Sunday, September 25, 2011

അപരാധിഭരണം

ഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു എന്നാണ് വേദപുസ്തകത്തില്‍ കാണുന്നത്. ഇതൊക്കെ എങ്ങനെ അന്നുതന്നെ എഴുതിവയ്ക്കാന്‍ കഴിഞ്ഞു എന്നോര്‍ക്കുമ്പോഴാണത്ഭുതം. യുഡിഎഫും ഉമ്മന്‍ചാണ്ടിയും പി സി ജോര്‍ജും പാമൊലിനുമെല്ലാം ഇങ്ങനെ ഒത്തുവരുമെന്ന് അന്നുതന്നെ കണക്കുകൂട്ടിയത് മഹാത്ഭുതംതന്നെ. "നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും" എന്നും "അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാലില്‍ പരിക്കേല്‍പ്പിക്കും" എന്നും സര്‍പ്പത്തോട് പറഞ്ഞ "സാത്താന്‍ " ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം ഇന്ദിരാഭവന്റെ ഗേറ്റിനരികില്‍ അങ്ങനെയൊരു രൂപത്തെ കണ്ടതായും പറയുന്നുണ്ട്. ഏതായാലും പാമൊലിന്‍ എന്ന വിഷക്കനി എടുത്തുഭുജിച്ച മനുഷ്യന്‍മൂലം യുഡിഎഫിന് ആസന്നമരണാവസ്ഥ വന്നിരിക്കുന്നു എന്നതില്‍ തര്‍ക്കമില്ല.
ഉണ്ണിയെ കണ്ടാല്‍ ഊരിലെ പഞ്ഞവും ഉണ്ണുനീലിസന്ദേശം വായിച്ചാല്‍ കവിയിലെ നായകനെയും അറിയാമെന്നാണ് വയ്പ്. ജോര്‍ജിന്റെ കത്തുകണ്ടാല്‍ ഉമ്മന്‍ചാണ്ടിയെയും അറിയാം. ഉണ്ണുനീലിക്ക് സന്ദേശമെഴുതിയ ആളാരെന്ന് ഇന്നേവരെ തിരിച്ചറിഞ്ഞില്ലെങ്കിലും കവിയും നായകനും ഒന്നാണെന്നതില്‍ മിക്കവര്‍ക്കും സംശയമില്ല. ഉണ്ണുനീലിയുമായി കിടക്കപങ്കുവയ്ക്കുന്നതിന്റെ പരമരഹസ്യങ്ങള്‍ ഭര്‍ത്താവിനല്ലാതെ കവിക്ക് അറിയില്ലല്ലോ. അന്ന് ഒളിക്യാമറയും ത്രീജി ഫോണുമൊന്നുമില്ല. അതുകൊണ്ട് കവിയും നായകനും ഒന്ന് എന്നു കരുതുന്നതില്‍ ഒട്ടുമില്ല അന്യായം. ഉമ്മന്‍ചാണ്ടിക്ക് എന്താണ് വേണ്ടതെന്ന് ഉമ്മന്‍ചാണ്ടിക്കുമാത്രമേ അറിയൂ. അത് വേണ്ടതുപോലെ ഒരു വാടകഗുണ്ട ചെയ്യുമ്പോഴും ഒട്ടുമില്ല തര്‍ക്കം-സംഗതി ക്വട്ടേഷന്‍ തന്നെ. ജോര്‍ജ് വെല്ലുവിളിക്കുന്നതുകേട്ടില്ലേ, "ലോകം മൂന്നിലുമുള്ള ജനങ്ങളിലേകന്‍ പോലും നമ്മൊടു നേര്‍ത്താല്‍ ചാകാതേകണ്ടൊരുവന്‍ പോലും പോകുന്നില്ലതു ബോധിച്ചാലും" എന്ന്. വന്ന് യുദ്ധംചെയ്ത് ചത്തുതുലയാനാണ് വെല്ലുവിളി. അത് കോടതിയോട്, പ്രതിപക്ഷത്തോട്, പ്രതിപക്ഷനേതാവിനോട്, കോണ്‍ഗ്രസുകാരോട്, സ്വന്തം പാര്‍ടിക്കാരോട്. എന്നെ പറഞ്ഞാല്‍ ഞാന്‍ പറഞ്ഞു നശിപ്പിച്ചുകളയും എന്നാണ്. ഇപ്പോള്‍ വിജിലന്‍സ് കോടതി ജഡ്ജിയെയാണ് നശിപ്പിച്ചത്. കാട്ടുകോഴിക്ക് ശനിയുമില്ല സംക്രാന്തിയുമില്ല. വാടകഗുണ്ടയ്ക്ക് നേരുമില്ല, നെറിയുമില്ല, മാന്യതയുമില്ല, കോടതിയുമില്ല, ജഡ്ജിയുമില്ല. തുക പറഞ്ഞുറപ്പിച്ചാല്‍പിന്നെ ഒരുപോക്കാണ്.

