Sunday, July 17, 2011

പോക്കറ്റടിക്കാര്‍ സൂക്ഷിക്കട്ടെ

പോക്കറ്റടിക്കാരും പിടിച്ചുപറിക്കാരും പേടിക്കണം. നമ്മുടെ ലീഗ് നേതാക്കളുടെ മുന്നിലൊന്നും ചെന്നു പെട്ടുപോകരുത്. അഥവാ പെട്ടാല്‍ അപ്പോള്‍തന്നെ പിടിച്ച് ഏതെങ്കിലും സര്‍വകലാശാലയുടെ വൈസ്ചാന്‍സലറാക്കിക്കളയും. അഴീക്കോട് മാഷ് പറഞ്ഞത് വെറുതെയല്ല. അദ്ദേഹത്തിന് ലീഗിനെ ശരിക്ക് മനസിലായിട്ടില്ല. തൊട്ടുനോക്കി മനസിലാക്കാന്‍ ശ്രമിച്ചാല്‍ ചിലര്‍ക്ക് അത് തൂണ് പോലെയും ചിലര്‍ക്ക് മുറംപോലെയും വേറെ ചിലര്‍ക്ക് ചൂലു പോലെയും ഇനിയും ചിലര്‍ക്ക് ഏണിപോലെയും തോന്നും. വിദ്യാഭ്യാസമെന്നല്ല ഏതു വകുപ്പും ലീഗ് ഭരിച്ചാല്‍ ഭരും. പാതിമുറിച്ച വകുപ്പുകൊണ്ട് മുനീര്‍ തൃപ്തിപ്പെട്ടു. ഇനി അത്തരമൊന്നു തന്നെ വേണം അഞ്ചാം മന്ത്രിക്കും.

മാണിസാര്‍ പറഞ്ഞുകഴിഞ്ഞു-ലീഗിന് അതു കൊടുക്കുന്നതില്‍ എള്ളോളമില്ല എതിര്‍പ്പെന്ന്. കുഞ്ഞാലിക്കുട്ടി ആദ്യം ചെന്ന് സമ്മതിച്ചത്, അഞ്ചാം മന്ത്രി വേണമെന്നില്ല കൊടുത്തുകൊള്ളൂ ചീഫ് വിപ്പ് സ്ഥാനം മാണിസാറിന് എന്നാണ്. അക്കാര്യം പാണക്കാട്ടുവരെ പോയി തങ്ങളെ നേരിട്ടു ബോധ്യപ്പെടുത്തിയാല്‍മതി എന്നും ശട്ടംകെട്ടി. അതിനനുസരിച്ച് ഉമ്മന്‍ചാണ്ടി വേഷം കെട്ടി. അഹമ്മദ് സാഹിബിനെ കുപ്പായമിടീച്ചതും ആ കുപ്പായം അഴിപ്പിച്ചതും കുഞ്ഞാലിക്കുട്ടിതന്നെ. ഇനിയിപ്പോള്‍ മാണിസാറിന്റെ ഊഴമായി. ഇപ്പോള്‍ എല്ലാം ഇങ്ങനെയാണ്. രണ്ടു കാലിലും മന്തുള്ളവര്‍ക്ക് ഒറ്റക്കാല്‍മന്തനെ മന്താ എന്നു നീട്ടി വിളിക്കാന്‍ അവകാശമുണ്ട്. മന്തന്‍മാരുടെ പരസ്പര സഹായ സംഘവും നിലവിലുണ്ട്. ലീഗിനെ ആപത്തുകാലത്ത് സഹായിക്കേണ്ട ചുമതല മാണിക്കുതന്നെ. വി ഡി സതീശനെയും ടി എന്‍ പ്രതാപനെയും തേറമ്പിലിനെയും ചേരിചേരാ മുരളിയെയും ഇരുത്തിക്കൊണ്ടുതന്നെ മഞ്ഞളാംകുഴി അലിക്ക് അഞ്ചാംമന്ത്രിയാകണം. ഉമ്മന്‍ചാണ്ടിക്ക് ഭരിക്കണമെങ്കില്‍ മാണി എന്ന ഊന്നുവടിയും കുഞ്ഞാലിക്കുട്ടി എന്ന താങ്ങുംതന്നെ വേണം. മടങ്ങും-നട്ടെല്ല് എത്രയും.

