്ന് ആര്‍എസ്എസുകാരന്റെ വോട്ട് വിലയ്ക്ക് വാങ്ങുകയും ചെയ്യും. അങ്ങനത്തെ ഒരു പാര്‍ടിയുടെ നേതാവ്, ഗ്രഹണിപിടിച്ച കുട്ടിക്ക് ചക്കക്കൂട്ടാന്‍ കിട്ടിയതിന്റെ ആവേശത്തോടെ 'ഞമ്മളാണ്, ഞമ്മളാണ്' എന്ന് പറഞ്ഞതില്‍ ഒരു കുറ്റവുമില്ല. അത് പറയിച്ച കോണ്‍ഗ്രസിനെയാണ് പിടിക്കേണ്ടത്.

ഭരണം മാഫിയയുടെ കൈയിലാണെന്ന് സുധീരന്‍ പറഞ്ഞിട്ടുണ്ട്. വി ഡി സതീശന്റെ നിറംമങ്ങിപ്പോയ പച്ചപ്പട്ടാളം അതാവര്‍ത്തിച്ചിട്ടുണ്ട്. അത് കേട്ടിട്ടും മിണ്ടാതെ മാഫിയ വാഴ്കയെന്ന് ജപിച്ച് ഭരണച്ചട്ടിയില്‍ തലയിട്ട് വടിച്ചെടുക്കുന്ന ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനുമൊന്നുമില്ലാത്ത എന്തുത്തരവാദിത്തമാണ് ഇബ്രാഹിംകുഞ്ഞിനുള്ളത്. തെരുവില്‍ തുണിയഴിച്ചോടി ശ്രദ്ധ പിടിച്ചുപറ്റുന്ന പണി ലീഗുകാര്‍ എടുക്കുന്നതിനുപിന്നില്‍ മറ്റെന്തോ ഉണ്ടെന്നും സംശയിക്കണം. ഒരാള്‍ക്ക് കള്ളിനെ ഓര്‍മവരുന്നു. മറ്റൊരാള്‍ 'ഞമ്മന്റെ ഭരണം' പറയുന്നു. ഇതെല്ലാം കേട്ട് പ്രകോപിക്കാനുള്ള ടിക്കറ്റെടുത്ത് ചിലര്‍ പുറത്തുനില്‍പ്പുണ്ട്. അവര്‍ എതിര്‍ത്തുപറയും. വിവാദം കത്തും. രണ്ട് ചേരികള്‍ മത്സരിക്കും- അതിന് രാഷ്ട്രീയനിറം വന്നാല്‍ വെള്ളം കലങ്ങി മത്സ്യബന്ധനം സുഗമമാകും. അതുകൊണ്ടാണ് മറ്റൊരു ഭാഗത്ത്, മാര്‍ക്സിസ്റുകാരേ വരൂ നമുക്ക് ഒന്നിക്കാം എന്ന ശംഖനാദം മുഴങ്ങുന്നത്.

 ഒന്ന് തല ഉയര്‍ത്തി പ്രതികരിക്കാന്‍ കഴിയുന്നില്ലല്ലോ ചെന്നിത്തലയ്ക്കും മാണിസാറിനും. ഇബ്രാഹിംകുഞ്ഞ് പറഞ്ഞത്, കോണ്‍ഗ്രസിനോടും കേരള കോണ്‍ഗ്രസിനോടുമാണ്. കളിക്കേണ്ട- കളിച്ചാല്‍ കളി പഠിപ്പിക്കുമെന്ന്. ക, മ എന്നിങ്ങനെയുള്ള മറുപടികളൊന്നും കേട്ടില്ല; 'അങ്ങനെത്തന്നെ' എന്നല്ലാതെ. ആര്‍എസ്എസ് പറഞ്ഞത് സിപിഐ എമ്മിനോടാണ്- നമുക്ക് ഒന്നിച്ചുനില്‍ക്കാം എന്ന്. മുഖത്തടിച്ചപോലെ മറുപടി കിട്ടി. അതുംകൊണ്ട് ഇങ്ങോട്ടുവരേണ്ട എന്ന്. അതാണ് വ്യത്യാസം. അത് ആരും കാണാതിരിക്കലാണ് മനോരമയുടെ ആവശ്യം.
------------------------
കേരളത്തില്‍ കവിത മരിച്ചെന്ന് എന്‍ എസ് മാധവന്‍ പറഞ്ഞപ്പോള്‍ ഇത്രക്കങ്ങ് വിചാരിച്ചില്ല. കണ്ണൂരെങ്ങാണ്ട് ഒരു കവി ക്ഷൌരത്തിന് ചെന്നപ്പോള്‍ കത്തികണ്ട് അത് തന്നെ കൊല്ലാനുള്ള അധിനിവേശ ഗൂഢാലോചനയെന്ന് നിലവിളിച്ചതിനെക്കുറിച്ചാവും എന്നാണോര്‍ത്തത്. കടല്‍ ഇരമ്പുന്നതും കാറ്റ് വീശുന്നതും വണ്ടികള്‍ ഓടുന്നതും സൂര്യന്‍ അസ്തമിക്കുന്നതും തനിക്കെതിരായ ഗൂഢാലോചനയാണെന്ന് എക്സ് കവിക്ക് തോന്നിയപ്പോള്‍ ക്ഷൌരക്കത്രികയുടെ ചിത്രവും കവിയുടെ താടിയും തമ്മിലുള്ള സങ്കലനത്തിന്റെ ദൃശ്യഭംഗി പകര്‍ത്തി മുഖചിത്രമാക്കാനാണ് കോട്ടയത്തെ പ്രസിദ്ധീകരണത്തിന് തോന്നിയത്. അത് കണ്ടപ്പോള്‍ പച്ചക്കുതിര പച്ചക്കഴുതയായോ എന്ന് ആരോ ചോദിച്ചുകേട്ടു.

 എന്‍ എസ് മാധവന്റെ വിഷയം അതല്ല. ഇപ്പോള്‍ കവികള്‍ പത്രക്കാരെപ്പോലെയായി എന്നാണ് അദ്ദേഹം പറയുന്നത്. "ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ എല്ലാ കവികളും ഈ സംഭവത്തെക്കുറിച്ച് കവിതയെഴുതി... ഒരുരുപത്രാധിപര്‍ പറഞ്ഞത് ടി പി ചന്ദ്രശേഖരനെക്കുറിച്ച് തനിക്ക് പ്രതിദിനം 50 കവിതകളെങ്കിലും കിട്ടുന്നുണ്ടെന്നാണ്. എല്ലാ കവിതകളും തുടങ്ങുന്നത് ചന്ദ്രശേഖരന്‍ മരിച്ചിട്ടില്ല എന്നു പറഞ്ഞാണ്.'' എന്‍ എസ് മാധവന്‍ നാലാംലോകത്തുതന്നെ നില്‍ക്കുകയാണ്. ഒരു കവിത അച്ചടിച്ച് വന്നുകിട്ടാനുള്ള പ്രയാസമൊന്നും പുള്ളിക്കറിയില്ല. കഥ എഴുതിയാല്‍ പോരാ-ദീപസ്തംഭത്തെ മഹാശ്ചര്യപ്പെടുത്തിയ കഥ വായിക്കുകയും വേണം.
------------------------------------
മുണ്ടൂരിനെ നോക്കി വായില്‍ വെള്ളം നിറച്ച് ഒടുക്കം മുണ്ടൂരിപ്പോയ മാന്യന്മാരില്‍ ഇന്ത്യാവിഷനുമുണ്ട്്. അല്ലെങ്കിലും മുണ്ടൂരുന്ന കലയിലാണവര്‍ക്ക് താല്‍പ്പര്യം. അങ്ങനെ ചില കഥകളിലൂടെയാണല്ലോ വാര്‍ത്താ മാര്‍ക്കറ്റില്‍ വലതുകാല്‍വച്ച് കയറിയത്. മുണ്ടൂരില്‍ 'വിമതപക്ഷത്തിന്' ആശ്വസിക്കാനൊന്നുമില്ല എന്നാണ് അവസാനത്തെ വിഷപ്രയോഗം. ഒപ്പം, "ന്യൂനപക്ഷ സംഘടനകളുടെ സര്‍ട്ടിഫിക്കറ്റ് സിപിഐ എമ്മിന് വേണ്ടെന്ന് പിണറായി'' എന്ന വാര്‍ത്തയും. അതേവാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ടുചെയ്യുന്നത് ഇങ്ങനെയാണ്: "ആര്‍എസ്എസ്സിനെതിരെ രൂക്ഷവിമര്‍ശനവും പിണറായി നടത്തി. സിപിഎമ്മിനെ ന്യൂനപക്ഷങ്ങളില്‍ നിന്ന് അകറ്റാനായുള്ള പ്രചാരണം ചിലര്‍ നടത്തുകയാണ്.
സിപിഎം മുസ്ലിം വിരുദ്ധമാണെന്ന പ്രചാരണം ഇവര്‍ ബോധപൂര്‍വം നടത്തുന്നു. ഏതെങ്കിലും ജാതി മത സംഘടനകളുടെ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല സിപിഎം പ്രവര്‍ത്തിക്കുന്നത്. ഹൈന്ദവ ഏകീകരണം ആര്‍എസ്എസിന്റെ അജന്‍ഡയാണ്. ഇതിനെ ശക്തമായി എതിര്‍ക്കണം.'' മാതൃഭൂമിയും ഇന്ത്യാവിഷനും തമ്മില്‍ ഇങ്ങനെ അഭിപ്രായവ്യത്യാസമുണ്ടാകുന്നത് കഷ്ടമാണ്. ആ സിന്‍ഡിക്കറ്റ് നിലവിലുള്ള കാലമായിരുന്നുവെങ്കില്‍ ഇന്ത്യാവിഷന്റെ മുണ്ട് ഇങ്ങനെ ഊരിപ്പോകുമായിരുന്നുവോ?
--------------------------------
ദൂരെനിന്ന് നോക്കുമ്പോള്‍ പലരും മഹാന്മാരാണെന്ന് തോന്നും. അടുത്തറിഞ്ഞാലാണ് തനിനിറം ബോധ്യമാവുക. നരസിംഹറാവു വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്ന് കരുണാകരന്‍ സ്വന്തം മകനോട് പറഞ്ഞത് അടുത്തറിഞ്ഞ അനുഭവംകൊണ്ടല്ലാതെ തരമില്ല. ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയെങ്കില്‍ അതിനുപിന്നില്‍ റാവു എന്നാണ് മുരളീധരന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഇതാണ് കോണ്‍ഗ്രസ്. സ്വന്തം പാര്‍ടിയിലെ അന്യഗ്രൂപ്പ് നേതാക്കളെ തകര്‍ക്കാന്‍ ചാരക്കുപ്പായം ഇട്ടുകൊടുക്കും; കൊലയാളിയാക്കും; ആഭാസനാക്കും.
ഇപ്പോള്‍ പൊലീസിനെ വച്ച് വേണ്ടാത്ത പണി സകലതും നടത്തുന്ന തിരുവഞ്ചൂരിനെ ആക്ഷേപിച്ചതുകൊണ്ടൊന്നും വലിയ കാര്യമില്ല. റാവു ഒരു മലയെങ്കില്‍ തിരുവഞ്ചൂര്‍ ഒരു എലിപോലുമല്ല. രേഖകള്‍ ചോര്‍ത്തി ലീഡറുടെ തല പാമോയിലില്‍ മുക്കിയത് ഉമ്മന്‍ചാണ്ടിയായിരുന്നു. കാര്‍ത്തികേയനെ കാട്ടിലേക്കയച്ച് മന്ത്രിക്കസേര ഉണ്ടാക്കാന്‍ ലാവ്ലിന്‍ കേസിന് അടിത്തറയിട്ടത് തിരുവഞ്ചൂരിന്റെ ചീഞ്ഞ ബുദ്ധിയായിരുന്നു. സ്വന്തക്കാര്‍ക്കെതിരെ ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരാളികളെ നേരിടാനുള്ള തറപ്പണികള്‍ക്കാണോ പഞ്ഞം. താനിരിക്കുന്ന കൊമ്പ് കോണ്‍ഗ്രസിന്റേതാണെന്ന് മുരളിക്ക് ഇനിയും മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. എന്തുചെയ്യാം- കപടലോകത്തില്‍ ഒരാത്മാര്‍ഥ ഹൃദയമുണ്ടായിപ്പോയി.

Sunday, September 23, 2012

പണം കായ്ക്കുന്ന മരം

പണമെന്നുള്ളത് കൈയില്‍ വരുമ്പോള്‍ ഗുണമെന്നുള്ളത് ദൂരത്താകുമെന്നാണ്. "പണം കണ്ടാലേ പണംവരൂ; പണം കൊണ്ടെറിഞ്ഞാലേ പണത്തിന്മേല്‍ കൊള്ളൂ". "പണംപാഷാണം, ഗുണംനിര്‍വാണം", "പണംപെരുത്താല്‍ ഭയംപെരുക്കും" എന്നിങ്ങനെ ചൊല്ലുകളുണ്ട്. പണമാണ് സകലതും. പൊന്നും പണവും കായ്ക്കുന്ന മരങ്ങളുടെ ചരിത്രം ചരിത്രാതീതകാലം മുതല്‍ വാമൊഴിയായി പ്രചാരത്തിലുണ്ട്. പൊന്നുകായ്ക്കുന്ന മരമായാലും പുരയ്ക്കുചാഞ്ഞാല്‍ മുറിച്ചുമാറ്റണം എന്നും പണ്ടുകാലത്ത് നിയമമുണ്ട്. പണംകായ്ക്കുന്ന കാട്ടിനകത്തുനില്‍ക്കുമ്പോള്‍ മരം കാണാത്തതാണു പ്രശ്നം.

