Sunday, September 11, 2011

അമേരിക്കന്‍ വിജ്ഞാനം

വോട്ടിന് കോഴ എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മവരിക തെരഞ്ഞെടുപ്പുകാലത്ത് നമ്മുടെ മുല്ലപ്പള്ളിക്ക് വന്ന പെട്ടിയെക്കുറിച്ചാണ്. ഹൈക്കമാന്‍ഡില്‍നിന്ന് വന്ന പെട്ടികളില്‍ ഒന്ന് കാക്ക കൊത്തിക്കൊണ്ടുപോയിട്ടും പുള്ളിക്കാരന് ഒരീച്ച കുത്തിയ വേദനയില്ല. പെട്ടിയോടെ പോയത് ഇരുപത്തഞ്ച് ലക്ഷമാണ്. നാട്ടിലെ വോട്ടര്‍മാര്‍ക്ക് കൊടുക്കാനുള്ള പണം. തെരഞ്ഞെടുപ്പില്‍ ജയിച്ച് മുല്ലപ്പള്ളി മന്ത്രിയായി. വെറും മന്ത്രിയല്ല-കേന്ദ്രത്തിന്റെ പൊലീസ് മന്ത്രി. പോയ പണത്തെക്കുറിച്ച് അന്വേഷണവുമില്ല; മിണ്ടാട്ടവുമില്ല. അല്ലെങ്കിലും കേന്ദ്രത്തിലെ സഹമന്ത്രിമാര്‍ക്ക് അങ്ങനെയുള്ള പണിയൊന്നും വിധിച്ചിട്ടില്ല. സ്വന്തം സംസ്ഥാനത്ത് പോയി ഗ്രൂപ്പ് കളിക്കുക, വിടുവായത്തം വിളമ്പുക, മണ്ഡലത്തില്‍ വിവാഹ-ജനന-മരണാദി ചടങ്ങുകളില്‍ ഓടിക്കയറിച്ചെന്ന് താണുകുനിഞ്ഞ് നമസ്കാരം പറയുക എന്നീ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചാല്‍ നല്ല സഹമന്ത്രിയായി. തന്നെ പിടിച്ച് മന്ത്രിയാക്കിയ ത്യാഗിവര്യനെ ഇടയ്ക്കിടെ പുകഴ്ത്തുക കൂടിചെയ്താല്‍ കസേര ഉറച്ചുകിട്ടും. മുല്ലപ്പള്ളിയെപ്പോലുള്ള സാദാ സഹമന്ത്രിമാര്‍ സാദാ വോട്ടര്‍മാര്‍ക്ക് കൊടുക്കുന്ന "വോട്ടിന് കോഴ" എന്ന ഏര്‍പ്പാടേ കേരളീയര്‍ അടുത്തുകണ്ടിട്ടുള്ളൂ.
ഡല്‍ഹിയിലെ കഥ വേറെയാണ്. വോട്ടര്‍മാര്‍ക്ക് കൊടുക്കുന്ന മുക്കാല്‍ചക്രമല്ല വോട്ടര്‍മാര്‍ തെരഞ്ഞെടുത്ത് ഡല്‍ഹിക്കുവിടുന്ന എംപിമാര്‍ക്ക് കൊടുക്കുന്ന കാലുമാറ്റക്കൂലി. മന്‍മോഹന്‍സിങ്ങിന്റെ ആദ്യത്തെ മന്ത്രിസഭയ്ക്ക് ഇടതുപക്ഷത്തിന്റെ പിന്തുണ പോയപ്പോള്‍ രചിക്കപ്പെട്ട കഥയാണ് ഇപ്പോഴും ബോക്സ് ഓഫീസ് തകര്‍ത്താടുന്ന "വോട്ടിന് കോഴ" അഥവാ "അമര്‍സിങ് ചിത്രകഥ". അന്ന് കോഴപ്പണവുംകൊണ്ട് ചാക്കില്‍കയറ്റാന്‍ നടന്നവരില്‍ അമര്‍സിങ് മാത്രമല്ല ചേര്‍ത്തലയുടെ രോമാഞ്ചവും ഉണ്ടായിരുന്നു. വടക്കുനിന്നൊരു കുട്ടി ചാക്കില്‍ ഒരുകാല്‍ വച്ചതാണ്. കോടിക്ക് കോടി; സീറ്റിന് സീറ്റ്-ഇതായിരുന്നു കരാര്‍ . രണ്ടാമത്തെ കാല്‍ വയ്ക്കാന്‍ നോക്കുമ്പോള്‍ കുട്ടിക്ക് ഒരു ഉള്‍ഭയം. നല്ല തല്ലോ കോടിയുടെ ചാക്കോ വലുത്? അന്ന് തല്ലുഭയന്ന് പിന്മാറിയെങ്കിലും പിന്നെ സുധാകരേട്ടന്റെ ചാക്കില്‍ കയറാനും പണ്ട് ഉടുമുണ്ടഴിച്ച് തല്ലിയവരുടെ കൂടെയിരുന്ന് ബിരിയാണി ബെയ്ക്കാനും കുട്ടിക്ക് മടിയുണ്ടായില്ല.

