Monday, September 19, 2011

എസ്എംഎസും മന്ത്രിസ്ഥാനവും

മാണിസാര്‍ വന്നാല്‍ പലതും നടക്കും എന്നു കേട്ടിരുന്നു. യൂറോപ്പില്‍നിന്ന് ഊര്‍ജം സംഭരിച്ച് നെടുമ്പാശേരിയില്‍ വന്നിറങ്ങുമ്പോള്‍തന്നെ ജോര്‍ജിനെ മാണി വെട്ടുമെന്നും അതോടെ നാട് രക്ഷപ്പെടുമെന്നുമാണ് ചുരുങ്ങിയപക്ഷം ഫ്രാന്‍സിസ് ജോര്‍ജെങ്കിലും കരുതിയത്. പി ജെ ജോസഫിനും കൂട്ടര്‍ക്കും അങ്ങനെയുള്ള തോന്നലുകളാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. ആര് കണ്ണുരുട്ടിയാലും അവര്‍ പേടിക്കും. ഇടതുമുന്നണിയില്‍നിന്ന് വലത്തോട്ട് ചാടിയത് ളോഹയിട്ട വിരട്ടും ഉരുട്ടും ഉണ്ടായപ്പോഴാണ്. അതല്ലാതെ മറ്റൊരു കാരണവുമില്ല. ആകാശത്തുനിന്ന് വിവാദം വന്ന് ജോസഫിന്റെ തലയില്‍ വീണപ്പോള്‍ അന്തസ്സായി രാജിവച്ച് വീട്ടില്‍ പോയിരിക്കാനാണ് ഇടതുമുന്നണി പറഞ്ഞത്. കുറ്റവും കുറവും തീര്‍ത്ത് തിരിച്ചുവരാനും പറഞ്ഞു-കേസില്‍നിന്ന് വിടുതല്‍ കിട്ടിയപ്പോള്‍ വീണ്ടും മന്ത്രിപ്പണിയും കിട്ടി. നല്ലകുട്ടിയായി സ്തോത്രം ജപിച്ച് കഴിയേണ്ടതാണ്. അപ്പോഴാണ് പള്ളി മണിയടിച്ച് പേടിപ്പിച്ചത്. കാര്യവും കാരണവുമില്ലാതെ ഉടനെ മറുകണ്ടം ചാടി. അവിടെയെത്തിയപ്പോള്‍ പന്തംകൊളുത്തി പട.

മോരും മുതിരയും ലയിച്ചപോലെ. അങ്ങനെ തട്ടിമുട്ടി കഴിഞ്ഞവാറെ തെരഞ്ഞെടുപ്പു വന്നു. ഒപ്പം കേസും വന്നു-വിമാന വിവാദത്തിനുപിന്നാലെ എസ്എംഎസ് വിവാദം. ഇടുക്കിക്കാരി യുവസുന്ദരിക്ക് ശൂന്യമായ എസ്എംഎസ് അയച്ചു എന്നാണ് കേസ്. ആകെമൊത്തം ശൂന്യതയുടെ കളിയാണ്. യുവതി പറയുന്നത് തന്റെ ഭര്‍ത്താവ് തന്റെ ഫോണില്‍നിന്ന് ജോസഫിനെ വിളിച്ചു; കിട്ടിയില്ല; പിന്നെ തിരിച്ചു വിളിച്ചപ്പോള്‍ തന്റെ ശബ്ദം കേട്ടു; അതോടെ അച്ചായന്റെ മനമിളകി എന്നാണ്. ഇടയ്ക്കിടയ്ക്ക് എസ്എംഎസ് അയക്കലായി പോലും. ജോസഫ് ആണയിടുന്നത് കേസിനുപിന്നില്‍ ഗൂഢാലോചനയെന്ന്. എന്താണ് ഗൂഢാലോചന; ആരാണ് ഗൂഢാലോചകര്‍ എന്നൊന്നും മിണ്ടൂല്ല. യുവതിയുടെ ഭര്‍ത്താവ് ഒരു "മാധ്യമ" പ്രവര്‍ത്തകനാണ്. പ്രണോയ് റോയ്, സായിനാഥ് എന്നിങ്ങനെയുള്ള പ്രഗത്ഭരുടെ നിരയില്‍ വരും ക്രൈം നന്ദകുമാറിന്റെ അരുമശിഷ്യന്‍ . ആ മഹാപ്രതിഭയ്ക്ക് ഒരു പതിനായിരം രൂപ കിട്ടിയപ്പോള്‍ അത് ക്രിയാത്മകമായി ചെലവിടാന്‍ ഒരു മുന്‍ വനിതാ പഞ്ചായത്ത് പ്രസിഡന്റിനെയും കൂട്ടി തമിഴ്നാട്ടിലേക്കാണ് പോയത്.

