Sunday, May 29, 2011

വാരല്‍ വാരാചരണം

മൂത്ത് നശിക്കാറായ റബര്‍മരം കടുംവെട്ടിന് കൊടുക്കും. അവസാനത്തെ വെട്ടാണ് അങ്ങനെ നടക്കുക. പിന്നെ വെട്ടാന്‍ അവസരം കിട്ടില്ല എന്നതുകൊണ്ടാണത്. യുഡിഎഫിനും അങ്ങനെ ഒരാധിയുണ്ട് എന്ന് കരുതണം. എപ്പോഴും തകരാവുന്നതാണ് ഭരണം എന്ന് ഓരോ മന്ത്രിക്കും തോന്നുന്നു. കിട്ടിയ അവസരത്തില്‍ കടുംവെട്ട് വെട്ടാനുള്ള പരക്കംപാച്ചിലിലാണവര്‍ .

എക്സൈസ് മന്ത്രി ബാബു ആദ്യം ഒപ്പിട്ട ഫയല്‍ സര്‍ക്കാര്‍ വക പതിനഞ്ച് മദ്യവില്‍പ്പനശാലകള്‍ വേണ്ടെന്നുവയ്ക്കുന്നതാണ്. ഒറ്റനോട്ടത്തില്‍തോന്നും, ഹൊ, മദ്യത്തിനെതിരെ ഇതാ വരുന്നു ഗാന്ധിജിയുടെ ഇളമുറയിലെ തൃപ്പൂണിത്തുറക്കാരന്‍ എന്ന്. മദ്യത്തിന്റെ ലഭ്യത കുറച്ച് നാടുനന്നാക്കാന്‍ പോകുന്ന കോണ്‍ഗ്രസുകാരന്‍! വേണ്ടെന്നുവച്ച പതിനഞ്ചു ഷാപ്പുകളുടെ പരിസരത്തുള്ള ബാറുകളുടെ കണക്കെടുക്കുമ്പോഴാണ് മദ്യവിരോധത്തിന്റെ മൂത്താപ്പമാരെ കാണാനാവുക. ഒരു ബാര്‍ കെ എം മാണിയുടെ ബന്ധുവീട്ടുകാരുടെ. മറ്റൊരെണ്ണം പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞിന്റെ വകയില്‍പെട്ടത്. എല്ലാ ബാറിനും യുഡിഎഫ് ബന്ധം. ബാബു ഇന്നലെവരെ ചിരിക്കുന്നതും ചീറുന്നതും ഖദറില്‍ കഞ്ഞിമുക്കുന്നതുംവരെ എറണാകുളത്തെ പോളയുള്ളതോ ഇല്ലാത്തതോ എന്ന് മനസിലാകാത്ത ഏതോ കുളത്തിലായിരുന്നു. ആ കുളത്തിന്റെ ഉടമയ്ക്ക് ബാറുകള്‍ ഇരുപത്.

ബിവറേജസ് ഷാപ്പുകള്‍ വേണ്ടെന്നുവച്ചാല്‍ അതില്‍ പകുതി ബാറുകള്‍ക്കും കച്ചവടം ഇരട്ടിയാകും. ആ നിലയ്ക്ക് നാട്ടിലെ എല്ലാ ബാറുടമകളെയും സമീപിച്ച് സമീപത്തെ ബിവറേജസ് ഷാപ്പുകള്‍പൂട്ടിക്കാമെന്ന് പറയാവുന്നതാണ്. പിരിവെങ്ങാനും ക്ലച്ചുപിടിച്ചാല്‍ മന്ത്രിസഭ ഒരുമാസം നിന്നാല്‍മതി. ബാബു തിരിഞ്ഞുനോക്കേണ്ടിവരില്ല.

