Sunday, February 22, 2009

ബജറ്റ് ചികിത്സ

ഡോക്ടര്‍ എന്നുപറയുമ്പോള്‍ സ്വല്‍പം ഗമയൊക്കെ വേണം. മുട്ടിനുതാഴെ ഞാന്നുകിടക്കുന്ന ഈസ്റ്റ്മാന്‍ കളര്‍ ജൂബയും ബ്ളാക്ക് ആന്‍ഡ് വൈറ്റ് കാലത്തെ താടിയും മരുഭൂമിപോലത്തെ നെറ്റിയും സോഡാക്കുപ്പിക്കണ്ണടയും സദാ വിടര്‍ന്നുപരിലസിക്കുന്ന പാല്‍ച്ചിരിയും വാതുറന്നാല്‍ ക്ലാസെടുപ്പുമുള്ളവര്‍ക്ക് ചേരുന്ന പണിയല്ല ഡോക്ടര്‍ പണി. ഈ ഡോക്ടറെ പിടിച്ച് ഖജനാവിനെ ചികിത്സിക്കാന്‍ നിയോഗിച്ചാല്‍ കുലുമാലുണ്ടാകാതെവിടെപ്പോകാന്‍. ചികിത്സ ഫലിക്കില്ലെന്ന് മാണിസാറിന് ഉറപ്പാണ്. പലവട്ടം സാമ്പത്തിക സ്പെഷ്യലിസ്റ്റ് ചികിത്സ നടത്തി പരിചയമുള്ള മാണിസാറിന്റെ പ്രതികരണം കണ്ടില്ലേ-'നിരാശാജനകം!' രണ്ടുരൂപയ്ക്കുപോര ഒരുരൂപയ്ക്കുതന്നെ അരികൊടുക്കണമെന്ന് മാണിസാറിന്റെ 'നിഴല്‍' കുറിപ്പടി. കോട്ടയത്തെ മുത്തശ്ശിക്കുവേണ്ടി, അനുസരണക്കാരനായ താവഴിക്കാരന്‍ കുഞ്ഞുമാണി ഞെട്ടിപ്പിക്കുന്ന നിഴല്‍ ബജറ്റാണ് അവതരിപ്പിച്ചത്. അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും പെരിസ്ട്രോയിക്കയുടെ പേറ്റന്റ് കൈവശംവയ്ക്കുന്ന മഹാപ്രതിഭാശാലിയുമായ മാണിസാറിനുമുന്നില്‍ ജൂബയിട്ട ഡോക്ടര്‍ വെറും കുഞ്ഞൈസക്ക്. അല്ലെങ്കിലും പ്രതിപക്ഷത്തിരുന്നാല്‍ എന്തും വിളിച്ചുപറയാമെന്ന് നന്നായറിയുന്ന മലയോരപ്പാര്‍ടി നേതൃരത്നത്തിന് ഡോക്ടറുമില്ല, ഡോക്ടറേറ്റുമില്ല- നെഞ്ചത്തുകൈവച്ചുകൊണ്ടുള്ള നാലു പ്രസ്താവന, പൊന്നുമോന് കോട്ടയത്തൊരു സീറ്റ്. അതിനപ്പുറം എന്തുകണ്ടാലും നിരാശാജനകം എന്നു കാച്ചിയേക്കാനാണ് മുത്തശ്ശിയുടെ ഉപദേശം.

