Sunday, July 11, 2010

വള്ളിപോയ കിനാക്കള്‍

കിനാവള്ളി കിനാവില്‍ പടര്‍ന്നുകയറുന്ന വള്ളിയും ആകാം; കിനാക്കള്‍കൊണ്ട് കൊട്ടാരം തീര്‍ക്കുന്നവര്‍ക്ക് നൈരാശ്യകാലത്ത് തൂങ്ങിമരിക്കാനുള്ള വള്ളിയുമാകാം. ഇവിടെ കഥാപാത്രം മറ്റൊരു വള്ളിയാണ്- പലകരങ്ങള്‍കൊണ്ട് ഇരയെ വരിഞ്ഞുകെട്ടി തിന്ന് വിശപ്പടക്കുന്ന ജീവനുള്ള വള്ളി. നീരാളി എന്നും നീരാളിപ്പിടിത്തം എന്നുമേ ഇതുവരെ കേട്ടിട്ടുള്ളൂ; നീരാളിയുടെ സ്പര്‍ശം എന്ന് ആദ്യം കേള്‍ക്കുന്നു. മഷിനോട്ടം, കവിടി നിരത്തല്‍, കൈനോട്ടം, മുഖലക്ഷണ പ്രവചനം തുടങ്ങിയ എല്ലാ പരിപാടികളും അതിവേഗം അവസാനിപ്പിച്ച് കലാകാരന്‍മാര്‍ക്ക് സ്ഥലം വിടാം. ഇനി വാതുവെക്കേണ്ടതില്ല; എക്സിറ്റ് പോള്‍ നടത്തേണ്ടതില്ല; പാഴൂര്‍ പടിവരെ ചെല്ലാന്‍ വണ്ടിക്കൂലി ചെലവാക്കേണ്ടതുമില്ല. എല്ലാം നമ്മുടെ പോള്‍ സ്വാമിജി നിര്‍വഹിച്ചുകൊള്ളും.

തെരഞ്ഞെടുപ്പില്‍ വോട്ട് എണ്ണി ഫലം വരാന്‍ കാത്തുനില്‍ക്കേണ്ട കാര്യം ഇനി ഇല്ലേയില്ല. ഏതൊക്കെ പാര്‍ടികള്‍ മത്സരരംഗത്തുണ്ടോ, അവയുടെയൊക്കെ കൊടി ഓരോ ചില്ലുപെട്ടിയിലാക്കണം. (പി സി ജോര്‍ജിന്റേതടക്കമുള്ള വിശ്വാസ്യത തെളിയിച്ച പാര്‍ടികളുടെ കൊടി ഒഴിവാക്കി പാഴ്ച്ചെലവ് കുറയ്ക്കാവുന്നതാണ്. അസൂയയിലും പ്രസ്താവനയിലും ജീവിക്കുന്നവര്‍ക്ക് നോക്കുകൂലി തരപ്പെടുത്താവുന്നതുമാണ്.) നീരാളിയുടെ മുന്നിലേക്ക് ആ പെട്ടികള്‍ തള്ളിവച്ചുകൊടുത്താല്‍ പതുക്കെ അത് ഒരു പെട്ടിയില്‍ തൊടും. അടുത്ത നിമിഷം തൊട്ട പെട്ടിയിലെ പാര്‍ടിക്ക് കീജെ വിളിക്കാം.
കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പിലാണല്ലോ ഇപ്പോള്‍ വക്കാ വക്കാ ഗാനം കേള്‍ക്കുന്നത്. ആരു ജയിക്കും-ചെന്നിത്തല പ്രസിഡന്റാകുമോ? മണ്ണും ചാരി നില്‍ക്കുന്ന സുധീരന് കിട്ടുമോ സ്വര്‍ണക്കപ്പ്? മുല്ലപ്പള്ളിയുടെ പരിശ്രമം വിജയിക്കുമോ? ഉമ്മന്‍ ചാണ്ടി ഗതിപിടിക്കുമോ? മുരളി അകത്തുകടക്കുമോ? പുണ്യ പിതാവിന് മകളുടെ കൈപിടിച്ച് കരകയറ്റാനാകുമോ? ആന്റണി മൌനം വെടിയുമോ? എം കെ രാഘവന്‍ മന്ത്രിയാകുമോ? തോമസ് മാഷിന് ക്യാബിനറ്റിലിരുന്ന് കുമ്പളങ്ങിയെക്കുറിച്ചും തിരുതയെക്കുറിച്ചും കഥയെഴുതാന്‍ കര്‍ത്താവിന്റെ അനുഗ്രഹമുണ്ടാകുമോ? കെ സി വേണുഗോപാലിന്റെ പേരിനുപിന്നാലെ നമ്പ്യാര്‍ എന്നോ നായരെന്നോ വാലുമുളയ്ക്കുമോ? വയലാര്‍ രവി വെറുംവാക്ക്പറച്ചില്‍ ഉടനെയെങ്ങാനും അവസാനിപ്പിക്കുമോ? അബ്ദുള്ളക്കുട്ടി ഇനിയും പൊന്‍മുടിക്ക് പോകുമോ അതോ സുധാകരേട്ടനൊപ്പം ചെന്നൈയില്‍ സ്ഥിരതാമസമാക്കുമോ?

