Sunday, March 6, 2011

ആര്‍ക്ക് സീറ്റ് കൊടുക്കണം?

ഒരു നാടന്‍ പാട്ടുണ്ട്. മുണ്ടകന്‍ കണ്ടാലറിയില്ല, പുഞ്ചയ്ക്ക് തേവാനറിയില്ല, കണ്ടംകുത്താനറിയില്ല, വരമ്പ് മാടാനറിയില്ല, കുറുന്തോട്ടിത്തല കണ്ടാലുമറിയില്ല, കഞ്ഞിക്കൂര്‍ക്ക മണത്താലുമറിയില്ല, നാട്ടുമരുന്നിന്റെ പേരുമറിയില്ല-പിന്നെന്തു കുന്തം പഠിച്ചെന്റെ ചെക്കാ എന്ന്. പിള്ളാരെ വേണ്ട സമയത്ത് വേണ്ടപോലെ പഠിപ്പിക്കാത്തതിന്റെ കുഴപ്പമാണത്. പക്ഷേ, വേണ്ട രീതിയില്‍ പഠിപ്പിച്ച ചില പിതാക്കളുമുണ്ട്-പതിനാലുകാരനായ മകന്റെ കൈപിടിച്ച് പണ്ടൊരച്ഛന്‍ ദേശീയ നേതാവിന്റെ അടുത്തെത്തി.

നേതാവ് ചോദിച്ചു: 'വാട്ട് യു വാണ്ട്?'
അവന്‍ പറഞ്ഞു: "എനിക്ക് മെമ്പര്‍ഷിപ്പ് വേണം''.
നേതാവിന്റെ പ്രതികരണം: 'യു ആര്‍ ടൂ സ്മോള്‍ ടു ബി എ മെമ്പര്‍'. (നിനക്കതിനുള്ള മുഴുപ്പായിട്ടില്ലെടാ ചെക്കാ എന്ന്)
അപ്പോള്‍ അച്ഛന്‍ ഇടപെട്ടു: "ബട്ട് ഹി വില്‍ ഗ്രോ''. (പൊന്നുമോന്‍ ഉടനെ വളരുമെന്ന്. പിന്നീടത് 'ഗ്രോ മോര്‍' ആയി)

അതാണ് യഥാര്‍ഥ അച്ഛന്‍.

ആ അച്ഛന്റെ മോന്‍ വളര്‍ന്ന് ഇപ്പോള്‍ വീരവീരേന്ദ്രനായിരിക്കുന്നു. പക്ഷേ ഒരു കുഴപ്പം. ഇയ്യിടെയായി എവിടെയും കാണാനില്ല. ഒന്നും മിണ്ടുന്നില്ല; മിണ്ടിയാല്‍ ആരും ഗൌനിക്കുന്നില്ല. ഒന്നാംദിവസം അതിഥി, രണ്ടാം ദിവസം ഭാരം, മൂന്നാം ദിവസം കീടം-ഇതാണ് കോണ്‍ഗ്രസിന്റെ മുന്നണിയിലെത്തിയപ്പോള്‍ അവസ്ഥ. 12 സീറ്റ് വേണമെന്നാണ് ആവശ്യം. രണ്ടോ മൂന്നോ കിട്ടിയാലായി. എന്തായാലും സ്വന്തം മകനെയും കൂട്ടി ഉമ്മന്‍ചാണ്ടിയുടെ സവിധത്തില്‍ ചെന്ന്, 'ബട്ട് ഹി വില്‍ ഗ്രോ മോര്‍' എന്നാണ് പറയുന്നത്. പാരമ്പര്യത്തിന്റെയൊരു ഗുണം!