ജൂബയിട്ട ഡോക്ടര്‍ പറ്റിച്ച പണി ചില്ലറയല്ലെന്നാണ് കോട്ടയത്തും ആലപ്പുഴയിലും കോഴിക്കോട്ടും എറണാകുളത്തുമൊക്കെയുള്ള അടക്കം പറച്ചില്‍. കൊല്ലത്ത് ഒരു ജാഥയ്ക്കുപോയപ്പോള്‍ ഒരുതൊഴിലാളി പാഞ്ഞുവന്ന് കൈപിടിച്ചുകുലുക്കി പറഞ്ഞു: "സഖാവേ നല്ല ബജറ്റാണ്'' എന്ന്. അതുതന്നെയല്ലേ കുഴപ്പം. തൊഴിലാളി നല്ല ബജറ്റ് എന്നുപറയുമ്പോള്‍ അത് നമുക്ക് കൊള്ളാവുന്നതല്ലെന്ന് ഉറപ്പല്ലേ? പണ്ട് ഇ എം എസ് പറഞ്ഞത്, ബൂര്‍ഷ്വാ പത്രങ്ങള്‍ കമ്യൂണിസ്റ്റുകാരെക്കുറിച്ച് നല്ലതുപറഞ്ഞാല്‍ അപ്പോള്‍ ചിന്തിച്ചുകൊള്ളണം, കമ്യൂണിസ്റ്റുകാര്‍ ഏതോ കുഴപ്പത്തില്‍ പെട്ടിട്ടുണ്ടെന്ന്. ആ നിലയ്ക്ക് തൊഴിലാളികള്‍ നല്ലതുപറഞ്ഞാല്‍ ബജറ്റ് മുതലാളിവിരുദ്ധം തന്നെ, തന്നെ, തന്നെ!

ആപത്ത് തിരിച്ചറിയുന്നതിന് കണ്ടത്തില്‍ കുടുംബക്കാര്‍ക്ക് പ്രത്യേക വിരുതുതന്നെയുണ്ട്. സ്വന്തം കടലാസില്‍ എന്തും എഴുതാന്‍ പണ്ട് ദിവാന്‍ സര്‍ സി പി യില്‍നിന്ന് അധികാരപത്രം ലഭിച്ചിട്ടുള്ളവരാകയാല്‍ മനസ്സിലുള്ളത് തുറന്നെഴുതാന്‍ ഈ മുതുമുത്തശ്ശിപ്രായത്തിലും നിരോധനമോ വിരോധമോ ഇല്ല. 1.'മാന്ദ്യത്തിനുമുമ്പേ, വോട്ടിനുമുമ്പേ' 2. മലപോലെ പ്രഖ്യാപനങ്ങള്‍, എലിപോലെ വിഹിതം. 3. ബജറ്റിന്റെ വിശ്വസനീയത തകര്‍ന്നു: ഉമ്മന്‍ ചാണ്ടി 4. ബജറ്റില്‍ പാഴ്വാക്കുകള്‍ മാത്രം: കുഞ്ഞാലിക്കുട്ടി 5. ബജറ്റ് തെരഞ്ഞെടുപ്പ് സ്റ്റണ്ട്: ചെന്നിത്തല.

കോണ്‍ഗ്രസിനും കുഞ്ഞാലിക്കുട്ടി ലീഗിനുമെല്ലാം സ്വന്തമായി കടലാസുകളുണ്ട്. അവിടെയെല്ലാം ശമ്പളം വാങ്ങുന്ന മനിസന്‍മാരുമുണ്ട്. മുത്തശ്ശിയുടെ തലേക്കെട്ടുകള്‍കണ്ട് ആ മനിസന്‍മാര്‍ അസ്തിത്വദുഃഖം കനത്ത് തൂങ്ങിച്ചാകാന്‍ ആലോചിച്ചതായാണ് സിന്‍ഡിക്കറ്റ് വാര്‍ത്ത.

പാവപ്പെട്ടവര്‍ക്ക് രണ്ടുരൂപയ്ക്ക് അരികൊടുക്കുമെന്ന ഡോക്ടര്‍ ഐസക്കിന്റെ പ്രഖ്യാപനം മുക്കി ബജറ്റുപിറ്റേന്ന് പത്രമിറക്കാമെങ്കില്‍ 'ക്രൈമി'ന്റെ മാസ്റ്റ് ഹെഡ്ഡില്‍ മാതൃഭൂമി ഇറങ്ങിയാലും ആര്‍ക്കും ഒന്നും തോന്നില്ല. രണ്ടുംരണ്ടല്ലൊന്നാണെന്നല്ലോ ദേശീയ സമരകാലത്തെ മുദ്രാവാക്യം.

