Sunday, December 16, 2012

ഇതുപോലൊരു നാറിയ ഭരണം

ചീഞ്ഞളിയുമ്പോള്‍ വലിച്ച് കുഴിച്ചിടണം. അല്ലെങ്കില്‍, ശീതീകരിച്ച മോര്‍ച്ചറിയിലേക്ക് മാറ്റണം. രണ്ടിലൊന്ന് ചെയ്തില്ലെങ്കില്‍ കേരളീയന്റെ ഗതി അധോഗതി. അരിക്കു വില നാല്‍പ്പതും നാല്‍പ്പത്തഞ്ചുമായി. ഭരണമാകട്ടെ, നാറിപ്പുഴുത്ത അരിപോലെയും. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അവസാനത്തെ മുഖ്യമന്ത്രിയാകും എന്ന പ്രവചനം തെറ്റ്; ജന്മം അന്തികൃസ്തുവിന്റേതാണ്. അരി തരാത്ത, തുണി തരാത്ത, പണി തരാത്ത ഭരണമേ എന്ന മുദ്രാവാക്യം പണ്ട് കോണ്‍ഗ്രസുകാരും വിളിച്ചിട്ടുണ്ട്. അന്ന് റേഷനരി വാങ്ങി മൂക്കുമുട്ടെ തിന്നാമായിരുന്നു. റേഷന്‍കടവഴി കോറത്തുണിയെങ്കിലും കിട്ടിയിരുന്നു. അധ്വാനിച്ച് ജീവിക്കാമായിരുന്നു. ഇന്ന് എല്ലുമുറിയെ അധ്വാനിക്കാം; അന്തസ്സായി ജീവിക്കാനാവില്ല. 40 രൂപയുടെ അരിയും റെഡിമെയ്ഡ് കടയിലെ തുണിയും വാങ്ങിയാല്‍ ജീവിതം തുലഞ്ഞതുതന്നെ.

റേഷന്‍കട പൂട്ടി കച്ചവടക്കാര്‍ നാടുവിടുന്നു. പകരം നാടായ നാട്ടിലാകെ അരിക്കട തുടങ്ങുമെന്നാണ് ഭക്ഷ്യമന്ത്രി പ്രസ്താവിച്ചത്. അന്വേഷിച്ചു ചെല്ലുമ്പോള്‍ മന്ത്രിയുടെ നാടായ പിറവത്തുപോലും തുറന്നിട്ടില്ല അരിക്കട. പകരം വീട്ടിലും ഓഫീസിലും കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. അവിടെ ക്രയവിക്രയം ചെയ്യപ്പെടുന്നത് "ഗാന്ധിത്തല"യാണ്; "ഒപ്പിന് കുപ്പി" സമ്പ്രദായം. കൗണ്ടറിന്റെ കാര്യംപറഞ്ഞ നേതാവ് പാര്‍ടിക്കു പുറത്തായെങ്കിലും കച്ചവടം ലാഭകരമായിത്തന്നെ നടക്കുന്നു. അതിന്റെ രക്ഷാകര്‍തൃത്വം മുഖ്യമന്ത്രിക്കായതുകൊണ്ട് അല്ലലുമലട്ടുമില്ല; നികുതിയും കൊടുക്കേണ്ട.

എന്തൊക്കെ പറഞ്ഞാലും ടി എം ജേക്കബ്ബിന് മൂടിക്കുടിക്കാനറിയാമായിരുന്നു. മകന് വലിച്ചു കുടിക്കാനേ അറിയൂ. അച്ഛന് ഒരു പാര്‍ടിയെ തീറ്റിപ്പോറ്റണമായിരുന്നു. മകന്റെ കാലം വന്നപ്പോള്‍ ആ പണി ജോണി നെല്ലൂര്‍ ഏറ്റെടുത്തു. പിതൃസ്വത്തായി കിട്ടിയ മന്ത്രിസ്ഥാനം വെറുതെ ഇരുന്നുകൊടുക്കാനുള്ളതാണ്. കൗണ്ടര്‍വഴി വരവ് നിര്‍ബാധം തുടരും. വല്ലപ്പോഴും നിയമസഭയില്‍ മുഖം കാണിക്കണം. നല്ല പാര്‍ലമെന്റേറിയന്‍ എന്ന പേരു കേള്‍പ്പിച്ച പിതാവിന്റെ പുത്രന് സഭയില്‍ എന്ത് നടക്കുന്നു എന്നതില്‍ തിട്ടമില്ല. താനവതരിപ്പിച്ച ബില്ലിന്റെ ചര്‍ച്ച കേള്‍ക്കാന്‍പോലും സമയമില്ല; മറുപടി പറയേണ്ടനേരവും ഹാജരില്ല. മകനേ കടന്നുവരൂ എന്ന് മുന്നുവട്ടം വിളിക്കാനും മുഖം രക്ഷിക്കാനും മാണിസാര്‍ തന്നെ വേണ്ടിവന്നു. മകന്‍ മന്ത്രിക്ക് സഭയിലെ ബില്ലിനേക്കാള്‍ മുഖ്യം കൗണ്ടറിലെ കച്ചവടംതന്നെ.

