Sunday, May 22, 2011

കൊലച്ചതി അഥവാ ട്രപ്പീസ്

ചതിയന്മാരുടെ നേതാവേ ധീരതയോടെ നയിച്ചോളൂ എന്നാണ് യുഡിഎഫിന്റെ പുതിയ മുദ്രാവാക്യം. കൊലച്ചതികളുടെ ഘോഷയാത്രയാണ്. ഉമ്മന്‍ചാണ്ടി ചെന്നിത്തലയോട്, ലീഗ് മാണിയോട്, മാണി ജോര്‍ജിനോട്, ജോര്‍ജ് ജോസഫിനോട്, ചെന്നിത്തല ഗൗരിയമ്മയോട്, കോണ്‍ഗ്രസ് രാഘവനോട്, എല്ലാവരും ചേര്‍ന്ന് വീരനോട്. ചതിക്കപ്പെടുന്നവരും ചതിക്കുന്നവരും തമ്മില്‍ ഉച്ചനീചത്വങ്ങളില്ലാത്ത മുന്നണിയാണ് യുഡിഎഫ്. ആ നിലയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ആര്‍ എസ് ഗവായിയില്‍നിന്ന് സത്യപ്രതിജ്ഞ ഏറ്റുചൊല്ലി അധികാരമേറ്റ ചതിയന്മാരുടെ സര്‍ക്കാര്‍ എന്നും പറയാം. എല്ലാ ചതിയേക്കാളും വലിയ ചതി മാണിസാറിനോട് ചെയ്ത ചതിതന്നെ. ജനിക്കുംമുമ്പേ കുഞ്ഞിന്റെ ജാതകം എഴുതപ്പെട്ടിരിക്കുന്നു.

ഉമ്മന്‍ചാണ്ടി എത്രനാള്‍ മുഖ്യമന്ത്രി ആകണമെന്ന് മാണിസാര്‍ തീരുമാനിക്കുമോ മറ്റാരെങ്കിലും നിശ്ചയിക്കുമോ എന്തോ. രണ്ടാംകക്ഷി ആകുമെന്നും ഉപമുഖ്യമന്ത്രിസ്ഥാനത്തിരിക്കാമെന്നും സ്വപ്നംകണ്ടാണ് ജോസഫിനെയും കൂട്ടി യുഗ്മഗാനം പാടി മാണിസാര്‍ തെരഞ്ഞെടുപ്പിനിറങ്ങിയത്. ഫലം വന്നപ്പോള്‍ മോഡറേഷന്‍ മാര്‍ക്കുവാങ്ങി കഷ്ടിച്ച് മൂന്നാംകക്ഷി ആയി. രണ്ട് മന്ത്രിപദമേ വേണ്ടതുള്ളൂവെന്ന് പറഞ്ഞത് പി സി ജോര്‍ജിനെ ഒതുക്കാനായിരുന്നു. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പറഞ്ഞുപറ്റിച്ചു. ഇവിടെ രണ്ടില്‍ ഒതുങ്ങിയാല്‍ പരിശുദ്ധ പാലാ പുത്രന് കേന്ദ്രത്തില്‍ സഹമന്ത്രിപദം കാണിക്കവയ്ക്കാമെന്ന ഉറപ്പില്‍ പുത്രവത്സലന്‍ വീണുപോയി. ലീഗിന് നാല് മാണിക്ക് രണ്ട് എന്ന ഫോര്‍മുല കണ്ടപ്പോള്‍ മാണിയുടെയും പുത്രന്റെയും മനസ്സില്‍ ലഡുപൊട്ടിയതാണ്. പാലം കടന്നപ്പോള്‍ കുഞ്ഞാലിക്കുട്ടി കൂരായണാ വിളിച്ചു. നാല് വാങ്ങിയവര്‍ അഞ്ച് പ്രഖ്യാപിച്ചു. ഘടകകക്ഷി തങ്ങള്‍ക്ക് ഇത്ര മന്ത്രിമാര്‍ വേണം എന്നാവശ്യപ്പെടുന്നത് കേട്ടിട്ടുണ്ട്. ഇവിടെ സ്വയം തീരുമാനിച്ച് പ്രഖ്യാപിക്കലാണ്.

