Sunday, September 16, 2012

ഫോക്സ്‌വാഗണ്‍ ട്രാജഡി

എഴുതുമ്പോള്‍ വോക്സ് എന്നാണെങ്കിലും വായിക്കുമ്പോള്‍ ഫോക്സ് ആണ്. വെറുതെ കേട്ടാല്‍ കുറുക്കനാണെന്ന് തോന്നും. ഒന്നാംതരം ജര്‍മന്‍ ഇനമാണ്. കൃത്യമായി പറഞ്ഞാല്‍ അഡോള്‍ഫ് ഹിറ്റ്ലറിന്റെ സന്തതി. 1933ല്‍ ഹിറ്റ്ലര്‍ ജര്‍മനിക്കാര്‍ക്ക് വിലകുറഞ്ഞ കാര്‍ ലഭ്യമാക്കാന്‍ തുടങ്ങിയ കമ്പനി പിന്നെപ്പിന്നെ വളര്‍ന്ന് ലോകത്താകെ വ്യാപിച്ചു. അതിനെ ഇങ്ങ് കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ഇപ്പോഴെങ്കിലും ഉമ്മന്‍ചാണ്ടിക്ക് തോന്നിയത് നല്ലതുതന്നെ. രണ്ടായിരം കോടിയുടെ ഫാക്ടറി, അതിന് ചുറ്റും ടൗണ്‍ഷിപ്പ്, ഇറങ്ങിവരുന്ന കൂറ്റന്‍ കാറുകള്‍- ഹൊ! എന്തൊക്കെയാണ് കുഞ്ഞൂഞ്ഞും കുഞ്ഞാലിക്കുട്ടിയും കൊണ്ടുവരാന്‍ ഒരുങ്ങിയത്. മൂന്നു കുഞ്ഞുങ്ങളുടെ ഭരണം കൊച്ചുകേരളത്തെ കുഞ്ഞുകേരളമാക്കി ഉയര്‍ത്തി എന്നാണ് ഏതോ പണ്ഡിതന്‍ പറഞ്ഞുകളഞ്ഞത്. അതില്‍ ഒരു കുഞ്ഞിന്- കുഞ്ഞുമാണിക്ക് ഈ രക്തത്തില്‍ പങ്കില്ല. പങ്കുവയ്പില്‍ ആ കുഞ്ഞിനെ അടുപ്പിച്ചില്ല. അതിന്റെ കുഴപ്പം വരാനിരിക്കുന്നതേയുള്ളൂ.
വാഗണ്‍ ട്രാജഡി എന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോള്‍ ഫോക്സ് വാഗണ്‍ ട്രാജഡിയാണ്. വരാമെന്നു പറഞ്ഞിട്ടും വരാതിരിക്കുന്ന ഫോക്സ് വാഗണ്‍. 2000 കോടി രൂപയുടെ എന്‍ജിന്‍ അസംബ്ലിയൂണിറ്റ് വരുമെന്ന് മനോരമ പെരുമ്പറകൊട്ടിയാണ് നാട്ടുകാരെ അറിയിച്ചത്. കോട്ടയത്തെ പത്രക്കുട്ടിച്ചായന് ജര്‍മന്‍ഭാഷ വശമില്ല. പക്ഷെ, ജര്‍മന്‍ കമ്പനിക്കാര്‍ക്ക് റബര്‍മലയാളം നന്നായി അറിയാം. അച്ചായന്റെ വാര്‍ത്ത കണ്ട് ഞെട്ടിയ കമ്പനിക്കാര്‍ അടച്ച കണ്ണ് തുറക്കുംമുമ്പേ ചോദിച്ചത് ഏത് കേരളം, എന്ത് എമര്‍ജിങ് എന്നാണ്. കൊച്ചിയില്‍ കോട്ടിട്ടവരും അല്ലാത്തവരുമായ കുറെ പൂച്ചകളെ ഇരുത്തി ഭൂമിക്കച്ചവടം നടത്തുന്ന കാര്യം അവര്‍ അറിഞ്ഞിട്ടേയില്ലപോലും. കല്യാണം നിശ്ചയിച്ചത് വരന്‍ അറിഞ്ഞിട്ടില്ല എന്ന്.
രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് നുണ പറയുന്ന ശീലം തീരെയില്ല. നിയമസഭയിലും പത്രസമ്മേളനത്തിലും പ്രസംഗവേദിയിലും മാത്രമേ ആ നാവില്‍ നുണ കളിയാടാറുള്ളൂ. പത്രസമ്മേളനത്തില്‍ നുണ പറയുമെങ്കിലും അതുകഴിഞ്ഞയുടനെ ചോദ്യകര്‍ത്താവിനെ സ്വകാര്യം വിളിച്ച് സത്യംപറയും. അങ്ങനെ യുധിഷ്ഠിരന്‍പോലും ചെയ്തിട്ടുണ്ട്. അതൊരു കുറ്റമല്ല. ജ്യോതിശാസ്ത്രപ്രകാരം ശനിയുടെ അപഹാരം ചെന്നിത്തലയുടെ രൂപത്തില്‍ ഉച്ചസ്ഥായിയിലാണ്. അതുകൊണ്ടാണ്, ഒരു ദുര്‍ബലനിമിഷത്തില്‍ രണ്ടായിരം കോടി രൂപ ജര്‍മനിക്കാര്‍ കൊണ്ടുവരുമെന്ന് പറഞ്ഞുപോയത്. അല്ലെങ്കിലും മഹാപാതകമൊന്നും ചെയ്തിട്ടില്ല. കമ്പനിയുടെ രണ്ട് ഉദ്യോഗസ്ഥര്‍ വന്നതാണ്. കേരളത്തിലെങ്ങാനും അല്‍പ്പം ഭൂമികിട്ടുമോ എന്ന് അവര്‍ ചോദിച്ചതുമാണ്. എന്തിനാണ് ഭൂമി എന്ന് തിരിച്ചു ചോദിച്ചു. കുറെ യൂറോ കൈയിലുണ്ട്, ഒരു ഫാക്ടറി വച്ച് രസിക്കാനാണെന്ന് മറുമൊഴി. കൊച്ചിവഴി പോകുന്ന രണ്ടു കോട്ടുകാര്‍ കയറിവന്ന് ഇവിടെ ഭൂമി ഉണ്ടോ എന്ന് ചോദിച്ചതുതന്നെ വലിയ കാര്യമല്ലേ. അവര്‍ വെറും രണ്ടായിരം കോടിയുടെ പദ്ധതികൊണ്ടുവന്നു എന്ന് പ്രഖ്യാപിച്ചതില്‍ എന്താണ് തെറ്റ്? പണ്ട് ജിമ്മിന്റെ കാലത്ത് തിരുവനന്തപുരംമുതല്‍ കൊച്ചിവരെ നീളുന്ന സൂപ്പര്‍ തുറമുഖം വരുന്നു എന്ന് പ്രഖ്യാപിച്ചപ്പോള്‍ പുളുവടിയെന്ന് പരിഹസിച്ചിട്ടില്ലേ ഈ പ്രതിപക്ഷം. ആ പദ്ധതി ഇന്നും അങ്ങനെ ഒരു സുന്ദര സുരഭില സ്വപ്നമായി നില്‍ക്കുന്നില്ലേ.