മന്‍മോഹന്‍ജി ഓക്സ്ഫോഡില്‍ പഠിക്കാന്‍ പോയകാലത്തെ കോണ്‍ഗ്രസ് നല്ല കര്‍ഷകപ്പാര്‍ടിയായിരുന്നു. ജയ് ജവാന്‍ എന്നു പറഞ്ഞയുടനെ ജയ് കിസാന്‍ എന്നു മുരളും. അന്നാണ് പണത്തിന്റെ വിത്തുകള്‍ എവിടെനിന്നൊക്കെയോ സംഘടിപ്പിച്ച് നട്ടുനോക്കിയത്. ആദ്യം വളര്‍ന്നത് ജീപ്പ് മരമാണ്. ആ വിത്ത് നട്ടുനച്ച് വളര്‍ത്തി എണ്‍പതുലക്ഷം രൂപയുടെ വിളവെടുത്തയാളെ ആദരിച്ച് മന്ത്രിയാക്കി കോണ്‍ഗ്രസ് കര്‍ഷകസ്നേഹം പ്രഖ്യാപിച്ചു. 57ല്‍ കൃഷ്ണമാചാരിയുടെ ധനമന്ത്രിസ്ഥാനം തെറിപ്പിച്ചെങ്കിലും മുന്ധ്ര എന്നയിനം മരം കോണ്‍ഗ്രസിനെ കുംഭകോണപ്പാര്‍ടി ആക്കി വളര്‍ത്തി. നാടന്‍ വിത്തിനങ്ങളെക്കാള്‍ സങ്കരയിനത്തിനാണ് പ്രത്യുല്‍പ്പാദനശേഷി എന്ന് നെഹ്റു മനസസ്സിലാക്കിയിരുന്നുവെങ്കിലും കൊച്ചുമകനാണ് പ്രാവര്‍ത്തികമാക്കിയത്. സ്വീഡന്‍ ജനുസ്സായ ബൊഫോഴ്സ് എന്ന ചെടി കപ്പലില്‍ കൊണ്ടുവന്ന് താമരക്കുളത്തില്‍ നട്ട രാജീവനയനന്‍ 40 കോടി രൂപയുടെ വിളവെടുപ്പാണ് നടത്തിയത്. കുളത്തില്‍നിന്ന് അത്ഭുതകരമായി വളര്‍ന്നു പന്തലിച്ച ബൊഫോഴ്സ് മരം 89 ല്‍ ചാഞ്ഞ് കോണ്‍ഗ്രസിന്റെ മോന്തായത്തില്‍ വീണു. വന്മരം വീണപ്പോള്‍ ഭരണം പോയി. ഇപ്പോഴും ആ മരത്തിന്റെ വേരുകള്‍ നശിക്കാതെ അടിത്തറയ്ക്കുള്ളിലുണ്ട്.

ആയിടയ്ക്ക് കര്‍ഷകശ്രീ അവാര്‍ഡ് കിട്ടിയത് സുഖ്റാം എന്ന കര്‍ഷകസുഹൃത്തിനാണ്. സ്വന്തമായി പരീക്ഷിച്ച് കണ്ടെത്തിയ വിത്തിനങ്ങളിലൊന്ന് നട്ട് ആ ചങ്ങാതി വലിയൊരു ഫലവൃക്ഷം തന്നെ വളര്‍ത്തി. ഗിന്നസ് റെക്കോഡിനു പറ്റിയ വളര്‍ച്ച; നിറയെ പൂവും കായും. അതില്‍നിന്ന് പറിച്ചെടുത്ത് നോട്ടായും പൊന്നായും കിടക്കയിലും കക്കൂസിലും നിറച്ചിട്ടും സുഖ്റാമിന് സുഖംതോന്നിയില്ല. ഏതാനും വെട്ടിനിരത്തല്‍ വീരന്മാരുടെ ആക്രമണത്തില്‍ മരം നിലംപൊത്തുകയും കര്‍ഷകശ്രീ സന്താപവിവശനായി തിഹാര്‍ ജയിലില്‍ ശിഷ്ടകാലം കിടന്നുറങ്ങിയതും അനന്തരം.

സാധാരണ വളക്കൂറുള്ള മണ്ണിലാണ് ചെടി നടുന്നത്. കടപ്പുറത്തു നട്ടാലും അത്ഭുതസിദ്ധി കാണിക്കുന്ന പ്രത്യേകയിനം മരം ഇടക്കാലത്ത് കണ്ടെത്തി. ആ അപൂര്‍വ കണ്ടുപിടിത്തം യുദ്ധത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാര്‍ക്കായാണ് മന്‍മോഹന്‍ജിയുടെ പാര്‍ടി സമര്‍പ്പിച്ചത്. മുംബൈ നഗരപ്രാന്തത്തില്‍, അറബിക്കടലിനെ സാക്ഷിനിര്‍ത്തി കോണ്‍ഗ്രസ് നട്ട ആദര്‍ശമരം മുപ്പത്തിയൊന്നുനിലവരെ ഉയര്‍ന്നുവളര്‍ന്നു. ആ മരത്തില്‍ ആയിരത്തിന്റെ ഗാന്ധിത്തലയുള്ള ആയിരക്കണക്കിന് കെട്ടുകള്‍ കായ്ച്ചു.

ആദ്യം സാമ്പ്രദായിക കൃഷിരീതിയായിരുന്നു. 91നുശേഷമാണ് മാറ്റംവന്നത്. പലഭാഷാപണ്ഡിതനായ റാവുജിയും ലോകബാങ്ക് പഠനം പൂര്‍ത്തിയാക്കിയ മന്‍മോഹന്‍ജിയും കാര്‍ഷികരംഗത്ത് പുതിയ പരീക്ഷണങ്ങള്‍ക്ക് സംയുക്തമായി നേതൃത്വം നല്‍കി. ആധുനിക കൃഷിരീതികള്‍ ആഗോളവല്‍ക്കരണ ശൈലിയില്‍ പരീക്ഷിച്ചു. ഐഎംഎഫ് വിത്ത്, അമേരിക്കന്‍ വളം, കോണ്‍ഗ്രസിന്റെ ജലസേചനം. പെട്രോള്‍ വിലപോലെയാണ് മരങ്ങള്‍ കുതിച്ചുവളര്‍ന്നത്. പലയിനങ്ങളാണെങ്കിലും എല്ലാം ഒന്നിനൊന്നു മെച്ചം. അതിനുശേഷം ഇന്നുവരെയുള്ള കണക്കെടുക്കുമ്പോള്‍ ഏതാണ്ട് നൂറുലക്ഷം കോടി രൂപയുടെ വിളവെടുപ്പെങ്കിലും ഉണ്ടായി എന്നു കണക്കാക്കണം.

റാവുജി സ്പോണ്‍സര്‍ചെയ്ത ഹര്‍ഷദ്മേത്തയുടെ ഓഹരി മരത്തില്‍ 5000 കോടി, പഞ്ചസാരച്ചെടി ഇറക്കുമതിചെയ്ത് നടത്തിയ കൃഷിയില്‍ 650 കോടി, പലവക കൃഷിക്ക് വളം വന്ന വകയില്‍ 1300 കോടി, സുഖ്റാമിന്റെ വിളവെടുപ്പായ 1500 കോടി, മുങ്ങിക്കപ്പല്‍ കൃഷിയില്‍ 18,978 കോടി, പട്ടാളക്കാരുടെ റേഷന്‍ മൂന്നാംവിളയായി കൃഷിചെയ്ത 5000 കോടി, നാട്ടില്‍വേണ്ടാത്ത അരി കയറ്റുമതിചെയ്ത വകയില്‍ 2500 കോടി, ഒറീസയില്‍ ഖനിയില്‍ വിത്തിട്ട് വിളയിച്ച 7000 കോടി, ടുജി സ്പെക്ട്രം വന്നപ്പോള്‍ കോടിയുടെ കണക്ക് കൂടി, 1.76 ലക്ഷത്തിലെത്തി. കല്‍ക്കരി വിളവെടുപ്പില്‍ 1.86 ലക്ഷം കോടിയായി റെക്കോഡും സൃഷ്ടിച്ചു.

ഇത്രയും പണം മരങ്ങളില്‍ കായ്ച്ചിട്ടും മന്‍മോഹന്‍ജി മരമേ കാണുന്നില്ല; നാട്ടിലെ മുന്തിയ ഇനം മരങ്ങളില്‍നിന്ന് പറിച്ചെടുത്ത് ചാക്കിലാക്കി വിദേശത്തുകൊണ്ടുപോയതിന്റെ കണക്ക് ഓര്‍ക്കുന്നുമില്ല. അസൂയാലുക്കള്‍ അതിനെ കള്ളപ്പണമെന്ന് വിളിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ അതിലും ഗാന്ധിജിയുടെ ഒറിജിനല്‍ തലതന്നെയാണ്. സ്വിസ്ബാങ്കില്‍ ഇന്ത്യയിലെ വിളവെടുപ്പുകാര്‍ കൊണ്ടുപോയി സുരക്ഷിതമാക്കിവച്ച പണം രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 13 ഇരട്ടി വരും. എന്നിട്ടും ചില വിഡ്ഢികള്‍ പറയുന്നത്, ഇന്ത്യ ദരിദ്രരാജ്യം എന്നാണ്. നാട്ടില്‍ വിളവെടുത്ത് പ്രത്യേക വിമാനത്തില്‍കയറ്റി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കൊണ്ടുപോകുന്ന മഹാന്മാരുടെ ബുദ്ധിമുട്ട് ആരും കാണുന്നില്ലെന്നതാണ് മഹാകഷ്ടം. നികുതി അടയ്ക്കാതെയും കണക്കില്‍പ്പെടുത്താതെയും 26,60,876 കോടിരൂപ വിദേശത്തെ ബാങ്കുകളില്‍ കൊണ്ടുപോയി കൂട്ടിവച്ച് ഇന്ത്യയെ സമ്പന്നരാഷ്ട്രമാക്കിയവര്‍ക്ക് പത്മവിഭൂഷണെങ്കിലും കൊടുക്കേണ്ടതാണ് മര്യാദ. അതുചെയ്യിക്കാതെ ത്യാഗീവര്യന്മാരെ ആക്ഷേപിക്കുന്നവര്‍ മാര്‍ക്സിസ്റ്റക്രമികള്‍തന്നെ. അക്രമത്തിനെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ തല ഉയര്‍ത്തേണ്ട കാലം അതിക്രമിച്ചു.

അമ്പതുകോടി ഇന്ത്യക്കാര്‍ക്ക് ജീവിക്കാന്‍ ഒരു മരത്തിന്റെയും തണലില്ല എന്ന് ചിലര്‍ കള്ളംപറയുന്നുണ്ട്. അമ്പതുകോടിയില്‍ കുറെപ്പേര്‍ കല്‍ക്കരിഖനിയിലും തോട്ടങ്ങളിലും സുഖജീവിതം നയിക്കുന്നുണ്ട്. 22 രൂപ 40 പൈസ ഒരു ദിവസം കിട്ടിയാല്‍ അവര്‍ സമ്പന്നരാണ്. അത്തരക്കാര്‍ക്ക് കൂടുതല്‍ പണം ആവശ്യമില്ല. അങ്ങനെ അധികംവരുന്ന പണം സ്വരൂപിച്ച് സ്വിസ് ബാങ്കില്‍ സൂക്ഷിക്കുന്നതല്ലേ യഥാര്‍ഥ രാജ്യസ്നേഹം? കോട്ടയത്തെ റബര്‍ കുടുംബത്തിലെ ഒരു കൃഷിക്കാരന്‍ ജര്‍മനിയിലെ കള്ളപ്പണ നിക്ഷേപകരുടെ പട്ടികയില്‍ തിളങ്ങുന്നത് അത്തരം ത്യാഗസുരഭിലമായ കൃഷിരീതിയുടെ വിജയമാണ്. ടുജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത്, കല്‍ക്കരിപ്പാടം- ഏറ്റവും പുതിയ അത്യുല്‍പ്പാദന വിത്തുകള്‍ ഇവയാണ്. വെറുതെ നട്ടാല്‍മതി. വെള്ളവും വേണ്ട വളവും വേണ്ട. തനിയെ വളര്‍ന്നു കായ്ച്ചുകൊള്ളും.

കാര്‍ഷികരംഗത്തെ പുത്തന്‍ രീതികളെക്കുറിച്ചുള്ള അജ്ഞതകൊണ്ടാണ് മരത്തില്‍ സബ്സിഡി കായ്ക്കണം, അതുമുഴുവന്‍ ദാരിദ്ര്യരേഖയ്ക്ക് താഴേക്ക് എറിഞ്ഞുകൊടുക്കണം എന്നൊക്കെ ചിലര്‍ പുലമ്പുന്നത്. അതിനെയാണ് മന്‍മോഹന്‍ജി കണക്കിന് കളിയാക്കിയത്. മൊബൈല്‍ഫോണ്‍ സൈലന്റ് മോഡിലിടുമ്പോള്‍ "മന്‍മോഹന്‍ മോഡിലാണ്" എന്ന് പറഞ്ഞാല്‍ മതി എന്ന് അമേരിക്കന്‍ സായ്പ് കളിയാക്കിയില്ലേ. ആ മോഡ് ഒരു മൂഡ് വന്നാല്‍ ലൗഡ് സ്പീക്കറാകും എന്ന് സിങ്ജി തെളിയിച്ചു. ഇന്ത്യക്കാര്‍ അഭിമാനിക്കുകയാണ് വേണ്ടത്. നന്നായി പുത്തന്‍നോട്ട് കായ്ക്കുന്ന മരമൊക്കെയുണ്ട്. അത് മതിലിനകത്തേയുള്ളൂ. അയ്യായിരം കോടിയുടെ നികുതിയിളവായും കല്‍ക്കരിപ്പാടമായും കൃഷ്ണ- ഗോദാവരി തടമായുമൊക്കെ അര്‍ഹതപ്പെട്ടവര്‍ക്കേ അതിലെ പഴങ്ങള്‍ നല്‍കുള്ളൂ. അല്ലാതെ ബിപിഎല്‍ സമ്പന്നന്മാര്‍ക്കും എപിഎല്‍ എമ്പോക്കികള്‍ക്കും ധൂര്‍ത്തടിക്കാനുള്ള പണം കായ്ക്കുന്ന മരമൊന്നും നാട്ടിലില്ല എന്നാണ് സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രിജി പറഞ്ഞത്. അതാണ് ശരി.

