Monday, January 24, 2011

ഗ്രേറ്റ് കമാന്‍ഡര്‍

പെട്ടെന്ന് ഊരിപ്പോരാന്‍ പറ്റാത്ത പ്രശ്നത്തിന്റെ ഹിന്ദുത്വനാമമത്രേ യെദ്യൂരപ്പ. പണ്ട് ഗുരുജി ഗോള്‍വാള്‍ക്കറിന്റെ കത്തുമായി വാജ്പേയിയെയും കൂട്ടി കൊല്‍ക്കത്തയില്‍ പോയി ശ്യാമപ്രസാദ് മുഖര്‍ജിയെ കണ്ട് ജനസംഘത്തിന് വിത്തിട്ടപ്പോഴൊന്നും അദ്വാന്‍ജിക്ക് ഇത്ര ടെന്‍ഷനുണ്ടായിരുന്നില്ല. അന്നും എന്നും ഇടപെട്ട പ്രശ്നങ്ങളില്‍നിന്ന് തടികേടാകാതെ ഊരിപ്പോരാനുള്ള തണ്ടും തടിമിടുക്കും അദ്വാന്‍ജിക്കുണ്ടായിരുന്നു. വ്യത്യസ്തമായ പാര്‍ടിയായി ഭരണം നയിച്ചപ്പോഴൊന്നും കോണ്‍ഗ്രസുകാര്‍ കേള്‍പ്പിച്ചതിന്റെയത്ര അഴിമതിയാരോപണം അദ്വാനി കേള്‍പ്പിച്ചിട്ടില്ല; വാജ്പേയിജി കേട്ടിട്ടുമില്ല- വന്നതെല്ലാം സൂത്രത്തില്‍ ഒതുക്കിയിട്ടേയുള്ളൂ.

കക്കാന്‍മാത്രമല്ല ഞേലാനും അറിയാം വ്യത്യസ്തമായ പാര്‍ടിക്ക്. ശവപ്പെട്ടിയും പെട്രോള്‍പമ്പും ഗ്യാസ് ഏജന്‍സിയും സ്വന്തം അക്കൌണ്ടിലുണ്ടെങ്കിലും കാവിപ്പാര്‍ടിയെ അഴിമതിപ്പാര്‍ടിയെന്ന് വിളിക്കാന്‍ പാടില്ല. പണ്ടൊരു പ്രസിഡന്റ് പണം എണ്ണി വാങ്ങുന്നതിന്റെ പടംപിടിച്ച് 'തെഹല്‍ക' പുറത്തുവിട്ടു. ബംഗാരു ലക്ഷ്മണന്‍ എന്ന ആ പ്രസിഡന്റ് ഇപ്പോള്‍ എവിടെയുണ്ടോ എന്തോ. അങ്ങേരുടെ പേരിലുള്ള ക്രിമിനല്‍കേസിന്റെ കാര്യം എന്തരോ എന്തോ. തെഹല്‍കയെ ഏതായാലും വിടാന്‍ പാടില്ല. അതുകൊണ്ടാകണം, മഅ്ദനിക്കഥ പൊളിച്ച് വാര്‍ത്തയെഴുതിയ വനിതാലേഖികയെ ജയിലിലടക്കാന്‍ യെദ്യൂരപ്പയുടെ പൊലീസ് പരക്കംപായുന്നത്. അവരും ഭീകര തെഹല്‍ക പ്രവര്‍ത്തകയാണല്ലോ. കാര്‍ഗില്‍ യുദ്ധവീരന്മാര്‍ക്കുള്ള ഫ്ളാറ്റാണ് കോണ്‍ഗ്രസ് മുക്കിയതെങ്കില്‍ ആ മലനിരകളില്‍ പൊരുതി മരിച്ച ഇന്ത്യന്‍ ഭടന്മാരെ കൊണ്ടുവരാനുള്ള ശവപ്പെട്ടിക്കച്ചവടത്തിലാണ് വ്യത്യസ്ത പാര്‍ടി വ്യത്യസ്ത കൊള്ള നടത്തിയത്. അഴിമതിക്കഥ സിഎജി പുറത്തുകൊണ്ടുവന്നപ്പോഴാണ്, ജോര്‍ജ് ഫെര്‍ണാണ്ടസിനെ അദ്വാന്‍ജിയും വാജ്പേയിജിയും കൈവിട്ടതും പിന്നെ പിന്നാമ്പുറത്തൂടെ വാഴിച്ചതും.