കോണ്‍ഗ്രസുകാര്‍ കര്‍ക്കടകക്കഞ്ഞി കുടിക്കട്ടെ. ലീഗിന്റെ അഹന്തയാണ് അഹന്ത. ഒരുഭാഗത്ത് ഉമ്മന്‍ചാണ്ടിയെ "ക്ഷ" വരപ്പിക്കും. ചെന്നിത്തലയെ മിണ്ടാപ്രാണിയാക്കും. അതുംപോരാഞ്ഞ് വഴിപോക്കരെ വിളിച്ച് വൈസ് ചാന്‍സലര്‍ സ്ഥാനത്തിരുത്തും. കോഴിക്കോട്ടെ ലീഗ്ഹൗസില്‍ ബിരിയാണിവച്ചിരുന്ന പണ്ഡിതന്‍ ഇന്ന് ഏതു സ്ഥാനത്താണിരിക്കുന്നതെന്ന് മുനീറിനോട് സ്വകാര്യം ചോദിച്ചാല്‍ പറഞ്ഞുതരും. കോഴിക്കോട് സര്‍വകലാശാലയുടെ വിസിയായി ഒരു സ്കൂള്‍ മാഷ് വന്നാല്‍ എന്താണ് കുഴപ്പം? വേങ്ങരയില്‍ കിട്ടിയ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക് ഉമ്മന്‍ചാണ്ടിയെ ഭരിക്കാനുള്ളതാണ്. വാപ്പാന്റെ സ്കൂളില്‍ മാഷായതും പിഎസ്സി അംഗമായതും പേരിനുമുന്നില്‍ ഡോക്ടര്‍ എന്നുവയ്ക്കാനുള്ള അവകാശം നേടിയതുംതന്നെ മുന്തിയ യോഗ്യത. ആ പേര് ഉമ്മന്‍ചാണ്ടിക്ക് വെട്ടാനുമാകില്ല; ഗവര്‍ണര്‍ക്ക് തള്ളാനുമാകില്ല. എന്ത് യുജിസി; ഏത് മാനദണ്ഡം. ദണ്ഡിക്കേണ്ടത് യുഡിഎഫിനെ വിശ്വസിച്ചുപോയ അക്ഷരാഭ്യാസമുള്ള പണ്ഡിതന്‍മാരാണ്. വഴിപോക്കരെ ആകെ പരിഗണിച്ചശേഷം അവര്‍ക്ക് ഇലയിടുന്നതാണ്. ഇനി അതിനുമുമ്പ് വേണമെന്നുണ്ടെങ്കില്‍ ആദ്യം പോയി പൂഞ്ഞാറിലെ സ്പെഷ്യല്‍ സ്കൂളില്‍ പഠിക്കണം. പാരവയ്പ്, പാലംവലി, ചെളിയില്‍വീഴ്ത്തല്‍ , കാറിത്തുപ്പല്‍ , ഭീഷണി, ബ്ലാക്ക്മെയില്‍ തുടങ്ങിയ സുകുമാരകലകള്‍ അവിടെ പഠിപ്പിക്കും. അതില്‍ ഡോക്ടറേറ്റെടുത്താല്‍ ചുരുങ്ങിയത് ചീഫ് വിപ്പെങ്കിലും ആകാം. ആയാല്‍ ദിനംപ്രതി പത്രസമ്മേളനം നടത്താം. ഭൂമിയിലെ ഏതുകാര്യത്തെക്കുറിച്ചും അഭിപ്രായവും പ്രസ്താവനയും ഫ്രീ ആണ്. ഒരയല മുറിച്ചാല്‍ എത്ര കഷണം കിട്ടും എന്നുമാത്രം ചോദിക്കരുത്. ഉത്തരം താങ്ങാനാവില്ല. ചീഫ് വിപ്പിന് സാംസ്കാരിക വകുപ്പുംകൂടി ലഭിക്കുന്ന മധുരമനോജ്ഞ കാലത്തെക്കുറിച്ച് നമുക്കാലോചിക്കാം.