അവിടെനിന്ന് പിടിക്കപ്പെട്ടപ്പോള്‍ പറഞ്ഞ പേരുകളിലൊന്ന് സാക്ഷാല്‍ പി സി ജോര്‍ജിന്റേതാണ്. ക്രൈം നന്ദകുമാര്‍ കേസിലെ സാക്ഷിയാണ്. എല്ലാം നേരായിമാത്രം ചെയ്യുന്ന മഹാന്‍മാരും മഹതികളും ഉള്‍പ്പെട്ട കേസില്‍ ഗൂഢാലോചന ആരോപിക്കുന്നത് കഷ്ടംതന്നെ. കുഞ്ഞാലിക്കുട്ടി ഉള്ള ക്യാബിനറ്റില്‍ ഇങ്ങനെയൊരു കേസിലെങ്കിലുംപെട്ടില്ലെങ്കില്‍ ജോസഫിന് എന്തുവില? ഇപ്പോള്‍ കോടതിയില്‍നിന്ന് സമന്‍സേ കിട്ടിയുള്ളൂ. ഇനി ശിക്ഷതന്നെ കിട്ടിയെന്നുവരും. തെളിവുകള്‍ ചാക്കിലാക്കിക്കൊണ്ടുവരുന്ന ജോര്‍ജും ക്രൈംകുമാരനും ഉള്ളപ്പോള്‍ ശിക്ഷയ്ക്കൊന്നും പഞ്ഞം വരില്ല. അതുവരെ കാത്തുനിന്ന് രാജിവയ്ക്കണോ ഇപ്പോള്‍തന്നെ അത് ചെയ്തുകൂടേ എന്നതാണ് ജോസഫിനുമുന്നിലെ ചോദ്യം. ഒന്നുകില്‍ രാജി; അല്ലെങ്കില്‍ ഗൂഢാലോചന തെളിയിക്കല്‍ -ഇത് രണ്ടുമല്ലാതെ മറ്റ് മാര്‍ഗമില്ല. അതാണ് ഇപ്പോള്‍ മാണിസാറും വരികള്‍ക്കിടയില്‍ പറഞ്ഞത്. ജോര്‍ജ് കേസ് പഠിച്ചശേഷമേ അഭിപ്രായം പറയൂ. ഇനി എങ്ങനെ മുന്നോട്ടുപോകണം എന്നത് ജോര്‍ജ് തന്നെ പഠിക്കണമല്ലോ. ഒരുകണക്കിന് ഇത് പി സി ജോര്‍ജിന്റെ കാലമാണ്. ജോര്‍ജ് ആര്‍ക്കെതിരെയും എന്തും പറയും. ആരും മറുപടി പറയില്ല. ജോര്‍ജിനു വേണ്ടി ചാനലുകളില്‍ ശിവന്‍ മഠത്തിലിനെപ്പോലുള്ള "യഥാര്‍ഥ ഇടതുപക്ഷ" വക്കീലന്‍മാര്‍ കോട്ടിടും.