അന്നും ഇമ്മാതിരി ജെപിസി, സിഎജി എന്നെല്ലാമുള്ള അക്ഷരങ്ങള്‍ നാട്ടില്‍ പറന്നുനടന്നിരുന്നു. എന്തിനധികം, പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങി പിടിക്കപ്പെട്ട 11 എംപിമാരില്‍ ഭൂരിപക്ഷം ബിജെപിയാണ് അടിച്ചെടുത്തത്. ഇങ്ങനെയൊക്കെയുള്ള മഹാപ്രസ്ഥാനം കോണ്‍ഗ്രസിനെ നോക്കി അഴിമതിക്കാര്‍ എന്നു പറയുമ്പോള്‍ സത്യമായും ചിരിവരുന്നുണ്ട്. കോണ്‍ഗ്രസ് അഴിമതിയുടെ ഹെഡാഫീസാണെങ്കില്‍ കാവിക്കക്ഷി മൊത്തക്കച്ചവടക്കാരാണ്. അതിന്റെ ഒരു ഏജന്‍സി ഭംഗിയായി നടത്തിക്കൊണ്ടുപോകുന്നത് ഒരു കുറ്റമാണോ? യെദ്യൂരപ്പ ആ ഒരു കുറ്റമേ ചെയ്തിട്ടുള്ളൂ. അല്ലറ ചില്ലറ ഭൂമി ബംഗളൂരുവില്‍ വെറുതെ കിടക്കുന്നുണ്ട്. അത് സ്വന്തക്കാര്‍ക്ക് വീതിച്ചുകൊടുത്തത് എങ്ങനെ അധാര്‍മികമാകും?

ചൈനയില്‍ ചെന്ന് ഗഡ്കരി ആജ്ഞാപിച്ചാല്‍ രാജിവയ്ക്കുന്ന ആളൊന്നുമല്ല യെദ്യൂരപ്പ. ശത്രുക്കളെ തുരത്താന്‍ തൂത്തുക്കുടിയില്‍ ചെന്ന് ശത്രുസംഹാര പൂജ നടത്തും. അത് ഫലിച്ചില്ലെങ്കില്‍ തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തില്‍ ചെന്ന് സാഷ്ടാംഗം വീണുകളയും. എന്നിട്ടും ശരിയാകുന്നില്ലെങ്കില്‍ ഗുണ്ടല്‍പേട്ടുവഴി വയനാട്ടില്‍ ചെന്ന് ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കും. പിന്നെ ഗൌഡരുടെയും മകന്റെയും കഥ കട്ടപ്പൊകതന്നെ.

തീവെട്ടിക്കൊള്ളക്കാരെ പുണ്യവാളന്മാരും മാന്യന്മാരെ എമ്പോക്കികളുമാക്കുന്ന പ്രത്യേകതരം ചികിത്സ വയനാട്ടിലുണ്ട്. എന്തായാലും ഗഡ്കരി പറഞ്ഞതുകൊണ്ട് യെദ്യൂരപ്പ രാജിവയ്ക്കേണ്ടതില്ല. മുഖ്യമന്ത്രിയായാല്‍ സ്വന്തം അധികാരം ഉപയോഗിച്ച് എന്തും ചെയ്യാമെന്നാണ് അവിടെയൊക്കെ നാട്ടുനടപ്പ്. പാര്‍ടി പ്രസിഡന്റിനെ വിലവയ്ക്കാനേ പാടില്ല. ഇങ്ങോട്ട് വിരട്ടിയാല്‍ അങ്ങോട്ട് ഇരട്ടിവിരട്ടും. രാജിവച്ചില്ലെങ്കില്‍ ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. ബിജെപി വാലുപൊക്കിയാല്‍ യെദ്യൂരപ്പ സമുദായംകൊണ്ടും മാധ്യമങ്ങള്‍ സമ്മാനിച്ച 'ജനപ്രീതി'കൊണ്ടും ആ വാലരിയും. വേണ്ടിവന്നാല്‍ സ്വന്തമായി ഒരു പാര്‍ടിതന്നെ ഉണ്ടാക്കും- യഥാര്‍ഥ ഹിന്ദുത്വ പാര്‍ടി. അതാകും പിന്നെ വ്യത്യസ്തമായ പാര്‍ടി.

