Sunday, August 8, 2010

അവിഹിത സന്താനം

ജനനസമയത്തുതന്നെ വാര്‍ധക്യത്തിന്റെ അസ്ക്യത കാണിക്കുന്ന കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ ഏതുനിലയില്‍ എത്തും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പൂരപ്പറമ്പിലാണ് ജനനം. പുതിയ പാര്‍ടി ഉണ്ടായതാണോ? സോഷ്യലിസ്റ്റ് ജനതയ്ക്ക് (ഡെമോക്രാറ്റിക്) തുടക്കമായി എന്നാണ് മാതൃഭൂമി എഴുതിയത്. സ്വന്തം പി എമാരെ വച്ച് രജിസ്റ്റര്‍ചെയ്ത ഒരു പാര്‍ടിയില്‍ വീരനും കൂട്ടരും ലയിച്ചു എന്നെഴുതുന്നതിനു പകരം പുതിയ ഒന്ന് ജനിച്ചു എന്ന്. ആയിരമല്ല; പതിനായിരമല്ല; തൊള്ളായിരങ്ങളുടെ സാന്നിധ്യത്തില്‍

പൂരപ്പറമ്പില്‍ പിറന്നുവീണ രാഷ്ട്രീയ ജന്തുവിന് ഒരവിഹിത സന്താനത്തിന്റെ ഗുണഗണങ്ങളെല്ലാമുണ്ട്. ഇന്നലെവരെ വീരനെക്കുറിച്ച് മാതൃഭൂമി പറഞ്ഞത് ജനതാദള്‍-എസ് സംസ്ഥാന അധ്യക്ഷന്‍ എന്നാണ്. അങ്ങനെ ഒരു പാര്‍ടി നിലവിലുണ്ട്. ആ പാര്‍ടിയുടെ അധ്യക്ഷന്‍ പ്രൊഫ. എന്‍ എം ജോസഫാണ്. വീരനെ പുറത്താക്കിയ ശേഷമാണ് ജോസഫ് മാഷ് പ്രസിഡന്റായത്. എന്നിട്ടും വീരന്‍ പറഞ്ഞു, തന്റെ പാര്‍ടി ജനതാദള്‍ എസും താന്‍ അതിന്റെ പ്രസിഡന്റുമാണെന്ന്. ആ പാര്‍ടി ഇപ്പോള്‍ പിരിച്ചുവിട്ടോ? അതോ വീരന്‍ രാജിവച്ചോ?

എന്തും പറയാന്‍ മടിക്കേണ്ടതില്ല എന്നാണ് പുളിയാര്‍ മലയിലെ പാരമ്പര്യശാസ്ത്രം. ആക്രിക്കടയില്‍ പത്രക്കെട്ടുകള്‍ തൂക്കി വിറ്റ് സര്‍ക്കുലേഷന്റെ കള്ളക്കണക്കെഴുതുന്നയാളാണ് മാത്തുക്കുട്ടിച്ചായന്‍ എന്ന് പറഞ്ഞുനടന്നത് വീരന്റെ പത്രമാണ്. അച്ചായന്റെ പത്രം തിരിച്ചടിച്ചത് വീരഭൂമിയുടേത് ആടുജീവിതമാണെന്നത്രെ. അതായത് ആടിന് തിന്നാന്‍ മാത്രമുള്ള പത്രമെന്ന്. മാത്തുക്കുട്ടിച്ചായന്‍ അന്തരിച്ചപ്പോള്‍ എല്ലാവരും സങ്കടപ്പെട്ടു. വീരന് ഇതാ ഒരു സ്പെഷ്യല്‍ സങ്കടം വന്നിരിക്കുന്നു. "സ്നേഹിച്ചു മതിവരാതെ'' മാത്തുക്കുട്ടിച്ചായന്‍ യാത്രയായെന്ന് വാരാന്തപ്പതിപ്പില്‍ മുഴുപ്പേജ് ലേഖനം. എഴുത്തുതൊഴിലാളികള്‍, അച്ചടിക്കാന്‍ കടലാസ്, ലജ്ജയില്ലാത്ത മനസ്സ്-ഇത്രയും ചേരുവകള്‍കൊണ്ട് ഏതു ദേശീയ പത്രത്തിനും സ്വന്തം മാനേജിങ് ഡയറക്ടറെ പ്രൊമോട്ട് ചെയ്യാം. അങ്ങനെയുള്ള മാനേജിങ് ഡയറക്ടര്‍ക്ക് ആരാന്റെ പാര്‍ടിയുടെ നേതാവാകാം; അത് നടക്കില്ലെന്നു വരുമ്പോള്‍ പിഎമാരെക്കൊണ്ട് പുതിയ പാര്‍ടി രജിസ്റ്റര്‍ ചെയ്യിക്കാം. യു ആര്‍ അനന്തമൂര്‍ത്തിയെ കൊണ്ടുവരാന്‍ കഴിഞ്ഞത് പരമ ഭാഗ്യം. (ജനനം അവിഹിതമെങ്കിലും പേറെടുക്കാന്‍ ഡോക്ടര്‍തന്നെ വേണമല്ലോ) ആ പാവം മലയാളം വായിക്കാത്തത് അതിലേറെ ഭാഗ്യം.