ഡോക്ടര്‍ തോമസ് ഐസക് അല്‍പ്പം നാടന്‍ചികിത്സ കൂടി പഠിക്കേണ്ടതുണ്ട്. പാതിരാത്രിയില്‍ തട്ടുകടയില്‍ചെന്ന് കട്ടനടിച്ചാലും രാവും പകലുമില്ലാതെ വിഴിഞ്ഞത്തുചെന്ന് കുത്തിപ്പിടിച്ചിരുന്ന് ബജറ്റുണ്ടാക്കിയാലും പുസ്തകങ്ങളും ലേഖനങ്ങളും ചറപറെ എഴുതിക്കൂട്ടിയാലും മാണിസാറിന്റെ ചില രസായനങ്ങള്‍ കഴിക്കുന്നതിന്റെ ഗുണം കിട്ടില്ല. ബജറ്റ് എന്നാല്‍ ഇതുവല്ലതുമാണോ? രാവിലെ നിയമസഭയിലേക്ക് ഒരു കറുത്ത പെട്ടിയുമായി പുഞ്ചിരിതൂകി തോള്‍ വെട്ടിച്ച് കടന്നുവരിക, അകത്ത് കയറിയ ഉടനെ വില്ലുപോലെ വളഞ്ഞ് അധ്യക്ഷവേദിയെ കുമ്പിടുക, ഭരണ-പ്രതിപക്ഷ അംഗങ്ങളെ നോക്കി തരംപോലെ കൈവീശുകയോ തൊഴുകയോ ചെയ്യുക, സ്പീക്കര്‍ വിളിക്കുമ്പോള്‍ പെട്ടിതുറന്ന് കടലാസെടുത്ത് വായിക്കുക, ഇടയ്ക്ക് വെള്ളം കുടിക്കുക, വായിച്ചുതീര്‍ന്നാല്‍ പുറത്തിറങ്ങി ഇതാ നല്ല സൊയമ്പന്‍ ബജറ്റ് എന്ന് മൂന്നുവട്ടം പറയുക-ഇത്രയേ ഉള്ളൂ കാര്യം. അതാണ് കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും ഇന്നലെവരെ ചെയ്തുകൊണ്ടിരുന്നത്.

സാമൂഹ്യസുരക്ഷാ പാക്കേജ്, 10,000 കോടി രൂപയുടെ പശ്ചാത്തല നിക്ഷേപ പദ്ധതി, പ്രവാസികള്‍ക്ക് സുരക്ഷാപദ്ധതി, ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ട് രൂപയ്ക്ക് റേഷനരി, ക്ഷേമ പെന്‍ഷനുകള്‍ 200 രൂപയില്‍നിന്ന് 250 രൂപയാക്കും, ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള 65 വയസ്സ് കഴിഞ്ഞവര്‍ക്ക് 100 രൂപ വാര്‍ധക്യകാല അലവന്‍സ്, ദുര്‍ബലവിഭാഗങ്ങള്‍ക്ക് 1996നു മുമ്പ് നല്‍കിയ ഭവനവായ്പകള്‍ എഴുതിത്തള്ളും, പ്രസവ കാലാവധി ആറുമാസമാക്കും, ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് 45 ദിവസം അവധിനല്‍കും, പെന്‍ഷന്‍കാര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും എന്നൊക്കെ ഐസക് ഡോക്ടര്‍ കയറിയങ്ങ് പ്രഖ്യാപിച്ചാല്‍ യഥാര്‍ഥ പ്രതിപക്ഷത്തിന്റെ ധര്‍മം 'നിരാശാജനകം' എന്ന പ്രതികരണംതന്നെയാണെന്നതില്‍ ശതമന്യുവിന് തര്‍ക്കമേയില്ല.

