Sunday, February 14, 2010

വല്ലവരുടെയും വക

ആദിവാസി സംരക്ഷകര്‍ എന്തുപറയുന്നു എന്നറിയാന്‍ കൊതിയാകുന്നുണ്ട്. പാവപ്പെട്ട ആദിവാസികള്‍ പത്തുസെന്റ് ഭൂമിപോലുമില്ലാതെ വിഷമിക്കുമ്പോള്‍ ചില പ്രമാണിമാര്‍ ഭൂമി വെട്ടിപ്പിടിച്ച് സുഖിച്ചുവാഴുന്ന കഥ ഹൈക്കോടതിക്ക് മനസ്സിലായി. ഭൂമി വെട്ടിപ്പിടിത്തം എന്ന സംസ്കാരമാണ് ഒരു പത്രത്തോടൊപ്പം മലയാളിയുടെ മനസ്സിലേക്ക് കടന്നുകയറുന്നത്. പേപ്പട്ടിയെ തല്ലിക്കൊല്ലുമ്പോഴും മദമിളകിയ ഒറ്റയാനെ മയക്കുവെടിവയ്ക്കുമ്പോഴുമേ ചിലര്‍ക്ക് ജന്തുസ്നേഹം ഇളകിവരൂ. മരമേ കരളേ എന്നു പാടാനേ അറിയൂ. മനുഷ്യന്റെ വേദന കണ്ടാല്‍ കണ്ണിനുപിടിക്കില്ല. വേദനിപ്പിക്കുന്നത് പത്രമുതലാളിയാകുമ്പോള്‍ പ്രതികരിക്കുന്ന യന്ത്രം തകരാറിലാകും. പ്രസ്താവനയുടെ വിത്ത് മുളയ്ക്കില്ല. കഥയും കവിതയും പൊട്ടിവിടരില്ല.

വയനാട്ടിലെ ആദിവാസിഭൂമി വെട്ടിപ്പിടിച്ച നേതാവിനെതിരെ വാര്‍ത്ത വരാന്‍ തുടങ്ങിയിട്ട് നാളേറെയായി. ആര്‍ക്കും പ്രതികരണവുമില്ല; കണ്ട ഭാവവുമില്ല. നാട്ടിലെ പെരുങ്കള്ളന്റെ വീടിന് ഹരിശ്ചന്ദ്രഭവന്‍ എന്നുപേരിട്ട കഥകേട്ടിട്ടുണ്ട്. അങ്ങനെ വേണമെങ്കില്‍ സത്യമേവ ജയതേ എന്ന് കായംകുളം കൊച്ചുണ്ണി മാനേജിങ് ഡയറക്ടറായ പത്രത്തിന്റെ തലേക്കെട്ടിലും എഴുതിവയ്ക്കാം. ആരും ചോദിക്കില്ല. ആര്‍ക്കെങ്കിലും ചോദ്യം വന്നുമുട്ടിയാല്‍ പത്രത്തിന്റെ പരിചവച്ച് തടുത്തുകൊള്ളും.

എല്ലാവര്‍ക്കുമുണ്ടല്ലോ ചിലചില ദൌര്‍ബല്യങ്ങള്‍.

കഷ്ടപ്പെട്ട് ഒരു കവിതയോ കഥയോ പ്രസ്താവനയോ എഴുതിയാല്‍ അച്ചടിക്കാന്‍ ഒരു കടലാസുവേണ്ടേ. ആ കടലാസിന്റെ മാനേജിങ് ഡയറക്ടര്‍ക്കെതിരെ മിണ്ടിയാല്‍പ്പിന്നെ നൊന്തുപെറ്റ സൃഷ്ടി എവിടെ കൊണ്ടുപോയി കളയും? അതുകൊണ്ട് പ്രതികരണമില്ലായ്മയെ പഴിക്കേണ്ടതില്ല. വയനാട്ടില്‍ ആദിവാസിയുടേത് കൈയേറ്റമെന്നുതന്നെ പറയണം. ചെങ്ങറയിലേത് ഇതേ നിരീക്ഷകര്‍ക്ക് ഭൂരഹിതന്റെ ജീവന്‍മരണ പോരാട്ടമായിരുന്നു. ചെങ്ങറയുടെ വീരഗാഥകള്‍ വെബ്ബിലും ബ്ളോഗിലും കടലാസിലും കഞ്ചാവുപുകയിലുമെല്ലാംപാറിപ്പറന്നു കളിച്ചിരുന്നു. സംഗതി വയനാട്ടിലെത്തിയപ്പോള്‍ സമരം കൈയേറ്റമായി; ആദിവാസി അക്രമിയായി. ഇതിനെയാണ് സത്യത്തില്‍ വൈരുധ്യാധിഷ്ഠിതം എന്ന് പറയുന്നത്. സൌകര്യാധിഷ്ഠിതം എന്നും പറയാം.

