Sunday, December 21, 2008

ബാധകളുടെ കാലം

കൂട്ടത്തില്‍കൂടി ചാമുണ്ഡി കെട്ടുന്നതിലും ഭേദം ഒറ്റയ്ക്ക് ഗുളികന്‍ കെട്ടുന്നതുതന്നെ എന്ന് അബ്ദുറഹിമാന്‍ ആന്തുലെയ്ക്ക് പറഞ്ഞുകൊടുത്തതാരാണെന്ന് നിശ്ചയമില്ല. ഒരുപാട് ചാമുണ്ഡിക്കോലത്തില്‍ ഒന്നാകുന്നതിലും ഭേദം ഗുളികന്റെ വേഷംതന്നെയെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഒത്തനേരം നോക്കി ആന്തുലെ ആഞ്ഞടിച്ചത്.

താളമുള്ളപ്പോള്‍ സ്വരം വരില്ല; സ്വരം വരുമ്പോള്‍ താളം വരില്ല; സ്വരവും താളവും വരുമ്പോള്‍ അവസരം വരില്ല എന്ന മട്ടിലാണ് കോണ്‍ഗ്രസിന്റെ നില്‍പ്. മുംബൈയില്‍ ഭീകരര്‍ കയറി നിരങ്ങുകയും പത്തിരുനൂറ് മനുഷ്യജീവനുകള്‍ പുകഞ്ഞുപോവുകയും ചെയ്തപ്പോള്‍ സ്തംഭിച്ചു നിന്നുപോയ പാര്‍ടിയാണത്. ഭീകരരുടെ തോക്കില്‍നിന്ന് മാലപ്പടക്കംകണക്കെ വെടിയുതിരുമ്പോള്‍ 'രാജ്യത്തിന്റെ ഭാവിവാഗ്ദാന'മായ രാഹുല്‍ജി ദില്ലിക്കുപുറത്തെ ഫാംഹൌസില്‍ ആടിയും പാടിയും കൂട്ടുകാരന്റെ കല്യാണപ്പാര്‍ടി കൊഴുപ്പിക്കുകയായിരുന്നു. മുംബൈയിലെ ഭീകരാക്രമണം തന്നെ ബാധിക്കുന്നതോ താന്‍ ശ്രദ്ധിക്കേണ്ടതോ ആയ കാര്യമല്ലെന്ന് രാഹുല്‍ഗാന്ധിക്ക് തോന്നിയില്ലെങ്കില്‍, ആ യുവരാജന്റെ വിശ്വസ്ത കിങ്കരന്മാരായ രമേശ് ചെന്നിത്തലയെപ്പോലുള്ളവര്‍ക്ക് തോന്നാനേ പാടില്ലല്ലോ. ചീഞ്ഞ കഞ്ഞിക്ക് ഒടിഞ്ഞ ചട്ടുകം മതിയെന്നാണ് പ്രമാണം. പാടുന്ന രാഹുലിന് മോങ്ങുന്ന അനുയായികള്‍ മതിയാകും.

മുംബൈ ഭീകരാക്രമണം കൈകാര്യംചെയ്തതില്‍ കോണ്‍ഗ്രസ് തോറ്റു തൊപ്പിയിട്ടുവെന്നത് മൂന്നരത്തരം. മന്‍മോഹന്‍സിങ്ങിന്റെ മുഖത്ത് ഒരു വികാരവും ആരും കണ്ടില്ല. രാജ്യത്തെ രക്ഷിക്കാന്‍ കുപ്പായമിട്ട ചേര്‍ത്തലക്കാരനൊരാള്‍ ഇങ്ങ് കേരളത്തിലെ കോണ്‍ഗ്രസ് കളിയും കഴിഞ്ഞ് സാവധാനത്തില്‍ ലോക്കല്‍ വണ്ടികയറിയാണ് 'പൈശാചികവും നീചവും നിന്ദ്യവുമായ' സംഗതി കൈകാര്യംചെയ്യാന്‍ മുംബൈയിലേക്കു പോയത്. ചെന്നിട്ടു വലിയ കാര്യമൊന്നുമുണ്ടായില്ല. ആന്റണിയുടെ പട്ടാളത്തെ വെട്ടിച്ച് കടലിലൂടെ കരയിലെത്തിയ ഭീകരന്മാര്‍ വന്നകാര്യം പൂര്‍ത്തിയാക്കി സമാധിയടഞ്ഞിരുന്നു. കാലുമാറ്റത്തിനും കൂറുമാറ്റത്തിനും പുറമെ കുപ്പായമാറ്റം, ചെരിപ്പുമാറ്റം എന്നീ കലാപരിപാടികള്‍കൂടി കോണ്‍ഗ്രസിന്റെ ചരിത്രപുസ്തകത്തില്‍ എഴുതിച്ചേര്‍ത്ത കേന്ദ്ര ആഭ്യന്തര മന്ത്രിയാകട്ടെ വിവരമറിഞ്ഞയുടന്‍ കുതിച്ചെത്തിയെങ്കിലും ആരും ഗൌനിച്ചില്ല. 'ധ്വരയുടെ വരവെത്ര കേമമാക്കി പരമതിലെത്ര പണം തൃണീകരിച്ചു' എന്നതുമാത്രം ഫലം. മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്‌മുഖിന് സ്വന്തം കസേരതന്നെ നടയ്ക്കിരുത്തേണ്ടിവന്നു.