ആരാണ് പ്രതി? ഗുണ്ടയോ ഗുണ്ടയ്ക്ക് പണംകൊടുത്ത് വിടുന്നയാളോ? കത്തിയോ കത്തിപിടിച്ച കൈയോ? കത്തി എന്തായാലും സ്വന്തം പ്രയത്നത്താലെ അന്യന്റെ നെഞ്ചില്‍ തറച്ചുകയറില്ല. കുത്താന്‍ കൈ വേണം. കൈക്ക് ഒരുടല്‍വേണം. ഉടലില്‍ ഒരു തല വേണം. തലയില്‍ കോതി വയ്ക്കാത്ത മുടി വേണം. വിജിലന്‍സ് ജഡ്ജിയെ കുത്തിയ കത്തി പിടിച്ചത് അങ്ങനെയൊരു കൈ ആണെന്ന് പ്രശ്നവശാല്‍ കാണുന്നു. കത്തിയുടെ വേഷം മാത്രമാണ് ജോര്‍ജിന്. സുതാര്യമുഖ്യന്‍ , സദ്ഗുണസമ്പന്നന്‍ എന്നിങ്ങനെ പല പല വിശേഷണങ്ങളുണ്ട് ഉമ്മന്‍ചാണ്ടിക്ക്. ഒരുമ്മന്‍ചാണ്ടിയും കുറെ ശൂന്യതയുമാണ് മന്ത്രിസഭ എന്ന് യുഡിഎഫിലെ ഒരു നേതാവ് തന്നെ പറഞ്ഞുകേട്ടു. കുറെ ശൂന്യതകള്‍ എന്നാല്‍ വട്ടപ്പൂജ്യങ്ങളെന്നര്‍ഥം. അതായത് മറ്റു മന്ത്രിമാരാകെ പുജ്യന്‍മാരാണെന്ന്. അത് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി വല്ലാതെ പണിപ്പെടുന്നുണ്ട്. വമ്പ്,പൊങ്ങച്ചം വീമ്പ്, സ്വയംപുകഴ്ത്തല്‍ എന്നിങ്ങനെയുള്ള സ്വഭാവവിശേഷങ്ങള്‍ അശേഷമില്ലാത്ത ഉമ്മന്‍ചാണ്ടിക്ക് ആ കുറവു നികത്തിക്കൊടുക്കാന്‍ ഒരു ക്വട്ടേഷന്‍ സംഘമുണ്ടാകുന്നതില്‍ അസ്വാഭാവികതയില്ല. ആ സംഘത്തിന്റെ നായകത്വമാണ് ജോര്‍ജ് ഏറ്റെടുത്തിട്ടുള്ളത്. പലരും പറയുന്നത്, ജോര്‍ജ് കുറ്റക്കാരനാണ് എന്നാണ്. അതായത്, ട്രാന്‍സ്ഫോര്‍മര്‍ കുറ്റം ചെയ്തിട്ടില്ല; അതില്‍നിന്ന് പുറത്തുവരുന്ന കമ്പിക്കാണ് സകലകുറ്റവും എന്ന്. അങ്ങനെയും ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഒരു കളി.

