Sunday, December 6, 2009

വിഷയദാരിദ്ര്യം

ദാരിദ്ര്യം പലവിധത്തിലുണ്ട്. പരമപ്രധാനം പണത്തിന്റെ ദാരിദ്ര്യം. ദരിദ്രനാരായണന്മാരുടെ നാടായ ഇന്ത്യയില്‍ ജനസംഖ്യയുടെ വളര്‍ച്ചപോലെ ദാരിദ്ര്യത്തിന്റെ അളവും മേലോട്ടുതന്നെ. ആശയദാരിദ്ര്യം, വിഷയദാരിദ്ര്യം, ചങ്കൂറ്റ ദാരിദ്ര്യം തുടങ്ങിയ ഇനങ്ങള്‍ സാധാരണ മനുഷ്യരെ ബാധിക്കുന്നതല്ല. "എന്താ നിങ്ങടെ പരിപാടി, പറയൂ പറയൂ കോണ്‍ഗ്രസേ'' എന്ന മുദ്രാവാക്യം കേട്ട് തലകുനിച്ചുപോകേണ്ടിവരുന്നത് രാഷ്ട്രീയത്തിലെ ആശയദാരിദ്ര്യം. പറയാന്‍ ഒരു പരിപാടിയില്ലാത്ത പടപ്പാണല്ലോ അത്.

എല്ലാ ദിവസവും മിനിമം ഭക്ഷണം കിട്ടാത്തവരാണ് ദരിദ്രന്മാര്‍. ശതമന്യുവിന്റെ ചില സഹജീവികള്‍ക്ക് ഭക്ഷണത്തിന് മുട്ടില്ല. മൂന്നും നാലും നേരം മൃഷ്ടാന്നം. പക്ഷേ, അവരെ ഇന്ന് ദാരിദ്ര്യം അലട്ടുന്നു-ആശയദാരിദ്ര്യം. എഴുതാന്‍ കഥകളില്ല; എഴുതുന്നത് ഫലിക്കുന്നില്ല. വാര്‍ത്ത വേണമെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ടിയെക്കുറിച്ചുതന്നെയാകണം; അതിനേ വായനക്കാരുള്ളൂ എന്നാണ് ഒരു പേനോപജീവി പറഞ്ഞത്. ഊരും പേരും ഉറപ്പിച്ചു പറയാനാകാത്ത സ്വന്തം പാര്‍ടിയുടെ പ്രവര്‍ത്തകയോഗത്തില്‍, മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് ആശയപ്രതിസന്ധിയാണെന്ന് പ്രസംഗിക്കുന്ന നേതാവും ആ പ്രസംഗം അക്ഷരംവിടാതെ അച്ചടിക്കുന്ന പത്രവും ഉള്ള നാടാണ് നമ്മുടേത്. വീരന്റെ പാര്‍ടിക്ക് ആളുമില്ല, ആശയവുമില്ല-അതുകൊണ്ട് പ്രതിസന്ധിയുമില്ല. അത്യാവശ്യം വാര്‍ത്തയില്‍ പ്രത്യക്ഷപ്പെടാന്‍ ചില അവാര്‍ഡുകള്‍, അന്വേഷണ കമീഷനുകള്‍ എന്നിവയൊക്കെ തരപ്പെടുന്നതുപോരാഞ്ഞാണ് പാര്‍ടിയോഗമെന്ന പേരില്‍ ചിലരെയെല്ലാം തട്ടിക്കൂട്ടി മാര്‍ക്സിസ്റ്റ് പാര്‍ടിയെ നന്നാക്കാനിറങ്ങുന്നത്. ഇത്തരം സ്വമുഖപ്രചാരണ തല്‍പ്പരര്‍ക്കുമാത്രമാണ് ഇന്നാട്ടില്‍ ദാരിദ്ര്യമില്ലാത്തത്.