അങ്ങനെ കോണ്‍ഗ്രസിന്റെ സ്വതവേ പിത്തംപിടിച്ച മുഖം കരുവാളിച്ചു നില്‍ക്കുമ്പോഴാണ് ആന്തുലെക്ക് ഗുളികന്‍ കെട്ടാന്‍ തോന്നിയത്. ഗുളികന്‍ കോലം കടുപ്പത്തിലൊരു താങ്ങുതാങ്ങി. മലേഗാവ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിച്ച ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെയെ അപായപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം നടന്നെന്ന സംശയമുന്നയിച്ച അദ്ദേഹം, താജ്- ഒബ്റോയ് ഹോട്ടലുകളിലേക്ക് പോകുന്നതിനു പകരം കാമ ആശുപത്രിയിലേക്ക് കര്‍ക്കറെയും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പോയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇവരെ അവിടേക്ക് ആരാണ് അയച്ചതെന്ന് അറിയേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു. പറയുന്നയാള്‍ നിസ്സാരക്കാരനല്ല, കേന്ദ്ര ന്യൂനപക്ഷകാര്യ ക്യാബിനറ്റ് മന്ത്രിയാണ്. പ്രശ്നം ഗുരുതരം. തുടക്കത്തിലേ പലര്‍ക്കും സംശയമുണ്ടായിരുന്നു-കാര്‍ക്കറെ എങ്ങനെ കൊല്ലപ്പെട്ടുവെന്ന്. തനിക്കു താന്‍പോന്ന ഉശിരനായ ഉദ്യോഗസ്ഥന്‍ ഏതെങ്കിലും ഭീകരന്റെ മുന്നില്‍ചെന്ന് നെഞ്ചുകാട്ടി നിന്നുകൊടുക്കുമോ? പിടിയിലായ ഭീകരന്‍ അജ്മല്‍ പറഞ്ഞ കാര്യങ്ങളല്ലാതെ കര്‍ക്കറെ വധത്തെക്കുറിച്ച് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടുമില്ല. മലേഗാവിലെ സുന്ദരിസ്വാമിയെ പിടികൂടിയ ആളാണ്. ആര്‍എസ്എസിന്റെ ബോംബു നിര്‍വീര്യമാക്കിയ ഓഫീസറാണ്. കര്‍ക്കറെയെ കിട്ടിയാല്‍ കൊന്നുതള്ളാന്‍ കാവിഭീകരതയ്ക്കും തലേക്കെട്ടു ഭീകരതയ്ക്കുമെല്ലാം പൂതി കാണും. അല്ലെങ്കിലും ഭീകരതയ്ക്കെന്തു മതം. അതുകൊണ്ടാണ് ആന്തുലെ തന്റെ സംശയം പരസ്യമായങ്ങ് പറഞ്ഞത്.