ഇങ്ങനെ ആയിരം ചോദ്യാവലിയുടെ ഒരു പുസ്തകംതന്നെ ഇറക്കിയിട്ടുണ്ട് കെപിസിസിയുടെ കലാ സാഹിത്യ വിഭാഗം. ഇതിനെല്ലാം ഉത്തരം കിട്ടാന്‍ ജര്‍മനിയിലെ സീ ലൈഫ് അക്വേറിയത്തില്‍നിന്ന് പോള്‍ നീരാളിയെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെങ്ങാനും തിരുവനന്തപുരത്തെ പുതിയ ടെര്‍മിനലില്‍ ഇറക്കേണ്ടിവരും. കെപിസിസി ആസ്ഥാനത്ത് ചില്ലുപെട്ടികള്‍ നിരക്കട്ടെ. ചെന്നിത്തലമുതല്‍ അബ്ദുള്ളക്കുട്ടിവരെയുള്ള മഹാന്‍മാരുടെ വര്‍ണചിത്രങ്ങളും നീരാളിക്കു കഴിക്കാന്‍ ചിക്കന്‍ ഫ്രൈയും പെട്ടികളില്‍ നിറയട്ടെ.

നീരാളി വലതുപക്ഷമാണെന്നാണറിവ്. വലതുഭാഗത്തു വയ്ക്കുന്ന പെട്ടിയിലേ പിടിക്കുള്ളൂവത്രെ. ചെന്നിത്തലയാണ് ജയിക്കേണ്ടതെങ്കില്‍ ടിയാന്റെ പടമുള്ള പെട്ടി വലതുഭാഗത്തു വയ്ക്കണം. ആരുടെ പെട്ടി വലതുഭാഗത്തു വയ്ക്കണമെന്ന് മാഡം തീരുമാനിക്കും. മാഡം എന്തു തീരുമാനിക്കണമെന്ന് ആന്റണി ഉപദേശിക്കും. ആന്റണി എന്തുപദേശിക്കണമെന്ന് മുല്ലപ്പള്ളിയും എം കെ രാഘവനും കുശുകുശുക്കും. ഉള്‍പ്പാര്‍ടി ജനാധിപത്യം അതാണ്. തെരഞ്ഞെടുപ്പു നടക്കുകയും നീരാളി ഏതെങ്കിലും പെട്ടിയില്‍ തൊടുകയും ചെയ്താല്‍ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ഗതി എന്താകുമെന്ന് പ്രവചിക്കാന്‍ വേറെ നീരാളിയെ കൊണ്ടുവരണം. കിനാവള്ളിയുടെ തൊട്ടുതലോടല്‍ സ്വപ്നം കാണുന്നവരുടെ കിനാവിന്റെ വള്ളി പൊട്ടിയാല്‍ ചെന്നിത്തലയുടെ കുരുക്കില്‍പ്പെട്ട മുരളീധരന്റെ അവസ്ഥയാകും.

*
ബാലകൃഷ്ണപിള്ളയ്ക്ക് പഞ്ചാബ് മോഡലിനെക്കുറിച്ചും രാമന്‍ പിള്ളയുടെ ആനയെക്കുറിച്ചും മാത്രമല്ല, വല്ലപ്പോഴും ഉള്ള സത്യങ്ങള്‍ വിളിച്ചുപറയാനും അറിയാം. യുഡിഎഫില്‍ വിലയില്ലെങ്കിലും കീഴൂട്ട് തറവാട്ടിലൊക്കെ അദ്ദേഹത്തിന്റെ വാക്കിന് നല്ല വിലയാണ്. പിള്ള ലീഗിന്റെ തൊപ്പി ഒന്നുകൂടി ഊരിക്കുന്നതിന്റെ സ്റ്റൈല്‍ നോക്കൂ:

