Sunday, July 3, 2011

ഗാന്ധിക്ക് മാറാം; ബാറിന് മാറാന്‍ പറ്റുമോ?

എക്സൈസ് മന്ത്രിയുടെ നാട്ടില്‍ ഗാന്ധിപ്രതിമയ്ക്കടുത്തുതന്നെ ബാര്‍ വേണമെന്ന് ചില ചങ്ങാതിമാര്‍ക്ക് നിര്‍ബന്ധം. ഗാന്ധിജി "റാം, റാം" എന്ന് പറഞ്ഞുകൊണ്ടിരുന്നതല്ലേ-നമുക്ക് "റം, റം" എന്നു പറയാനുള്ള സ്വാതന്ത്ര്യമില്ലേ എന്നാണ് ചോദ്യം. അങ്ങനെ ഗാന്ധി സ്ക്വയര്‍ ജങ്ഷനില്‍ പെഗ്, പൈന്റ്, ബ്രാണ്ടി, റം തുടങ്ങിയ പദങ്ങള്‍ ഉയര്‍ന്നുകേള്‍ക്കാനുള്ള മഹത്തായ അവസരമൊരുങ്ങി. വലിയ കെട്ടിടം ഉയര്‍ന്നു. ഇതു ശരിയല്ല എന്നും ഗാന്ധിജിക്കുമുന്നില്‍ മദ്യവില്‍പ്പന വേണ്ടെന്നുമായി ഖദറിനുള്ളില്‍ ഗാന്ധിജിയെ കൊണ്ടുനടക്കുന്ന ചിലര്‍ . പരാതി മന്ത്രിക്കുമുന്നിലെത്തി. ഹെന്ത്, അത്രയ്ക്ക് ധിക്കാരമോ എങ്കില്‍ ഗാന്ധിപ്രതിമ തൊട്ടടുത്ത ജങ്ഷനിലേക്ക് മാറ്റാമെന്ന് മന്ത്രി. വല്ല ഗതാഗതക്കുരുക്കിന്റെയോ മറ്റോ കാരണം പറഞ്ഞ് ഗാന്ധിയുടെ വെങ്കലപ്രതിമ അടുത്ത ജങ്ഷനിലേക്ക് പോകട്ടെ എന്ന് കല്‍പ്പനയിറങ്ങി.
ബിവറേജ് ഷോപ്പുമാത്രമല്ല; ഗാന്ധിപ്രതിമകൂടി മാറ്റി മദ്യവില്‍പ്പന മര്യാദയുള്ളതാക്കിത്തീര്‍ക്കാന്‍ മന്ത്രി കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. അടിവസ്ത്രത്തില്‍ സരസ്വതീ ദേവിയുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത് വയ്ക്കുന്ന കാലമാണ്. ഇനി ഗാന്ധിജിയുടെ പേരില്‍ ബിവ്റേജസ് കോര്‍പറേഷന്റെ പുതിയ ബ്രാന്‍ഡ് എക്സൈസ് മന്ത്രി പുറത്തിറക്കുന്ന കാഴ്ചകൂടി ഉണ്ടായാല്‍ മതി-മോഹന്‍ ദാസ് കരംചന്ദിന് തൃപ്തിയാകും. ആരാണ് ഈ മോഹന്‍ദാസെന്ന് മനസിലാക്കാന്‍ എക്സൈസ് മന്ത്രി വേറെ പണിയെടുക്കട്ടെ. ഗാന്ധി സ്ക്വയറിന് ബാര്‍സ്ക്വയര്‍ എന്ന പേരുകൂടിയിട്ടാല്‍ ബഹുകേമമാകും. ഗാന്ധിപ്രതിമ പറിച്ചുമാറ്റി കള്ളുകച്ചവടക്കാരെ സേവിക്കുന്നതുമാത്രമല്ല യുഡിഎഫിന്റെ വിശേഷം.

