Sunday, December 23, 2012

മന്‍മോഹന്റെ അന്തക കലണ്ടര്‍

മായന്‍ കലണ്ടര്‍പ്രകാരം ലോകം അവസാനിച്ചില്ല. മായാവതിയുടെ കലണ്ടര്‍ ഉള്ളതുകൊണ്ട് യുപിഎ ഭരണവും അവസാനിച്ചില്ല. മായന്‍മാര്‍ പഴയ കൂട്ടരാണ്. സെപ്യിനുകാര്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെത്തുംമുമ്പ് സ്വന്തമായ കലയും ശാസ്ത്രവും എഴുത്തും സാഹിത്യവുമെല്ലാമുണ്ടായിരുന്നവര്‍. അവരുണ്ടാക്കിയ കുറെ കലണ്ടറുകളിലൊന്നില്‍, ഇക്കഴിഞ്ഞ വെള്ളിയാഴ്ചയ്ക്കുശേഷം ദിവസമില്ല. ആ കലണ്ടറാണ് കഴിഞ്ഞ കുറെ ദിവസമായി ലോകത്താകെ ബ്ലാക്ക്മാന്‍ വേഷം കെട്ടിയാടിയത്. കറുത്ത കോട്ടിട്ട ബ്ലാക്ക്മാനായി ഒരു വലിയ ഗ്രഹം വന്നിടിച്ച് ഭൂമി തവിടുപൊടിയായിപ്പോകുമെന്നായിരുന്നു പ്രവചനം. ഇങ്ങനെ കുറെ വെള്ളിയാഴ്ച ഇതിനുമുമ്പും വന്നതാണ്. തുടര്‍ന്ന് സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു, ശനിയാഴ്ചകളും വന്നു. ലോകാവസാനം പ്രവചിച്ച് നടക്കാതെ വരുമ്പോള്‍ "പ്രവാചകന്മാര്‍" മുങ്ങുന്നതാണ് പതിവ്. മനുഷ്യന്റെ അഹങ്കാരത്തിന് അറുതിവരുന്നതും ഗര്‍വിഷ്ഠന്‍ വിനീതനാക്കപ്പെടുന്നതുമായ ലോകാവസാനത്തെക്കുറിച്ച് ബൈബിള്‍ പറയുന്നുണ്ട്. കാഹളത്തില്‍ ഒരൊറ്റ ഊത്ത് ഊതപ്പെട്ടാല്‍ ഭൂമിയും പര്‍വതങ്ങളും പൊക്കിയെടുക്കപ്പെടുകയും ആകാശം പിളരുകയും ചെയ്യുമെന്ന് ഖുര്‍ ആനില്‍ കാണുന്നു. കലിയുടെ വരവോടെയാണ് ഹിന്ദു പുരാണങ്ങളിലെ ലോകാവസാനം. ഇസ്രയേലിന്റെ ശത്രുക്കള്‍ നിഗ്രഹിക്കപ്പെടുന്ന മുഹൂര്‍ത്തമാണ് ജൂതന്‍മാരുടെ ലോകാവസാനം. ഇങ്ങനെ, പലരും പലതായി കാത്തിരിക്കുന്ന മുഹൂര്‍ത്തത്തെ മായന്‍മാരുടെ ചെലവില്‍പെടുത്തി കച്ചവടംചെയ്ത വീരന്‍മാരെ പൂവിട്ടുപൂജിക്കുകതന്നെ വേണം.