ചുറ്റിലും അസൂയക്കാരാണ്. എമര്‍ജിങ് കേരള ശരിക്കും ഒരു അടിച്ചുമാറ്റല്‍ പ്രസ്ഥാനമെന്ന് പറയുന്നുണ്ട്. ചിറകടിച്ച് പറക്കുന്ന പക്ഷിയെയുംകൊണ്ടാണ് ഉമ്മന്‍ചാണ്ടി സംഗമത്തിന് വന്നത്. ആ പക്ഷിയുടെ ചിത്രംതന്നെ അടിച്ചുമാറ്റിയതാണത്രെ. വെറുമൊരു ചിത്രം അങ്ങനെ അടിച്ചുമാറ്റുന്നതില്‍ എന്താണ് തെറ്റ്? ജിനാ റോസ് മൈക്കിള്‍ എന്ന ചിത്രകാരി വരച്ചതാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് എത്രവേണമെന്ന് ചോദിച്ചു; ആവശ്യപ്പെട്ടത് കൊടുത്തു. അവര്‍ വരച്ചത് പച്ചപ്പക്ഷിയെയായിരുന്നു. എല്ലാം പച്ചയില്‍ മുക്കുന്നു എന്നാണല്ലോ പരാതി. പച്ചപ്പക്ഷിയെ നീലയാക്കിയതിലെ മഹത്വം എന്തേ ആരും കാണുന്നില്ല? എന്നിട്ടും കൗശലക്കാരനാണെന്ന് വിളിക്കുന്നത് കഷ്ടംതന്നെ. ലീഗിന് കീഴടങ്ങുന്നുവെന്ന് പരാതി പറയുന്നവര്‍തന്നെ, തങ്ങള്‍ ഹരിതരാഷ്ട്രീയക്കാരാണെന്ന് വീമ്പടിക്കുകയും ചെയ്യുന്നു. തങ്ങളുടെ ഹരിതരാഷ്ട്രീയമാണ് ലീഗിന്റെ പച്ചക്കൊടിയില്‍ എന്ന് മനസിലാകാത്ത മണ്ടന്മാര്‍. അവരാണിപ്പോള്‍ എമര്‍ജിങ് കേരളയില്‍ പിടിച്ച് അതിനെ ഫോക്സ് വാഗണ്‍ ട്രാജഡിയാക്കുന്നത്. കൗശലം അതിരുവിടുമ്പോള്‍ കൗശലക്കാരനെ കുറുക്കനെന്ന് വിളിക്കും. ഫോക്സ് മുഖ്യമന്ത്രി എന്ന വിളി പ്രചാരത്തിലില്ല. അഥവാ ആരെങ്കിലും അത് വിളിച്ചാല്‍ കുറുക്കന്മാര്‍ സംഘടിച്ച് സെക്രട്ടറിയറ്റ് നടയില്‍ ഓരിയിടും.

