Sunday, January 3, 2010

തല പോനാല്‍ പോകട്ടും

ചിരിച്ചാല്‍ ചിന്താശൂന്യന്‍, ചിന്തിച്ചാല്‍ ഭ്രാന്തന്‍, പൊട്ടിക്കരഞ്ഞാല്‍ സ്വൈരംകൊല്ലി, പടവെട്ടിയാല്‍ ധൃഷ്ടന്‍-ഇങ്ങനെയൊക്കെയാണ് മുരളിയെ ചെന്നിത്തല- ചാണ്ടിപക്ഷം കൈകാര്യംചെയ്യുന്നത്. കുനിഞ്ഞു കാലുപിടിച്ചാല്‍ കുടഞ്ഞുചവിട്ടരുത് എന്നൊരു ചൊല്ലുണ്ട്. ഇവിടെ തെറ്റെല്ലാം ഏറ്റുപറഞ്ഞ്, വിനീത വിധേയനായി വാതില്‍ക്കല്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളെത്രയായി. ആന്റണിയും വയലാര്‍ജിയും കെ വി തോമസും പ്രസാദിച്ചിട്ടും ചെന്നിത്തലയ്ക്ക് സമയമായില്ലാ പോലും; ചാണ്ടിക്ക് മനംമാറ്റമുണ്ടായില്ലാ പോലും. കുനിഞ്ഞുനില്‍ക്കുന്ന മുരളിയെ കുടഞ്ഞുകുടഞ്ഞുചവിട്ടുകയാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഒരവസരം തരണേ എന്ന് ഹരിശ്രീ അശോകന്‍ സ്റ്റൈലില്‍ മുറ്റത്തുനിന്ന് നിലവിളിക്കുന്ന ഒരാളെ ഇവ്വണ്ണം കൈകാര്യം ചെയ്യാന്‍ എന്താണ് പ്രകോപനം? ഒരിക്കല്‍ കോണ്‍ഗ്രസ് വിട്ടുപോയതാണ് കാരണമെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് അതുപറയാന്‍ എന്തധികാരം?

ഇങ്ങനെ ചില പിടിവാശികളാണ് കേരള രാഷ്ട്രീയത്തിന്റെ പുതിയ ട്രെന്‍ഡ്.

സ്വന്തം കാര്യം സാധിക്കാന്‍ ചിലര്‍ ചില സിദ്ധാന്തങ്ങളുണ്ടാക്കുന്നു. നാട്ടുകാര്‍ക്കൊക്കെ കാര്യം അറിയാമെങ്കിലും സിദ്ധാന്തരാമന്മാരായി നടക്കുകയും ആത്മകഥയെഴുതുകയും ചെയ്യുന്നവര്‍ക്ക് നല്ല മാര്‍ക്കറ്റാണ്. കണ്ടില്ലേ-2010 പിറക്കുമ്പോഴുള്ള ടിവി താരം ഉണ്ണിത്താനാണ്. 'വിടില്ല ഞാന്‍' എന്ന് പ്രഖ്യാപിക്കുന്ന ഉണ്ണിത്താനുപിന്നാലെയാണ് മാധ്യമപ്രതിഭകള്‍. സദാചാരത്തെക്കുറിച്ചാണ് ഉണ്ണിത്താന്റെ നടന്നുപ്രസംഗമത്രയും. നാട്ടില്‍ മാന്യമായി ജീവിക്കുന്നവരെ അവഹേളിക്കുന്ന വാക്കുകള്‍ ചാനലുകളുടെ ഓടപൊട്ടി കുതിച്ചൊഴുകുന്നു. ഉണ്ണിത്താന്‍ ആത്മകഥയെഴുതുകയും അത് വാരാന്തപ്പതിപ്പുകളിലൂടെ മലയാളത്തിന്റെ സുപ്രഭാതമായി മാറുകയുംചെയ്യുന്ന മുഹൂര്‍ത്തത്തിനായി കാത്തിരിക്കാം.