ഒരതിഥിക്ക് മറ്റൊരതിഥിയെ ഇഷ്ടമാകില്ല; ആതിഥേയന് അവര്‍ രണ്ടുപേരെയും ഇഷ്ടമാകില്ല. കോണ്‍ഗ്രസിന് വീരനെയും ഇഷ്ടമല്ല; ജോസഫിനെയും ഇഷ്ടമല്ല. രണ്ടു കൂട്ടരും എല്‍ഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ ജയിച്ച സീറ്റുകളുടെ എണ്ണം പോലും ഇക്കുറി സീറ്റായി കിട്ടില്ലെന്നാണ് കേള്‍ക്കുന്നത്. അല്ലെങ്കിലും എവിടെന്നെടുത്തിട്ട് കൊടുക്കാനാണ്? കോണ്‍ഗ്രസില്‍ തന്നെ ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും കൊടുക്കണമെങ്കില്‍ തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും സീറ്റുകള്‍കൂടി കൊണ്ടുവരേണ്ടിവരും. ഉണ്ണിത്താന്‍ മുതല്‍ കല്ലറ സരസമ്മ വരെയാണ് നിര. ഇന്ദിര ഗാന്ധി കഴിഞ്ഞാല്‍ 'അമ്മാ' എന്ന വിളി കൂടുതല്‍ കേട്ടതാണ് സരസമ്മയുടെ സാരസ്യം. സ്വന്തം നേതാക്കളുടെ വീരചരമം കെ.എസ്.യു പരസ്യമായി സ്വപ്നം കാണുന്നു. സംസ്കൃതത്തിലാണെന്നു മാത്രം-വൈദ്യശാസ്ത്രം പരാജയപ്പെട്ടാലേ യുവാക്കള്‍ക്ക് സീറ്റു നല്‍കൂ എന്ന സമീപനം മാറ്റണമെന്ന്.

കണ്ടതൊന്നുമല്ല പൂരം. കളങ്കിതര്‍ക്ക് സീറ്റു വേണോ വേണ്ടയോ എന്നതാണ് പുതിയ തര്‍ക്കം. കോടാലി ശ്രീധരന്റെ കയ്യില്‍നിന്നു വാങ്ങി പുട്ടടിച്ചവരും കണിച്ചുകുളങ്ങരയിലെ ഹിമാലയന്‍ പണം അടിച്ചുമാറ്റിയവരും നിഷ്കളങ്കിതരായി പറയുന്നു: പാമൊലിന്‍ കളങ്കിതനെ മാറ്റിനിര്‍ത്തണമെന്ന്. യുഡിഎഫ് ഇക്കുറി നിര്‍ത്താന്‍ പോകുന്ന നിഷ്കളങ്കരുടെ പട്ടിക ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ബ്രാക്കറ്റില്‍ കളങ്കമില്ലായ്മയുടെ സൂചന. അതിങ്ങനെ:

1. കുഞ്ഞാലിക്കുട്ടി (ഐസ്ക്രീം, റജീന, ജഡ്ജിമാര്‍ക്ക് സഹായം)
2. എം കെ മുനീര്‍ (റോഡില്‍നിന്നു വാരിയെടുക്കല്‍, വണ്ടിച്ചെക്ക് )
3. ഉമ്മന്‍ചാണ്ടി (പാമൊലിന്‍, സൈന്‍ബോഡ്, സുനാമി ഫണ്ട്)
4. കെ എം മാണി (പാലാഴി മഥനം)
5. പി സി ജോര്‍ജ് (പരസഹായം, അപവാദപ്രചാരണം, വിജിലന്‍സ് കേസ്)
6. ടി എച്ച് മുസ്തഫ (പാമൊലിന്‍)
7. അടൂര്‍ പ്രകാശ് (റേഷന്‍ ഡിപ്പോ കച്ചവടം).
8. ടി എം ജേക്കബ് (കുരിയാര്‍ കുറ്റി-കാരപ്പാറ)
9. എം എം ഹസ്സന്‍ (മാപ്പ്-മാര്‍ക്ക്ലിസ്റ്)
10. രാജ്മോഹന്‍ ഉണ്ണിത്താന്‍ (മഞ്ചേരി-സേവാദള്‍-സഹകരണം)
11. നാലകത്ത് സൂപ്പി (സ്കൂളുകള്‍, ബിഷപ്, പണം)
12.മായിന്‍ ഹാജി (മാറാട് കലാപക്കേസ്)...

