ഉമ്മന്‍ചാണ്ടി പലരെയും കിടത്തിയതാണ്. മുടി ചീകിയതുകൊണ്ടോ കീറലില്ലാത്ത ഷര്‍ട്ട് ധരിച്ചതുകൊണ്ടോ സ്വഭാവത്തിന് പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ല. മനോരമയുടെ ബലവും തിരുവഞ്ചൂരിന്റെ തുണയും ഉള്ളതുകൊണ്ട് എവിടെ പാര കുത്തിക്കയറ്റിയാലും സംഗതിക്ക് ഒരു കുറവും വരില്ല. ടൈറ്റാനിയത്തില്‍ 20 കോടി, കൊച്ചി മെട്രോ റെയില്‍ കണക്കില്‍ സ്വന്തക്കാരന്റെ ബാങ്കില്‍ നിക്ഷേപം, പാമോയിലില്‍ കുളി, സൈന്‍ബോര്‍ഡുവക ജേക്കബ്ബിനെ സാക്ഷിയാക്കി 12 കോടി-ഉമ്മന്‍ചാണ്ടിയുടെ അഴിമതിയോ പാമ്പന്‍പാലമോ വലുതെന്നു ചോദിക്കാം. എന്നിട്ടും വെളുവെളെ ചിരിച്ച്, എനിക്ക് വേറെ പണിയുണ്ടെന്നു പറയുന്ന ഉമ്മന്‍ചാണ്ടിയെ ആന്റണിക്ക് തുല്യനായി ആരാധിക്കുന്നവര്‍ ഇപ്പോഴും കോണ്‍ഗ്രസിലുണ്ടു പോലും. ഗണേശന് പറഞ്ഞത്, ഉമ്മന്‍ചാണ്ടി സാറിന് വിഷമമുണ്ടാകാതിരിക്കാന്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ്. പി സി ജോര്‍ജും ജോറായി രക്ഷിക്കുന്നത് ഉമ്മന്‍ചാണ്ടിയെത്തന്നെ. കുഞ്ഞാലിക്കുട്ടി, ജോര്‍ജ്, ഗണേശന് തുടങ്ങിയ സദ്സ്വഭാവികളായ മന്ത്രിമാരെ നയിക്കാന്‍ ഉമ്മന്‍ചാണ്ടിയോളം പോന്ന നേതാവിനെ വേറെ എവിടെനിന്നും കൊണ്ടുവരാനാകില്ല. കാഴ്ചയില്‍ ലുക്കില്ലെന്നേയുള്ളൂ, ഭയങ്കര ബുദ്ധിയാണ്. അതല്ലെങ്കില്‍ ജോര്‍ജിനെപ്പോലെ ഒരു അംഗരക്ഷകന് 29 സ്റ്റാഫിനെയും സ്റ്റേറ്റ് കാറും കൊടുത്ത് തുടലഴിച്ചു വിടുമോ? ഒരര്‍ഥത്തില്‍ നോക്കിയാല്‍ , വാളകത്തെ അധ്യാപകനേക്കാളും മോശമായ അവസ്ഥയിലാണ് ഉമ്മന്‍ചാണ്ടി. എവിടെയൊക്കെയാണ് കമ്പിപ്പാര കുത്തിക്കയറ്റിയതെന്നു തിട്ടപ്പെടുത്താന്‍ നിലവിലുള്ള മെഡിക്കല്‍ ടീമൊന്നും പോര. ഭരണത്തിന്റെ ആവേശരസായനം ദിവസം നാലുനേരം സേവിക്കുന്നതുകൊണ്ട് അസ്ക്യത പുറത്തുകാണുന്നില്ല എന്നേയുള്ളൂ.ഈ ഉമ്മന്‍ചാണ്ടിയെ വ്യക്തിപരമായി വളരെ മോശമായി ബാധിക്കുന്ന കുറെ പരാതി കുറച്ചുകാലം മുമ്പ് പത്രക്കാര്‍ക്കും ഇടതുപക്ഷ നേതാക്കള്‍ക്കും ലഭിച്ചിരുന്നു. വ്യാജരേഖാ നിര്‍മിതിയടക്കം ഉണ്ട് അതില്‍ . അതു പുറത്തുവിട്ട് ഉമ്മന്‍ചാണ്ടിയെ നാണംകെടുത്താന്‍ ആരും