തൊടുപുഴയില്‍ കര്‍ക്കടകം വരുംമുമ്പുതന്നെ മലവെള്ളം കയറിയ മട്ടാണ്. വളരെ വൈകിയാണെങ്കിലും പി ജെ ജോസഫിന്റെ പാട്ട് പലരും അവിടെ കേട്ടുതുടങ്ങി. പുതിയ വിവാദം മാധ്യമങ്ങള്‍ വാര്‍ത്തക്കെടുത്തു. ഒരു&ലരശൃര; ദിവസം മുഴുവന്‍ മിക്ക ചാനലിലും പി സി ജോര്‍ജിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന വാര്‍ത്തയും ചര്‍ച്ചയും വന്നു. പക്ഷേ, എങ്ങും ആവേശമില്ല. ചര്‍ച്ച കത്തിക്കയറ്റാന്‍ എഡിറ്റര്‍മാര്‍ക്ക് ധൈര്യംപോരാ. പുത്തന്‍ചാനലിലെ ചര്‍ച്ചയില്‍ ചില ചോദ്യങ്ങള്‍ തൊണ്ടയില്‍ കുരുങ്ങിക്കിടന്നു. ഒരു വെടിയുണ്ട വിവാദം ഒരു മാസം ചര്‍ച്ചിച്ച സെലിബ്രിറ്റിക്ക് തൊണ്ടയില്‍ കിച്കിച്. തിരുവനന്തപുരത്തു നിന്ന് പോകുമ്പോള്‍ പിണറായിയുടെ കൈയില്‍ വെടിയുണ്ട ഇല്ല; ആരെങ്കിലും ചെന്നൈയില്‍ വച്ച് കൈമാറിയതാണോ അത് എന്നുവരെ അന്ന് ചോദിച്ചതാണ്. ഇന്ന് എസ്എംഎസില്‍ എന്താണുള്ളത് എന്ന ചോദ്യമില്ല; പി സി ജോര്‍ജും പി ജെ ജോസഫും തമ്മിലെന്താണ് ശത്രുത എന്ന അന്വേഷണമില്ല; തൊപ്പിയിട്ട വിദൂഷകനെക്കുറിച്ച് ആവലാതി തീരെയില്ല.

സംഭവം വളരെ സിമ്പിളാണ്. ഒരു സ്ത്രീക്ക് കുറെ ബ്ലാങ്ക് എസ്എംഎസ് വന്നു എന്ന് പറഞ്ഞ് അവര്‍ കോടതിയില്‍ കേസ് കൊടുത്തു. 24ന് മന്ത്രിയാകാന്‍ പോകുന്ന പി ജെ ജോസഫിനെതിരെ 21ന് പൊട്ടിച്ച കേസ് ബോംബ്! പരാതിക്കാരിക്ക് കൂട്ടുനിന്നത് വലിയ വലിയ കേസുകള്‍ നടത്തി പ്രസിദ്ധനായ അഴിമതിവിരുദ്ധ പോരാട്ട വീരനായകന്‍ ക്രൈം നന്ദകുമാര്‍ . ജോസഫിന് മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കില്‍ പകരം മന്ത്രിയായി ക്രൈം നന്ദകുമാറിനെ മാണിസാര്‍ നിശ്ചയിക്കില്ല-എംഎല്‍എ അല്ലല്ലോ. ജോസഫ് മാറിയാല്‍ ജോര്‍ജ് വരും. അതിനാണ് പണ്ടുള്ളവര്‍ ഭീമ-കീചക ന്യായം എന്നു പറഞ്ഞത്. ക്രൈംകുമാറും ജോര്‍ജും തമ്മിലെ ബന്ധം അറിയാത്ത മാധ്യമപ്രവര്‍ത്തകരില്ല. എന്നിട്ടും ആരും അത് പറയുന്നില്ല. ഒരു മന്ത്രിയും ചീഫ് വിപ്പും ഉള്‍പ്പെട്ട കേസ് കേസായി അവര്‍ക്ക് തോന്നിയില്ല. അനന്തരം പരാതിക്കാരി കാലുമാറി. ഭര്‍ത്താവെന്ന് പരാതിയില്‍ പറഞ്ഞ ആള്‍ ഒരുകൊല്ലമായി തന്നെ പീഡിപ്പിക്കുന്ന കശ്മലനാണെന്ന് അവര്‍ സങ്കടം പറഞ്ഞു. ആ കശ്മലന്‍ ഒരു കശ്മലിയെയും കൂട്ടി നാടുവിട്ടപ്പോള്‍ ഇനിയെനിക്കാരുണ്ട് എന്ന വിലാപം കോടതിയിലെത്തി. ആ കേസില്‍ കശ്മലന്‍ അകത്തായപ്പോഴാണ് ചാക്കിലെ പൂച്ച തല പുറത്തിട്ടത്. ജോര്‍ജും നന്ദകുമാറുമാണ് കളി കളിപ്പിച്ചതെന്ന് കശ്മലവാക്യം. സാധാരണ നിലയില്‍ അതുമതി. മാന്യതയും മര്യാദയുമുള്ള പാര്‍ടിയാണെങ്കില്‍ ചതിക്കുത്തരം മുറിപ്പത്തലായി അപ്പോള്‍ കിട്ടും. ഇവിടെ ചതിയന്‍മാര്‍ പിന്നെയും മുക്രയിടുകയാണ്. മാധ്യമത്തമ്പുരാക്കന്മാര്‍ അരയില്‍ മുണ്ടുംകെട്ടി ഓച്ഛാനിച്ച് നില്‍ക്കുന്നു. നന്ദകുമാര്‍ -ജോര്‍ജ് ബന്ധം മിണ്ടിപ്പോയാല്‍ വാതപ്പനി വരുമല്ലോ. ഇവര്‍ക്ക് പേടി ജോര്‍ജിനെയോ അതോ ജോര്‍ജിനെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നവര്‍ "അനുഭവിക്കും" എന്ന ക്രൈംകുമാറിന്റെ ഭീഷണിയെയോ? പേടിച്ച് വിറച്ചോ നമ്മുടെ സെലിബ്രിറ്റി അവതാരങ്ങള്‍ ?