സിദ്ധാന്തപടുവായി സ്വയംമാറിയ പഴയൊരു ഒറ്റയാനും എഴുതിയിട്ടുണ്ട് ആത്മകഥ. ദാമ്പത്യ ജീവിതത്തിലെ രഹസ്യങ്ങളും സ്വകാര്യതകളും ഭര്‍ത്താവ് ആത്മകഥയില്‍ കഥിച്ചാല്‍ ഭാര്യക്ക് നാട്ടിലിറങ്ങി നടക്കാന്‍ പറ്റുമോ? പത്രസമ്മേളനം നടത്തി നിഷേധിക്കാന്‍ പറ്റുമോ? ഭാര്യയെ അധിക്ഷേപിക്കാന്‍ ഒരു സൌകര്യമായി വേണമെങ്കില്‍ ഭര്‍ത്താവിന് ആത്മകഥയെയും ഉപയോഗിക്കാം. ശുദ്ധ വെജിറ്റേറിയനായ തന്നെ പീഡിപ്പിച്ചവളാണ് കൊഞ്ചുതീനിയായ ഭാര്യ എന്ന് അച്ചിക്ക് കൊഞ്ചുപക്ഷം, നായര്‍ക്ക് ഇഞ്ചിപക്ഷം എന്ന ശീര്‍ഷകത്തില്‍ എഴുതി സമര്‍ഥിച്ചാല്‍ പുതിയ മാര്‍ക്കറ്റ് ഇക്കോണമിയുടെ സുഖം നുകരാം. കൂടുതല്‍ പ്രചാരം വേണമെങ്കില്‍ കിടപ്പറ രഹസ്യങ്ങള്‍ ചോര്‍ത്തി സിന്‍ഡിക്കറ്റുവഴി വിതരണം നടത്തിക്കാം.

സിപിഎമ്മില്‍നിന്ന് ഒറ്റച്ചാട്ടത്തിന് കോണ്‍ഗ്രസിന്റെ അടുക്കളയിലെത്തിയ കണ്ണൂരിലെ കുട്ടിക്ക് കുട്ടിയായിരിക്കുമ്പോള്‍തന്നെ ആത്മകഥ എഴുതണമെന്നാണ് തോന്നിയത്. അക്കണക്കിന് എം വി രാഘവന് വളരെ വൈകിയേ ആത്മകഥ എഴുതിക്കാന്‍ തോന്നിയുള്ളൂ എന്നത് നല്ലകാര്യം. ചീഞ്ഞമീനിന് പുഴുത്ത പുളി എന്നതുപോലെ മനോരമയ്ക്ക് രാഘവന്റെ ആത്മകഥ. നാടാകെ നടന്നു പാടിയ തെറിപ്പാട്ട് പുസ്തക രൂപത്തിലാകുമ്പോള്‍ തല്‍പ്പരഹൃദയങ്ങള്‍ക്കും സൌകര്യമുണ്ട്.

ഇനി വരട്ടെ നാരായദത്ത് തിവാരി, രാജ്മോഹന്‍ ഉണ്ണിത്താന്‍, പി സി ജോര്‍ജ്, വീരേന്ദ്രകുമാര്‍ തുടങ്ങിയവരുടെ ആത്മകഥകള്‍. അതല്ലെങ്കില്‍ മുഴുനീള അഭിമുഖങ്ങള്‍-നടന്നും ഇരുന്നും കിടന്നും ചരിഞ്ഞുമുള്ളവ. ഇ എം എസിനെയും സിപിഐ എമ്മിനെയും തെറിവിളിക്കുമ്പോള്‍ എക്കാലവും മാര്‍ക്കറ്റുണ്ട്.

മാങ്ങയുള്ള മാവില്‍തന്നെ എറിഞ്ഞു പഠിക്കട്ടെ.

