Sunday, March 27, 2011

കരയുന്ന റിബല്‍

ആനകൊടുത്താലും ആശകൊടുക്കരുതെന്നാണ്. ആനയില്ലെങ്കില്‍ വേണ്ട തോട്ടിയെങ്കിലും തായോ എന്നു വിലപിക്കുന്ന ആള്‍ക്ക് നെന്മാറ കൊടുത്താലോ? നെന്മാറയില്‍ എം വി രാഘവന്‍ നിലംതൊടാന്‍ പോകുന്നില്ല. ചിറ്റൂരുകാരന്‍ കൃഷ്ണന്‍കുട്ടി ചിറ്റൂര്‍ താലൂക്കിലെ നെന്മാറ വേണ്ടെന്നു ശഠിച്ചത് അവിടെ ജയിക്കാന്‍ വിദൂരമായ സാധ്യത കാണാഞ്ഞിട്ടാണ്. അങ്ങനെയൊരു സീറ്റില്‍ സടകൊഴിഞ്ഞ് ശയ്യാവലംബിയായ സിംഹത്തെ കൊണ്ടുപോയി മാന്യമായി തോല്‍പ്പിക്കാന്‍ പോലും ആകില്ലെന്ന് സി പി ജോണിന് അറിയാം. രാഘവന്റെ തോല്‍വിയാണ് ജോണിന്റെ വിജയമെന്നു കരുതുന്നതിനേക്കാള്‍ വലിയ ശരികള്‍ വേറെയുണ്ട്.

കുഞ്ഞാലിക്കുട്ടിയുടെ ശത്രു മുനീറാണ്. മുനീറിന്റെ ബന്ധു എം വി നികേഷ്കുമാര്‍ ആയിരുന്നു. ആ ബന്ധു എം വി രാഘവന്റെ സന്താനമാണ്. മുനീറും നികേഷും ചേര്‍ന്നാണ് റജീനാ സ്വയംവരം തുള്ളല്‍ ആടിത്തിമിര്‍ത്തത്. അങ്ങനെയുള്ള ഒരു ബന്ധുവിന്റെ കാലും കൈയും വരിഞ്ഞുകെട്ടി പുലിക്കൂട്ടിലേക്ക് എറിഞ്ഞുകൊടുക്കാന്‍ പുപ്പുലിക്ക് ആശവരുന്നത് ഒരു കുറ്റമാണോ? നികേഷിനെ തൊടാന്‍ കിട്ടാതെ വരുമ്പോള്‍ ബ്രഹ്മാവിനെത്തന്നെ സംഹരിച്ചുകളയാമെന്നു കരുതുന്നത് കാവ്യനീതിമാത്രം. എം വി രാഘവന് സീറ്റ് കൊടുക്കരുതെന്നും അഥവാ കൊടുക്കേണ്ടിവന്നാല്‍ അതു ജയിക്കുന്ന സീറ്റാകരുതെന്നും കുഞ്ഞാലിക്കുട്ടി ശഠിച്ചതിലും ആ ശാഠ്യം ജയിച്ചതിലും അത്ഭുതമൊട്ടുമില്ലെന്ന് സാരം. മകനെ കിട്ടിയില്ലെങ്കില്‍ അച്ഛനെ പിടിക്കണം. കൂട്ടിപ്പിടിക്കാന്‍ ഉമ്മന്‍ചാണ്ടിയുമുണ്ട്. നെന്മാറയില്‍ വിരിയട്ടെ ഇനി വസന്തത്തിന്റെ ഇടിമുഴക്കം. കുന്ദംകുളത്ത് നടക്കട്ടെ ഗുരുനിന്ദയുടെയും നൈരാശ്യത്തിന്റെയും നെന്‍മാറ-വല്ലങ്ങി വേല.

