Monday, September 3, 2012

വെട്ടുകിളി- വെട്ടുസാഹിത്യശല്യം

വെട്ടുകിളിയില്‍ കിളിയില്ല-വെട്ടേ ഉള്ളൂ. പുല്‍ച്ചാടി ഇനങ്ങളെയാണ് വെട്ടുകിളിയെന്ന് വിളിക്കുന്നത്. അനുകൂല പരിസ്ഥിതിയില്‍ പെട്ടെന്ന് വംശവര്‍ധന നടത്തുന്ന ഇവ പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ ആക്രമണസ്വഭാവത്തോടെ ഒരുമിച്ച് വളരെ ദൂരം സഞ്ചരിച്ച് സകല പച്ചപ്പുകളും തിന്നുതീര്‍ക്കും. പുതിയ കാലത്ത് അതിനെയും ഹരിതരാഷ്ട്രീയമെന്ന് വിളിക്കും. നാടാകെ ലീഗിന്റെ ഹരിത രാഷ്ട്രീയം അരങ്ങുതകര്‍ക്കുമ്പോള്‍ ഏതാനും എംഎല്‍എമാര്‍ ബദല്‍ പച്ചക്കുപ്പായം ഇടുന്നതുപോലെയല്ല ഇത്. വെട്ടുകിളിക്ക് വലുപ്പം കുറയുമെങ്കിലും ഉശിര് കൂടുതലാണ്. 15 സെന്റീമീറ്റര്‍ വരെ വലുപ്പമുള്ള ആക്രമണകാരികളായ ചിലയിനം വെട്ടുകിളികള്‍, ഭൂപ്രദേശങ്ങളില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട് നാശങ്ങളുണ്ടാക്കിയശേഷം അപ്രത്യക്ഷമാകുന്നതിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പിന്‍കാലുകള്‍ വലുതായതിനാല്‍ ചാടി രക്ഷപ്പെടാനും കാലുമാറാനും ഇവയ്ക്ക് എളുപ്പമാണ്. കൂട്ടംകൂടി ജീവിക്കുമ്പോള്‍ ശരീരഘടന, ധര്‍മം, പെരുമാറ്റം എന്നിവയ്ക്ക് തലമുറകളിലൂടെ മാറ്റംവരുത്താന്‍ ഇവയ്ക്ക് കഴിവുമുണ്ട്. അതോടെ എന്തും വെട്ടിവിഴുങ്ങാന്‍ കഴിവുള്ള ഒരുകൂട്ടമായി മാറും. ആവാസവ്യവസ്ഥയില്‍ ആവശ്യത്തിന് പച്ചപ്പും അനുകൂലമായ ഊഷ്മാവ്, ഈര്‍പ്പം, ചാനല്‍ അവസരം, ലേഖനത്തെ കുളിപ്പിച്ചുകിടത്താനുള്ള കടലാസ് എന്നിവയും ലഭ്യമാകുമ്പോള്‍ വംശവര്‍ധന അതിവേഗത്തിലാകുകയും ഭൂവിഭാഗങ്ങള്‍ തന്നെ തിന്നുനശിപ്പിക്കുകയും ചെയ്യും. കേരളത്തില്‍ പലേടത്തും വെട്ടുകിളി ശല്യം രൂക്ഷമാണെന്ന് വാര്‍ത്തയുണ്ട്.