കുഴിയില്‍ വീണ കൊമ്പന്‍ ചില്ലറക്കാരനല്ല. എല്ലാവരും ചേര്‍ന്ന് വലിച്ച് കരയ്ക്കുകയറ്റിയാല്‍ ബിജെപിക്ക് നന്ന്. അതല്ലെങ്കില്‍ 'ജനപ്രീതി'കൊണ്ട് പാര്‍ടിയെ തകര്‍ത്തുകളയും. വലിയ ബന്ദും പ്രകടനവുമൊക്കെ നടന്നത് ആരും കണ്ടില്ലെന്നുണ്ടോ. വാഴണം ഞാന്‍ വാഴണം; ഞാനില്ലെങ്കില്‍ സകലം താഴണം. എന്ന്വച്ചാല്‍ മുങ്ങിച്ചാകണംന്ന്. എനിക്കുശേഷം പ്രളയമെന്ന്. യെദ്യൂരപ്പ വേണോ പാര്‍ടി വേണോ എന്ന് ഗഡ്കരി ചൈനയില്‍നിന്ന് വരുമ്പോഴെങ്കിലും അദ്വാന്‍ജി തീരുമാനിക്കുമായിരിക്കും. അതല്ലെങ്കില്‍ ഊരിപ്പോരാന്‍ ശ്ശി വിഷമമാകും.

*
ലാസ്റ്റ് ബസ് എപ്പോഴാണെന്ന ചോദ്യത്തിന്, അത് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുമെന്ന മറുപടി പ്രശസ്തമാണ്. അതുപോലെ ഇനി 'അപ്രതീക്ഷിത സന്ദര്‍ശനം' എപ്പോള്‍ എന്ന ചോദ്യത്തിന്, ആഴ്ചയിലൊരിക്കല്‍ മനോരമ വായിച്ചാല്‍ മതി എന്ന ഉത്തരം ചേരും. ശ്രീ പ്രധാനസചിവപദമോഹി അഭിനവഗാന്ധി സോണിയാസുതന്‍ സര്‍ രാഹുല്‍ജി സുല്‍ത്താന്‍ ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി മോസ്റ്റ് എമിനന്റ് ഓര്‍ഡര്‍ ഓഫ് ദി ഇന്ത്യന്‍ കോണ്‍ഗ്രസ് തിരുമനസ്സുകൊണ്ട് എപ്പോള്‍ അപ്രതീക്ഷിത സന്ദര്‍ശനമുണ്ടാകുമെന്ന് എളുപ്പത്തില്‍ ആര്‍ക്കും പ്രവചിക്കാനാകില്ല. എപ്പോള്‍ വന്നാലും അത് അപ്രതീക്ഷിതമാകുമെന്നും വാര്‍ത്തയാകുമെന്നും മൂന്നരവട്ടം ഉറപ്പ്.

വില കൂടിയ ഭക്ഷണം ഉപേക്ഷിച്ച് മര്യാദരാമന്മാരാകാനാണ് വലിയ കോണ്‍ഗ്രസ് ഉപദേശിച്ചത്. അതുകൊണ്ട് ഇനി നാട്ടുകാര്‍ കാപ്പി, ചിപ്സ്, പഫ്സ്, ലൈം ജ്യൂസ് അഥവാ നിംബുപാനി, ക്രീം ബിസ്കറ്റ് എന്നീ ആഹാരമാണ് ശീലമാക്കേണ്ടത്. തൊട്ടുകൂട്ടാന്‍ അല്‍പ്പം അച്ചാറും ആകാം. ഒരു കടയില്‍ കയറിയാല്‍ ആയിരം രൂപതന്നെ കൊടുക്കണം. മുല്ലപ്പള്ളിക്ക് പെട്ടിയിലാക്കി വന്ന പണത്തിന്റെ പലമടങ്ങ് ഇനി അപ്രതീക്ഷിതമായി വരും. നിയമസഭാ തെരഞ്ഞെടുപ്പ് പണത്തില്‍ മുക്കുമെന്ന് യുവരാജകുമാരന്‍ ആയിരം രൂപ വലിച്ചെറിഞ്ഞ് ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നു.

ഒന്നേമുക്കാല്‍ലക്ഷം കോടി എന്നൊക്കെ പറയുന്നത് വളരെ ചെറിയ കണക്കാണെന്നേ. അതിന്റെ പലപല മടങ്ങാണ് അങ്ങ് സ്വിസ് ബാങ്കിലുള്ളതത്രേ. 1456 ബില്യന്‍ ഡോളര്‍. അത് പിന്നെയും വലുതായി 1891 ബില്യന്‍ ഡോളറായത്രേ. എന്നുവച്ചാല്‍ 1,89,100 കോടി ഡോളര്‍. ഒരുകോടി ഡോളര്‍ 50 കോടി രൂപ. അങ്ങനെ കൂട്ടിയാല്‍ 9,45,50,00,00,00,000 രൂപ. തൊണ്ണൂറ്റിനാലു ലക്ഷത്തി അമ്പത്തയ്യായിരം കോടി രൂപ. ഈ പണമുണ്ടെങ്കില്‍ ഇന്ത്യയിലേക്ക് ദാരിദ്ര്യത്തിനും കഷ്ടപ്പാടിനും വിസ കിട്ടില്ല.