*
മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ ദര്‍ബാറില്‍ നടന്ന സംഗീതക്കച്ചേരിയുടെ ഒരു കഥയുണ്ട്. പാട്ടുകേട്ട് സകലരും താളം പിടിക്കുന്നു; തുടയ്ക്ക് തട്ടുന്നു; ബലേ ഭേഷ് പറയുന്നു. രാജാവിനെ സുഖിപ്പിക്കാനുള്ള മത്സരം. കണ്ടുംകേട്ടും സഹികെട്ട് ഇനി അനാവശ്യമായി മിണ്ടുകയോ ഗോഷ്ടികാട്ടുകയോ ചെയ്താല്‍ തലയെടുത്തുകളയുമെന്ന് രാജാവ് ഉഗ്രശാസന പുറപ്പെടുവിച്ചു. സദസ്സ് നിശബ്ദം. പാട്ട് തുടര്‍ന്നു. ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ യഥാര്‍ഥ രസികനായ സദസ്യന് അടങ്ങിയിരിക്കാനായില്ല. 'തല പോനാല്‍ പോകട്ടും' എന്നാത്മഗതംചെയ്ത് അയാള്‍ എഴുന്നേറ്റുനിന്ന് കൈയടിച്ചു. 'ബലേ ഭേഷ്' എന്ന് ഉച്ചത്തില്‍ പറഞ്ഞു. മറ്റെല്ലാവരും തട്ടിപ്പുകാരാണെന്നും സംഗീതരസികന്‍ ഇതാ മുന്നിലെന്നും തിരിച്ചറിഞ്ഞ രാജാവ് പട്ടും വളയും കൊടുത്ത് അയാളെ ആദരിച്ചെന്നാണ് കഥ.

ഡല്‍ഹിയില്‍ ആയിരക്കണക്കിന് സിഖുകാരെ കൊന്നുതള്ളിയവരും ഗുജറാത്തില്‍ കെട്ടിടങ്ങള്‍ അപ്പാടെ കത്തിച്ച് പച്ചമനുഷ്യരെ ചുട്ടുതള്ളിയവരും തക്കലയില്‍ ബസും മനുഷ്യരും ഒന്നിച്ച് കത്തുമ്പോള്‍ ആര്‍ത്തുവിളിച്ചവരും ചീമേനിയില്‍ പാര്‍ടി ഓഫീസിന് തീയിട്ട് കൂട്ടക്കൊലനടത്തിയവരുമൊക്കെ, ഇന്നാട്ടില്‍ ആകെ കത്തിയത് തമിഴ്നാട്ടിന്റെ ഒരു ആളൊഴിഞ്ഞ ബസാണ് എന്നു വിലപിച്ചുനടക്കുന്നതുകാണുമ്പോള്‍ എഴുന്നേറ്റുനിന്ന് അപ്രിയസത്യം പറയാന്‍ ആരെങ്കിലുമൊക്കെ വേണമെന്ന് ശതമന്യുവിനും തോന്നുന്നു. തീവ്രവാദം എന്ന വലിയ വാക്ക് ആരെയും തകര്‍ത്തുകളയാനുള്ള ആയുധമായി മാറുന്നത് നല്ലതല്ല.

സഖറിയ അടുക്കും സൌന്ദര്യവുമുള്ള കഥയെഴുതാന്‍ മാത്രമല്ല, വല്ലപ്പോഴും 'ബലേ ഭേഷ്'പറയാനും തയ്യാറാകുന്നുണ്ട്. അതിനും ഒരു ബലേ ഭേഷ്.

