Sunday, October 21, 2012

കഥ ശ്രീധരീയം

തൃപ്പൂണിത്തുറമുതല്‍ ആലുവവരെ ഇരുപത്താറു കിലോമീറ്റര്‍ റെയില്‍ വരാന്‍ ഇന്നത്തെ നിലയില്‍ 5186 കോടി രൂപ വേണം. ചില്ലറ കാര്യമല്ല. നിര്‍മാണസാധനങ്ങള്‍ വാങ്ങുമ്പോള്‍ 20-30 ശതമാനമാണ് നടപ്പു കമീഷന്‍. അതുവച്ചു നോക്കിയാല്‍തന്നെ ആയിരത്തഞ്ഞൂറു കോടി രൂപയെങ്കിലും ചുളുവില്‍ അടിച്ചെടുക്കാവുന്ന പരിപാടിയാണ്. അതിന് ഇടങ്കോലിടാന്‍ ഒരു ശ്രീധരനെ കെട്ടിയെടുക്കുന്നതെന്തിന്? ശ്രീധരന്റെ നിഴലുകണ്ടാല്‍ അഴിമതി അകലെപ്പോകുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. നേരേവാ എന്നും നേരേപോ എന്നുമാണ് പുള്ളിക്കാരന്റെ സ്ഥിരം ഡയലോഗ്. ബ്രിട്ടീഷുകാര്‍ ഭരിച്ചതുകൊണ്ടല്ലേ ഇക്കാണുന്ന റെയിലൊക്കെ വന്നത് എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് ഇതുവല്ലതും കഴിയുമോ എന്നാവും കറുത്ത സായ്പന്മാരുടെ അടുത്ത ചോദ്യം. കഴിയും എന്ന് ശ്രീധരന്‍ കൊങ്കണ്‍ തീരത്ത് കാണിച്ചുകൊടുത്തു. 1990ല്‍ പണിതുടങ്ങി 1997ല്‍ തീര്‍ത്തു. ആന്ധ്രയിലെ പൊരിവെയില്‍താണ്ടി മുപ്പത്താറു മണിക്കൂര്‍ ഇരുന്നും കിടന്നും മടുത്ത് മുംബൈയിലെത്തിയ മലബാറുകാര്‍ക്ക് പതിനെട്ട് മണിക്കൂര്‍കൊണ്ട് വിക്ടോറിയ ടെര്‍മിനസിന്റെ തിരക്കിലേക്ക് പാഞ്ഞെത്താമെന്നായി. 760 കിലോമീറ്റര്‍ പാത, 60 സ്റ്റേഷന്‍, 91തുരങ്കം, 1858 പാലം- അതില്‍ ഒരു തുരങ്കത്തിന് ആറര കിലോമീറ്റര്‍ ദൈര്‍ഘ്യം. കൊങ്കണ്‍ റെയില്‍വേയോടൊപ്പം ശ്രീധരനും ആശ്ചര്യമായി.