അപ്പോഴേക്കും കലികയറിയത് ആര്‍ക്കെല്ലാമെന്ന് പറഞ്ഞുതീര്‍ക്കാന്‍ പ്രയാസം. കോണ്‍ഗ്രസിന്റെ സദ്യവട്ടം ദിനംപ്രതി പത്രക്കാരെ വിളിച്ചറിയിക്കുന്ന അഭിഷേക് സിങ്വി പറഞ്ഞു, ആന്തുലെയുടെ അഭിപ്രായം കോണ്‍ഗ്രസിന്റേതല്ലെന്ന്. ആര്‍എസ്എസിന് കലിയാണു വന്നത്. അവര്‍ പ്രചരിപ്പിച്ചു ആന്തുലെ ഒന്നാംനമ്പര്‍ ഐഎസ്ഐ ചാരനാണെന്ന്. അങ്ങനെയെങ്കില്‍ 'ഇന്നാ പിടിച്ചോ രാജി' എന്നായി ആന്തുലെ. കെണിഞ്ഞത് കോണ്‍ഗ്രസാണ്. സത്യം പറഞ്ഞാല്‍ അച്ഛന്‍ അമ്മയെ തല്ലും, പറഞ്ഞില്ലെങ്കില്‍ അച്ഛന്‍ പട്ടിയിറച്ചി തിന്നും എന്ന മട്ട്. രാജി സ്വീകരിച്ചാല്‍ മുസ്ലീം വോട്ടുബാങ്കിന് വിള്ളല്‍ വീഴും, സ്വീകരിച്ചില്ലെങ്കില്‍ ഹിന്ദു വോട്ട് ചോരും എന്നാണ് സോണിയ മാഡം ഭയന്നത്. ഇതാണ് കോണ്‍ഗ്രസ്. എങ്ങോട്ടും ചായും-വോട്ടുകിട്ടിയാല്‍ മതി. കൂട്ടിക്കിഴിച്ച് ഏതാണ് ലാഭമെന്ന് കമ്പ്യൂട്ടര്‍ പറഞ്ഞാല്‍ ഒരുപക്ഷേ പ്രശ്നത്തില്‍ ഉടനൊരു തീരുമാനമുണ്ടായേക്കും. ആന്തുലെ ആണ്‍കുട്ടിതന്നെ. കച്ചികെട്ടാന്‍ കച്ചിനാരുതന്നെ വേണം എന്നു പറഞ്ഞപോലെ കോണ്‍ഗ്രസിനെ വിറപ്പിക്കാന്‍ ആന്തുലെതന്നെ വേണം. അദ്ദേഹത്തിനാണെങ്കില്‍ മാഡത്തിനെപ്പോലും പേടിയില്ല; പടച്ചോനെയല്ലാതെ. ഇനി ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പറയട്ടെ-തങ്ങള്‍ ആന്തുലെയോടൊപ്പമോ അല്ലയോ എന്ന്.

***

ബാധ പലവിധത്തിലാണ്. അത് ശരീരത്തില്‍ കയറുന്നത് ഭുജിക്കാനാവാം; രമിക്കാനാവാം; ഹിംസിക്കാനാവാം. ഭോക്തുകാമന്‍ കയറിയാല്‍ ബലികര്‍മങ്ങള്‍കൊണ്ടൊഴിയുമെന്നാണ് മന്ത്രവാദികള്‍ പറയുന്നത്. രമിക്കാന്‍ കയറുന്ന രന്തുകാമനെയും മന്ത്ര-തന്ത്രങ്ങള്‍കൊണ്ട് ഒഴിവാക്കാമത്രേ. പക്ഷേ, ഹിംസാകാമനെ അങ്ങനെ പറ്റില്ല-കയറിയ ശരീരത്തെയുംകൊണ്ടേ പോകൂ.

അത്തരമൊരു ബാധ നമ്മുടെ ചില മാധ്യമങ്ങളെ പിടികൂടിയിട്ടുണ്ടോ എന്ന് മുംബൈ ഭീകരാക്രമണത്തിനുശേഷമുള്ള അവയുടെ പെരുമാറ്റം കാണുമ്പോള്‍ ന്യായമായും സംശയിക്കണം. മുംബൈയില്‍ ഭീകരന്മാര്‍ താണ്ഡവവാടി തീരുംമുമ്പ് ചാനല്‍വീരന്മാര്‍ പറഞ്ഞുതുടങ്ങിയത് 'മതിയേ മതി; ഇനി യുദ്ധം തുടങ്ങാം' എന്നാണ്. രാഷ്ട്രീയക്കാര്‍ വേണ്ട; മുംബൈയിലെ സാധാരണ ജനങ്ങളുടെ കണ്ണീരൊപ്പേണ്ട; സുരക്ഷാ പാളിച്ച പരിശോധിക്കേണ്ട- യുദ്ധം തുടങ്ങിയാല്‍ മാത്രംമതി. കമാന്‍ഡോകള്‍ ഭീകരന്മാരെ ജീവന്‍ പണയംവച്ച് നേരിടുമ്പോള്‍ ഇരുന്നും കിടന്നും തിരിഞ്ഞും മറിഞ്ഞും ക്യാമറകള്‍ക്കുമുന്നില്‍ തത്സമയ വിവരണം നടത്തിയവര്‍ അടുത്തപടി അരാഷ്ട്രീയത്തിന്റെയും യുദ്ധത്തിന്റെയും മുദ്രാവാക്യവുമായാണ് രംഗത്തിറങ്ങിയത്. അജന്‍ഡ നിശ്ചയിക്കാന്‍ മാധ്യമക്കുട്ടപ്പന്മാര്‍ ഒറ്റയ്ക്കും കൂട്ടായും കളിക്കളത്തിലിറങ്ങുന്നത് കണ്ടു ശീലിച്ച കേരളീയര്‍ക്ക് ഇതില്‍ വലിയ അതിശയം തോന്നേണ്ട കാര്യമില്ല. രാജ്യത്തിന്റെതന്നെ അജന്‍ഡ നിശ്ചയിക്കുന്നതിലേക്ക് നമ്മുടെ മാധ്യമഭീകരര്‍ വളര്‍ന്നത് അഭിമാനകരംതന്നെ.