*
ചില കേസുകളില്‍ ജാമ്യം കിട്ടുന്നതോ വിജിലന്‍സ് കുറ്റക്കാരനാണ് എന്ന് കണ്ടെത്തുന്നതോ ഒന്നും വാര്‍ത്തയാകില്ല എങ്കിലും സിപിഐ എമ്മുമായി ബന്ധപ്പെട്ടതാകുമ്പോള്‍ അന്തിച്ചര്‍ച്ച മാത്രമല്ല ഉടനടിചര്‍ച്ച തന്നെ തുടങ്ങും. ഇത് ഒരിക്കല്‍ക്കൂടി സംഭവിച്ചത് പിണറായി വിജയന്‍ കോടതിയില്‍ ജാമ്യം എടുത്ത ദിവസമാണ്. ചാനല്‍ മുതലാളിയോടുള്ള വിധേയത്വം എങ്ങനെ പ്രകടിപ്പിക്കാം എന്നതിന് ഉത്തമോദാഹരണമായി ഇന്ത്യാവിഷന്‍ അടക്കമുള്ളവരുടെ ചര്‍ച്ചകളുടെ സ്വഭാവം. ആവേശം മൂത്ത ഇന്ത്യാവിഷനിലെ ഭഗത് എന്ന വാര്‍ത്തവായനക്കാരന്‍ 'സിഎജി റിപ്പോര്‍ട്ട് പ്രകാരമാണല്ലോ കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസ് പുറത്തുവന്നത്'എന്ന് ആവര്‍ത്തിച്ചുകൊണ്ട്, "വടക്കേ ഇന്ത്യന്‍ നേതാക്കന്മാര്‍ക്കെതിരെ വന്ന പല സിഎജി റിപ്പോര്‍ട്ടുകളും ഉപയോഗിച്ച് സിപിഎം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മാപ്പ് പറയുമോ'' എന്നുവരെ ചോദിച്ചുകേട്ടു. സ്വന്തം മുതലാളിയായ മുനീറിനെതിരെ 500 കോടിയുടെ ക്രമക്കേട് കണ്ടെത്തിയ സിഎജി റിപ്പോര്‍ട്ട് ഉണ്ട് എന്നത് ഭഗത്തിനും അറിയാം! മുനീറിനെതിരായ സിഎജി റിപ്പോര്‍ട്ടും വിജിലന്‍സ് കറ്റപത്രവും മുക്കിയ ഇന്ത്യാവിഷന്‍ സിപിഎം മാപ്പുപറഞ്ഞുകാണാന്‍ കൊതിക്കുന്നത് ഉദാത്ത മാധ്യമ പ്രവര്‍ത്തനത്തിന്റെ അസ്ക്യത കൊണ്ടാകാം. അതുകൊണ്ടുതന്നെയാണല്ലോ പിബി യോഗം കഴിഞ്ഞിറങ്ങുന്ന നേതാക്കളുടെ ശരീരഭാഷ നിര്‍ണയിക്കുന്നവര്‍ രാത്രിയില്‍ പൊലീസ് ജീപ്പില്‍ തലയില്‍ കൈവച്ച് മുഖം മറച്ചിരുന്ന രാജ്മോഹന്റെ ശരീരഭാഷ നിര്‍ണയിക്കാത്തത്.

എല്ലാം പറയണമല്ലോ. മര്‍ഡോക്ക് ചാനലില്‍നിന്ന് മനോരമയില്‍ എത്തിയ വേണു ചില ചോദ്യങ്ങളെങ്കിലും വി ഡി സതീശനോട് ചോദിച്ചു.

വേണു: അനുബന്ധ കരാര്‍മാത്രം ഒപ്പിട്ട പിണറായിമാത്രം പ്രതിയാകുന്നതിനു പിന്നില്‍ രാഷ്ട്രീയമില്ലേ?

സതീശന്‍‍: അനുബന്ധകരാര്‍ എന്നത് തോമസ് ഐസക് മാത്രം പറഞ്ഞുനടക്കുന്ന കള്ളമാണ്.

വേണു: അങ്ങനെ എങ്കില് കുറ്റ്യാടി പദ്ധതിയില്‍ സി വി പത്മരാജന്‍ ഒപ്പിട്ട കസള്‍ട്ടസി കരാര്‍ അനുബന്ധ കരാറുകള്‍ വഴി കാര്‍ത്തികേയന്‍ ഒപ്പിട്ടതോ?