ഇങ്ങനെ എത്ര എഴുതും. കുട്ടപ്പന്‍, ഇബ്രാഹിം കുഞ്ഞ്, വിമാനം ജോസഫ്, ശോഭന ജോര്‍ജ്, പുളിയാര്‍മല ഭൂനായകന്‍ ശ്രേയാംസ് കുമാര്‍, രാമചന്ദ്രന്‍ മാസ്റര്‍, ചിറ്റൂര്‍ അച്യുതന്‍, വക്കം പുരുഷോത്തമന്‍, മോഡിഭക്തശിരോമണി അബ്ദുള്ളക്കുട്ടി എന്നിങ്ങനെ പറഞ്ഞാല്‍ തീരുമോ നിഷ്കളങ്ക പ്രതിഭകളുടെ പേരുവിവരം. ഇവര്‍ക്കൊക്കെ സീറ്റു കൊടുത്തിട്ടുപോരേ കെ.എസ്.യുവിന്റെയും യൂത്തിന്റെയും ഇളക്കം?

*
യുവരാജാവ് കേസില്‍പ്പെട്ടതോടെ കുട്ടിഖദറുകാരുടെ ശൌര്യം അല്‍പ്പം അടങ്ങിയിട്ടുണ്ടെന്നാണ് കേള്‍വി. കോണ്‍ഗ്രസ് നേതാവിന്റെ മകളെത്തന്നെ യുവരാജന്‍ കയറിപ്പിടിച്ചെന്നും സംഗതി പുലിവാലായപ്പോള്‍ കൊണ്ടുപോയി ഒളിപ്പിച്ചെന്നും ഇപ്പോഴും അത് തുടരുന്നുവെന്നുമാണ് പറയുന്നത്. വെറുതെ പറയുന്നതല്ല-ഹൈക്കോടതിയിലെ കേസാണ്. ഇടയ്ക്കിടെ കേരളത്തില്‍ വരുന്നതും പെറോട്ട തിന്നുന്നതുമൊക്കെ ഇതുമായി ബന്ധപ്പെട്ടാണോ എന്ന് ശതമന്യുവിനു സംശയമുണ്ട്. ഉണ്ണിത്താന്‍ മഞ്ചേരിക്ക് പോയപോലെയാണ്, ആരെയുമറിയിക്കാതെ യുവരാജന്‍ കോഴിക്കോട്ടു വരുന്നത്. പണ്ടൊരിക്കല്‍ പരസ്യമായി കോവളത്ത് കൊളംബിയക്കാരി വെറോണിക്കയോടൊപ്പം വന്ന് ഉല്ലസിച്ചത് പോട്ടേന്നു വയ്ക്കാം. ഇതെന്തിനാണാവോ കേരളത്തിലേക്ക് ഇടയ്ക്കിടെ രഹസ്യസന്ദര്‍ശനം. ആ പെങ്കൊച്ചിനെ കോഴിക്കോട്ടെ വല്ല റിസോര്‍ട്ടിലോ വയനാട്ടിലോ പാര്‍പ്പിച്ചിട്ടുണ്ടാ? അതും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇനി ഏതെങ്കിലും മജിസ്ട്രേട്ട് കോടതിയില്‍ ശതമന്യു തന്നെ ഹര്‍ജി നല്‍കേണ്ടിവരുമോ? ജീവിച്ചിരിക്കുമ്പോള്‍ കോടതികളെ ഭയപ്പെടുക; മരിക്കുമ്പോള്‍ നരകത്തെയും എന്ന ഒരു ചൈനീസ് ചൊല്ല് കേട്ടിട്ടുണ്ട്. യുവരാജാവും പേടിക്കട്ടെ കോടതിയെ.