തലയില്‍ ആള്‍പ്പാര്‍പ്പുള്ളവര്‍ ഭരിക്കുന്ന രാജ്യങ്ങളില്‍ ഇത്തരം ഭീകര ആക്രമണങ്ങള്‍ നടക്കുന്നിടത്ത് ടിവി ക്യാമറക്കാരെ അടുപ്പിക്കാറില്ല. ഇവിടെ അറുപത് മണിക്കൂര്‍ ആഘോഷിച്ചത് വെടി-മറുവെടി, അടി-തിരിച്ചടി എന്ന മട്ടിലാണ്. കടലും കപ്പലും താജ്‌ഹോട്ടലുമടക്കം കമനീയ ദൃശ്യങ്ങളുള്ള സ്ഥലത്തേ അവര്‍ പോയുള്ളു. സി.എസ്.ടി സ്റ്റേഷനില്‍ കുറെ പാവങ്ങള്‍ മരിച്ചുവീണിരുന്നു. ആ ഭാഗത്തേക്ക് ശ്രദ്ധിച്ചതേയില്ല. ഹേമന്ത്കര്‍ക്കറെ എങ്ങനെ മരിച്ചുവെന്ന് അന്വേഷിച്ചില്ല. അദ്ദേഹത്തിന്റെ ജഡം സംസ്കരിച്ചോ എന്ന് തിരക്കിയില്ല. അതൊക്കെ ആര് നോക്കുന്നു. നമുക്ക് യുദ്ധരംഗങ്ങളല്ലേ തത്സമയം കാണിക്കേണ്ടത്. എക്സ്ക്ലൂസീവുകളുടെയും ബ്രേക്കിങ് ന്യൂസുകളുടെയും പ്രളയംതന്നെയായിരുന്നു കുറെ ദിവസം. ഓരോ രംഗം കഴിയുമ്പോഴും തീണ്ടാരിത്തുണിയുടെയും അലക്കു സോപ്പിന്റെയും പരസ്യം കാണിക്കുന്നതുകൊണ്ട് മുഴുനീള സ്പോണ്‍സേര്‍ഡ് പരിപാടിപോലെ ലാഭവും കിട്ടിക്കാണും. യുദ്ധം തുടങ്ങിയാലത്തെ കഥ പറയാനുണ്ടോ. നമുക്ക് വാര്‍ത്ത മാത്രം മതിയെന്നേ. ആരു മരിച്ചാലെന്ത്, കൊന്നാലെന്ത്. നാടു തകര്‍ന്നാലെന്ത്, ഉയര്‍ന്നാലെന്ത്. യുദ്ധം, എംബെഡഡ് ജേര്‍ണലിസം തുടങ്ങിയ വാക്കുകള്‍ കേള്‍ക്കുമ്പോള്‍തന്നെ കോരിത്തരിക്കുന്നു. ഇതിനെയാണ് യുദ്ധബാധ എന്നു പറയുന്നത്. ഒഴിപ്പിക്കാന്‍ പ്രയാസമാണെങ്കിലും 'ഊഞ്ചബലി' എന്നൊരു പ്രയോഗമുണ്ട്. കുളത്തിന്റെയോ പുഴയുടെയോ വക്കില്‍ കാഞ്ഞിരത്തൂ നാട്ടി നരന്തവള്ളികൊണ്ട് ഊഞ്ഞാല്‍ കെട്ടണം. പിണിയാളായ മാധ്യമത്തെ കണ്ണുകെട്ടി ഊഞ്ഞാലില്‍ കര്‍മത്തിനിരുത്തണം. കര്‍മം പുരോഗമിക്കെ, പെട്ടെന്ന് വള്ളി അറുത്ത് പിണിയാള്‍ വെള്ളത്തില്‍വീഴണം. ആ ഞെട്ടലില്‍ ബാധ ഒഴിയുമെന്നാണ് മാന്ത്രികവിധി. അത്തരമൊരു ഞെട്ടിക്കല്‍ ചികിത്സ അടിയന്തരമായി ആവശ്യമാണ്. അല്ലെങ്കില്‍ ജനങ്ങള്‍ നിരന്നുനിന്ന് അങ്ങോട്ടു പറയണം-'മതിയേ മതി'.