ആനപ്പന്തലിലേക്ക് കൊണ്ടുവരുന്ന ആനയുടെ പ്രായം നോക്കരുത്. എം വി രാഘവന്‍ താരംതന്നെയാണ്. യുഡിഎഫില്‍ മത്സരം ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മിലാണെന്ന് രാപ്പനി കിടന്നറിഞ്ഞുതന്നെ പറഞ്ഞതാണ്. കെപിസിസി പ്രസിഡന്റുസ്ഥാനം ഇട്ടെറിഞ്ഞ് ഹരിപ്പാട്ടേക്ക് വണ്ടികയറണമെങ്കില്‍ ചെന്നിത്തലയ്ക്ക് കുഞ്ഞുമോഹങ്ങളൊന്നുമാകില്ലെന്ന് വാര്‍ധക്യത്തിന്റെ അസ്ക്യതയിലും രാഘവന് മരത്തില്‍ കാണാം. ആരു നേതാവാകണം എന്നതാണ് യഥാര്‍ഥ മത്സരം. ഇക്കുറി ജയിച്ച് ഭരണത്തിലേറിക്കളയാമെന്ന അതിമോഹമൊന്നും തല്‍ക്കാലം ഇല്ല. എങ്ങനെയെങ്കിലും ജയിച്ച് പ്രതിപക്ഷനേതാവാകുക എന്നതാണ് മിനിമം പരിപാടി. ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവായാല്‍ ചെന്നിത്തലയുടെ നറുക്ക് എന്നെങ്കിലും വീഴുമെന്ന് ഒരു ജോത്സ്യനും പ്രവചിക്കാനാകുന്നില്ല. എങ്കില്‍ പിന്നെ ഇപ്പോഴേ ഉമ്മന്‍ചാണ്ടിയെ വെട്ടി ദൂരെക്കളയാമെന്നു ചിന്തിക്കുന്നതില്‍ അപമര്യാദയുടെ പ്രശ്നമില്ല. അല്ലെങ്കിലും ലീഗും മാണികേരളയും ചേര്‍ന്നാല്‍ പാലായിലോ പാണക്കാട്ടോ കേരളത്തിന്റെ തലസ്ഥാനം മാറ്റേണ്ടിവരുമെന്നാണ് പരദൂഷണക്കാര്‍ പറഞ്ഞുനടക്കുന്നത്. അതിനൊപ്പം ഒരു പുതുപ്പള്ളി തലസ്ഥാനംകൂടി വേണമോ എന്നാണ് ചെന്നിത്തലയുടെ ചോദ്യം. എല്ലാംകൊണ്ടും താന്‍ തന്നെ യോഗ്യനെന്നാണ് അദ്ദേഹം സ്വയം കരുതുന്നത്.

*
തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ പ്രസംഗിക്കുന്നതിനിടെ ചെന്നിത്തല വിതുമ്പുന്നതു കണ്ട് ഏതു ശിലാഹൃദയവും അലിഞ്ഞുപോയിട്ടുണ്ടാകും. ഹരിപ്പാടുമായി തനിക്കുള്ള ആത്മബന്ധവും തനിക്കു വേണ്ടി ഒരു എതിര്‍പ്പുമില്ലാതെ സീറ്റൊഴിഞ്ഞ ബാബുപ്രസാദ് എംഎല്‍എയുടെ ത്യാഗവും ഓര്‍ത്തുള്ള വിങ്ങിക്കരച്ചില്‍ കൂട്ടനിലവിളിയായി മാറുന്നതും അതു ഹരിപ്പാട് മണ്ഡലത്തിലെ സമ്പൂര്‍ണ ജലസേചനത്തിനുള്ള ഉറവിടമായി പരിണമിക്കുന്നതും കണ്ട് അന്തിച്ചുനില്‍ക്കാത്തവര്‍ക്ക് കൊടുക്കണം ക്ഷമയുടെ നൊബേല്‍.