*
കുഞ്ഞാപ്പയ്ക്ക് വ്യവസായം നടത്തി മടുത്തതുകൊണ്ടാണ് നഗരഭരണത്തില്‍ പൂതി പെരുത്തത്. ഒരുവകുപ്പ് മൂന്നാക്കിമുറിച്ച് ഓരോ കഷണവുംകൊണ്ടോടുന്ന പരിപാടി മുമ്പെങ്ങും കണ്ടിട്ടില്ല. നെയ്യപ്പം തിന്നപോലെയാണ്. മുനീറിനെ ഒതുക്കുകയും ചെയ്യാം നഗര വികസനം എന്ന അക്ഷയഖനിയുടെ പട്ടയം കൈക്കലാക്കുകയുമാവാം. പണ്ട് അപ്പം ഓഹരിവച്ച കുരങ്ങന്റെ കഥപോലെയാണ്. മുനീറും കുഞ്ഞാപ്പയും അപ്പത്തിനുവേണ്ടി കടിപിടികൂടിയപ്പോള്‍ മധ്യസ്ഥനായി വന്ന ഉമ്മന്‍ചാണ്ടി വലിയ കഷണവുംകൊണ്ടുപോയി. അങ്ങനെ ഗ്രാമവികസനം കെ സി ജോസഫിന് സമ്മാനമായി കിട്ടി. കേന്ദ്രഫണ്ട് പലതും വരുന്നത് ഗ്രാമവികസന വകുപ്പുവഴിയാണ്. അതുനേരെ കെപിസിസി ആപ്പീസിലെത്തും. ആ നഷ്ടം നികത്തണമെങ്കില്‍ ലീഗ് അല്‍പ്പം പാടുപെടും-എന്നുവച്ചാല്‍ വ്യവസായം തകൃതിയായി നടക്കുമെന്നര്‍ഥം.

കെ ബാബു ആദ്യം ഒപ്പിട്ടത് ബാറുകാരുടെ ഫയലിലെങ്കില്‍ അടൂര്‍ പ്രകാശിന് മന്ത്രിക്കസേര കിട്ടിയപ്പോള്‍ മുന്നില്‍തെളിഞ്ഞ മുഖം പട്ടിണികിടന്ന് വലയുന്ന മെഡിക്കല്‍കോളേജ് അധ്യാപകരുടേതാണ്. മെഡിക്കല്‍കോളേജിലെ മാഷന്‍മാരെ മേടിക്കല്‍ സാറന്‍മാരാക്കിത്തരാം എന്നാണ് പുതിയ മന്ത്രിയുടെ വാഗ്ദാനം. സ്വകാര്യ പ്രാക്ടീസ് അനുവദിക്കുമെന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നു. ആശുപത്രിയില്‍ ജോലി, വീട്ടില്‍ ചികിത്സ, പെട്ടിയില്‍ പണം എന്നതാണ് ഫോര്‍മുല. ദിവസം ഇരുപതും മുപ്പതും ആയിരം കിട്ടിയിരുന്ന ചില സാറന്‍മാരുണ്ട്. അവര്‍ക്കിപ്പോള്‍ ഒന്നേകാല്‍ലക്ഷം ശമ്പളം കിട്ടും. അതും വാങ്ങണം, വീട്ടിലെ മേടിക്കലും തുടരണം എന്നാണ് അവരുടെ ഇംഗിതം. ഇന്നലെവരെ അതൊന്നും നടന്നില്ല. ഇന്നിനി നമ്മുടെ സ്വന്തം അടൂര്‍ പ്രകാശല്ലേ. ഡോക്ടറൊന്നിന് പത്തുലക്ഷം വച്ചു കൊടുക്കണം എന്നത്രെ ദല്ലാള്‍മാരുടെ ആവശ്യം. അതല്‍പ്പം കൂടിപ്പോയെന്നും അഞ്ചാക്കണമെന്നും പിശുക്കുമൂത്ത സാറന്‍മാര്‍ കരഞ്ഞിട്ടുണ്ട്. എന്തായാലും കിട്ടിയതില്‍ പത്തുകോടി കാണിക്കവച്ചാല്‍ സ്വകാര്യ പ്രാക്ടീസ് കെങ്കേമമാക്കാം എന്നാണ് ഉറപ്പ്.