*

അമേരിക്കന്‍ ആണവകരാര്‍ വന്നപ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ എതിര്‍ത്തു. എതിര്‍ക്കുന്നവര്‍ക്ക് വട്ടാണ് എന്ന് അച്ചായന്റെ ഗായക സംഘം പാടി. പതിനായിരം മെഗാവാട്ടിന്റെ റിയാക്ടറുകള്‍ അമേരിക്കയില്‍നിന്ന് വാങ്ങാന്‍ മന്‍മോഹന്‍ജി കരാര്‍ ഒപ്പിട്ടപ്പോള്‍ ആണവ വൈദ്യുതി ഇന്ത്യാ മഹാരാജ്യത്തെ വെളിച്ചത്തില്‍ കുളിപ്പിക്കുമെന്ന മധുരിതഗാനം അലയടിച്ചു. പാട്ടിന്റെ താളത്തില്‍ നൃത്തം മുറുകി. അമേരിക്കന്‍ റിയാക്ടര്‍കൊണ്ട് അപകടമുണ്ടായാല്‍ അതിന് അമേരിക്കക്കാര്‍ക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല എന്നുകൂടി കല്‍പ്പിച്ചു, അതോടെ യുപിഎസര്‍ക്കാര്‍. ആണവ കരാറും റിയാക്ടറും വന്നില്ലെങ്കില്‍ ഇന്ത്യ ഇരുട്ടിലാകുമെന്ന് മനോരമ വിലപിച്ചു. കരാറിനെ എതിര്‍ത്ത ഇടതുപക്ഷത്തെ "തകരച്ചെണ്ടക്കോല"മാക്കി. ഇന്നിതാ മനോരമ കുടുംബസമേതം കൂടംകുളത്ത് കടല്‍സത്യഗ്രഹത്തിന് പോകുന്നുപോലും. ഉദയകുമാര്‍ മഹാനായ സമരനേതാവുപോലും.

കൂടംകുളത്തെ പരിപാടി 1989ല്‍ സോവിയറ്റ് യൂണിയന്റെ കാലത്ത് തുടങ്ങിയതാണ്. പണം ഏറെ ചെലവിട്ടു, പണിയേറെ നടന്നു. ഇപ്പോഴാണ് ബോധോദയം വരുന്നത്. ഇക്കാര്യത്തില്‍മാത്രം മന്‍മോഹന്‍സിങ് പറഞ്ഞിട്ടും മനോരമയ്ക്ക് വിശ്വാസംവരുന്നില്ല. പതിനയ്യായിരം കോടി രൂപ ചെലവാക്കി പണി പൂര്‍ത്തിയാക്കുംവരെ ഇല്ലാത്ത വികാരം പതിനൊന്നാം മണിക്കൂറില്‍ പറന്നുയരുന്നു. ജനങ്ങള്‍ ആകെ ഭയത്തിലാണ്. ജപ്പാനില്‍ സുനാമി അടിച്ചുകയറിയപ്പോള്‍ ആണവ നിലയങ്ങള്‍ തകര്‍ന്നത് കണ്ട് പേടിച്ചവര്‍ക്ക് സ്വന്തം നാട്ടില്‍ അങ്ങനെയൊന്ന് വരാതിരിക്കാനാണ് നിര്‍ബന്ധമുണ്ടാവുക. സമരം ചെയ്യുന്നവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ജനങ്ങളുടെ ഭീതി മാറ്റണം. സുരക്ഷ ഉറപ്പാക്കണം. അത് ബോധ്യപ്പെടുത്തുകയും വേണം. അതിന് പകരം സമരം അടിച്ചമര്‍ത്താനൊരുങ്ങി ഒരു ഭാഗം. കത്തുന്ന തീയില്‍ എണ്ണയൊഴിക്കാന്‍ മറുഭാഗം. മനോരമ രണ്ടാമത്തെ ഭാഗത്താണ്. അമേരിക്കന്‍ ആണവകരാറിന് സിന്ദാബാദ് വിളിച്ചവര്‍ക്ക് കൂടംകുളത്ത് സമരവീര്യം തിളച്ചുമറിയുന്നുപോലും. അമേരിക്കയില്‍നിന്ന് വരുന്ന പണം എവിടേക്കാണ് പോകുന്നതെന്ന് പരതിപ്പിടിക്കേണ്ട നേരമായി. അമേരിക്ക, സിഐഎ, ഐഎസ്ഐ, മൊസാദ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ മനോരമയ്ക്ക് എന്തു വികാരമാണുണ്ടാവുക എന്നും പരിശോധിക്കണം.