കൊങ്കണില്‍നിന്ന് ശ്രീധരനെ നേരെ കൊണ്ടുപോയത് ഇന്ദ്രപ്രസ്ഥത്തിലേക്കാണ്. അവിടെ ഭൂമിക്കടിയിലൂടെ വണ്ടിയോടിക്കാനുള്ള പരിപാടിക്കും പാലക്കാട്ടെ പെരിങ്ങോട്ടുകാരന്‍ ശ്രീധരന്‍ വേണം. കോഴിക്കോട് പോളിടെക്നിക്കിലെ അധ്യാപകനായി തുടങ്ങിയ ശ്രീധരന്‍ അങ്ങനെ പത്മവിഭൂഷണനായി; ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഇന്ത്യക്കാരിലൊരാളായി. അത്രയൊക്കെ പോരെ? ഇവിടെ പാവപ്പെട്ട ഉമ്മന്‍ചാണ്ടിയും ടോംജോസുമെല്ലാം കളിക്കുന്ന ചില്ലറക്കളിയില്‍ ഇടങ്കോലിടാന്‍ വരേണ്ടതുണ്ടോ? എപ്പോഴാണ് പൊട്ടുന്നത് എന്ന് പറയാനാവില്ല. ഏതുമന്ത്രിയും എപ്പോഴും കുടുങ്ങാം. ഒരു മന്ത്രിയുടെ വീട്ടില്‍ മൂന്ന് കൗണ്ടറുകള്‍ തുറന്നാണ് പണപ്പിരിവെന്ന് രാപ്പനി അനുഭവിച്ചയാള്‍തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ഓഫീസിലും വീട്ടിലും കൗണ്ടറുകള്‍തുറന്ന് ഇങ്ങനെ കഷ്ടപ്പെട്ട് ഭരിക്കേണ്ടതുണ്ടോ- വലിയൊരു കച്ചവടം ഒറ്റയടിക്കു നടത്തുന്നതാണ് എന്തുകൊണ്ടും ലാഭം. ശ്രീധരന്‍ മഹാനൊക്കെ തന്നെ, ആ മഹത്വം ദൂരെനിന്ന് കാണിച്ചാല്‍ മതി. ഞങ്ങടെ കച്ചവടത്തില്‍ തൊട്ടുകളിക്കേണ്ട എന്ന് ഉമ്മന്‍ചാണ്ടി പലവട്ടം പറയാതെ പറഞ്ഞുകഴിഞ്ഞു. ചില ഭര്‍ത്താക്കന്മാരുണ്ട്. പുറത്ത് പോകുമ്പോള്‍ ഭാര്യയെ തേനേ മുത്തേ ചക്കരേ എന്നൊക്കെ വിളിക്കും. വീട്ടില്‍ കയറിയാലുടന്‍ വിളി മാറും. ചവിട്ടിയും തല്ലിയും സ്നേഹപ്രകടനം തുടങ്ങും. അമ്മട്ടിലാണ് ഉമ്മന്‍ചാണ്ടി. പുറമേക്ക് ശ്രീധരന്‍ വരണം; വന്നേ തീരൂ; വന്നില്ലെങ്കില്‍ വരുത്തിക്കും എന്നൊക്കെയാണ് വര്‍ത്തമാനം. അത് തെളിയിക്കാന്‍ ഇടയ്ക്കിടെ ചര്‍ച്ച.