മനോരമയും മാതൃഭൂമിയും വക്കാലത്തെടുക്കും. പാമൊലിന്‍ കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് കത്തെഴുതാന്‍ ഇറങ്ങിയ ജോര്‍ജിന്റെ വീരസ്യം "പേപ്പട്ടിശല്യ" വാര്‍ത്തപോലെ ഒതുക്കി ഉള്‍പേജില്‍ തള്ളിയ മാധ്യമങ്ങളെ കണ്ടാലറിയില്ലേ ജോര്‍ജിന്റെ കരുത്ത്. രണ്ടുകാലിലും മന്തുള്ള കുണ്ടുണ്ണിമേനോന്റെ കുലുങ്ങിച്ചിരിപോലെയാണ് ജോര്‍ജിനെതിരായ വി ഡി സതീശന്റെ പറച്ചില്‍ . സതീശന് മന്ത്രിസ്ഥാനം കിട്ടാത്തതിന് ജോര്‍ജ് എന്ത് പിഴച്ചു. ഉമ്മന്‍ചാണ്ടിക്കും മാതൃഭൂമിക്കും പ്രിയപ്പെട്ടവനായ ജോര്‍ജിനെതിരെ സതീശനും പ്രതാപനും ജോസഫും ആന്റണി രാജുവും കോറസ് പാടിയിട്ടൊന്നും വലിയ കാര്യമില്ല. ജോര്‍ജ് ചിരിക്കും; കരയും; നൃത്തം ചവിട്ടും; മുക്രയിടും. താന്‍ മരിച്ചാല്‍ റീത്തുവയ്ക്കാന്‍പോലും മാണി കാലുകുത്തരുതെന്ന് ഒസ്യത്തെഴുതിവച്ചയാളാണ്. ഇപ്പോള്‍ മാണിക്ക് ജോര്‍ജ് കഴിഞ്ഞേ ഉള്ളൂ മറ്റാരും. ജോര്‍ജ് ഏതെല്ലാം പരിധി വിട്ട് എന്തെല്ലാം പറഞ്ഞു എന്ന് ജോര്‍ജിനേ അറിയൂ. എന്നിട്ടുമെന്തേ ആര്‍ക്കും ജോര്‍ജിനെതിരെ ഒരക്ഷരംപോലും മിണ്ടാന്‍ പറ്റാതെ പോകുന്നത്. മാണിയും ജോസഫും ഫ്രാന്‍സിസ് ജോര്‍ജും പി സി ജോര്‍ജിന്റെ പേര് മിണ്ടുന്നില്ല. വയസ്സുകാലത്ത് മറ്റൊരു എസ്എംഎസ് കേസില്‍പെടാന്‍ മാണിസാറിന് താല്‍പ്പര്യമില്ലായിരിക്കാം. അതല്ലെങ്കില്‍ ജോര്‍ജിന്റെ തോളില്‍കൈയിട്ട് ചെയ്തുകൂട്ടിയത് വല്ലതും വിളിച്ചു പറഞ്ഞാലോ എന്ന് പേടിച്ചാവാം.

വൈദ്യുതിബോര്‍ഡ് ഓഫീസില്‍ കയറിച്ചെന്ന് ജോര്‍ജ് പറഞ്ഞ സംസ്കൃതം നേരിട്ട് കേള്‍ക്കേണ്ടിവരുന്ന അവസ്ഥ അത്ര നല്ലതാവില്ലല്ലോ. എന്തായാലും കേരളത്തിലാകെ പത്രക്കാരെ സ്വാധീനിച്ച് "മീറ്റ് ദ പ്രസ്" സംഘടിപ്പിക്കാന്‍ ജോര്‍ജിന് കഴിയുന്നുണ്ട്. പത്രസമ്മേളനമാകുമ്പോള്‍ കാശടയ്ക്കണം. ഏതെങ്കിലും തല്‍പ്പരകക്ഷിയെ ചാക്കിലിറക്കി മീറ്റ് ദ പ്രസ് തരപ്പെടുത്തിയാല്‍ ചായ ഫ്രീ. പത്രക്കാര്‍ക്കും പേടി കാണുമല്ലോ. ഈ ജോര്‍ജിനെ കേരളത്തിന്റെ രാഷ്ട്രീയബ്രാന്‍ഡ് അംബാസഡറാക്കാന്‍ വരുന്ന സമ്മേളനത്തിലെങ്കിലും ബില്‍ കൊണ്ടുവരണം. ജോര്‍ജ് നല്ലവനായതുകൊണ്ട് ജോസഫിന്റെ രാജി വേണ്ടാതാകുന്നില്ല. എസ്എംഎസ് അയച്ചോ ഇല്ലയോ എന്ന് കോടതിയില്‍ തെളിയട്ടെ. അതുകഴിഞ്ഞ് പോരേ മന്ത്രിസ്ഥാനം.