ഓര്‍മകള്‍ ഉണ്ടായിരിക്കണം എന്നാണ്. 1982ല്‍ കെഎസ്യു പ്രസിഡന്റായിരിക്കെ കന്നിയങ്കം ജയിച്ചതും '87ല്‍ വീണ്ടും ജയിച്ച് മന്ത്രിയായതും ഓര്‍ത്തു. അതിനൊക്കെ കാരണക്കാരനായ കരുണാകരനെ മാത്രം ഓര്‍ത്തില്ല. സൈക്കിള്‍ ചവിട്ടി ട്യൂട്ടോറിയലില്‍ പോയി ഹിന്ദി പഠിപ്പിച്ച കാര്യം തീരെ ഓര്‍ത്തില്ല. ഹിന്ദി വാധ്യാരില്‍നിന്ന് കോടീശ്വരനിലേക്കുള്ള ദൂരം ഉമ്മന്‍ചാണ്ടിയും രാഹുല്‍ജിയും തമ്മിലുള്ള വിടവിനേക്കാള്‍ ഒട്ടും കൂടുതലല്ല. ആ ദൂരം താണ്ടുന്നതിനിടയില്‍ ഹരിപ്പാടിനെ മറന്നിട്ടില്ല; മാനസിക സംഘര്‍ഷമുണ്ടാകുമ്പോള്‍ ഹരിപ്പാട്ടെത്തിയാണ് അതു മാറ്റുന്നത്. അങ്ങനെ ഒരാശുപത്രി അവിടെയുള്ള കാര്യം അറിയാന്‍ വൈകിപ്പോയതുകൊണ്ടാകണം ഹരിപ്പാട്ടെ കോണ്‍ഗ്രസുകാര്‍ ഒന്നടങ്കം കരഞ്ഞത്.

പ്രസിഡന്റ് വിതുമ്പിയപ്പോള്‍ വേദിയിലുണ്ടായവര്‍ കണ്ട് സഹിക്കാതെ കരയണം. ബാബുപ്രസാദ് എംഎല്‍എയുടെ കരച്ചില്‍ സീറ്റ് അടിച്ചുമാറ്റിയിട്ടും കരയുന്ന നേതാവിനെ കണ്ട് സഹിക്കാന്‍ പറ്റാത്തതുകൊണ്ടുതന്നെ. സദസ്സിലുണ്ടായിരുന്ന സ്ത്രീകള്‍ കരഞ്ഞതോ? അതിന്റെ കാരണം അന്വേഷിച്ചുള്ള പോക്കിലാണ് ശതമന്യു തൃശൂരിലെ ഒരു ജോത്സ്യനെ കണ്ടുമുട്ടിയത്. ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ യോഗമില്ലെന്നാണ് ആ ജ്യോതിഷിയുടെ പ്രവചനം. ജാതകവശാല്‍ മുഖ്യമന്ത്രിയാകാന്‍ യോഗമില്ല; പരിഹാരക്രിയ വേണം. ജ്യോതിഷി നിര്‍ദേശിച്ച പരിഹാരമാര്‍ഗത്തിലൊന്ന് കണ്ണുനീര്‍തര്‍പ്പണമാണ്. നൂറുസ്ത്രീകള്‍ കരഞ്ഞുകണ്ണീരു നിലത്തുവീണാല്‍ ഉമ്മന്‍ചാണ്ടിയുടെ ചീട്ട് കീറാനാകുമത്രേ. എങ്കില്‍ പ്രതിപക്ഷനേതാവാകാനെങ്കിലും കഴിഞ്ഞേക്കുമെന്നും അഞ്ചുകൊല്ലം കഴിഞ്ഞാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് ഒരുകൈ നോക്കാമെന്നുമാണ് മനഃകണക്ക്. പാമൊലിന്‍ കേസ് വീണ്ടും പൊക്കിവിട്ടതും രാഹുല്‍ജിയെ ഹിന്ദിപറഞ്ഞു വശീകരിച്ചതും പോരാഞ്ഞ് ഇനിയും വേണം ആഭിചാര ക്രിയകളെന്ന്.