കാര്യത്തോടടുക്കുമ്പോള്‍ ആദ്യത്തെ പാര പുതുപ്പള്ളിയില്‍നിന്നുതന്നെ വരും. എല്ലാ മഹത് സംഭവങ്ങള്‍ക്കുപിന്നിലും ഒരു ബുദ്ധികേന്ദ്രം കാണും. തലയില്‍ മുടിയില്ലെങ്കിലും ബുദ്ധിക്ക് ഒട്ടും പഞ്ഞമില്ലാത്ത ഒരാളെയാണ് കൊച്ചി മെട്രോ റെയില്‍വഴി നേട്ടത്തിന്റെ വണ്ടിയോടിക്കാന്‍ ഉമ്മന്‍ചാണ്ടി നിയോഗിച്ചത്. ടോം ജോസ് എന്ന് വിളിക്കും. നിഷ്കാമ കര്‍മിയാണ്. കുടംബശ്രീക്ക് രൂപം നല്‍കുന്നതില്‍ പങ്ക് വഹിച്ചതിന്റെ കേടുതീര്‍ക്കാന്‍ ജനശ്രീ തട്ടിപ്പിന്റെ സ്ഥാപക പിതാമഹനുമായി. ഹസ്സന് ടോര്‍ച്ചടിച്ചുകൊടുത്ത പാരമ്പര്യവുമായി കൊച്ചിയിലേക്ക് വണ്ടി കയറി. ""ചീഫ് മിനിസ്റ്റര്‍ക്ക് ഈ പ്രോജക്ട് എത്രയും വേഗം നടപ്പാക്കുന്നതില്‍ അതിയായ താല്‍പ്പര്യമുണ്ട്"" എന്ന പ്രഖ്യാപനവുമായാണ് പണി തുടങ്ങിയത്. കലൂരിലും വൈറ്റിലയിലും എംജി റോഡിലും ബ്ലോക്കില്‍ കുരുങ്ങി ശാപംപൊഴിച്ച കൊച്ചിക്കാര്‍ക്ക് രക്ഷകന്‍ ഇതാ വന്നെത്തി എന്ന് അന്നൊക്കെ വെറുതെ തോന്നി. സൃഷ്ടിയല്ല സംഹാരമാണ് പുള്ളിക്കാരന്റെ വകുപ്പെന്ന് പിന്നെയാണ് മനസിലായത്. ഗവേഷണവിഷയം ശ്രീധരനെ ഓടിക്കുന്നത് എങ്ങനെ എന്നതായി. ആര്യാടന്‍ മലപ്പുറത്ത് ലീഗിനോട് കളിക്കുന്ന കളി കൊച്ചിയില്‍ ശ്രീധരനോട് കളിക്കുമ്പോള്‍ പരികര്‍മിയായി ടോംജോസ്. കണ്ണുമടച്ച് പാലുകുടിക്കുന്ന പൂച്ചയെ നാട്ടുകര്‍ പിടികൂടിയപ്പോള്‍ ആര്യാടനും ഉമ്മന്‍ചാണ്ടിക്കും പിടിവള്ളിപോയി. ആയിരത്തഞ്ഞൂറുകോടി വെള്ളത്തിലായാല്‍ പിന്നെ ഖദറുമിട്ട് നടന്നിട്ട് കാര്യമുണ്ടോ. അല്ലെങ്കിലും ഒന്നേമുക്കാല്‍ ലക്ഷം കോടി, 1.86 ലക്ഷം കോടി എന്നെല്ലാമാണ് ഡല്‍ഹിയില്‍നിന്ന് കേള്‍ക്കുന്നത്. അതിനുമുമ്പില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ കുറഞ്ഞത് ആയിരം കോടിയെങ്കിലും വേണ്ടേ? ആ കഞ്ഞിയില്‍ മണ്ണുവാരിയിടാന്‍മാത്രം ആരാണ് ഈ ശ്രീധരന്‍; എന്ത് മഹത്വമാണ് ശ്രീധരനുള്ളത്. മെട്രോ റെയിലില്‍ ടോംജോസിന്റെ പശു ചത്തു എന്നും മോരിന്റെ പുളി അവസാനിച്ചു എന്നുമാണ് എല്ലാവരും കരുതിയത്. ആര്യാടനും ഉമ്മന്‍ചാണ്ടിക്കും അങ്ങനെ കരുതാനാകില്ല. വിനീത വിശ്വസ്തര്‍ എവിടെയായാലും പന്തീരായിരമാണ് വില. ഒരുഭാഗത്ത് ശ്രീധരന്റെ കമ്പനി വരണമെന്ന് പറഞ്ഞുകൊണ്ടേയിരിക്കും. മറുഭാഗത്ത് ശ്രീധരന് ഇവിടെ വന്നാല്‍ എന്തധികാരം എന്ന് ചോദിച്ച് കത്തെഴുതും.

