Monday, April 16, 2012

കരുണാകരന്റെ മഹത്വം

"മുടിനാരേഴായ് കീറീട്ട്, നേരിയപാലംകെട്ടീട്ട്, അതിലെ നടക്കണമെന്നല്ലേ, പറയുന്നത്- മരിച്ചുചെന്നിട്ട്" എന്ന നാടകഗാനം കെ ടി മുഹമ്മദിന്റേതാണ്. മരിച്ചുചെന്നാല്‍ പലപല പരീക്ഷണങ്ങളും നേരിടണമെന്നാണ് മതവിശ്വാസികള്‍ കരുതുന്നത്. എല്ലാ പരീക്ഷയും കഴിഞ്ഞാല്‍ അവിടെയും വിശ്രമജീവിതമുണ്ടാകണമല്ലോ. അങ്ങനെ വിശ്രമിക്കുമ്പോള്‍ പഴയ നേതാക്കള്‍ക്ക് വെറുതെ കേരളത്തിലേക്ക് നോക്കാന്‍ തോന്നിയാലോ? ആശ്വാസത്തോടെയും തെല്ല് അഹംഭാവത്തോടെയും കേരളത്തെ കണ്ട് കണ്ണിറുക്കിച്ചിരിക്കുന്ന ഒരാള്‍ കൂട്ടത്തിലുണ്ടാകുമെന്ന് തീര്‍ച്ച. "ഹമ്പട ഞാനേ" എന്ന് ലീഡറെക്കൊണ്ട് ആയിരംവട്ടം പറയിച്ചിട്ടുണ്ടാകും ഉമ്മന്‍ചാണ്ടി. കരുണാകരന്‍ നുണ പറഞ്ഞിട്ടുണ്ട്; കണ്ണിറുക്കിയിട്ടുണ്ട്; നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി ഈ മൂന്നിനത്തിലെയും റെക്കോഡ് തകര്‍ത്ത് പുതിയ മേഖലകളിലേക്കാണ് കടന്നത്. "കരുണാകരന്‍ എത്രവലിയ മഹാന്‍" എന്ന് കണ്ടുനില്‍ക്കുന്നവരെക്കൊണ്ട് പറയിച്ചതിന് ഉമ്മന്‍ചാണ്ടിയോട് മുരളീധരന്‍ നന്ദി പറയണം. വലുപ്പംകൊണ്ട് വമ്പനെങ്കിലും കര്‍മംകൊണ്ട് വളരെച്ചെറുതാണ് യുഡിഎഫിന്റെ ഭരണം. അതുകൊണ്ട് കുഞ്ഞുഭരണമെന്ന് പറയാം. മൂന്നു കുഞ്ഞുങ്ങളാണ് നിയന്ത്രിക്കുന്നത് എന്നതുകൊണ്ടും ആ പേരാകാം. കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും കുഞ്ഞാപ്പയും നയിക്കുന്നു എന്നതാണ് കുഞ്ഞുഭരണത്തിന്റെ പ്രധാന സവിശേഷതയെന്ന് കൂടെക്കിടന്ന് രാപ്പനിയറിഞ്ഞവര്‍തന്നെ പറയുന്നു.
സര്‍വത്ര കുഞ്ഞുകുഞ്ഞു കാര്യങ്ങളാണ്. മലപ്പുറത്തുനിന്ന് ഒരു കുഞ്ഞശരീരി കേട്ടു: ""2004ഉം 2006ഉം ആരും മറക്കേണ്ട. അതുമറന്നുകൊണ്ടുള്ള കളി തീക്കളിയായിരിക്കും. കുറേദിവസമായി തെറികേള്‍ക്കാന്‍ തുടങ്ങിയിട്ട്. അവര്‍ക്ക് അതേ അറിയൂ. ചിലര്‍ക്ക് ഭ്രാന്തു പിടിച്ചിരിക്കുന്നു....."" നല്ല ഏറനാടന്‍ മലയാളം. ആരാണ്‍ടാ എന്നുചോദിച്ചാല്‍ ആര്യാടന്‍ എന്നുത്തരംകിട്ടും. എന്താണ് 2004ലും ആറിലും സംഭവിച്ചത്? 2004ല്‍ ലീഗ് മലപ്പുറത്ത് ഒലിച്ചുപോയി. മഞ്ചേരിയില്‍ മജീദിനെ തള്ളിത്താഴത്തിട്ട് ഹംസാക്കാ പാര്‍ലമെന്റിലേക്ക് പോയി. 2006ല്‍ കുഞ്ഞാക്കയെ കുറ്റിപ്പുറം പറ്റിച്ചു. ലീഗ് എടുക്കാനും വയ്ക്കാനുമില്ലാത്ത പരുവത്തിലായി. അക്കഥയൊന്നും ഓര്‍മയില്ലേ എന്നാണ് ആര്യാടന്‍ ചോദിച്ചത്.