ജഡ്ജിയുടെ വിദ്യാര്‍ഥികാലരാഷ്ട്രീയം നോക്കി വിധിയെ വിലയിരുത്തിയാല്‍ നമ്മുടെ വി ആര്‍ കൃഷ്ണയ്യരുടെ ഏതെങ്കിലും വിധി അംഗീകരിക്കാന്‍ കഴിയുമോ? ഇ എം എസ് മന്ത്രിസഭയില്‍ അംഗമായ ശേഷമാണ് കൃഷ്ണയ്യര്‍ സുപ്രീംകോടതിയിലെ ജഡ്ജിയായത്. ഭൂതകാലമാണ് എല്ലാറ്റിന്റെയും അളവുകോല്‍ എങ്കില്‍ ജോര്‍ജിനെ ഏതുകോലുകൊണ്ടാണളക്കുക? നിയമസഭയില്‍ ഉമ്മന്‍ചാണ്ടിയെ നോക്കി, "അഴിമതിക്കാരാ" എന്നും മാണിസാറിനെ നോക്കാതെ "പാലാഴിക്കള്ളാ" എന്നും വിളിച്ചത് ഇതേ ജോര്‍ജല്ലേ. ഭൂതം വേണ്ട, വര്‍ത്തമാനം മാത്രമെടുത്താലോ-പി ജെ ജോസഫിന് പാടിത്തീര്‍ക്കാനാകുമോ ദേഷ്യം?

ജോര്‍ജിനെ പിടികൂടിയ രോഗമെന്തെന്ന് പെട്ടെന്ന് കണ്ടെത്താന്‍ പ്രയാസമാണ്. സ്വന്തം കഴിവുകേടുകളെപ്പറ്റിയുള്ള അതിബോധമാണ് അപകര്‍ഷബോധമെന്നും ഇതു ഭാഗികമായോ പൂര്‍ണമായോ ഒരുവന്റെ അബോധമനസ്സിലാണ് സ്ഥിതിചെയ്യുന്നതെന്നും അത് പുറത്തുവരുമ്പോള്‍ കാണാന്‍ മഹാ വൃത്തികേടായിരിക്കുമെന്നുമാണ് ജോര്‍ജിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മനഃശാസ്ത്രജ്ഞന്‍ പറഞ്ഞത്. സ്വന്തം കുറവുകളില്‍ അപകര്‍ഷം തോന്നുക സ്വാഭാവികം. സാധാരണ മനുഷ്യര്‍ അത് നിയന്ത്രിച്ച് നിര്‍ത്തും. അസാധാരണ ജന്മങ്ങള്‍ക്ക് നിയന്ത്രണത്തിന്റെ സ്വിച്ച് കൈയിലുണ്ടാകില്ല. അങ്ങനെ ആ ബോധം നിയന്ത്രിക്കാന്‍ കഴിയാതെവരുമ്പോള്‍ അബോധമനസ്സിലെ അപകര്‍ഷബോധമായി മാറുന്നു എന്നാണ് സിദ്ധാന്തം. അങ്ങനെയുള്ളവരാണ്, ഞാന്‍ പത്താളെ കുത്തിമലര്‍ത്തി എന്നും ആരുണ്ടിവിടെ പോരിനു വാടാ എന്നും മറ്റും ഉറക്കെ വിളിച്ചുപറഞ്ഞ് ശബ്ദമലിനീകരണമുണ്ടാക്കുന്നവര്‍ . ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടിതന്നെ പറയും. ഇത്തരം ആണ്ടിമാരാണ് സ്വയം വാടകയ്ക്ക് കൊടുക്കപ്പെടുന്നവര്‍ . എവിടെ ഏത് വൃത്തികേട് മാന്താനും ഇവരുണ്ടാകും. പാപത്തിന്റെ കനി തിന്നാത്ത വല്ലവരുമുണ്ടെങ്കില്‍ (കോടാലി ശ്രീധരന്‍ പൊറുക്കട്ടെ) കല്ലെറിയാം.

