Sunday, October 4, 2009

ദുര്‍ബലരോട് യുദ്ധമില്ല

ഒന്നിന്റെ വിജയം മറ്റൊന്നിന്റെ പരാജയമാണെന്ന് ഏതോ മഹാന്‍ എപ്പോഴോ പറഞ്ഞിട്ടുണ്ട്. മനുഷ്യച്ചങ്ങല വന്‍ വിജയമായി. അത് സിപിഐ എമ്മിന്റെ വിജയം. ആരുടെ പരാജയമാണ്? മനുഷ്യച്ചങ്ങലയ്ക്കെതിരെയും ആസിയന്‍കരാറിനെ അനുകൂലിച്ചും പറഞ്ഞുകരഞ്ഞവരുടെ പരാജയം. പാര്‍ടി ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടെന്നും നേതാക്കള്‍ വേറെ; അണികള്‍ വേറെ എന്നു പ്രഖ്യാപിച്ചവരുടെയും ആസിയന്‍കരാറിനെ എതിര്‍ക്കുന്നത് സാമ്രാജ്യവിരുദ്ധ മുന്നേറ്റത്തിന് തടസ്സമെന്ന് സിദ്ധാന്തിച്ചവരുടെയും പരിപൂര്‍ണ പരാജയം. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എളുപ്പമാണ്. ആഹ്വാന വാര്‍ത്ത മതി. പത്തുപേര്‍ തികച്ചില്ലാത്ത സംഘടനയ്ക്കും ഹര്‍ത്താല്‍ നടത്തി സ്തംഭിപ്പിക്കാം. കോഴി-സിഡി കച്ചവടക്കാര്‍, ബിവറേജസ് കോര്‍പറേഷന്‍ തുടങ്ങിയവരടങ്ങുന്ന മാഫിയയാണ് ഹര്‍ത്താല്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് മാധ്യമ വിചക്ഷണന്മാരൊന്നും പറഞ്ഞുകേട്ടിട്ടില്ല-ആശ്വാസം. താരതമ്യേനെ ഹര്‍ത്താലിനേക്കാള്‍ പ്രയാസമുള്ള സമരരൂപമാണ് ചാനല്‍ ക്യാമറക്കാരെ വിളിച്ചുകൂട്ടി സമയം നിശ്ചയിച്ചുള്ള മതിലുചാടല്‍, കസേര ഉടയ്ക്കല്‍, ചില്ലിനു കല്ലേറ്, ഘെരാവോ തുടങ്ങിയവ. കൂടുതല്‍ ആളുകള്‍ വേണ്ട. വാര്‍ത്താ പ്രാധാന്യം വലിയതോതില്‍ കിട്ടും. ഇനി ധര്‍ണ, പിക്കറ്റിങ്ങ്, പ്രകടനം തുടങ്ങിയ രൂപങ്ങളാണ്. കുറച്ചാളെ നിരത്തണം. കൊച്ചുകൊച്ചു സംഘടനകള്‍ക്കും പാര്‍ടികള്‍ക്കുമൊക്കെ ആഞ്ഞുപിടിച്ചാല്‍ ഒരു 'പടുകൂറ്റന്‍ പ്രകടനം' നടത്താം. പി സി ജോര്‍ജിന്റെ പാര്‍ടിവരെ 'ശക്തിപ്രകടനം'നടത്തുന്ന കാലമാണ്. കൊടിതയ്പ്പിച്ചു കൊടുത്താല്‍ മതി-ആളൊന്നുക്ക് നിശ്ചിത തുക ചെലവാക്കിയാല്‍ പ്രകടനം പടുകൂറ്റനാകും. സിനിമയിലും ജാഥയുണ്ടാകാറുണ്ട്.