അഞ്ചാം മന്ത്രിസ്ഥാനത്തിനുവേണ്ടി മുസ്ലിം ലീഗ് യാചിക്കില്ല എന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. യാചിക്കേണ്ടതില്ല-കരഞ്ഞു കാലുപിടിച്ചാല്‍ മതി. ഒരു സുപ്രഭാതത്തില്‍ വിപ്ലവം ലീഗിന്‍കുഴലിലൂടെ എന്നു കരുതി ഏണികയറിയെത്തിയ മഞ്ഞളാംകുഴി അലിക്കുവേണ്ടി കരഞ്ഞാലും കാലുപിടിച്ചാലും നഷ്ടമില്ല. ലാഭം ചെറുതൊന്നുമല്ല. അബ്ദുറബ്ബിനെ മാറ്റി അലിയെ വിദ്യാഭ്യാസമന്ത്രിയാക്കിയാലും ഇരുപത്തൊന്നാം മന്ത്രിയായി അലിയെ വാഴിച്ച് ഉന്നതവിദ്യാഭ്യാസം തീറെഴുതിക്കൊടുത്താലും ആരും അത്ഭുതപ്പെട്ട് "എന്റെ റബ്ബേ" എന്നു വിളിക്കില്ല. പണത്തിനുമുകളില്‍ ഒരു പരുന്തും ലീഗില്‍ ഇന്നുവരെ പറന്നിട്ടില്ല. ദയാലു അമ്മാളിന് അറുനൂറു കോടി പെട്ടിയിലാക്കി കൊണ്ടുകൊടുത്താണ് മാരന്‍ ദയാനിധിയായി കേന്ദ്രമന്ത്രിസ്ഥാനം നേടിയത്. ഇവിടെ അത്രയൊന്നും വരില്ല. ഇനി എത്രവരെ വന്നു എന്ന് അളക്കാന്‍ നീര റാഡിയ ടേപ്പോ റൗഫിന്റെ ചാരക്യാമറയോ ഇല്ല. എല്ലാം കുട്ടിയും ചാണ്ടിയും തമ്മിലുള്ള കളിയാണ്. ചെന്നിത്തലയുടെ കുബുദ്ധിയൊന്നും വിലപ്പോകാത്തിടത്തേക്ക് ചാണ്ടി വളര്‍ന്നുകഴിഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ ഇഷ്ടം എന്താണ്-ഇരുപത്തൊന്നാം മന്ത്രിയോ അഹമ്മദ് സാഹിബിനെ ഇരുത്താനുള്ള സ്വതന്ത്ര പദവിയോ-അതാണ് നടക്കുക. തല്‍ക്കാലം ഇവിടത്തെ സ്വാതന്ത്ര്യത്തിന് അഹമ്മദ് സാഹിബിനെ അവിടെ തളയ്ക്കണം.

അതുകഴിഞ്ഞ് അലിയുമായുള്ള കണക്ക് തീര്‍ക്കണം. രണ്ടും നടത്തിയെടുക്കുമ്പോഴേ ചെന്നിത്തലയ്ക്ക് കാര്യം മനസിലാകൂ. അപ്പോഴേക്കും മണ്ണും ചാരിനിന്നവന്റെ മണിയറയിലേക്ക് പെണ്ണ് വലതുകാല്‍വച്ച് കയറിയിട്ടുണ്ടാകും. എംഎല്‍എ സ്ഥാനവും കെപിസിസി അധ്യക്ഷസ്ഥാനവും ഒന്നിച്ചു വഹിക്കാമോ എന്ന ചര്‍ച്ചയാകും അന്ന് നടക്കുക. അധികാരം എല്ലാറ്റിനും ഒറ്റമൂലിയാണ്. മന്ത്രിയായും മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായുമൊക്കെയേ കോണ്‍ഗ്രസില്‍ വിലസാന്‍ കഴിയൂ. പണ്ടത്തെ മന്ത്രിപദമാണ് ചെന്നിത്തലയുടെ ഇന്നത്തെ ആസ്തി. തലയെടുപ്പുണ്ടായിരുന്ന മുരളീധരനെ കണ്ടില്ലേ-വട്ടിയൂര്‍ക്കാവ് എംഎല്‍എ. ബസ് ഷെല്‍ട്ടര്‍ ഉദ്ഘാടനത്തിന് അധ്യക്ഷനായി പോകാം. പ്ലസ് ടു പ്രവേശനത്തിന് സ്കൂളുകളിലേക്ക് ശുപാര്‍ശക്കത്തുകൊടുക്കാം.തലയെടുപ്പുതിരിച്ചുകിട്ടണമെങ്കല്‍ മന്ത്രിയാകണം. അത് നിഷ്ഠുരമായി വെട്ടിക്കളഞ്ഞു. മുരളീധരന്റെ പെട്ടി അന്തസ്സോടെ ചുമന്നുനടന്നയാള്‍ ബഹുമാന്യ മന്ത്രിമഹോദയനായപ്പോള്‍ പാവം മുരളീധരന്‍ സാദാ എംഎല്‍എ-വെറും അധ്യക്ഷന്‍ . ചെന്നിത്തലയെ കാത്തിരിക്കുന്നതും ആ പദവിതന്നെ. അത് മറ്റാരേക്കാളും ലീഗുകാര്‍ക്കറിയാം. അതുകൊണ്ട് കുഞ്ഞാലിക്കുട്ടിയുടെ മൊബൈല്‍ ഫോണില്‍ ഇപ്പോള്‍ ചെന്നിത്തലയുടെ നമ്പര്‍ ഇല്ലത്രെ. കോണ്‍ഗ്രസിനെ ലീഗ് ഹൈജാക്ക് ചെയ്തിരിക്കുന്നു.