സതീശന്‍: അല്ല വേണു, എന്താ ഇവിടെ പ്രശ്നം കുറ്റ്യാടി പദ്ധതി പ്രകാരം കിട്ടുമെന്ന് പറഞ്ഞ ഗ്രാന്റ് മുഴുവന്‍ കിട്ടിയില്ലേ. പിഎസ്പി വഴി കിട്ടുമെന്ന് പറഞ്ഞ 86 കോടിയോളം രൂപ കിട്ടിയില്ല. അതല്ലേ കേസ്

വേണു : കുറ്റ്യാടി പദ്ധതിക്ക് ചിലവാക്കിയ 201 കോടിയോളം പാഴായി എന്ന് സിഎജി പറഞ്ഞതോ?

സതീശന്‍: അത് വൈദ്യുതി ബോര്‍ഡ് കൃത്യമായ കണക്ക് കൊടുക്കാത്തതിനാലാണ്.

ഇതാണ് സാമ്പിള്‍.

ലാവ്ലിന്‍ കേസ് വീണ്ടും വാര്‍ത്തയാകുന്നതില്‍ ചില ഗുണങ്ങളുണ്ടെന്നാണ് ശതമന്യുവിന്റെ പക്ഷം. ഇന്നലെവരെ പലരും ഒതുക്കിവച്ച പലതും പുറത്തുവരുന്നുണ്ട്. ആന്റണിയെ സാക്ഷിയാക്കാതിരിക്കാന്‍ സിബിഐ നിരത്തിയ ന്യായം ആന്റണിക്ക് കേസുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ല എന്നല്ല-അങ്ങനെ ആവശ്യപ്പെടാന്‍ പിണറായിക്ക് അധികാരമില്ലെന്നാണ്.

പുറത്തുവരട്ടെ വരട്ടെ അങ്ങനെ പല പൂച്ചകളും.

7 comments:

ശതമന്യു said...

ചിരിച്ചാല്‍ ചിന്താശൂന്യന്‍, ചിന്തിച്ചാല്‍ ഭ്രാന്തന്‍, പൊട്ടിക്കരഞ്ഞാല്‍ സ്വൈരംകൊല്ലി, പടവെട്ടിയാല്‍ ധൃഷ്ടന്‍-ഇങ്ങനെയൊക്കെയാണ് മുരളിയെ ചെന്നിത്തല- ചാണ്ടിപക്ഷം കൈകാര്യംചെയ്യുന്നത്. കുനിഞ്ഞു കാലുപിടിച്ചാല്‍ കുടഞ്ഞുചവിട്ടരുത് എന്നൊരു ചൊല്ലുണ്ട്. ഇവിടെ തെറ്റെല്ലാം ഏറ്റുപറഞ്ഞ്, വിനീത വിധേയനായി വാതില്‍ക്കല്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളെത്രയായി. ആന്റണിയും വയലാര്‍ജിയും കെ വി തോമസും പ്രസാദിച്ചിട്ടും ചെന്നിത്തലയ്ക്ക് സമയമായില്ലാ പോലും; ചാണ്ടിക്ക് മനംമാറ്റമുണ്ടായില്ലാ പോലും. കുനിഞ്ഞുനില്‍ക്കുന്ന മുരളിയെ കുടഞ്ഞുകുടഞ്ഞുചവിട്ടുകയാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഒരവസരം തരണേ എന്ന് ഹരിശ്രീ അശോകന്‍ സ്റ്റൈലില്‍ മുറ്റത്തുനിന്ന് നിലവിളിക്കുന്ന ഒരാളെ ഇവ്വണ്ണം കൈകാര്യം ചെയ്യാന്‍ എന്താണ് പ്രകോപനം? ഒരിക്കല്‍ കോണ്‍ഗ്രസ് വിട്ടുപോയതാണ് കാരണമെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് അതുപറയാന്‍ എന്തധികാരം?

ramachandran said...