*
നെല്ലെന്തിന്, മലയാളി ഗോതമ്പുണ്ട വിഴുങ്ങിയാല്‍പോരേ എന്ന് ആസൂത്രണകമീഷന്റെ സര്‍ദാര്‍ജി ചോദിക്കാഞ്ഞത് ഭാഗ്യം. ഇപ്പോള്‍ ജയിലുകളില്‍ ഗോതമ്പുണ്ടയില്ല. ചപ്പാത്തിയാണ്. പഞ്ചാബില്‍നിന്ന് ഗോതമ്പ് വരും, ജയിലുകളില്‍ ചപ്പാത്തിയാകും- കേരളം ഭക്ഷ്യസമൃദ്ധിയില്‍ പുളകിതമാകും. ആയതിനാല്‍ കുട്ടനാടും പാലക്കാടും വില്‍പ്പനയ്ക്ക് വയ്ക്കാം എന്നാണ് ആധുനിക സാമ്പത്തിക സിദ്ധാന്തം.

1 comment:

ശതമന്യു said...

എഴുതുമ്പോള്‍ വോക്സ് എന്നാണെങ്കിലും വായിക്കുമ്പോള്‍ ഫോക്സ് ആണ്. വെറുതെ കേട്ടാല്‍ കുറുക്കനാണെന്ന് തോന്നും. ഒന്നാംതരം ജര്‍മന്‍ ഇനമാണ്. കൃത്യമായി പറഞ്ഞാല്‍ അഡോള്‍ഫ് ഹിറ്റ്ലറിന്റെ സന്തതി. 1933ല്‍ ഹിറ്റ്ലര്‍ ജര്‍മനിക്കാര്‍ക്ക് വിലകുറഞ്ഞ കാര്‍ ലഭ്യമാക്കാന്‍ തുടങ്ങിയ കമ്പനി പിന്നെപ്പിന്നെ വളര്‍ന്ന് ലോകത്താകെ വ്യാപിച്ചു. അതിനെ ഇങ്ങ് കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ഇപ്പോഴെങ്കിലും ഉമ്മന്‍ചാണ്ടിക്ക് തോന്നിയത് നല്ലതുതന്നെ. രണ്ടായിരം കോടിയുടെ ഫാക്ടറി, അതിന് ചുറ്റും ടൗണ്‍ഷിപ്പ്, ഇറങ്ങിവരുന്ന കൂറ്റന്‍ കാറുകള്‍- ഹൊ! എന്തൊക്കെയാണ് കുഞ്ഞൂഞ്ഞും കുഞ്ഞാലിക്കുട്ടിയും കൊണ്ടുവരാന്‍ ഒരുങ്ങിയത്. മൂന്നു കുഞ്ഞുങ്ങളുടെ ഭരണം കൊച്ചുകേരളത്തെ കുഞ്ഞുകേരളമാക്കി ഉയര്‍ത്തി എന്നാണ് ഏതോ പണ്ഡിതന്‍ പറഞ്ഞുകളഞ്ഞത്. അതില്‍ ഒരു കുഞ്ഞിന്- കുഞ്ഞുമാണിക്ക് ഈ രക്തത്തില്‍ പങ്കില്ല. പങ്കുവയ്പില്‍ ആ കുഞ്ഞിനെ അടുപ്പിച്ചില്ല. അതിന്റെ കുഴപ്പം വരാനിരിക്കുന്നതേയുള്ളൂ.