വെട്ടുകിളികളെക്കുറിച്ച് പറഞ്ഞപ്പോഴാണ്, സമാനസ്വഭാവത്തിലുള്ള മറ്റൊരുതരം ജീവികളെ ഓര്‍മ വന്നത്. അതും അനുകൂല കാലാവസ്ഥയില്‍ വംശവര്‍ധന ഉത്സവമാക്കുന്ന ഇനമാണ്. ബീജസങ്കലനവും സന്നിവേശവും അതിവേഗം നടക്കും. പ്രജനത്തിന്റെ ആദ്യഘട്ടത്തില്‍, "ഇനി ഞാന്‍ സിപിഎമ്മിന് ഒപ്പമില്ല", "സംഘടനയാണ് പ്രശ്നം", "അല്ല, കമ്യൂണിസ്റ്റുകാര്‍ ജനാധിപത്യ പാതയിലല്ല", "റിബലുകള്‍ക്ക് റെഡ് സല്യൂട്ട്" എന്നൊക്കെ അര്‍ഥമുള്ള ശബ്ദമുണ്ടാക്കും. ചീവീടിന്റെ ഒച്ചയോട് സാമ്യമുള്ളതായതിനാല്‍ അര്‍ഥം പെട്ടെന്ന് വ്യക്തമായില്ലെന്നു വരും. കൂട്ടത്തോടെ പറന്നുവന്ന് സര്‍വം തിന്ന് മുടിച്ചുകളയുമെന്ന കാര്യത്തില്‍ മാത്രം അര്‍ഥശങ്കയില്ല.

"നീയെരിച്ചതില്‍ പിന്നെയല്ലോ തീയെരിച്ചതസ്സാധുവിന്‍ മാടം"എന്ന തരത്തിലുള്ള ആത്മവിചാരണയൊന്നും ആധുനികോത്തര വെട്ടുകിളികളില്‍ നിന്നുണ്ടാകില്ല. അവയ്ക്ക് പുരോഗമനവാദിയുടെയും സഹൃദയന്റെയും മാന്യന്റെയും വര്‍ണക്കുപ്പായങ്ങളുണ്ട്. മാതൃഭൂമിയുടെയും മാധ്യമത്തിന്റെയും മനോരമയുടെയും ഇന്ത്യാ ടുഡെയുടെയും പഞ്ഞിമെത്തകളുണ്ട്. ആദര്‍ശവാനെന്ന നാട്യംകൊണ്ടു മറയ്ക്കുന്ന അസാന്മാര്‍ഗിയുടെ സ്വത്വമുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ടിയെ നന്നാക്കാനുള്ള പാഷാണവാക്കുകള്‍ ചിറകിനടിയില്‍ വേണ്ടതിലേറെയുണ്ട്. ഇത്തരം വെട്ടുകിളികളെ മുട്ടി വഴിനടക്കാനാകുന്നില്ലെന്നതാണ് മാവേലി വരുന്നതിനുമുമ്പും പിമ്പുമുള്ള കേരളത്തിന്റെ വിശേഷം. മാവേലിയോടൊപ്പം മലയാളത്തെ പുഷ്ടിപ്പെടുത്താനിറങ്ങിയ ഇന്ത്യാ ടുഡെയുടെ വിശേഷാല്‍ലക്കം കണ്ടപ്പോഴാണ്, വെട്ടുകിളികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ശതമന്യുവിന് ബോധ്യമായത്.
കുരുടന്മാര്‍ ആനയെ കാണാന്‍ പോയ കഥയും പാട്ടുമെല്ലാം പഴകിപ്പോയി. ഇപ്പോള്‍ കുരുടന്മാരുടെ സിദ്ധാന്തങ്ങള്‍ക്ക് വലിയ വിലയാണ്. സാഹിത്യം ഡാന്യൂബിനെ സാക്ഷിയാക്കിയും എഴുതിക്കാം; പൂജ്യങ്ങള്‍ കൂടുതലുള്ള ചെക്കുകൊടുത്തും എഴുതിക്കാം. ചെക്ക് വേണമെങ്കില്‍ "വെട്ടുവഴി" എന്ന കവിത വായിക്കുകയോ "വെട്ട്, വെട്ട്" എന്ന് 51 വട്ടം ഉരുവിടുകയോ വേണം. വെട്ടുസാഹിത്യത്തിന്റെ കാലമാണ്. മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ കഴുത്തില്‍ തന്നെ വെട്ടണം. വെട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ മാര്‍ക്സിസ്റ്റുകാരന്‍ എഴുതിയ കവിതയെ വെട്ടിയാലും മതി. അങ്ങനെ വെട്ടിയ ഒരു ഗോയങ്കെ നായര്‍ ജന്മസാഫല്യം നേടി വാനപ്രസ്ഥത്തിലേക്ക് കടന്നത് ഇയ്യിടെയാണ്. സ്വന്തമായി എഴുത്തുവരാത്തവര്‍ക്കുള്ളതാണ് അന്തിച്ചര്‍ച്ച. അവിടെപ്പോയാല്‍ വാമൊഴി വഴക്കത്തില്‍ പരിപൂര്‍ണതയിലെത്താം. ഒടുവിലൊടുവില്‍ പട്ടി, പേപ്പട്ടി തുടങ്ങിയ പദങ്ങള്‍ മാത്രം പുറത്തേക്കുവരികയും പുറത്തിറങ്ങിയാല്‍ ശരീരം കേടാകുമെന്ന് പേടിച്ച് മാളത്തിലൊളിക്കുകയും ചെയ്ത അപൂര്‍വസംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