പാര ഐഎഎസിന്റേതാകുമ്പോള്‍ തുളഞ്ഞു കയറുന്നത് അതിവേഗമാകും. ടോംജോസിന് തല്‍ക്കാലം കൊച്ചി മെട്രോ റെയിലില്‍ കാര്യമൊന്നുമില്ല. റോഡിലെ കുഴി, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിന്റെ ചോര്‍ച്ച തുടങ്ങിയ വലിയ വലിയ കാര്യങ്ങള്‍ നോക്കി പൊതുമരാമത്ത് വകുപ്പ് ഭരിച്ചാല്‍ മതി. എന്നാലും മറ്റേ മരാമത്ത് പണി ഒഴിവാക്കാന്‍ പുള്ളിയെ കിട്ടില്ല. അതുകൊണ്ടാണ്, ശ്രീധരനെയും അദ്ദേഹത്തിന്റെ അധികാരത്തെയും ചോദ്യംചെയ്ത് ഡിഎംആര്‍സിക്ക് കത്തയച്ചത്. ഇങ്ങനെയുള്ള ചില കത്തുവീരന്മാരുണ്ട്. ചിലര്‍ ഊമക്കത്തയക്കും. ടോം ജോസ് അല്‍പ്പസ്വല്‍പ്പം തന്റേടമൊക്കെയുള്ളയാളാണ്. ചെയ്യുന്നത് യജമാനസേവയാണെങ്കിലും ചെയ്തത് താന്‍തന്നെ എന്ന് ഉറപ്പിച്ചു പറയും. എന്തിനാണ് കത്തയച്ചത്, ഇറക്കി വിട്ട കൊച്ചി മെട്രോയില്‍ ഇപ്പോഴെന്താണ് താല്‍പ്പര്യം എന്നൊന്നും ടോംജോസിനോട് ചോദിക്കരുത്. ആര്യാടനോട് ചോദിച്ചാല്‍ മൈക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോകും. ഉമ്മന്‍ചാണ്ടി ചിരിച്ച് നാണംകുണുങ്ങും. അഴിമതി വിരുദ്ധ പോരാട്ടനായകന്റെ പച്ചക്കോട്ടിട്ട വി എം സുധീരന് ആ ചോദ്യം കേള്‍ക്കുന്ന മാത്രയില്‍ അലര്‍ജിയുടെ അസുഖം വരും. നമ്മുടെ ഹരിത സമരനായകര്‍ ഇപ്പോള്‍ സുഖചികിത്സയിലുമാണ്. ഒന്നുറപ്പിക്കാം. കൊച്ചി മെട്രോ എന്തായാലും വരും. ശ്രീധരന്‍ ഉണ്ടെങ്കില്‍ ഉടനെ വരും. ഇല്ലെങ്കില്‍ പതുക്കെ വരും- കോടിയുടെ കനം കൂടും. യജമാനന്‍ സുഖിച്ച് ഭക്ഷിച്ച് ഏമ്പക്കം വിടുമ്പോഴാണ് പാചകക്കാരന്റെ മനസ്സ് നിറയുക. ടോംജോസിന്റെ മനസ്സുനിറയാനായി ഉമ്മന്‍ചാണ്ടിയുടെ ഏമ്പക്കത്തിന് കാതോര്‍ത്തിരിക്കാം.