കോടികളുടെ കളികൊണ്ടാണ് മന്‍മോഹന്റെ തലയില്‍നിന്ന് അന്ന് തൊപ്പി പോകാതിരുന്നത്. അത് കൊടുക്കാന്‍ ചുമതലപ്പെട്ടവരില്‍ ഒരുവന്‍ -അതാണ് അമര്‍സിങ്ങിന്റെ സ്ഥാനം. അമര്‍സിങ് കൊടുത്ത പണക്കെട്ടാണ് ബിജെപിക്കാര്‍ ലോക്സഭയില്‍ എറിഞ്ഞുകളിച്ചത്. അത് ചില കൊച്ചുകെട്ടുകള്‍ മാത്രം. വലിയ കെട്ടുകള്‍ കൊടുത്തവരും വാങ്ങിയവരും അതിന്റെ ഗുണം അനുഭവിച്ചവരും വേറെയുണ്ട്. അതില്‍ മന്‍മോഹന്‍സിങ്ങുണ്ട്; നമ്മുടെ പുണ്യപ്രതാപഗുണവാന്‍ ആദര്‍ശാന്റണിയുണ്ട്. എന്നിട്ടും അമര്‍സിങ് ജയിലിലും മന്‍മോഹന്‍ കസേരയിലും. ഒരുകേസില്‍ എങ്ങനെ രണ്ടു നീതി നടപ്പാകും? എന്തിനായിരുന്നു; ആര്‍ക്കുവേണ്ടിയായിരുന്നു കോഴ എന്നും പണം എവിടെനിന്നു വന്നു എന്നും സിബിഐ അന്വേഷിക്കേണ്ടതല്ലേ? അതല്ല ഇവിടത്തെ വിജിലന്‍സ് ഡയറക്ടറെപ്പോലെ വാലുംചുരുട്ടി യജമാനനെ സേവിക്കുന്നവര്‍ മാത്രമേ അവിടെയുള്ളൂ എന്നാണോ?

എന്തായാലും അമര്‍സിങ്, പി സി ജോര്‍ജ് തുടങ്ങിയ ദുര്‍മന്ത്രവാദികള്‍ ഉള്ളിടത്തോളം തസ്കരവീരന്മാര്‍ക്ക് നല്ല കാലം. വാടകയ്ക്ക് എന്തൊക്കെ കിട്ടും എന്ന് ഇതുകണ്ട് പഠിക്കണം. ജോര്‍ജ് പലകേസിനും പണം മുടക്കുന്നയാളാണ്. ആ പണം ഏതു റബ്ബറുവെട്ടിയിട്ടാണ് കിട്ടുന്നത് എന്നെങ്കിലും ഈ കേസുകളുടെ വിചാരണവേളയില്‍ പറയുമായിരിക്കും. അമര്‍സിങ്ങിനെ ഒരുവട്ടം പിടിച്ചെങ്കില്‍ പലവട്ടം പിടിക്കപ്പെടേണ്ട ചരക്കുകളെ ഇവിടെ പല പദവികളിലും ഇരുത്തിയിട്ടുണ്ട് എന്നത് കേരളത്തിന് അഭിമാനിക്കാനുള്ള വകതന്നെ.

*
അപ്പുക്കുട്ടന്‍ കുറെ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കണ്ടില്ല, കേട്ടില്ല എന്ന് കരുതി വിട്ടുകളയാവുന്നതേയുള്ളൂ. തന്നെ പുറത്താക്കിയ പാര്‍ടി തകര്‍ന്നുകാണുക എന്നത് അപ്പുക്കുട്ടന്റെയെന്നല്ല ആയിനത്തില്‍പെടുന്ന ഏതു മോഹഭംഗക്കാരന്റെയും മൗലികാവകാശമാണെന്നതില്‍ തര്‍ക്കമില്ല; അത് പുതിയ അറിവുമല്ല. ഏറ്റവുമൊടുവില്‍ അപ്പുക്കുട്ടന്‍ വന്നത്, സായ്പന്‍മാരുടെ ലീക്കുമായിട്ടാണ്.