നഗരമധ്യത്തിലൂടെ ഉടുതുണിയുരിഞ്ഞോടി പന്തയപ്പണം പറ്റിയ ഒരു നേതാവ് യുഡിഎഫിന്റെ ഉമ്മറപ്പടിയിലുണ്ട്. സ്വന്തം മുണ്ടുരിയപ്പെട്ടാലും വാര്‍ത്താപുരുഷനായാല്‍ മതി. ഇത്തരക്കാരെക്കുറിച്ച് എഴുതിയെഴുതി ശതമന്യുവിനും മടുത്തു. ഗര്‍ഭസത്യഗ്രഹത്തിന്റെയും ക്രിമിനല്‍കേസില്‍ പ്രോസിക്യൂട്ട് ചെയ്യണമെന്ന കോടതിയുത്തരവിന്റെയും കഥ എഴുതാന്‍ കൊള്ളാവുന്നതല്ലല്ലോ. പൂഞ്ഞാറില്‍നിന്ന് പലപല കഥകളുണ്ടെങ്കിലും പ്രസ് കോണ്‍ഫറന്‍സ് ജോര്‍ജിന് അല്‍പ്പം മാന്യതയും മര്യാദയും കുത്തിവയ്ക്കാന്‍ അതൊന്നും പോരാ. ചില രോഗങ്ങള്‍ക്ക് ചികിത്സയേ ഇല്ല. മോശത്തരങ്ങള്‍ വിളിച്ചുപറയാന്‍ മറ്റുള്ളവര്‍ തയ്യാറാകാത്തത് സ്വന്തം മിടുക്കുകൊണ്ടാണെന്ന് കരുതുന്ന രോഗികളുടെ കൂട്ടത്തില്‍ വീരനും ജോര്‍ജും ക്രിമിനല്‍ പത്രക്കാരനും ക്രൈമിന്റെ രണ്ടാം പതിപ്പുകാരനും മുമ്പന്തിയില്‍തന്നെ. ഇവര്‍ക്ക് സഹായമായി നിര്‍ദിഷ്ട മെഡിക്കല്‍ സര്‍വകലാശാലയില്‍ പ്രത്യേക വകുപ്പുണ്ടാക്കാന്‍ ശ്രീമതി ടീച്ചര്‍ കരുണകാട്ടട്ടെ.

പറഞ്ഞുതുടങ്ങിയത് ദാരിദ്ര്യത്തെക്കുറിച്ചാണ്. നാട്ടില്‍ എന്തേ പാര്‍ടികള്‍ പ്രവര്‍ത്തിക്കുന്നില്ലേ? ഭരണം നടക്കുന്നില്ലേ? സൂര്യന്‍ കിഴക്കുദിക്കുന്നില്ലേ? മഴയും വെയിലുമില്ലേ? എന്നിട്ടുമെന്തേ ഞങ്ങള്‍ക്ക് വിഷയദാരിദ്ര്യമാണ്, ഇത് മാന്ദ്യകാലമാണ് എന്ന് വായനക്കാരോട് വിലപിക്കാന്‍ സടകൊഴിയാത്ത മാധ്യമേന്ദ്രന്മാര്‍ തയ്യാറാകുന്നു? അവിടെയാണ് കളി. സംഗതി വാര്‍ത്താദാരിദ്ര്യമല്ല-കിട്ടുന്നതെല്ലാം വാരിവലിച്ചു തിന്ന് ദഹനക്കേടുണ്ടായതിന്റെ അസ്ക്യതയാണ്.