*
ഹസ്സനെ കുറ്റം പറയരുത്. അദ്ദേഹം ഒന്നും ഒളിച്ചുവച്ചിട്ടില്ല. എന്താണ് തൊഴില്‍ എന്ന ചോദ്യത്തിന് സത്യസന്ധമായി ബിസിനസ് എന്നുത്തരം നല്‍കി. രാഷ്ട്രീയം കച്ചവടമാണ് എന്ന് തുറന്നുപറഞ്ഞ ഒരാളെ, ഏതാനും സ്ത്രീകളുടെ പേരില്‍ കുറച്ചു കോടികള്‍ കൈകാര്യംചെയ്ത കുറ്റത്തിന് ദ്രോഹിക്കുന്നതിനെ മഹാദ്രോഹമെന്നേ പറയേണ്ടൂ. വെറുതെ ഇങ്ങനെ ദ്രോഹിച്ചാല്‍, മമത ബാനര്‍ജി പറഞ്ഞതുപോലെ, കടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹസ്സന്‍ ചീറ്റുകയെങ്കിലുംചെയ്യും, തീര്‍ച്ച.

Sunday, September 16, 2012

ഫോക്സ്‌വാഗണ്‍ ട്രാജഡി

എഴുതുമ്പോള്‍ വോക്സ് എന്നാണെങ്കിലും വായിക്കുമ്പോള്‍ ഫോക്സ് ആണ്. വെറുതെ കേട്ടാല്‍ കുറുക്കനാണെന്ന് തോന്നും. ഒന്നാംതരം ജര്‍മന്‍ ഇനമാണ്. കൃത്യമായി പറഞ്ഞാല്‍ അഡോള്‍ഫ് ഹിറ്റ്ലറിന്റെ സന്തതി. 1933ല്‍ ഹിറ്റ്ലര്‍ ജര്‍മനിക്കാര്‍ക്ക് വിലകുറഞ്ഞ കാര്‍ ലഭ്യമാക്കാന്‍ തുടങ്ങിയ കമ്പനി പിന്നെപ്പിന്നെ വളര്‍ന്ന് ലോകത്താകെ വ്യാപിച്ചു. അതിനെ ഇങ്ങ് കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ഇപ്പോഴെങ്കിലും ഉമ്മന്‍ചാണ്ടിക്ക് തോന്നിയത് നല്ലതുതന്നെ. രണ്ടായിരം കോടിയുടെ ഫാക്ടറി, അതിന് ചുറ്റും ടൗണ്‍ഷിപ്പ്, ഇറങ്ങിവരുന്ന കൂറ്റന്‍ കാറുകള്‍- ഹൊ! എന്തൊക്കെയാണ് കുഞ്ഞൂഞ്ഞും കുഞ്ഞാലിക്കുട്ടിയും കൊണ്ടുവരാന്‍ ഒരുങ്ങിയത്. മൂന്നു കുഞ്ഞുങ്ങളുടെ ഭരണം കൊച്ചുകേരളത്തെ കുഞ്ഞുകേരളമാക്കി ഉയര്‍ത്തി എന്നാണ് ഏതോ പണ്ഡിതന്‍ പറഞ്ഞുകളഞ്ഞത്. അതില്‍ ഒരു കുഞ്ഞിന്- കുഞ്ഞുമാണിക്ക് ഈ രക്തത്തില്‍ പങ്കില്ല. പങ്കുവയ്പില്‍ ആ കുഞ്ഞിനെ അടുപ്പിച്ചില്ല. അതിന്റെ കുഴപ്പം വരാനിരിക്കുന്നതേയുള്ളൂ.
വാഗണ്‍ ട്രാജഡി എന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോള്‍ ഫോക്സ് വാഗണ്‍ ട്രാജഡിയാണ്. വരാമെന്നു പറഞ്ഞിട്ടും വരാതിരിക്കുന്ന ഫോക്സ് വാഗണ്‍. 2000 കോടി രൂപയുടെ എന്‍ജിന്‍ അസംബ്ലിയൂണിറ്റ് വരുമെന്ന് മനോരമ പെരുമ്പറകൊട്ടിയാണ് നാട്ടുകാരെ അറിയിച്ചത്. കോട്ടയത്തെ പത്രക്കുട്ടിച്ചായന് ജര്‍മന്‍ഭാഷ വശമില്ല. പക്ഷെ, ജര്‍മന്‍ കമ്പനിക്കാര്‍ക്ക് റബര്‍മലയാളം നന്നായി അറിയാം. അച്ചായന്റെ വാര്‍ത്ത കണ്ട് ഞെട്ടിയ കമ്പനിക്കാര്‍ അടച്ച കണ്ണ് തുറക്കുംമുമ്പേ ചോദിച്ചത് ഏത് കേരളം, എന്ത് എമര്‍ജിങ് എന്നാണ്. കൊച്ചിയില്‍ കോട്ടിട്ടവരും അല്ലാത്തവരുമായ കുറെ പൂച്ചകളെ ഇരുത്തി ഭൂമിക്കച്ചവടം നടത്തുന്ന കാര്യം അവര്‍ അറിഞ്ഞിട്ടേയില്ലപോലും. കല്യാണം നിശ്ചയിച്ചത് വരന്‍ അറിഞ്ഞിട്ടില്ല എന്ന്.
രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് നുണ പറയുന്ന ശീലം തീരെയില്ല. നിയമസഭയിലും പത്രസമ്മേളനത്തിലും പ്രസംഗവേദിയിലും മാത്രമേ ആ നാവില്‍ നുണ കളിയാടാറുള്ളൂ. പത്രസമ്മേളനത്തില്‍ നുണ പറയുമെങ്കിലും അതുകഴിഞ്ഞയുടനെ ചോദ്യകര്‍ത്താവിനെ സ്വകാര്യം വിളിച്ച് സത്യംപറയും. അങ്ങനെ യുധിഷ്ഠിരന്‍പോലും ചെയ്തിട്ടുണ്ട്. അതൊരു കുറ്റമല്ല. ജ്യോതിശാസ്ത്രപ്രകാരം ശനിയുടെ അപഹാരം ചെന്നിത്തലയുടെ രൂപത്തില്‍ ഉച്ചസ്ഥായിയിലാണ്. അതുകൊണ്ടാണ്, ഒരു ദുര്‍ബലനിമിഷത്തില്‍ രണ്ടായിരം കോടി രൂപ ജര്‍മനിക്കാര്‍ കൊണ്ടുവരുമെന്ന് പറഞ്ഞുപോയത്. അല്ലെങ്കിലും മഹാപാതകമൊന്നും ചെയ്തിട്ടില്ല. കമ്പനിയുടെ രണ്ട് ഉദ്യോഗസ്ഥര്‍ വന്നതാണ്. കേരളത്തിലെങ്ങാനും അല്‍പ്പം ഭൂമികിട്ടുമോ എന്ന് അവര്‍ ചോദിച്ചതുമാണ്. എന്തിനാണ് ഭൂമി എന്ന് തിരിച്ചു ചോദിച്ചു. കുറെ യൂറോ കൈയിലുണ്ട്, ഒരു ഫാക്ടറി വച്ച് രസിക്കാനാണെന്ന് മറുമൊഴി. കൊച്ചിവഴി പോകുന്ന രണ്ടു കോട്ടുകാര്‍ കയറിവന്ന് ഇവിടെ ഭൂമി ഉണ്ടോ എന്ന് ചോദിച്ചതുതന്നെ വലിയ കാര്യമല്ലേ. അവര്‍ വെറും രണ്ടായിരം കോടിയുടെ പദ്ധതികൊണ്ടുവന്നു എന്ന് പ്രഖ്യാപിച്ചതില്‍ എന്താണ് തെറ്റ്? പണ്ട് ജിമ്മിന്റെ കാലത്ത് തിരുവനന്തപുരംമുതല്‍ കൊച്ചിവരെ നീളുന്ന സൂപ്പര്‍ തുറമുഖം വരുന്നു എന്ന് പ്രഖ്യാപിച്ചപ്പോള്‍ പുളുവടിയെന്ന് പരിഹസിച്ചിട്ടില്ലേ ഈ പ്രതിപക്ഷം. ആ പദ്ധതി ഇന്നും അങ്ങനെ ഒരു സുന്ദര സുരഭില സ്വപ്നമായി നില്‍ക്കുന്നില്ലേ.

ചുറ്റിലും അസൂയക്കാരാണ്. എമര്‍ജിങ് കേരള ശരിക്കും ഒരു അടിച്ചുമാറ്റല്‍ പ്രസ്ഥാനമെന്ന് പറയുന്നുണ്ട്. ചിറകടിച്ച് പറക്കുന്ന പക്ഷിയെയുംകൊണ്ടാണ് ഉമ്മന്‍ചാണ്ടി സംഗമത്തിന് വന്നത്. ആ പക്ഷിയുടെ ചിത്രംതന്നെ അടിച്ചുമാറ്റിയതാണത്രെ. വെറുമൊരു ചിത്രം അങ്ങനെ അടിച്ചുമാറ്റുന്നതില്‍ എന്താണ് തെറ്റ്? ജിനാ റോസ് മൈക്കിള്‍ എന്ന ചിത്രകാരി വരച്ചതാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് എത്രവേണമെന്ന് ചോദിച്ചു; ആവശ്യപ്പെട്ടത് കൊടുത്തു. അവര്‍ വരച്ചത് പച്ചപ്പക്ഷിയെയായിരുന്നു. എല്ലാം പച്ചയില്‍ മുക്കുന്നു എന്നാണല്ലോ പരാതി. പച്ചപ്പക്ഷിയെ നീലയാക്കിയതിലെ മഹത്വം എന്തേ ആരും കാണുന്നില്ല? എന്നിട്ടും കൗശലക്കാരനാണെന്ന് വിളിക്കുന്നത് കഷ്ടംതന്നെ. ലീഗിന് കീഴടങ്ങുന്നുവെന്ന് പരാതി പറയുന്നവര്‍തന്നെ, തങ്ങള്‍ ഹരിതരാഷ്ട്രീയക്കാരാണെന്ന് വീമ്പടിക്കുകയും ചെയ്യുന്നു. തങ്ങളുടെ ഹരിതരാഷ്ട്രീയമാണ് ലീഗിന്റെ പച്ചക്കൊടിയില്‍ എന്ന് മനസിലാകാത്ത മണ്ടന്മാര്‍. അവരാണിപ്പോള്‍ എമര്‍ജിങ് കേരളയില്‍ പിടിച്ച് അതിനെ ഫോക്സ് വാഗണ്‍ ട്രാജഡിയാക്കുന്നത്. കൗശലം അതിരുവിടുമ്പോള്‍ കൗശലക്കാരനെ കുറുക്കനെന്ന് വിളിക്കും. ഫോക്സ് മുഖ്യമന്ത്രി എന്ന വിളി പ്രചാരത്തിലില്ല. അഥവാ ആരെങ്കിലും അത് വിളിച്ചാല്‍ കുറുക്കന്മാര്‍ സംഘടിച്ച് സെക്രട്ടറിയറ്റ് നടയില്‍ ഓരിയിടും.

*

അമേരിക്കന്‍ ആണവകരാര്‍ വന്നപ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ എതിര്‍ത്തു. എതിര്‍ക്കുന്നവര്‍ക്ക് വട്ടാണ് എന്ന് അച്ചായന്റെ ഗായക സംഘം പാടി. പതിനായിരം മെഗാവാട്ടിന്റെ റിയാക്ടറുകള്‍ അമേരിക്കയില്‍നിന്ന് വാങ്ങാന്‍ മന്‍മോഹന്‍ജി കരാര്‍ ഒപ്പിട്ടപ്പോള്‍ ആണവ വൈദ്യുതി ഇന്ത്യാ മഹാരാജ്യത്തെ വെളിച്ചത്തില്‍ കുളിപ്പിക്കുമെന്ന മധുരിതഗാനം അലയടിച്ചു. പാട്ടിന്റെ താളത്തില്‍ നൃത്തം മുറുകി. അമേരിക്കന്‍ റിയാക്ടര്‍കൊണ്ട് അപകടമുണ്ടായാല്‍ അതിന് അമേരിക്കക്കാര്‍ക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല എന്നുകൂടി കല്‍പ്പിച്ചു, അതോടെ യുപിഎസര്‍ക്കാര്‍. ആണവ കരാറും റിയാക്ടറും വന്നില്ലെങ്കില്‍ ഇന്ത്യ ഇരുട്ടിലാകുമെന്ന് മനോരമ വിലപിച്ചു. കരാറിനെ എതിര്‍ത്ത ഇടതുപക്ഷത്തെ "തകരച്ചെണ്ടക്കോല"മാക്കി. ഇന്നിതാ മനോരമ കുടുംബസമേതം കൂടംകുളത്ത് കടല്‍സത്യഗ്രഹത്തിന് പോകുന്നുപോലും. ഉദയകുമാര്‍ മഹാനായ സമരനേതാവുപോലും.