സമരമല്ലാതെയും വാര്‍ത്തയില്‍ കയറാന്‍ മാര്‍ഗമുണ്ട്. പ്രത്യേകതരം പ്രസ്താവനകള്‍ നടത്തുക, കുറ്റകൃത്യങ്ങളില്‍ മന്ത്രി പുത്രന്മാര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിക്കുക, പെണ്‍വാണിഭക്കേസുകളില്‍ ഉന്നത ബന്ധം സങ്കല്‍പ്പിക്കുക തുടങ്ങിയവയാണ് നടപ്പുരീതി. ഏതെങ്കിലും കേസിലെ പ്രതിയോ പ്രതിയുടെ ബന്ധുവോ ആണെന്നിരിക്കട്ടെ-അനുകൂലമായ 'പൊതുബോധം' സൃഷ്ടിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും വഴിതിരിച്ചുവിടാന്‍ ഉന്നതകേന്ദ്രങ്ങള്‍ ശ്രമിക്കുന്നുവെന്നും ഒന്നോ രണ്ടോ ചാനലുകാരെ വിളിച്ചുപറഞ്ഞാല്‍ മതി. ബാക്കി അവര്‍ നോക്കിക്കൊള്ളും. തട്ടിപ്പുകേസില്‍ പ്രതിയാണോ? എന്നാലും 'ഉന്നതകേന്ദ്ര'ങ്ങളെ വിടരുത്. 'എനിക്കു മാത്രമല്ല, രാഷ്ട്രീയത്തിലെ ചിലര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ടെ'ന്ന് തട്ടിയേക്കണം. കലാകാരനോ രാഷ്ട്രീയനേതാവിനോ ടിവിയില്‍ മുഖം കാണിക്കണമെകില്‍ എന്തെല്ലാം പാടുപെടണം. നിങ്ങള്‍ക്ക് അത്തരം പ്രയാസമൊന്നും അനുഭവിക്കേണ്ടിവരില്ല. ഒറ്റക്കാര്യം ശ്രദ്ധിക്കുക-ഉന്നത ബന്ധം, മാഫിയ, രാഷ്ട്രീയ ഗൂഢാലോചന, ഉപജാപം, ഇടതുപക്ഷത്തില്‍ വെള്ളംചേര്‍ക്കല്‍, ജനപക്ഷം, പാര്‍ടിയും ജനങ്ങളും വേറെ-ഇത്യാദി പ്രയോഗങ്ങള്‍ നിര്‍ബന്ധമാണ്.

*
വിഷയം മനുഷ്യച്ചങ്ങലയാണ്. മനുഷ്യച്ചങ്ങലയില്‍ 'പതിനായിരങ്ങളാണ്' പങ്കെടുത്തത് എന്നതില്‍ മനോരമയ്ക്കും മാതൃഭൂമിക്കും തര്‍ക്കമേയില്ല. 800 കിലോമീറ്ററാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. ഒരു മീറ്ററില്‍ ഒരാള്‍ നിന്നാല്‍ 800 കിലോമീറ്റര്‍ നീളണമെങ്കില്‍ എട്ടുലക്ഷം പേര്‍ വേണം. 80 പതിനായിരങ്ങള്‍. രണ്ടു പത്രവും കൊടുത്ത ചിത്രത്തില്‍ ചങ്ങലയല്ല മനുഷ്യമഹാദുര്‍ഗം തന്നെയാണ് കാണുന്നത്. ചാനലുകള്‍ പറഞ്ഞത് 30 ലക്ഷം പേരെങ്കിലുമുണ്ടാകുമെന്നാണ്. അതായത് 300 പതിനായിരങ്ങള്‍. ജനലക്ഷങ്ങള്‍ പങ്കെടുത്തെന്ന് വാര്‍ത്തയെഴുതിയാല്‍ സിപിഐ എമ്മിന്റെ ജനസ്വാധീനം ലക്ഷങ്ങളുടേതാണെന്ന് വായനക്കാര്‍ ധരിച്ചുപോകുമല്ലോ. അതുകൊണ്ട് നമുക്ക് പതിനായിരങ്ങള്‍ തന്നെ ധാരാളം. കുറച്ചുകൂടി ലളിതമാക്കി ആയിരക്കണക്കിനാളുകള്‍ എന്നെഴുതാമായിരുന്നു. ചങ്ങല കഴിഞ്ഞ് തിരിച്ചുപോകുന്നവര്‍ ഒരു ബസിലിരുന്ന് വിളിച്ച മുദ്രാവാക്യം-"കണ്ടോ കണ്ടോ ചെങ്കൊടി കണ്ടോ; ചോരക്കൊടിയുടെ കരുത്തുകണ്ടോ-എണ്ണാമെങ്കില്‍ എണ്ണിക്കോ; നാളെക്കള്ളം പറയേണ്ട'' എന്നായിരുന്നു.