ഈ പഞ്ഞകാലത്തിനു മുമ്പോട്ടൊന്നു നടക്കാം. ലാവ്ലിന്‍ കാലംവരെ മതി. ലാവ്ലിന്‍ വാര്‍ത്തയില്ലാത്ത ദിവസങ്ങളുണ്ടായിരുന്നോ മലയാളിയുടെ സുപ്രഭാതങ്ങളില്‍? മലപ്പുറം കത്തിമുതല്‍ എകെ 47 വരെ എടുത്തല്ലിയോ പവനായിമാര്‍ നിരന്നുനിന്നത്. എവിടെ വരദാചാരിയുടെ തല? ആ തല സിബിഐയുടെ കേസിന്റെ മുഖ്യതെളിവായിവരെ മാറ്റിയവര്‍ ഇന്ന് വരദാചാരി എന്ന പേരുമിണ്ടുമോ? എന്തൊക്കെ-സിംഗപ്പുരില്‍ ബിസിനസ്, നൂറുവട്ടം വിദേശയാത്ര, ടെക്ക്നിക്കാലിയ എന്ന കടലാസുകമ്പനി, ഫയല്‍ മുക്കല്‍, മക്കളുടെ പഠനത്തിന് വന്‍ചെലവ്, എജിയുടെ ഫോണ്‍ ചോര്‍ത്തല്‍, ഗവര്‍ണറുടെ ഫയലുകളും മന്ത്രിസഭാ രേഖകളും ചോര്‍ത്തല്‍-ഇങ്ങനെ. ഏതെങ്കിലും ഒന്ന് പൊളിയാതെ അവശേഷിക്കുന്നുണ്ടോ? ഏറ്റവുമൊടുവില്‍ ഇന്റര്‍നെറ്റുവഴി ഇതാ കൊട്ടാരംപോലത്തെ വീട് എന്ന കഥ. അതും പൊളിഞ്ഞില്ലേ? ഇനി ഇമ്മാതിരി വേവാത്ത പരിപ്പുംകൊണ്ട് വന്നാല്‍ നാട്ടുകാര്‍ വകവയ്ക്കുമോ? ഇപ്പോള്‍തന്നെ കോപ്പി ഇടിയുന്നുണ്ടെന്നാണ് കേള്‍വി.

പ്രചരിപ്പിച്ചതല്ല യഥാര്‍ഥ വീടെന്ന് തെളിഞ്ഞപ്പോള്‍ ഇറക്കിയ പുതുകഥ നോക്കൂ-പിണറായിക്കെതിരായ എല്ലാ കഥകളും ഇത്തരത്തിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പബ്ളിക് റിലേഷന്‍സ് മാനേജര്‍മാര്‍ സൃഷ്ടിച്ച കപടനാടകമാണ് അതെന്ന്. അത് ക്രൈമിന്റെ രണ്ടാംപതിപ്പുകാരന്‍ ആകുന്നത്ര ശക്തി സ്വരുക്കൂട്ടി എഴുതിനോക്കി. അപ്പോഴേക്കും പക്ഷേ, ഇ- മെയിലിന്റെ ഉറവിടം പുറത്തുവന്നു-വരദാചാരിയുടെ തലപോലെ അതും പൊളിഞ്ഞു. എന്നിട്ടുമുണ്ടോ നിര്‍ത്തുന്നു. പിന്നെയും തുടരുന്നു പി സി ജോര്‍ജിന്റെ അഖണ്ഡ സഹസ്രനാമം. അതൊക്കെ കൈയിലേക്ക് സ്വീകരിച്ച് നാട്ടുകാര്‍ക്കു വിളമ്പാന്‍ കുറെ മാധ്യമ ദരിദ്രവാസികളും! ഇനിയും ഇത്തരം കഥകളുംകൊണ്ടു വന്നാലത്തെ അനുഭവം ഓര്‍ത്ത് 'ഇത് മാന്ദ്യകാലമാണേ, ഒന്നും എഴുതാനും പറയാനുമില്ലേ' എന്ന് വിലപിക്കുന്നവര്‍ക്കുവേണം നല്ല നമസ്കാരം പറയാന്‍. പോണമച്ചാന്‍ തിരുമ്പിവന്നാലും വിശേഷിച്ച് ഒന്നും ചെയ്യാനില്ല എന്നര്‍ഥം.