ഇനിയും പലതും എടുക്കാനുണ്ട്. അഞ്ചുകൊല്ലം മുമ്പ് വില്‍പ്പനയ്ക്കു വച്ച പൊതുമേഖലാ വ്യവസായം ഇന്ന് നല്ലനിലയില്‍ നടക്കുകയാണ്. സര്‍ക്കാരാപ്പീസുകളുടെയും ഗസ്റ്റ് ഹൗസുകളുടെയും പൊതുമരാമത്തിന്റെയും ഭൂമി നാടാകെ പരന്നുകിടക്കുന്നു. വിറ്റ് പണം മാറാന്‍ സാദാ മണലും കരിമണലും ബോക്സൈറ്റ് മണ്ണും ഇഷ്ടംപോലെ. സ്മാര്‍ട്സിറ്റിയില്‍ സ്മാര്‍ട്ടായി ഇടപെടാം. ഏക് ദിന്‍ കാ സുല്‍ത്താന്‍ എന്ന് കേട്ടിട്ടുണ്ട്. ഇവിടെ എത്ര ദിവസം ഉണ്ടാകുമെന്ന് ഉറപ്പൊന്നുമില്ല. എപ്പോഴും വീഴാം. വീഴുന്നതിന് മുമ്പ് പുരയ്ക്ക് തീകൊളുത്താം; കഴുക്കോലൂരാം; വാഴ വെട്ടാം. യുഡിഎഫില്‍ ഒറ്റക്കാര്യത്തിലേ ഇപ്പോള്‍ ഐക്യമുള്ളൂ-കൈയിട്ടു വാരുന്നതില്‍ . വാരല്‍ വാരാചരണം കഴിഞ്ഞു. ഇനി രണ്ടാം വാരം. ഇങ്ങനെ കൂട്ടത്തോടെ വാരുന്നതുകണ്ട് സഹികെട്ട് രണ്ടു ജന്മങ്ങള്‍ പുറത്തുനില്‍പ്പുണ്ട്. കരുണ ശെയ്‌വാന്‍ എന്തു താമസം എന്നാലപിച്ച് പി സി ജോര്‍ജ്. ഗാനാലാപനത്തിനുള്ള ശേഷിപോലും നഷ്ടപ്പെട്ട് പുത്രനെ മാറോടടക്കി കേണുകൊണ്ട് വയനാടന്‍ തമ്പാന്‍!

*
സ്പീക്കര്‍സ്ഥാനവും ഇല്ല എന്നാണ് പി സി ജോര്‍ജ് കേട്ട അവസാനത്തെ വാര്‍ത്ത. ഡെപ്യൂട്ടി സ്പീക്കര്‍സ്ഥാനം വേണ്ട. മന്ത്രിപദം തട്ടിത്തെറിപ്പിച്ചത് മാണിയോ ജോസഫോ എന്ന സംശയം തീര്‍ന്നിട്ടില്ല. കുറെ വര്‍ഷം തെറിവിളിച്ചു നടന്ന തന്നെ എന്തുസ്നേഹത്തോടെയാണ് മാണിസാര്‍ വിളിച്ച് അകത്തുകയറ്റി ഇരുത്തിയത് എന്നുപറഞ്ഞാണ് ലയനസമ്മേളനത്തില്‍ കണ്ഠമിടറിപ്പോയത്. അന്നത്തെ ആ ചിരിയും സ്നേഹവും കെട്ടിപ്പിടിത്തവും കൊണ്ടുപോയി കുളത്തില്‍ ചാടിക്കാനാണെന്ന് സ്വപ്നേപി നിനച്ചതല്ല. ഇന്നിതാ കുളത്തില്‍ വീണുകഴിഞ്ഞു. മറ്റു രക്ഷയൊന്നുമില്ല. ഇടതുപക്ഷത്തേക്ക് പോകാനൊരുങ്ങിയാല്‍ അടിച്ചോടിക്കുമോ ആട്ടിയോടിക്കുമോ എന്ന് മുന്‍കൂട്ടി പറയാനാകില്ല. എന്തായാലും ഓടിക്കുമെന്ന് ഉറപ്പ്. അപ്പോള്‍പ്പിന്നെ മുന്നിലെ ഏക വഴി കുളം കലക്കല്‍തന്നെ. ഭരിക്കാന്‍ വിടില്ല ഞാന്‍ എന്ന പ്രഖ്യാപനം. ഒറ്റത്തുള്ളി കാക്കക്കാഷ്ഠം മതി വലിയ ടാങ്കിലെ കുടിവെള്ളം നശിപ്പിക്കാന്‍ .

നന്നാക്കാനാവില്ലെങ്കിലും നശിപ്പിക്കാനാവും എന്നാണ് ജോര്‍ജിന്റെ പ്രഖ്യാപനം. തനിക്കെതിരെ വല്ലതും പറഞ്ഞാല്‍ പി ജെ ജോസഫ് അനുഭവിക്കുമെന്ന്. സംഗതി ശരിയാണ്. ജോര്‍ജും നന്ദകുമാറും മറ്റുചില കുമാരന്‍മാരും ചേര്‍ന്നാല്‍ ഏത് നല്ലതിനെയും വെടക്കാക്കാനാവും. വെറുതെ വഴിപോകുന്നവര്‍ക്കുനേരെ ഒരുപിടി ചാണകം എറിയാന്‍ വല്ല പ്രയാസവുമുണ്ടോ.