"എതെങ്കിലും പാര്‍ടിയെയോ രാഷ്ട്രീയനേതാക്കളെയോ പ്രത്യേകം ലക്ഷ്യംവച്ചല്ല കേരളത്തിലെ കാര്യങ്ങളിലെ അമേരിക്കന്‍ ഇടപെടല്‍ വിക്കിലീക്സ് പുറത്തുവിടുന്നത്, മാധ്യമങ്ങള്‍ സ്വന്തം താല്‍പ്പര്യത്തിനനുസരിച്ച് പലതും തമസ്കരിക്കുന്നു, ചില പരാമര്‍ശങ്ങളോ ഭാഗങ്ങളോ മുഴുപ്പിച്ചു കാണിക്കുന്നു" എന്നാണ് അപ്പുക്കുട്ടന്റെ പരിഭവം. ഇതുപറയുന്ന അപ്പുക്കുട്ടന്റെ പേനയില്‍നിന്ന് നിര്‍ഗളിക്കുന്നതോ മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ ശരീരത്തിലേക്ക് കുത്തിക്കയറ്റാനുള്ള പാഷാണവും. ഇതാണ് ശതമന്യുവിന് അപ്പുക്കുട്ടനോടുള്ള വിരോധം.

പാഷാണം പ്രയോഗിക്കുമ്പോള്‍ അത് മാര്‍ക്സിസ്റ്റ് പാര്‍ടിയെ പോഷിപ്പിക്കാനുള്ള ച്യവനപ്രാശമാണ് എന്നേ അപ്പുക്കുട്ടന്‍ പറയൂ. അമേരിക്കക്കാര്‍ കേരളത്തില്‍ വന്ന് കണ്ടതും കേട്ടതും അറിഞ്ഞതുമായ എല്ലാ കാര്യങ്ങളും എഴുതി അയച്ചിട്ടുണ്ട്. അങ്ങനെ അയച്ചതാണ് വിക്കിലീക്സ് ലീക്ക് ചെയ്തത്. മാര്‍ക്സിസ്റ്റുകാരായ കുറെപ്പേരെ കണ്ടു. അവരെല്ലാം പറഞ്ഞത് ഒരേ കാര്യങ്ങളാണ്. അച്ചടിച്ചുവച്ച പാര്‍ടിനയം മാത്രം. ഒരു നേതാവുപോലും അതിനപ്പുറം ഒന്നും പറഞ്ഞില്ല. ഒരിക്കലും പുറത്തുവരില്ല എന്നുകരുതുന്ന ചര്‍ച്ചയില്‍പോലും പാര്‍ടി നയത്തില്‍നിന്ന് അണുകിട വ്യതിചലിക്കാന്‍ ഒരു നേതാവും തയ്യാറായില്ല എന്നതിലെ നന്മയും നിശ്ചയദാര്‍ഢ്യവും അപ്പുക്കുട്ടന്റെ കണ്ണില്‍ പെട്ടതേയില്ല. പാര്‍ടിക്കകത്തിരുന്നുകൊണ്ട് പാര്‍ടിയെ തകര്‍ക്കാനുള്ള വാറോല ചമച്ച കേസില്‍ പിടിക്കപ്പെട്ടയാള്‍ക്ക് അത്തരം കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ത്രാണിയുമുണ്ടാകില്ല.