*

ഗുജറാത്തിലെ വംശഹത്യക്കാലത്ത് "മുസ്ലിങ്ങള്‍ ഇത്തവണ ഒരുപാഠം പഠിക്കട്ടെ" എന്നാണ് മോഡി പറഞ്ഞിരുന്നത്. പാഠം ശരിക്കും പഠിപ്പിച്ചു. ജീവനോടെ ചുട്ടുകരിച്ചും വയറുകീറി ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തും തലയരിഞ്ഞുതള്ളിയും. ഇനി മോഡി പഠിപ്പിക്കാന്‍ പോകുന്നത് അദ്വാന്‍ജിയെയാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ അദ്വാന്‍ജി ഒരു പാഠം പഠിക്കട്ടെ എന്നാണ് ഭാവിഭാരതത്തിന്റെ വാഗ്ദാനം മൂന്നു നാള്‍ ഉപവസിച്ചുകൊണ്ട് പ്രഖ്യാപിക്കുന്നത്. അദ്വാന്‍ജിക്ക് എല്ലാ കാലത്തും ഇതാണ് ഗതി. ഇന്നലെ വരെ വാജ്പേയിയുടെ ശല്യമായിരുന്നു. പുള്ളിക്കാരന്‍ വാര്‍ധക്യത്തിന്റെ അസ്ക്യതയിലാണ്. ഇനിയെങ്കിലും ഒരു ചാന്‍സ് കിട്ടിയേക്കും എന്ന പ്രതീക്ഷയുണ്ടായിരുന്നു. അതിന് വിലങ്ങുതടിയായി ഇതാ അവതരിച്ചിരിക്കുന്നു മോഡി എന്ന മാരണം.

മോഡിക്ക് നല്ല പ്രതിച്ഛായയാണ്. വെളുവെളുത്ത താടി, തുടുതുടുത്ത മുഖം, പളപളപ്പുള്ള വസ്ത്രം-ശരിക്കും ഒരു സീനിയര്‍ ശശി തരൂര്‍ . അതുകണ്ടാല്‍തന്നെ വോട്ട് ശറപറാ വീഴും. പിന്നെ കിട്ടിയ അഭിനന്ദനങ്ങള്‍ ചില്ലറയാണോ? നമ്മുടെ സാക്ഷാല്‍ അത്ഭുതക്കുട്ടിയാല്‍പോലും വാഴ്ത്തപ്പെട്ടവനല്ലേ. അദ്വാന്‍ജി പേടിക്കണം. ഉള്ള മിനുപ്പ് പോരാഞ്ഞ് മോഡി ഒന്നുകൂടി മുഖം മോടിയാക്കുകയാണ്. മൂന്നുദിവസത്തെ സദ്ഭാവനായജ്ഞം. സാധാരണ മനസ്സുനിറയെ ദുര്‍ഭാവനയായാതുകൊണ്ട് സദ്ഭാവനയ്ക്കായി ഒരു ഇടവേള. മാസംമുഴുവന്‍ കട്ടും കൊള്ളയടിച്ചും അഴിമതി നടത്തിയും ജീവിക്കുന്നവര്‍ എല്ലാ മാസവും ഒന്നാംതീയതി കെട്ടുംകെട്ടി മലകയറുന്നതും ഗുരുവായൂരില്‍ചെന്ന് തുലാഭാരം തൂക്കുന്നതും കണ്ടിട്ടില്ലേ.