സംഖ്യാഫലപ്രകാരം 2011 ഭരണാധികാരികള്‍ക്ക് നല്ല വര്‍ഷമല്ല. അധികാരത്തിലിരിക്കുന്നവര്‍ക്ക് അഭിമാനക്ഷതം, ആരോപണം, വിമര്‍ശം എന്നിവയേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. 2011ല്‍ അധികാരമേല്‍ക്കുന്നവര്‍ പൊതുവേ കേസുകളില്‍ അകപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ജ്യോത്സ്യന്മാരുടെ ഈ പ്രവചനങ്ങള്‍ വച്ച് തല്‍ക്കാലത്തേക്ക് എല്‍ഡിഎഫ് തന്നെ വന്നോട്ടെ എന്നാണ് ചെന്നിത്തലയുടെ ഇംഗിതം. ഇതൊക്കെക്കൊണ്ടാണ് എം വി രാഘവന്‍ പറഞ്ഞുപോയത്-കോണ്‍ഗ്രസില്‍ ചെന്നിത്തലയും ചാണ്ടിയും തമ്മിലാണ് മത്സരമെന്ന്. ആരാണ് യഥാര്‍ഥ വിമതനെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടതില്ല-ഹരിപ്പാട്ടേക്ക് കൈ ചൂണ്ടിയാല്‍ മതി.

*
കുറ്റംപറഞ്ഞു ചിരിക്കുന്നവരോടു ചുറ്റത്തിനാളുകളേറ്റമുണ്ടായ് വരും എന്ന് നമ്പ്യാര്‍ പറഞ്ഞത് ശരിയാണ്. മാര്‍ക്സിസ്റ് പാര്‍ടിയെ കുറ്റംപറഞ്ഞു ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ ഇടതുപക്ഷ ഏകോപനസമിതിക്ക് നല്ല പ്രചാരണം കിട്ടി. അതുകണ്ട് ഷൊര്‍ണൂരിലെ ഏകോപനക്കാരന്‍ പ്രകോപനക്കാരനായി. താന്‍ മത്സരിച്ചു ജയിച്ച് നിയമസഭയില്‍ എത്തുമെന്നാണ് വീമ്പടിച്ചത്. എവിടെ വോട്ട് എന്ന ചോദ്യത്തിന് 'അത് കോണ്‍ഗ്രസ് തന്നുകൊള്ളും' എന്നായി. അങ്ങനെ 'യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യുക' എന്ന ചുമരെഴുത്ത് നടത്തിയപാടെ, അപകടം മണത്തറിഞ്ഞ് ഏകോപനസമിതിക്കാര്‍ പ്രകോപിതരായി. മുരളി അവിടെ നിന്നു പുറത്ത്. കക്ഷത്തിലുള്ളതു പറന്നുപോയി; പറക്കുന്നതിനെ കിട്ടിയതുമില്ല. യഥാര്‍ഥ വിപ്ളവനായകന്‍ പെരുവഴിയില്‍.

മുരളിയുടെ നോവൊന്നും നോവല്ല. 'പരിഗണന' കൊതിച്ച് വലത്തോട്ടു തിരിഞ്ഞവര്‍ക്കൊക്കെ നൊന്തിട്ടുണ്ട്. ഗൌരിയമ്മയും എം വി രാഘവനും വീരേന്ദ്രകുമാറും പി ജെ ജോസഫും യുഡിഎഫിലെ പരിഗണന ആഘോഷിച്ചു കൊണ്ടിരിക്കയാണ്. വീരനു മിണ്ടാട്ടം മുട്ടിപ്പോയി. ആകെ കൂടെയുണ്ടായിരുന്ന കൃഷ്ണന്‍കുട്ടിയും പാട്ടിനുപോകുന്ന മട്ടാണ്. ജോസഫ് തൊടുപുഴയില്‍ ഒന്നു പാടാനുള്ള അനുമതിയെങ്കിലും തരണമെന്ന അപേക്ഷയാണ് പിടി തോമസ് മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളത്.

എന്താണ് യുഡിഎഫ് ഘടകകക്ഷികളുടെ ചുമതല? വളമിടുക, വരമ്പിടുക, വാരം കൊടുക്കുക, വഴിമാറുക-അത്രതന്നെ. എം വി രാഘവനും ഗൌരിയമ്മയും ഇത്തവണ നിയമസഭ കാണേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. ഇരുവരും വഴിമാറിക്കൊടുക്കേണ്ടിവന്നു.