കേരളത്തെ അരാഷ്ട്രീയവത്കരിക്കുന്നതിനും മത സങ്കുചിത ചിന്ത പ്രചരിപ്പിക്കുന്നതിനും വലതുപക്ഷമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ഗൌരവമായി പരിശോധിക്കപ്പെടേണ്ടതാണ്. ഭക്തി വ്യവസായത്തെയും ആള്‍ ദൈവവ്യവസായത്തേയും പ്രോത്സാഹിപ്പിച്ചുകൊണ്ട് മാധ്യമങ്ങള്‍ കേരളത്തിന്റെ മതേതര പൊതുബോധത്തെ അപകടകരമാംവിധമാണ് തകര്‍ത്തുകൊണ്ടിരിക്കുന്നത്. വലതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആര്‍എസ്എസ്-എന്‍ഡിഎഫ് പോലുള്ള സംഘടനകള്‍ക്കും അതിന്റെ നേതാക്കള്‍ക്കും മുഖ്യധാരാ രാഷ്ട്രീയത്തില്‍ പ്രാധാന്യംനല്‍കുന്ന ചാനല്‍ചര്‍ച്ചകള്‍ നാം അനുദിനം കണ്ടുകൊണ്ടിരിക്കുകയാണ്. മുസ്ളിം തീവ്രവാദികളും ഹിന്ദുത്വഭീകരവാദികളും മതസാമുദായിക സംഘടനകളുമാണ് ഇന്ന് ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റെയും വക്താക്കളായി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് മതേതരരാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ഒരു അജണ്ടയുടെ ഭാഗമാണ്. തൊണ്ണൂറുകള്‍ മുതല്‍ കേരളത്തില്‍ അതിശക്തമായ രീതിയില്‍ വര്‍ഗ്ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ നിലപാടെടുത്ത് പ്രവര്‍ത്തിച്ചുവന്ന ഇടതുപക്ഷത്തെക്കൂടി ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളും സമാനമായി നടത്തുന്നു. തീവ്രവാദത്തിന്റെപേരില്‍ ഇടതുപക്ഷത്തിനെതിരെ ഇന്ന് കേരളത്തില്‍ അഴിച്ചുവിടുന്ന വ്യാജമായ പ്രചാരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ തീവ്രവാദത്തിനെതിരായ മാധ്യമനിലപാടില്‍നിന്നല്ല മറിച്ച് ഇടതുപക്ഷ വിരുദ്ധതയുടെ ആവിഷ്കാരമായിട്ടാണ് നാം തിരിച്ചറിയേണ്ടത്.
------------------


മാതൃഭൂമി പറയുന്നത് വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷം ലാവ്ലിന്‍ കേസ് ആയുധമാക്കുമെന്നാണ്. അഴിമതിവിരുദ്ധ നിലപാടല്ല മാധ്യമങ്ങളെ നയിക്കുന്നത്. ബൊഫോഴ്സ് കേസില്‍ ക്വട്രോച്ചിയെ കുറ്റവിമുക്തമാക്കിയതില്‍ ഇക്കൂട്ടര്‍ക്ക് വിഷമം തോന്നുന്നില്ല. ഇസ്രയേലുമായി 10000 കോടി രൂപയുടെ ആയുധ ഇടപാടിലുണ്ടായ കോഴയെപ്പറ്റി പരാതിയില്ല. ഒരുലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ സ്പെക്ട്രം അഴിമതിയിലും ഒരു വേവലാതിയുമില്ല. ക്യാന്‍സര്‍ സെന്ററിനുള്ള 86 കോടി നഷ്ടപ്പെടുത്തിയവരോടും പരാതിയില്ല. ക്യാന്‍സര്‍ സെന്റര്‍ കൊണ്ടുവന്ന പിണറായിയാണുപോലും കുറ്റക്കാരന്‍. ലാവ്ലിന്‍ കേസ് പാര്‍ടിക്കോ എല്‍ഡിഎഫിനോ സര്‍ക്കാരിനോ ക്ഷീണമുണ്ടാക്കുമെന്ന് സ്വപ്നംകാണുന്നവര്‍ നിരാശപ്പെടും. രക്തദാഹികള്‍ ദാഹം ശമിപ്പിക്കാന്‍ കഴിയാതെ ഒടുവില്‍ നിരാശയില്‍ മുഴുകേണ്ടിവരും.