എന്ത്, ഏത്, എവിടെ, എപ്പോള്‍, എങ്ങനെ, ആര്, ആരാല്‍ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് വാര്‍ത്ത എന്നെല്ലാം പറയാറുണ്ട്. അത് പഴയ കഥ. ഇത് ചാനല്‍ ചാകരക്കാലം. പുതിയ കാലത്ത് പുതിയ വാര്‍ത്തയാണ്. ആരെന്നും എന്തെന്നും എപ്പോഴെന്നുമൊന്നും മിണ്ടാതെ എഴുതുന്നതാണ് വാര്‍ത്ത. അതുകൊണ്ട്, മനുഷ്യച്ചങ്ങല സിപിഐ എമ്മിലെ വിഭാഗീയതയ്ക്ക് ശമനം വരുത്തി എന്നായി മാതൃഭൂമിയുടെയും മനോരമയുടെയും വാര്‍ത്ത. പങ്കെടുത്തത് വെറും'പതിനായിരങ്ങള'ല്ലേ. ചെന്നിത്തല പറഞ്ഞത്, "കരാര്‍ രാജ്യത്തിന് ഗുണംചെയ്യുമോ ദോഷംചെയ്യുമോ എന്നറിയാതെ സമരം ചെയ്യുന്നത് രാഷ്ട്രീയ സങ്കുചിതത്വം കൊണ്ടാണ്'' എന്നത്രേ. എന്നാല്‍, കരാറിന് അനുകൂലമായി ചെന്നിത്തലയും കൂട്ടരും ഇതുപോലൊരു ചങ്ങല സംഘടിപ്പിച്ചുനോക്കട്ടെ. അപ്പോള്‍ കാണാം കഥ. സിപിഐ എമ്മല്ലാതെ മറ്റേതെങ്കിലുമൊരു പാര്‍ടിക്ക് ഇങ്ങനെയൊരു സമരം നടത്താനാകുമോ എന്നൊരന്വേഷണവും അന്വേഷണാത്മകര്‍ നടത്തേണ്ടതാണ്. കുറെയാളുകളും നീണ്ട കുറെ ചങ്ങലയുമായാല്‍ മനുഷ്യച്ചങ്ങല എന്നുവിളിക്കാമെങ്കില്‍ ചെന്നിത്തലയ്ക്കും ഒരുകൈനോക്കാം.

*
സിപിഐ എം സംസ്ഥാന സെക്രട്ടറിയെ രാഷ്ട്രീയ ഭീരു എന്നുവിളിച്ച വീരേന്ദ്രകുമാര്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കോമാളിയാണോ എന്ന് ടി ശിവദാസമേനോന്‍ ചോദിച്ചുകേട്ടു. പിണറായി വിജയന്‍ അസുഖംബാധിച്ച് ചെന്നൈയില്‍ ചികിത്സയ്ക്കും പരിശോധനയ്ക്കും പോയപ്പോഴാണ്, ലാവ്ലിന്‍ കേസ് വൈദ്യശാസ്ത്രപരമായും നേരിടണമെന്ന് വീരേന്ദ്രകുമാര്‍ പരിഹാസപൂര്‍വം പ്രസ്താവിച്ചത്. ആളുകള്‍ക്ക് അസുഖം വരുന്നതും കേസില്‍ അവധി കൊടുക്കുന്നതും സാധാരണം. അസുഖത്തെ ആരും ആക്ഷേപിക്കുന്നത് കാണാറില്ല. വീരന്റെ മാനസികനിലയെയും അതുകൊണ്ട് ആക്ഷേപിക്കാതെ വിടാം. അല്ലെങ്കിലും പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ടിക്കുമെതിരെയാകുമ്പോള്‍ പതിവുകള്‍ തെറ്റിക്കുകതന്നെ വേണമല്ലോ. ഇടതുമുന്നണിയില്‍ തനിക്ക് ആത്മാഭിമാനം നഷ്ടപ്പെട്ടെന്ന് നടന്ന് വിലപിക്കുകയാണ് വീരന്‍. ഇ എം എസിനെയും എ കെ ജിയെയും ഓര്‍ത്ത് വിങ്ങിപ്പൊട്ടുകയാണ്. അര്‍ബുദവും ഒരു വളര്‍ച്ചയാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ക്കു നേരെ സഹതാപം ചൊരിയാനുമാവില്ല.