ചിലരുടെ പേരിനുപിന്നില്‍ അമേരിക്കക്കാര്‍ പ്രൊട്ടക്ട് എന്നെഴുതിയത്, അവര്‍ക്ക് സംരക്ഷണം കൊടുക്കാനാണ് എന്നത്രെ അപ്പുക്കുട്ടന്റെ അമേരിക്കന്‍ വിജ്ഞാനം. പറഞ്ഞ കാര്യങ്ങള്‍ പരസ്യപ്പെടുത്തേണ്ടതല്ല എന്ന അര്‍ഥത്തിലാണ് "പ്രൊട്ടക്ട്" എന്ന് എഴുതുന്നതെന്ന് വിക്കിവന്ന രേഖകള്‍ വായിക്കുന്ന സാമാന്യവിവരക്കാര്‍ക്ക് മനസ്സിലാകും. അപ്പുക്കുട്ടന്റെ വിവരം അതിന്റെയും മേലെയായതുകൊണ്ട് അത്തരമൊരറിവ് ഉണ്ടാകണമെന്നില്ല. എന്തായാലും നല്ല നിറഞ്ഞുനില്‍ക്കുന്ന അകിടില്‍ അപ്പുക്കുട്ടന്‍ കുത്തിക്കയറ്റുന്നത് ചോര ഊറ്റിയെടുക്കാനുള്ള കുഴലാണ്.

തോമസ് ഐസക്കിനെക്കുറിച്ച് "നവ ഉദാരീകരണക്കാരന്‍" എന്ന് അമേരിക്ക വിശേഷിപ്പിച്ചു എന്നും അപ്പുക്കുട്ടന്‍ എഴുതുന്നു. യഥാര്‍ഥത്തില്‍ ഐസക്കിനെ അങ്ങനെ അപ്പുക്കുട്ടനെപ്പോലുള്ളവര്‍ വിശേഷിപ്പിക്കുന്നു എന്നതാണ് രേഖയില്‍ കാണുന്നത്. അഞ്ചുകൊല്ലം ഭരിച്ച് ഐസക് എന്ത് ഉദാരീകരണമാണ് നടപ്പാക്കിയത് എന്നും അപ്പുക്കുട്ടന്‍ പറയേണ്ടതാണ്. ക്ഷേമപദ്ധതികള്‍ റെക്കോഡ് മികവോടെ നടപ്പാക്കിയതോ ദുര്‍ബലവിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തിയതോ ഖജനാവ് കാലിയാകാതെ സൂക്ഷിച്ചതോ-ഏതാണ് ഉദാരീകരണം?

"ഗള്‍ഫില്‍നിന്നുവരുന്ന പണം സിമിയും മുജാഹിദീനുമടക്കമുള്ള ഭീകരസംഘടനകള്‍ക്ക് എത്തുന്നു. ധനാഢ്യരായ ഗള്‍ഫ് അറബികളില്‍നിന്നാണ് പണം വരുന്നത്" എന്ന് ഐസക് പറഞ്ഞതിനെ മന്ത്രിസഭയിലോ പാര്‍ടിയിലോ പറയാത്ത കാര്യത്തിന്റെ വെളിപ്പെടുത്തലായാണ് അപ്പുക്കുട്ടന്‍ വ്യാഖ്യാനിക്കുന്നത്. നാട്ടില്‍ ആകമാനം ചര്‍ച്ചചെയ്യപ്പെടുകയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടായി പുറത്തുവരികയും വിവിധ ഏജന്‍സികള്‍ സ്ഥിരീകരിക്കുകയും മാതൃഭൂമിയടക്കമുള്ള പത്രങ്ങള്‍ സ്വന്തം കണ്ടെത്തലായി പലതവണ പറയുകയും ചെയ്ത ഒരു കാര്യം ഐസക്കിന്റെ വെളിപ്പെടുത്തലാക്കുന്ന ദുഷ്ടബുദ്ധിക്കുകൊടുക്കണം മുഴുവന്‍ മാര്‍ക്ക്. അതാണ് അപ്പുക്കുട്ടന്‍ . പച്ചക്കള്ളവും പറയും-പാര്‍ടിക്കെതിരെയെങ്കില്‍ . ഞാഞ്ഞൂലിന്റെ ഗ്രഹണകാലവും അപ്പുക്കുട്ടന്റെ സമ്മേളനകാലവും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. നാറാത്ത് ഗ്രാമത്തിന് ഒരു ഭാഗ്യമെങ്കില്‍ വള്ളിക്കുന്ന് ഗ്രാമത്തിന് മറ്റൊരു ഭാഗ്യം. കെ സുധാകരന്‍ ഈ മുത്തിനെ ഏറ്റെടുക്കാത്തതെന്ത് എന്നേ ഇനി നോക്കാനുള്ളൂ.