*
പണ്ട് ബാലി ജഡ്ജിയെ നാടുകടത്തിയില്ലേ എന്ന് ഒരു ചര്‍ച്ചാവിദഗ്ധന്‍ ആറ്റിക്കുറുക്കി ചോദിച്ചുകേട്ടു. അത് ലാവ്ലിന്‍ കേസിന്റെ പേരിലായിരുന്നില്ലേ എന്നും ഒരു കുത്തുചോദ്യം. ബാലി ജഡ്ജി സ്വാശ്രയ കേസില്‍ മാനേജ്മെന്റുകള്‍ക്കനുകൂലമായി വിധി പറയുകയും മാനേജ്മെന്‍റിന്റെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തപ്പോള്‍ , അക്കാര്യം തെളിവുസഹിതം ഉന്നയിച്ച് വിദ്യാര്‍ഥികള്‍ പ്രചാരണം നടത്തിയിരുന്നു. അതില്‍ ഭീഷണിയുണ്ടായിരുന്നില്ല-വന്ന വിധി ഏകപക്ഷീയമാണ്; ജഡ്ജി വിധിയുടെ ഗുണഭോക്താക്കളില്‍നിന്ന് സ്വീകരണമേറ്റുവാങ്ങി എന്നാണ് അന്ന് ആ സ്വീകരണത്തിന്റെ ചിത്രങ്ങളുള്‍പ്പെടെ തെളിവായി ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ പറഞ്ഞത്. അതും ലാവ്ലിന്‍ കേസുമായി ബന്ധമില്ല. എന്നിട്ടും തട്ടിപ്പുചര്‍ച്ച നടത്തുന്നത്, കവലച്ചട്ടമ്പിമാര്‍ക്ക് കോടതിയെ കണ്ണുരുട്ടിക്കാട്ടാനും തെറിവിളിക്കാനും സൗകര്യം ചെയ്തുകൊടുക്കല്‍ തന്നെ.

പാമൊലിന്‍ കേസില്‍നിന്ന് ജഡ്ജി പിന്മാറിയപ്പോള്‍ ജോര്‍ജ് പ്രതികരിച്ചത്, അത് കുറ്റബോധം കൊണ്ട് എന്നത്രെ. ജോര്‍ജിന് ഇല്ലാത്ത ഒരു സാധനമാണത്. ബോധമുണ്ടെങ്കിലേ കുറ്റം ചെയ്യുന്നതായി തോന്നുകയുള്ളൂ.

ഇത്തരം ബോധമില്ലാത്തവരെ കാവലിനുനിര്‍ത്തി ഭരിക്കുന്നതുകൊണ്ടാകണം, ലീഗിന്റെ അഞ്ചാംമന്ത്രിസ്ഥാനം എന്തായി എന്ന ബോധവും ആര്‍ക്കും ഇല്ല. ഭരണം വന്ന് നുറുദിവസം കഴിഞ്ഞു. അന്ന് കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചതാണ്-ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലീഗിന് വേണോ? "വേണ്ട". ചീഫ് വിപ്പ് പദവി തരട്ടേ? "വേണ്ടേ വേണ്ട". കേന്ദ്രത്തില്‍ അഹമ്മദ് സാഹിബ്ബിന് വല്യമന്ത്രിസ്ഥാനമായാലോ? "കൊന്നാലും കൊടുക്കരുതേ". അങ്ങനെ റാഹത്തായ കുഞ്ഞാലിക്കുട്ടി പാണക്കാട്ടുനിന്ന് തങ്ങളെ വണ്ടിയില്‍ കയറ്റി തിരുവനന്തപുരത്തുകൊണ്ടുവന്ന് പ്രഖ്യാപിപ്പിച്ചു, എട്ടണയ്ക്കൊരു കത്തി വാങ്ങി കുത്തിനേടും മന്ത്രിസ്ഥാനം എന്ന്. കത്തിയുമില്ല മന്ത്രിസ്ഥാനവുമില്ല. കുഞ്ഞാലിക്കുട്ടി മിണ്ടുന്നില്ല; തങ്ങള്‍ പിന്നെ പാണക്കാട്ടുനിന്ന് പുറപ്പെട്ടതുമില്ല. മഞ്ഞളാംകുഴിയുടെ ദുഃഖം മാത്രം എന്നിട്ടും ബാക്കി.