തുനിഞ്ഞില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങളുമായി വാര്‍ത്താസമ്മേളനം നടത്താന്‍ വന്നവരെ ഓടിച്ചുവിടുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്തത്. ഇടതുപക്ഷ നേതാക്കളാകട്ടെ, കൈയില്‍ കിട്ടിയ കത്ത് ഭദ്രമായി കവറിലിട്ട് ഉമ്മന്‍ചാണ്ടിയെ ഏല്‍പ്പിച്ചു. ഒരാളുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ എടുത്തലക്കി രാഷ്ട്രീയം കളിക്കാന്‍ തങ്ങളില്ലെന്നു വ്യക്തമാക്കിക്കൊണ്ട്. അത്തരം രാഷ്ട്രീയമാന്യതയുടെ ഗുണഫലം ആവോളം അനുഭവിക്കുന്ന ഉമ്മന്‍ചാണ്ടി പക്ഷേ, ഇന്ന് അധികാരത്തിന്റെ അര്‍ധബോധാവസ്ഥയില്‍ പ്രതിപക്ഷത്തിനുനേരെ കളിക്കാന്‍ ഉപയോഗിക്കുന്നത് വ്യക്തിപരമായ അധിക്ഷേപത്തിന്റെയും അപകീര്‍ത്തിപ്പെടുത്തലിന്റെയും ആയുധങ്ങളുമായാണ്. ഗണേശന്റെയും ജോര്‍ജിന്റെയും നേതാവുതന്നെ ഉമ്മന്‍ചാണ്ടി-നെറികേടിന്റെ കാര്യത്തില്‍. നിയമസഭയില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചെന്ന് ആദ്യം അലറിയത് തിരുവഞ്ചൂരും കെ സി ജോസഫുമാണ്. ടി വി രാജേഷിനെയും ജയിംസ് മാത്യുവിനെയും അപകീര്‍ത്തിപ്പെടുത്തല്‍ കൃത്യമായ അജന്‍ഡ തന്നെയായിരുന്നു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയല്ല; മാപ്പുമന്ത്രിയാണ്. മന്ത്രിസഭയിലുള്ളവര്‍ വേണ്ടാതീനം കാട്ടും; മുഖ്യമന്ത്രി മാപ്പുപറയും. പക്ഷേ, സഭയിലെ രജനി സംഭവത്തില്‍ ഉമ്മന്‍ചാണ്ടി ഇതുവരെ ഖേദപ്രകടനം നടത്തിയിട്ടില്ല. സ്പീക്കര്‍ റൂളിങ്ങിലൂടെ വ്യക്തമാക്കിയത്, സഭയില്‍ വനിത ആക്രമിക്കപ്പെട്ടിട്ടില്ലെന്നു തന്നെയാണ്. സഭയിലെ ദൃശ്യങ്ങളിലും അത്തരമൊരാക്രമണം ആരും കണ്ടിട്ടില്ല. എന്നിട്ടും ജയിംസും രാജേഷും ക്രൂശിക്കപ്പെട്ടു. എന്തേ ഉമ്മന്‍ചാണ്ടി മിണ്ടാത്തത്? ഉമ്മന്‍ചാണ്ടിക്കുവേണ്ടി വീല്‍ചെയറില്‍ കയറേണ്ടിവന്ന ആ പൊലീസുകാരിയുടെ സ്ഥിതിയാണ് കഷ്ടം. പി സി ജോര്‍ജ് പറയുന്നു:
"14-ാം തീയതി ഇവരുടെ എംഎല്‍എമാരെല്ലാം കൂടി വെല്ലിനകത്തോട്ടു ചാടിയിറങ്ങി. ആ വെല്ലിലോട്ടു ചാടിയിറങ്ങിയപ്പോ പാവപ്പെട്ട... ഇവന്മാരുടെ...ആവേശം മുഴുവന്‍ തീര്‍ത്തത് പാവപ്പെട്ട ഒരു വനിതാ പൊലീസുകാരിയുടെ നെഞ്ചത്തായിപ്പോയി.. അതാ പ്രശ്നം... ഇതു നാണക്കേടായതു കൊണ്ട് പുറത്തുപറയേണ്ടെന്നു വിചാരിച്ച് ഞങ്ങളൊക്കെ ഇങ്ങനെ ഇരിക്കുകയായിരുന്നു... ഇതു പുറത്തു പറയേണ്ട... കാരണം... ഞാനല്ലേ കണ്ടോണ്ടു നില്‍ക്കുന്നത്... എംഎല്‍എമാരു മുഴുവന്‍ കണ്ടു... ഞാനാണ് ആ പെണ്‍കുട്ടിയെ... പാവത്തിനെ അവിടെ... വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ആ മാര്‍ഷലിന്റെ മുറിയില്‍ കൊണ്ടുപോയതും... വനിതാഡോക്ടറെ വിളിച്ചു... ആ പ്രദേശത്ത് ആണുങ്ങള്‍ക്കു പരിശോധിക്കാന്‍ പറ്റുമോ... അതുകൊണ്ട് വനിതാ ഡോക്ടറെ വിളിച്ചുവരുത്തിക്കൊടുത്തത് ഞാനാണ്. എന്നിട്ട് അവന്മാരു പറയുന്നത് തൊട്ടില്ലെന്നാ... തൊടാതെങ്ങനെയാ അതൊന്നിനും കൊള്ളാതായിപ്പോയി...?"
ആരെങ്കിലും നേരിട്ട് ആക്രമിച്ചാല്‍ ഉണ്ടാകില്ല ഇത്രയും അപമാനം. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തഭൃത്യന് ഏതു സ്ത്രീയെയും ഇങ്ങനെ അപമാനിക്കാം. കോണ്‍ഗ്രസുകാരിയായിപ്പോയതിന് കിട്ടിയ ശിക്ഷ! ജോര്‍ജിനേക്കാള്‍ മാന്യതയുള്ളവരും യുഡിഎഫില്‍ ഉണ്ട്. മുമ്പന്‍ പി സി വിഷ്ണുനാഥ്. യുവ കോമളന്റെ വാക്കുകള്‍ :
".....അതിലൊരു പെണ്‍കുട്ടിയെ പോയി തളളി താഴെയിടുകയായിരുന്നു.. (ഇരുകൈകളും ഒന്നിച്ചൊരു ആംഗ്യം)... ആ പെണ്‍കുട്ടിയെ അപമാനിച്ചെന്നു പറഞ്ഞത്, പുരുഷനെതിരായാണ് തള്ളിയത് എങ്കില്‍ അത് ആക്രമണവും അതേസംഭവം തന്നെ ഒരു വനിതയ്ക്കു നേരെ ആകുമ്പോള്‍ അത് അപമാനവുമാണ്... എന്ത്... അപമാനമല്ലേ... ഒരു പുരുഷന്റെ കൈകൊണ്ട് ഒരു സ്ത്രീയെ തള്ളിയിടുമ്പോള്‍ അത് അപമാനമാണ്... (പിന്നെയും കൈ ആംഗ്യം)."
കുഞ്ഞാലിക്കുട്ടിയും മോശമാക്കിയില്ല. അവസാനവാക്കു പറയാനുള്ള മുതിര്‍ന്ന അംഗം അദ്ദേഹമാണല്ലോ. സ്പീക്കര്‍ പക്ഷേ പറഞ്ഞത് വേറെയാണ്:
"...എന്നാല്‍ ഇത് അംഗങ്ങളുടെ ഭഭാഗത്തു നിന്നുളള മനഃപൂര്‍വമായ നടപടിയായി ചെയര്‍ കരുതുന്നില്ല. അവര്‍ ആ ഒരുദ്ദേശ്യത്തോടു കൂടിയാണ് അങ്ങോട്ടു പോയതെന്നും ചെയര്‍ കരുതുന്നില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ മുന്നോട്ടുപോയതിനിടയില്‍ വന്ന ആ കൂട്ടമായിട്ടുള്ള സംഭവത്തില്‍ ഉണ്ടായതായിരിക്കും."