"പട്ടം താണുപിള്ള മുഖ്യമന്ത്രിയും ആര്‍ ശങ്കര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയും എന്നതില്‍ ധാരണയിലെത്തി. മറ്റു മന്ത്രിമാരെയും തീരുമാനിച്ചു. ഇവരില്‍ ഒരാള്‍പോലും മുസ്ളിംലീഗിന്റെ പ്രതിനിധിയായി ഇല്ലായിരുന്നു. ഒന്നിച്ചുനിന്ന് മത്സരിച്ച് ജയിച്ചതാണെങ്കിലും മുസ്ളിംലീഗിനെ മന്ത്രിസഭയിലെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ലായിരുന്നു. മുസ്ളിംലീഗിനോട് കോണ്‍ഗ്രസ് കാട്ടിയ കൊടിയ വിശ്വാസവഞ്ചനയായിരുന്നു അത്. രാഷ്ട്രീയത്തില്‍ ഒരു കക്ഷിയും മറ്റൊരു കക്ഷിയോട് ചെയ്യാന്‍ പാടില്ലാത്ത ഒന്ന്. "............. മുസ്ളിംലീഗിന് സ്പീക്കര്‍ സ്ഥാനംപോലും കൊടുക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് ശഠിച്ചു. അതിന്റെ പരിണതിയായിരുന്നു സീതിസാഹിബിനെ 'തൊപ്പിയൂരി' സ്പീക്കറാക്കിയ കറുത്ത അധ്യായം. മുസ്ളിംലീഗിലെ അതിശക്തനായ നേതാവായിരുന്നു സീതിസാഹിബ്. "....പി ടി ചാക്കോയും ആര്‍ ശങ്കറുമെല്ലാം മുസ്ളിംലീഗിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും അതിനുവേണ്ടി അതിശക്തമായി വാദിക്കുകയുംചെയ്തു. പക്ഷേ, കോണ്‍ഗ്രസിലെ വടക്കേ മലബാറില്‍നിന്നുള്ള ചില നേതാക്കളുടെ അസൂയകലര്‍ന്ന നിലപാടുകൊണ്ടാണ് അത് നടക്കാതെപോയത്. അവര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സ്വാധീനിച്ച് ലീഗ്വിരുദ്ധ നിലപാടില്‍ എത്തിക്കുകയായിരുന്നു. "ലീഗിനേക്കാള്‍ വര്‍ഗീയതയും ലീഗിനേക്കാള്‍ വര്‍ഗീയവികാരങ്ങളും സാമുദായിക ചിന്തയും നിലനിര്‍ത്തിപ്പോരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ 2010ല്‍ ഞങ്ങളുടെ മുന്നണിയില്‍തന്നെയുണ്ട്. "അദ്ദേഹത്തിന്റെ(സീതിസാഹിബിന്റെ) അനവസരത്തിലുള്ള അകാല ചരമത്തെ തുടര്‍ന്ന് സി എച്ച് മുഹമ്മദ്കോയയെ സ്പീക്കറാക്കി. അവിടെയും ചരിത്രം ആവര്‍ത്തിച്ചു. സി എച്ചിനെയും മുസ്ളിംലീഗില്‍നിന്ന് രാജിവെപ്പിച്ച് 'തൊപ്പിയൂരി' സ്പീക്കറാക്കി.''

ഇതൊന്നും കണ്ട് കുഞ്ഞാലിക്കുട്ടി പേടിക്കൂല്ല. ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച വന്നിട്ടും പള്ളിയില്‍ പോയിട്ടുമില്ല. ഇപ്പോള്‍ മാഡം പറഞ്ഞാല്‍ കുട്ടി തൊപ്പിയൂരും. മാഡത്തിന്റെ കനിവുകൊണ്ട് അഹമ്മദ് സാഹിബിന് മമതാ ദീതിയുടെ തിണ്ണയിലൊരിടം കിട്ടിയത് ചെറിയ കാര്യമാണോ. ബാലകൃഷ്ണപിള്ള ദുഷ്ടനായ കാരണവരെപ്പോലെയാണ്. വെറുതേ ഉപദ്രവിക്കും. അല്ലെങ്കില്‍തന്നെ ലീഗ് മാണികേരളയുടെ പിന്നില്‍ രണ്ടാംപാര്‍ടിയായി മൂലയ്ക്കാണ്. പോരാഞ്ഞ് ഇപ്പോള്‍ എന്‍ഡിഎഫ് വഴി ഗര്‍ഭിണിയും. പരാക്രമം അബലകളോടുവേണോ പിള്ളമനസ്സിന്റെ ആക്രോശം?