റാം മനോഹര്‍ ലോഹ്യ എന്ന് ഇടയ്ക്കിടെ ഉരുവിട്ടാല്‍ സോഷ്യലിസമായി. സോഷ്യലിസ്റ്റ് പാര്‍ടിക്ക് എന്തിന് ഒരു പ്രസിഡന്റ്? ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പോരെ? അല്ലെങ്കില്‍തന്നെ പരമ വീര സോഷ്യലിസ്റ്റ് തന്റെ പാര്‍ടിയുടെ ജില്ലാ അധ്യക്ഷന്‍മാരെ പേരുവിളിക്കാറില്ല, സഖാവെ എന്നുവിളിക്കാറില്ല, പകരം സംബോധന 'മിസ്റ്റര്‍ ഡിസ്ട്രിക്ട് പ്രസിഡന്റ്' എന്നാണ്. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വീരഹാസം ഏറ്റുവാങ്ങാന്‍ അര്‍ഹത മണിയടിക്കാര്‍ക്കും ചരടുവലിക്കാര്‍ക്കുമാണ്. അല്ലാത്തവര്‍ക്ക് ആ നയനകടാക്ഷഭാഗ്യമില്ല. അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നതിന്റെ തഴമ്പ് ഇപ്പോഴും ഉണ്ട്. അടിയന്തരാവസ്ഥ നടപ്പാക്കിയവരുടെ കൂടെ കിടക്കുന്നതിന് അതൊരു തടസ്സമല്ല.

പുതിയ പാര്‍ടിക്ക് സിഇഒ ആയി. ഇനി ഒരു പിആര്‍ഒ വേണം. സംവരണമാണ് തസ്തിക. ഇന്ന് ഭൂമിമലയാളത്തില്‍ യോഗ്യനായ ഒരാളെയേ കാണാനുള്ളൂ-ക്രൈം നന്ദകുമാര്‍. മാതൃഭൂമിയെ മുഖപത്രമായി പ്രഖ്യാപിക്കാം. കര്‍ണാടകത്തില്‍നിന്ന് ഇനി ഇലക്ഷന്‍ ഫണ്ടൊന്നും വരാനില്ലാത്തതിനാല്‍, കിട്ടിയ കോടി സ്വയം പുതച്ച് നക്കാപ്പിച്ച പാര്‍ടിക്കാര്‍ക്കെറിഞ്ഞുകൊടുത്തു ഞെളിയുന്ന കാഴ്ചയും ഇനി ഉണ്ടാകില്ല.