മനോവൈകല്യമുള്ളവരില്‍നിന്ന് മര്യാദ പ്രതീക്ഷിക്കുന്നത് മണ്ടത്തരം പോലുമല്ല. അത്യാസന്നനിലയില്‍ എ കെ ജി കിടക്കുമ്പോള്‍, "കാലന്‍ വന്നു വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ'' എന്ന് മുദ്രാവാക്യം മുഴക്കി ആക്രോശിച്ച യൂത്തന്മാരാണ് വളര്‍ന്ന് കൊഴുത്ത് വീരനൊപ്പമിരിക്കുന്ന മൂത്ത കോണ്‍ഗ്രസുകാര്‍. അവരെറിഞ്ഞു കൊടുക്കുന്ന എല്ലിന്‍കഷണം കടിച്ചുപിടിച്ച്, അവര്‍ ചൂണ്ടിക്കാണിക്കുന്നവര്‍ക്കു നേരെ കുരച്ചുചാടി യജമാനസ്നേഹം പ്രകടിപ്പിക്കുന്നയാള്‍ക്ക് പറയാനുള്ള വാക്കോ 'ആത്മാഭിമാനം'? ആ വാക്കിന് അത്ര മോശമായ അര്‍ഥവുമുണ്ടോ?

വീരന്‍ പറയുന്നു: കോണ്‍ഗ്രസിന്റെ നയങ്ങളെ താന്‍ എതിര്‍ത്തിട്ടേയില്ലെന്ന്... അന്താരാഷ്ട്ര നയങ്ങളെയാണ് താന്‍ വിമര്‍ശിച്ചതെന്ന്... കേര കര്‍ഷകരെ രക്ഷിക്കാന്‍ പച്ചത്തേങ്ങ സംഭരിക്കണമെന്ന ആവശ്യം നിറവേറ്റാനാണത്രേ കോണ്‍ഗ്രസ് പാളയത്തിലെത്തിയത്. പച്ചത്തേങ്ങയ്ക്കും ഇനി രക്ഷയില്ലേ? പാവം സോഷ്യലിസ്റ്റുകാര്‍. ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനെതിരെ പടപൊരുതി ഒടുവില്‍ കോണ്‍ഗ്രസിന്റെ തിണ്ണയില്‍ അഭയം. സ്വന്തമായി പത്രമുള്ളതുകൊണ്ട് വീരനു പഴങ്കഞ്ഞിയും പഴമ്പായുമെങ്കിലും കിട്ടും. മലബാറിലെ പഴയ സോഷ്യലിസ്റ്റ് സിംഹങ്ങള്‍ക്കോ?