ജയില്‍പ്പുള്ളിയായ പിള്ള വന്ന് തന്റെ പിള്ളയ്ക്ക് വനവാസം മതി എന്നു പറഞ്ഞപ്പോള്‍ അല്ലലും അലട്ടുമില്ലാതെ എടുത്തു കൊടുക്കേണ്ടിവന്നു ഉമ്മന്‍ചാണ്ടിക്ക്. അത്ര ശക്തമാണ് യുഡിഎഫിലെ ഓരോ കക്ഷിയും. യഥാര്‍ഥത്തില്‍ ലീഗിന് ഒരുമന്ത്രിയേ ഉള്ളൂ. ഒറ്റയ്ക്ക് നാലഞ്ചുപേരുടെ ശേഷിയുള്ള കുഞ്ഞാലിക്കുട്ടി സാഹിബ് മാത്രം. മുനീറിന് മന്ത്രിസ്ഥാനം കൊടുത്തോ എന്നുചോദിച്ചാല്‍ കൊടുത്തു. വകുപ്പ് പാവപ്പെട്ട പഞ്ചായത്ത്. തദ്ദേശസ്വയംഭരണ വകുപ്പില്‍നിന്ന് ബാക്കിയെല്ലാം വലിച്ചു. കഷ്ടിച്ച് അരമന്ത്രി എന്നു പറയാം. അതിനു കൊടുക്കേണ്ടിവന്ന വില ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനമാണ്. ഈ സ്ഥാനം കാത്തുസൂക്ഷിക്കാനാണ് കഴിഞ്ഞ മന്ത്രിസഭാ കാലത്ത് മുനീര്‍ സാഹിബ് തലകുത്തിനിന്നതും കരാറുകാരുടെ സ്നേഹം അതിരുവിട്ട് ചോദിച്ചുവാങ്ങിയതും. അതിന്റെ പേരില്‍ കേസും കൂട്ടവും നടക്കുന്നു. ഇത്തവണ മന്ത്രിസ്ഥാനത്തിനുവേണ്ടി ചാനല്‍ ചെയര്‍മാന്‍സ്ഥാനം കൈവിടുന്നു. റെജീന, റൗഫ് വെളിപ്പെടുത്തലുകളുടെ ആശാന്മാരോട് മുനീര്‍ സാഹിബ് വിടപറയുകയാണ്. ഇത് എലിമിനേഷന്‍ റൗണ്ട്. ഇനി മഞ്ഞളാംകുഴി അലിയാണത്രേ അവതരണഗാനം ആലപിക്കുക. അലിക്ക് ആകെ സ്വത്ത് 14 കോടി. ഇന്ത്യാവിഷനുവേണ്ടി മുടക്കാന്‍പോകുന്നത് 15 കോടി. എല്ലാം കോടികളുടെ കളിയാണ്. കളി തീരുമ്പോള്‍ യുഡിഎഫിനെ കോടി പുതപ്പിക്കേണ്ടിവരുമോ എന്ന് കാത്തിരുന്നുകാണാം.

ദയാലു അമ്മാളിന് അറുപതുകോടി കൊടുത്താണ് ദയാനിധി മാരന്‍ മന്ത്രിയായതത്രെ. അക്കണക്കിന് പതിനഞ്ചുകോടി മുനീറിന് ചേര്‍ന്ന സംഖ്യതന്നെ. മഞ്ഞളാംകുഴി അലിയുടെ അത്തറുപുരട്ടിയ ചതി ഇനി ഇന്ത്യാവിഷനില്‍ ലൈവ് കാണാം.