സ്പീക്കര്‍ പറഞ്ഞത് തെറ്റെന്നാണ് ഒടുവില്‍ ജോര്‍ജിന്റെ പ്രഖ്യാപനം. വനിതയെയും സ്പീക്കറെയും അപമാനിക്കുന്നവര്‍ ഭരണത്തില്‍ സസുഖം വാഴുന്നു. ഉമ്മന്‍ചാണ്ടി അവരെ നയിക്കുന്നു.
*
നായയെപ്പോലെ വാലാട്ടി നില്‍ക്കുന്നവരെയാണ് സിപിഎമ്മിന് വേണ്ടതെന്ന് ഒരു കുമാരന് കണ്ടെത്തിയിരിക്കുന്നു. യുഡിഎഫില്‍ എത്തിയപ്പോഴാണത്രേ മനുഷ്യനാണെന്നു തോന്നിയത്. ജീവിതത്തിന്റെ സിംഹഭാഗവും നായയെപ്പോലെ കഴിയേണ്ടിവന്നത് സഹതാപാര്‍ഹം തന്നെ. എല്‍ഡിഎഫിലായിരുന്നപ്പോള്‍ പാലും ബിസ്കറ്റുമൊക്കെ കിട്ടിയിരുന്നു. ഇപ്പോള്‍ ഉച്ചിഷ്ടമാണ് ഭക്ഷണം. എല്ലിന് കഷ്ണം എറിഞ്ഞുകൊടുക്കും-വേണമെങ്കില്‍ തിന്നാം; തിണ്ണയില്‍ കിടന്നുറങ്ങാം. നായയും മനുഷ്യനും തമ്മില്‍ ; വളര്‍ത്തുപട്ടിയും തെരുവു പട്ടിയും തമ്മില്‍ -വൈരുധ്യമുഖരിതമാണ് ലോകം.
പ്രശ്നവശാല്‍ കുമാരന്മാര്ക്ക് ഇത് കഷ്ടകാലമാണ്. മറ്റൊരു കുമാരന് പിടിക്കപ്പെടുന്ന ലക്ഷണമാണ്. പണി ജുഡീഷ്യറിയെ കുപ്പിയിലിറക്കലാണ് പോലും. ബ്രേക്ക്ഫാസ്റ്റ് ഡല്‍ഹിയില്‍ , ലഞ്ച് മുംബൈയില്‍ , ഡിന്നര്‍ കൊച്ചിയില്‍ , ഉറക്കം ദുബായില്‍ എന്നതാണത്രേ ടിയാന്റെ ഷെഡ്യൂള്‍ . ദല്ലാള്‍ കുമാരനെപ്പറ്റി അന്വേഷണം വന്നപ്പോഴെല്ലാം അട്ടിമറിക്കപ്പെട്ടെന്നാണ് യുഡിഎഫ് പറഞ്ഞുവന്നത്. ഇപ്പോള്‍ ആരാണ് അട്ടിമറിക്കാരനെന്ന് തെളിഞ്ഞിരിക്കുന്നു-മറ്റാരുമല്ല, ഉമ്മന്‍ചാണ്ടിയുടെ ഫസ്റ്റ് ലെഫ്റ്റനന്റ് സാക്ഷാല്‍ തിരുവഞ്ചൂര്‍ . തിരുവഞ്ചൂരും ദല്ലാളും മധുവിധു ആഘോഷിക്കുന്നതിന്റെ പടമാണ് പുറത്തുവന്നത്. വിജിലന്‍സ് മന്ത്രിയും പ്രതിയും മച്ചമ്പിമാരായാല്‍ പാവം പൊലീസുകാര്‍ എന്തുചെയ്യും? ദല്ലാള്‍ കുമാരന്റെ അകമ്പടിക്കാരായി വരുന്നത് കേന്ദ്ര മന്ത്രിമാമാരാണത്രേ. റിലയന്‍സിന്റെ ഈ ഏജന്റാണ് കോണ്‍ഗ്രസിന്റെ പലപല കേസിലും കണ്‍സല്‍ട്ടന്റ് എന്നും ശ്രുതി. കേസ് തീര്‍പ്പാക്കണോ; ശിക്ഷിപ്പിക്കണോ; വെറുതെ വിടണോ എല്ലാത്തിനും കുമാരന് തയ്യാര്‍ . വരവ് കോടികളാണ്.