ലീഡര്‍ക്ക് മൂത്രശങ്ക വന്നപ്പോള്‍ മകന്‍ സ്ഥാനാര്‍ഥിപ്പട്ടികയിലെത്തിയ നാടാണിത്. തന്റെ മകന് മികച്ച രാഷ്ട്രീയഭാവി സ്വപ്നം കണ്ടതാണ്. അതിന് കൃഷ്ണന്‍കുട്ടിക്ക് ക്വട്ടേഷന്‍ കൊടുത്ത് ചെന്നൈക്ക് വണ്ടി കയറിയതുമാണ്. ഇന്നത്തെ വിശ്വസ്തന്‍ അന്നത്തെ ചതിയനായിരുന്നു. തന്നെ തോല്‍പ്പിച്ചത് മാതൃഭൂമിയാണെന്ന് ആണയിട്ട കൃ. കുട്ടി അച്ഛന്റെ മോനെ വെട്ടിമാറ്റി തിരുവല്ലാക്കാരനെ മന്ത്രിയാക്കി. ആ കൃ. കുട്ടി ഇന്ന് അകത്തും തിരുവല്ലാക്കാരന്‍ പുറത്തും! ആറ്റുനോറ്റുകിട്ടിയ മന്ത്രിക്കസേരയില്‍നിന്ന് രണ്ടുദിവസംകൊണ്ട് പണ്ട് പാനൂരിലെ കുറുപ്പാള്‍ ഇറക്കിവിട്ടു. ആ കുറുപ്പാളിന്റെ പരമ്പരയില്‍പെട്ട ആര്‍ക്കെങ്കിലും പിന്നെ പരിഗണന കൊടുക്കാമോ? കെ പി മോഹനനെ മന്ത്രിപദത്തില്‍ നിന്നൊഴിവാക്കാന്‍ അയോഗ്യത പി ആര്‍ കുറുപ്പിന്റെ മകന്‍ എന്നതുമാത്രമായിരുന്നു. ന്യായീകരിച്ചതോ? "കഴിവു കുറവാണ്. മന്ത്രിയായാല്‍ ഭരണം ചേട്ടന്‍ നടത്തും അനിയന്‍ കച്ചവടം നോക്കി നില്‍ക്കും'' എന്ന്. വടകരക്കാരന്‍ പേമനാഥന് മന്ത്രിമോഹമുദിച്ചപ്പോള്‍ "നിലപാടില്ലാത്തവന്‍'' എന്നാക്ഷേപിച്ചു. നിലപാടും കഴിവും ഒത്തിണങ്ങിയ സ്വന്തം മകനെ കൃഷ്ണന്‍കുട്ടി മൂലയ്ക്കിരുത്തുകയുംചെയ്തു. ഇനിയെങ്ങാനും വല്ല മന്ത്രിസ്ഥാനവും വന്നാലോ? മോഹനനും പ്രേമനാഥും കൃഷ്ണന്‍കുട്ടിയും തമ്മിലടിക്കും. അമ്പയറായി മകന്‍ നില്‍ക്കും. ഒടുവില്‍ അമ്പയര്‍ ബോളും കൊണ്ടുപോകും. ഇത്രയും തിരക്കഥ തയ്യാറാക്കി വച്ചിട്ടുണ്ട്.

സോഷ്യലിസ്റ്റ് ജനത(ഡെമോക്രാറ്റിക്) പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരായിരുന്നു ഉചിതം. സഹപ്രവര്‍ത്തകരെ വേലക്കാരായി കാണുന്ന വീരനേതാവിന്, സ്വന്തം പാര്‍ടിക്കാരെ വീട്ടില്‍കയറ്റാത്ത കൃഷ്ണന്‍കുട്ടി പിന്തുണക്കാരനാകുമ്പോള്‍ സോഷ്യലിസവും വളരും; ജനാധിപത്യവും വളരും. ആ വളര്‍ച്ചയുടെ കണക്കുമായി പിആര്‍ഒ കുമാരന്‍ കര്‍മനിരതനാകട്ടെ. നീലകണ്ഠന്‍ വായ്പ്പാട്ടു പാടട്ടെ. ഒന്നോ രണ്ടോ സീറ്റ് എവിടെയെങ്കിലും കൊടുത്ത് ശല്യം തീര്‍ക്കാന്‍ ഉമ്മന്‍ചാണ്ടിക്കും ആവതുണ്ടാകട്ടെ. സീറ്റുകൊടുത്താല്‍ നാവ് വാടകയ്ക്ക് കിട്ടുമെന്നിരിക്കെ മൂല്യം തിട്ടപ്പെടുത്തി വേണം ഏതു കച്ചവടവും എന്നുമാത്രം.