*
മാണിസാറിന് പറ്റിയ ചതിയുടെ കഥ എളുപ്പം മറക്കാവുന്നതല്ല. മാണിസാറിനെ പഴിപറഞ്ഞുനടന്ന പി സി ജോര്‍ജ് നന്നാവുമെന്ന് കരുതിപ്പോയത് ഒരു ചതി. ജോര്‍ജ് ഇപ്പോള്‍ മാണി ഗ്രൂപ്പിലാണോ വീരന്‍ ദളിലാണോ അതോ അഴിമതി വിരുദ്ധ-മാഫിയാവിരുദ്ധ -ജനകീയ-ആദര്‍ശാത്മക പോരാട്ടത്തിന്റെ സര്‍വസൈന്യാധിപനോ? ഉത്തരം എളുപ്പമല്ല. എന്തായാലും ജോര്‍ജ് മനസ്സിലും മരത്തിലും കണ്ട പാര്‍ലമെന്ററികാര്യ മന്ത്രിക്കസേരയുംകൊണ്ട് മഞ്ഞക്കണ്ണടയിട്ട അലി പെരിന്തല്‍മണ്ണയ്ക്ക് പോവുകയാണ്. മോരില്ലെങ്കിലും ഊണാവാമെന്ന് പറയാനും പറ്റില്ല-ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എനിക്കുവേണ്ട എന്ന് ജോര്‍ജ് പണ്ടേ പറഞ്ഞുപോയി. ഇനിയിപ്പോള്‍ പി ജെ ജോസഫ് മന്ത്രിയായാല്‍ ജോര്‍ജ് എന്നന്നേക്കുമായി പുറത്താകും. ജോസഫ് മന്ത്രി ആയില്ലെങ്കിലോ? എങ്കില്‍ ഒരുകൈ ജോര്‍ജിനും കളിച്ചുനോക്കാം. അതുകൊണ്ട് ചത്തത് കീചകനെങ്കില്‍ കൊന്നത് പി സി ജോര്‍ജ്തന്നെ എന്ന ചൊല്ലിന്റെ ബലമുണ്ട് തൊടുപുഴയിലെ പുതിയ കേസിന്.