ഉമ്മന്‍ചാണ്ടി ചെന്നിത്തലയെയും. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ചില്ലറ ബഹളമെങ്കിലും വയ്ക്കാമായിരുന്നു. ഇനി ചെന്നിത്തലയ്ക്ക് എന്താണ് വില? ഗവര്‍ണറുടെ തട്ടുപൊളിപ്പന്‍ പ്രസംഗത്തിന് നന്ദിപ്രമേയം അവതരിപ്പിക്കാന്‍ അവസരം കിട്ടിയതുതന്നെ വലിയ കാര്യം. മറ്റെന്തെങ്കിലും നടക്കണമെങ്കില്‍ പിഎയെയും കൂട്ടി ശിവകുമാറിന്റെ ഓഫീസില്‍ പോകണം. മന്ത്രി കനിഞ്ഞാല്‍ ഭാഗ്യം. ഭരണം എങ്ങനെയായാലെന്താ-മനോരമ കാത്തുരക്ഷിച്ചുകൊള്ളും. ലീഗിന്റെ ഇരുപതു സീറ്റും മലയാള മനോരമയുടെ രക്ഷാകര്‍തൃത്വവുമുണ്ടെങ്കില്‍ മള്ളൂര്‍ രാമന്‍നായര്‍ക്ക് വക്കാലത്തുകൊടുത്തതുപോലെയാണ്. ഏതു കൊലപാതകക്കേസില്‍നിന്നും ഊരിപ്പോരാം. അതുകൊണ്ട് ഏതൊക്കെ ഇടപാടുകളില്‍ കൈയിടാം എന്ന ഗവേഷണത്തിലാണ് ഉമ്മന്‍ചാണ്ടി സംഘം. അല്‍പ്പമാസം മുമ്പ് വൈദ്യുതി ബോര്‍ഡ് ഒരു കൊറിയന്‍ കമ്പനിക്ക് പ്രസരണ-വിതരണ നവീകരണ കരാര്‍ നല്‍കാന്‍ തീരുമാനിച്ചു. കേട്ടപാടെ ഉമ്മന്‍ചാണ്ടി ചാടിവീണ് "അഴിമതി, അക്രമം" എന്ന് നിലവിളിച്ചു. എല്ലാ നടപടി ക്രമങ്ങളും പാലിച്ച് നല്‍കാനുറപ്പിച്ച കരാറിനെക്കുറിച്ച് ആക്ഷേപപ്പെരുമഴ. അന്നത്തെ മന്ത്രി എ കെ ബാലന്‍ കുരിശില്‍ കയറാന്‍ നിന്നില്ല-ആക്ഷേപമുണ്ടെങ്കില്‍ വീണ്ടും ടെന്‍ഡര്‍ വിളിച്ചോളൂ എന്നായി അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാര്‍ അങ്ങനെ തീരുമാനവുമെടുത്തു. കേന്ദ്രം അംഗീകരിച്ച അന്നത്തെ കരാര്‍ കുഴപ്പമാണെന്നു വരുത്താന്‍ ശ്രമിച്ചവര്‍തന്നെ ഇപ്പോള്‍ റീടെന്‍ഡര്‍ തീരുമാനം റദ്ദാക്കാന്‍ നടക്കുന്നു. അത് അവര്‍ ഹൈക്കോടതിയില്‍ പറഞ്ഞുകഴിഞ്ഞു.