അതുപോലെ ഒരനുഷ്ഠാനം. ഗുജറാത്തിലെ കൂട്ടക്കൊലയില്‍ മോഡി എന്തുചെയ്തു എന്ന് കോടതി പറയാന്‍ പോവുകയാണ്. അതിനു മുമ്പുതന്നെ വരണം സദ്ഭാവന. ദിവസം അഞ്ചുലക്ഷം വാടകയുള്ള തണുപ്പിച്ച ഹാളില്‍ സദ്ഭാവന നിറഞ്ഞൊഴുകുകയാണ്. പത്തുവര്‍ഷത്തില്‍ വീഴ്ചകള്‍ പറ്റി; അതില്‍ പശ്ചാത്താപം. ജാതിരാഷ്ട്രീയവും മതസ്പര്‍ധയും നാടിന് ഗുണംചെയ്യില്ല എന്നു തിരിച്ചറിഞ്ഞുവെന്നും കരയുന്നുണ്ട് മോഡി. ഗാന്ധിപിറന്ന ഗുജറാത്ത് മോഡിയുടെ നാടായപ്പോള്‍ വന്ന മാറ്റം നോക്കണം. ഇവിടെ ഈ കേരളത്തില്‍ നാളെ പി സി ജോര്‍ജും അപ്പുക്കുട്ടന്‍ വള്ളിക്കുന്നും ക്രൈം നന്ദകുമാറും കുഞ്ഞാലിക്കുട്ടിയുമെല്ലാം ഇങ്ങനെ സത്യഗ്രഹം നടത്തിയേക്കും. ആ സത്യഗ്രഹത്തിന്റെ മഹത്വം വാഴ്ത്താന്‍ ഉമേഷ് ബാബു, കാളീശ്വരം രാജ്, സുരഭീദാസ് തുടങ്ങിയ വാഗ്മികള്‍ ചാനലുകളില്‍ അണിനിരക്കുകയും ചെയ്യും.

1 comment:

ശതമന്യു said...

മാണിസാര്‍ വന്നാല്‍ പലതും നടക്കും എന്നു കേട്ടിരുന്നു. യൂറോപ്പില്‍നിന്ന് ഊര്‍ജം സംഭരിച്ച് നെടുമ്പാശേരിയില്‍ വന്നിറങ്ങുമ്പോള്‍തന്നെ ജോര്‍ജിനെ മാണി വെട്ടുമെന്നും അതോടെ നാട് രക്ഷപ്പെടുമെന്നുമാണ് ചുരുങ്ങിയപക്ഷം ഫ്രാന്‍സിസ് ജോര്‍ജെങ്കിലും കരുതിയത്. പി ജെ ജോസഫിനും കൂട്ടര്‍ക്കും അങ്ങനെയുള്ള തോന്നലുകളാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. ആര് കണ്ണുരുട്ടിയാലും അവര്‍ പേടിക്കും. ഇടതുമുന്നണിയില്‍നിന്ന് വലത്തോട്ട് ചാടിയത് ളോഹയിട്ട വിരട്ടും ഉരുട്ടും ഉണ്ടായപ്പോഴാണ്. അതല്ലാതെ മറ്റൊരു കാരണവുമില്ല. ആകാശത്തുനിന്ന് വിവാദം വന്ന് ജോസഫിന്റെ തലയില്‍ വീണപ്പോള്‍ അന്തസ്സായി രാജിവച്ച് വീട്ടില്‍ പോയിരിക്കാനാണ് ഇടതുമുന്നണി പറഞ്ഞത്. കുറ്റവും കുറവും തീര്‍ത്ത് തിരിച്ചുവരാനും പറഞ്ഞു-കേസില്‍നിന്ന് വിടുതല്‍ കിട്ടിയപ്പോള്‍ വീണ്ടും മന്ത്രിപ്പണിയും കിട്ടി. നല്ലകുട്ടിയായി സ്തോത്രം ജപിച്ച് കഴിയേണ്ടതാണ്. അപ്പോഴാണ് പള്ളി മണിയടിച്ച് പേടിപ്പിച്ചത്. കാര്യവും കാരണവുമില്ലാതെ ഉടനെ മറുകണ്ടം ചാടി. അവിടെയെത്തിയപ്പോള്‍ പന്തംകൊളുത്തി പട.