*
മാധ്യമ സ്വാതന്ത്ര്യമെന്നാല്‍ എത്രവരെ പോകാം? അത് ക്രൈം ആപ്പീസ് അടിച്ചുതകര്‍ക്കുന്നതു വരെ എന്നാണ് മാതൃഭൂമിയുടെ വിശേഷാല്‍ പ്രതിയായ ഇന്ദ്രന്റെ നിഗമനം. മോഹന്‍ലാലിന് എയ്ഡ്സ് ഉണ്ട് എന്നൊക്കെ ക്രൈമില്‍ വാര്‍ത്തവന്നല്ലോ. ഏതെങ്കിലും ഫാന്‍സുകാര്‍ ഓഫീസ് തകര്‍ത്തോ? ഇല്ല. അതാണ് മാധ്യമ ബഹുമാനം. മഞ്ഞപ്പത്രം അടിക്കാനും പത്രമുതലാളിയുടെ രാഷ്ട്രീയ നിലപാടു മാറ്റങ്ങള്‍ക്കൊപ്പിച്ച് കോളമെഴുതാനും കാര്‍ട്ടൂണ്‍ വരയ്ക്കാനുമുള്ള സ്വാതന്ത്യമാണ് മാധ്യമ സ്വാതന്ത്ര്യം. അതിനെ എതിര്‍ക്കുന്ന ലേഖനം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. ശമ്പളം തരുന്ന മുതലാളി പോകുന്നിടത്തെല്ലാം ആദര്‍ശം മണക്കണം. ഇതുവരെ പ്രസംഗിച്ചതും എഴുതിയതുമെല്ലാം കൊട്ടയില്‍ തള്ളി 'സ്നേഹിക്കുന്നവര്‍ക്കൊപ്പം' എത്തിയാല്‍ അതിലും കാണണം ആദര്‍ശം. പാര്‍ടി പത്രത്തില്‍ പാര്‍ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാര്‍ടി നിലപാടുകള്‍ പറഞ്ഞാല്‍ അത് ക്വട്ടേഷന്‍ പ്രവര്‍ത്തനമാണ്-അപ്പുക്കുട്ടന്റെ ഭാഷയിലെ ഉപജാപമാണ്. അങ്ങനെയുള്ളവരുടേത് 'വെറും'ബ്രാഞ്ച് മെമ്പറുടെ മാനസികാവസ്ഥ. ഉപജാപത്തിനൊക്കെ ഇപ്പോള്‍ എന്താ വില! ഇന്ദ്രന്‍ പറഞ്ഞമാതിരിയുള്ള കരണത്തടി സിപിഐ എം ബ്രാഞ്ച് മെമ്പറുടെ അജണ്ടയില്‍ ഇല്ലാത്തതുകൊണ്ടാണല്ലോ നാട്ടില്‍ ജനാധിപത്യം പുലരുന്നത്. അല്ലെങ്കിലും ത്രാണിയുള്ളവരോടല്ലാതെ യുദ്ധം ചെയ്തിട്ടെന്തു ഫലം? ഇന്ദ്രനും അതെ; അപ്പുക്കുട്ടനും അതെ, ഇരുവരുടെയും രക്ഷിതാവായ വീരനും അതെ-ദുര്‍ബലക്കൂട്ടം. യുദ്ധമല്ല; അവഗണനയാണ് നല്ല മരുന്ന്. ഉദരം, വേഷം, വാക്ക്, അഭിമുഖം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാകയാല്‍ അവരെ പാട്ടിന് വിടാം.

8 comments:

ശതമന്യു said...

വിഷയം മനുഷ്യച്ചങ്ങലയാണ്. മനുഷ്യച്ചങ്ങലയില്‍ 'പതിനായിരങ്ങളാണ്' പങ്കെടുത്തത് എന്നതില്‍ മനോരമയ്ക്കും മാതൃഭൂമിക്കും തര്‍ക്കമേയില്ല. 800 കിലോമീറ്ററാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. ഒരു മീറ്ററില്‍ ഒരാള്‍ നിന്നാല്‍ 800 കിലോമീറ്റര്‍ നീളണമെങ്കില്‍ എട്ടുലക്ഷം പേര്‍ വേണം. 80 പതിനായിരങ്ങള്‍. രണ്ടു പത്രവും കൊടുത്ത ചിത്രത്തില്‍ ചങ്ങലയല്ല മനുഷ്യമഹാദുര്‍ഗം തന്നെയാണ് കാണുന്നത്. ചാനലുകള്‍ പറഞ്ഞത് 30 ലക്ഷം പേരെങ്കിലുമുണ്ടാകുമെന്നാണ്. അതായത് 300 പതിനായിരങ്ങള്‍. ജനലക്ഷങ്ങള്‍ പങ്കെടുത്തെന്ന് വാര്‍ത്തയെഴുതിയാല്‍ സിപിഐ എമ്മിന്റെ ജനസ്വാധീനം ലക്ഷങ്ങളുടേതാണെന്ന് വായനക്കാര്‍ ധരിച്ചുപോകുമല്ലോ. അതുകൊണ്ട് നമുക്ക് പതിനായിരങ്ങള്‍ തന്നെ ധാരാളം. കുറച്ചുകൂടി ലളിതമാക്കി ആയിരക്കണക്കിനാളുകള്‍ എന്നെഴുതാമായിരുന്നു. ചങ്ങല കഴിഞ്ഞ് തിരിച്ചുപോകുന്നവര്‍ ഒരു ബസിലിരുന്ന് വിളിച്ച മുദ്രാവാക്യം-"കണ്ടോ കണ്ടോ ചെങ്കൊടി കണ്ടോ; ചോരക്കൊടിയുടെ കരുത്തുകണ്ടോ-എണ്ണാമെങ്കില്‍ എണ്ണിക്കോ; നാളെക്കള്ളം പറയേണ്ട'' എന്നായിരുന്നു.