കൂടംകുളത്തെ പരിപാടി 1989ല്‍ സോവിയറ്റ് യൂണിയന്റെ കാലത്ത് തുടങ്ങിയതാണ്. പണം ഏറെ ചെലവിട്ടു, പണിയേറെ നടന്നു. ഇപ്പോഴാണ് ബോധോദയം വരുന്നത്. ഇക്കാര്യത്തില്‍മാത്രം മന്‍മോഹന്‍സിങ് പറഞ്ഞിട്ടും മനോരമയ്ക്ക് വിശ്വാസംവരുന്നില്ല. പതിനയ്യായിരം കോടി രൂപ ചെലവാക്കി പണി പൂര്‍ത്തിയാക്കുംവരെ ഇല്ലാത്ത വികാരം പതിനൊന്നാം മണിക്കൂറില്‍ പറന്നുയരുന്നു. ജനങ്ങള്‍ ആകെ ഭയത്തിലാണ്. ജപ്പാനില്‍ സുനാമി അടിച്ചുകയറിയപ്പോള്‍ ആണവ നിലയങ്ങള്‍ തകര്‍ന്നത് കണ്ട് പേടിച്ചവര്‍ക്ക് സ്വന്തം നാട്ടില്‍ അങ്ങനെയൊന്ന് വരാതിരിക്കാനാണ് നിര്‍ബന്ധമുണ്ടാവുക. സമരം ചെയ്യുന്നവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ജനങ്ങളുടെ ഭീതി മാറ്റണം. സുരക്ഷ ഉറപ്പാക്കണം. അത് ബോധ്യപ്പെടുത്തുകയും വേണം. അതിന് പകരം സമരം അടിച്ചമര്‍ത്താനൊരുങ്ങി ഒരു ഭാഗം. കത്തുന്ന തീയില്‍ എണ്ണയൊഴിക്കാന്‍ മറുഭാഗം. മനോരമ രണ്ടാമത്തെ ഭാഗത്താണ്. അമേരിക്കന്‍ ആണവകരാറിന് സിന്ദാബാദ് വിളിച്ചവര്‍ക്ക് കൂടംകുളത്ത് സമരവീര്യം തിളച്ചുമറിയുന്നുപോലും. അമേരിക്കയില്‍നിന്ന് വരുന്ന പണം എവിടേക്കാണ് പോകുന്നതെന്ന് പരതിപ്പിടിക്കേണ്ട നേരമായി. അമേരിക്ക, സിഐഎ, ഐഎസ്ഐ, മൊസാദ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ മനോരമയ്ക്ക് എന്തു വികാരമാണുണ്ടാവുക എന്നും പരിശോധിക്കണം.

*
നെല്ലെന്തിന്, മലയാളി ഗോതമ്പുണ്ട വിഴുങ്ങിയാല്‍പോരേ എന്ന് ആസൂത്രണകമീഷന്റെ സര്‍ദാര്‍ജി ചോദിക്കാഞ്ഞത് ഭാഗ്യം. ഇപ്പോള്‍ ജയിലുകളില്‍ ഗോതമ്പുണ്ടയില്ല. ചപ്പാത്തിയാണ്. പഞ്ചാബില്‍നിന്ന് ഗോതമ്പ് വരും, ജയിലുകളില്‍ ചപ്പാത്തിയാകും- കേരളം ഭക്ഷ്യസമൃദ്ധിയില്‍ പുളകിതമാകും. ആയതിനാല്‍ കുട്ടനാടും പാലക്കാടും വില്‍പ്പനയ്ക്ക് വയ്ക്കാം എന്നാണ് ആധുനിക സാമ്പത്തിക സിദ്ധാന്തം.

Monday, September 3, 2012

വെട്ടുകിളി- വെട്ടുസാഹിത്യശല്യം

വെട്ടുകിളിയില്‍ കിളിയില്ല-വെട്ടേ ഉള്ളൂ. പുല്‍ച്ചാടി ഇനങ്ങളെയാണ് വെട്ടുകിളിയെന്ന് വിളിക്കുന്നത്. അനുകൂല പരിസ്ഥിതിയില്‍ പെട്ടെന്ന് വംശവര്‍ധന നടത്തുന്ന ഇവ പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ ആക്രമണസ്വഭാവത്തോടെ ഒരുമിച്ച് വളരെ ദൂരം സഞ്ചരിച്ച് സകല പച്ചപ്പുകളും തിന്നുതീര്‍ക്കും. പുതിയ കാലത്ത് അതിനെയും ഹരിതരാഷ്ട്രീയമെന്ന് വിളിക്കും. നാടാകെ ലീഗിന്റെ ഹരിത രാഷ്ട്രീയം അരങ്ങുതകര്‍ക്കുമ്പോള്‍ ഏതാനും എംഎല്‍എമാര്‍ ബദല്‍ പച്ചക്കുപ്പായം ഇടുന്നതുപോലെയല്ല ഇത്. വെട്ടുകിളിക്ക് വലുപ്പം കുറയുമെങ്കിലും ഉശിര് കൂടുതലാണ്. 15 സെന്റീമീറ്റര്‍ വരെ വലുപ്പമുള്ള ആക്രമണകാരികളായ ചിലയിനം വെട്ടുകിളികള്‍, ഭൂപ്രദേശങ്ങളില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട് നാശങ്ങളുണ്ടാക്കിയശേഷം അപ്രത്യക്ഷമാകുന്നതിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പിന്‍കാലുകള്‍ വലുതായതിനാല്‍ ചാടി രക്ഷപ്പെടാനും കാലുമാറാനും ഇവയ്ക്ക് എളുപ്പമാണ്. കൂട്ടംകൂടി ജീവിക്കുമ്പോള്‍ ശരീരഘടന, ധര്‍മം, പെരുമാറ്റം എന്നിവയ്ക്ക് തലമുറകളിലൂടെ മാറ്റംവരുത്താന്‍ ഇവയ്ക്ക് കഴിവുമുണ്ട്. അതോടെ എന്തും വെട്ടിവിഴുങ്ങാന്‍ കഴിവുള്ള ഒരുകൂട്ടമായി മാറും. ആവാസവ്യവസ്ഥയില്‍ ആവശ്യത്തിന് പച്ചപ്പും അനുകൂലമായ ഊഷ്മാവ്, ഈര്‍പ്പം, ചാനല്‍ അവസരം, ലേഖനത്തെ കുളിപ്പിച്ചുകിടത്താനുള്ള കടലാസ് എന്നിവയും ലഭ്യമാകുമ്പോള്‍ വംശവര്‍ധന അതിവേഗത്തിലാകുകയും ഭൂവിഭാഗങ്ങള്‍ തന്നെ തിന്നുനശിപ്പിക്കുകയും ചെയ്യും. കേരളത്തില്‍ പലേടത്തും വെട്ടുകിളി ശല്യം രൂക്ഷമാണെന്ന് വാര്‍ത്തയുണ്ട്.

വെട്ടുകിളികളെക്കുറിച്ച് പറഞ്ഞപ്പോഴാണ്, സമാനസ്വഭാവത്തിലുള്ള മറ്റൊരുതരം ജീവികളെ ഓര്‍മ വന്നത്. അതും അനുകൂല കാലാവസ്ഥയില്‍ വംശവര്‍ധന ഉത്സവമാക്കുന്ന ഇനമാണ്. ബീജസങ്കലനവും സന്നിവേശവും അതിവേഗം നടക്കും. പ്രജനത്തിന്റെ ആദ്യഘട്ടത്തില്‍, "ഇനി ഞാന്‍ സിപിഎമ്മിന് ഒപ്പമില്ല", "സംഘടനയാണ് പ്രശ്നം", "അല്ല, കമ്യൂണിസ്റ്റുകാര്‍ ജനാധിപത്യ പാതയിലല്ല", "റിബലുകള്‍ക്ക് റെഡ് സല്യൂട്ട്" എന്നൊക്കെ അര്‍ഥമുള്ള ശബ്ദമുണ്ടാക്കും. ചീവീടിന്റെ ഒച്ചയോട് സാമ്യമുള്ളതായതിനാല്‍ അര്‍ഥം പെട്ടെന്ന് വ്യക്തമായില്ലെന്നു വരും. കൂട്ടത്തോടെ പറന്നുവന്ന് സര്‍വം തിന്ന് മുടിച്ചുകളയുമെന്ന കാര്യത്തില്‍ മാത്രം അര്‍ഥശങ്കയില്ല.

"നീയെരിച്ചതില്‍ പിന്നെയല്ലോ തീയെരിച്ചതസ്സാധുവിന്‍ മാടം"എന്ന തരത്തിലുള്ള ആത്മവിചാരണയൊന്നും ആധുനികോത്തര വെട്ടുകിളികളില്‍ നിന്നുണ്ടാകില്ല. അവയ്ക്ക് പുരോഗമനവാദിയുടെയും സഹൃദയന്റെയും മാന്യന്റെയും വര്‍ണക്കുപ്പായങ്ങളുണ്ട്. മാതൃഭൂമിയുടെയും മാധ്യമത്തിന്റെയും മനോരമയുടെയും ഇന്ത്യാ ടുഡെയുടെയും പഞ്ഞിമെത്തകളുണ്ട്. ആദര്‍ശവാനെന്ന നാട്യംകൊണ്ടു മറയ്ക്കുന്ന അസാന്മാര്‍ഗിയുടെ സ്വത്വമുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ടിയെ നന്നാക്കാനുള്ള പാഷാണവാക്കുകള്‍ ചിറകിനടിയില്‍ വേണ്ടതിലേറെയുണ്ട്. ഇത്തരം വെട്ടുകിളികളെ മുട്ടി വഴിനടക്കാനാകുന്നില്ലെന്നതാണ് മാവേലി വരുന്നതിനുമുമ്പും പിമ്പുമുള്ള കേരളത്തിന്റെ വിശേഷം. മാവേലിയോടൊപ്പം മലയാളത്തെ പുഷ്ടിപ്പെടുത്താനിറങ്ങിയ ഇന്ത്യാ ടുഡെയുടെ വിശേഷാല്‍ലക്കം കണ്ടപ്പോഴാണ്, വെട്ടുകിളികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ശതമന്യുവിന് ബോധ്യമായത്.
കുരുടന്മാര്‍ ആനയെ കാണാന്‍ പോയ കഥയും പാട്ടുമെല്ലാം പഴകിപ്പോയി. ഇപ്പോള്‍ കുരുടന്മാരുടെ സിദ്ധാന്തങ്ങള്‍ക്ക് വലിയ വിലയാണ്. സാഹിത്യം ഡാന്യൂബിനെ സാക്ഷിയാക്കിയും എഴുതിക്കാം; പൂജ്യങ്ങള്‍ കൂടുതലുള്ള ചെക്കുകൊടുത്തും എഴുതിക്കാം. ചെക്ക് വേണമെങ്കില്‍ "വെട്ടുവഴി" എന്ന കവിത വായിക്കുകയോ "വെട്ട്, വെട്ട്" എന്ന് 51 വട്ടം ഉരുവിടുകയോ വേണം. വെട്ടുസാഹിത്യത്തിന്റെ കാലമാണ്. മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ കഴുത്തില്‍ തന്നെ വെട്ടണം. വെട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ മാര്‍ക്സിസ്റ്റുകാരന്‍ എഴുതിയ കവിതയെ വെട്ടിയാലും മതി. അങ്ങനെ വെട്ടിയ ഒരു ഗോയങ്കെ നായര്‍ ജന്മസാഫല്യം നേടി വാനപ്രസ്ഥത്തിലേക്ക് കടന്നത് ഇയ്യിടെയാണ്. സ്വന്തമായി എഴുത്തുവരാത്തവര്‍ക്കുള്ളതാണ് അന്തിച്ചര്‍ച്ച. അവിടെപ്പോയാല്‍ വാമൊഴി വഴക്കത്തില്‍ പരിപൂര്‍ണതയിലെത്താം. ഒടുവിലൊടുവില്‍ പട്ടി, പേപ്പട്ടി തുടങ്ങിയ പദങ്ങള്‍ മാത്രം പുറത്തേക്കുവരികയും പുറത്തിറങ്ങിയാല്‍ ശരീരം കേടാകുമെന്ന് പേടിച്ച് മാളത്തിലൊളിക്കുകയും ചെയ്ത അപൂര്‍വസംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