***

1872ല്‍ ജര്‍മന്‍ഭാഷയില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയതിനുശേഷം അതേ പ്രാധാന്യമുള്ള മറ്റൊരു സംഭവമുണ്ടാകുന്നത് ഇപ്പോഴാണ്-2008 ഡിസംബറില്‍ ഷൊര്‍ണൂരില്‍. കമ്യൂണിസ്റ്റ് പാര്‍ടിയെ കത്തിച്ചാമ്പലാക്കാനുള്ള മാനിഫെസ്റ്റോയാണ് അവിടെ ഒരു പഴയ മുനിസിപ്പല്‍ വൈസ്‌ചെയര്‍മാന്‍ എഴുതി പൂര്‍ത്തിയാക്കിയതെന്ന് അച്ചായന്റെ പത്രവും സായിപ്പിന്റെ ചാനലുമെല്ലാം റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ഒരു റിവേഴ്സ് മാനിഫെസ്റ്റോ. കേരളീയരെ പിടികൂടിയ കമ്യൂണിസ്റ്റ് ഭൂതത്തിന്റെ ബാധയൊഴിപ്പിക്കാന്‍ പോപ്പും സാര്‍ ചക്രവര്‍ത്തിയും മെറ്റര്‍നിക്കും ഗിസോവും ഉമ്മന്‍സ് കക്ഷിയും എം വി രാഘവന്റെ ചാരന്മാരും ചേര്‍ന്ന് പാവന സഖ്യത്തിലേര്‍പ്പെട്ടിരിക്കയാണ്. ഇതാ കേരളത്തില്‍ കമ്മുക്കള്‍ തകര്‍ന്നുകഴിഞ്ഞു എന്നാണ് അഭിനവ മാനിഫെസ്റ്റോക്കാരനും അയാള്‍ക്ക് കഞ്ഞിവയ്ക്കാന്‍ ഷൊര്‍ണൂര്‍ ജങ്ഷനില്‍ വണ്ടികയറിയിറങ്ങിയവരും പറയുന്നത്. അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ ഊട്ടിയപോലെ എട്ടു സീറ്റുകൊണ്ട് അത്ഭുതകൃത്യങ്ങള്‍ വരാന്‍ പോകുന്നുണ്ടത്രേ. 'ഗീതം വാദ്യം തഥാ നൃത്തം ത്രയം സംഗീതമുച്യതേ' എന്നാണ്. ഗീതവും വാദ്യവുമെല്ലാം ഒത്തുവരുന്നുണ്ട്. ഇനി കൂട്ടത്തോടെയുള്ള സംഗീതം കേള്‍ക്കാം. ലോക്‍സഭാ തെരഞ്ഞെടുപ്പ് വരികയല്ലേ. പാടിപ്പാടി നടക്കട്ടെ. പഴയ പാട്ടുകാര്‍ അവശരായി ബര്‍ണശേരിയിലും മറ്റും അലഞ്ഞുനടക്കുന്നുണ്ട്. അവരുടെ വഴിയേ പോകൂ......ആയിരമായിരം ആശംസകള്‍.

9 comments:

ശതമന്യു said...