*

തൊട്ടാല്‍ തൊടുന്നവന് പലതും പറ്റും എന്ന് പറയാറുണ്ട്. നമ്മുടെ ബ. കു. ന യെക്കുറിച്ചാണോ ആ ചൊല്ല് എന്ന് ശതമന്യുവിന് സംശയം. കെ സുധാകരന്‍ ഒന്ന് തൊട്ടുനോക്കിയപ്പോള്‍ ഉണ്ടായ പുകിലുകണ്ടില്ലേ. പഞ്ചപുച്ഛമടക്കി ഒതുങ്ങിക്കൂടിയിരുന്ന ഗാന്ധിയന്‍ പടയാളി രാമകൃഷ്ണന്‍ ഇതാ കൊടുങ്ങല്ലൂരിലെ ഭരണിക്ക് കോമരം പോകുന്നതുപോലെ ഉറഞ്ഞുതുള്ളി നില്‍പ്പാണ്. ഡിസിസി പ്രസിഡന്റായി പടയാളി തുടര്‍ന്നാല്‍ എംപിസ്ഥാനം രാജിവയ്ക്കുമെന്നുവരെ സുധാകരന്‍ പറഞ്ഞുനോക്കി. "അയ്യോ അച്ഛാ പോകല്ലേ" എന്ന കോറസ് ഉയരേണ്ടതാണ്. പക്ഷേ, "തോന്നുമ്പോള്‍ രാജിവയ്ക്കാന്‍ എംപിസ്ഥാനം കെ സുധാകരനു കിട്ടിയ സ്ത്രീധനമോ തറവാട്ടുസ്വത്തോ ആണോ" എന്നാണ് രാമകൃഷ്ണന്‍ ചോദിച്ചുകളഞ്ഞത്.

ഇനിയിപ്പോള്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും രണ്ടിലൊന്ന് തീരുമാനിക്കാം. ഗുണ്ടാരാഷ്ട്രീയം പാര്‍ടിക്കകത്ത് വച്ചുപൊറുപ്പിക്കില്ല എന്ന രാമകൃഷ്ണന്റെ പ്രഖ്യാപനം നടപ്പാക്കാന്‍ അദ്ദേഹത്തെ പുറത്താക്കണോ രാമകൃഷ്ണനുമായുള്ള അടുത്ത കൂടിക്കാഴ്ച ആശുപത്രിയിലാകണോ എന്ന് അവര്‍തന്നെ തീരുമാനിക്കട്ടെ. എന്തായാലും ബ. കു. നയുടെ കൂട്ട് കനത്തതോടെ സുധാകരന്‍ വാര്‍ത്തകളില്‍ത്തന്നെയുണ്ട്.

1 comment:

ശതമന്യു said...

കോടികളുടെ കളികൊണ്ടാണ് മന്‍മോഹന്റെ തലയില്‍നിന്ന് അന്ന് തൊപ്പി പോകാതിരുന്നത്. അത് കൊടുക്കാന്‍ ചുമതലപ്പെട്ടവരില്‍ ഒരുവന്‍ -അതാണ് അമര്‍സിങ്ങിന്റെ സ്ഥാനം. അമര്‍സിങ് കൊടുത്ത പണക്കെട്ടാണ് ബിജെപിക്കാര്‍ ലോക്സഭയില്‍ എറിഞ്ഞുകളിച്ചത്. അത് ചില കൊച്ചുകെട്ടുകള്‍ മാത്രം. വലിയ കെട്ടുകള്‍ കൊടുത്തവരും വാങ്ങിയവരും അതിന്റെ ഗുണം അനുഭവിച്ചവരും വേറെയുണ്ട്. അതില്‍ മന്‍മോഹന്‍സിങ്ങുണ്ട്; നമ്മുടെ പുണ്യപ്രതാപഗുണവാന്‍ ആദര്‍ശാന്റണിയുണ്ട്. എന്നിട്ടും അമര്‍സിങ് ജയിലിലും മന്‍മോഹന്‍ കസേരയിലും. ഒരുകേസില്‍ എങ്ങനെ രണ്ടു നീതി നടപ്പാകും? എന്തിനായിരുന്നു; ആര്‍ക്കുവേണ്ടിയായിരുന്നു കോഴ എന്നും പണം എവിടെനിന്നു വന്നു എന്നും സിബിഐ അന്വേഷിക്കേണ്ടതല്ലേ? അതല്ല ഇവിടത്തെ വിജിലന്‍സ് ഡയറക്ടറെപ്പോലെ വാലുംചുരുട്ടി യജമാനനെ സേവിക്കുന്നവര്‍ മാത്രമേ അവിടെയുള്ളൂ എന്നാണോ?