പി ജെ ജോസഫ് അങ്ങനെ മന്ത്രിയായി ഞെളിയേണ്ട എന്നാണ് തീരുമാനമെന്ന് തോന്നുന്നു. ജോസഫിനെതിരെ പുതിയ സ്ത്രീ പീഡനക്കേസും അത് നടത്താനുള്ള വക്കീലും അതിന്റെ വാര്‍ത്തകളും വരുന്നത് ക്രൈം വഴിയാണ്. ക്രൈം കുമാരന്റെ "ലോകം" വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു-നമ്മുടെ മാധ്യമ ലോകം അത് ഉപ്പും മുളകും ചേര്‍ത്ത് വിഴുങ്ങിക്കൊണ്ടിരിക്കുന്നു. പി ജെ ജോസഫ് മിണ്ടുന്നില്ല. ഒരിക്കല്‍ കട്ടയാള്‍ പിന്നെ എല്ലാ കാലത്തും കള്ളന്‍തന്നെ. ഹരിശ്ചന്ദ്രപ്പട്ടം ചൂടിയാലും അയാളെ നാട്ടുകാര്‍ കള്ളനെന്നു വിളിച്ചുകൊണ്ടേയിരിക്കും. പാവം ജോസഫ്. ഒരിക്കല്‍ ഒരബദ്ധം പറ്റിപ്പോയി. ഇപ്പോള്‍ തന്നെക്കുറിച്ച് ആര് എന്തുപറഞ്ഞാലും ജനങ്ങള്‍ വിശ്വസിക്കും എന്ന തോന്നലാണ്. ഇതിലും വലിയ പെരുന്നാളിനും പള്ളിയില്‍പോകാത്തവര്‍ മതത്തിന്റെ ചെലവില്‍ നേടിയ ഭൂരിപക്ഷത്തിന്റെയും സീറ്റിന്റെയും കണക്കുപറഞ്ഞ് നാട് വിറപ്പിക്കുന്നു.

ഒറ്റ സീറ്റുള്ള പിള്ളഗ്രൂപ്പ് ഉമ്മന്‍ചാണ്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയാണ് കാടിന്റെ വകുപ്പ് പിടിച്ചുവാങ്ങിയത്. ആശുപത്രിയില്‍ കിടക്കുന്ന ജേക്കബ്ബിന്റെ കൈയില്‍നിന്ന് തുറമുഖവകുപ്പ് പിടിച്ചുവലിച്ചു വാങ്ങാന്‍ തോന്നിച്ച ബുദ്ധിക്ക് പടച്ചോന്റെ കൃപകിട്ടും. ആ ഒറ്റയംഗകക്ഷിക്കുള്ള പരിഗണനപോലും കിട്ടാതെ പി സി ജോര്‍ജിന്റെ ജീവിതം പിന്നെയും ബാക്കി. ലയനം നിമിത്തം ബഹുകൃതവേഷം. ഇതൊന്നും പാടിനടക്കാനോ കേസ് കൊടുക്കാനോ നാട്ടില്‍ മറ്റാരും ഇല്ലാതായിപ്പോയല്ലോ എന്നതിലാണ് സങ്കടം. ജോര്‍ജിനാണെങ്കില്‍ സ്വന്തമായി ഒരു എംഎല്‍എ സ്ഥാനമെങ്കിലും ഉണ്ട് എന്നാശ്വസിക്കാം.

എന്നാല്‍ , വീരനോ?