എന്‍ എം പിയേഴ്സണ്‍, സി ആര്‍ നീലകണ്ഠന്‍, ബി ആര്‍ പി ഭാസ്കര്‍, കെ എം ഷാജഹാന്‍ തുടങ്ങിയവരാണ് കമ്യൂണിസത്തിന്റെ ഭാവിപ്രവചിക്കുന്ന വെട്ടുജ്യോത്സ്യന്മാരായി ഇന്ത്യാ ടുഡെയില്‍ രംഗപ്രവേശം ചെയ്തത്. ഈ മഹാജ്യോത്സ്യന്മാര്‍ക്ക് കണ്ണുതട്ടാതിരിക്കാന്‍ എം മുകുന്ദന്‍, എം പി പരമേശ്വരന്‍ എന്നിങ്ങനെയുള്ള ചില പേരുകളും തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. വിഷയാവതാരകന്‍ എം ജി രാധാകൃഷ്ണനാണ്. ശുദ്ധസംഗീതമാണ് മുഖ്യപ്രബന്ധം. ഇടതുപക്ഷത്തിന്റെ പ്രസക്തിയും "ഒരേ ചക്കില്‍ കെട്ടിയ" ചര്‍ച്ചയുടെ അപ്രസക്തിയും വിലയിരുത്തിക്കൊണ്ട്, "സ്വന്തം ആദിമ വിശുദ്ധിയില്‍ കളങ്കവും ഉണ്ട്" എന്ന് സമ്മതിച്ചാല്‍ മാര്‍ക്സിസ്റ്റ്കാരുടെ പ്രശ്നംതീരും എന്നത്രേ പ്രബന്ധാവതാരകന്റെ കണ്ടെത്തല്‍. വെട്ടുകിളികളില്‍നിന്ന് വേറിട്ട വഴിയിലായിപ്പോയി രാധാകൃഷ്ണന്‍- മാതൃഭൂമിയില്‍ ഇനി പേര് അച്ചടിച്ചുവരില്ലെന്നുറപ്പ്. എം മുകുന്ദന്‍ "സിപിഎം ഇല്ലാതെയാകുന്ന ഒരു കേരളം വിഭാവന ചെയ്യുന്നതുപോലും" പേടിക്കുന്നു. വര്‍ഗീയതയും മതതീവ്രവാദവും പോലുള്ള വിനാശകരമായ ഇരുണ്ട ശക്തികളുടെ വളര്‍ച്ചയ്ക്ക് തടയിട്ടത് സിപിഎം തന്നെയാണെന്ന് ഉറപ്പിച്ചുപറയുന്നു. ചോരയുടെ ചൂരില്ലാത്ത ഇടതുപക്ഷത്തെയാണ് ആഗ്രഹിക്കുന്നതെന്ന് മയ്യഴിക്കാരനെ കൊണ്ട് പറയിപ്പിച്ചതിലൂടെ വാരിക ഉദ്ദിഷ്ടകാര്യം സാധിച്ചു. എം പി പരമേശ്വരനാകട്ടെ സ്വന്തം വാദങ്ങളിലെ വൈരുധ്യത്തള്ളിച്ച കൊണ്ട് വൈരുധ്യാധിഷ്ഠിത ഭൗതികവാദംതന്നെ മറന്നുപോയി. സോഷ്യലിസത്തിലേക്ക് പുതിയ പാലം പണിയാനുള്ള ശ്രമത്തിലാണദ്ദേഹം-പുതിയതൊന്നും പറയാനില്ല താനും. മുകുന്ദന്റെയും രാധാകൃഷ്ണന്റെയും പരമേശ്വരന്റെയും മറവിലാണ് വെറിപൂണ്ട വെട്ടുകിളികളുടെ ഇടിച്ചുകയറ്റം.