വയനാട്ടില്‍ ആദിവാസികള്‍ക്കു കിട്ടേണ്ട ഭൂമിയില്‍ ഗത്യന്തരമില്ലാതെയാണ് അവര്‍ കയറി കുടിലുകെട്ടിയത്. അങ്ങനെ കുടിലുകെട്ടിയപ്പോഴാണ്, കൊടിയുടെ ചുവപ്പുകണ്ടപ്പോഴാണ് ചിലര്‍ക്ക് ഇളക്കംതട്ടിയത്. ആദിവാസികളെ ഇറക്കി ഭൂമിക്കുമുന്നില്‍ വച്ച ബോര്‍ഡ് 'ഇത് പണ്ടാരം വഹ' എന്നാണ്. അതിനോടാണ് ഇപ്പോള്‍ മഹദ്മനസ്സുകളുടെ രോഷം.

വല്ലവന്റെയും വകയുള്ളത് സ്വന്തമാക്കിയ ശീലമേ ഇതുവരെ ഉള്ളൂ. സ്വന്തമെന്നു നിനച്ചത് സര്‍ക്കാര്‍ വകയാണെന്ന് ചിന്തിക്കുന്നതുതന്നെ സങ്കടകരം. അച്ഛന്‍ കൈയേറിയത് നിയമപരമായി എനിക്കുകിട്ടി; ഞാനത് മോനുകൊടുത്തു എന്നായിരുന്നു ഇന്നലെവരെ പറഞ്ഞത്. കളവുമുതല്‍ പരമ്പരാഗത സ്വത്താക്കാമെന്ന് പുതിയ സിദ്ധാന്തം. അച്ഛന്‍ കൈയേറുമ്പോള്‍ മോന്‍ കുഞ്ഞായിരുന്നു. അതുകൊണ്ട് മോന് കുറ്റമില്ല. ആ കുഞ്ഞിന്റെ മോന് കൈയേറ്റവസ്തു ചെന്നെത്തിയാല്‍ തീരെ കുറ്റമില്ല. സ്വന്തമായി ഒന്നും വേണമെന്നില്ല. അഥവാ സ്വന്തമായുള്ളത് നാലുപേര്‍ കേള്‍ക്കെ പറയാനാകുന്നതാകണമെന്ന നിര്‍ബന്ധവുമില്ല. നാണംകെട്ടും പണമുണ്ടാക്കിയാല്‍ നാണക്കേട് ആ പണം തീര്‍ത്തുകൊള്ളും എന്നാണ് പഴയ ചൊല്ല്. ഇവിടെ ഏതു നാണക്കേടുതീര്‍ക്കാനും പത്രം മതി.

സ്വന്തമെന്ന പദത്തിന് എന്താണര്‍ഥം?

ഭൂസ്വത്ത് സര്‍ക്കാരില്‍നിന്ന് വെട്ടിപ്പിടിച്ചത്. പത്രമേധാവിത്വം മോശപ്പെട്ട വഴികളിലൂടെ സ്വന്തമാക്കിയ ഓഹരികളുടെ ബലത്തില്‍. കിട്ടിയ അവാര്‍ഡുകളുടെ പട്ടിക കണ്ടാല്‍ ആരും ധരിച്ചുപോകും. ഇതാ വരുന്നു സകലകലാ വല്ലഭനെന്ന്. വല്ലവന്റെയും മുതലും എഴുത്തും സ്വന്തമാക്കുന്നയാള്‍ വല്ലഭന്‍. ആ വല്ലഭനെ പേടിച്ച് ആര്‍ക്കെങ്കിലും വഴി നടക്കാന്‍ കഴിയുമോ? സര്‍ക്കാര്‍ വക ഭൂമിക്കുമുന്നില്‍ വല്ലവനും എഴുതിയ പുസ്തകവും വല്ലവനും അര്‍ഹതപ്പെട്ട പുരസ്കാരവും നിരത്തിവച്ച് ഇനിയുള്ള കാലം വല്ലഭന്മാര്‍ വാഴട്ടെ. ബീയാര്‍പി, സാറ ജോസഫ്, നീലാണ്ടന്‍ തുടങ്ങിയ മഹാപ്രതിഭകളുടെ പ്രതികരണം വരണമെങ്കില്‍ എന്താണ് ഇനി ഉണ്ടാകേണ്ടതെന്ന് ചിന്തിക്കുകയാണ് ശതമന്യു. അവര്‍ക്ക് പത്രങ്ങളൊന്നും കിട്ടുന്നുണ്ടാകുന്നില്ല എന്ന് സമാധാനിക്കാം.