തന്തയ്ക്കു വിളി എന്നു പറയുമ്പോള്‍ എല്ലാവരും നെറ്റിചുളിക്കും. അതിനുമുണ്ട് ആര്യാടന്റെ ഉപായം. ""ഇവരല്ല, മരിച്ചുപോയ ഇവരുടെ പൂര്‍വികര്‍ ശ്രമിച്ചാലും കോണ്‍ഗ്രസില്‍ ഭിന്നിപ്പ് ഉണ്ടാക്കാനാകില്ല"" എന്നു പറയണം. അതാണ് ശാസ്ത്രീയമായ പ്രയോഗം. ആരാണ് പൂര്‍വികര്‍? പാണക്കാട്ടെ അന്തരിച്ച ശിഹാബ് തങ്ങള്‍. പിന്നെ സി എച്ച് മുഹമ്മദ് കോയ. പൂര്‍വികര്‍ എന്നുപറയുന്നതും ഉപ്പാപ്പ എന്ന് പറയുന്നതും രണ്ടാണെന്ന് പറഞ്ഞുഫലിപ്പിച്ചാല്‍ കുഞ്ഞാലിക്കുട്ടിക്ക് രക്ഷപ്പെടാം. അല്ലെങ്കില്‍ ലീഗിലെ കുഞ്ഞുങ്ങള്‍ ചോദിക്കും: തന്തയ്ക്കുവിളി കേട്ടിട്ടും മിണ്ടാത്തതെന്താണ് കുഞ്ഞാക്കാ എന്ന്.

ലീഗുകാര്‍ പൊതുവെ സമാധാനപ്രിയരാണ്. കല്ല്, വടി, തെറി, പൈപ്പ്ബോംബ്, നാദാപുരം വാള്‍, മലപ്പുറത്തെ എട്ടാം നമ്പര്‍ കത്തി എന്നിങ്ങനെയുള്ള ചില്ലറ ആയുധങ്ങളേ പ്രയോഗിക്കാറുള്ളൂ. അതുതന്നെ എല്ലായിടത്തുമില്ല. ലീഗ് മാത്രം ഉള്ള ചില സ്ഥലങ്ങളുണ്ട്. അവിടത്തെ കുട്ടിലീഗുകാരും ആരെങ്കിലും കണ്ണുരുട്ടിയാല്‍ കത്തിയെടുക്കും. ആര്യാടനെക്കാണുമ്പോള്‍ മലപ്പുറം കത്തിയുമില്ല, ട്രാന്‍സിസ്റ്റര്‍ ബോംബുമില്ല. നേരിയ ഒരു മോങ്ങല്‍പോലുമില്ലാതെ സാഷ്ടാംഗം വീഴുകയാണ്.