എന്തായാലും പ്രതീക്ഷകളാകെ നശിച്ചുകഴിഞ്ഞു. ഇനിയൊരു ലോകാവസാനമുണ്ടാകുന്നുവെങ്കില്‍ അത് മൊത്തത്തിലുള്ള നാശം ആകാന്‍ ഇടയില്ല. വീകേന്ദ്രീകൃതമാണ് ഇനിയുള്ള പരിപാടിയെന്നു സാരം. ഇന്ത്യാ മഹാരാജ്യത്തെ അവസാനിപ്പിക്കാനുള്ള മന്‍മോഹന്‍ കലണ്ടര്‍ തയ്യാറായിട്ടുണ്ട്. കലിയായും പ്രളയമായും അഗ്നിവാതമായും സര്‍വനാശത്തിന്റെ ഭൂതഗണങ്ങള്‍ എന്ന് വരുമെന്നേ നോക്കേണ്ടതുള്ളൂ. ഒരുകണക്കിന് ഇനി ഒന്നും അവസാനിക്കാനില്ല എന്നും പറയാം. രാജ്യം പണയത്തിലാണ്്. ഡല്‍ഹിയില്‍ ബസ്യാത്രയില്‍ സാധാരണ ആണും പെണ്ണും ഒരു സീറ്റിലാണിരിക്കുക. ഇവിടത്തെപ്പോലെ തൊട്ടുനോട്ടവും തോണ്ടിക്കളിയുമൊന്നും അവിടെയില്ല. ഏതു പാതിരാവിലും ഏതുവേഷമണിഞ്ഞും സ്ത്രീകള്‍ പുറത്തിറങ്ങും. അങ്ങനെയുള്ള നാട്ടിലാണ് ഒരു പെണ്‍കുട്ടിയെ പിച്ചിച്ചീന്തിക്കളഞ്ഞത്. ഇനി എങ്ങനെ സ്ത്രീകള്‍ ദില്ലി തെരുവിലൂടെ നടക്കും? ബസില്‍ കയറും? ഉത്തരം പറയേണ്ട മന്‍മോഹന്‍ജി മിണ്ടുന്നില്ല. കേന്ദ്രം നേരിട്ടു ഭരിക്കുന്ന ഡല്‍ഹിയില്‍പ്പോലും ഇതാണ് സ്ഥിതിയെങ്കില്‍ തിരുവഞ്ചൂരിന്റെ കേരളക്കാര്യം ചിന്തിച്ചിട്ടു കാര്യമില്ല.

തിരുവഞ്ചൂര്‍ അടിച്ചു പഠിക്കുന്നത് ലോക്കപ്പിനകത്താണെങ്കില്‍ ഡല്‍ഹിയിലെ പൊലീസിന്റെ പഠനവും പരീക്ഷണവും സമരക്കാരുടെ മുതുകത്താണ്. മരംകോച്ചുന്ന തണുപ്പത്ത് അതിനേക്കാള്‍ തണുത്ത വെള്ളംചീറ്റിയും ലാത്തി പ്രയോഗിച്ചും സമരക്കാരെ തല്ലിയോടിച്ചാണ് മുല്ലപ്പള്ളിയുടെ സ്വന്തംപൊലീസ് അരിശംതീര്‍ക്കുന്നത്. സകലരോഗ സംഹാരിയായ രാഹുല്‍ജിയെ നാട്ടിലൊന്നും കാണാനില്ല. ഈ പ്രശ്നത്തില്‍ ഇടപെട്ടുപോയാല്‍ നാട്ടിലെ സ്ത്രീലമ്പടന്മാരുടെ പിന്തുണ നഷ്ടപ്പെടുമോ എന്ന ഭീതിയുണ്ടാകും. അത്തരമൊരവസ്ഥമൂലം എഐസിസിയില്‍ ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ അതും പ്രശ്നമാണ്. ഹൈക്കമാന്റിന്റെ കരുത്തുള്ള ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് ആ പെണ്‍കുട്ടിയെ കാണാനുള്ള ധൈര്യമില്ലപോലും. ആ നിലയ്ക്ക് രാഹുലില്‍ നിന്നും അത്തരം ധൈര്യം പ്രതീക്ഷിക്കേണ്ടതില്ല. പൊതുതെരഞ്ഞെടുപ്പ് വരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ പച്ചതൊട്ടില്ല. ഹിമാചലിലെ നേട്ടം ഒരു നേട്ടവുമല്ല. ഇതേ മട്ടിലാണ് പോക്കെങ്കില്‍ കോണ്‍ഗ്രസിന്റെ ലോകാവസാനം ഒരുകൊല്ലംകൊണ്ട് സംഭവിക്കും. ലോക്സഭയില്‍ ജയിക്കാന്‍ സിബിഐയെക്കൊണ്ട് കണ്ണുരുട്ടിക്കാം, ചാക്കുകച്ചവടം നടത്താം. അത്രമാത്രം എളുപ്പത്തിലുള്ള യാത്രയ്ക്ക് പൊതുതെരഞ്ഞെടുപ്പില്‍ വഴിയില്ല.