മാര്‍ക്സിസത്തിന് ഭാവിയുണ്ട്, പക്ഷേ, ഏതുരീതിയില്‍ എന്നാണ് സി ആര്‍ നീലകണ്ഠന്റെ ചോദ്യം. കുറ്റം പറയരുതല്ലോ- ഇത്തവണ പഴിവാക്കുകള്‍ കുറവാണ്. കാലത്ത് സര്‍ക്കാരാപ്പീസില്‍ പോയി റജിസ്റ്ററില്‍ ഒപ്പിട്ട് പുറത്തിറങ്ങി ഗിരിപ്രഭാഷണം നടത്തുകയും മാര്‍ക്സിസ്റ്റ് പാര്‍ടിയെ നന്നാക്കാന്‍ പ്രബന്ധം രചിക്കുകയും ചാനല്‍ ചര്‍ച്ച നടത്തുകയും മാര്‍ക്സിസ്റ്റുകാരെ കുറിച്ച് യൂത്തുകോണ്‍ഗ്രസിന്റെയും ബാലഗോകുലത്തിന്റെയും വേദിയില്‍ ചെന്ന് പ്രഭാഷിക്കുകയും ചെയ്യുന്നതിലാണ് മാര്‍ക്സിസത്തിന്റെ ഭാവി. കെ എം മാണിയുടെ അധ്വാനവര്‍ഗസിദ്ധാന്തത്തിനു പകരം പുതിയ രാഷ്ട്രീയദര്‍ശനമാണ് നീലകണ്ഠന്‍ കൊണ്ടുവരുന്നത്. അതിന് നേരിട്ട് പടപൊരുതുന്നവര്‍ വേണമത്രേ- അത്തരക്കാര്‍ക്കുള്ള ചില ഉപദേശങ്ങള്‍ മാത്രം നല്‍കുന്ന നീലാണ്ടനുപദേശിക്ക് സ്തോത്രം. നമുക്കിനി പോരാട്ടം ചാനല്‍ ചര്‍ച്ചയിലൂടെയും മൈക്കിന്‍ കുഴലിലൂടെയും മാതൃഭൂമി ലേഖനത്തിലൂടെയും തുടരാം.

"ബദല്‍ വേദിയുടെ സാധ്യതകള്‍" ആരാഞ്ഞ് വിഖ്യാത മാര്‍ക്സിസ്റ്റ് പണ്ഡിതന്‍ കെ എം ഷാജഹാനാണ് രംഗത്തുവരുന്നത്. ബദല്‍ പ്രവര്‍ത്തനം എന്നാല്‍ വാര്‍ത്ത ചോര്‍ത്തിക്കൊടുക്കല്‍, ഉപജാപം നടത്തല്‍, പി സി ജോര്‍ജിന് ചായ വാങ്ങിക്കൊടുക്കല്‍, കൊച്ചുങ്ങള്‍ കരയുമ്പോള്‍ പാട്ടുപാടിക്കൊടുക്കല്‍ തുടങ്ങിയവയാണ്. ഷൊര്‍ണൂരിലെ എം ആര്‍ മുരളിയെ ഗ്രാംഷിയോടുപമിക്കണം. വി എസ് നേതാവായതും ജീവിച്ചതും തന്റെ ചെലവിലാണെന്ന് പറഞ്ഞുനടക്കണം. ഇത്തരം സിദ്ധാന്തങ്ങളിലൂടെയാണ് മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് ബദലുണ്ടാക്കേണ്ടത്. ഒഞ്ചിയം, ഷൊര്‍ണൂര്‍, തളിക്കുളം- സുശീലനും പിന്നെ ഷാജഹാനും. പൂത്തുകാച്ചുവരുന്ന ബദലാണ് നാളെ കേരളത്തിന്റെ കണി. മാര്‍ക്സിസ്റ്റ് പാര്‍ടിയെ ഒതുക്കുക എന്ന മിനിമം പരിപാടി മതി- പി സി ജോര്‍ജിനെ മുതിര്‍ന്നനേതാവായി അവരോധിച്ചാല്‍ ബദല്‍ മാര്‍ക്സിസത്തിന് ചൂടും ചൂരും കിട്ടും. മാധ്യമ സിന്‍ഡിക്കറ്റ് അനാഥമാകാതെ സൂക്ഷിക്കാനുള്ള പരിപാടി എന്താണെന്ന് "ഇടതുസഹയാത്രിക"ന്റെ സിദ്ധാന്തത്തില്‍ കാണുന്നില്ല.