*
ഒരുകണക്കിന് പേടിക്കേണ്ടതുതന്നെ. ആക്രമിക്കാന്‍ പ്രത്യേക കാരണമൊന്നും വേണ്ട. വി എസിനെയും അദ്ദേഹത്തോടടുപ്പമുള്ളവരെയും ആക്രമിക്കുന്നത് യുഡിഎഫിന്റെ പുതിയ പതിവായിട്ടുണ്ട്. എന്തേ വി എസിന്റെ മക്കള്‍ക്ക് തങ്ങളുടെ വിദ്യാഭ്യാസ നിലവാരത്തിനനുസരിച്ചുള്ള സ്ഥാനങ്ങളില്‍ എത്തിക്കൂടേ? അര്‍ഹമായ പ്രതിഫലം പറ്റിക്കൂടേ? ഭരണം യുഡിഎഫിന്റെ കൈയിലാണല്ലോ. അന്വേഷണത്തെ ആരും ഭയപ്പെടുന്നുമില്ല. പിന്നെന്തിന് ഈ അപവാദ പ്രചാരണം? എന്തും പറയാമെന്നു വരുന്നത് മഹാമോശം. വി എസിന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ പി സി ജോര്‍ജ് ഇറക്കിയ പ്രസ്താവന മോശാല്‍ മോശതരം. അഡി. പ്രൈവറ്റ് സെക്രട്ടറിയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് സഹായത്തിനും പഠനസാധ്യത നോക്കാനുമായി പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയെ അവളുടെ രക്ഷിതാക്കള്‍ കൊണ്ടുവിട്ടു. കൊണ്ടുവിട്ടയാള്‍ പോയതിന് പിന്നാലെ ആരോടും പറയാതെ അവളും പെട്ടിയുമായി ഇറങ്ങി. റെയില്‍വേസ്റ്റേഷനില്‍ ഒരു ചെറുപ്പക്കാരനോട് തീവണ്ടിസമയം ചോദിച്ചു; പരിചയപ്പെട്ടു; അടുത്തു; കന്യാകുമാരിയിലേക്ക് പോയി. അങ്ങനെ രണ്ടുമൂന്നു ദിവസം കഴിഞ്ഞആ പെണ്‍കുട്ടി പിന്നീട് പിടിയിലായി; ചെറുപ്പക്കാരനെയും പിടിച്ചു; റിമാന്‍ഡ് ചെയ്തു. ഇതിലൊന്നും അഡി. പ്രൈവറ്റ് സെക്രട്ടറിയുടെ കുറ്റം വരുന്നില്ല. അദ്ദേഹമാണ് പെണ്‍കുട്ടി പോയതിനെക്കുറിച്ച് മ്യൂസിയം പൊലീസില്‍ പരാതി കൊടുത്തതുതന്നെ. പി സി ജോര്‍ജിന് പക്ഷേ അഡി. പ്രൈവറ്റ് സെക്രട്ടറിയെ കുടുക്കണം. കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജോര്‍ജ് വക പരാതി ചെല്ലുന്നു; അത് വാര്‍ത്തയാകുന്നു. പ്രശ്നം ബാലവേലയാണത്രേ. പതിനാലു വയസ്സില്‍ തഴെയുള്ള കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കരുത് എന്നാണ് ഇന്നാട്ടിലെ നിയമം. അതാണ് ഭരണ ഘടനയിലുള്ളത്. ജോര്‍ജ് ഇന്നാട്ടുകാരനല്ലേ ആവോ. സ്വന്തം സഹപ്രവര്‍ത്തകനായ പി ജെ ജോസഫിനെ കുടുക്കാന്‍ നടത്തിയ കഥകള്‍ കേട്ടപ്പോള്‍ , ഇതൊന്നും കഥയേ അല്ല. ഇതിനെ പുര കത്തുമ്പോഴുള്ള വാഴവെട്ടല്‍ എന്നും വിളിക്കും. വിഷമസന്ധിയില്‍ പെടുന്നയാളെ പിന്നില്‍നിന്ന് കുത്തിവീഴ്ത്താനുള്ള ഈ മാനസികാവസ്ഥയ്ക്ക് മരുന്നില്ല. ജോര്‍ജ് അങ്ങനെയൊക്കെയാണ്. ഇപ്പോള്‍ ഏതുവിധേനയും ഒരുകേസ് തട്ടിക്കൂട്ടാന്‍ പൊലീസില്‍ സമ്മര്‍ദിച്ചുകൊണ്ടിരിക്കയാണത്രെ. ഇതെന്തൊരു ലോകം? യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഈ ഔന്നത്യം നമ്മെ കോള്‍മയിര്‍ കൊള്ളിക്കട്ടെ.