*

ഉമ്മന്‍ചാണ്ടി കരുണാകരനേക്കാള്‍ കേമനായതുകൊണ്ട് യുഡിഎഫിന്റെ ഇന്നത്തെ സ്ഥിതിയും മെച്ചമാണ്. തൊണ്ണൂറ്റഞ്ചില്‍ മുന്നൂറു രൂപയായിരുന്നു ഒരുഗ്രാം തങ്കത്തിനെങ്കില്‍ ഇപ്പോള്‍ മൂവായിരം രൂപയാണ്. അതുപോലെയാണ് ഉമ്മന്‍ചാണ്ടിയുടെ വിലയും കയറിയത്. പണ്ട് യുഡിഎഫില്‍നിന്ന് ചില്ലറ നാറ്റമേ പുറത്തുവന്നിരുന്നുള്ളൂ. ഇപ്പോള്‍ അതിന്റെ അളവ് പത്തോ നൂറോ മടങ്ങ് കൂടിയിട്ടുണ്ട്. ഈജിയന്‍ രാജാവിന്റെ മൂവായിരം കാളകളെ കെട്ടിയ തൊഴുത്ത് മുപ്പതുകൊല്ലത്തിലൊരിക്കല്‍പ്പോലും വൃത്തിയാക്കിയിരുന്നില്ല. ചാണകവും മൂത്രവും അടിഞ്ഞഴുകി സമൃദ്ധമായ ആ തൊഴുത്ത് വൃത്തിയാക്കാന്‍ ഒരു ഹെര്‍ക്കുലിസ് ഉണ്ടായിരുന്നു. ആല്‍ഫിയസ്, പീനിയസ് നദികളെ കനാല്‍വെട്ടി തൊഴുത്തിലേക്കൊഴുക്കിയ ഹെര്‍ക്കുലിസ് കേരളത്തില്‍ വന്നുവെന്നുകരുതുക- എന്നാലും വൃത്തിയാകുന്നതല്ല യുഡിഎഫ് തൊഴുത്തിലെ വൃത്തികേട്. അവിടത്തെ കാളകള്‍ അന്തരീക്ഷത്തില്‍ വൃത്തികേട് സൃഷ്ടിക്കുകയും സ്വയം വൃത്തികേടാവുകയുമാണ്. മഹാവ്യാധിയുടെ വൈറസുകളാണ് അവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. കഴുകാനും ഒഴുക്കാനും സുനാമിതന്നെ വേണ്ടിവരും.

*
ആദര്‍ശജീവികളുടെ വില കുത്തനെ കയറുകയാണ്. ചാക്കുകണക്കിന് ആദര്‍ശം മാര്‍ക്കറ്റില്‍ വന്നടിഞ്ഞിട്ടുണ്ട്. ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്നാല്‍ ആദര്‍ശാത്മജന്റെ ഇംഗിതം എന്നാണര്‍ഥം. ആദര്‍ശവും ആദര്‍ശ് ഫ്ളാറ്റും തമ്മിലെ പാലം ആന്റണിയാണ്. ആ ആന്റണിയാണ് മുസ്ലിം ലീഗിന് അഞ്ചാംമന്ത്രിയെ തരപ്പെടുത്തി കേരളത്തിലെ കോണ്‍ഗ്രസുകാരന്റെ ബാക്കിയുള്ള ആത്മാഭിമാനത്തില്‍ മുള്ളുകുത്തിക്കയറ്റിയത്. നാലുമന്ത്രിയേ ഉള്ളൂ എന്ന് ശഠിച്ചാല്‍ ലീഗ് എവിടെയും പോകില്ല. ബാബറി മസ്ജിദ് തകര്‍ത്ത്, രാജ്യത്താകെ ന്യൂനപക്ഷങ്ങളെ വേട്ടയാടിയപ്പോള്‍ നരസിംഹറാവുവിന്റെ മടിയില്‍ കയറിയിരുന്ന് അധികാരം നുണഞ്ഞവരാണ് ലീഗുകാര്‍. സേട്ടുവിനെപ്പോലും അതിനുവേണ്ടി തള്ളിപ്പറഞ്ഞ് പുറന്തള്ളിയതാണ്. മൂന്ന് മന്ത്രി സ്ഥാനമേ തരൂ എന്ന് കോണ്‍ഗ്രസ് പറഞ്ഞാലും "മോരില്ലെങ്കില്‍ ഊണ് ആവാം" എന്നേ ലീഗ് പറയൂ. ആ ലീഗ് ഒന്ന് ഒച്ചവച്ചപ്പോള്‍ എന്തിന് ഉമ്മന്‍ചാണ്ടി വഴങ്ങി എന്ന് ആദര്‍ശത്തിന്റെ റീട്ടെയില്‍ഷോപ്പ് നടത്തുന്ന സുധീര്‍ജിയെങ്കിലും ഉടനെ വെളിപ്പെടുത്തും.