താളമുള്ളപ്പോള്‍ സ്വരം വരില്ല; സ്വരം വരുമ്പോള്‍ താളം വരില്ല; സ്വരവും താളവും വരുമ്പോള്‍ അവസരം വരില്ല എന്ന മട്ടിലാണ് കോണ്‍ഗ്രസിന്റെ നില്‍പ്. മുംബൈയില്‍ ഭീകരര്‍ കയറി നിരങ്ങുകയും പത്തിരുനൂറ് മനുഷ്യജീവനുകള്‍ പുകഞ്ഞുപോവുകയും ചെയ്തപ്പോള്‍ സ്തംഭിച്ചു നിന്നുപോയ പാര്‍ടിയാണത്. ഭീകരരുടെ തോക്കില്‍നിന്ന് മാലപ്പടക്കംകണക്കെ വെടിയുതിരുമ്പോള്‍ 'രാജ്യത്തിന്റെ ഭാവിവാഗ്ദാന'മായ രാഹുല്‍ജി ദില്ലിക്കുപുറത്തെ ഫാംഹൌസില്‍ ആടിയും പാടിയും കൂട്ടുകാരന്റെ കല്യാണപ്പാര്‍ടി കൊഴുപ്പിക്കുകയായിരുന്നു. മുംബൈയിലെ ഭീകരാക്രമണം തന്നെ ബാധിക്കുന്നതോ താന്‍ ശ്രദ്ധിക്കേണ്ടതോ ആയ കാര്യമല്ലെന്ന് രാഹുല്‍ഗാന്ധിക്ക് തോന്നിയില്ലെങ്കില്‍, ആ യുവരാജന്റെ വിശ്വസ്ത കിങ്കരന്മാരായ രമേശ് ചെന്നിത്തലയെപ്പോലുള്ളവര്‍ക്ക് തോന്നാനേ പാടില്ലല്ലോ. ചീഞ്ഞ കഞ്ഞിക്ക് ഒടിഞ്ഞ ചട്ടുകം മതിയെന്നാണ് പ്രമാണം. പാടുന്ന രാഹുലിന് മോങ്ങുന്ന അനുയായികള്‍ മതിയാകും.

Anonymous said...

അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ കൊച്ചാക്കിക്കളഞ്ഞു ഷൊര്‍ണ്ണൂര്‍ കവരേജിലൂടെ മാധ്യമങ്ങള്‍.

പോരാളി said...

മിക്ക മാധ്യമങ്ങളുടെയും നിലപാട് നിരുത്തരവാദപരം തന്നെ. അരാഷ്ട്രീയ വാദത്തിന്റെയും യുദ്ധക്കൊതിയുടെയും പിന്നാലെ പായാന്‍ കാണിക്കുന്ന താല്പര്യം അപാരം തന്നെ. ആന്തുലേയുടെ വാദങ്ങള്‍ അപ്പടി തള്ളുന്നതിന് മുമ്പ് അതിന്റെ ഗൌരവം കണക്കിലെടുക്കാന്‍ ഉത്തരവദപ്പെട്ടവര്‍ തയ്യാറാകേണ്ടത് തന്നെയല്ലേ.

Anonymous said...

സംഘപരിവാരത്തുകാരന്മാര്‍ അന്വേഷണത്തെ ഇത്ര ഭയപ്പെടുന്നതെന്തിനാണ്? അന്തുലക്കെതിരെ മോക്ക പ്രകാരം നടപടിയെടുക്കണമത്രെ. മടിയില്‍ കനമില്ലെങ്കില്‍ വഴിയില്‍ പേടിക്കണോ?

വരവൂരാൻ said...

തലയില്‍ ആള്‍പ്പാര്‍പ്പുള്ളവര്‍ ഭരിക്കുന്ന രാജ്യങ്ങളില്‍ ഇത്തരം ഭീകര ആക്രമണങ്ങള്‍ നടക്കുന്നിടത്ത് ടിവി ക്യാമറക്കാരെ അടുപ്പിക്കാറില്ല. ഇവിടെ അറുപത് മണിക്കൂര്‍ ആഘോഷിച്ചത് വെടി-മറുവെടി, അടി-തിരിച്ചടി എന്ന മട്ടിലാണ്. കടലും കപ്പലും താജ്‌ഹോട്ടലുമടക്കം കമനീയ ദൃശ്യങ്ങളുള്ള സ്ഥലത്തേ അവര്‍ പോയുള്ളു. സി.എസ്.ടി സ്റ്റേഷനില്‍ കുറെ പാവങ്ങള്‍ മരിച്ചുവീണിരുന്നു. ആ ഭാഗത്തേക്ക് ശ്രദ്ധിച്ചതേയില്ല. ഹേമന്ത്കര്‍ക്കറെ എങ്ങനെ മരിച്ചുവെന്ന് അന്വേഷിച്ചില്ല. അദ്ദേഹത്തിന്റെ ജഡം സംസ്കരിച്ചോ എന്ന് തിരക്കിയില്ല. അതൊക്കെ ആര് നോക്കുന്നു. നമുക്ക് യുദ്ധരംഗങ്ങളല്ലേ തത്സമയം കാണിക്കേണ്ടത്. എക്സ്ക്ലൂസീവുകളുടെയും ബ്രേക്കിങ് ന്യൂസുകളുടെയും പ്രളയംതന്നെയായിരുന്നു കുറെ ദിവസം. ഓരോ രംഗം കഴിയുമ്പോഴും തീണ്ടാരിത്തുണിയുടെയും അലക്കു സോപ്പിന്റെയും പരസ്യം കാണിക്കുന്നതുകൊണ്ട് മുഴുനീള സ്പോണ്‍സേര്‍ഡ് പരിപാടിപോലെ ലാഭവും കിട്ടിക്കാണും