മായാജാലവും മായാവതിയും മുലായത്തിന്റെ മുരളിച്ചയുമെന്നും ഫലംചെയ്യുമെന്നു തോന്നുന്നില്ല. അണ്ണ ഹസാരെ ഒന്ന് തൊട്ടുനോക്കിയപ്പോള്‍ അഴിമതി വിരുദ്ധവികാരം മലവെള്ളംപോലെ വന്നതാണ്. ആരുതൊട്ടാലും പൊട്ടുന്ന രോഷമാണ് നാട്ടുകാരുടെ മനസ്സിലെന്ന് അന്ന് തെളിഞ്ഞു. ഇന്നിതാ, ആരും തൊടാതെ തന്നെ ഇന്ത്യാ ഗേറ്റിനുചുറ്റുമാണ് ജനങ്ങള്‍ ഒത്തുകൂടുന്നത്. തല്ലിയാലും വെടിവച്ചാലും പിരിഞ്ഞുപോകുന്നില്ല എന്നുറപ്പിച്ച് ആര്‍ത്തലയ്ക്കുന്ന യുവസാഗരം അടക്കിപ്പിടിച്ച ജനരോഷത്തിന്റെ മറ്റൊരു കുലംകുത്തിയൊഴുക്കാണ്. അത് ഏതുവഴിക്ക് പോകും, ആരെയെല്ലാം കടലിലെത്തിക്കുമെന്നൊന്നും പറയാനാവില്ല. അന്ന് ഹസാരെയും കെജ്രിവാളും കരുതിയത് തങ്ങളുടെ പ്രതാപംകൊണ്ടാണ് ജനം വരുന്നത് എന്നത്രെ. ഇന്ന് ഹസാരെയുമില്ല, ടീം അണ്ണയുമില്ല. ജനം വരുന്നത് ആരെയും കണ്ടിട്ടല്ല എന്നും ചുറ്റും നടക്കുന്നത് കണ്ട് സഹിക്കാഞ്ഞിട്ടാണെന്നും മനസിലാക്കാത്തവര്‍ക്ക് ഹസാരെയുടെ ഗതിവരും. തെരഞ്ഞെടുപ്പു വരുമ്പോള്‍ എല്ലാം ചേര്‍ത്ത് ജനങ്ങളങ്ങ് പ്രതികരിച്ചാല്‍ മന്‍മോഹന്‍ കലണ്ടറില്‍ യുപിഎ സര്‍ക്കാരിന്റെ മാത്രമല്ല, കോണ്‍ഗ്രസിന്റെതന്നെ ലോകാവസാനം സംഭവിക്കും. മോഡിയുടെ താടികൊണ്ടൊന്നും പകരം വയ്ക്കാനാവുന്ന സ്ഥിതിയാവില്ല അത്. പിടിച്ചുകൊണ്ടുപോയി ആളെക്കൊന്ന് സ്വന്തം മോടി കൂട്ടുന്ന മോഡിത്വവും കട്ടുമുടിച്ച് കൊഴുക്കുന്ന യുപിഎയുടെ ആര്‍ത്തിയും ജനങ്ങള്‍ക്ക് ഒന്നുപോലെത്തന്നെ. രക്ഷപ്പെടാന്‍ വഴിയേതെന്ന് അപ്പോള്‍ അവര്‍ തിരക്കും; മൂന്നാമത്തെ വഴി കണ്ടെത്തുകയുംചെയ്യും. എന്നാലും സോണിയ മാഡത്തിന് ജോലി കുറയില്ല. സ്വന്തം നാട്ടില്‍നിന്ന് വിരുന്നുവരുന്നവരെ സല്‍ക്കരിക്കാനും പ്രത്യേക വിമാനത്തില്‍ തിരിച്ചയക്കാനും ഇവിടെ അവര്‍തന്നെ വേണമല്ലോ.