ആരുടെയൊക്കെ പേരിലാണീ പണമെന്ന് ചോദിച്ചുനോക്കൂ- മന്‍മോഹനും മിണ്ടില്ല; മനോരമയും മിണ്ടില്ല. രാഹുലിന് പിന്നെ പണത്തിന്റെ കണക്കൊന്നും സൂക്ഷിക്കാനുള്ള പക്വത വന്നില്ല. എന്നിട്ടും കോണ്‍ഗ്രസ് അഴിമതിയെക്കുറിച്ച് പ്രസംഗിക്കുന്നു. രാഹുല്‍ ജനകീയ പരിപ്പുവട തീനിയാകുന്നു. രണ്ടു മക്കളെയും ടെലികോം കമ്പനികളുടെ വക്കീലന്മാരായി വിട്ട വല്യവക്കീല്‍ കപില്‍ സിബലിന് ടെലികോംമന്ത്രിക്കുപ്പായമിടാം. 15 കൊല്ലം സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് സേവനം നടത്തിയതിന്റെ റെക്കോഡ് മതി യോഗ്യത. മാര്‍ട്ടിന്റെ വക്കീലന്മാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുമാകാം, കോണ്‍ഗ്രസിന്റെ വക്താവുമാകാം. പിന്നെന്ത്- മനോരമയ്ക്ക് അഴിമതിയുടെ വക്കീലായിക്കൂടേ? കോണ്‍ഗ്രസിനെ സംരക്ഷിച്ചുകൂടേ?

1 comment:

ശതമന്യു said...

കക്കാന്‍മാത്രമല്ല ഞേലാനും അറിയാം വ്യത്യസ്തമായ പാര്‍ടിക്ക്. ശവപ്പെട്ടിയും പെട്രോള്‍പമ്പും ഗ്യാസ് ഏജന്‍സിയും സ്വന്തം അക്കൌണ്ടിലുണ്ടെങ്കിലും കാവിപ്പാര്‍ടിയെ അഴിമതിപ്പാര്‍ടിയെന്ന് വിളിക്കാന്‍ പാടില്ല. പണ്ടൊരു പ്രസിഡന്റ് പണം എണ്ണി വാങ്ങുന്നതിന്റെ പടംപിടിച്ച് 'തെഹല്‍ക' പുറത്തുവിട്ടു. ബംഗാരു ലക്ഷ്മണന്‍ എന്ന ആ പ്രസിഡന്റ് ഇപ്പോള്‍ എവിടെയുണ്ടോ എന്തോ. അങ്ങേരുടെ പേരിലുള്ള ക്രിമിനല്‍കേസിന്റെ കാര്യം എന്തരോ എന്തോ. തെഹല്‍കയെ ഏതായാലും വിടാന്‍ പാടില്ല. അതുകൊണ്ടാകണം, മഅ്ദനിക്കഥ പൊളിച്ച് വാര്‍ത്തയെഴുതിയ വനിതാലേഖികയെ ജയിലിലടക്കാന്‍ യെദ്യൂരപ്പയുടെ പൊലീസ് പരക്കംപായുന്നത്. അവരും ഭീകര തെഹല്‍ക പ്രവര്‍ത്തകയാണല്ലോ. കാര്‍ഗില്‍ യുദ്ധവീരന്മാര്‍ക്കുള്ള ഫ്ളാറ്റാണ് കോണ്‍ഗ്രസ് മുക്കിയതെങ്കില്‍ ആ മലനിരകളില്‍ പൊരുതി മരിച്ച ഇന്ത്യന്‍ ഭടന്മാരെ കൊണ്ടുവരാനുള്ള ശവപ്പെട്ടിക്കച്ചവടത്തിലാണ് വ്യത്യസ്ത പാര്‍ടി വ്യത്യസ്ത കൊള്ള നടത്തിയത്. അഴിമതിക്കഥ സിഎജി പുറത്തുകൊണ്ടുവന്നപ്പോഴാണ്, ജോര്‍ജ് ഫെര്‍ണാണ്ടസിനെ അദ്വാന്‍ജിയും വാജ്പേയിജിയും കൈവിട്ടതും പിന്നെ പിന്നാമ്പുറത്തൂടെ വാഴിച്ചതും.