ഐസക് ഇതേ ചികിത്സ തുടര്‍ന്നാല്‍, ഇങ്ങനെയൊരു പ്രതികരണംപോലും മൂന്നു കുഞ്ഞുങ്ങളില്‍നിന്ന് (കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലിക്കുട്ടി) രണ്ടരവര്‍ഷം കഴിഞ്ഞ് ഉണ്ടാകാന്‍ സാധ്യതയില്ല. അതുകൊണ്ട്, ആ പാവം കുഞ്ഞുങ്ങളെയും അവരുടെ മുത്തശ്ശിയെയും രക്ഷിക്കാന്‍ ഡോക്ടര്‍ ഇമ്മട്ടിലുള്ള ചികിത്സ അവസാനിപ്പിക്കണം. അടുത്ത തവണത്തേത് ഒരു ക്രൂര കഠോര ബജറ്റുതന്നെ ആയിക്കോട്ടെ.

*
ഉള്ളതിനെ ഇല്ലാതാക്കുകയും ഇല്ലാത്തതിനെ എടുത്ത് തലയില്‍വയ്ക്കുകയും ചെയ്യുന്ന കാലമാണ്. കേരളത്തില്‍ ദാരിദ്രരേഖയ്ക്ക് താഴെയുള്ള ഒരാളും മലയാള മനോരമ പത്രം വാങ്ങുന്നില്ല. അതുകൊണ്ട്, സ്വന്തം വായനക്കാര്‍ക്ക് താല്‍പ്പര്യമില്ലാത്ത വാര്‍ത്ത കൊടുക്കേണ്ടെന്നുവച്ചാല്‍ അതിനെ വിമര്‍ശിക്കേണ്ടതില്ല. മനോരമയ്ക്കുമുന്നില്‍ ചെന്ന് മുദ്രാവാക്യം മുഴക്കേണ്ടതുമില്ല. പാവപ്പെട്ടവന് അരികൊടുക്കുന്നതിനുപകരം ടയര്‍കമ്പനികള്‍ക്ക് നികുതിയിളവുകൊടുത്തിരുന്നെങ്കില്‍ നമുക്ക് ആ വാര്‍ത്ത മനോരമയിലും വായിക്കാമായിരുന്നു എന്ന് സമാധാനിച്ചാല്‍ മതി. ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനേക്കാള്‍ കൃത്യതയുള്ള മറ്റുചിലത് ഊടുവഴിയിലൂടെ അച്ചടിച്ച് പത്രമാപ്പീസുകളിലെത്തിക്കൊണ്ടിരിക്കുമ്പോള്‍ അതല്ലേ ക്ഷാമകാലത്തെ വാര്‍ത്ത! ഒരുദിവസം ഒരു കത്ത് അച്ചടിക്കും; അടുത്തയാഴ്ച ആ കത്തിന്റെ ഉറവിടത്തെക്കുറിച്ച് ഉപന്യസിക്കും; അതിനപ്പുറത്തെ ആഴ്ച ഉറവിടം ചോദ്യംചെയ്തവരെ തെറിവിളിക്കും. പണ്ടൊക്കെ സൌജന്യമായാണ് സിന്‍ഡിക്കറ്റ് വാര്‍ത്ത കിട്ടിയിരുന്നതെങ്കില്‍, ഇപ്പോള്‍ കൊച്ചുപുസ്തകത്തിന്റെ രൂപത്തില്‍ പത്തുരൂപയ്ക്കാണ് സേവനം. അത് നോക്കി അച്ചടിച്ചാല്‍ വാര്‍ത്തയായി. ഇതാണ് പത്രപ്രവര്‍ത്തനമെങ്കില്‍ ഡോക്ടര്‍ ഐസക് പ്രസ് അക്കാദമിക്കും പ്രസ് ക്ലബ്ബിനുമെല്ലാം നീക്കിവച്ച പണം പാഴായതുതന്നെ.