ജനശക്തി said...

ബലേ ഭേഷ്!

ഉറുമ്പ്‌ /ANT said...

"തല പോനാല്‍ പോകട്ടും"

Unknown said...

കാര്യങ്ങള്‍ ഇവിടെ എത്തി നില്‍ക്കുമ്പോള്‍ സ്വാഭാവികമായ ഒരു സംശയം വലതു മാധയ്മങ്ങള്‍ മുക്കി വെക്കുന്ന ഒരു കാര്യം, ഇതാണ്.
വിജിലന്‍സ് കേസ് അന്വേഷിച്ചു ടാര്‍ഗെറ്റ് ചെയ്ത ആളെ കുടുക്കാന്‍ പറ്റിയില്ല, ഉമ്മന്റെ വിജിലന്‍സ് മേധാവി വര്മയുടെ കസേര തെറിച്ചു ,സീബി ഐ ഏറ്റെടുക്കുന്നില്ല എന്ന് പറഞ്ഞു, പിന്നെ കേസ് കോടതി പറഞ്ഞു ഏറ്റെടുത്തു... അതിനിടയില്‍ മുഴങ്ങി കേട്ട ഒരു "ന്യായം",സീ ബി ഐ ക്ക് മാത്രേ ലാവലിനുള്പ്പെട്ട അന്താരാഷ്‌ട്ര കേസില്‍ അവരെ ചോദ്യം ചെയ്യാന്‍ പറ്റൂ എന്നായിരുന്നു. ഇപ്പോള്‍ വര്ഷം നാല് കഴിഞ്ഞു, ലാവലിന്റെ ഒരു പ്യൂണിനെ പോലും ചോദ്യം ചെയ്യുക പോയിട്ട് അത് ചുക്കാണോ,കൊട്ടത്തേങ്ങ ആണോ എന്ന് പോലും ഈ വിദ്വാന്മാര്‍ക്ക് പിടിയില്ല. കഴിഞ്ഞ വര്ഷം ആദ്യം ലാവലിന്‍ പ്രതിനിധികള്‍ ന്യൂക്ളിയര്‍ റിയാക്ടര്‍മായി ബന്ധപ്പെട്ട ചര്‍ച്ചക്ക് ഡല്‍ഹിയില്‍ വന്നിരുന്നു. അന്വേഷണ മേലാളന്മാര്‍ എന്ത് ചെയ്തു ? മാങ്ങത്തൊലി അവര്‍ക്കതല്ലേ പണി.അപ്പോള്‍ ലക്‌ഷ്യം ഒന്നുമാത്രം,കുറച്ചു കാലം ഇത് വച്ചു രാഷ്ട്രീയം കളിക്കുക.തെറ്റ് ചെയ്തവരെ കണ്ടെത്തുന്നതിനുള്ള agency എന്നതില്‍ നിന്ന് ഇത് എത്രമാത്രം അധപതിച്ചു. അടുത്ത കാലത്തെ രാതോട് രുചിക കേസ് മറ്റൊരു ഉദാഹരണം.

ഷൈജൻ കാക്കര said...

സ്വന്തം കാര്യം സാധിക്കാന്‍ ചിലര്‍ ചില സിദ്ധാന്തങ്ങളുണ്ടാക്കുന്നു.

siby chacko said...

good..