2 comments:

ശതമന്യു said...

പോക്കറ്റടിക്കാരും പിടിച്ചുപറിക്കാരും പേടിക്കണം. നമ്മുടെ ലീഗ് നേതാക്കളുടെ മുന്നിലൊന്നും ചെന്നു പെട്ടുപോകരുത്. അഥവാ പെട്ടാല്‍ അപ്പോള്‍തന്നെ പിടിച്ച് ഏതെങ്കിലും സര്‍വകലാശാലയുടെ വൈസ്ചാന്‍സലറാക്കിക്കളയും. അഴീക്കോട് മാഷ് പറഞ്ഞത് വെറുതെയല്ല. അദ്ദേഹത്തിന് ലീഗിനെ ശരിക്ക് മനസിലായിട്ടില്ല. തൊട്ടുനോക്കി മനസിലാക്കാന്‍ ശ്രമിച്ചാല്‍ ചിലര്‍ക്ക് അത് തൂണ് പോലെയും ചിലര്‍ക്ക് മുറംപോലെയും വേറെ ചിലര്‍ക്ക് ചൂലു പോലെയും ഇനിയും ചിലര്‍ക്ക് ഏണിപോലെയും തോന്നും. വിദ്യാഭ്യാസമെന്നല്ല ഏതു വകുപ്പും ലീഗ് ഭരിച്ചാല്‍ ഭരും. പാതിമുറിച്ച വകുപ്പുകൊണ്ട് മുനീര്‍ തൃപ്തിപ്പെട്ടു. ഇനി അത്തരമൊന്നു തന്നെ വേണം അഞ്ചാം മന്ത്രിക്കും.

ലുങ്കി മലയാളി said...

ലീഗിനെ കുറ്റം പറഞ്ഞ നിങ്ങള്‍ ഒരു ഹിന്ദു തീവ്രവാദിയോ ക്രിസ്ത്യന്‍ തീവ്രവാദിയോ ആണെന്ന് മനസ്സിലായി..
മേലാളന്മാരുടെ അമ്മായിയുടെ അടിപ്പാവാടാ കഴുകി ജീവിക്കുന്ന പാവം രാഷ്ട്രീയക്കാരെ കുറ്റം പറയുന്ന നിങ്ങള്‍ ചിന്തിക്കാന്‍ കഴിയുന്ന തല ഉള്ളവന്‍ ആണെന്നും മനസ്സിലായി..
വി.എസ്സിനെ അനുകൂലിച്ചു എഴുതിയത് കൊണ്ട് നിങ്ങള്‍ ഒരു കമ്മുനിസ്റ്റ്‌ അല്ലെന്നും മനസ്സിലായി..
ഉള്ളത് പറഞ്ഞാല്‍ ഇങ്ങനെ ഒക്കെ കേള്‍ക്കേണ്ടി വരും..
പ്രൊഫൈല്‍ പേരും താങ്കളുടെ നിലപാടുകളും ശരിക്കും ചേരും..