*

ആര്യാടന് വല്ലപ്പോഴുമേ പിഴയ്ക്കാറുള്ളൂ. മലപ്പുറത്ത് ലീഗിന്റെ മണ്ട തകര്‍ത്ത് ചിന്നം വിളിക്കുന്ന ആര്യാടനോട് കളിച്ചു ജയിക്കാന്‍ കോണ്‍ഗ്രസില്‍ ഇന്ന് ജീവിച്ചിരിപ്പുള്ള ആരുമില്ല. ആകെയുണ്ടായിരുന്ന ലീഡര്‍ പോയി. അത് മനസിലാക്കാതെയാകണം, ഒരു ചാനല്‍കുഞ്ഞ് ആര്യാടന്റെ മുന്നില്‍ വലിഞ്ഞു മുറുകി ഇരുന്ന് രുചിക്കാത്ത ചോദ്യങ്ങള്‍ തുരുതുരെ ചോദിച്ചത്. അത്തരം ചോദ്യങ്ങള്‍ സിപിഐ എമ്മുകാരോട് മാത്രം ചോദിക്കാനുള്ളതാണ് എന്ന് തിരിച്ചറിയാനുള്ള പ്രായവും പക്വതയും വരാത്തതുകൊണ്ടുമാകാം. കൊറിയന്‍ കരാറിനെ നിങ്ങള്‍ പ്രതിപക്ഷത്തായപ്പോള്‍ അട്ടിമറിച്ചില്ലേ, അതേ കരാര്‍ ഇപ്പോള്‍ സസന്തോഷം നടപ്പാക്കുന്നതിന്റെ ന്യായമെന്ത് എന്നാണ് ചോദ്യം. നടപ്പാക്കിയില്ലെങ്കില്‍ ഗ്രാന്റ് പോകും, എണ്ണൂറ് കോടി വെള്ളത്തിലാകും എന്ന് ആര്യാടന്റെ ഉത്തരം. ഇത് മുമ്പ് എന്തേ തോന്നാതിരുന്നതെന്ന് വീണ്ടും ചോദ്യം. തെറ്റിദ്ധരിക്കപ്പെട്ടിട്ടെന്ന് മറുപടി. ആര് തെറ്റിദ്ധരിപ്പിച്ചു എന്നചോദ്യത്തിന് ബബ്ബബ്ബ എന്ന് മറുപടി. ബബ്ബബ്ബയുടെ അര്‍ഥം ചോദിച്ചപ്പോള്‍ ആര്യാടന്‍ തലചരിച്ചു, മുരണ്ടു, എണീറ്റു, മൈക്ക് വലിച്ചു പറിച്ചു. എന്നിട്ട് പാട്ടിന് പോയി. പിന്നെ അഭിമുഖക്കാരനു മുന്നില്‍ കസേര മാത്രം. മമത ദീദി വിളിച്ചതുപോലെ മാവോയിസ്റ്റ് എന്ന് ചോദ്യകര്‍ത്താവിനെ വിളിക്കാഞ്ഞത് പരമഭാഗ്യം.

*

ഇനി ഒരു മംഗളം വാര്‍ത്ത. സ്ത്രീ മരിച്ചത് ആശുപത്രിയില്‍; ആത്മഹത്യയല്ലെന്ന് ലോക്കല്‍ പോലീസ് കോഴിക്കോട്: കണ്ണൂര്‍ ജില്ലയിലെ മുടക്കോഴിമലയില്‍ സ്ത്രീ മരിച്ചത് ആത്മഹത്യ അല്ലെന്ന് ലോക്കല്‍ പോലീസിന്റെ റിപ്പോര്‍ട്ട്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളില്‍ ചിലര്‍, അവര്‍ക്ക് ഭക്ഷണം എത്തിച്ചിരുന്ന മധ്യവയസ്ക്കയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയെന്നും പിന്നീട് സ്ത്രീ ആത്മഹത്യ ചെയ്തുവെന്നുമുള്ള വാര്‍ത്തയെത്തുടര്‍ന്നു കണ്ണൂര്‍ ജില്ലാ പോലീസ് ചീഫ് രാഹുല്‍ ആര്‍ നായരുടെ ഉത്തരവിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. പ്രദേശത്ത് അടുത്ത കാലത്തൊന്നും ഗര്‍ഭിണിയായ ഏതെങ്കിലും സ്ത്രീ ആത്മഹത്യ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇരിട്ടി സിഐ വി വി മനോജിന്റെ നേതൃത്വത്തിലുള്ള സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. (തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാനിടയായതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.- എഡിറ്റര്‍).