"എന്നുമെന്റെയീ ചിറകിന്റെ കീഴില്‍" നില്‍ക്കേണ്ടതല്ല "നിന്റെ ജീവിതം നിന്‍കാര്യംമാത്രം" എന്നു പറയാനുള്ള ഊക്ക് ഉമ്മന്‍ചാണ്ടിക്ക് ഇല്ലാതെ പോയി. അനൂപ് ജേക്കബ്ബിന്റെ തണലില്‍ ഉമ്മന്‍ചാണ്ടിയാണോ, അതോ തിരിച്ചോ എന്ന സന്ദേഹം മാനംമുട്ടി നില്‍പ്പുണ്ട്. അനൂപ് പിണങ്ങിയാല്‍ ഭരണത്തിന്റെ മൂക്ക് തെറിക്കും. ഗണേശന്‍ പിണങ്ങിയാലുമതേ. മുഖ്യമന്ത്രിക്ക് പേടിമൂലം ഉറങ്ങാന്‍ പറ്റുന്നില്ല. എപ്പോഴാണ് ആര്‍ക്കാണ് വേണ്ടാത്തത് തോന്നുക എന്നതിന് നിശ്ചയമേയില്ല. ഭരണംപോയാല്‍ തിരുവഞ്ചൂരിന്റെ ഗതിയെന്താകും എന്ന് ഓര്‍ക്കാന്‍ പറ്റുന്നില്ല. പാവം സുധാകരന്‍ ഏതൊക്കെ കേസില്‍ ഏതെല്ലാം ജയിലില്‍ ഭജനയിരിക്കേണ്ടിവരും. വിജിലന്‍സിനും പൊലീസിനും പുതുപ്പള്ളി വീട്ടില്‍ നിന്ന് ഇറങ്ങാന്‍ സമയം കാണുമോ? കൊന്നാല്‍ പാപം തിന്നാല്‍ തീരുമെങ്കില്‍ എത്രയെത്ര മാലിന്യം തിന്നുതീര്‍ക്കേണ്ടിവരും.

ഉറക്കം കിട്ടാത്തത് ഒരു രോഗമല്ല- മഹത്വമാണെന്ന് "മ" മാധ്യമങ്ങള്‍ പറയും. ഉറങ്ങാത്ത മുഖ്യമന്ത്രി, വിശ്രമമില്ലാത്ത ഭരണാധികാരി, ഏതുനേരത്തും ആര്‍ക്കും ദര്‍ശനം എന്നെല്ലാം എഴുതിപ്പിടിപ്പിക്കുന്നവരുണ്ടോ അറിയുന്നു അങ്ങാടിവാണിഭം. പാവത്തിന് ഉറക്കംവരാത്തത് പാലംവലിക്കുന്നവരെ പേടിച്ചാണ് എന്നു തുറന്നുപറഞ്ഞുപോയാലോ, അത് മനോവീര്യം തകര്‍ക്കലാകും. അതുകൊണ്ട് മൗനമാണ് ഭൂഷണം.