എന്‍ എം പിയേഴ്സണ്‍, സി ആര്‍ നീലകണ്ഠന്‍, ബി ആര്‍ പി ഭാസ്കര്‍, കെ എം ഷാജഹാന്‍ തുടങ്ങിയവരാണ് കമ്യൂണിസത്തിന്റെ ഭാവിപ്രവചിക്കുന്ന വെട്ടുജ്യോത്സ്യന്മാരായി ഇന്ത്യാ ടുഡെയില്‍ രംഗപ്രവേശം ചെയ്തത്. ഈ മഹാജ്യോത്സ്യന്മാര്‍ക്ക് കണ്ണുതട്ടാതിരിക്കാന്‍ എം മുകുന്ദന്‍, എം പി പരമേശ്വരന്‍ എന്നിങ്ങനെയുള്ള ചില പേരുകളും തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. വിഷയാവതാരകന്‍ എം ജി രാധാകൃഷ്ണനാണ്. ശുദ്ധസംഗീതമാണ് മുഖ്യപ്രബന്ധം. ഇടതുപക്ഷത്തിന്റെ പ്രസക്തിയും "ഒരേ ചക്കില്‍ കെട്ടിയ" ചര്‍ച്ചയുടെ അപ്രസക്തിയും വിലയിരുത്തിക്കൊണ്ട്, "സ്വന്തം ആദിമ വിശുദ്ധിയില്‍ കളങ്കവും ഉണ്ട്" എന്ന് സമ്മതിച്ചാല്‍ മാര്‍ക്സിസ്റ്റ്കാരുടെ പ്രശ്നംതീരും എന്നത്രേ പ്രബന്ധാവതാരകന്റെ കണ്ടെത്തല്‍. വെട്ടുകിളികളില്‍നിന്ന് വേറിട്ട വഴിയിലായിപ്പോയി രാധാകൃഷ്ണന്‍- മാതൃഭൂമിയില്‍ ഇനി പേര് അച്ചടിച്ചുവരില്ലെന്നുറപ്പ്. എം മുകുന്ദന്‍ "സിപിഎം ഇല്ലാതെയാകുന്ന ഒരു കേരളം വിഭാവന ചെയ്യുന്നതുപോലും" പേടിക്കുന്നു. വര്‍ഗീയതയും മതതീവ്രവാദവും പോലുള്ള വിനാശകരമായ ഇരുണ്ട ശക്തികളുടെ വളര്‍ച്ചയ്ക്ക് തടയിട്ടത് സിപിഎം തന്നെയാണെന്ന് ഉറപ്പിച്ചുപറയുന്നു. ചോരയുടെ ചൂരില്ലാത്ത ഇടതുപക്ഷത്തെയാണ് ആഗ്രഹിക്കുന്നതെന്ന് മയ്യഴിക്കാരനെ കൊണ്ട് പറയിപ്പിച്ചതിലൂടെ വാരിക ഉദ്ദിഷ്ടകാര്യം സാധിച്ചു. എം പി പരമേശ്വരനാകട്ടെ സ്വന്തം വാദങ്ങളിലെ വൈരുധ്യത്തള്ളിച്ച കൊണ്ട് വൈരുധ്യാധിഷ്ഠിത ഭൗതികവാദംതന്നെ മറന്നുപോയി. സോഷ്യലിസത്തിലേക്ക് പുതിയ പാലം പണിയാനുള്ള ശ്രമത്തിലാണദ്ദേഹം-പുതിയതൊന്നും പറയാനില്ല താനും. മുകുന്ദന്റെയും രാധാകൃഷ്ണന്റെയും പരമേശ്വരന്റെയും മറവിലാണ് വെറിപൂണ്ട വെട്ടുകിളികളുടെ ഇടിച്ചുകയറ്റം.

മാര്‍ക്സിസത്തിന് ഭാവിയുണ്ട്, പക്ഷേ, ഏതുരീതിയില്‍ എന്നാണ് സി ആര്‍ നീലകണ്ഠന്റെ ചോദ്യം. കുറ്റം പറയരുതല്ലോ- ഇത്തവണ പഴിവാക്കുകള്‍ കുറവാണ്. കാലത്ത് സര്‍ക്കാരാപ്പീസില്‍ പോയി റജിസ്റ്ററില്‍ ഒപ്പിട്ട് പുറത്തിറങ്ങി ഗിരിപ്രഭാഷണം നടത്തുകയും മാര്‍ക്സിസ്റ്റ് പാര്‍ടിയെ നന്നാക്കാന്‍ പ്രബന്ധം രചിക്കുകയും ചാനല്‍ ചര്‍ച്ച നടത്തുകയും മാര്‍ക്സിസ്റ്റുകാരെ കുറിച്ച് യൂത്തുകോണ്‍ഗ്രസിന്റെയും ബാലഗോകുലത്തിന്റെയും വേദിയില്‍ ചെന്ന് പ്രഭാഷിക്കുകയും ചെയ്യുന്നതിലാണ് മാര്‍ക്സിസത്തിന്റെ ഭാവി. കെ എം മാണിയുടെ അധ്വാനവര്‍ഗസിദ്ധാന്തത്തിനു പകരം പുതിയ രാഷ്ട്രീയദര്‍ശനമാണ് നീലകണ്ഠന്‍ കൊണ്ടുവരുന്നത്. അതിന് നേരിട്ട് പടപൊരുതുന്നവര്‍ വേണമത്രേ- അത്തരക്കാര്‍ക്കുള്ള ചില ഉപദേശങ്ങള്‍ മാത്രം നല്‍കുന്ന നീലാണ്ടനുപദേശിക്ക് സ്തോത്രം. നമുക്കിനി പോരാട്ടം ചാനല്‍ ചര്‍ച്ചയിലൂടെയും മൈക്കിന്‍ കുഴലിലൂടെയും മാതൃഭൂമി ലേഖനത്തിലൂടെയും തുടരാം.

"ബദല്‍ വേദിയുടെ സാധ്യതകള്‍" ആരാഞ്ഞ് വിഖ്യാത മാര്‍ക്സിസ്റ്റ് പണ്ഡിതന്‍ കെ എം ഷാജഹാനാണ് രംഗത്തുവരുന്നത്. ബദല്‍ പ്രവര്‍ത്തനം എന്നാല്‍ വാര്‍ത്ത ചോര്‍ത്തിക്കൊടുക്കല്‍, ഉപജാപം നടത്തല്‍, പി സി ജോര്‍ജിന് ചായ വാങ്ങിക്കൊടുക്കല്‍, കൊച്ചുങ്ങള്‍ കരയുമ്പോള്‍ പാട്ടുപാടിക്കൊടുക്കല്‍ തുടങ്ങിയവയാണ്. ഷൊര്‍ണൂരിലെ എം ആര്‍ മുരളിയെ ഗ്രാംഷിയോടുപമിക്കണം. വി എസ് നേതാവായതും ജീവിച്ചതും തന്റെ ചെലവിലാണെന്ന് പറഞ്ഞുനടക്കണം. ഇത്തരം സിദ്ധാന്തങ്ങളിലൂടെയാണ് മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് ബദലുണ്ടാക്കേണ്ടത്. ഒഞ്ചിയം, ഷൊര്‍ണൂര്‍, തളിക്കുളം- സുശീലനും പിന്നെ ഷാജഹാനും. പൂത്തുകാച്ചുവരുന്ന ബദലാണ് നാളെ കേരളത്തിന്റെ കണി. മാര്‍ക്സിസ്റ്റ് പാര്‍ടിയെ ഒതുക്കുക എന്ന മിനിമം പരിപാടി മതി- പി സി ജോര്‍ജിനെ മുതിര്‍ന്നനേതാവായി അവരോധിച്ചാല്‍ ബദല്‍ മാര്‍ക്സിസത്തിന് ചൂടും ചൂരും കിട്ടും. മാധ്യമ സിന്‍ഡിക്കറ്റ് അനാഥമാകാതെ സൂക്ഷിക്കാനുള്ള പരിപാടി എന്താണെന്ന് "ഇടതുസഹയാത്രിക"ന്റെ സിദ്ധാന്തത്തില്‍ കാണുന്നില്ല.

കാള്‍മാര്‍ക്സിനേക്കാള്‍ മൂത്ത മാര്‍ക്സിസ്റ്റായ ബി ആര്‍ പി ഭാസ്കറാണ് കമ്യൂണിസത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ സര്‍വഥാ യോഗ്യന്‍. മനുഷ്യാവകാശപ്രവര്‍ത്തകനും സാമൂഹ്യനിരീക്ഷകനും എന്നാണ് ബി ആര്‍ പിയുടെ വിശേഷണം. മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍ എന്നായിരുന്നു വിളിക്കേണ്ടിയിരുന്നത്. കേരളം ഒരുനൂറ്റാണ്ടു മുമ്പ് (തനിയേ) പുറന്തള്ളിയ ഫ്യൂഡല്‍ മാടമ്പി പാരമ്പര്യം ഉപേക്ഷിക്കണമെന്നാണ് പണ്ഡിതന്റെ ആഹ്വാനം. ഫ്യൂഡല്‍-മാടമ്പി വാഴ്ചയ്ക്കെതിരെ പോരടിച്ചതും ചോരചിന്തിയതുമൊക്കെ ബി ആര്‍ പിയെ പോലുള്ള സാമൂഹ്യനിരീക്ഷകരാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് ഒരുപങ്കുമില്ല. ചരിത്രരചനയിലെ പുതിയ പന്ഥാവ് വെട്ടിത്തുറക്കുന്ന ബി ആര്‍ പി ഒരു "വെട്ടുനായകന്‍" തന്നെ. മാര്‍ക്സിസ്റ്റ് പടു എന്‍ എം പിയേഴ്സന്റെ മനസ്സില്‍ ഉഷ്ണജലത്തിന്റെ ഊഷരകാലമാണ്. നല്ല മഴയത്തും ചൂടുതന്നെ. രണ്ട് കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കും മാര്‍ക്സിസവുമായി ആത്മബന്ധമില്ലെന്നു തുടങ്ങി, ഇന്ന് പാര്‍ടിക്ക് അത്തറിന്റെ രൂക്ഷഗന്ധമാണെന്നുവരെ കണ്ടെത്തുകയാണ് ഉഷ്ണജീവി. തലയില്‍ ബ്രില്‍ക്രീം പുരട്ടിയാല്‍ മാര്‍ക്സിസ്റ്റാകില്ല-പകരം ചാനലില്‍ വാക്വിപ്ലവം നടത്തണമെന്ന് ജീവിതംകൊണ്ട് തെളിയിച്ച ആളാണ്. മാനവികതയും നിരന്തരവിപ്ലവവും ശാസ്ത്രീയ സംവാദവും മൊത്തക്കച്ചവടം നടത്തുന്നത് പിയേഴ്സന്റെ കടയിലായതിനാല്‍ ഇനി മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് രക്ഷയില്ല.

ഇന്ത്യാ ടുഡെ കമ്യൂണിസത്തിന്റെയും സിപിഐ എമ്മിന്റെയും ഭാവി തീരുമാനിച്ചുകഴിഞ്ഞു. ഉഗ്രമൂര്‍ത്തികളുടെ മാര്‍ക്സിസ്റ്റ് സംവാദത്തില്‍ അപ്പുക്കുട്ടന്‍, ഹരിഹരന്‍, ആസാദ്, എം ആര്‍ മുരളി, തളിക്കുളം സന്തോഷ്, ഏറാമല വേണു, ബ കു ന തുടങ്ങിയവരെ ഉള്‍പ്പെടുത്താഞ്ഞതു മാത്രമാണ് കഷ്ടം.

കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കിടയിലും പാര്‍ടികള്‍ക്കകത്തും എന്നും ഏകാഭിപ്രായമുണ്ടാകണമെന്നില്ല എന്ന് മാര്‍ക്സിസ്റ്റുകാര്‍ക്ക് നന്നായറിയാം. എന്നാല്‍, കമ്യൂണിസ്റ്റുകാരെ ഏകീകരിക്കുന്ന പരമപ്രധാനമായ ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലേക്ക് നടന്നടുക്കാനാകുന്നത് വര്‍ഗപരമായ ഐക്യദാര്‍ഢ്യംകൊണ്ടാണ്. പൊതുലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ആ ഐക്യത്തെ ശക്തിപ്പെടുത്തുന്നതിനുപകരം ശാപവാക്കുകള്‍ ചൊരിയുകയും പാഷാണം തിരുകുകയും ചെയ്യുന്നതാണ് കമ്യൂണിസത്തിന്റെ ഭാവിയെന്നു കരുതി വാരികത്താളിലും ചാനല്‍ ചര്‍ച്ചയിലും ഉപജീവനം കഴിക്കുന്ന മഹാന്മാരുടെ സംവാദം വെട്ടുകിളികളുടെ ഐക്യപ്പെടലാകുമ്പോള്‍, കല്‍ക്കരിപ്പാടത്തിലൂടെയും എമേര്‍ജിങ് കേരളയിലൂടെയും കോടികള്‍ ചോരും. ആ കൊള്ളയ്ക്ക് ചൂട്ടുപിടിക്കാനുള്ള ക്വട്ടേഷനും സംവാദാത്മാക്കളുടെ മാര്‍ക്സിസ്റ്റ് പക്ഷപാതമായി അടുത്തലക്കത്തില്‍ പുതിയ ചര്‍ച്ച നടക്കും. ഇവര്‍ തന്നെ യഥാര്‍ഥ ഇടതുപക്ഷവെട്ടുകിളികള്‍.

Sunday, August 19, 2012

ഐക്യ തസ്കര മുന്നണി

ഉമ്മന്‍ചാണ്ടി വിഷമിക്കേണ്ട കാര്യമില്ല. കല്‍ക്കരിയേക്കാള്‍ കറുത്ത കരിയൊന്നും കേരളത്തില്‍ വരാനില്ല. അഴിമതിയുടെ മഹാസമുദ്രത്തില്‍ കഴുത്തറ്റം മുങ്ങിയ മന്‍മോഹന്‍ജിക്കുമുന്നില്‍ ബക്കറ്റ് അഴിമതി വെള്ളത്തില്‍ കാലുകുത്തിനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി അശുവോ ശിശുവോ മാത്രം. ഇവിടെ അല്ലറചില്ലറ മെട്രോ റെയിലും വിഴിഞ്ഞവും ഭൂമിക്കച്ചവടവുമൊക്കെയേ ഉള്ളൂ. എമെര്‍ജിങ് മാഫിയയെ വിട്ട് വാരിപ്പിടിച്ചാലും കോടിയുടെ കണക്ക് ആയിരംകവിയില്ല. ഏറിപ്പോയാല്‍ മഞ്ചേശ്വരംമുതല്‍ പാറശാലവരെയുള്ള റിയല്‍ എസ്റ്റേറ്റ് കച്ചവടമേ നടക്കൂ. യഥാര്‍ഥ ആശാന്മാര്‍ അങ്ങ് ഡല്‍ഹിയിലാണ്. അവിടെ വാരിവിഴുങ്ങലാണ്.