*
രണ്ടുദിവസമേ മന്ത്രിയായിരുന്നുള്ളൂവെങ്കിലും റിസര്‍വ് വനത്തില്‍നിന്ന് ഒറ്റ മരവും വെട്ടിക്കില്ല എന്ന ഉശിരന്‍ പ്രഖ്യാപനം നടത്തി അസ്സല്‍ പരിസ്ഥിതി പ്രേമിയായിട്ടാണ് അന്ന് വീരോചിതം രാജി വച്ചത്. മലന്തോട്ടത്തിലെ മരത്തിന് വിലപറഞ്ഞ് വിറ്റ് കാശുമാറുമ്പോള്‍ മരങ്ങളോട് പ്രണയ പാരവശ്യം. കായംകുളം കൊച്ചുണ്ണിയുടെ ഹരിശ്ചന്ദ്ര വേഷമോ പോപ്പുലര്‍ ഫ്രണ്ടിന്റെ ഗാന്ധിയന്‍ കുപ്പായമോ ആണ് അതിന് താരതമ്യം. ഇതൊക്കെ പറയാന്‍ പി രാജന്‍ (മാതൃഭൂമിയുടെ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍) തന്നെയാണ് നല്ലത്.

"സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച 'ഭക്ഷ്യവിള'യുടെ കെട്ടുകഥ കുടുംബത്തിനുതന്നെ അപമാനകരമാണെന്ന് എം പി വീരേന്ദ്രകുമാര്‍ ഓര്‍ക്കുന്നില്ല. തന്റെ അച്ഛനുള്‍പ്പെടെ നാലു തലമുറ സോഷ്യലിസ്റ്റുകളാണെന്നാണ് വീരേന്ദ്രകുമാര്‍ വീറോടെ വാദിക്കുന്നത്. സ്വാതന്ത്ര്യസമരത്തില്‍ ദേശീയപ്രസ്ഥാനം മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ അന്തിമ പോരാട്ടത്തിന് ഒരുങ്ങുന്ന കാലമായിരുന്നു അത്. അതേ കാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന് വേണ്ടി കൂടുതല്‍ ഭക്ഷ്യവിളയുണ്ടാക്കാന്‍ സാമ്രാജ്യത്വ സര്‍ക്കാര്‍ ആഹ്വാനം മുഴക്കി. സ്വാതന്ത്ര്യസമരത്തിനു വേണ്ടി പ്രവര്‍ത്തിക്കാനോ പ്രാണന്‍ വെടിയാനോ ആയിരുന്നു മഹാത്മാഗാന്ധിയുടെ ആഹ്വാനം. ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം ത്യാഗോജ്വലമായ സമരത്തിലൂടെ ചരിത്രം സൃഷ്ടിക്കുമ്പോള്‍ പത്മപ്രഭ എന്ന സോഷ്യലിസ്റ്റ് നേതാവ് കാപ്പിത്തോട്ടമുണ്ടാക്കുകയായിരുന്നു എന്നാണ് മകന്‍ മാലോകരോട് പറയുന്നത്.''(പരിവര്‍ത്തനവാദി മാസിക, ലക്കം1)

ഇനി ശതമന്യുവിന് ഒന്നും പറയാനില്ല. കോണ്‍ഗ്രസ് താങ്ങി നടക്കട്ടെ പുതിയ അവിഹിത രാഷ്ട്രീയജന്മത്തെ.