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീരന്‍ കളിച്ച കളിക്ക് അന്നുതന്നെ അവാര്‍ഡ് കിട്ടേണ്ടതായിരുന്നു. അതിപ്പോഴാണ് തരപ്പെട്ടത്. മകന്‍ മന്ത്രിയായിക്കാണുകയായിരുന്നു ജീവിതത്തിലെ അവശേഷിക്കുന്ന ഒരേയൊരാശ. പി ആര്‍ കുറുപ്പിനോട് പണ്ടുചെയ്തത് ഇപ്പോള്‍ മറ്റൊരുവഴിക്ക് കിട്ടുന്നു. കൃഷ്ണന്‍കുട്ടിയും പ്രേംനാഥുമൊകെ തല്‍ക്കാലം ഒതുങ്ങിയെങ്കിലും കെ പി മോഹനനെ മന്ത്രിയാക്കിയില്ലെങ്കില്‍ ഗവണ്‍മെന്റുതന്നെ ഉണ്ടാകില്ല എന്ന് വീരന് അറിയാം. അതുകൊണ്ടുമാത്രം മകനെ കൈവിടുക എന്ന മഹാത്യാഗം ചെയ്യേണ്ടിവന്നു. മന്ത്രിസഭാ പുനഃസംഘടന, മുഖ്യമന്ത്രി മാറ്റം തുടങ്ങിയ അജന്‍ഡകള്‍ ഇനി വീരന്റേതുകൂടിയാകും. ചെന്നിത്തലയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. മാതൃഭൂമി, വീരേന്ദ്രകുമാര്‍ , ഇതര കുമാരന്‍മാര്‍ -ഉമ്മന്‍ചാണ്ടിയോട് ഒരു കളിക്കുള്ള കരുത്തൊക്കെയുണ്ട്. മുനീറിനെപ്പോലെ കുഞ്ഞാക്ക കണ്ണുരുട്ടുമ്പോള്‍ മിണ്ടാതിരിക്കുകയും ഉമ്മന്‍ചാണ്ടിയങ്കിളിനോട് സങ്കടം പറയുകയും എന്ന രീതിയല്ലല്ലോ കുമാരസംഭവങ്ങളില്‍ .

പിന്‍മൊഴി:

എ കെ ആന്റണി പറയുന്നത് വികസനത്തില്‍ എല്‍ഡിഎഫിന്റെ പാത യുഡിഎഫ് സര്‍ക്കാര്‍ പിന്തുടരണമെന്ന്. അതുതന്നെയാണ് ഇപ്പോള്‍ വി ഡി സതീശനും മുരളീധരനും തേറമ്പിലിനും തോന്നുന്നത്. ഉമ്മന്‍ചാണ്ടിയെങ്ങാനും ആന്റണിയുടെ വാക്കുകേട്ടിളകിയാല്‍ കുഞ്ഞാലിക്കുട്ടിയുടെ കാര്യം എന്താകും എന്നോര്‍ത്തേ ശതമന്യുവിന് വിഷമമുള്ളൂ.

1 comment:

ശതമന്യു said...

എക്സൈസ് മന്ത്രി ബാബു ആദ്യം ഒപ്പിട്ട ഫയല്‍ സര്‍ക്കാര്‍ വക പതിനഞ്ച് മദ്യവില്‍പ്പനശാലകള്‍ വേണ്ടെന്നുവയ്ക്കുന്നതാണ്. ഒറ്റനോട്ടത്തില്‍തോന്നും, ഹൊ, മദ്യത്തിനെതിരെ ഇതാ വരുന്നു ഗാന്ധിജിയുടെ ഇളമുറയിലെ തൃപ്പൂണിത്തുറക്കാരന്‍ എന്ന്. മദ്യത്തിന്റെ ലഭ്യത കുറച്ച് നാടുനന്നാക്കാന്‍ പോകുന്ന കോണ്‍ഗ്രസുകാരന്‍! വേണ്ടെന്നുവച്ച പതിനഞ്ചു ഷാപ്പുകളുടെ പരിസരത്തുള്ള ബാറുകളുടെ കണക്കെടുക്കുമ്പോഴാണ് മദ്യവിരോധത്തിന്റെ മൂത്താപ്പമാരെ കാണാനാവുക. ഒരു ബാര്‍ കെ എം മാണിയുടെ ബന്ധുവീട്ടുകാരുടെ. മറ്റൊരെണ്ണം പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞിന്റെ വകയില്‍പെട്ടത്. എല്ലാ ബാറിനും യുഡിഎഫ് ബന്ധം. ബാബു ഇന്നലെവരെ ചിരിക്കുന്നതും ചീറുന്നതും ഖദറില്‍ കഞ്ഞിമുക്കുന്നതുംവരെ എറണാകുളത്തെ പോളയുള്ളതോ ഇല്ലാത്തതോ എന്ന് മനസിലാകാത്ത ഏതോ കുളത്തിലായിരുന്നു. ആ കുളത്തിന്റെ ഉടമയ്ക്ക് ബാറുകള്‍ ഇരുപത്.