അനൂപ് ജേക്കബ് "മികച്ച" മന്ത്രിയാവാന്‍ യോഗ്യന്‍ തന്നെ. പ്രധാനമത്സരം തിരുവഞ്ചൂരുമായിട്ടാകയാല്‍ ഒരു ഫോട്ടോഫിനിഷിന്റെ സ്വഭാവം വരും. ചെരുപ്പ് വച്ച് ഭരിക്കാന്‍ ഭരതന് പണ്ട് പ്രയാസമുണ്ടായിട്ടില്ല. തിരുവഞ്ചൂരും കെ സി ജോസഫും ഉമ്മന്‍ചാണ്ടിയുടെ പഴയ ചെരുപ്പടിച്ചുമാറ്റി മന്ത്രിക്കസേരയില്‍ അതിനെ പ്രതിഷ്ഠിച്ചാണ് ഭരണം നടത്തുന്നത്. അതുകൊണ്ട് അവരുടെ വകുപ്പുകളെ കുറ്റം പറയരുത്. ചെരുപ്പിനെ തെറിവിളിച്ചാല്‍ മതി. പൊലീസിനെ തല്ലുന്നതിനുപകരം ചെരുപ്പിനെ തല്ലണമെന്നര്‍ഥം.

എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ ലീഗിന്റെ വകുപ്പുകളിലേ ഉള്ളൂ. അവിടെ കൊയ്ത്തിനു പറ്റിയ പാടമുണ്ട്. ഇരുപ്പൂ കൃഷിയാണവിടെ. അന്തകവിത്താണ് ഉപയോഗിക്കുന്നത്. പൊതുമരാമത്ത് വകുപ്പിലാകട്ടെ, അതിവേഗം വിള ലഭിക്കുന്ന സങ്കരയിനം വിത്തും അതിനു തക്ക വളവും. വിളഞ്ഞാല്‍ പാതിപ്പാതി എന്നാണ് സൂത്രവാക്യം. പഞ്ചായത്ത് വകുപ്പിന്റെ ദുര്‍ഗന്ധം മാറ്റാന്‍ മാലിന്യനിര്‍മാര്‍ജനം എന്ന അഞ്ചാംവകുപ്പ് സപ്ലൈചെയ്യുന്ന ഊദും ഊദിന്റെ അത്തറും മതിയാകും.

സദ്ഭരണം കണ്ടുകണ്ടങ്ങിരിക്കുമ്പോള്‍ എന്തുവേണമെന്നറിയാതെ നെഞ്ചില്‍ കൈവയ്ക്കുന്നത് ഒരേ ഒരാള്‍മാത്രം. പാലായുടെ സ്വന്തം മാണിക്യം. ഭരിക്കാനും ഭരിപ്പിക്കാനുമൊക്കെ നന്നായറിയാം. ഈരാറ്റുപേട്ടയിലെ ചട്ടമ്പിയൊഴികെ ആര്‍ക്കു മുന്നിലും ഇന്നോളം മുട്ടുമടക്കിയിട്ടില്ല. ചെയ്തത് ഒരേ ഒരു കുറ്റംമാത്രം. തന്റെ ത്യാഗത്തിന്റെ വില പുത്രന് ലഭിക്കണമെന്നാശിച്ചുപോയി. അത് നടന്നില്ലെന്നതോ പോകട്ടെ, പിള്ളയുടെ മുടിയനായ പുത്രന് ലഭിക്കുന്ന പരിഗണനപോലുമില്ലാതെ സര്‍വവേദനയും അടക്കിപ്പിടിച്ച് ഒതുങ്ങിക്കൂടാനാണ് യോഗം. മകന് മന്ത്രിപദവുമില്ല, പിതാവിന്റെ മുഖ്യമന്ത്രിമോഹം പൂവണിഞ്ഞതുമില്ല. പച്ചക്കോട്ടിട്ടവര്‍ നാടു ഭരിക്കുമ്പോള്‍, ഒറ്റയാന്മാര്‍ അരങ്ങുനിറഞ്ഞാടുമ്പോള്‍ പാലായുടെ പ്രിയപുത്രന് അവഗണനയുടെ കഞ്ഞിയും ചമ്മന്തിയുംകൊണ്ട് അധമജീവിതം. ഇതാണ് വിധിയുടെ വിളയാട്ടം. വേണ്ട നേരത്ത് വേണ്ടത് തോന്നാതിരുന്നാല്‍ വേണ്ടാതീനം തലയില്‍കയറുമെന്നാണ് പ്രമാണം.