*
വീരന് സോഷ്യലിസം പറയാമെങ്കില്‍ മാണിസാറിന് കെ എം ജോര്‍ജിന്റെ ശിഷ്യത്വം അഭിനയിക്കുകയുമാവാം. ബാലകൃഷ്ണപിള്ള തീരെ മാര്‍ദവമില്ലാതെ മാണിസാറിനെ ആക്രമിക്കരുതായിരുന്നു. കെ എം ജോര്‍ജ് ഹൃദയം പൊട്ടി മരിച്ചത് സ്ഥാനമോഹികളുടെ ഒളിപ്രയോഗവും ചതിയുംമൂലമെന്ന് മാര്‍ദവലേശമില്ലാതെ പറഞ്ഞ്,ആ സ്ഥാനമോഹിയുടെ കട്ടി മീശയെയും നീളന്‍ ജൂബയെയും കുറിച്ച് പിള്ള നടത്തുന്ന ഒളിപ്രയോഗം പി സി ജോര്‍ജിന്റെ നിലവാരത്തിലായി. കോണ്‍ഗ്രസുകാരനും പള്ളിക്കോണ്‍ഗ്രസില്‍ മെമ്പര്‍ഷിപ്പില്ലാത്തയാളുമായ മാണിവക്കീല്‍ ചാടിവീണ് സ്ഥാനാര്‍ഥിയായതും അതില്‍പിന്നെ മന്ത്രിപദത്തില്‍ കയറിയതും പാലായുടെ മാണിക്യമായതും എങ്ങനെ എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. പള്ളിക്കോണ്‍ഗ്രസില്‍നിന്ന് പുറത്തായ പിള്ള പറയണോ അതിന്റെ കഥ? മാണിസാറിന്റെ കട്ടയും പടവും മടക്കിക്കാന്‍ കച്ചവരിഞ്ഞിറങ്ങിയ പി സി ജോര്‍ജിന് ഇപ്പോള്‍ പാലായിലെ അടുക്കളത്തോട്ടത്തിന്റെ ചുമതലയാണ്. തൊഴുത്തും കന്നുകാലി വളര്‍ത്തലും പി ജെ ജോസഫിന് കിട്ടിയിട്ടുണ്ട്. അവിടെ ഇപ്പോള്‍ ആനയില്ല. മാണിസാര്‍ ആനയെ വാങ്ങുമ്പോള്‍ അനുയോജ്യമായ വകുപ്പ് പിള്ളയ്ക്കും ലഭിക്കും. അപ്പോള്‍ മാണിക്യത്തെ കുടുമയില്‍ ചൂടേണ്ടതാണ്. തലമറന്ന് എണ്ണതേക്കരുത്.

1 comment:

ശതമന്യു said...

എന്തും പറയാന്‍ മടിക്കേണ്ടതില്ല എന്നാണ് പുളിയാര്‍ മലയിലെ പാരമ്പര്യശാസ്ത്രം. ആക്രിക്കടയില്‍ പത്രക്കെട്ടുകള്‍ തൂക്കി വിറ്റ് സര്‍ക്കുലേഷന്റെ കള്ളക്കണക്കെഴുതുന്നയാളാണ് മാത്തുക്കുട്ടിച്ചായന്‍ എന്ന് പറഞ്ഞുനടന്നത് വീരന്റെ പത്രമാണ്. അച്ചായന്റെ പത്രം തിരിച്ചടിച്ചത് വീരഭൂമിയുടേത് ആടുജീവിതമാണെന്നത്രെ. അതായത് ആടിന് തിന്നാന്‍ മാത്രമുള്ള പത്രമെന്ന്. മാത്തുക്കുട്ടിച്ചായന്‍ അന്തരിച്ചപ്പോള്‍ എല്ലാവരും സങ്കടപ്പെട്ടു. വീരന് ഇതാ ഒരു സ്പെഷ്യല്‍ സങ്കടം വന്നിരിക്കുന്നു. "സ്നേഹിച്ചു മതിവരാതെ'' മാത്തുക്കുട്ടിച്ചായന്‍ യാത്രയായെന്ന് വാരാന്തപ്പതിപ്പില്‍ മുഴുപ്പേജ് ലേഖനം. എഴുത്തുതൊഴിലാളികള്‍, അച്ചടിക്കാന്‍ കടലാസ്, ലജ്ജയില്ലാത്ത മനസ്സ്-ഇത്രയും ചേരുവകള്‍കൊണ്ട് ഏതു ദേശീയ പത്രത്തിനും സ്വന്തം മാനേജിങ് ഡയറക്ടറെ പ്രൊമോട്ട് ചെയ്യാം. അങ്ങനെയുള്ള മാനേജിങ് ഡയറക്ടര്‍ക്ക് ആരാന്റെ പാര്‍ടിയുടെ നേതാവാകാം; അത് നടക്കില്ലെന്നു വരുമ്പോള്‍ പിഎമാരെക്കൊണ്ട് പുതിയ പാര്‍ടി രജിസ്റ്റര്‍ ചെയ്യിക്കാം