കാള്‍മാര്‍ക്സിനേക്കാള്‍ മൂത്ത മാര്‍ക്സിസ്റ്റായ ബി ആര്‍ പി ഭാസ്കറാണ് കമ്യൂണിസത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ സര്‍വഥാ യോഗ്യന്‍. മനുഷ്യാവകാശപ്രവര്‍ത്തകനും സാമൂഹ്യനിരീക്ഷകനും എന്നാണ് ബി ആര്‍ പിയുടെ വിശേഷണം. മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍ എന്നായിരുന്നു വിളിക്കേണ്ടിയിരുന്നത്. കേരളം ഒരുനൂറ്റാണ്ടു മുമ്പ് (തനിയേ) പുറന്തള്ളിയ ഫ്യൂഡല്‍ മാടമ്പി പാരമ്പര്യം ഉപേക്ഷിക്കണമെന്നാണ് പണ്ഡിതന്റെ ആഹ്വാനം. ഫ്യൂഡല്‍-മാടമ്പി വാഴ്ചയ്ക്കെതിരെ പോരടിച്ചതും ചോരചിന്തിയതുമൊക്കെ ബി ആര്‍ പിയെ പോലുള്ള സാമൂഹ്യനിരീക്ഷകരാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് ഒരുപങ്കുമില്ല. ചരിത്രരചനയിലെ പുതിയ പന്ഥാവ് വെട്ടിത്തുറക്കുന്ന ബി ആര്‍ പി ഒരു "വെട്ടുനായകന്‍" തന്നെ. മാര്‍ക്സിസ്റ്റ് പടു എന്‍ എം പിയേഴ്സന്റെ മനസ്സില്‍ ഉഷ്ണജലത്തിന്റെ ഊഷരകാലമാണ്. നല്ല മഴയത്തും ചൂടുതന്നെ. രണ്ട് കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കും മാര്‍ക്സിസവുമായി ആത്മബന്ധമില്ലെന്നു തുടങ്ങി, ഇന്ന് പാര്‍ടിക്ക് അത്തറിന്റെ രൂക്ഷഗന്ധമാണെന്നുവരെ കണ്ടെത്തുകയാണ് ഉഷ്ണജീവി. തലയില്‍ ബ്രില്‍ക്രീം പുരട്ടിയാല്‍ മാര്‍ക്സിസ്റ്റാകില്ല-പകരം ചാനലില്‍ വാക്വിപ്ലവം നടത്തണമെന്ന് ജീവിതംകൊണ്ട് തെളിയിച്ച ആളാണ്. മാനവികതയും നിരന്തരവിപ്ലവവും ശാസ്ത്രീയ സംവാദവും മൊത്തക്കച്ചവടം നടത്തുന്നത് പിയേഴ്സന്റെ കടയിലായതിനാല്‍ ഇനി മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് രക്ഷയില്ല.