അഴിമതിയാരോപിച്ച് നാറ്റിച്ച് പറഞ്ഞയച്ച അതേ കൊറിയന്‍ കമ്പനിക്ക് യുഡിഎഫ് സര്‍ക്കാരിന്റെ സ്വാഗതം. താലപ്പൊലിയേന്താന്‍ ഉമ്മന്‍ചാണ്ടി ചെല്ലണം. അഴിമതിവിരുദ്ധ ഹസാരെമാര്‍ക്ക് ഇങ്ങനെ ചില അബദ്ധങ്ങളും പറ്റും.

*
പിടി മുറുക്കുന്നു; പടിയിറങ്ങുന്നു എന്നൊക്കെയുള്ള തലക്കെട്ടുകള്‍ വന്നുതുടങ്ങി. സെപ്തംബറില്‍ പാര്‍ടി സമ്മേളനം തുടങ്ങുകയായി. ഇനി ഇത്തരം വാര്‍ത്തകള്‍ കണ്ട് കൊതി തീര്‍ക്കാം. പാര്‍ടിയിലെ ഒരാള്‍ കുറ്റംചെയ്യുന്നു-അത് പരാതിയായി കിട്ടുന്നു. അപ്പോള്‍തന്നെ പരമാവധി ശിക്ഷ വിധിക്കാന്‍ ഇതെന്ത് രാജഭരണമോ? അന്വേഷണം നടക്കും; പരാതിക്കാര്‍ക്കും കുറ്റാരോപിതനും പറയാനുള്ളത് കേള്‍ക്കും. ഉചിതമായ ശിക്ഷ തീരുമാനിക്കും. അതിനു മുമ്പ് കുറ്റാരോപിതനെ ചുമതലകളില്‍നിന്ന് മാറ്റി നിര്‍ത്തുകയുംചെയ്യും. ഇതൊന്നും ഏതെങ്കിലും മാധ്യമത്തിന്റെ ഉപദേശം കേട്ടല്ല സംഭവിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ഉറപ്പായും സംഭവിക്കുന്നതാണ്. ഒരു മാധ്യമ വാര്‍ത്തയുടെയും അടിസ്ഥാനത്തിലല്ല ഇതുവരെ നടപടികളുണ്ടായത്. കോണ്‍ഗ്രസിലോ മറ്റ് ബൂര്‍ഷ്വാ പാര്‍ടികളിലോ നടക്കുന്ന കാര്യവുമല്ല ഇത്. അന്വേഷണം കൂടാതെ നടപടി പ്രഖ്യാപിക്കാത്തതിലാണ് ഇപ്പോള്‍ ചിലര്‍ക്ക് കുണ്ഠിതം. മറ്റുചിലര്‍ക്കാവട്ടെ കേട്ടപ്പോള്‍തന്നെ തല വെട്ടിക്കളയാത്തതിലും. എല്ലാ കാര്യവും എല്ലായ്പോഴും വിളിച്ചുപറയാന്‍ കഴിഞ്ഞു എന്ന് വരില്ല. അങ്ങനെ പറയുന്നത് ഔചിത്യവുമല്ല. ചില സംഘടനാ നടപടികള്‍ സംഘടനാപരമായ നടപടിക്രമം പൂര്‍ത്തീകരിച്ചേ പുറത്തുപറയാനാകൂ. എന്തു കാര്യമാണോ പുറത്തുപറയാന്‍ പരിമിതി ഉള്ളത്-അതില്‍ത്തന്നെ കയറി പിടിത്തമിടുന്നതില്‍ ചില മാധ്യമങ്ങള്‍ക്ക് വലിയ മിടുക്ക് തന്നെ.