*
യുഡിഎഫിന് അബദ്ധം പറ്റി എന്നു പ്രത്യേകം പറയേണ്ടതില്ല. പറ്റി എന്നു പറഞ്ഞാല്‍ മതി. അബദ്ധമേ പറ്റാറുള്ളൂ. അതിനേക്കാള്‍ വലിയ അബദ്ധം നമ്മുടെ മാധ്യമങ്ങള്‍ക്കും പറ്റി. വി എസിനെ പാര്‍ടിയില്‍നിന്ന് അടര്‍ത്തിയെടുത്ത് എസ് സുധീഷ്, അപ്പുക്കുട്ടാദികളുടെ കൈവെള്ളയില്‍ വച്ചുകൊടുക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്തവരാണ് അവര്‍. വെറുതേ സ്വപ്നം കാണുന്ന മലര്‍പ്പൊടിക്കാരന് ഇതിനേക്കാള്‍ ബുദ്ധിയുണ്ടാകും. ഇന്ത്യയിലെ കമ്യൂണിസ്റ് പാര്‍ടിയുടെ തലമുതിര്‍ന്ന നേതാവിനെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും പാര്‍ടിക്കെതിരാക്കി മാറ്റാമെന്നും അതിന്റെ ബലത്തില്‍ പാര്‍ടിയെ ക്ഷീണിപ്പിച്ചു ഭരണം പിടിച്ചുകളയാമെന്നും ഇന്നുവരെ ഒരു മലര്‍പ്പൊടിക്കാരനും ചിന്തിച്ചിട്ടുണ്ടാകില്ല-യുഡിഎഫ് അല്ലാതെ. വി എസ് നല്ലത്; പാര്‍ടി മോശമെന്ന് നിരന്തരം പറഞ്ഞു. അങ്ങനെ പറഞ്ഞുറപ്പിച്ചാല്‍ രണ്ടും രണ്ടു വഴിക്കാകുമെന്നും നടുവില്‍ നിന്ന് കാര്യം നേടാമെന്നും കരുതിയവര്‍ അതിന്റെ ആവേശത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ചാടിയത്. വെള്ളം കണ്ട പോത്തിനെപ്പോലെ രണ്ടും കല്‍പ്പിച്ചുള്ള ചാട്ടം. ജയിക്കും ഭരിക്കും മുടിക്കും കലക്കും എന്ന് മുദ്രാവാക്യം. പാര്‍ടിയില്‍ ഗ്രൂപ്പില്ലെന്നും വി എസും പാര്‍ടിയും രണ്ടല്ലെന്നും മനസ്സിലാക്കാന്‍ യുഡിഎഫിന് ഏറെക്കാലം വേണ്ടിവന്നു.

അങ്ങനെ തോന്നിയവാറെ, യോഗം ചേര്‍ന്ന് വി എസിനെതിരെ ആരോപണങ്ങളുന്നയിക്കാന്‍ തീരുമാനമെടുത്തു. എം എം ഹസ്സന്‍ മുതല്‍ ഉമ്മന്‍ചാണ്ടിവരെയുള്ളവര്‍ നിരന്നുനിന്ന് ആരോപണം ചീറ്റി. മനോരമയ്ക്ക് ഇരിക്കപ്പൊറുതിയില്ല. ടാറ്റായ്ക്കുണ്ടായിരുന്നത് എന്തിന് റിലയന്‍സിന് കൊടുത്തെന്നുവരെ ചോദ്യം. എല്ലാം എന്റെ പാര്‍ടി തീരുമാനിക്കുമെന്നു വി എസ് പറയുന്നത് സഹിക്കാനാകുന്നില്ല അവര്‍ക്ക്. വി എസിനെതിരെ ആഞ്ഞടിച്ചാല്‍, പാര്‍ടിയില്‍നിന്ന് പലരും സഹായവുമായി കടന്നുചെല്ലുമെന്നും അങ്ങനെ രംഗം കൊഴുപ്പിക്കാമെന്നും ചിന്തിച്ചുപോയി പാവങ്ങള്‍. അവരുണ്ടോ അറിയുന്നു ഇത് അമ്മാതിരി പാര്‍ടിയല്ലെന്ന്. കോണ്‍ഗ്രസാകുമ്പോള്‍ കരുണാകരനെ ചാരനാക്കും; ആന്റണിയെ കൊള്ളരുതാത്തവനാക്കും. എല്ലാം കസേരയ്ക്കുവേണ്ടിയുള്ള കളി.