അല്ലെങ്കിലും കഥകളൊക്കെ ഇങ്ങനെയാണ്. സുപ്രീംകോടതി വിധിച്ചാലും ഹൈക്കോടതി വിധിച്ചാലും സംഗതി നടക്കില്ല. അതിന് നാട്ടിലെ മുന്‍സിഫ് തന്നെ കനിയേണ്ടിവരും. ഇനി അഥവാ അങ്ങനെ കനിയാന്‍ തീരുമാനിച്ചാല്‍ അത് നിരോധനാജ്ഞ പ്രഖ്യാപിച്ച് തടുത്തുകളയും. എം എന്‍ ഗോവിന്ദന്‍നായര്‍ പണ്ട് മന്ത്രിസ്ഥാനം ത്യജിച്ച കഥ ഓര്‍ക്കുന്ന തൃശൂരിലെ വിപ്ലവകാരി, അന്ന് പാര്‍ടിസ്ഥാനത്തുനിന്ന് എമ്മെന്‍ രാജിവച്ചിരുന്നോ എന്ന് ഓര്‍ക്കാത്തതുപോലെയാണ്, മുന്‍സിഫിന്റെ സ്റ്റേയാണ് സുപ്രീംകോടതി വിധിയെക്കാള്‍ വലുത് എന്ന തൊടുന്യായം.

എങ്ങനെ വന്നാലും ലാഭം ഭൂമികൈയേറ്റക്കാരനുതന്നെ. കൃഷ്ണഗിരിയില്‍ ഇനിയും വിരിയട്ടെ ഇത്തരം കൂട്ടുകെട്ടുകളുടെ സിന്ദൂരപ്പൂക്കള്‍ . ഇതൊക്കെ സമര്‍ഥമായി മറച്ചുവയ്ക്കുന്നവര്‍ക്കും കൊടുക്കണം ഒരു വജ്രസൂചി അവാര്‍ഡ്.

1 comment:

ശതമന്യു said...

പണ്ട് ബാലി ജഡ്ജിയെ നാടുകടത്തിയില്ലേ എന്ന് ഒരു ചര്‍ച്ചാവിദഗ്ധന്‍ ആറ്റിക്കുറുക്കി ചോദിച്ചുകേട്ടു. അത് ലാവ്ലിന്‍ കേസിന്റെ പേരിലായിരുന്നില്ലേ എന്നും ഒരു കുത്തുചോദ്യം. ബാലി ജഡ്ജി സ്വാശ്രയ കേസില്‍ മാനേജ്മെന്റുകള്‍ക്കനുകൂലമായി വിധി പറയുകയും മാനേജ്മെന്‍റിന്റെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തപ്പോള്‍ , അക്കാര്യം തെളിവുസഹിതം ഉന്നയിച്ച് വിദ്യാര്‍ഥികള്‍ പ്രചാരണം നടത്തിയിരുന്നു. അതില്‍ ഭീഷണിയുണ്ടായിരുന്നില്ല-വന്ന വിധി ഏകപക്ഷീയമാണ്; ജഡ്ജി വിധിയുടെ ഗുണഭോക്താക്കളില്‍നിന്ന് സ്വീകരണമേറ്റുവാങ്ങി എന്നാണ് അന്ന് ആ സ്വീകരണത്തിന്റെ ചിത്രങ്ങളുള്‍പ്പെടെ തെളിവായി ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ പറഞ്ഞത്. അതും ലാവ്ലിന്‍ കേസുമായി ബന്ധമില്ല. എന്നിട്ടും തട്ടിപ്പുചര്‍ച്ച നടത്തുന്നത്, കവലച്ചട്ടമ്പിമാര്‍ക്ക് കോടതിയെ കണ്ണുരുട്ടിക്കാട്ടാനും തെറിവിളിക്കാനും സൗകര്യം ചെയ്തുകൊടുക്കല്‍ തന്നെ.