*
ചിലരെല്ലാം മുന്നില്‍കാണുമ്പോള്‍ ചിരിച്ചുകാട്ടുന്നതും മന്നവേന്ദ്രാ വിളങ്ങുന്നു എന്നു കരയുന്നതും സ്നേഹംകൊണ്ടാണെന്നാണ് വിചാരം. അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്ന വാര്‍ത്തകള്‍ മുറിച്ചെടുത്ത് ഫയല്‍ചെയ്ത് മറുപടി അയക്കാനും അവാര്‍ഡുകമ്മിറ്റിക്കാരുമായി ബന്ധപ്പെടാനും വീരഭൂമിയില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രേ. അങ്ങനെ ചൂണ്ടയില്‍ കൊളുത്തി വലിക്കപ്പെടുന്നവര്‍ക്ക് പത്രത്തില്‍ സ്വന്തം ചിത്രവും വാര്‍ത്തയും വരുന്നതുകണ്ട് സായൂജ്യമടയാം-നഷ്ടപ്പെടാന്‍ ഒരു ശില്‍പ്പവും വണ്ടിച്ചെക്കും മാത്രം.

ഒരു മാധ്യമചര്‍ച്ചയില്‍ കേട്ടത്, ഇന്നാട്ടിലെ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മിനിമം ധാര്‍മികത നഷ്ടപ്പെട്ടു എന്ന വിലാപമാണ്. സ്വന്തം മുതലാളിയുടെ വീരകൃത്യങ്ങള്‍ എഴുതി സ്വന്തം പത്രത്തില്‍ പ്രസിദ്ധീകരിച്ചാല്‍ പണിപോകും എന്ന പേടി മനസ്സിലാക്കാം. എന്നാല്‍, മറ്റൊരു പത്രത്തിന്റെ മുതലാളിയെ വിഷമിപ്പിക്കുന്ന വാര്‍ത്തയ്ക്ക് സ്വന്തം സ്ഥാപനം വിലക്കുകല്‍പ്പിച്ചാലോ? പുറമേക്ക് കാണുന്നതൊന്നുമല്ല സെന്‍സര്‍ഷിപ്പ്. വയനാട്ടിലെ ഭൂമികൈയേറ്റത്തിന്റെ വാര്‍ത്ത ഏതെങ്കിലും പത്രത്തില്‍ കാണാനായോ? പത്രമുതലാളിയുടെ ആര്‍ത്തിമൂലം അര്‍ഹതപ്പെട്ട ഭൂമി നഷ്ടപ്പെട്ട വയനാടന്‍ ആദിവാസികളുടെ ദയനീയചിത്രം ഏതെങ്കിലും പത്രം വരച്ചുകാട്ടിയോ? ഇല്ല; ഇല്ല; ഇല്ല. അങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നാല്‍, ആദ്യം ക്രൈംമോന്‍, പിന്നെ സ്വന്തം മോന്‍, അതും കഴിഞ്ഞ് ഞാന്‍തന്നെ- ഇറങ്ങിവന്ന് നാറ്റിച്ചുകളയും. ഈ പ്രക്രിയയെയാണ് മഹത്തായ മാധ്യമ സ്വാതന്ത്ര്യം, രാഷ്ട്രീയപ്രവര്‍ത്തന സ്വാതന്ത്ര്യം എന്നെല്ലാം ശബ്ദതാരാവലിയില്‍ വിവക്ഷിക്കുന്നത്.