സുഹ്രുത്തേ ഈ സത്യങ്ങൾ തുറന്നു പറഞ്ഞതിനു
ആശംസകളോടെ

Anonymous said...

oru thejas vartha

ഐ.ബിയുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍: 'മംഗള'ത്തിനെതിരേ നടപടിക്ക് ശുപാര്‍ശ

പി സി അബ്്ദുല്ല

കോഴിക്കോട്: ഐ.ബി ഉദ്യോഗസ്ഥരെയും പോലിസിനെയും ഉദ്ധരിച്ച് ഒരു പ്രത്യേക സമുദായത്തിനെതിരേ നിരന്തരം വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മംഗളം പത്രത്തിനെതിരേ നടപടി സ്വീകരിക്കാന്‍ ഭീകരവിരുദ്ധ സ്പെഷ്യല്‍ സ്ക്വാഡ് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ശുപാര്‍ശ ചെയതു. വ്യാജ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഈ പത്രത്തിനെതിരേ നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കശ്മീരില്‍ നാലു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടും തുടര്‍ന്നും ഐ.ബിയെയും പോലിസ് കേന്ദ്രങ്ങളെയും ഉദ്ധരിച്ച് സമീപനാളുകളില്‍ മംഗളം പത്രത്തില്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്നാണ് അന്വേഷണത്തില്‍ കണ്െടത്തിയത്.
മതസ്പര്‍ധ സൃഷ്ടിക്കല്‍, ഒരു പ്രത്യേക സമൂഹത്തിനെതിരേ തെറ്റിദ്ധാരണ പരത്തല്‍, രാജ്യരക്ഷയുമായി ബന്ധപ്പെട്ടു കുറ്റകരമായ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കല്‍, ആള്‍മാറാട്ട പത്രപ്രവര്‍ത്തനം, പോലിസ് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ഗൂഢാലോചന തുടങ്ങിയ പ്രധാന കുറ്റങ്ങള്‍ ചുമത്തി പത്രത്തിനെതിരേ കേസെടുക്കണമെന്നാണു ശുപാര്‍ശ.
ഐ.ബി പോലിസ് കേന്ദ്രങ്ങളെ ഉദ്ധരിച്ചു പത്രത്തില്‍ ഒരു സമുദായത്തിനെതിരേ നുണകള്‍ സൃഷ്ടിക്കുന്നതില്‍ പ്രധാനിയായ ഒരാള്‍ വ്യാജപേരിലാണു വാര്‍ത്തകള്‍ എഴുതുന്നതെന്നും അന്വേഷണത്തില്‍ കണ്െടത്തിയിട്ടുണ്ട്. ആര്‍.എസ്.എസ് കേന്ദ്രങ്ങളുമായും പോലിസ് ആസ്ഥാനത്തെ സംഘപരിവാര ഉന്നതരുമായും ഇയാള്‍ക്കു അടുത്ത ബന്ധമുള്ളതായും തെളിഞ്ഞിട്ടുണ്ട്.
നേരത്തെ കുപ്രസിദ്ധമായ ഒരു സായാഹ്ന പത്രത്തിലായിരുന്നു ഇയാള്‍ക്ക് ജോലി. പോലിസ് കേന്ദ്രങ്ങളെ ഉപയോഗിച്ചുള്ള ബ്ളാക്ക് മെയിലിങ് വാര്‍ത്തകളും പൊതുപ്രവര്‍ത്തകരെ കുറിച്ചുള്ള അപസര്‍പ്പകകഥകളുമായിരുന്നു സായാഹ്നപത്രത്തില്‍ ഇയാളുടെ ചുമതല. സായാഹ്ന പത്രത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ ഈ ലേഖകന്‍ ഒരു വനിതാ എം.എല്‍.എ പ്രതിയായ വ്യാജരേഖാ കേസില്‍ അകപ്പെട്ട് ഏറെക്കാലം ഒളിവിലായിരുന്നു.
വ്യാജരേഖാക്കേസ് തണുത്തപ്പോഴാണു മംഗളത്തില്‍ ചേര്‍ന്നത്. പോലിസ് കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകളാണ് ഇയാള്‍ പ്രധാനമായും കൈകാര്യം ചെയ്യുന്നത്.
തൃശൂര്‍,കൊച്ചി കേന്ദ്രീകരിച്ചുള്ള രണ്ടുപേരാണു വ്യാജ ഭീകരവാദ വാര്‍ത്തകള്‍ പടച്ചുവിടുന്നതിലെ മറ്റു പ്രധാനികള്‍. ഇതില്‍ ഒരാള്‍ക്ക് കടുത്ത ആര്‍.എസ് എസ് ബന്ധമുണ്ട്. മാധ്യമ സമൂഹത്തിലോ വായനക്കാരിലോ നേരിയ വിശ്വാസ്യതയോ ചലനങ്ങളോ സൃഷ്ടിക്കുന്നില്ലെങ്കിലും വ്യാജവാര്‍ത്തകള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുകയാണ്. ഇതിനു പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്െടന്നാണു പ്രത്യേകാന്വേഷണ സംഘത്തിന്റെ നിഗമനം.