കോണ്‍ഗ്രസിനെ ദല്ലാളുമാര്‍ നിയന്ത്രിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയില്‍ നിന്ന് നന്മ പ്രതീക്ഷിക്കുന്നവര്‍ക്ക് നമോവാകമോതാം. ഉമ്മന്‍ചാണ്ടിയും ഒരു വലിയ ദല്ലാളാണല്ലോ.
*
എ കെ ബാലനെക്കൊണ്ട് പാളേല് കഞ്ഞി കുടിപ്പിക്കും; തമ്പ്രാനെന്ന് വിളിപ്പിക്കുമെന്നാണ് പി സി ജോര്‍ജ് പറയാതെ പറഞ്ഞത്. ജാതിപറഞ്ഞ് ആക്ഷേപിക്കുക മാത്രമല്ല; ഗണേശ്കുമാറിനെ മിസ്റ്റര്‍ എന്നു വിളിക്കാന്‍ പോലും പാടില്ലെന്ന് ജോര്‍ജിന്റെ കല്‍പ്പന. പൊലീസിനും വേണ്ട; കോടതിക്കും വേണ്ട; പ്രതികരണവിദ്വാന്മാര്‍ മൗനത്തിലാണ്. ശിവദാസമേനോനെതിരെയും എം വി ജയരാജനെതിരെയും കേസെടുക്കാന്‍ മണിക്കൂറുകള്‍ മതിയായിരുന്നു. ജോര്‍ജ് മൈക്ക്വച്ച് പുലയാട്ട് പറയുന്നു; സ്ത്രീകളെയും മാന്യന്മാരെയും അവഹേളിക്കുന്നു; ജാതിപ്പേര് വിളിക്കുന്നു. ചെന്നിത്തലപോലും പ്രതികരിച്ചു. പക്ഷേ, നമ്മുടെ ഉടന്‍ നീതിക്കാരും പ്രതികരണ വിദ്വാന്മാരും മിണ്ടുന്നില്ല. ടി എന്‍ പ്രതാപന് മിണ്ടിക്കേട്ടു. ജോര്‍ജ് നെഞ്ചിനെക്കുറിച്ചാണ് ഉപന്യസിച്ചതെങ്കില്‍ കൊടിക്കുന്നില്‍ താല്‍പ്പര്യപ്പെട്ടത് പിന്‍ഭാഗത്തെക്കുറിച്ച് പറയാനാണ്. കോണ്‍ഗ്രസിന്റെ സാംസ്കാരിക ഔന്നത്യവും മോശമല്ല. ഗണേശ് കുമാറാണെങ്കില്‍ സിനിമാ നിര്‍മാതാക്കളെയാണത്രേ ഇപ്പോള്‍ ജോര്‍ജിന്റെ പണി ഏല്‍പ്പിക്കുന്നത്. കാര്യസ്ഥന്മാര് ചലച്ചിത്രനടികളെ പ്രലോഭിപ്പിക്കാനും ഭീഷണിപ്പെടുത്താനും വിലക്കിക്കളയാനും രംഗത്തിറങ്ങുന്നു. പണ്ട് കൊയിലാണ്ടിയില്‍ കിട്ടിയ തല്ല് മന്ത്രി മറന്നേ പോയി. ഇത്തരം പരിപാടികള്‍ക്ക് കാവല്നില്ക്കാനും ഒരു ഉമ്മന്‍ചാണ്ടി. കഷ്ടം. സംസ്കാരസമ്പന്ന ഭരണം. പാരകളുടെ ശയ്യയില്‍ കിടന്നാലും ഭരണം മതി.