മംഗളമായതുകൊണ്ട് ഇങ്ങനെയെങ്കിലും മംഗളമായി. അപമാനിക്കപ്പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ മാര്‍ക്സിസ്റ്റുകാരായതുകൊണ്ട് ആര്‍ക്കും തല്ലുകൊണ്ടില്ല. മംഗളകരമായി ഒന്നാംപേജില്‍ മംഗളം അവതരിപ്പിച്ച വാര്‍ത്തയുടെ തലക്കെട്ട്, ""ടി പി വധക്കേസ് പ്രതികള്‍ ഒളിവില്‍ കഴിയവെ മധ്യവയസ്കയെ പീഡിപ്പിച്ചു"" എന്നായിരുന്നു. അങ്ങനെ ഗര്‍ഭിണിയായ സ്ത്രീ ജീവനൊടുക്കി എന്നും. ഈ വാര്‍ത്ത കണ്ടയുടനെ മറ്റുചില പത്രങ്ങള്‍ സ്വന്തമാക്കി ഏറ്റുപിടിച്ചു. തിരുത്ത് മംഗളത്തിലേ വന്നുള്ളൂ. അതും കണ്ണൂരിലേ വന്നുള്ളൂ. വ്യാജ വാര്‍ത്ത ഏറ്റെടുത്ത് പ്രചരിപ്പിച്ച മറ്റെല്ലാവരും ഇപ്പോള്‍ മാന്യന്‍മാര്‍. സിപിഐ എമ്മിന്റെ തലയില്‍ ഒരു തൂവല്‍കൂടി. ഇങ്ങനെയൊക്കെയാണ് നാട്ടിലെ മാധ്യമപ്രവര്‍ത്തനം എന്നറിയുമ്പോള്‍ ചിരിക്കണോ അതോ കരയണോ?

1 comment:

ശതമന്യു said...

ആര്യാടന് വല്ലപ്പോഴുമേ പിഴയ്ക്കാറുള്ളൂ. മലപ്പുറത്ത് ലീഗിന്റെ മണ്ട തകര്‍ത്ത് ചിന്നം വിളിക്കുന്ന ആര്യാടനോട് കളിച്ചു ജയിക്കാന്‍ കോണ്‍ഗ്രസില്‍ ഇന്ന് ജീവിച്ചിരിപ്പുള്ള ആരുമില്ല. ആകെയുണ്ടായിരുന്ന ലീഡര്‍ പോയി. അത് മനസിലാക്കാതെയാകണം, ഒരു ചാനല്‍കുഞ്ഞ് ആര്യാടന്റെ മുന്നില്‍ വലിഞ്ഞു മുറുകി ഇരുന്ന് രുചിക്കാത്ത ചോദ്യങ്ങള്‍ തുരുതുരെ ചോദിച്ചത്. അത്തരം ചോദ്യങ്ങള്‍ സിപിഐ എമ്മുകാരോട് മാത്രം ചോദിക്കാനുള്ളതാണ് എന്ന് തിരിച്ചറിയാനുള്ള പ്രായവും പക്വതയും വരാത്തതുകൊണ്ടുമാകാം. കൊറിയന്‍ കരാറിനെ നിങ്ങള്‍ പ്രതിപക്ഷത്തായപ്പോള്‍ അട്ടിമറിച്ചില്ലേ, അതേ കരാര്‍ ഇപ്പോള്‍ സസന്തോഷം നടപ്പാക്കുന്നതിന്റെ ന്യായമെന്ത് എന്നാണ് ചോദ്യം. നടപ്പാക്കിയില്ലെങ്കില്‍ ഗ്രാന്റ് പോകും, എണ്ണൂറ് കോടി വെള്ളത്തിലാകും എന്ന് ആര്യാടന്റെ ഉത്തരം. ഇത് മുമ്പ് എന്തേ തോന്നാതിരുന്നതെന്ന് വീണ്ടും ചോദ്യം. തെറ്റിദ്ധരിക്കപ്പെട്ടിട്ടെന്ന് മറുപടി. ആര് തെറ്റിദ്ധരിപ്പിച്ചു എന്നചോദ്യത്തിന് ബബ്ബബ്ബ എന്ന് മറുപടി. ബബ്ബബ്ബയുടെ അര്‍ഥം ചോദിച്ചപ്പോള്‍ ആര്യാടന്‍ തലചരിച്ചു, മുരണ്ടു, എണീറ്റു, മൈക്ക് വലിച്ചു പറിച്ചു. എന്നിട്ട് പാട്ടിന് പോയി. പിന്നെ അഭിമുഖക്കാരനു മുന്നില്‍ കസേര മാത്രം. മമത ദീദി വിളിച്ചതുപോലെ മാവോയിസ്റ്റ് എന്ന് ചോദ്യകര്‍ത്താവിനെ വിളിക്കാഞ്ഞത് പരമഭാഗ്യം.