*
ഡെപ്യൂട്ടി മേയര്‍ അരസെന്റ് സ്ഥലം കൈയേറിയെന്ന് മുക്കാല്‍സെന്റ് വാര്‍ത്തകൊടുക്കാന്‍ വീരഭൂമിക്കേ കഴിയൂ. സ്വന്തം മുതലാളി ഏക്കറുകണക്കിന് കൈയേറിയ വാര്‍ത്ത മുക്കാന്‍ അരസെന്റ് മതിയാകുമോ? സ്മാര്‍ട്സിറ്റിക്കാര്യത്തില്‍ പറയുന്നതല്ല സൈബര്‍സിറ്റിക്കാര്യത്തില്‍ കേള്‍ക്കുന്നത്. വയനാട്ടിലേതല്ല മൂന്നാറിലെ പ്രതികരണം. എല്ലാം മായ. കണ്ടത് മിണ്ടരുത്, കാണാത്തത് വിളിച്ചുപറയണം എന്നാണ് പുതിയ മാധ്യമധര്‍മം. കാണാത്തത് കണ്ടപ്പോള്‍ ചിലര്‍ അന്തംവിടുന്നതും ഈ വാരത്തില്‍ ശതമന്യു കണ്ടു. പിണറായിയുടെ വലിയ വീടായിരുന്നല്ലോ രണ്ടുമാസം മുമ്പത്തെ കഥാവിഷയം. മണിമാളികയെന്ന് നിനച്ച് ആ വീടുകാണാനെത്തി ഒട്ടേറെപ്പേര്‍ നിരാശരായാണ് മടങ്ങിയത്. കല്യാണംകൂടാന്‍ എത്തിയ ഒരു വലിയ യുഡിഎഫ് നേതാവിനോട് ചിലര്‍ ചോദിക്കുന്നതുകേട്ടു:

"ഈ വീടിന് റിമോട്ട് കണ്‍ട്രോളുള്ള ഗേറ്റും വലിയ വലിയ സൌകര്യങ്ങളുമുണ്ടെന്നാണല്ലോ താങ്കളുടെ സഹനേതാവ് പറഞ്ഞുനടക്കുന്നത്. അങ്ങനെ വല്ലതും താങ്കള്‍ കാണുന്നുണ്ടോ?''

വലതുനെഞ്ചില്‍ കൈവച്ച് കുലുങ്ങിച്ചിരിച്ചുകൊണ്ട് നേതാവ് മൊഴിഞ്ഞത്, "അതിയാന് വട്ടാണ്'' എന്നത്രെ.

കൊട്ടാരസദൃശമായ വീടുകാണാന്‍ നോക്കിയ മറ്റൊരാള്‍ ചുറ്റും നിരീക്ഷിച്ച് അനല്‍പ്പമായ നൈരാശ്യത്തോടെ ചോദിച്ചു: എവിടെ ഹെലിപ്പാഡ്? അത് ചുരുട്ടിക്കൂട്ടി വച്ചിട്ടുണ്ട് എന്നായിരുന്നു ലഭിച്ച മറുപടി. അങ്ങനെയുള്ളവരെ വെറുതെ വിട്ടേക്കുക. അവര്‍ക്ക് സാധാരണ വീട് കൊട്ടാരമായി തോന്നും. വയനാട് വീരഭൂമിയായിത്തോന്നും. കഥകളുണ്ടാക്കുന്നതിന് നികുതി നല്‍കേണ്ടതില്ല. അടുത്ത ബജറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കയാണ് തോമസ് ഐസക് എന്നാണറിഞ്ഞത്. വരുമാനം വര്‍ധിപ്പിക്കാന്‍ മികച്ച വഴി കെട്ടുകഥകള്‍ക്ക് നികുതിചുമത്തലാണ്. ഒന്ന് രണ്ട് പത്രങ്ങളും ചാനലുകളും തന്നെ സര്‍ക്കാരിന്റെ വരുമാനം ഇരട്ടിയാക്കിക്കൊള്ളും.

1 comment:

ശതമന്യു said...

ആദിവാസി സംരക്ഷകര്‍ എന്തുപറയുന്നു എന്നറിയാന്‍ കൊതിയാകുന്നുണ്ട്. പാവപ്പെട്ട ആദിവാസികള്‍ പത്തുസെന്റ് ഭൂമിപോലുമില്ലാതെ വിഷമിക്കുമ്പോള്‍ ചില പ്രമാണിമാര്‍ ഭൂമി വെട്ടിപ്പിടിച്ച് സുഖിച്ചുവാഴുന്ന കഥ ഹൈക്കോടതിക്ക് മനസ്സിലായി. ഭൂമി വെട്ടിപ്പിടിത്തം എന്ന സംസ്കാരമാണ് ഒരു പത്രത്തോടൊപ്പം മലയാളിയുടെ മനസ്സിലേക്ക് കടന്നുകയറുന്നത്. പേപ്പട്ടിയെ തല്ലിക്കൊല്ലുമ്പോഴും മദമിളകിയ ഒറ്റയാനെ മയക്കുവെടിവയ്ക്കുമ്പോഴുമേ ചിലര്‍ക്ക് ജന്തുസ്നേഹം ഇളകിവരൂ. മരമേ കരളേ എന്നു പാടാനേ അറിയൂ. മനുഷ്യന്റെ വേദന കണ്ടാല്‍ കണ്ണിനുപിടിക്കില്ല. വേദനിപ്പിക്കുന്നത് പത്രമുതലാളിയാകുമ്പോള്‍ പ്രതികരിക്കുന്ന യന്ത്രം തകരാറിലാകും. പ്രസ്താവനയുടെ വിത്ത് മുളയ്ക്കില്ല. കഥയും കവിതയും പൊട്ടിവിടരില്ല.