ഇത് കളി വേറെയാണ്.

പാര്‍ടി നേതാവിനെതിരെ ശത്രുപക്ഷത്തുനിന്നു വരുന്ന ഏതാക്രമണത്തെയും നെഞ്ചുവിരിച്ചു നേരിടുന്നവരാണ്, എതിരാളിക്ക് ആയുധം കൊടുക്കുന്നവരല്ല കമ്യൂണിസ്റുകാര്‍ എന്ന തിരിച്ചറിവാണ് യുഡിഎഫിന്റെയും മാതൃഭൂമി, മനോരമാദികളുടെയും ഇന്നത്തെ പ്രധാന പ്രശ്നം. "എല്ലാം തികഞ്ഞിട്ടൊരു വസ്തു പോലും തണ്ടാമഹന്‍ ഹന്ത ചമച്ചതില്ല'' എന്ന തത്ത്വം കമ്യൂണിസ്റുകാര്‍ക്കും ബാധകംതന്നെ. അഭിപ്രായഭിന്നതകളും എതിര്‍പ്പുകളുമൊക്കെ എവിടെയുമുണ്ടാകും. കമ്യൂണിസ്റ് പാര്‍ടി അത് പരിശോധിക്കുകയും കണ്ടെത്തുകയും തിരുത്തുകയും ചെയ്യും. സിപിഐ എമ്മിന്റെ ഓടിളക്കി ഒളിഞ്ഞുനോക്കി മനോരമയുടെ വായില്‍ വെള്ളമൂറിയാല്‍ ആ വെള്ളം പാഴ്വെള്ളമാകുമെന്നര്‍ഥം. ആരു മത്സരിക്കും, ആരു നയിക്കും എന്നൊക്കെ തീരുമാനിക്കുന്നത് ഏതെങ്കിലും ഹൈക്കമാന്‍ഡിന്റെ മൂഡനുസരിച്ചോ ഹൈക്കിടാങ്ങളുടെ കംപ്യൂട്ടറിനോട് ചോദിച്ചോ അല്ല. ഏതെങ്കിലും കോണ്‍ഗ്രസുകാരനും കൂലിപ്പടയാളിയായ മാധ്യമക്കാരനും ആരോപണം വിസര്‍ജിച്ചാല്‍ കമ്യൂണിസ്റ് നേതാക്കളുടെ ചങ്കു തകര്‍ന്നുപോകുമെങ്കില്‍ ഇന്നാട്ടില്‍ പിന്നെ കമ്യൂണിസ്റുകാരുണ്ടാകുമോ? തെരഞ്ഞെടുപ്പിന്റെ തലേന്ന് വാര്‍ത്താസമ്മേളനം വിളിച്ച് വി എസ് അഴിമതിക്കാരനെന്നു വിളിച്ചുകൂവിയാല്‍ കൂവുന്നവന്റെ തൊണ്ട പൊട്ടും. മലയ്ക്ക് കല്ലെറിയുക എന്ന ചൊല്ലേ കേട്ടിട്ടുള്ളൂ. അത് ഇപ്പോള്‍ കാണുന്നു. കീഴില്‍ചെയ്ത ശുഭാശുഭ കര്‍മം മേലില്‍ സുഖദുഃഖത്തിനു കാരണം എന്നാണ് എഴുത്തച്ഛന്റെ മതം. അങ്ങനെയൊരപഹാരം യുഡിഎഫിനുണ്ടോ എന്ന് ഏതെങ്കിലുമൊരു ജോത്സ്യനെ വരുത്തി പരിശോധിക്കട്ടെ.