പി ജെ ജോസഫ് ഫോണില്‍വിളിച്ച് ശൃംഗരിച്ചുവെന്നാണ് ക്രൈം ലേഖകന്റെ ഭാര്യയുടെ പരാതി. പി സി ജോര്‍ജ്, ക്രൈം നന്ദകുമാര്‍ , കേസ്, ബ്ലാക്ക്മെയിലിങ്- എല്ലാം തികഞ്ഞ ചേരുവയാണ്. മന്ത്രി ആയാല്‍ കേസ്, ആക്കാതിരിക്കാന്‍ കേസ്. യുഡിഎഫിന്റെ അവസ്ഥ അപാരം. ഇതിനെയാണ് വരുന്ന അഞ്ചുകൊല്ലം കേരളം സഹിക്കേണ്ടതെന്ന് ഓര്‍ക്കാനേ വയ്യ.
*
ലീഗിന് അഞ്ചു മന്ത്രിസ്ഥാനം ആരുകൊടുത്തുവെന്ന് ഉമ്മന്‍ചാണ്ടിയെങ്കിലും പറയേണ്ടതാണ്. മന്ത്രിസഭയില്‍ വകുപ്പുവിഭജനത്തിന്റെ ചുമതല മുഖ്യമന്ത്രിക്ക് എന്നാണ് വയ്പ്. എന്നാല്‍ , അങ്ങനെയൊരു അധികാരം തനിക്കുണ്ടെന്ന് ഉമ്മന്‍ചാണ്ടിപോലും വിശ്വസിക്കില്ല. പക്ഷേ, ഉപചാരത്തിന് മുഖ്യമന്ത്രിതന്നെയാണ് വകുപ്പുകള്‍ പ്രഖ്യാപിക്കുക. ഇവിടെ ആ അധികാരവും കുഞ്ഞാലിക്കുട്ടിക്കാണ്. ഏത് മന്ത്രിമാര്‍ ഏതൊക്കെ വകുപ്പ് കൈകാര്യംചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി തീരുമാനിച്ച് പ്രഖ്യാപിച്ചിരിക്കുന്നു. വ്യവസായം, ഐടി, വിദ്യാഭ്യാസം, പൊതുമരാമത്ത്, നഗരഭരണം, പഞ്ചായത്ത്, സാമൂഹ്യക്ഷേമം- ഒരു മിനി മന്ത്രിസഭ നടത്തിക്കൊണ്ടുപോകാനുള്ള ചേരുവകളൊക്കെയുണ്ട്. വെറുതെ ഒരു ഉപമുഖ്യമന്ത്രിസ്ഥാനം എന്തിന്. ഇതുതന്നെ ഒരു സൂപ്പര്‍മുഖ്യമന്ത്രിപദവിയല്ലേ? തെരഞ്ഞെടുപ്പില്‍ ഏറ്റവും ആക്ഷേപം കേട്ടതും വിമര്‍ശിക്കപ്പെട്ടതും കുഞ്ഞാലിക്കുട്ടി. ഫലംവന്നപ്പോള്‍ വന്‍ഭൂരിപക്ഷം മാത്രമല്ല സൂപ്പര്‍ മുഖ്യമന്ത്രിസ്ഥാനവും കുഞ്ഞാലിക്കുട്ടിക്ക്. വെറുതെയല്ല വെള്ളാപ്പള്ളിയും സുകുമാരന്‍നായരും ലീഗും മാണികേരളയുമൊക്കെ അര്‍മാദിച്ചാടുന്നത്. വോട്ട് പാര്‍ടികള്‍ക്കല്ല-സമുദായത്തിനാണത്രെ. ഏതു മോശക്കാരനും ജയിക്കാം; ഭരിക്കാം-പിന്തുണയ്ക്കാന്‍ ഒരു ജാതി(മത)പ്പാര്‍ടിയും മലയാള മനോരമയും മതി. എല്ലാ കണക്കും ജാതി തിരിച്ചാണ്. ഇനിയിപ്പോള്‍ മനുഷ്യനില്ല-ജാതി മതി. ആളുകുറഞ്ഞ ജാതിയിലെങ്ങാനും പിറന്നുപോയാല്‍ പെട്ടതുതന്നെ. നമ്മുടെ ജനാധിപത്യം വളരുന്ന വഴിനോക്കണം.