ഇന്ത്യാ ടുഡെ കമ്യൂണിസത്തിന്റെയും സിപിഐ എമ്മിന്റെയും ഭാവി തീരുമാനിച്ചുകഴിഞ്ഞു. ഉഗ്രമൂര്‍ത്തികളുടെ മാര്‍ക്സിസ്റ്റ് സംവാദത്തില്‍ അപ്പുക്കുട്ടന്‍, ഹരിഹരന്‍, ആസാദ്, എം ആര്‍ മുരളി, തളിക്കുളം സന്തോഷ്, ഏറാമല വേണു, ബ കു ന തുടങ്ങിയവരെ ഉള്‍പ്പെടുത്താഞ്ഞതു മാത്രമാണ് കഷ്ടം.

കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കിടയിലും പാര്‍ടികള്‍ക്കകത്തും എന്നും ഏകാഭിപ്രായമുണ്ടാകണമെന്നില്ല എന്ന് മാര്‍ക്സിസ്റ്റുകാര്‍ക്ക് നന്നായറിയാം. എന്നാല്‍, കമ്യൂണിസ്റ്റുകാരെ ഏകീകരിക്കുന്ന പരമപ്രധാനമായ ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലേക്ക് നടന്നടുക്കാനാകുന്നത് വര്‍ഗപരമായ ഐക്യദാര്‍ഢ്യംകൊണ്ടാണ്. പൊതുലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ആ ഐക്യത്തെ ശക്തിപ്പെടുത്തുന്നതിനുപകരം ശാപവാക്കുകള്‍ ചൊരിയുകയും പാഷാണം തിരുകുകയും ചെയ്യുന്നതാണ് കമ്യൂണിസത്തിന്റെ ഭാവിയെന്നു കരുതി വാരികത്താളിലും ചാനല്‍ ചര്‍ച്ചയിലും ഉപജീവനം കഴിക്കുന്ന മഹാന്മാരുടെ സംവാദം വെട്ടുകിളികളുടെ ഐക്യപ്പെടലാകുമ്പോള്‍, കല്‍ക്കരിപ്പാടത്തിലൂടെയും എമേര്‍ജിങ് കേരളയിലൂടെയും കോടികള്‍ ചോരും. ആ കൊള്ളയ്ക്ക് ചൂട്ടുപിടിക്കാനുള്ള ക്വട്ടേഷനും സംവാദാത്മാക്കളുടെ മാര്‍ക്സിസ്റ്റ് പക്ഷപാതമായി അടുത്തലക്കത്തില്‍ പുതിയ ചര്‍ച്ച നടക്കും. ഇവര്‍ തന്നെ യഥാര്‍ഥ ഇടതുപക്ഷവെട്ടുകിളികള്‍.

1 comment:

ശതമന്യു said...

വെട്ടുകിളികളെക്കുറിച്ച് പറഞ്ഞപ്പോഴാണ്, സമാനസ്വഭാവത്തിലുള്ള മറ്റൊരുതരം ജീവികളെ ഓര്‍മ വന്നത്. അതും അനുകൂല കാലാവസ്ഥയില്‍ വംശവര്‍ധന ഉത്സവമാക്കുന്ന ഇനമാണ്. ബീജസങ്കലനവും സന്നിവേശവും അതിവേഗം നടക്കും. പ്രജനത്തിന്റെ ആദ്യഘട്ടത്തില്‍, "ഇനി ഞാന്‍ സിപിഎമ്മിന് ഒപ്പമില്ല", "സംഘടനയാണ് പ്രശ്നം", "അല്ല, കമ്യൂണിസ്റ്റുകാര്‍ ജനാധിപത്യ പാതയിലല്ല", "റിബലുകള്‍ക്ക് റെഡ് സല്യൂട്ട്" എന്നൊക്കെ അര്‍ഥമുള്ള ശബ്ദമുണ്ടാക്കും. ചീവീടിന്റെ ഒച്ചയോട് സാമ്യമുള്ളതായതിനാല്‍ അര്‍ഥം പെട്ടെന്ന് വ്യക്തമായില്ലെന്നു വരും. കൂട്ടത്തോടെ പറന്നുവന്ന് സര്‍വം തിന്ന് മുടിച്ചുകളയുമെന്ന കാര്യത്തില്‍ മാത്രം അര്‍ഥശങ്കയില്ല.