പണ്ടൊരു മന്ത്രിയുടെ കിടക്കയില്‍ നിറച്ച നോട്ടുകെട്ടുകള്‍ പിടിച്ചതായിരുന്നു വാര്‍ത്ത. ഇന്നിപ്പോള്‍ അടിച്ചുമാറ്റിയ നോട്ടുകെട്ടുകള്‍ അട്ടിവച്ചാല്‍ മുല്ലപ്പെരിയാറില്‍ അരഡസന്‍ അണക്കെട്ട് തീര്‍ക്കാം. ഏറ്റവുമൊടുവില്‍ വന്നത് ഒരുലക്ഷത്തി എണ്‍പത്താറായിരം ലക്ഷം കോടിയുടെ കണക്കാണ്. ആയിരത്തിന്റെ നോട്ടുകളായി ഈ പണം നിരത്തിവച്ചാല്‍ ഇന്ത്യയെ പണംകൊണ്ട് മൂടാമെന്ന് പണ്ഡിതമതം. ലക്ഷങ്ങളുടെയും കോടികളുടെയും കണക്കുപോയി ലക്ഷംകോടിയുടേതായി.

മാന്യനായ താടിക്കാരന്‍ എന്നാണ് മന്‍മോഹന്‍ജി വാഴ്ത്തപ്പെട്ടിരുന്നത്. അടിച്ചുമാറ്റുന്ന പണത്തിന്റെ അളവ് നോക്കിയാണ് മാന്യത തിട്ടപ്പെടുത്തുക. ഒന്നേമുക്കാല്‍ലക്ഷം കോടിയുടെ 2ജി സ്പെക്ട്രം കുംഭകോണം വന്നപ്പോള്‍ ഒന്നരമാന്യനാണെന്ന് തെളിഞ്ഞതാണ്. പുതിയ മാന്യതാ നിര്‍വചനപ്രകാരം തലയില്‍ കെട്ടുവേണം, താടിവേണം, ചിരിയരുത് വാചകമരുത്- ചോദ്യങ്ങള്‍ക്കുത്തരം തീരേ അരുത്. കിട്ടിയ പണം ചാക്കിലോ ട്രക്കിലോ ആക്കി മാതാവിനോ പുത്രനോ എത്തിക്കണം. അവിടെനിന്ന് പെട്ടികളില്‍ ജനാധിപത്യപരമായ വിതരണം നടക്കും. ആ കൃത്യം ഭംഗിയായി നിര്‍വഹിക്കുന്നയാള്‍ മാന്യനായ പ്രധാനമന്ത്രി എന്നറിയപ്പെടും.

അഴിമതി അനുവദനീയം എന്നതാണ് കോണ്‍ഗ്രസിന്റെ അടിസ്ഥാനപ്രമാണം. ഖദര്‍ ഇട്ടാല്‍ കളവുനടത്താന്‍ ലൈസന്‍സ് കിട്ടി എന്നു കരുതിക്കൊള്ളണം. ഉമ്മന്‍ചാണ്ടിയും കൂട്ടരും, വെളുക്കുവോളവും പോരാഞ്ഞ് ഉച്ചവെയില്‍ തലയില്‍ കയറുമ്പോഴും ജന്മദൗത്യം നിര്‍വഹിക്കുന്നത് മാധ്യമങ്ങള്‍ കണ്ടുനില്‍ക്കുന്നത് ആ ലൈസന്‍സിന്റെ ബലത്തിലാണ്. മോന്തായം വളഞ്ഞ് തിരിഞ്ഞ് കിടക്കുമ്പോള്‍ കേരളത്തില്‍ അത്യാവശ്യം നൂറോ ആയിരമോ കോടി അടിച്ചുമാറ്റിയാലും സര്‍ക്കാര്‍വക ഭൂമി വിറ്റ് കാശ് മാറിയാലും സെക്രട്ടറിയറ്റും ക്ലിഫ്ഹൗസും തീറാധാരം എഴുതിക്കൊടുത്താലും വാര്‍ത്തയാകില്ല. യുഡിഎഫിന്റെ പേര് യുടിഎഫ് എന്നാക്കി മാറ്റുന്നത് നന്നാകും. യുണൈറ്റഡ് തീവ്സ് ഫ്രണ്ട് അഥവാ ഐക്യ തസ്കര മുന്നണി. ആ ഒറ്റക്കാര്യത്തിലേ അവിടെ ഐക്യമുള്ളൂ.

*
അല്‍പ്പബുദ്ധികള്‍ തനിക്ക് ചെയ്യാന്‍ പറ്റാത്തത് ചെയ്യും; ജ്ഞാനികള്‍ ധര്‍മവിരുദ്ധമായത് ഒരിക്കലും ചെയ്യില്ല എന്നാണ് തിരുക്കുറള്‍ പറയുന്നത്. പരിപൂര്‍ണതയില്‍ എത്തിയ മനുഷ്യനിലുള്ള മഹത്വത്തെ അതേമഹത്വത്തിലെത്തിയ ഋഷിമാര്‍ രചിച്ച വേദങ്ങളിലൂടെയേ വായിച്ചെടുക്കാനാകൂ എന്നും തിരുക്കുറള്‍ പറയുന്നുണ്ട്. ആയതിനാല്‍ മഹാന്മാരെ വിശേഷിപ്പിച്ച് വിഷമിക്കാന്‍ ശതമന്യുവിന് ത്രാണിയില്ല. കോതമംഗലത്തെ നേഴ്സുമാരുടെ സമരം തീര്‍ക്കാന്‍ മന്ത്രിമാര്‍ വിളിച്ച ചര്‍ച്ചയില്‍ ഉന്നതശീര്‍ഷനായ ഒരു വ്യവഹാര കുമാരനെ കണ്ടപ്പോള്‍ ഞെട്ടിപ്പോകാഞ്ഞതും അതുകൊണ്ടുതന്നെ. ലക്ഷണശാസ്ത്രപ്രകാരം മഹത്വത്തിന്റെ എല്ലാ അടയാളങ്ങളും ഉണ്ട്. അര്‍ഹതയുള്ളിടത്തേ കയറിച്ചെല്ലൂ. ചെന്നാല്‍ ചെന്നവിവരം അറിയിച്ചിട്ടേ തിരികെ പോകൂ. ഇങ്ങനെയുള്ള ചില കുമാരന്മാര്‍ ഇല്ലായിരുന്നുവെങ്കില്‍ കേരളം എന്നേ ഉപ്പുവച്ച കലംപോലെയായേനെ.

തൂണിലും തുരുമ്പിലും ആകാശത്തും ഭൂമിയിലും കോടതിയിലും ചാനലിലും ചായക്കടയിലും സ്വകാര്യാശുപത്രിയിലും മന്ത്രിമന്ദിരത്തിലും പൊലീസ് സ്റ്റേഷനിലും ധര്‍മ സംസ്ഥാപനാര്‍ഥം അവതരിക്കുന്നവനാരോ അവനെ നാം അഴിമതിവിരുദ്ധപോരാട്ട കുമാരനെന്ന് വിളിക്കുന്നു. ധിഷണാശാലികളും ത്യാഗികളും എന്നും വേട്ടയാടപ്പെട്ടിട്ടുണ്ട്. യേശുവിന് ചാട്ടയടിയും കുരിശുമരണവും വിധിച്ചവര്‍ക്ക് യഥാര്‍ഥ വിപ്ലവകാരികളെ മനസ്സിലാകുന്നില്ല. കണ്ണാണ് ശരീരത്തിന്റെ വിളക്ക് എന്നും കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കുമെന്നും കണ്ണ് ദുഷിച്ചതെങ്കിലോ ശരീരം മുഴുവന്‍ ഇരുണ്ടുപോകുമെന്നുമാണ് യേശുവചനം. നോക്കുന്ന കണ്ണാണ് പ്രശ്നം.

പാവപ്പെട്ട ലതാനായര്‍ കേസും ജയിലുമൊക്കെയായി കഷ്ടത്തിലാണ്. അവര്‍ക്ക് ശേഷകാലം കഞ്ഞികുടിച്ചു ജീവിക്കാന്‍ നിസ്സാര തുക കൊടുക്കാമെന്നു പറഞ്ഞത് ഒരപരാധമാണോ? കവിയൂരിലെ ആത്മഹത്യചെയ്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചവരുടെ പട്ടികയില്‍ നേതാക്കന്മാരുടെയും മക്കളുടെയും പേര് പറയുക എന്ന ചെറിയൊരു കാര്യത്തിന് ഒരുകോടി രൂപ ലതാനായര്‍ക്ക് കൊടുക്കാം എന്നേ വാഗ്ദാനം ചെയ്തുള്ളൂ. ഇത്തരം ദീനാനുകമ്പയും സാധുജനസേവയും ത്യാഗമനോഭാവവും കാണിക്കുമ്പോള്‍ അശ്ലീലം, അനാവശ്യ വ്യവഹാരം, മഞ്ഞ, നീല, അപവാദപ്രചാരണം തുടങ്ങിയ കുറ്റാരോപണങ്ങള്‍ നടത്തുന്നവരുടെ മനസ്സിലാണ് യഥാര്‍ഥ അശ്ലീലം. അനീതിയും അഴിമതിയും എവിടെയുണ്ടോ അവിടെയൊക്കെ കടന്നുചെന്ന് അടരാടാന്‍ അവതാരമെടുത്ത ദേഹമത്രേ ആപത്ബാന്ധവനായ വ്യവഹാര കുമാരന്‍. അത്തരം പോര്‍മുഖങ്ങളില്‍ സംഭവിക്കുന്നതിനെയാണ് കുമാരസംഭവം എന്നുവിളിക്കുന്നത്.

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നാണ്. മലയാളിക്ക് മലയാളിയോട് അസൂയയാണ്. മഹത്വപ്പെടുത്തി മനസ്സില്‍വച്ചാരാധിക്കേണ്ട പി സി ജോര്‍ജ്, ക്രൈം നന്ദകുമാര്‍, എം പി വീരേന്ദ്രകുമാര്‍, ദല്ലാള്‍ നന്ദകുമാര്‍, അഡ്വ. ജയശങ്കര്‍, സി ആര്‍ നീലകണ്ഠന്‍ തുടങ്ങിയ കേരളത്തിലെ അഴിമതിവിരുദ്ധ പോരാട്ട നായകര്‍ക്ക് സ്വന്തം നാട്ടില്‍ വേണ്ട അംഗീകാരം കിട്ടുന്നില്ല. ആധുനിക കേരളത്തിന്റെ ശില്‍പ്പികളായ ഈ ചരിത്രപുരുഷന്മാരോട് കാണിക്കുന്ന അനീതിക്കെതിരെ സമരം തുടങ്ങാന്‍ സമയമായി. ക്രൈം നന്ദകുമാര്‍ അടുത്തകാലത്ത് ചെയ്ത ത്യാഗത്തിന്റെ കണക്ക് നോക്കിയാല്‍ ബാബാ രാംദേവുപോലും നന്ദന്‍ജിയെ തേടി ഇങ്ങോട്ട് വരും.

ലാവ്ലിന്‍ കേസിന്റെ ശില്‍പ്പിയാണ്. ആരോപണങ്ങള്‍ സ്വന്തം ജിഹ്വയിലും സിബിഐ മുമ്പാകെയും അക്കമിട്ട് ഉന്നയിച്ചു. കോഴപ്പണം, കമലാ എക്സ്പോര്‍ട്ട്, സിംഗപ്പൂര്‍ യാത്ര, ടെക്നിക്കാലിയ, ആഡംബര മാളിക, വിദേശപഠനം, സുര്‍ജിത്തിന്റെ മകന്‍, എ കെ ജി സെന്റര്‍ നവീകരണം ഇങ്ങനെ നാലഞ്ച് നോവലെഴുതാനുള്ള കഥകള്‍. എന്നിട്ടും എവിടെ തെളിവ് എന്നാണ് സിബിഐ ചോദിച്ചത്. "പ്രത്യേകിച്ച് തെളിവൊന്നുമില്ല" എന്ന് പ്രതീകാത്മകമായി അന്ന് സിബിഐക്ക് നല്‍കിയ മറുപടി അഴിമതിവിരുദ്ധ പോരാട്ടത്തില്‍ എക്കാലത്തും ആവേശം പകരുന്നതാണ്. അല്ലെങ്കിലും ഇത്തരം വലിയ ആളുകള്‍ പറയുന്നതും എഴുതുന്നതും തന്നെയാണ് തെളിവ്. അത് മറ്റൊരു സമര നായകനായ വീരേന്ദ്രകുമാറിന് മനസ്സിലാകും. അതുകൊണ്ടാണ്, മാതൃഭൂമിക്കും ക്രൈമിനും മാതൃഭൂമിയില്‍ ഒരൊറ്റ ഓഫീസും ഒരു ലേഖകനും മതി എന്നു തീരുമാനിച്ചത്. കെ എ ജോണി ഒരാള്‍ മതി- നാനാഴി വേണ്ട.