പുറത്തുവിടേണ്ട മറ്റൊരു രഹസ്യം ആഭ്യന്തരമന്ത്രിശരീരത്തിലേക്കുള്ള തിരുവഞ്ചൂരിന്റെ മിന്നല്‍പ്രവേശമാണ്. കൈയിലിരുന്ന വകുപ്പ് വേറെയാള്‍ക്ക് കൊടുത്ത കുഞ്ഞൂഞ്ഞിനെ മഹത്വപ്പെടുത്തിക്കണ്ടു. അച്ഛന്‍ മകന് വകുപ്പുകൊടുത്താല്‍ അതിനെപ്പോലും ത്യാഗമെന്ന് പറയാം. പിള്ളയോ പുത്രനോ ആദ്യം പിറന്നതെന്ന ഗഹനമായ ചര്‍ച്ച യുഡിഎഫില്‍ നടക്കുകയാണ്. പിള്ളയെപ്പേലെയല്ല ഉമ്മന്‍ചാണ്ടി. വീട്ടില്‍ സ്വര്‍ണം കൂടുതലുണ്ടായാല്‍ അത് ബാങ്ക് ലോക്കറില്‍ വയ്ക്കും. അതുപോലെ ഒരു ലോക്കറിലാണ് ആഭ്യന്തരവകുപ്പ് കൊണ്ടുവച്ചത്. ആരും തൊടില്ല. ഗണേശ് കുമാറിനെപ്പോലെ തര്‍ക്കവും കൊണ്ടുവരില്ല. അല്ലെങ്കിലും കെ സി ജോസഫ്, തിരുവഞ്ചൂര്‍ തുടങ്ങിയ ഉദാരമതികളായ മന്ത്രിമാരുടെ ഓഫീസില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ല. എല്ലാം "ഓസി" തീരുമാനിക്കും. വൈകിട്ട് എത്ര കാപ്പി ഓര്‍ഡര്‍ചെയ്യണമെന്നുവരെ കെ സി ജോസഫ് മുഖ്യമന്ത്രിയോടാണ് ചോദിക്കുന്നത്. അഥവാ മുഖ്യമന്ത്രിയെ കിട്ടിയില്ലെങ്കില്‍ അവിടത്തെ കുശിനിക്കാരനായാലും മതി.

എല്ലാം കണ്ടുംകേട്ടും ഒരു മുന്‍ നിയുക്ത മുഖ്യമന്ത്രി ഇരിക്കുന്നുണ്ട്. വെണ്ണയും നെയ്യും കൊടുത്ത് വളര്‍ത്തിയ ആശയാണ് ഒറ്റയടിക്കുള്ള വകുപ്പുമാറ്റത്തിലൂടെ ഉമ്മന്‍ചാണ്ടി തട്ടിത്തെറിപ്പിച്ചു കളഞ്ഞത്. സമുദായ സന്തുലനം പറഞ്ഞ് ക്ലിഫ് ഹൗസിലേക്കുള്ള വഴി തുറക്കാനിരുന്നതാണ്. ഇന്ദുലേഖയെ കിട്ടിയില്ലെങ്കില്‍ ഉപമുഖ്യമന്ത്രിയായാലും മതി. ആഭ്യന്തരത്തിന്റെ കഴുത്തില്‍ തിരുവഞ്ചൂര്‍ താലിയിട്ടപ്പോള്‍ തോഴിയും പോയി എന്ന അവസ്ഥ. മറ്റൊരു തെന്നലയായി വിശ്രമജീവിതത്തിലേക്ക് പോകുംമുമ്പ് ചെന്നിത്തലയിലെ മാവ് പൂക്കുമോ എന്തോ? ആദര്‍ശത്തിന്റെ മൊത്തക്കച്ചവടം പൂട്ടിച്ച് ഡല്‍ഹിയിലേക്ക് അയപ്പിച്ച കുഞ്ഞൂഞ്ഞിന് ചെന്നിത്തലയൊന്നും ഒരിരയല്ല.