*

ലോക്കപ്പില്‍ കയറിയാല്‍ ഏമാന്മാരുടെ മട്ടുമാറും. പുറത്ത് ചിരിക്കും കളിക്കും; അകത്തെത്തിയാല്‍ കുമ്പിനിട്ട് ഇടിക്കും. അന്നന്ന് ഭരിക്കുന്നവരെ മാമാ, ചേട്ടാ, സാറെ എന്നൊക്കെ പുന്നാരിച്ചു വിളിക്കും. ഭരണം മാറിയാല്‍ വിളി അല്‍പ്പംകൂടി സ്നേഹത്തോടെ "......മോനേ" എന്നാകും. കോണ്‍ഗ്രസുകാര്‍ ഇത്തരം അവസരങ്ങളെ അതിജീവിക്കുന്നത് തൊലിക്കട്ടികൊണ്ടാണ്. ലീഗിന് പണത്തിന്റെ പവറുണ്ട്. സംഘപരിവാരമാകട്ടെ മീശപിരിച്ചും മസിലു പെരുപ്പിച്ചും കാര്യം സാധിക്കും. മാര്‍ക്സിസ്റ്റുകാര്‍ അതില്‍ പൊതുവെ പുറകിലാണ്. ഭരണത്തില്‍നിന്ന് ഇറങ്ങുന്നതിന്റെ പിറ്റേദിവസംമുതല്‍ പൊലീസ് മാര്‍ക്സിസ്റ്റുകാരുടെ മറുപക്ഷത്താകും. പിന്നെ ലാത്തി, തോക്ക്, ജലപീരങ്കി, കണ്ണീര്‍വാതകം തുടങ്ങിയ വാദ്യോപകരങ്ങളുടെ മേളമാകും. നായനാരെ നോക്കി ആരാണെന്ന് ചോദിച്ചതും ശിവദാസ മേനോന്റെ തല തല്ലിപ്പൊളിച്ചതും എസ്എഫ്ഐക്കാര്‍ക്കെതിരെ വെടിയുതിര്‍ത്തതും ഇങ്ങനെ നിറംമാറിയ ഏമാന്മാരാണ്. ആയകാലത്ത് മാര്‍ക്സിസ്റ്റുകാരുടെ ശരീരത്തില്‍ തായമ്പക പരിശീലിച്ച പുലിക്കോടന്മാര്‍ക്കൊന്നും അവശകാലത്ത് അടികൊണ്ടിട്ടില്ല എന്നത് ചരിത്രസത്യം.

മാര്‍ക്സിസ്റ്റുകാരുടെ മാന്യത സൗകര്യമായെടുത്ത സുകുമാരന്മാരുടെ വിളയാട്ടമാണ് കുറേനാളായി കേരളത്തിലെ വാര്‍ത്ത. ചുവപ്പുകണ്ടാല്‍ വിറളിപിടിക്കുന്ന കാളയെപ്പോലെ, തല്ലിയാലും തല പൊളിച്ചാലും വെടിവച്ചു കൊന്നാലും സ്വന്തം തടി കേടാവില്ല എന്ന ഉറപ്പിലാണ് ഈ നെഗളിപ്പ്. അതിനിട്ടാണ് കഴിഞ്ഞദിവസം കണ്ണൂരിലെ കോടതി ഒന്നു കുത്തിയത്. പിടിച്ചുകൊണ്ടുപോയി ലോക്കപ്പിലിട്ട യുവാവിന്റെ ഗുഹ്യഭാഗത്ത് ഇരുമ്പുകമ്പി കയറ്റി രസിച്ച ഏമാനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നു. ഇതൊരു സൂചനമാത്രം. മാര്‍ക്സിസ്റ്റ് പാര്‍ടിയോടൊപ്പം വക്കീലന്മാര്‍ വേണ്ടതിലേറെയുള്ളതുകൊണ്ട് എല്ലാ സുകുമാരന്മാര്‍ക്കും ഇനി കഷ്ടകാലം പ്രതീക്ഷിക്കാം. കൈത്തരിപ്പ് തീര്‍ക്കാന്‍ ഇനി വല്ല മുരിക്കിനെയോ മതിലിനെയോ ആശ്രയിക്കേണ്ടിവരും.

3 comments:

മനോജ് ഹരിഗീതപുരം said...