*
വി ഡി സതീശന്‍ സാക്ഷാല്‍ തീപ്പൊരിതന്നെ. ഉമ്മന്‍ചാണ്ടി കയറിച്ചെല്ലാന്‍ മടിച്ചുനിന്നിടത്ത് ഓടിക്കയറി പൊരുതി മുന്നേറിയ വീരാളിവീരന്‍ . മന്ത്രിപദം വേണോ അധ്യക്ഷമഹോദയന്റെ കസേര വേണോ എന്നേ തീരുമാനിക്കാനുണ്ടായിരുന്നുള്ളൂ. ഹൈക്കമാന്‍ഡിന്റെ അന്തിമലിസ്റ്റ് വന്നപ്പോള്‍ സതീശന്റെ പേരിനുനേരെ "ഉപരിപഠനത്തിന് അര്‍ഹതയില്ല" എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്. പറവൂരിലെ വോട്ടര്‍മാരെ സേവിച്ച് കഴിഞ്ഞുകൊള്ളുക. മന്ത്രിസ്ഥാനം വേറെ പോയി. ശിവകുമാറിനുവരെ കൊടുത്ത മന്ത്രിസ്ഥാനത്തിന് സതീശന് അര്‍ഹതയില്ലാതായതിന്റെ പൊരുള്‍തേടി ചെന്നപ്പോഴാണ് ചിദംബരം, സിങ്വി, മാര്‍ട്ടിന്‍ തുടങ്ങിയ അസുരഗണങ്ങളുടെ അപഹാരം കണ്ടെത്തിയത്. സതീശന്‍ കസേരയില്‍ കയറിയാല്‍ മാര്‍ട്ടിന്‍ അറസ്റ്റുചെയ്യപ്പെടുമത്രേ. അങ്ങനെവന്നാല്‍ ചിദംബരം സ്വാമിക്ക് നോവും. ആ നോവ് ഒഴിവാക്കാന്‍ സതീശന്‍ ശിഷ്ടകാലം എംഎല്‍എ ഹോസ്റ്റലില്‍തന്നെ കഴിയട്ടെയെന്ന് സ്വാമി കല്‍പ്പിച്ചു. ഉമ്മന്‍ചാണ്ടി നടപ്പാക്കി. മുരളിയും അച്യുതനും കാര്‍ത്തികേയനും സതീശനും വാഹിദും കഹാറും മന്ത്രിസ്ഥാനത്തിന് യോഗ്യരല്ലെന്ന് കല്‍പ്പിച്ചത് ഹൈക്കമാന്‍ഡോ ലോക്കമാന്‍ഡോ എന്ന് ഉമ്മന്‍ചാണ്ടിയോടുതന്നെ ചോദിക്കണം. നാലാംവട്ടം ആര്യാടന് മന്ത്രിയാകാം. മുരളിയെയും കാര്‍ത്തികേയനെയും വഹിച്ച് ശിവകുമാറിന് മന്ത്രിപദം പൂകാം.

യുഡിഎഫ് ബെഞ്ചിലെ ഏക പെണ്‍തരിയും പട്ടികവര്‍ഗക്കാരിയുമായ ജയലക്ഷ്മിയുടെ പേര് ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ കൊണ്ടുപോയിരുന്നില്ല. ജയലക്ഷ്മിക്കുവേണ്ടി അമ്പെയ്തത് രാഹുല്‍ഗാന്ധിയാണ്. അതിപ്പോള്‍ സ്വന്തം നേട്ടമായി പേറിനടക്കുന്നു ഉമ്മന്‍ചാണ്ടി. ചെന്നിത്തലയെ ആണെങ്കില്‍ കാണാനേയില്ല. അഥവാ പുറത്തു കണ്ടുപോയാല്‍ ചിരി വിടരുന്നില്ല. ആ നേതാവ് ചിരിക്കാന്‍ മറന്നുപോയിരിക്കുന്നു. ഞാന്‍ നായരാണ്, മമതയെ കൈപിടിച്ച് കൂട്ടിക്കൊണ്ടുവന്നവനാണ്, അര്‍ഹനാണ്, അവകാശപ്പോരാളിയാണ് എന്നെല്ലാം പറഞ്ഞുനോക്കിയിട്ടും ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് വിട്ടുകൊടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ലപോലും. പിന്നെങ്ങനെ ചിരി വരും?