*
മാര്‍ക്സിസ്റ്റ് പാര്‍ടിയില്‍നിന്ന് വാര്‍ത്തകള്‍ വരാത്തതിലാണ് സങ്കടം. കോണ്‍ഗ്രസില്‍ വാര്‍ത്തകളില്ലാഞ്ഞിട്ടല്ല. അതു വേണ്ട. മണ്ണും ചാരിനിന്ന വയലാര്‍ജി മണവാളന്റെ കുപ്പായം തയ്പിക്കുന്നുണ്ടെന്നാണ് പുതിയ വിവരം. വയലാര്‍ജിക്ക് പലതും വഴങ്ങും. ചെന്നിത്തലയ്ക്ക് ഇല്ലാത്തത്; ഉമ്മന്‍ചാണ്ടിക്ക് ഉള്ളത്; ആന്റണി മുറുകെപ്പിടിക്കുന്നത്; തങ്കച്ചന്റെയും ആര്യാടന്റെയും നല്ല ശീലങ്ങള്‍; സുധാകരന്റെ മേത്തരം പരിപാടികള്‍-ഇതെല്ലാം ചേരുംപടി ചേര്‍ന്നയാള്‍ യാരോ-അതാണ് വയലാര്‍ജി. ലീഡറെപ്പോലെ കണ്ണിറുക്കിക്കാട്ടല്‍, മുരളിയെപ്പോലെ ചൊടിച്ചുസംസാരം, ഉണ്ണിത്താന്റെ മട്ടില്‍ തട്ടുപൊളി, സുധീരന്‍മോഡല്‍ ആദര്‍ശ പ്രസംഗം എന്നിവയൊന്നും വയലാര്‍ജിക്ക് അന്യമല്ല. ചെന്നിത്തലയുടെ വിചാരം ഉമ്മന്‍ചാണ്ടിയാണ് ശത്രു; മുരളീധരനാണ് വരാനിരിക്കുന്ന വിപത്ത് എന്നാണ്. മണ്ണുംചാരി കണ്ണും നട്ടിരിക്കുന്ന വയലാര്‍ജി ആരുടെയൊക്കെ സ്വപ്നങ്ങളെ തകര്‍ക്കുമോ എന്തോ. ഇതൊന്നും നമ്മുടെ മാധ്യമ ദാരിദ്ര്യക്കാര്‍ ഭക്ഷിക്കില്ല. അവര്‍ക്കറിയാം അതിന്റെ മണമടിച്ചാല്‍പോലും അതിസാരം വരുമെന്ന്.

2 comments:

ശതമന്യു said...

ദാരിദ്ര്യം പലവിധത്തിലുണ്ട്. പരമപ്രധാനം പണത്തിന്റെ ദാരിദ്ര്യം. ദരിദ്രനാരായണന്മാരുടെ നാടായ ഇന്ത്യയില്‍ ജനസംഖ്യയുടെ വളര്‍ച്ചപോലെ ദാരിദ്ര്യത്തിന്റെ അളവും മേലോട്ടുതന്നെ. ആശയദാരിദ്ര്യം, വിഷയദാരിദ്ര്യം, ചങ്കൂറ്റ ദാരിദ്ര്യം തുടങ്ങിയ ഇനങ്ങള്‍ സാധാരണ മനുഷ്യരെ ബാധിക്കുന്നതല്ല. "എന്താ നിങ്ങടെ പരിപാടി, പറയൂ പറയൂ കോണ്‍ഗ്രസേ'' എന്ന മുദ്രാവാക്യം കേട്ട് തലകുനിച്ചുപോകേണ്ടിവരുന്നത് രാഷ്ട്രീയത്തിലെ ആശയദാരിദ്ര്യം. പറയാന്‍ ഒരു പരിപാടിയില്ലാത്ത പടപ്പാണല്ലോ അത്.

സന്തോഷ് said...

വിഷയ ദാരിദ്ര്യം (സി പി എം വിഷയത്തില്‍) കൊണ്ടാവാം മാത്രുഭൂമി എദിറ്റര്‍ പയറ്റുന്ന പുതിയതന്ത്രമുണ്ട്. വാചകമേള.“സി പി ഐ എമ്മിന് റ്റാ‍റ്റാ, ബിര്‍ലാ, റിലയന്‍സ് എന്നിവരേക്കാള്‍ സ്വത്തുണ്ടെ“ന്ന് സ്വാമിനാഥന്‍, പി കെ ശ്രീമതിയുടെ സ്റ്റാഫ് നിയമനത്തെ പറ്റി രാമചന്ദ്രന്‍ എന്നിങ്ങനെയുള്ള അരുളപ്പാടുകള്‍. ഏത് സ്വാമിനാഥന്‍? ഏത് രാമചന്ദ്രന്‍? എവിടെ പറഞ്ഞു? ഇതൊന്നും വാചക മേളയില്‍ വ്യക്തമാക്കണ്ടല്ലോ.