കരണ്ട് കട്ട് ഇനി രണ്ട് മണിക്കൂറാ...വിളക്ക് കത്തിക്കാം എന്നുവെച്ചാൽ മണ്ണെണ്ണയും ഇല്ലാ....കഷ്ടം തന്നെ മുതലാളി...കഷ്ടം തന്നെ..

manoj pm said...

മാര്‍ക്സിസ്റ്റുകാരുടെ മാന്യത സൗകര്യമായെടുത്ത സുകുമാരന്മാരുടെ വിളയാട്ടമാണ് കുറേനാളായി കേരളത്തിലെ വാര്‍ത്ത. ചുവപ്പുകണ്ടാല്‍ വിറളിപിടിക്കുന്ന കാളയെപ്പോലെ, തല്ലിയാലും തല പൊളിച്ചാലും വെടിവച്ചു കൊന്നാലും സ്വന്തം തടി കേടാവില്ല എന്ന ഉറപ്പിലാണ് ഈ നെഗളിപ്പ്. അതിനിട്ടാണ് കഴിഞ്ഞദിവസം കണ്ണൂരിലെ കോടതി ഒന്നു കുത്തിയത്. പിടിച്ചുകൊണ്ടുപോയി ലോക്കപ്പിലിട്ട യുവാവിന്റെ ഗുഹ്യഭാഗത്ത് ഇരുമ്പുകമ്പി കയറ്റി രസിച്ച ഏമാനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നു. ഇതൊരു സൂചനമാത്രം. മാര്‍ക്സിസ്റ്റ് പാര്‍ടിയോടൊപ്പം വക്കീലന്മാര്‍ വേണ്ടതിലേറെയുള്ളതുകൊണ്ട് എല്ലാ സുകുമാരന്മാര്‍ക്കും ഇനി കഷ്ടകാലം പ്രതീക്ഷിക്കാം. കൈത്തരിപ്പ് തീര്‍ക്കാന്‍ ഇനി വല്ല മുരിക്കിനെയോ മതിലിനെയോ ആശ്രയിക്കേണ്ടിവരും.

മലക്ക് said...

സംഗതി ശരി തന്നെ. ഞാന്ന് കിടന്നു ഭരിക്കുന്ന UDF അധികാരം നിലനിര്‍ത്താന്‍ പല കളികളും കളിക്കുന്നുണ്ട്. ഇനി ഒരുപക്ഷെ യാതൊരു നിവൃത്തിയും ഇല്ലാതെ അവര്‍ ഭരണം ഒഴിഞ്ഞെന്നു വയ്ക്കുക. അപ്പോള്‍ ഇടതു പക്ഷം അധികാരത്തില്‍ വരും. അങ്ങനെ വന്നാലും വന്‍ ഭൂരിപക്ഷം ഒന്നും ഇല്ലല്ലോ? കളികള്‍ എല്ലാം ഒരുപോലെ തന്നെ കളിക്കാര്‍ മാറുന്നു എന്നുമാത്രം. എന്തായാലും പൊതുജനം എന്നും കഴുതകള്‍ തന്നെ.

@അവിടെ ക്രയവിക്രയം ചെയ്യപ്പെടുന്നത് "ഗാന്ധിത്തല"യാണ്; "ഒപ്പിന് കുപ്പി" സമ്പ്രദായം. കൗണ്ടറിന്റെ കാര്യംപറഞ്ഞ നേതാവ് പാര്‍ടിക്കു പുറത്തായെങ്കിലും കച്ചവടം ലാഭകരമായിത്തന്നെ നടക്കുന്നു.

ഈ കാര്യങ്ങള്‍ വേണ്ടവര്‍ വിശ്വസിക്കും അല്ലാത്തവര്‍ തഴയും. എല്ലാവരും വിശ്വസിക്കണമെങ്കില്‍ തെളിവ് വേണം. ഉണ്ടോ വല്ല തെളിവും കയ്യില്‍?

ഇടതു പക്ഷത്തിനു മാണിയില്‍ ഒരു നോട്ടം ഉണ്ടെന്നു കേട്ടിരുന്നു ശരിയാ അല്ലെ? മാണിസാറിനെ എനിക്കും ഇഷ്ടമാണ്, ഇടതു പക്ഷത്തെയും.