ചേര്‍ത്തലയിലും നെന്മാറയിലും രണ്ട് ഗജപോക്കിരികള്‍ കാലും കൈയും ഇട്ട് നിലവിളിക്കുന്നത് കണ്ടുകൊണ്ടാണ് 'പരിഗണന' ചാക്കിലാക്കി വാങ്ങാന്‍ സിന്ധുജോയി പുതുപ്പള്ളിയില്‍ പോയത്. റോസക്കുട്ടി, ജമീല ഇബ്രാഹിം, ലാലി വിന്‍സന്റ്, അല്‍ഫോന്‍സ ജോണ്‍, സിമി റോസ്ബെല്‍, ദീപ്തി മേരി വര്‍ഗീസ് എന്നിങ്ങനെ വേണ്ടുവോളം പരിഗണന കിട്ടിയവര്‍ കോണ്‍ഗ്രസിന്റെ മുറ്റത്തും വളപ്പിലുമൊക്കെയായി നില്‍പ്പുണ്ട്. ശോഭന ജോര്‍ജ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ചെങ്ങന്നൂരില്‍ കൊടിപിടിക്കുകയാണ്. അവര്‍ക്കെല്ലാം കിട്ടിയതിനേക്കാള്‍ മുന്തിയതുതന്നെയാകട്ടെ 'മൂന്നാമത്തെ മകള്‍ക്ക്' ഉമ്മന്‍ചാണ്ടിപ്പിതാവില്‍നിന്നു കിട്ടുന്നത് എന്നാശംസിക്കാം.

3 comments:

ശതമന്യു said...

തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ പ്രസംഗിക്കുന്നതിനിടെ ചെന്നിത്തല വിതുമ്പുന്നതു കണ്ട് ഏതു ശിലാഹൃദയവും അലിഞ്ഞുപോയിട്ടുണ്ടാകും. ഹരിപ്പാടുമായി തനിക്കുള്ള ആത്മബന്ധവും തനിക്കു വേണ്ടി ഒരു എതിര്‍പ്പുമില്ലാതെ സീറ്റൊഴിഞ്ഞ ബാബുപ്രസാദ് എംഎല്‍എയുടെ ത്യാഗവും ഓര്‍ത്തുള്ള വിങ്ങിക്കരച്ചില്‍ കൂട്ടനിലവിളിയായി മാറുന്നതും അതു ഹരിപ്പാട് മണ്ഡലത്തിലെ സമ്പൂര്‍ണ ജലസേചനത്തിനുള്ള ഉറവിടമായി പരിണമിക്കുന്നതും കണ്ട് അന്തിച്ചുനില്‍ക്കാത്തവര്‍ക്ക് കൊടുക്കണം ക്ഷമയുടെ നൊബേല്‍.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

http://rkdrtirur.blogspot.com/2011/03/blog-post_24.html
ഹരിപ്പാട്ടെ "എലിമിനേഷന്‍ റൌണ്ടും" പുതുപ്പള്ളിയിലെ "പരിഗണനയും"
എസ്.എം.എസ്. ഇല്ലാത്തത് കൊണ്ട് ഗായകന്‍ പുറത്താകുന്ന പോലെ വോട്ടു തികയാത്തത് കൊണ്ട് കേരള നിയമസഭ എന്ന റിയാലിറ്റി ഷോയില്‍ നിന്നും പടിയിറങ്ങാനാണോ ചെന്നിത്തലയുടെ വിധി? പാമോയിലില്‍ വഴുതി വീണേക്കാവുന്ന കുഞ്ഞൂഞ്ഞിന്റെ മനസ്സില്‍ പ്രകാശിച്ചു നില്‍ക്കുന്ന കസേര ചുളുവില്‍ അടിച്ചു മാറ്റാമെന്ന മോഹവുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ചെന്നിത്തലയെ എലിമിനേറ്റു ചെയ്യാനുള്ള നീക്കമാണോ ഹരിപ്പാട്ടെ ജനങ്ങളുടെ കണ്ണീര്‍?

sabri said...

super manoj super.