*
ഉംറയും ഈദ്നമസ്കാരവും വെള്ളിയാഴ്ചയും നിയമസഭയുമൊന്നും നമ്മുടെ അബ്ദുള്ളക്കുട്ടിയെ ബാധിക്കുന്ന കാര്യങ്ങളല്ല. ഇപ്പോള്‍ വിതുര-പൊന്‍മുടി വഴിയാണ് വിപ്ളവം വരുന്നത്. മസ്കറ്റ് ഹോട്ടലില്‍ ഉല്ലാസം; നിയമസഭയില്‍ ബത്ത; പെരിങ്ങമ്മലയില്‍ ഊണ്; ഹര്‍ത്താല്‍ദിനത്തില്‍ യാത്ര; പൊന്‍മുടിയില്‍ മൂന്നു മുറി; പിടിക്കപ്പെട്ടാല്‍ നിലവിളി. ഉണ്ണിയെക്കണ്ടാല്‍ ഊരിലെ പഞ്ഞമാണറിയുക. അബ്ദുള്ളക്കുട്ടിയെക്കണ്ടാല്‍ കുഞ്ഞാലിക്കുട്ടിയാണെന്ന് ധരിക്കാമോ? അപക്വതയാണ് പ്രശ്നം. കുട്ടികള്‍ക്കും ഉണ്ണികള്‍ക്കുമൊക്കെയാണ് സൂക്കേടുവരുന്നത്. ഉണ്ണിത്താനുവീണ പിടി ഈ കുട്ടിക്കും വീണു എന്ന് ഭയന്നുപോയതാണ്. എവിടെ? കക്കാന്‍ മാത്രമല്ല, ഞേലാനും പഠിച്ചിട്ടുണ്ട്. എങ്ങനെ വീണാലും നാലുകാലും നിലത്തുകുത്തും. പുതിയ കാലത്ത് ഉല്ലാസ യാത്ര നടത്താന്‍ ഒന്നിലേറെ കാറുവേണം. ഭക്ഷണം കഴിക്കാന്‍ മിനിമം മുപ്പതുകിലോമീറ്റര്‍ സഞ്ചരിക്കണം. മറ്റേതെങ്കിലും കാറില്‍ ഒരു സ്ത്രീ ഉണ്ടെങ്കില്‍ അവരെ സുരക്ഷിതമായി എത്തിക്കാന്‍ ഖദറിട്ട സുഹൃത്തുക്കള്‍ക്ക് ക്വട്ടേഷന്‍ നല്‍കണം. ഇത്രചെറിയ കാലംകൊണ്ട് പെരിങ്ങമ്മലയിലും പൊന്‍മുടിയിലും ഹര്‍ത്താലൂ തരപ്പെടുത്താനും സര്‍ക്കാര്‍ വിലാസം ഗണ്‍മാനെ ഉപേക്ഷിച്ച് ഹര്‍ത്താല്‍സവാരി നടത്താനും അനന്തപുരിയില്‍ സാധിച്ച കുട്ടിയെ സാധാരണ കുട്ടിയെന്നൊന്നും വിളിക്കാവുന്നതല്ല. ഇക്കണക്കിന് പത്തുകൊല്ലം ഡല്‍ഹിയില്‍ കഴിഞ്ഞ കുട്ടി എത്ര ഹര്‍ത്താലൂ കഴിച്ചിട്ടുണ്ടാകും; എത്ര കാറില്‍ സഞ്ചരിച്ചിട്ടുണ്ടാകും!

2 comments:

ശതമന്യു said...

കിനാവള്ളി കിനാവില്‍ പടര്‍ന്നുകയറുന്ന വള്ളിയും ആകാം; കിനാക്കള്‍കൊണ്ട് കൊട്ടാരം തീര്‍ക്കുന്നവര്‍ക്ക് നൈരാശ്യകാലത്ത് തൂങ്ങിമരിക്കാനുള്ള വള്ളിയുമാകാം. ഇവിടെ കഥാപാത്രം മറ്റൊരു വള്ളിയാണ്- പലകരങ്ങള്‍കൊണ്ട് ഇരയെ വരിഞ്ഞുകെട്ടി തിന്ന് വിശപ്പടക്കുന്ന ജീവനുള്ള വള്ളി. നീരാളി എന്നും നീരാളിപ്പിടിത്തം എന്നുമേ ഇതുവരെ കേട്ടിട്ടുള്ളൂ; നീരാളിയുടെ സ്പര്‍ശം എന്ന് ആദ്യം കേള്‍ക്കുന്നു. മഷിനോട്ടം, കവിടി നിരത്തല്‍, കൈനോട്ടം, മുഖലക്ഷണ പ്രവചനം തുടങ്ങിയ എല്ലാ പരിപാടികളും അതിവേഗം അവസാനിപ്പിച്ച് കലാകാരന്‍മാര്‍ക്ക് സ്ഥലം വിടാം. ഇനി വാതുവെക്കേണ്ടതില്ല; എക്സിറ്റ് പോള്‍ നടത്തേണ്ടതില്ല; പാഴൂര്‍ പടിവരെ ചെല്ലാന്‍ വണ്ടിക്കൂലി ചെലവാക്കേണ്ടതുമില്ല. എല്ലാം നമ്മുടെ പോള്‍ സ്വാമിജി നിര്‍വഹിച്ചുകൊള്ളും.

Suraj said...

ഒന്നര തലക്കെട്ട് തന്നെ !!