*

മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റലിക്കാര്‍ തിരിച്ചുപോയത് സ്വന്തം നാട്ടിലോ വീട്ടിലോ എന്തെങ്കിലും അത്യാഹിതം നടന്നിട്ടല്ല. ക്രിസ്മസ് ആഘോഷിക്കണം; അത് ഇറ്റലിയില്‍തന്നെ ആയിരിക്കണം എന്ന് അവര്‍ ആശിച്ചുപോയി. ഇവിടെ പള്ളിയും പട്ടക്കാരും പുല്‍ക്കൂടും ക്രിസ്മസ്കേക്കും കരോളും സാന്റയുമൊന്നും ഇല്ലാഞ്ഞിട്ടല്ല. കര്‍ത്താവ് ഇറ്റലിയിലാണ് താമസം എന്ന് കരുതുന്നതുകൊണ്ടുമല്ല. അവര്‍ക്ക് പോകണമെന്ന് തോന്നി; അവര്‍ പോയി. ഉമ്മന്‍ചാണ്ടി പറഞ്ഞത്, അവരെ തിരിച്ചുകൊണ്ടുവരാനുള്ള ബാധ്യത കേന്ദ്രത്തിനാണ് എന്നത്രെ. അതിനര്‍ഥം കൊണ്ടുപോയതും കേന്ദ്രം എന്നാണ്. കേന്ദ്രത്തിലെ ആരാണ് ഇതിനുപിന്നില്‍ എന്ന ചോദ്യത്തിന് അര്‍ഥമില്ല. അവിടെ ഒരു വയലാര്‍ രവിയുണ്ട്. ഗള്‍ഫ് നാടുകളിലെ തടവറകളില്‍ നൂറുകണക്കിന് ഇന്ത്യാക്കാരാണ് വെളിച്ചംകാണാതെ കഴിയുന്നത്. ആ പാവങ്ങളെക്കുറിച്ച് വയലാര്‍ജി കേട്ടിട്ടുപോലുമില്ല. ഇറ്റലിയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യാക്കാരെക്കുറിച്ച് മുമ്പ് കേന്ദ്രം എഴുതിച്ചോദിച്ചപ്പോള്‍, പറയാന്‍ മനസ്സില്ല എന്നാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ നല്‍കിയ ഉത്തരം. നമ്മുടെ നാട്ടില്‍നിന്ന് ജീവിക്കാനായി മണലാരണ്യത്തില്‍ചെന്ന് അറിഞ്ഞോ അറിയാതെയോ കേസില്‍പ്പെട്ട് തടവറയിലാകുന്നവരെ തിരിഞ്ഞുനോക്കാന്‍ സര്‍ക്കാരുമില്ല, യുപിഎ നേതൃത്വവുമില്ല; പ്രവാസികാര്യ മന്ത്രിയുമില്ല. കൊലപാതകം പിടിക്കപ്പെട്ട് അറസ്റ്റിലായ ഇറ്റലിക്കാരെ തിരിച്ചുകൊണ്ടുപോകാന്‍ ഇവിടെ ഇറ്റാലിയന്‍ മന്ത്രിയും അംബാസഡറും പാടുകിടക്കുന്നു; പ്രത്യേക വിമാനം വരുന്നു. അവര്‍ക്ക് ഇവിടെ രാജകീയ ജീവിതം; അവിടെ രാജകീയ സ്വീകരണം. പണ്ട് ഗള്‍ഫ് യുദ്ധകാലത്ത് കുവൈത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ വി പി സിങ് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളൊക്കെ വയലാര്‍ രവി, കെ പി ഉണ്ണികൃഷ്ണനോട് ചോദിച്ചെങ്കിലും മനസിലാക്കുന്നത് നല്ലതാണ്. ഇറ്റലിക്കാരെ തൊട്ടിലിലിട്ടും പ്രവാസി ഇന്ത്യക്കാരനെ ചക്കിലിട്ടും ആട്ടുന്ന ഭരണത്തിനുതന്നെ അടുത്ത വട്ടം പ്രവാസി വോട്ട് ഒന്നാകെ കിട്ടുമെന്ന് വയലാര്‍ജിക്ക് ന്യായമായും പ്രതീക്ഷിക്കാം.