ലാവ്ലിന്‍ കേസ് അന്വേഷിച്ച സിബിഐക്ക് കാര്യം മനസ്സിലായിരുന്നു. വെറുതെ തെളിവുതേടി കഷ്ടപ്പെടേണ്ടതില്ല- നീലാണ്ടന്റെ പുസ്തകം, നന്ദകുമാറിന്റെ വചനാമൃതം, പി കിഷോറിന്റെ (റബര്‍പേനകൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കുന്ന കൃഷിക്കാരന്‍) സ്വപ്നാടനം- അത്രയും മതി പിണറായിയെ പ്രതിയാക്കാന്‍. കവിയൂര്‍ കേസ് വന്നപ്പോള്‍ സിബിഐക്ക് കഠിനമായ രോഗം പിടിപെട്ടു. നല്ലതുകണ്ടാല്‍ തിരിച്ചറിയാതായി- നന്ദകുമാറിന്റെ മഹത്വത്തെ ചോദ്യംചെയ്ത് തുടങ്ങി. കഷ്ടം എന്നല്ലാതെന്തു പറയാന്‍- ലതാ നായര്‍ എന്ന മഹിളാരത്നത്തിന് നല്‍കിയ സഹായവാഗ്ദാനംപോലും അഴിമതിവിരുദ്ധപോരാട്ട നായകന്റെ കുറ്റമായി. ഇതിനെയാണ് കലികാലം എന്ന് വിളിക്കുന്നത്.

ഏറ്റവുമൊടുവില്‍ അവതാരമുണ്ടായത് കോതമംഗലത്താണ്. നേഴ്സുമാരെ രക്ഷിക്കാന്‍. നേഴ്സിങ്ങും ക്രൈം പത്രവും തമ്മിലെന്ത് ബന്ധം എന്നൊക്കെ ചിലര്‍ അന്വേഷിക്കുന്നുണ്ട്. അത്തരം അന്വേഷണമൊന്നും വേണ്ട എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് നേഴ്സുമാരുടെ പ്രശ്നം മന്ത്രിമാരുമായി ചര്‍ച്ചചെയ്യാന്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടത്. അവിശ്രമപോരാട്ടം- ഈ മനുഷ്യനെയാണ് അസൂയാലുക്കള്‍ മഞ്ഞപ്പത്രക്കാരനെന്ന് വിളിക്കുന്നത്. പി സി ജോര്‍ജ്- ക്രൈം നന്ദകുമാര്‍ മുന്നണി വരുന്നുണ്ട്. സഹായിക്കുക; പിന്തുണയ്ക്കുക. ജോര്‍ജ് കയറിയ ഇലക്ട്രിസിറ്റി ഓഫീസിന്റെ ഗതി ഓര്‍ക്കുന്ന കേരളീയര്‍ക്ക് മറ്റ് വഴിയില്ല.

*
മാധ്യമ നിരീക്ഷകനായും നിയമവിദഗ്ധനായും രാഷ്ട്രീയപണ്ഡിതനായും ചരിത്രവ്യാഖ്യാതാവായും ചാക്യാരായും തുള്ളല്‍ കലാകാരനായൂം കോമാളിയായും ട്രപ്പീസുകാരനായും മാറിമാറി പ്രത്യക്ഷപ്പെടുന്ന മറ്റൊരു മഹദ് വ്യക്തിത്വത്തെക്കുറിച്ചും സ്മരിക്കേണ്ടതുണ്ട്. ജാതിയാണ് അദ്ദേഹത്തിന്റെ ഇഷ്ടവിഷയം. കോടതിയിലല്ലാതെ നിയമം പറയും. സ്വന്തം പാര്‍ടിയിലല്ലാതെ രാഷ്ട്രീയം പറയും. വീട്ടുകാരോടല്ലാതെ തെറിയും പറയും.

സിപിഐ എം സംസ്ഥാന സെക്രട്ടറിയെ തല്ലിക്കൊല്ലണം എന്ന ആഹ്വാനമാണ് ഒരു ചാനല്‍ചര്‍ച്ചയില്‍ പണ്ഡിതാധരങ്ങളില്‍നിന്ന് മുത്തുകളായി പൊഴിഞ്ഞുവീണത്. പ്രമുഖ വാര്‍ത്താ അവതാരകനും സഹൃദയനും കലാരസികനും സര്‍വോപരി സദാചാരസമ്പന്നനുമായ വേണു ബാലകൃഷ്ണനെ പുഞ്ചിരിപ്പിക്കാന്‍മാത്രം മധുരതരമായ വചനാമൃതം. പട്ടി- പേപ്പട്ടി വിളി, ഹിംസയ്ക്ക് ആഹ്വാനം. വാക്കിന്റെ സദാചാരത്തെക്കുറിച്ച് വിലാപമില്ല- മാധ്യമമര്യാദയെക്കുറിച്ച് മോങ്ങലില്ല. അടിച്ച് കരണക്കുറ്റി പൊട്ടിക്കാനുള്ള അവിവേകം ആര്‍ക്കും തോന്നിയതുമില്ല. സ്വന്തം പിന്നാമ്പുറത്തിന്റെ കുലുക്കത്തിനുസരിച്ച് ഭൂമിയെ വിറപ്പിക്കുന്ന ചാനല്‍സിംഹവും മാധ്യമ വിശകലന പടുവും ജനാധിപത്യവിരുദ്ധരായ അക്രമികളുടെ ചവിട്ടും തല്ലുമേറ്റ് ആശുപത്രിയില്‍ കിടക്കുന്ന വാര്‍ത്തയും പിറ്റേന്ന് കണ്ടില്ല.

എന്നിട്ടും മാര്‍ക്സിസ്റ്റ് പാര്‍ടി അക്രമികളുടെ പാര്‍ടിയാണെന്ന് പറഞ്ഞുനടക്കുന്നവര്‍ക്കിട്ട് രണ്ട് പൂശി നേരെ ജയിലില്‍ കിടന്നാലെന്താ എന്നാണ് ശതമന്യുവിന്റെ ആലോചന. ചിങ്ങത്തിലെങ്കിലും ഒരു കര്‍ക്കടകചികിത്സ തരപ്പെടുമല്ലോ.

Sunday, August 5, 2012

എട്ടാമത്തെ അത്ഭുതം

അത്ഭുതങ്ങള്‍ നിത്യേന സംഭവിക്കുന്നുണ്ട്. എന്നാലും ലോകത്ത് ഏഴത്ഭുതങ്ങളേയുള്ളൂവെന്ന് യാഥാസ്ഥിതികര്‍ പറയും. എട്ടാമത്തെ അത്ഭുതത്തെക്കുറിച്ച് പറയുന്നത്, ലാസ്റ്റ് ബസ് ഇടയ്ക്കിടെ ഉണ്ടാകും എന്നു പറയുമ്പോലെയാണ്. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിതന്നെ എട്ടാമത്തെ മഹാത്ഭുതമാണ്. അഞ്ചപ്പംകൊണ്ട് അഞ്ചു മന്ത്രിമാരെയും പിന്നെ അയ്യായിരംപേരെയും ഒരേസമയം ഊട്ടാന്‍ കഴിയുന്നതുതന്നെ ദിവ്യാത്ഭുതം. മനസ്സില്‍ വിചാരിക്കുന്നത് സാധിക്കുന്ന ഒരു മുഖ്യമന്ത്രിയുണ്ടാകുന്നതും പരമാശ്ചര്യംതന്നെ. നിയമസഭയിലെ വലിയ കക്ഷി സിപിഐ എമ്മാണ്. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് കിട്ടുന്ന മണ്ഡലങ്ങള്‍ പഴയ ഒമ്പതുപോലും തികയില്ല. വടക്ക് താങ്ങിനിര്‍ത്താന്‍ ലീഗ് വേണം. നടുക്ക് നടുനിവര്‍ത്താന്‍ പി സി ജോര്‍ജിന്റെ കക്ഷി വേണം. തെക്കാണേല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മണ്ഡലം തിരിച്ച് നായരേ, നാടാരേ, തണ്ടാരേ, അണ്ണാ, ചേട്ടാ, ഇക്കാക്കാ എന്നെല്ലാം വിളിക്കണം. ഊന്നുവടികളില്ലെങ്കില്‍ വടിയാകുന്ന ഒരു പാര്‍ടിയെയുംകൊണ്ട് ഒടുക്കത്തെ ഭരണം നടത്താന്‍ കെല്‍പ്പുള്ളവനാരോ അയാളാണ് അത്ഭുതമനുഷ്യന്‍- അതായത് ഉമ്മന്‍ചാണ്ടി.

സംഗതി മൊത്തം കുഴപ്പമാണ്. കോണ്‍ഗ്രസിനും മുന്നണിക്കും എച്ച്1എന്‍1 എന്ന വൈറസ് ബാധിച്ചിരിക്കുന്നു എന്ന് കുട്ടിഖദറുകാര്‍ കണ്ടെത്തിക്കഴിഞ്ഞു. കരളിനെ കടന്നുപിടിക്കുന്ന രോഗമാണ്, ചികിത്സയില്ല. ചികിത്സിക്കാന്‍ ചില തുര്‍ക്കിവൈദ്യന്മാര്‍ ഇറങ്ങിയിട്ടുണ്ട്. ലാടവൈദ്യമാണ് ശാഖ. തോളത്തെ പൊക്കണത്തില്‍ "എന്ത വ്യാധിക്കും" മരുന്നുമായി ചെന്നേടംവീണേടം വിഷ്ണുലോകം, കാടാറുമാസം നാടാറുമാസം, അതിവേഗം ബഹുദൂരം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ തെലുങ്കിലും തമിഴിലും മുഴക്കി വരുന്ന മഹാനുഭാവന്മാരാണ് ലാടന്മാര്‍. നാലോ അഞ്ചോപേര്‍ ഒന്നിച്ച് "ഊളത്തരം" എന്ന കീടനാശിനികൊണ്ട് ചികിത്സിച്ചാല്‍ ഈരാറ്റുപേട്ടയിലെ രോഗാണു ഓടിയൊളിക്കുമെന്ന് കരുതിയിട്ടുണ്ട്. അതുകൊണ്ടാണ് ഒറ്റയ്ക്കും കൂട്ടായും പ്രസ്ക്ലബ്ബില്‍ ചെന്ന് "പിള്ളേരുകളിക്കു"ന്നത്. ലാടവൈദ്യര്‍ക്ക് ആദ്യം സ്വീകരണവും അവസാനം തല്ലുമാണ് പതിവ്. ചികിത്സകൊണ്ട് രോഗി രക്ഷപ്പെടില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് ഉറപ്പുണ്ട്. വൈദ്യന്മാര്‍ ഓടിപ്പോകില്ലെന്ന് അതിനേക്കാള്‍ ഉറപ്പ്. തല്ലുകൊണ്ടാലും തട്ടുകൊണ്ടാലും ആട്ടിയാലും തുപ്പിയാലും ഒന്ന് അമര്‍ത്തി മൂളുകയേ ഉള്ളൂ പാവങ്ങള്‍. ഏറിവന്നാല്‍ ഒന്ന് ചിണുങ്ങിക്കരയും. പിന്നെ അടങ്ങിയൊതുങ്ങി നിന്നുകൊള്ളും. വല്ലപ്പോഴും പുറത്തുവന്ന് വാവിട്ട് കരഞ്ഞതുകൊണ്ടോ ആ കരച്ചില്‍ ചാനലില്‍ മുഴങ്ങിയതുകൊണ്ടോ ഒരു ചുക്കും വരാനില്ല.
അതുപോലെയല്ല നമ്മുടെ ഈരാറ്റുപേട്ട വൈറസ്. എവിടെയും പ്രയോഗിക്കാവുന്ന ജൈവായുധമാണത്. ക്രൈം നന്ദകുമാറിന്റെയും ദല്ലാള്‍ കുമാറിന്റെയും ആട് ആന്റണിയുടെയും റിപ്പര്‍ ചന്ദ്രന്റെയും കീരിക്കാടന്‍ ജോസിന്റെയും ജീനുകളുടെ അത്യപൂര്‍വ സംഗമമാണത്. കയ്ച്ചിട്ടിറക്കാനും പാടില്ല; മധുരിച്ചിട്ട് തുപ്പാനും പാടില്ല. പ്രതാപനെ ജാതിപറഞ്ഞ് വിളിച്ചെങ്കില്‍ വിളിച്ചതുതന്നെ. ഉമ്മന്‍ചാണ്ടി അത് ചോദിച്ചുചെന്നാല്‍ ചെന്നപോലെ വരവുണ്ടാകില്ല. അല്ലെങ്കിലും ഉമ്മന്‍ചാണ്ടിക്ക് മാര്‍ക്സിസ്റ്റുകാരോടേ കളിക്കാന്‍ കഴിയൂ. അവര്‍ നാറിയ പണി ചെയ്യില്ലെന്ന് നന്നായറിയാവുന്നതുകൊണ്ടാണത്. ഉമ്മന്‍ചാണ്ടിയെക്കുറിച്ച് സ്വന്തക്കാര്‍തന്നെ എഴുതി അയച്ച കത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയാല്‍ എന്താകും അവസ്ഥയെന്ന് അദ്ദേഹത്തിനേ അറിയൂ. വ്യക്തിയുടെ സ്വകാര്യപ്രശ്നങ്ങള്‍ രാഷ്ട്രീയ തേജോവധത്തിന് ഉപയോഗിക്കരുതെന്ന മാര്‍ക്സിസ്റ്റുകാരുടെ മാന്യതയും ഉമ്മന്‍ചാണ്ടിക്ക് സൗകര്യംതന്നെ. അത്തരം മാന്യതയുടെ പാലത്തില്‍ വണ്‍വേ ട്രാഫിക്കാണ്.