*
വാര്‍ത്ത വായിച്ച് കുടുംബജീവിതം തകര്‍ന്നുപോയ പൊലീസുകാരന്‍ പത്രലേഖകനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് പിടിക്കപ്പെട്ടു. ആകെമൊത്തം ക്വട്ടേഷന്റെ കളിയാണ്. പി ജെ ജോസഫിനെതിരെ പി സി ജോര്‍ജിന്റെ ക്വട്ടേഷന്‍ , തന്‍പിള്ളയ്ക്കുവേണ്ടി പിള്ളയുടെ ക്വട്ടേഷന്‍ , ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആയുരാരോഗ്യ സൗഖ്യത്തിനുവേണ്ടി ചെന്നിത്തലയുടെ ക്വട്ടേഷന്‍ . ഇനിയിപ്പോള്‍ യുഡിഎഫില്‍നിന്ന് ഇടയ്ക്കിടെ അട്ടഹാസവും രോദനവുമെല്ലാം ഉയര്‍ന്നുകേള്‍ക്കാം. അതാണല്ലോ നടപ്പുരീതി. തുടങ്ങുന്നതിനുമുമ്പ് ഇതുപോലെ നാറിയ മറ്റൊരു ഭരണം കേരളം കണ്ടിട്ടില്ല. ആദ്യം ഉമ്മന്‍ചാണ്ടിക്കുവേണ്ടി വിജിലന്‍സ്, പിന്നെ അടൂര്‍ പ്രകാശിനുവേണ്ടി ഉമ്മന്‍ചാണ്ടി. കേസുകള്‍ വലിക്കുന്നു. സ്ഥലംമാറ്റങ്ങള്‍ തകൃതിയായി നടക്കുന്നു. കഞ്ഞിമുക്കിയ ഖദറില്‍ അത്തറുപൂശുമ്പോള്‍ ഉണ്ടാകുന്ന ദുര്‍ഗന്ധം തലസ്ഥാന നഗരിയില്‍ നിറഞ്ഞുനില്‍ക്കുന്നു. ശക്തന്‍നാടാര്‍ ഇപ്പോള്‍ ചാടും എന്നുപറഞ്ഞ് ഹസാരെമോഡല്‍ സമരത്തിനിറങ്ങുകയാണ്. നാടകം കണ്ട് കൈയടിക്കാറുള്ള സുധീരനും ആദര്‍ശം രാവിലെയും ഉച്ചയ്ക്കും രാത്രിയും പശുവിന്‍പാലില്‍ ചേര്‍ത്തുസേവിക്കുന്ന മഹത്വപ്പെട്ടവരും മൗനത്തിന്റെ മണ്‍പുറ്റിലൊളിച്ചിരിക്കുന്നു. നാടകംതന്നെ ഉലകം.

3 comments:

ശതമന്യു said...

ചതിയന്മാരുടെ നേതാവേ ധീരതയോടെ നയിച്ചോളൂ എന്നാണ് യുഡിഎഫിന്റെ പുതിയ മുദ്രാവാക്യം. കൊലച്ചതികളുടെ ഘോഷയാത്രയാണ്. ഉമ്മന്‍ചാണ്ടി ചെന്നിത്തലയോട്, ലീഗ് മാണിയോട്, മാണി ജോര്‍ജിനോട്, ജോര്‍ജ് ജോസഫിനോട്, ചെന്നിത്തല ഗൗരിയമ്മയോട്, കോണ്‍ഗ്രസ് രാഘവനോട്, എല്ലാവരും ചേര്‍ന്ന് വീരനോട്. ചതിക്കപ്പെടുന്നവരും ചതിക്കുന്നവരും തമ്മില്‍ ഉച്ചനീചത്വങ്ങളില്ലാത്ത മുന്നണിയാണ് യുഡിഎഫ്. ആ നിലയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ആര്‍ എസ് ഗവായിയില്‍നിന്ന് സത്യപ്രതിജ്ഞ ഏറ്റുചൊല്ലി അധികാരമേറ്റ ചതിയന്മാരുടെ സര്‍ക്കാര്‍ എന്നും പറയാം. എല്ലാ ചതിയേക്കാളും വലിയ ചതി മാണിസാറിനോട് ചെയ്ത ചതിതന്നെ. ജനിക്കുംമുമ്പേ കുഞ്ഞിന്റെ ജാതകം എഴുതപ്പെട്ടിരിക്കുന്നു.

Unknown said...

നാടകാന്ത്യം, ഉമ്മനെ മുന്നിൽ നിർത്തി കുഞ്ഞാപ്പ കേരള ഭരിക്കും!

CYRILS.ART.COM said...

വാചകം സാമാന്യം തെറ്റില്ലാത്ത ഹാസ്യാത്മകതയിലുള്ളതു തന്നെ.ആക്രമണം ലേശം കൂടിപ്പോയില്ലേയെന്നൊരു സന്ദേഹവും.ആട്ടേ....നന്ദി....