സാജന്‍| SAJAN said...

അതെ വായിച്ചു, പങ്കെടുക്കാത്തവര്‍ 25 രൂപ വീതം ഫൈനും കൊടുക്കുന്നുണ്ടെന്ന് കൂട്ടത്തില്‍ വായിച്ചു.

Unknown said...

ഓ,കേട്ട് കേട്ട്.പങ്കെടുക്കാത്ത കൊമ്ഗ്രീസ്സുകളും ബീയെപ്പികളുമെല്ലാം ഫൈന്‍ കൊടുക്കുന്നുണ്ടെന്നു കേട്ട്.ഈ സീപിഎമ്മിന്റെ ഒരു പവറ് നോക്കണേ.

devadas said...

ഓ പിന്നേ പങ്കെടുത്തോരെല്ലാം അടുത്ത എലക്ഷന് ഓട്ട് ചെയ്താ നൂറ്റിനാല്‍പ്പേലു നൂറ്റിനല്‍പ്പത്തൊന്നും ഒറപ്പല്ലേ

Unknown said...

സഖാവ് പിണറായി വിജയന് എന്തായിരുന്നു രോഗം. മാധ്യമ സിന്‍ഡിക്കേറ്റ്‌ പറയുന്നത് തല കറക്കം ആണെന്നാണ്. അതിനു മദിരാശി അപ്പോളോ ആശുപത്രിയില്‍ പോകേണ്ട കാര്യമില്ലല്ലോ. പാവങ്ങളുടെ പടതളവന് പഞ്ച നക്ഷത്ര ഹോസ്പിറ്റലില്‍ ചികിത്സ _സിന്‍ഡിക്കേറ്റ്‌ ഉവാച:

സഖാവിന്റെ തീര്‍ത്തും വ്യക്തിപരമായ രോഗ വിവരങ്ങള്‍ പോലും ( നാട്ടുകാരെ അറിയിക്കേണ്ട ആവശ്യം ഇല്ലാത്ത ) സിന്‍ഡിക്കേറ്റ്‌ കുറുക്കന്മാര്‍ തുലയട്ടെ.

dileep kumar said...

ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകുന്നു കൗതുകം എന്നാരോ പറഞ്ഞതെത്ര ശരി ..

dileep kumar said...

ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകുന്നു കൗതുകം എന്നാരോ പറഞ്ഞതെത്ര ശരി ..

Unknown said...

"ഓ പിന്നേ പങ്കെടുത്തോരെല്ലാം അടുത്ത എലക്ഷന് ഓട്ട് ചെയ്താ ..."

പങ്ങ്കെടുക്കാത്തവരെല്ലാം ഇരുപത്തഞ്ചു രൂപ വെച്ചു കൊടുക്കാന്‍ തീരുമാനിച്ചല്ലോ,എന്തൊരു സ്നേഹാ സീപീഎമ്മിനോട് കൊണ്ഗ്രെസ്സുകള്‍ക്കും ബീയപ്പികള്‍ക്കും.അവരും ഇങ്ങനെ കൊടുക്കാന്‍ തൊടങ്ങ്യാ എന്താ ചെയ്യാ.