*

ഉരുക്കിന് വില കൂടിയതുകൊണ്ട് തല്‍ക്കാലം പടുമരംകൊണ്ടെങ്കിലും ഒരു നട്ടെല്ല് കിട്ടുമോ എന്നന്വേഷിച്ച് തലസ്ഥാന നഗരിയില്‍ ചില ഖദറുകാര്‍ ഇറങ്ങിയിട്ടുണ്ടത്രെ. ഉണ്ടായിരുന്ന പൊട്ടിയ നട്ടെല്ല് ലീഗിന് പണയംവച്ചുപോയതുകൊണ്ട് നിവര്‍ത്തി നിര്‍ത്താന്‍ ഒരു വടിക്കഷണമെങ്കിലും വേണം. ലീഗും പി സി ജോര്‍ജും എന്‍എസ്എസും എസ്എന്‍ഡിപിയും രാജ്മോഹന്‍ ഉണ്ണിത്താന്‍പോലും കയറി മേയുകയാണ്. ഇനി പി സി ജോര്‍ജിനെ പ്രസിഡന്റാക്കൂ; കെപിസിസിയെ രക്ഷിക്കൂ എന്ന് ആരെങ്കിലും പറഞ്ഞുകൂടായ്കയില്ല. അതോടെ ശരിയായ ചിത്രം തെളിയും.

1 comment:

ശതമന്യു said...

ഉമ്മന്‍ചാണ്ടി കരുണാകരനേക്കാള്‍ കേമനായതുകൊണ്ട് യുഡിഎഫിന്റെ ഇന്നത്തെ സ്ഥിതിയും മെച്ചമാണ്. തൊണ്ണൂറ്റഞ്ചില്‍ മുന്നൂറു രൂപയായിരുന്നു ഒരുഗ്രാം തങ്കത്തിനെങ്കില്‍ ഇപ്പോള്‍ മൂവായിരം രൂപയാണ്. അതുപോലെയാണ് ഉമ്മന്‍ചാണ്ടിയുടെ വിലയും കയറിയത്. പണ്ട് യുഡിഎഫില്‍നിന്ന് ചില്ലറ നാറ്റമേ പുറത്തുവന്നിരുന്നുള്ളൂ. ഇപ്പോള്‍ അതിന്റെ അളവ് പത്തോ നൂറോ മടങ്ങ് കൂടിയിട്ടുണ്ട്. ഈജിയന്‍ രാജാവിന്റെ മൂവായിരം കാളകളെ കെട്ടിയ തൊഴുത്ത് മുപ്പതുകൊല്ലത്തിലൊരിക്കല്‍പ്പോലും വൃത്തിയാക്കിയിരുന്നില്ല. ചാണകവും മൂത്രവും അടിഞ്ഞഴുകി സമൃദ്ധമായ ആ തൊഴുത്ത് വൃത്തിയാക്കാന്‍ ഒരു ഹെര്‍ക്കുലിസ് ഉണ്ടായിരുന്നു. ആല്‍ഫിയസ്, പീനിയസ് നദികളെ കനാല്‍വെട്ടി തൊഴുത്തിലേക്കൊഴുക്കിയ ഹെര്‍ക്കുലിസ് കേരളത്തില്‍ വന്നുവെന്നുകരുതുക- എന്നാലും വൃത്തിയാകുന്നതല്ല യുഡിഎഫ് തൊഴുത്തിലെ വൃത്തികേട്. അവിടത്തെ കാളകള്‍ അന്തരീക്ഷത്തില്‍ വൃത്തികേട് സൃഷ്ടിക്കുകയും സ്വയം വൃത്തികേടാവുകയുമാണ്. മഹാവ്യാധിയുടെ വൈറസുകളാണ് അവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. കഴുകാനും ഒഴുക്കാനും സുനാമിതന്നെ വേണ്ടിവരും.