*
യുഡിഎഫ് ജയിച്ചാല്‍ തലസ്ഥാനം മലപ്പുറത്തേക്ക് മാറ്റണമെന്ന് കുഞ്ഞാലിക്കുട്ടിക്കും വേണ്ട പാലായില്‍ മതിയെന്ന് മാണിസാറിനും കലശലായ ആഗ്രഹമുണ്ടത്രേ. അവിടെയിരുന്ന് ഭരിക്കുന്നതാണത്രേ അതിന്റെയൊരു സുഖം. ജനങ്ങള്‍ ഈ രണ്ടു മഹാനേതാക്കളുടെയും ആഗ്രഹം സാധിച്ചുകൊടുക്കുമോ. അതോ ഇരുവരും ഇഷ്ടമുള്ളിടത്ത് വിശ്രമിക്കട്ടെ എന്ന് തീരുമാനിക്കുമോ എന്ന് കാത്തിരുന്നു കാണാം. ഊഹാപോഹങ്ങള്‍ക്ക് നീണ്ട ഒരുമാസം-വിഷു മുതല്‍ മെയ് 13 വരെ തെരഞ്ഞെടുപ്പു കമീഷന്‍ അനുവദിച്ചിട്ടുണ്ട്.

1 comment:

ശതമന്യു said...

ഇത് കളി വേറെയാണ്.

പാര്‍ടി നേതാവിനെതിരെ ശത്രുപക്ഷത്തുനിന്നു വരുന്ന ഏതാക്രമണത്തെയും നെഞ്ചുവിരിച്ചു നേരിടുന്നവരാണ്, എതിരാളിക്ക് ആയുധം കൊടുക്കുന്നവരല്ല കമ്യൂണിസ്റുകാര്‍ എന്ന തിരിച്ചറിവാണ് യുഡിഎഫിന്റെയും മാതൃഭൂമി, മനോരമാദികളുടെയും ഇന്നത്തെ പ്രധാന പ്രശ്നം. "എല്ലാം തികഞ്ഞിട്ടൊരു വസ്തു പോലും തണ്ടാമഹന്‍ ഹന്ത ചമച്ചതില്ല'' എന്ന തത്ത്വം കമ്യൂണിസ്റുകാര്‍ക്കും ബാധകംതന്നെ. അഭിപ്രായഭിന്നതകളും എതിര്‍പ്പുകളുമൊക്കെ എവിടെയുമുണ്ടാകും. കമ്യൂണിസ്റ് പാര്‍ടി അത് പരിശോധിക്കുകയും കണ്ടെത്തുകയും തിരുത്തുകയും ചെയ്യും. സിപിഐ എമ്മിന്റെ ഓടിളക്കി ഒളിഞ്ഞുനോക്കി മനോരമയുടെ വായില്‍ വെള്ളമൂറിയാല്‍ ആ വെള്ളം പാഴ്വെള്ളമാകുമെന്നര്‍ഥം. ആരു മത്സരിക്കും, ആരു നയിക്കും എന്നൊക്കെ തീരുമാനിക്കുന്നത് ഏതെങ്കിലും ഹൈക്കമാന്‍ഡിന്റെ മൂഡനുസരിച്ചോ ഹൈക്കിടാങ്ങളുടെ കംപ്യൂട്ടറിനോട് ചോദിച്ചോ അല്ല. ഏതെങ്കിലും കോണ്‍ഗ്രസുകാരനും കൂലിപ്പടയാളിയായ മാധ്യമക്കാരനും ആരോപണം വിസര്‍ജിച്ചാല്‍ കമ്യൂണിസ്റ് നേതാക്കളുടെ ചങ്കു തകര്‍ന്നുപോകുമെങ്കില്‍ ഇന്നാട്ടില്‍ പിന്നെ കമ്യൂണിസ്റുകാരുണ്ടാകുമോ? തെരഞ്ഞെടുപ്പിന്റെ തലേന്ന് വാര്‍ത്താസമ്മേളനം വിളിച്ച് വി എസ് അഴിമതിക്കാരനെന്നു വിളിച്ചുകൂവിയാല്‍ കൂവുന്നവന്റെ തൊണ്ട പൊട്ടും. മലയ്ക്ക് കല്ലെറിയുക എന്ന ചൊല്ലേ കേട്ടിട്ടുള്ളൂ. അത് ഇപ്പോള്‍ കാണുന്നു.