സിപിഐ എമ്മിനെ ആക്രമിക്കാന്‍ ഇങ്ങനെ ഏതു വൃത്തികെട്ട വടിയും ഉപയോഗിക്കാം-എന്നാല്‍ , അത് തങ്ങളുടെ സാമര്‍ഥ്യമാണെന്ന നാട്യമാണ് സഹിക്കാന്‍ പറ്റാത്തത്. ജര്‍മന്‍ ബാങ്കില്‍ കള്ളപ്പണം കൊണ്ടിട്ട അരുണ്‍ മാമ്മന്റെ പേര് മനോരമയില്‍ വരില്ല; ശ്രേയാംസ് കുമാറിന്റെയും പിതാവിന്റെയും ഭൂമിതട്ടിപ്പുകള്‍ മാതൃഭൂമിയില്‍ കാണില്ല. സിപിഐ എമ്മില്‍ നടക്കാത്ത ചര്‍ച്ചയും എടുക്കാത്ത തീരുമാനവും അവര്‍ക്ക് പ്രധാനവാര്‍ത്തയാകും. എന്തായാലും മാര്‍ക്സിസ്റ്റുകാരെ ഇതൊന്നും ബാധിക്കില്ല-തെറ്റ് ആര്‍ക്കും പറ്റും. അത് കണ്ടെത്തി മാതൃകാപരമായി നടപടിയെടുക്കാന്‍ കെല്‍പ്പുള്ള പാര്‍ടി തങ്ങളുടേതാണെന്ന് ഉറപ്പ് മനസ്സിലുണ്ടെങ്കില്‍ മാധ്യമ പ്രചാരണം അതിന്റെ വഴിക്ക് പോട്ടെ എന്ന് പാര്‍ടി പ്രവര്‍ത്തകര്‍ കരുതും. സദാചാരരാഹിത്യം മാര്‍ക്സിസ്റ്റുകാര്‍ പൊറുക്കില്ല-കോണ്‍ഗ്രസുകാര്‍ സദാചാരം അഴിച്ച് തലയില്‍കെട്ടി നൃത്തം വയ്ക്കും.

*
മറ്റ് നാല് തൂണുകളെപ്പോലെയല്ല-അഞ്ചാം തൂണുകാര്‍ മനുഷ്യസ്നേഹികളും മര്യാദാ പുരുഷോത്തമന്‍മാരുമാണ്. തസ്നി ബാനു എന്ന യുവതിയെക്കുറിച്ച് എഴുതുകയും തിരുത്തുകയുംചെയ്ത അഞ്ചാം എസ്റ്റേറ്റ് നായകന്‍ ബി ആര്‍ പി ഭാസ്കര്‍ പൊലീസിനെക്കുറിച്ച് വീര്യം ഒട്ടും ചോരാതെ ഇങ്ങനെ വന്ദ്യവയോകഥനം നടത്തുന്നു:"ലാത്തിയുടെ ഗുണനിലവാരം കുറയുകയാണോ? സമരക്കാരുടെ ശാരീരികശേഷി കൂടുകയാണോ? എന്തായാലും ജനമൈത്രി പൊലീസിന് ഒടിയുന്ന ലാത്തിമതി." പൊലീസ് വിദ്യാര്‍ഥികളെ തലങ്ങും വിലങ്ങും തല്ലി തലപൊട്ടിക്കുന്നത് കണ്ട് വന്ദ്യവയോധികന്റെ സൈബര്‍ പ്രതികരണമാണിത്.

ആയകാലത്ത് മനസ്സില്‍ എത്ര വിഷം ഉണ്ടായിരിക്കുമെന്ന് ഓര്‍ക്കാന്‍തന്നെ വയ്യ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബി ആര്‍ പി സമരക്കാര്‍ക്കൊപ്പമായിരുന്നു. പ്രഭാതസവാരിക്കാരനെ കാരണമില്ലാതെ വെട്ടിക്കൊന്നവരെ പിടിക്കാന്‍ പൊലീസ് പോയപ്പോള്‍ ആ സിംഹം ഗര്‍ജിച്ചിരുന്നു. സമരമുണ്ടോ സഹായിക്കാം എന്ന് ആക്രിക്കച്ചവടക്കാരെപ്പോലെ വിളിച്ചുകൂവി നടന്നിരുന്നു. അഞ്ചാം എസ്റ്റേറ്റിന്റെ അഭിപ്രായവും അഞ്ചുകൊല്ലം കൂടുമ്പോള്‍ മാറേണ്ടതാണല്ലോ. അഞ്ചാം എസ്റ്റേറ്റിലും വരാനിരിക്കുന്ന ആറാം എസ്റ്റേറ്റിലും സജീവമായ മറ്റൊരു നായകനുണ്ട്. തസ്നി ബാനുവനെ രക്ഷിക്കാനെന്ന വ്യാജേന ചെന്ന് കുളം കലക്കിയത് ടിയാനും സഹോദരിയുമായിരുന്നുവെന്ന് ഇന്ന് നാട്ടില്‍ പാട്ടാണ്. ഇപ്പോള്‍ പുള്ളിക്കാരനെ കാണാനില്ല. ചാനല്‍ ചര്‍ച്ചകളില്‍ ആ താടി തെളിയുന്നില്ല. തന്നെ തസ്നിക്കേസില്‍ ആരും ചര്‍ച്ചയ്ക്കുവിളിക്കുന്നില്ല എന്നത്രെ സന്ദേശവാഹകര്‍ മുഖേന പുറത്തെത്തിക്കുന്ന ആത്മഗതം. ആന പതിവിലധികം പിണ്ടമിട്ടാല്‍ നടക്കുന്ന ചര്‍ച്ചകളില്‍പോലും തെളിയുന്ന താടിയാണ്. ആരാണിപ്പോള്‍ നുണപറയുന്നത്? തസ്നിയോ നീലക്കുറുക്കനോ അതോ ചാനലുകാരോ? എന്തിന്, തസ്നി എന്ന പേര് കേള്‍ക്കുമ്പോള്‍ കുറുക്കന്‍ മാളത്തിലൊളിക്കുന്നു? ഇതിന് കേസുകൊടുക്കാന്‍ ഏതെങ്കിലും വക്കീലന്‍മാരെ കിട്ടുമായിരിക്കും.