ജയരാജനെ അറസ്റ്റ് ചെയ്യണം, അതിന് തെളിവുണ്ടാക്കണം എന്നാണ് ഉമ്മന്‍ചാണ്ടി പൊലീസ് കുട്ടികളോട് ശിപായി മുഖേന ആവശ്യപ്പെട്ടത്. ഒരു തെളിവും കിട്ടില്ലെന്നായപ്പോള്‍, ഇടയ്ക്കിടെ വിളിച്ചുവരുത്തി വാര്‍ത്തയുണ്ടാക്കലായി. മൂന്നാംവട്ടം ചെന്നപ്പോള്‍ അറസ്റ്റ്. കേസില്‍പ്പെടുത്തണമെങ്കില്‍ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ കൊടുത്താല്‍ മതി. ഉമ്മന്‍ചാണ്ടിക്ക് അതുപോരാ. അറസ്റ്റ് ചെയ്യണം, മാര്‍ക്സിസ്റ്റുകാര്‍ പ്രതിഷേധിക്കണം, ഹര്‍ത്താല്‍ നടത്തണം, കുറെ കോണ്‍ഗ്രസാപ്പീസുകള്‍ പൊളിയണം- കണ്ടില്ലേ മാര്‍ക്സിസ്റ്റക്രമമെന്ന് ആര്‍ത്തുവിളിക്കണം. എല്ലാം ഉദ്ദേശിച്ചപോലെ നടന്നു. ഒടുവില്‍ ആരെങ്കിലും ചോദിക്കൂ- പി ജയരാജന്റെ പേരിലുള്ള കുറ്റം എന്തെന്ന്. ലീഗുകാരനായ ഷുക്കൂര്‍ കൊല്ലപ്പെടുന്ന ദിവസം ജയരാജന്‍ ലീഗാക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. അവിടെ സന്ദര്‍ശിക്കാനെത്തിയ നൂറുകണക്കിനാളുകളില്‍ ഒരാള്‍ ഫോണില്‍ "വിടരുത്" എന്നു മറ്റാരോടോ പറഞ്ഞുപോലും. അത് ജയരാജന്‍ കേട്ടു എന്ന് പൊലീസ് കരുതുന്നു. "കേട്ടിട്ടും" ആഭ്യന്തരവകുപ്പിനെ വിവരമറിയിച്ച് കുറ്റകൃത്യം തടയാത്തതിന് വകുപ്പ് 118; അറസ്റ്റും ജയിലും. ഒരാള്‍ മറ്റാര്‍ക്കോ ഫോണ്‍ചെയ്യുന്നത് മൂന്നാമതൊരാള്‍ ശ്രദ്ധിക്കുമോ? ശ്രദ്ധിക്കാന്‍ പാടുണ്ടോ? അങ്ങനെ ശ്രദ്ധിക്കുന്നത് മാന്യതയാണോ? അത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലേ? വൃത്തികേടല്ലേ? ഒളിഞ്ഞുനോട്ടമല്ലേ? ജയരാജന്‍ ആ തെറ്റ് ചെയ്തില്ല എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ പൊലീസ് ആരോപിക്കുന്ന കുറ്റം. ഇനി ജനങ്ങള്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ബസിലോ ബസ് സ്റ്റോപ്പിലോ റെയില്‍വേ സ്റ്റേഷനിലോ സിനിമാ തിയറ്ററിലോ ആരെങ്കിലും ഫോണില്‍ സംസാരിക്കുന്നുണ്ടെങ്കില്‍ അടുത്തുചെന്ന് കാതോര്‍ത്തുനില്‍ക്കണം. പറയുന്നതില്‍ എന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ അപ്പോള്‍ ഫോണെടുത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അറിയിക്കണം. (സംഭാഷണം ഒളിഞ്ഞുകേള്‍ക്കാന്‍ പോയി തല്ലുവാങ്ങുന്നവര്‍ക്ക് പ്രത്യേക നഷ്ടപരിഹാരത്തിന് വേറെ നിയമം കൊണ്ടുവരും) ഉമ്മന്‍ചാണ്ടിക്ക് നാണവുംവേണ്ട; മാനവും വേണ്ട- കോണ്‍ഗ്രസല്ലേ. കാക്കിയിടുന്നവര്‍ക്കുവേണ്ടേ അല്‍പ്പം നാണം? ഇമ്മാതിരി തട്ടിപ്പുകേസുണ്ടാക്കാനുള്ള പഠിപ്പ് ഇവര്‍ എവിടെനിന്ന് പഠിച്ചതാണാവോ?

കേരള താല്‍പ്പര്യത്തിനായി നിരന്തരം പോരാടുന്ന പി സി ജോര്‍ജിനെ രാഷ്ട്രീയലക്ഷ്യത്തോടെ ഒറ്റപ്പെടുത്തുവാനുള്ള നീക്കം അപലപനീയമാണെന്ന് വിവിധ സന്നദ്ധസംഘടനാ നേതാക്കളുടെ പ്രസ്താവന വന്നിട്ടുണ്ട്. സാംസ്കാരിക നായകന്മാരുടെ ഇടപെടല്‍ ഉടനെ വരും. പി സി ജോര്‍ജ് എന്ന സാംസ്കാരിക സംഭവത്തിന്റെ ചില്ലിട്ട ചിത്രമാണ് ചെ ഗുവേരയുടെ പഴയ പടം വലിച്ചെറിഞ്ഞ് സി വി ബാലകൃഷ്ണന്‍ മേശപ്പുറത്ത് വച്ചിരിക്കുന്നത്. സാറാ ജോസഫിന്റെ പ്രാര്‍ഥനാമുറിയിലും അതേചിത്രമാണത്രേ. ആട് ആന്റണിയുടെ പതിനെട്ടാമത്തെ ഭാര്യയെ മുംബൈയില്‍ കണ്ടെത്തിയ പൊലീസ് അവിടെയും ചില്ലിട്ട് സൂക്ഷിച്ച പി സി ജോര്‍ജിനെയാണ് കണ്ടത്. ഉമ്മന്‍ചാണ്ടിയുടെ കണ്‍കണ്ട ദൈവമായ ഈ മഹാനേതാവിനെ അഖിലേന്ത്യാതലത്തിലേക്ക് ഉയര്‍ത്താനും സെക്രട്ടറിയറ്റിന്റെ ഗേറ്റില്‍, ജോര്‍ജ് ഈ ഭരണത്തിന്റെ ഐശ്വര്യം എന്ന് എഴുതിവയ്ക്കാനും ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലേക്ക് പോയപ്പോഴാണ്, പ്രതാപ- സതീശ തുര്‍ക്കികളുടെ വയറ്റുനോവ്. വെറുതെയല്ല ആന്റണി പറഞ്ഞത്, കോണ്‍ഗ്രസ് ലോകാത്ഭുതമാണെന്ന്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഒറ്റയ്ക്ക് ജയിക്കാന്‍ കഴിയാതെ ഉപ്പുവച്ച കലംപോലെ ആയിപ്പോയെന്നേയുള്ളൂ. സംഗതി അത്ഭുതംതന്നെ.

*
തന്തതന്നെയാണ് അച്ഛന്‍, ആരും പക്ഷേ, ഇന്നയാളുടെ തന്ത എന്നു പത്രത്തില്‍ എഴുതാറില്ല. മരിച്ചു, ചത്തു, അന്തരിച്ചു, നിര്യാതനായി- ഇതിനെല്ലാം ഒരേഅര്‍ഥം ആണെങ്കിലും ഗോപാലന്‍ ചത്തു, ജോസഫ് ചത്തു എന്ന് വാര്‍ത്തകളില്‍ കാണില്ല. ജഡം, ശവം, മൃതദേഹം എന്നെല്ലാം പര്യായമുണ്ട്. "ഗജകേസരി മോഹനന്റെ ജഡം സംസ്കരിച്ചു", "കുട്ടിക്കൊമ്പന്റെ ജഡം സംസ്കരിച്ചു". "ചത്ത പശുവിന്റെ ജഡം സംസ്കരിച്ചു". "ബീമാപള്ളി തീരത്തടിഞ്ഞ തിമിംഗലത്തിന്റെ ജഡം സ്വീവേജ്ഫാമിനുള്ളില്‍ സംസ്കരിച്ചു" എന്നൊക്കെ വാര്‍ത്ത കാണാം. "ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം സംസ്കരിച്ചു", "ചന്ദ്രശേഖരന്റെ മൃതദേഹം സംസ്കരിച്ചു" എന്നതാണ് മനുഷ്യരെ പ്രതിപാദിക്കുമ്പോഴുള്ള രീതി. ആലപ്പുഴയില്‍ ഇറങ്ങിയ ഞായറാഴ്ചത്തെ മലയാളമനോരമയില്‍ കാസര്‍കോട്ടെ മനോജിന്റെ ജഡം സംസ്കരിച്ചു എന്നാണ് വാര്‍ത്ത. കൊല്ലപ്പെട്ടത് ഇടതുപക്ഷക്കാരനായാല്‍ ആനയുടെയും പശുവിന്റെയും പട്ടിയുടെയും ഗണത്തില്‍ മതി എന്നാണ് ആ പത്രം കരുതുന്നത്. അതാണല്ലോ കേരളത്തിന്റെ ഉല്‍കൃഷ്ട മാധ്യമസംസ്കാരം. ഇതിനോട് ആരും പ്രതികരിച്ചുപോകരുത്. അത് നിയമനിഷേധമാകും; മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമാകും.

*
ഹര്‍ത്താല്‍ശേഷം മാതൃഭൂമിയില്‍ വന്നു- ""സി.പി.എം. ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ "മാതൃഭൂമി"ക്കു നേരെയും അതിക്രമങ്ങള്‍. തൊടുപുഴയില്‍ മാതൃഭൂമി ജില്ലാ ബ്യൂറോയില്‍ അതിക്രമിച്ചുകയറിയ ഹര്‍ത്താലനുകൂലികള്‍ റിപ്പോര്‍ട്ടര്‍ ജി. വേണുഗോപാലിനെ കയ്യേറ്റംചെയ്തു. ക്യാമറ പിടിച്ചുവാങ്ങി നശിപ്പിച്ചു... അതിക്രമം നടത്തിയ നാലംഗസംഘത്തിലെ മൂന്നുപേരെ രണ്ടുമണിക്കൂറിനുള്ളില്‍ത്തന്നെ അറസ്റ്റ് ചെയ്തു..."" എന്ന്. ""കുറേ നാളുകൊണ്ട് നീയൊക്കെ എഴുതാന്‍ തുടങ്ങിയതാ... ഞങ്ങള്‍ക്കറിയാം എന്തുചെയ്യണമെന്ന്... കാച്ചടാ അവനെ എന്ന് ആക്രോശിച്ചശേഷം അസഭ്യവും വിളിച്ചു. ക്യാമറ ആവശ്യപ്പെട്ട ഇവര്‍ അതിനു വിസമ്മതിച്ച വേണുഗോപാലിനെ തള്ളിവീഴ്ത്തി""- എന്നും കാച്ചി മാതൃഭൂമി. തുടരെ പ്രതിഷേധ പ്രസ്താവനകള്‍ വന്നു.

പിറ്റേന്ന് അതേപത്രത്തില്‍ അധികമാരും കാണാത്ത മറ്റൊരു വാര്‍ത്ത വന്നു. അതിങ്ങനെ: ""തൊടുപുഴ മാതൃഭൂമി ഓഫീസിലെ അതിക്രമം: പ്രതികള്‍ സാമൂഹിക വിരുദ്ധര്‍. ""തൊടുപുഴ: സി.പി.എം. പ്രഖ്യാപിച്ച ഹര്‍ത്താല്‍ മറയാക്കി വ്യാഴാഴ്ച തൊടുപുഴ "മാതൃഭൂമി" ഓഫീസില്‍ അതിക്രമം നടത്തിയത് സാമൂഹിക വിരുദ്ധര്‍. ഇവര്‍ക്ക് സി.പി.എം. ബന്ധമില്ലെന്നും ഹര്‍ത്താല്‍പോലുള്ള സാഹചര്യങ്ങള്‍ മുതലെടുത്ത് അതിക്രമം പ്രവര്‍ത്തിക്കുന്നവരാണെന്നും പോലീസ് വ്യക്തമാക്കി""- എന്ന്. പട്ടാമ്പിയില്‍ കുഴമ്പുതേച്ചുകിടന്ന എംഡിക്ക് ഹര്‍ത്താല്‍ ദിവസം വിശ്രമമില്ലായിരുന്നു. എല്ലാ മാതൃഭൂമി ഓഫീസുകളിലേക്കും വിളിച്ച് അവിടെ എന്തെങ്കിലും നടന്നോ, നടക്കുന്ന ഉടനെ ചാനലില്‍ വാര്‍ത്ത കൊടുക്കണം, പ്രതിഷേധിക്കണം എന്നു പറഞ്ഞുകൊണ്ടേയിരുന്നു. ഇനിയിപ്പോള്‍, തൊടുപുഴയില്‍ പിടിയിലായ രണ്ട് കോണ്‍ഗ്രസുകാരും ഒരു ബിജെപിക്കാരനും ഉറപ്പിച്ച പണം കിട്ടാതെ മാതൃഭൂമി ഓഫീസിനുമുന്നില്‍ സമരം തുടങ്ങിയാല്‍ അറിയാം ബാക്കി കഥ. ആകെ മൊത്തം ദിവ്യാത്ഭുതങ്ങള്‍തന്നെ.