mangalathinu ethire thejas. madhyamayudham?

Anonymous said...

തേജസ് വാര്‍ത്തയില്‍ പറയുന്നയാള്‍ നമ്മുടെ നാരായണനല്ലേ. ഒത്ത പത്രക്കാരനാണദ്ദേഹം. ഇല്ലാത്ത പണികളില്ല. ഉന്നതരുടെ അടുക്കളയും അന്തഃപുരവും ഹൃദിസ്ഥം.
അല്ലെങ്കിലും മംഗളം പത്രം ആരെങ്കിലും ഗൌരവത്തോടെ വായിക്കുമോ? കഷ്ടം.

Anonymous said...

ആരെങ്കിലും വായിക്കുമോന്നോ? എന്നാ ചോദ്യമാ അനോണീ. സംഘപരിവാരത്തുകാരന്മാരുടെ പോസ്റ്റൊക്കെ മംഗളം ചേട്ടായിയുടെ റിപ്പോര്‍ട്ട് ആധാരമാക്കിയല്ലാരുന്നോ. വായിച്ചില്ലാരുന്നോ?

Anonymous said...

ശതമന്യുവണ്ണാ, അറിഞ്ഞാ?

വി.എച്ച്.പി.സന്യാസിമാരെ കേരളത്തില്‍ കടത്തിയാല്‍ വരുന്ന എലക്ഷനില്‍ കച്ചി തോടൂല്ലാന്ന് (യെന്നുവെച്ചാ വിക്കാന്‍ ഒന്നും കിട്ടൂലാന്നന്നെ)ഇവിടുത്തെ ബി.ജെ.പി അണ്ണന്മാര്‍ പറഞ്ഞണ്ണാ. കുടുമ്മ വെക്കാനും ഓരോ ഹിന്ദു സ്ത്രീയും 13 പെറണോന്നുമൊക്കെ പറഞ്ഞ സന്യാസി ഇല്ലേ ഓരെ. ധര്‍മ്മേന്ദ്ര മഹാരാജനും തൊഗാഡിയെയുമൊക്കെ കേരളത്തില്‍ വന്നാ വിക്കാനുള്ള ചരക്കൊക്കെ പാറ്റ കേറി പോവുംന്ന്. കേരളത്തില്‍ ആ അപ്പിമാരെ കേറ്റൂല്ലാന്ന് ശ്രീധരന്‍ പിള്ളയണ്ണനും പപ്പനാവണ്ണനും കേംദ്ര നേതൃത്വത്തെ അറിയിച്ചെന്ന്. പരമേശ്വരണ്ണനും പറഞ്ഞെന്നണ്ണാ ആ കാവിക്കാ‍രന്റെ സംസാരം ശര്യല്ലെന്ന്. എന്തരേങ്കിലുമൊക്കെ നടക്കുവോ അണ്ണാ? അതൊ ഇത് ലവന്മാരുടെ പഴയ നമ്പറാണോ? പല തലക്ക് പല നാക്ക് എന്നല്ലേ അണ്ണാ പഴമൊഴി. ജനമെന്ന പയലുകളുടെ കണ്ണിപ്പോടിയിടാനേയ്. ഇതിലേതാ സംഘക്കാ‍രന്റെ അഫിപ്രായംന്ന് ചോദിച്ചാ എന്നാ പറയുമണ്ണാ?