*

മായന്‍ കലണ്ടറും മന്‍മോഹന്‍ കലണ്ടറും പോലെ ഒരെണ്ണം തട്ടിക്കൂട്ടാന്‍ ഈ കൊച്ചു കേരളത്തില്‍ നടക്കുന്ന ശ്രമം ശ്രദ്ധിക്കാതിരുന്നുകൂടാ. നമ്മുടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കലാകാരന്‍. ഭൂമിയുടെ ഭ്രമണപഥത്തിന്റെ ഇരുപുറവും വ്യാപിച്ചുകിടക്കുന്ന രാശിചക്രത്തിലൂടെ സൂര്യചന്ദ്രന്‍മാരും പഞ്ചതാരഗ്രഹങ്ങളും രാഹുകേതുക്കളും ഗുളികനും ലഗ്നവും സഞ്ചരിക്കുന്നതിന്റെ പൊരുള്‍ തിരുവഞ്ചൂരിന് മനഃപാഠമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനിക്കുമ്പോള്‍ ഓരോ ഗ്രഹങ്ങളും ഏതേത് രാശികളില്‍ എത്രയെത്ര ഡിഗ്രികളില്‍ നില്‍ക്കുന്നു എന്നറിയാനുള്ള ഗ്രഹനില പുള്ളിയുടെ പുസ്തകത്തിലുണ്ട്. ഒരേയൊരു പ്രശ്നം തിരുവഞ്ചൂരിന് കേതുവിന്റെ അപഹാരമാണ് എന്നതുമാത്രം. തന്റെ കലണ്ടര്‍കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ടിയെ അവസാനിപ്പിക്കാം എന്നാണ് പ്രവചിച്ചിട്ടുള്ളത്. സംഹാര കാഹളം മുഴക്കുക മാത്രമല്ല; സിപിഐ എമ്മിന്റെ വനിതാ എംഎല്‍യെപ്പോലും വാഗ്ദൂഷ്യംകൊണ്ട് അഭിഷേകംചെയ്യാനും ടിയാനെ നിര്‍ബന്ധിക്കുകയാണ് കേതു.

കേസുകളില്‍ കുരുക്കുന്ന വല പണിയുന്നതിലാണ് പുത്തന്‍ പരീക്ഷണം. വടകരക്കേസ് ഒരുവിധം ഒതുങ്ങി വരുമ്പോള്‍ ജയകൃഷ്ണന്‍ കേസ്. നേതാക്കളുടെ പേര് പറയിപ്പിച്ചേ കേതു അടങ്ങുകയുള്ളൂ. കേരളത്തിന്റെ ആഭ്യന്തരവകുപ്പ് പാരമ്പര്യമായി പതിച്ചുകിട്ടിയ തറവാട്ടു സ്വത്താണെന്ന് തോന്നിക്കുന്ന വികൃതിയും കേതുവിന്റേതുതന്നെ. ചിലര്‍ക്ക് ചിലതുകിട്ടിയാല്‍ പാതിരാത്രിവരെയൊന്നും കാത്തുനില്‍ക്കാതെ തന്നെ കുടപിടിക്കും. യുഡിഎഫ് സര്‍ക്കാരിനെ കാലപുരിക്കയക്കാനുള്ള വിഷം തിരുവഞ്ചൂരിന്റെ കൈയില്‍തന്നെയുള്ളതുകൊണ്ട് പ്രതിപക്ഷത്തിന്റെ പണി എളുപ്പമാകും. ആ കലണ്ടര്‍ ആ മുന്നണിയെ അവസാനിപ്പിക്കുമെന്ന് സാരം.

3 comments:

മനോജ് ഹരിഗീതപുരം said...

ഒന്ന് പ്രതിഷേധിക്കാൻ പോലും അവകാശമില്ലേ....ഇറ്റലിയിൽ ക്രിസ്തുമസ് അഘോഷിക്കുമ്പോൾ ഇവിടെ രണ്ട് കുടുബങ്ങൾ കണ്ണീരിലാണ്........ഇനി ഗോവിന്ദചാമിയെ പൊങ്കലിന് വിടുമോ..?

ഗോപകുമാര്‍.പി.ബി ! said...

ഏതെങ്കിലുമൊക്കെ കലണ്ടറില്‍ തൂങ്ങി കാലാവധി കഴിക്കുമ്പോഴേക്ക്, സാധാരണക്കാരന്‍ കഴിക്കാനൊന്നുമില്ലാതെ കാലാവധി പൂര്‍ത്തിയാക്കും !

അനില്‍ഫില്‍ (തോമാ) said...

ജനിക്കുന്നെങ്കില്‍ ഇറ്റലിയില്‍ ജനിക്കണം

രാജ്യാന്തര നയതന്ത്ര ബന്ധവന്മറ്റും പറഞ്ഞ് ഇറ്റാലിയന്‍ കൊലയാളികളെ അഴിച്ചു വിട്ട ഭരണക്കാരോടൊരു ചോദ്യം

ഇറ്റലി ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃദ് രാജ്യമാണെങ്കില്‍ ബോഫോഴ്സ് കേസിലെ മുഖ്യ പ്രതിയും കടുത്ത സാമ്പതിക കുറ്റവാളിയുമായ ഒക്ടാവിയോ ക്വട്രോച്ചിയെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറാത്തതെന്തേ??