1 comment:

ശതമന്യു said...

പിടി മുറുക്കുന്നു; പടിയിറങ്ങുന്നു എന്നൊക്കെയുള്ള തലക്കെട്ടുകള്‍ വന്നുതുടങ്ങി. സെപ്തംബറില്‍ പാര്‍ടി സമ്മേളനം തുടങ്ങുകയായി. ഇനി ഇത്തരം വാര്‍ത്തകള്‍ കണ്ട് കൊതി തീര്‍ക്കാം. പാര്‍ടിയിലെ ഒരാള്‍ കുറ്റംചെയ്യുന്നു-അത് പരാതിയായി കിട്ടുന്നു. അപ്പോള്‍തന്നെ പരമാവധി ശിക്ഷ വിധിക്കാന്‍ ഇതെന്ത് രാജഭരണമോ? അന്വേഷണം നടക്കും; പരാതിക്കാര്‍ക്കും കുറ്റാരോപിതനും പറയാനുള്ളത് കേള്‍ക്കും. ഉചിതമായ ശിക്ഷ തീരുമാനിക്കും. അതിനു മുമ്പ് കുറ്റാരോപിതനെ ചുമതലകളില്‍നിന്ന് മാറ്റി നിര്‍ത്തുകയുംചെയ്യും. ഇതൊന്നും ഏതെങ്കിലും മാധ്യമത്തിന്റെ ഉപദേശം കേട്ടല്ല സംഭവിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ഉറപ്പായും സംഭവിക്കുന്നതാണ്. ഒരു മാധ്യമ വാര്‍ത്തയുടെയും അടിസ്ഥാനത്തിലല്ല ഇതുവരെ നടപടികളുണ്ടായത്. കോണ്‍ഗ്രസിലോ മറ്റ് ബൂര്‍ഷ്വാ പാര്‍ടികളിലോ നടക്കുന്ന കാര്യവുമല്ല ഇത്. അന്വേഷണം കൂടാതെ നടപടി പ്രഖ്യാപിക്കാത്തതിലാണ് ഇപ്പോള്‍ ചിലര്‍ക്ക് കുണ്ഠിതം. മറ്റുചിലര്‍ക്കാവട്ടെ കേട്ടപ്പോള്‍തന്നെ തല വെട്ടിക്കളയാത്തതിലും. എല്ലാ കാര്യവും എല്ലായ്പോഴും വിളിച്ചുപറയാന്‍ കഴിഞ്ഞു എന്ന് വരില്ല. അങ്ങനെ പറയുന്നത് ഔചിത്യവുമല്ല. ചില സംഘടനാ നടപടികള്‍ സംഘടനാപരമായ നടപടിക്രമം പൂര്‍ത്തീകരിച്ചേ പുറത്തുപറയാനാകൂ. എന്തു കാര്യമാണോ പുറത്തുപറയാന്‍ പരിമിതി ഉള്ളത്-അതില്‍ത്തന്നെ കയറി പിടിത്തമിടുന്നതില്‍ ചില മാധ്യമങ്ങള്‍ക്ക് വലിയ മിടുക്ക് തന്നെ.