പകര്‍ത്തിയെഴുത്തുകാരന്‍ പത്രപ്രവര്‍ത്തകനാകില്ലെന്നതുപോലെ, പകര്‍ത്തിയെഴുത്ത് പഠനസ്ഥാപനം പ്രസ് അക്കാദമിയുമാകില്ലല്ലോ.

*
കേരളത്തിലെ പ്രവാസികള്‍ക്ക് പ്രത്യേകം പദ്ധതി വേണ്ടെന്നാണ് വയലാര്‍ രവി പറയുന്നത്. ഇനി ആറുകൊല്ലത്തേക്ക് രവിക്ക് ഒരു പദ്ധതിയും വേണ്ടിവരില്ല. അങ്ങനെയല്ലല്ലോ ചെന്നിത്തലയുടെയും സുധീരന്റെയും കാര്യം. ഇ അഹമ്മദ് വയലാര്‍ രവിയുടെ ചിത്രം വച്ചുതന്നെ വോട്ടുചോദിക്കട്ടെ!

3 comments:

ശതമന്യു said...

പണ്ടൊക്കെ സൌജന്യമായാണ് സിന്‍ഡിക്കറ്റ് വാര്‍ത്ത കിട്ടിയിരുന്നതെങ്കില്‍, ഇപ്പോള്‍ കൊച്ചുപുസ്തകത്തിന്റെ രൂപത്തില്‍ പത്തുരൂപയ്ക്കാണ് സേവനം. അത് നോക്കി അച്ചടിച്ചാല്‍ വാര്‍ത്തയായി. ഇതാണ് പത്രപ്രവര്‍ത്തനമെങ്കില്‍ ഡോക്ടര്‍ ഐസക് പ്രസ് അക്കാദമിക്കും പ്രസ് ക്ലബ്ബിനുമെല്ലാം നീക്കിവച്ച പണം പാഴായതുതന്നെ.

പകര്‍ത്തിയെഴുത്തുകാരന്‍ പത്രപ്രവര്‍ത്തകനാകില്ലെന്നതുപോലെ, പകര്‍ത്തിയെഴുത്ത് പഠനസ്ഥാപനം പ്രസ് അക്കാദമിയുമാകില്ലല്ലോ.

പകല്‍കിനാവന്‍ | daYdreaMer said...

ആര് വന്നാലും കോഴിക്കു കിടക്കപൊറുതി യില്ലല്ലോ ? നല്ല എഴുത്ത്...

കിരണ്‍ തോമസ് തോമ്പില്‍ said...

ജനപ്രിയ ബഡ്‌ജറ്റ്‌ അവതരിപ്പിക്കുന്നത്‌ എന്തോ മഹാ അപരാധമാണ്‌ എന്ന മട്ടിലുള്ള വിമര്‍ശനങ്ങള്‍ പ്രതിപക്ഷത്തു നിന്നുണ്ടായി. അവര്‍ പ്രതിപക്ഷമായതിനാല്‍ അതല്ലാതെ അവര്‍ക്ക്‌ ഒന്നും പറയാന്‍ കഴിയില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഐസക്ക്‌ ഒറ്റപ്പെട്ടത്‌ സ്വന്തം മുഖ്യമന്ത്രിയില്‍ നിന്നാണ്‌. വി.എസ്‌ ബഡ്‌ജറ്റിനെപ്പറ്റി എന്തെങ്കിലും പറഞ്ഞോ എന്നറിയാന്‍ എന്നെപ്പോലെയുള്ളവര്‍ക്ക്‌ ആശങ്കയുണ്ട്‌. എന്താണ്‌ വി.എസിന്റെ അഭിപ്രായമെന്ന് ഇതുവരെ ആരും പറഞ്ഞു കണ്ടില്ല?